കേരള എക്സ്പ്രസ്സ് – അവസാനഭാഗം – രചന: അക്ഷര എസ്

മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“സർ… ആ ചെക്കനെ വിളിച്ചപ്പോൾ കിട്ടിയെന്ന് പറഞ്ഞു സതീഷ്…. “മഹേഷിന്റെ ചിന്തയെ ഭേദിച്ചു കൊണ്ട് ചന്ദ്രൻ പറഞ്ഞു…

“അവനിപ്പോൾ എവിടെയാണ് എന്ന് എന്തെങ്കിലും പറഞ്ഞോ… “

“പാലക്കാട്‌…. “

“ഹ്മ്മ്….നാളെ രാവിലെ തന്നെ നമ്മൾ പാലക്കാട്ടേക്ക് തിരിയ്ക്കുന്നു.. ഇനിയൊരു ജീവൻ കൂടി പൊലിയാൻ പാടില്ല… “

മഹേഷ്‌ പറഞ്ഞതിന് അയാൾ തലയാട്ടി…

“ചന്ദ്രേട്ടാ… സത്യത്തിൽ അന്ന് ആ പെൺക്കുട്ടി സ്റ്റേഷനിൽ വന്ന ദിവസം രാത്രി എന്താണ് സംഭവിച്ചത് എന്ന് ഓർത്ത് പറയാമോ… “മഹേഷ്‌ ചോദിയ്ക്കുന്നത് കേട്ടപ്പോൾ അയാൾ അന്ന് രാത്രിയിലെ ദൃശ്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചു…

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

നല്ല മഴയുള്ളൊരു രാത്രി… രാത്രി ഏകദേശം 9-9.30 ആയി കാണണം…

ഒരു ബാഗ് മാറോട് അടക്കി പിടിച്ചു നനഞ്ഞൊലിച്ചു 18-19 വയസ്സ് പ്രായം തോന്നിയ്ക്കുന്നൊരു പെൺക്കുട്ടി സ്റ്റേഷനിലേയ്ക്ക് കയറി വന്നു …

അസമയത്തു ഒരു പെൺക്കുട്ടി ഒറ്റയ്ക്ക് ഓടി കിതച്ചു വരുന്നത് കണ്ടു പന്തിക്കേട് തോന്നി എ. എസ്. ഐ ആയിരുന്ന താൻ ആ പെൺകുട്ടിയെയും കൊണ്ട് എസ്. ഐ യുടെ മുൻപിൽ എത്തി…

ആ കുട്ടിയുടെ മുഖഭാവം അത്ര പന്തിയായിരുന്നില്ല… നടക്കുമ്പോൾ വേച്ചു വേച്ചു കാലടികൾ വയ്ക്കുന്നത് കണ്ടപ്പോൾ തന്നെ അപകടം മണത്തിരുന്നു…..

എസ്. ഐ യുടെ ചോദ്യത്തിന് മറുപടിയായി അവൾ നടന്ന സംഭവം വിശദീകരിയ്ക്കാൻ തുടങ്ങി…

കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്യാമെന്ന് പറഞ്ഞു അവളുടെ സീനിയേഴ്സ് മൂന്നു പേർ അവൾക്ക് കോളേജിൽ നിന്നും ലിഫ്റ്റ് വാഗ്ദാനം ചെയ്തു….

അഞ്ചു മണിയോടെ കോയമ്പത്തൂർ നിന്ന് പുറപ്പെടുന്ന കേരള എക്സ്പ്രസ്സിൽ ആയിരുന്നു എല്ലാ രണ്ടാം വെള്ളിയാഴ്ച്ചകളിലും അവൾ അവൾ ആലുവയിൽ വന്നിറങ്ങാറുള്ളത്… അന്ന് ഹോസ്റ്റലിൽ നിന്നും ഇറങ്ങാൻ അല്പം വൈകിയിരുന്നു…

അത് കൊണ്ട് ഒരേ ഡിപ്പാർട്മെന്റിലെ തന്നെ എം ടെക് ബാച്ച് സീനിയേഴ്സ് ആയ അവരുടെ ലിഫ്റ്റ് നിരസിയ്ച്ചില്ല…

പക്ഷേ കാറിൽ കയറിയതോടെ മൂവരുടെയും ഭാവം മാറി… കാതടപ്പിയ്ക്കുന്ന ശബ്ദത്തിൽ കാറിൽ നിന്നൊഴുകിയ സംഗീതത്തിൽ അവളുടെ നിലവിളികളും അലമുറയും ചിതറി പോയി…

മൂന്നു പേരും മാറി മാറി അവളുടെ ശരീരത്തിൽ കാമം തീർത്തു … കഠിന വേദന മാത്രം സൃഷ്ടിച്ചു കൊണ്ട് അവളുടെ കന്യകാത്വം കവർന്നെടുത്തു….

