N:B – മുത്തുച്ചിപ്പി വായിക്കാത്തവർ ഇതും വായിക്കണ്ട

എന്റെ അറിവിൽ അശ്വതിയെ ലൈനാക്കാൻ ശ്രമിക്കുന്ന കൂട്ടത്തിൽ പത്ത് സി യിലെ നീധീഷ്, പിന്നെ അതേ ക്ലാസിലുള്ള സവിനേഷ്, പിന്നെ എന്റെ ക്ലാസിലെ പ്രവീൺ. പിന്നെയും ഉണ്ട് കൊറേ പിള്ളേർ. ഇവരൊക്കെയും ക്ലാസിലെ തണ്ടും തടിയും കുറഞ്ഞ പൊതുവേ നാണം കുണുങ്ങികളായ എന്നെയൊക്കെ ഭീഷണിപ്പെടുത്തിക്കൊണ്ട് തന്നെ അശ്വതിയെ നോക്കുന്നുണ്ട്. ഞങ്ങളിലാരെങ്കിലും അവളെ നോക്കിയാലോ മിണ്ടിയാലോ ഇവൻമാരൊക്കെ അധോലോക രാജാക്കൻമാരെ പോലെ വന്ന് ചോദ്യം ചെയ്യും.

അവളെന്താണു മിണ്ടിയത് ?എന്താണ് ചോദിച്ചത് ഹൊ.

ആ ഇനി അശ്വതി ആരാണെന്നല്ലേ? ക്ലാസിലെ സുന്ദരിയായ ഒരുവളായിരുന്നു അശ്വതി. സുന്ദരി എന്നു പറഞ്ഞാൽ കുറച്ചധികം സുന്ദരി ആയിരുന്നു അവൾ. ഒരു ചന്ദന കുറി, കൺമഷിയിട്ട കണ്ണുകൾ, രണ്ട് മൂന്ന് വളകൾ അത് ചിലപ്പോഴൊക്കെ ചുവന്ന കളർ വളകളായിരുന്നു. അവളുടെ നിഷ്കളങ്കതയും ശാലീനതയും തന്നെയായിരുന്നു അവളുടെ സൗന്ദര്യവും. ആരോടും അധികം കമ്പനിയില്ലാതെ പഠിത്തത്തിലാണ് കൂടുതൽ ശ്രദ്ധ.

അന്നൊരു വെള്ളിയാഴ്ച്ച ഞാനും വേറെ രണ്ടാൾക്കാരും ബാക്ക് ബെഞ്ചിൽ പോയിരുന്ന് ബാലഭൂമി വായിക്കുകയായിരുന്നു. എന്റെ കൈയ്യിലാണ് ബുക്ക് ഉണ്ടായിരുന്നത്. ക്ലാസിലെ പെൺകുട്ടികളൊക്കെ എല്ലാവരും ഭക്ഷണം കഴിച്ച് വന്നിട്ടുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും കലപില വർത്താനം പറയുന്നുണ്ട്. ഇതിനിടയ്ക്ക് ഞങ്ങൾ ബാക്ബെഞ്ചിലിരുന്നു ബാലഭൂമി വായിക്കുന്നു. ഇടയ്ക് ടീച്ചർ വരുന്നുണ്ടോ എന്ന് നോക്കുന്നു. വീണ്ടും വായിക്കുന്നു .

ഷിനുട്ടീ നീ വായിച്ച് കഴിഞ്ഞ് എനിക്ക് തരണേ. ആ മധുരശബ്ദത്തിനുടമയെ തേടി എന്റെ കണ്ണുകൾ ബാലഭൂമിയിൽ നിന്നും പുറത്തേക്ക് വന്നു. അശ്വതി ആയിരുന്നു. അവൾ പൊതുവേ ഒരു ആൺ കുട്ടികളോടും അങ്ങനെ മിണ്ടുന്ന ടൈപ്പ് അല്ല. ഞാൻ അവളുടെ മുഖത്തെക്ക് നോക്കി എന്നിട്ട് തലകുനിച്ച് ബാലഭൂമിയിലേക്കും. ഒരുപാട് വേദനയോടെ ആണെങ്കിലും ഞാൻ അവളോട് പറഞ്ഞു.

തരില്ല. ഇത് എന്റെ ബുക്ക് അല്ല എന്ന്.

