പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് അതിവേഗം താണുതുടങ്ങിയ വിമാനം തറയിൽ ഇടിച്ചിറങ്ങി

1945 ഓഗസ്റ്റ് 16ന് രാവിലെ നേതാജി സിംഗപ്പൂരിൽ നിന്നും ബാങ്കോക്കിലെത്തി. ടോക്കിയോയിലേക്ക് പോകാനായി ജപ്പാൻ വ്യോമസേനാമേധാവി നേതാജിക്ക് ഒരു വിമാനം ഏർപ്പാട് ചെയ്തെങ്കിലും അത് ലഭിച്ചില്ല. ടോക്കിയോയിലേക്ക് പോകുന്ന ചില ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം നേതാജിയെ കൂടി കൊണ്ടുപോകാമെന്ന് അധികൃതർ സമ്മതിച്ചു. നേതാജിയുടെ അനുയായികളിൽ കേണൽ ഹബീബ് റഹ്മാനെ മാത്രമേ ഒപ്പം കൊണ്ടുപോകാൻ സാധിച്ചുള്ളൂ.

1945 ഓഗസ്റ്റ് 17ന് സെയ്ഗോൺ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ആ വിമാനം രാത്രി, ഇന്നത്തെ വിയറ്റ്നാമിലെ തോറേൻ വിമാനത്താവളത്തിൽ ഇറങ്ങി. അന്നുരാത്രി എല്ലാവരും അവിടെ ഉറങ്ങി. ഓഗസ്റ്റ് 18ന് രാവിലെ ഏഴുമണിക്ക് അവിടെ നിന്നുംയാത്ര തുടർന്നു. ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ ഇന്നത്തെ തായ്‌വാനിലെ തെയ്ഹോക്ക് വിമാനത്താവളത്തിലെത്തി.

ഇന്ധനം നിറച്ച ശേഷം പറന്നുപൊങ്ങിയ വിമാനം അധികം ഉയരത്തിൽ എത്തുന്നതിനു മുമ്പ് ഒരു വലിയ ശബ്ദം കേട്ടു, പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് അതിവേഗം താണുതുടങ്ങിയ വിമാനം തറയിൽ ഇടിച്ചിറങ്ങി. അതോടെ തീ ആളിപ്പടർന്നു. നേതാജിയും ഹബീബ് റഹ്മാനും തീപിടിച്ച വസ്ത്രങ്ങളുമായി ഇറങ്ങിയോടി.

നേതാജിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും സഹപൈലറ്റും 3 ജാപ്പനീസ് ജനറൽമാരും അതിനകം കൊല്ലപ്പെട്ടിരുന്നു. എല്ലാവരെയും വേഗം അടുത്തുള്ള സൈനിക ആശുപത്രിയിൽ എത്തിച്ചു. രാത്രി 9 മണിയോടെ നേതാജി അന്തരിച്ചു. ഇതാണ് കേണൽ ഹബീബ് റഹ്മാൻ നേതാജിയുടെ അവസാന നിമിഷങ്ങളെ കുറിച്ച് നൽകിയ വിവരങ്ങൾ.

മരിക്കുംമുമ്പ് നേതാജി ഇങ്ങനെ പറഞ്ഞുവത്രെ: ‘ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഞാൻ അവസാന നിമിഷം വരെ പോരാടി. ഞാൻ എന്റെ ജീവൻ തന്നെ സമർപ്പിക്കുന്നു. സഹോദരങ്ങളെ, സമരം തുടരുക. വേഗം തന്നെ ഇന്ത്യ സ്വതന്ത്രയാകും. സ്വതന്ത്രഭാരതം നീണാൾ വാഴ്ക.’

നേതാജിയുടെ മൃതദേഹം തെയ്ഹോക്കിൽ വച്ച് സൈനിക ബഹുമതികളോടെ സംസ്കരിച്ചു എന്നും ചിതാഭസ്മം ടോക്കിയോയിൽ എത്തിച്ചുവെന്നുമാണ് റഹ്മാൻ പറഞ്ഞത്. എന്നാൽ ഈ മൊഴി പലപ്പോഴും പരസ്പര വിരുദ്ധമായിരുന്നു. അതോടെ നേതാജി കൊല്ലപ്പെട്ടിട്ടില്ല എന്നും റഷ്യയിലോ മറ്റോ ഒളിച്ചു താമസിക്കുകയാണ് എന്നുള്ള വാദം ശക്തമായി.

തുടർന്ന് നേതാജിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഒന്നിലേറെ കമ്മീഷനുകൾ നിയോഗിക്കപ്പെട്ടു. 2016-ൽ ജപ്പാൻ പുറത്തുവിട്ട 1956-ലെ ഗവൺമെൻറ് റിപ്പോർട്ടിൽ 1945 ഓഗസ്റ്റ് 18 -ന് ഉണ്ടായ വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടു എന്നാണ് പറയുന്നത്. എങ്കിലും ഇന്നും അതിലെ നിഗൂഢതകൾ അവസാനിച്ചിട്ടില്ല. ഊഹാപോഹങ്ങൾക്കെല്ലാമിടയിൽ ദശാബ്ദങ്ങൾക്കിപ്പുറവും ആ മഹാവിപ്ലവകാരി അനേകം രാജ്യസ്നേഹികളുടെ ആവേശമായി ഇന്നും നിലകൊള്ളുന്നു.

1985 -ൽ അന്തരിച്ച ഗുംനാമി ബാബ എന്ന സന്യാസി യഥാർത്ഥത്തിൽ നേതാജി ആയിരുന്നു എന്നൊരു വിശ്വാസമുണ്ട്. ഇത് സംബന്ധിച്ച് ഇപ്പോഴും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.

Scroll to Top