പിൻസീറ്റിൽ ഒരാൾ അവളെ ഉപയോഗിയ്ക്കുമ്പോൾ ഒരാൾ ഡ്രൈവ് ചെയ്യും… മറ്റൊരാൾ അത് മൊബൈലിൽ പകർത്തും… രതിക്രീഡകൾക്കൊടുവിൽ പല്ലും നഖവും ഏൽപ്പിച്ച ക്ഷതങ്ങൾ മാത്രമായി അവളുടെ ദേഹത്ത്… ഇതിനിടയിൽ പല്ലവിയുടെ ഫോൺ airplane mode ൽ ആരോ ഇട്ടിരുന്നു…

കേരള എക്സ്പ്രസ്സ്‌ ആലുവയിൽ എത്തുന്ന അതേ സമയത്തു തന്നെ അവളെ ആലുവയിൽ റെയിൽവേ സ്റ്റേഷന് മുൻപിൽ കൊണ്ട് ഇറക്കി… ഭീഷണിപ്പെടുത്താനുള്ള ദൃശ്യങ്ങൾ അവരുടെ കയ്യിൽ ഉണ്ടായിരുന്നു…

എങ്കിലും ഭയപ്പെടാതെ ഒരു നിമിഷം പോലും വൈകിയ്ക്കാതെ നിയമത്തിൽ വിശ്വാസം അർപ്പിച്ച ആ പെൺകുട്ടി അവിടെ നിന്നും കിട്ടിയ ഒരു ഓട്ടോ പിടിച്ചു അടുത്തുള്ള സ്റ്റേഷനിലേയ്ക്ക് വന്നു….

എല്ലാം പറഞ്ഞു തീർന്നപ്പോഴേയ്ക്കും അവൾ തളർന്നു സീറ്റിലേക്ക് ഇരുന്നു പോയിരുന്നു…

അത് വരെ സൗമ്യനായി മുഴുവൻ കാര്യങ്ങൾ കേട്ടിരുന്ന എസ്. ഐ സീനിയേഴ്സ് മൂന്നു പേരുടെ പേരുകൾ പറഞ്ഞതോടെ അസ്വസ്ഥനാവാൻ തുടങ്ങിയിരുന്നു… പ്രത്യേകിച്ച് എം. എൽ. എ യുടെ മകന്റെ പേര് കേട്ടിട്ടായിരിയ്ക്കണം…

അയാൾ ഇരുന്നിടത്തു നിന്നും എണീറ്റു പോയി ആർക്കോ ഫോൺ ചെയ്യുന്നതും സംസാരിയ്ക്കുന്നതും കാണാമായിരുന്നു… തിരിച്ചു സീറ്റിൽ വന്നിരുന്നു ആ പെൺകുട്ടിയുടെ നേർക്ക് ഒന്ന് ചീറി…

“അന്യനാട്ടിൽ പഠിയ്ക്കാൻ എന്നും പോവും.. കാശിനു വകയില്ലാതാവുമ്പോൾ വല്ലവന്റെയും കൂടെ കിടന്നു കൊടുക്കും… എന്നിട്ട് പിന്നെ പീഡനം… കേറി പിടുത്തം എന്നൊക്കെ പറഞ്ഞു വന്നോളും… “

തകർന്നിരിയ്ക്കുന്ന ആ പെൺകുട്ടിയുടെ മുഖത്തു കണ്ണീരല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല…

ആ പെൺക്കുട്ടിയെ വീട്ടു പടിയ്ക്കൽ പോലീസ് വാഹനത്തിൽ കൊണ്ടിറക്കി തിരിച്ചു പോയി….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ചന്ദ്രൻ പറയുന്നത് കേട്ട് മഹേഷ്‌ അയാളെ നോക്കി….

“ചന്ദ്രേട്ടൻ പിന്നെ പല്ലവിയെ കണ്ടില്ലേ…. “

“പിന്നെ ഞാനും കണ്ടിട്ടില്ല… അന്ന് ഈ കഥയൊക്കെ ഞാനും കേട്ടു എന്ന് ഉറപ്പുള്ളത് കൊണ്ടാവണം പിറ്റേന്ന് തന്നെ എനിയ്ക്കുള്ള ട്രാൻസ്ഫർ ഓർഡർ എത്തി…അവിടെ നിന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോഴേയ്ക്ക് ഈ പെൺക്കുട്ടി ഹോസ്പിറ്റലിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു… പുതിയ സ്റ്റേഷനിൽ ചാർജ് എടുത്തു രണ്ടു ദിവസം കഴിഞ്ഞു ജോലി ചെയ്തിരുന്ന സ്റ്റേഷനിൽ മറന്നു വച്ച എന്റെ കുറച്ചു സാധനങ്ങൾ എടുക്കാൻ രാത്രി വന്നപ്പോൾ ഈ മൂന്നു ആൺപിള്ളേരും എം. എൽ. എ യും എസ്. ഐ യും സ്റ്റേഷനിൽ ഉണ്ടായിരുന്നു… കൂടെ പല്ലവിയുടെ അച്ഛനും സഹോദരനും ഈ രണ്ടു ആൺപിള്ളേരും…കേസ് ആക്കാതെ ഒതുക്കി തീർക്കാൻ ആയിരിയ്ക്കണം… പിറ്റേന്ന് പത്രത്തിൽ കാണുന്നത് അന്ന് അവരുടെ കൂടെ വന്ന ആ രണ്ടു ആൺപിള്ളേരുടെ ഫോട്ടോ ആണ്.. പോലീസ് എൻകൗണ്ടർ….”ചന്ദ്രൻ ഒന്ന് പുഞ്ചിരിച്ചു…