അതിൽ പിന്നെ അവളെന്നോട് ഒരു കാര്യത്തിനും മിണ്ടിയിട്ടില്ല. മാസങ്ങൾക്ക് ശേഷം സെന്റോഫിനു ഒരു മിഠായി അവളുടെ നേരെ നീട്ടിയപ്പോൾ പിണക്കം മറന്ന് ചിരിച്ചെങ്കിലും എവിടെയോ ഒരു അകൽച്ച നിലനിന്നിരുന്നു. വീണ്ടും ഒരുപാട് കാലങ്ങൾക്ക് ശേഷം, ഏകദേശം 8 വർഷം അതിനുശേഷം പഴയ പത്താം ക്ലാസുകാരുടെ ഒത്തുചേരൽ സ്കൂളിൽ സംഘടിപ്പിച്ചപ്പോഴാണ് അവളെ വീണ്ടും കാണുന്നത്.

ഒരു ചിരിയോടെ 2 പിള്ളേരുടെ കൈപിടിച്ച് വന്ന അവളെ കണ്ടപ്പോൾ വീണ്ടും പഴയ ഓർമ്മകൾ വന്നു. നീ തടിച്ചിരിക്കുന്നു ചിരിച്ചുകൊണ്ട് അവളെ നോക്കി പറഞ്ഞു. നീയും ഒട്ടും കുറവല്ല. അവളുടെ കൈ എന്റെ തള്ളി നിൽക്കുന്ന വയറിലേക്ക് നീണ്ടു. ഇത് രണ്ടാളുമാണോ നിന്റെ മക്കൾ. ഹസ്ബന്റ് എന്തു ചെയ്യുന്നു? പരസ്പരം വിശേഷങ്ങൾ പങ്കുവെച്ചതിനു ശേഷം ഞങ്ങൾ എല്ലാവരും പിരിഞ്ഞു. ഇടയ്ക്ക് അവിടുന്നു തന്നെ ഫെയ്സ്ബുക്ക് ഫ്രണ്ടായതിനു ശേഷമാണ് ഞങ്ങൾ പിരിഞ്ഞതും. പരസ്പരം സ്റ്റാറ്റസ് നോക്കിയും വിശേഷങ്ങൾ പങ്കുവെച്ചും ഓർമ്മകൾ പങ്കുവെച്ചും ഞങ്ങൾ കൂടുതൽ അടുത്തുകൊണ്ടിരുന്നു.

ഇടയ്ക്ക് സ്കൂൾ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടയ്ക്ക് അവളുടെ വക ഞാൻ പേടിച്ചിരുന്ന ചോദ്യം വീണ്ടും വന്നു. എടാ ഞാനൊരു കാര്യം ചോദിച്ചോട്ടെ? മ് എന്താടീ…എടാ നീ അന്നെനിക്കെന്താ ബാലഭൂമി തരാതിരുന്നേ.

ചോദ്യം ഞാനൊന്നു കൂടി വായിച്ചു.എന്തു കൊണ്ടാണ് അന്നു അവൾക്ക് ബാലഭൂമി കൊടുക്കാതിരുന്നത്. പെങ്ങളുടെ രണ്ട് പിള്ളേരും അകത്തൂടെ ഓടിക്കളിക്കുന്നുണ്ട്. പറയാൻ പറ്റാത്ത സത്യം മനസിന്റെ വിങ്ങലാണ് എന്ന് എനിക്ക് തോന്നി.

ബാലഭൂമി കൊടുക്കാത്തതിന് കാരണം വേറൊന്നുമല്ല മുഖം ചിത്രം മാത്രമേ ബാലഭൂമിയുടേത് ഉണ്ടായിരുന്നുള്ളൂ ഉള്ളിലുള്ളത് ഒരു മുത്തുച്ചിപ്പി ആയിരുന്നു. അതിപ്പൊ അവളോട് പറയാൻ പറ്റുമോ.

മാമ, എനിക്കവൻ ബാലഭൂമി തരുന്നില്ല. അശ്വതിക്ക് എന്ത് മറുപടി കൊടുക്കും എന്ന് ആലോചിക്കവേ പിന്നിൽ പെങ്ങളുടെ മോളും മോനും ഒരു ബാലഭൂമിക്ക് വേണ്ടി അടിപിടി. അവനെ പിടിച്ചുവെച്ച് ആ ബാലഭൂമി പിടിച്ചു വാങ്ങി അതു തുറന്ന് ബാലഭൂമി തന്നെ ആണെന്ന് ഉറപ്പ് വരുത്തി പെണ്ണിനു നേരെ നീട്ടി.

നാളെ ഈ കുടുംബത്തിലാർക്കും എന്റെ ഈ ഗതികേട് വരരുത് കെട്ടോടാ. എന്റെ കൈചൂണ്ടിയുള്ള വർത്താനം കേട്ട് അഞ്ചാം ക്ലാസുകാരനായ അവൻ അന്തം വിട്ട് എന്നെ തന്നെ നോക്കി നിന്നു.

Scroll to Top