രചന: മഞ്ജു ജയകൃഷ്ണൻ
“അമ്മു നമുക്കിനി ജീവിക്കണോ?തീർത്തെക്കട്ടെ “അവനെ ചുറ്റി വരിഞ്ഞ അവളുടെ കൈകൾ ഒന്ന് അയഞ്ഞു. നീ ഒന്നു സമ്മതിച്ചാൽ ആ പോണ ലോറിയിൽ ഇടിപ്പിച്ചു നമുക്ക് ഈ നശിച്ച ലോകത്തു നിന്നും രക്ഷപെടാം.. അവൻ പറയുമ്പോൾ ശബ്ദത്തിലെ ആ വിറയൽ അവൾക്ക് മനസ്സിലായി.
“അപ്പൊ നമ്മുടെ കുഞ്ഞാറ്റയോ “……അതു മുഴുവനായി പറയാൻ അവൾക്കു പറ്റിയില്ല. ജീവിതത്തെ അവൻ ഒരുപാട് സ്നേഹിച്ചിരുന്നു. അവളെയും…..ഒരു മാലാഖക്കുഞ്ഞു കൂടെ വന്നപ്പോൾ അവൻ സ്വർഗത്തിൽ ആയിരുന്നു. അന്നത്തെ ഒരു പാർട്ടി അതാണ് അവന്റെ ജീവിതം ഇങ്ങനെ ആക്കിയത്..
പാർട്ടിയിൽ മദ്യത്തിന്റെ ആസക്തിയിൽ ഏതോ ആൺ സുഹൃത്ത് അവനു ഒരു ചുംബനം നൽകി. അതു കണ്ടു നിന്ന ആരോ ‘മുംബൈ പോലീസ്’ എന്നു വിളിച്ചു കളിയാക്കി. മിടുക്കനായ അവനായിരുന്നു കമ്പനിയുടെ നട്ടെല്ല്. അതിൽ അസൂയയുള്ള ഒരുപാട് പേർ ഉണ്ടായിരുന്നു.. ഈ അവസരം അവർ ഉപയോഗിച്ചു. അവനെ സ്വവർഗാനുരാഗിയാക്കി അവർ ചിത്രികരിച്ചു.
കൂട്ടുകാർ അവന്റെ ജീവനായിരുന്നു. ഏതു പാതിരാതിയിലും അവൻ അവർക്കായി എന്തിനും തയ്യാറായിരുന്നു. അവർ അവനെ ആട്ടിയോടിച്ചു. ജന്മം കൊടുത്ത മാതാപിതാക്കൾക്കു പോലും അവൻ വെറുക്കപ്പെട്ടവനായി. സ്വന്തം അനുജൻ പോലും അവന്റെ അടുത്തു നിൽക്കാൻ ഭയപ്പെട്ടു. അവൾക്കു ജോലി ദൂരെ ആയിരുന്നു. അവൾ ഒന്നും അറിഞ്ഞിരുന്നില്ല. അവളോട് പറയാൻ അവൻ ഭയപ്പെട്ടു. ഒരു രാത്രിയിൽ അവൻ പെയ്തു തോർന്നു. അവളും അവനു നഷ്ടപ്പെടും എന്ന് കരുതി. പക്ഷെ അവൾക്ക് മാത്രം അവനെ മനസ്സിലായി. ഇട്ടെറിഞ്ഞു പോകുന്നതിനു പകരം അവൾ കട്ടക്ക് കൂടെ നിന്നു.
പക്ഷെ ഇടക്ക് അവനു നിരാശ വരും. അപ്പോൾ ഒക്കെ ആത്മഹത്യയെക്കുറിച്ചു സംസാരിക്കും. ഒറ്റക് ആക്കാൻ മടി ആയതു കൊണ്ട് അവളെയും കുഞ്ഞിനേയും ക്ഷണിക്കും. കുഞ്ഞിനെ അവന്റെ കയ്യിൽ കൊടുക്കാൻ അവൾക്കു ഭയം ആയിരുന്നു. അവനതു മനസ്സിലായി എന്ന് അറിയുമ്പോൾ അവർ ഒരുമിച്ചിരുന്നു കരയും. ഒടുവിൽ….അവൾ അവനെ കൗൺസിലിംഗിനു വിധേയമാക്കി…മരുന്നും അവളുടെ കരുതലും കൂടെ ആയപ്പോൾ അവൻ പതിയെ തിരിച്ചു വന്നു. സുഹൃത്തുക്കളും പതിയെ കാര്യങ്ങൾ മനസ്സിലാക്കി. അവരും തെറ്റു മനസ്സിലാക്കി കൂടെ നിന്നു. യാത്രകളും കൂടി ആയപ്പോൾ അവൻ പഴേതിനേക്കാൾ ഉഷാറായി.
തളർത്താൻ നോക്കിയവർക്കിടയിൽ അവൻ തലയുയർത്തി നിന്നു. ഇന്നവൻ ആത്മഹത്യക്കെതിരെ ബോധവൽക്കരണം നടത്തുന്ന സംഘടനയിൽ അംഗമാണ്.
NB: ഒന്നു ചേർത്തു നിർത്തിയാൽ, ഒന്നു കേൾക്കാൻ തയ്യാറായാൽ അതിനു ചിലപ്പോൾ ഒരു ജീവന്റെ വില കാണും