“എന്നിട്ട് ചന്ദ്രേട്ടൻ എന്താ ഒന്നും പറയാതെ ഇരുന്നത്… “

“ഞാൻ എന്ത് പറയാനാണ് സർ… കാലാകാലങ്ങൾ ആയി കേൾക്കുന്ന സ്ഥിരം ഡയലോഗ്… താൻ ഒന്നും കണ്ടിട്ടില്ല..താൻ ഒന്നും കേട്ടിട്ടും ഇല്ല.. അഥവാ എന്തെങ്കിലും കേട്ടിട്ടുണ്ടെങ്കിൽ.. മൂത്തവൾക്ക് കല്യാണം ആലോചന ഒക്കെ നടക്കുന്ന സമയം അല്ലേ… ഇങ്ങനെ ഒക്കെ കേട്ടാൽ പിന്നെ ആരാണ് സർ പിന്നെ അതിൽ തലയിടാൻ പോകുക…രണ്ടറ്റവും കൂട്ടി മുട്ടിയ്ക്കാൻ പാട് പെടുന്ന ഞാൻ ആരോടാണ് ഏറ്റു മുട്ടേണ്ടത്… എന്റെ കുടുംബത്തിനെ പട്ടിണിയിലേക്ക് തള്ളി വിടാം.. കുറേ ശത്രുക്കളെ സമ്പാദിയ്ക്കാം എന്നല്ലാതെ… “ചന്ദ്രൻ പറഞ്ഞു നിർത്തിയെങ്കിലും എവിടെയൊ ഉള്ളിലൊരു കുറ്റബോധം നീറുന്നുണ്ടായിരുന്നു…

മഹേഷ്‌ പല്ലവിയുടെ അച്ഛൻ വീട്ടിൽ വച്ചു പറഞ്ഞ കാര്യങ്ങൾ ഓർത്തെടുത്തു…

ബസ് കിട്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ പോലീസ് കൊണ്ടാക്കിയതാണെന്ന് ഒരു കള്ളം പറഞ്ഞാണ് പല്ലവി ആദ്യം വീട്ടിൽ കയറിയത്…

സാധാരണ റെയിൽവേ സ്റ്റേഷന്റെ മുൻപിൽ നിന്ന് തന്നെ ബസ് ലഭിക്കാറുള്ളത് കൊണ്ടും നിരവധി സ്ത്രീകൾ അതേ ട്രെയിനിൽ സഹയാത്രികർ ആയി ഉണ്ടാവാറുള്ളത് കൊണ്ടും വീടിന്റെ അടുത്തുള്ള ജംക്ഷൻ വരെ പല്ലവി ബസിൽ പോകും..അവിടെ അച്ഛനോ ചേട്ടനോ പല്ലവിയെ കൂട്ടി കൊണ്ട് പോകാൻ വരും…

ഇത് വരെ മോളുടെ വിളിയൊന്നും കാണാതെ ഇരുന്നത് കൊണ്ടും വിളിക്കുമ്പോൾ മറു പുറത്തു നിന്നും നോട്ട് റീച്ചബിൾ സന്ദേശം ലഭിച്ചത് കൊണ്ടും പല്ലവിയുടെ അച്ഛനും അമ്മയ്ക്കും ആധി കയറി തുടങ്ങിയിരുന്നു…

കോയമ്പത്തൂരിൽ പല്ലവിയുടെ ഒപ്പം പഠിയ്ക്കുന്ന തന്റെ സുഹൃത്തിന്റെ മക്കളെ വിളിച്ചു ചോദിച്ചപ്പോൾ പല്ലവി കോളേജിൽ നിന്ന് പോകുന്നത് അവർ കണ്ടിരുന്നു എന്ന് പറഞ്ഞു….

പല്ലവിയുടെ വീട്ടിൽ നിന്ന് ഏകദേശം ഒരു ഒന്നര കിലോമീറ്റർ ദൂരെയാണ് അവരുടെ വീട് .. ഒരാൾ പല്ലവിയ്ക്കൊപ്പം ഫസ്റ്റ് ഇയർ … മറ്റേയാൾ തേർഡ് ഇയർ…

ക്ഷീണം എന്നും പറഞ്ഞു ഭക്ഷണം കഴിയ്ക്കാതെ വന്നപ്പാടെ കുളിച്ചു പല്ലവി ഉറങ്ങാൻ കിടന്നു….

പതിവിലും വിപരീതമായി മുഖം വാടിയിരിയ്ക്കുന്നത് എന്താണെന്നു ചോദിച്ചപ്പോൾ ഒന്നും പറയാതിരുന്നത് കൊണ്ട് ഉറങ്ങാൻ കിടന്നിട്ടും പല്ലവിയുടെ അമ്മയ്ക്ക് ഉറക്കം കിട്ടിയിരുന്നില്ല… പുലർച്ചെ റൂമിൽ ചെന്നു നോക്കുമ്പോൾ കാണുന്നത് പനിച്ചു തുള്ളി കിടക്കുന്ന പല്ലവിയെ…

ഹോസ്പിറ്റലിലേയ്ക്ക് വാരിയെടുത്ത് കൊണ്ട് പോയി.. അവിടെ വച്ചു ഡോക്ടർ പറഞ്ഞു നെഞ്ചു തകർത്തു കളഞ്ഞ ആ വാർത്ത… മകൾ ക്രൂരമായി റേപ്പ് ചെയ്യപ്പെട്ടിരിയ്ക്കുന്നു എന്ന കാര്യം ഡോക്ടർ തന്നെ അവരെ അറിയിച്ചു… മാനസിക നില തെറ്റിപോയ പോലെ ആയിരുന്നു പിന്നീട് അവളുടെ സംസാരം മുഴുവനും…

ഇടയ്ക്ക് പോയ പോലീസ് സ്റ്റേഷന്റെ പേരും പറയുന്നത് ആ അച്ഛന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു… റേപ്പ് കേസ് ആയത് കൊണ്ട് തന്നെ കേസ് ഹോസ്പിറ്റലിൽ നിന്നും റിപ്പോർട്ട്‌ ചെയ്തിരുന്നു… അതേ സ്റ്റേഷനിൽ തന്നെ….

ഹോസ്പിറ്റലിൽ എസ്. ഐ മൊഴി എടുക്കാൻ വന്നപ്പോഴെല്ലാം കൂടെ ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു… ഹോസ്പിറ്റലിൽ എത്തിയ സുഹൃത്തിന്റെ രണ്ടു ആൺമക്കൾ ആണ് പല്ലവി സീനിയേഴ്സിന്റെ കാറിൽ കയറുന്നത് കണ്ടതായി പൊലീസിന് മൊഴി കൊടുത്തത്…

കണ്ണൊന്നു തെറ്റിയ ഏതോ നിമിഷത്തിൽ പല്ലവി ഹോസ്പിറ്റൽ കെട്ടിടത്തിനു മുകളിൽ നിന്നും എടുത്തു ചാടി…

കേസ് കൂടുതൽ കുരുക്കിലേക്ക് നീങ്ങുന്നതും മാധ്യമ ശ്രദ്ധയും കൂടുന്നത് കണ്ടപ്പോൾ എസ്. ഐ സംസാരിക്കാൻ എന്ന വ്യാജേനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ഒരു ഒത്തു തീർപ്പിനു ശ്രമിച്ചു… കൂട്ടത്തിൽ ആ രണ്ടു ആൺപിള്ളേരെ കൂടി വിളിപ്പിച്ചുണ്ടായിരുന്നു.

പിറ്റേന്ന് നഗരം ഉണർന്നത് അവരെ എൻകൗണ്ടർ ചെയ്തു കൊന്നെന്ന വാർത്ത കേട്ടാണ്… റേപ്പ് കേസിലെ പ്രതികളെ പിടിക്കൂടാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഏറ്റു മുട്ടലിൽ കൊല്ലപ്പെട്ടു…

ധ്യാനും ധ്രുവും…

മക്കളെ പോലെ സ്നേഹിച്ചു വളർത്തിയ രണ്ടുപ്പേർ…

സോഷ്യൽ മീഡിയയിൽ.. മാധ്യമങ്ങളിൽ… നീതി നടപ്പിലാക്കിയ പോലീസുക്കാരനു അഭിനന്ദന പ്രവാഹം….

പിന്നെ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.. ആകെ ബാക്കിയുള്ള മകനെ വച്ചു വില പറഞ്ഞപ്പോൾ ആ കുടുംബം എല്ലാം അവസാനിപ്പിച്ചു….

സ്നേഹിച്ചു വളർത്തിയ മകൾ, മക്കൾക്കു തുല്യം സ്നേഹിച്ചു വളർത്തിയ രണ്ടു ആൺകുട്ടികൾ… മൂന്നു പേരുടെ ജീവൻ…. സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടുത്തൽ….

ഒരർത്ഥത്തിൽ ആ രണ്ടു ആൺകുട്ടികളുടെ സ്വന്തക്കാർക്കും വൈരാഗ്യം തോന്നേണ്ടതല്ലേ ഈ മൂന്നു പേരോടും…ചെയ്യാത്ത കുറ്റത്തിന് പഴി വാങ്ങി മരണം പുൽകിയവർ… എത്രയോപ്പേരുടെ ശാപം മരണം പുണർന്നപ്പോൾ പോലും ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ടാകും…

“ചന്ദ്രേട്ടാ.. അന്ന് മരിച്ച ആ രണ്ടു ആൺ പിള്ളേരുടെ ഡീറ്റെയിൽസ് വേണം…. “പോലീസ് വാഹനത്തിൽ നിന്നും ഇറങ്ങി ഓഫീസിൽ കയറുന്നതിനിടെ മഹേഷ്‌ പറഞ്ഞു…

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ധ്യാൻ, ഫാദർ: ലേറ്റ് കൃഷ്ണകുമാർ, മദർ :ലേറ്റ് സതി,സിബ്ളിങ്സ് :ദുർഗ്ഗ, ധ്രുവ് ,ലോക്കൽ ഗാർഡിയൻ : പരമേശ്വരൻ

അത് പോലെ തന്നെ ധ്യാനിന്റെ ഫയലും…. കുറച്ചു വർഷങ്ങൾക്ക് മുൻപ് ഒരു ആക്‌സിഡന്റിൽ അച്ഛനും അമ്മയും നഷ്ട്ടപ്പെട്ട അവരെ വളർത്തിയതും പഠിപ്പിച്ചതും എല്ലാം പരമേശ്വരൻ ആയിരുന്നു…

“പരമേശ്വരൻ… “മഹേഷ്‌ സംശയത്തോടെ ചോദിച്ചു…

“പല്ലവിയുടെ അച്ഛൻ… “

“ഈ ദുർഗ്ഗ കൃഷ്ണകുമാറിന്റെ ഡീറ്റെയിൽസ് കിട്ടണം… “മഹേഷ്‌ എന്തോ ആലോചിച്ചു പറഞ്ഞു…

അല്പ സമയത്തിനകം തന്നെ ദുർഗ്ഗ കൃഷ്ണകുമാറിന്റെ വിവരങ്ങൾ കിട്ടി..

കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം… കേരളത്തിലെ പ്രശസ്തമായ യൂണിവേഴ്സിറ്റിയിൽ നിന്ന് PhD… ഇപ്പോൾ യു. എസിലെ പ്രശസ്തമായ ഒരു സർവ്വകലാശാലയിൽ പോസ്റ്റ്‌ ഡോക്ടറൽ ഫെല്ലോ….

കർമം ചെയ്യാനുള്ള ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിവയുടെ പ്രതീകം…ദുർഗ്ഗാദേവി…

ചോറ്റാനിക്കര.. നൂറ്റെട്ട് ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്ന്…

എല്ലാം ഒത്തു വന്നിരിയ്ക്കുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പിറ്റേന്ന് കേരള എക്സ്പ്രെസിൽ നീലിനൊപ്പം മഫ്തിയിൽ പോലീസുകാരും ഉണ്ടായിരുന്നു…തെളിവോട് കൂടെ പ്രതിയെ പിടിയ്ക്കാൻ കഴിയുന്ന അവസരം പാഴാക്കാൻ പോലീസ് ഉദ്ദേശിച്ചിരുന്നില്ല… പാലക്കാട്‌ നിന്നും കോയമ്പത്തൂരിലേക്കാണ് യാത്ര…നീലിന് പോലീസുക്കാർ കൃത്യമായി നിർദേശങ്ങൾ നൽകിയിരുന്നു….

ട്രെയിനിന്റെ അവസാന കോച്ചിലെ ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു യാത്ര… റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൌണ്ടറിൽ നിന്നും നേരിട്ട് ടിക്കറ്റ് എടുത്തു യാത്ര ചെയ്യാം…

റിസർവേഷൻ ആവശ്യം ഇല്ല… അത് കൊണ്ട് തന്നെയാണ് മുൻപുള്ള രണ്ടു കൊലപാതകങ്ങളിലും റിസർവേഷൻ ചെയ്ത ലിസ്റ്റിൽ അസ്വാഭാവികമായി സംശയിക്കപ്പെട്ട ആരുടേയും പേര് കാണാതിരുന്നത്…

അന്നത്തെ റേപ്പ് കേസുമായി ബന്ധപ്പെട്ടൊരു തെളിവ് തന്റെ കയ്യിൽ ഉണ്ടെന്നും പറഞ്ഞ സ്ഥലത്തു വന്നില്ലെങ്കിൽ അത് മീഡിയ വഴി പബ്ലിക് ആക്കുമെന്നുള്ള കില്ലറുടെ ഭീഷണിയിൽ നീലിന് വരാമെന്ന് സമ്മതിയ്ക്കാതെ നിവൃത്തി ഉണ്ടായിരുന്നില്ല…

പോലീസിനോട് നീൽ പറഞ്ഞത് fb വഴി പരിചയപ്പെട്ടു അടുപ്പത്തിൽ ആയത് കൊണ്ട് തന്നെ നേരിൽ കാണണം എന്ന് ആവശ്യപ്പെട്ടു എന്നാണ്…..

കോയമ്പത്തൂർ സ്റ്റേഷനിൽ ട്രെയിൻ എത്തുമ്പോൾ കാണാം എന്നായിരുന്നു സന്ദേശം ലഭിച്ചിരുന്നത്…

സ്റ്റേഷൻ കോയമ്പത്തൂർ എത്തിയതും നിരവധിപ്പേർ ഇറങ്ങുന്നതും കയറുന്നതും ഒരു നെഞ്ചിടിപ്പോടെ നീൽ കണ്ടു…

ഫോണിലേയ്ക്ക് ഒരു കാൾ വന്നത് കണ്ടപ്പോൾ തൊട്ട് എതിർവശത്തായി ഇരുന്ന മഹേഷിനെ നോക്കി… കാൾ എടുക്കാൻ കണ്ണ് കൊണ്ട് അനുവാദം കിട്ടിയപ്പോൾ നീൽ കാൾ എടുത്തു…

“നീൽ.. ഡോറിനടുത്തേയ്ക്കു ഒന്ന് വരാമോ… ലഗേജ് ഉണ്ട്… കുറച്ചു ഹെവിയാണ്… “അത്രയും മാത്രം പറഞ്ഞു കാൾ കട്ടായതും നീലിനോട് ഡോറിനടുത്തേയ്ക്ക് ചെല്ലാൻ മഹേഷ് നിർദേശം നൽകി… ഡോറിനടുത്തും മഫ്‌തിയിൽ പോലീസ് ഉണ്ടായിരുന്നു…

കോയമ്പത്തൂരിൽ 5 മിനിറ്റ് ആണ് ട്രെയിൻ ഹാൾട്ട് ചെയ്യുന്ന സമയം….. മറ്റു സ്റേഷനുകളെക്കാൾ താരതമ്യേന കൂടുതൽ ആണ് കോയമ്പത്തൂരിൽ ട്രെയിൻ നിൽക്കുന്ന സമയം… ചിലപ്പോൾ അത് 5 മിനിറ്റിൽ കൂടിയെന്നും വരാം….

നീൽ ഡോറിനടുത്തെത്തിയതും ജീൻസും ടോപ്പും ധരിച്ച ഒരു യുവതി ഒരു ലഗേജ് ബാഗ് കയറ്റാൻ ബുദ്ധിമുട്ടുന്നത് കണ്ടു…

“ഒന്ന് ഹെല്പ് ചെയ്യടോ… “ആ യുവതി പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ നീൽ ലഗേജ് ബാഗ് എടുത്തു അകത്തേക്ക് കയറ്റി വച്ചു…

പിന്നാലെ ആ യുവതിയും കയറി.. ട്രെയിൻ പതിയെ നീങ്ങാൻ തുടങ്ങിയതും ആ യുവതി ബാലൻസ് ചെയ്യാൻ വേണ്ടി നീലിനെ പിടിച്ചു….

“നിങ്ങൾ ആണോ എന്നെ കാണണം എന്ന് പറഞ്ഞത്… “നീൽ ആ യുവതിയെ നോക്കി അമർഷത്തോടെ ചോദിച്ചു…. അവന്റെ കണ്ണുകൾ ആരെയോ തിരക്കുന്നത് പോലെ ചുറ്റും തിരിയുന്നത് കണ്ടപ്പോൾ അവളൊന്നു ചിരിച്ചു..

“അതേ… എല്ലാവരെയും വിളിച്ചു കൂട്ടിയിട്ടുള്ള വരവാണല്ലേ മിസ്റ്റർ നീൽ…. “അവളുടെ പുച്ഛം കണ്ടപ്പോൾ അവൻ തിരിഞ്ഞു നോക്കി..

പതിയെ നീങ്ങി തുടങ്ങിയ ട്രെയിൻ കൂട്ടത്തിൽ ആരോ ഞൊടിയിടയിൽ അപായ ചങ്ങല വലിച്ചു നിർത്തിയിരുന്നു…

നീലിനെ മറിക്കടന്ന്‌ പോലീസുക്കാർ വളഞ്ഞതും ഗൺ പോയിന്റിൽ നിർത്തി അവളുടെ കൈകകളിൽ കയ്യാമം വീഴുന്നതും ഒരാശ്വാസത്തോടെ നീൽ കണ്ടു…

“സോ.. മിസ്സ്‌. ദുർഗ്ഗ കൃഷ്ണകുമാർ.. യു ആർ അണ്ടർ അറസ്റ്റ്… “മഹേഷ്‌ പറഞ്ഞതും ദുർഗ്ഗ ഒന്ന് പുഞ്ചിരിച്ചു… പിടിയ്ക്കപ്പെട്ടതിന്റെ തെല്ല് പോലും ഭയമോ നിരാശയോ ആ മുഖത്തു ഇല്ലെന്നത് മഹേഷിനെ അത്ഭുതപ്പെടുത്തി..

ട്രെയിനിൽ നിന്നും മഫ്തിയിൽ ഉണ്ടായിരുന്ന പോലീസുകാരുടെ അകമ്പടിയോടെ ദുർഗ്ഗയെയും കൂട്ടി സ്റ്റേഷന് പുറത്തേയ്ക്ക് എത്തി….

“നീ എന്ത് വിചാരിച്ചെടീ പുല്ലേ.. എന്നെയും അവന്മാരെ പോലെ അങ്ങോട്ട്‌ തട്ടി കളയാം എന്നോ….നീ അതിന് വീണ്ടും ജനിയ്ക്കണം… “ദുർഗ്ഗയെ പുറത്ത് പാർക്ക് ചെയ്തിരുന്ന പോലീസ് വാഹനത്തിലേക്ക് കൊണ്ട് പോകുന്നതിടെ നീലിന്റെ വെല്ലുവിളി കേട്ട് ദുർഗ്ഗ ഒന്ന് മന്ദഹസിച്ചു…

“നീൽ.. മാറി നിൽക്കൂ.. വെല്ലുവിളിയ്ക്കുള്ള സമയം അല്ല ഇത്… “

ദേഷ്യത്തിൽ പോക്കറ്റിൽ നിന്നും സിഗരറ്റിന്റെ പാക്കറ്റ് എടുത്തു കത്തിച്ചു ഒരു പഫ് അവളുടെ മുഖത്തേയ്ക്ക് ഊതി…

“അതിനീ ജന്മം തന്നെ ധാരാളം… my mission is accomplished… “ദുർഗ്ഗ പറഞ്ഞതിന്റെ പൊരുൾ അറിയാൻ സെക്കൻഡുകൾ മാത്രം മതിയായിരുന്നു…

നീൽ കണ്ണുകൾ പുറത്തേയ്ക്ക് ഉന്തിയ നിലയിൽ കിടന്നു പിടയാൻ തുടങ്ങി….

നീൽ എടുത്ത സിഗരറ്റിൽ പുരട്ടിയിരുന്നു മുൻപ് രണ്ടുപേരുടെയും ജീവനെടുത്ത കൊടിയ വിഷം… പൂനെ ലാബിൽ നിന്നും വേദിന്റെ ശരീരത്തിൽ കണ്ടെത്തിയ രാസവസ്തു VX nerve ഏജന്റ് എന്ന കാളകൂട വിഷമാണെന്ന്…

“നിങ്ങൾ തുടങ്ങിയിടത്തു വച്ചു തന്നെ ഞാൻ അവസാനിപ്പിച്ചു…ആലുവയിൽ നിന്നും കോയമ്പത്തൂരിൽ… team VENOM is no more with venomous agent… ” അതും പറഞ്ഞു പിടയുന്ന നീലിനെ നോക്കി ഒരു വിജയിയെ പോലെ പൊട്ടിച്ചിരിയ്ക്കുന്ന ദുർഗ്ഗയെ എല്ലാവരും കണ്ടു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

“പിടിയ്ക്കപ്പെടും എന്ന് ഉറപ്പായിട്ടും നിങ്ങൾ മൂന്നാമത്തെ കൊലപാതകം ചെയ്യാൻ ഇറങ്ങി പുറപ്പെട്ടത് എന്തിനായിരുന്നു…. “

“പിടിയ്ക്കപ്പെടാൻ വേണ്ടി തന്നെ…. ജീവിതത്തിൽ എന്തെങ്കിലും പ്രതീക്ഷ ഉള്ളവർക്കേ മുൻപോട്ടു ജീവിയ്ക്കണം എന്ന് ആഗ്രഹം കാണൂ സർ ..എന്റെ പ്രതീക്ഷകൾ എല്ലാം അസ്തമിച്ചിരുന്നു… “

മഹേഷിനു മുൻപിൽ ഒരു മേശയ്ക്കു ഇരുവശവും ഇരിയ്ക്കുകയായിരുന്നു മഹേഷും ദുർഗ്ഗയും…

“എന്ന് പറഞ്ഞാൽ.. നിങ്ങൾക്ക് നിയമത്തെ ഭയം ഇല്ലെന്നാണോ…ഈ രാജ്യത്തിന്റെ നീതി ന്യായ വ്യവസ്‌ഥകളോട് പുച്ഛമാണ് എന്നല്ലേ.. “

“ആണോ.. നിങ്ങൾക്ക് അങ്ങനെയാണോ തോന്നിയത്… എന്റെ അനിയത്തിയെ പോലെ സ്നേഹിച്ച പല്ലവി… എന്റെ ചോരകൾ.. എന്റെ കുഞ്ഞനുജന്മാർ… ദിവസങ്ങളുടെ വ്യത്യാസത്തിലാണ് ഞങ്ങൾക്ക് അവരെ നഷ്ടപ്പെട്ടത്… അവർക്ക് ഈ പറഞ്ഞ നീതി കിട്ടിയോ… അന്നെന്തേ നീതി ദേവതയുടെ കണ്ണ് അടഞ്ഞിരുക്കുകയായിരുന്നോ.. “ദുർഗ്ഗയുടെ ചോദ്യത്തിന് മഹേഷിനു മറുപടി ഇല്ലായിരുന്നു..

“സർ പറയില്ല…. എന്നെ തൂക്കിലേറ്റിയാൽ ആ മരിച്ചവൻമാരുടെ മാതാപിതാക്കന്മാർക്ക് നീതി കിട്ടും.. കിട്ടണം.. ഞങ്ങൾക്ക് നിഷേധിക്കപ്പെട്ട കാട്ടുനീതി അവർക്കെങ്കിലും കിട്ടട്ടെ… “ദുർഗ്ഗ പുച്ഛത്തോടെ പറഞ്ഞു നിർത്തി…

“ഈ കൊലപാതകങ്ങളുടെ ആസൂത്രണത്തിലോ നിർവ്വഹണത്തിലോ മറ്റാർക്കെങ്കിലും പങ്കുണ്ടോ … “

“ഇല്ല… ഞാൻ എല്ലാം തനിച്ചാണ് ചെയ്തത്… “മഹേഷിന്റെ കണ്ണിൽ നോക്കി ദുർഗ്ഗ അത് പറയുമ്പോൾ തെല്ല് പോലും ഭയം അവളുടെ മുഖത്തു ഉണ്ടായിരുന്നില്ല…

“കിട്ടാൻ ഏറെ പ്രയാസമായ vx agent നിങ്ങൾക്ക് എങ്ങനെ കിട്ടി… “മഹേഷ്‌ വീണ്ടും ചോദിച്ചു…

“അത് എന്റെ മാത്രം സ്വകാര്യതയാണ്.. ഞാൻ മരിച്ചു മണ്ണോടു ചേരുന്നതോടെ ആ രഹസ്യം മണ്ണോടു ചേർന്നു ഇല്ലാതാവും… “

അതും പറഞ്ഞു ദുർഗ്ഗ കണ്ണുകൾ അടച്ചു…പരമേശ്വരൻ മാഷിനും ഭാര്യയ്ക്കും കൂട്ടായി പ്രവീൺ വേണം… അത് കൊണ്ടാണ് ഈ ഉദ്യമം താൻ തനിച്ചു തന്നെ ചെയ്തത്…

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

എട്ട് മാസങ്ങൾക്കപ്പുറം…

“അന്നമ്മോ ആ ന്യൂസ്‌ ഒന്ന് വയ്ക്കെടീ… “മഹേഷ്‌ കിച്ചണിൽ നിന്നും വിളിച്ചു പറയുന്നുണ്ട്..

“ദേ ഇച്ചായാ.. ഇരുപത്തി നാലു മണിക്കൂറും അതിന്റെ ഉള്ളിൽ കിടന്നു കുത്തി മറിഞ്ഞു വരുന്ന എന്നോടു തന്നെ ഇത് പറയണം… ഞാൻ ഈ സിനിമ ഒന്ന് കണ്ടോട്ടെ… “

ടി. വി യിൽ അഞ്ചാംപാതിരാ സിനിമ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ…

“വേട്ട അവസാനിച്ചുന്ന് ഇരകളെ വിശ്വസിപ്പിയ്ക്കുന്ന വേട്ടക്കാരൻ ആണ് യഥാർത്ഥ ബുദ്ധിമാൻ… “ഇന്ദ്രൻസ് ചേട്ടന്റെ ഡയലോഗ് വന്ന സമയത്തു തന്നെ മഹേഷ്‌ വന്നു ചാനൽ മാറ്റി…

“നീയിങ്ങോട്ട് പുട്ടും ചിക്കനും കെട്ടി എടുത്തപ്പോൾ ഞാൻ വിചാരിച്ചു നീയുണ്ടാക്കിയതാണെന്നു.. എന്തൊക്കെ മോഹങ്ങളായിരുന്നു… സ്വിഗ്ഗിയിൽ നിന്ന് ഫുഡ്‌ വരുത്തി കാമുകനെ പറ്റിച്ച ദുഷ്ട…. ഇതിപ്പോൾ നിനക്ക് വെട്ടി വിഴുങ്ങാൻ കൂടി ഉള്ളത് ഞാൻ വച്ചു തരേണ്ട അവസ്ഥയാണെന്ന് അമ്മ അറിഞ്ഞാൽ എന്നെ കളിയാക്കി കൊല്ലും…”

മഹേഷ്‌ കൊണ്ട് വന്ന ചിക്കൻ ഫ്രൈ കടിച്ചു പറിച്ചു കൊണ്ട് ആൻ നന്നായിട്ടൊന്ന് പുഞ്ചിരിച്ചു കാണിച്ചു…

ആലുവയിൽ പോലീസുക്കാരൻ ട്രെയിനിൽ നിന്നും വീണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു… ന്യൂ ഡൽഹി -തിരുവനന്തപുരം കേരള എക്സ്പ്രസ്സ്‌ ആലുവയിൽ എത്തിയപ്പോഴായിരുന്നു സംഭവം… കണ്ണുകൾ പുറത്തേയ്ക്ക് ഉന്തി വായിൽ നിന്നും നുരയും പതയും വന്ന രീതിയിൽ ആയിരുന്നു എസ്. ഐ സോമൻ ദാസ്… “

വാർത്ത കേട്ട് ആൻ മേരിയും മഹേഷും പരസ്പരം നോക്കി…

വാർത്ത കണ്ടപ്പോൾ ഏറെക്കാലത്തിന് ശേഷം ചന്ദ്രേട്ടനും സുഖമായി ഉറങ്ങി….

വേട്ട തുടരും …

വ്യത്യസ്തമായ ആശയങ്ങൾ ലഭിച്ചാൽ മഹേഷും ആൻ മേരിയും ഇനിയും വന്നേക്കാം.. ചിലപ്പോൾ കാഞ്ചനയും സുകുവും വരാം…