മുൻ ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ആൻ മേരി പറയുന്നത് കേട്ട് മഹേഷ് അവളെ നോക്കി…
“നെർവ് ഏജന്റ്??? “
“എന്താ കേട്ടിട്ടില്ലേ…. “ആൻ മേരി കറി കുറച്ചു കൂടി വിളമ്പി കൊടുത്തു കൊണ്ട് ചോദിച്ചു…
“കേട്ടിട്ടുണ്ട്.. .. നിനക്ക് പക്ഷേ അങ്ങനെ തോന്നാൻ കാരണം… “പൊടുന്നനെ മഹേഷ് ഓചോദിച്ചു….
“അവിടെ കൂടി നിന്നിരുന്നവർ എല്ലാം പറഞ്ഞ ലക്ഷണങ്ങൾ വച്ചു ഒരു സാധ്യത… “
“അതിപ്പോൾ നോർമൽ പോയ്സൺ.. അല്ലെങ്കിൽ സയനൈഡ് പോയ്സണിങ് ഒക്കെ ആവാമല്ലോ…. “മഹേഷ് സംശയത്തോടെ ചോദിച്ചു..
“അവിടെ ആദ്യം കണ്ട ഒരാൾ തന്ന ബൈറ്റ് പ്രകാരം വേദിനെ ആദ്യം എടുക്കുമ്പോൾ മുഖത്തു എണ്ണമയം പോലെ എന്തോ ഒന്ന് ഉണ്ടായിരുന്നു എന്ന് പറഞ്ഞിരുന്നു… പിന്നെ വായിൽ നിന്നും നുരയും പതയും…ശ്വാസതടസ്സം… പെട്ടെന്നുള്ള മരണം.. ഒരു 10 മിനിറ്റിൽ കൂടുതൽ അയാൾ survive ചെയ്തില്ല… അത് കൊണ്ട് ഒരു സാധ്യത പറഞ്ഞതാണ്…. “ആൻ പറയുന്നത് കേട്ട് അവളെ നോക്കി ഇരിപ്പായിരുന്നു മഹേഷ്…
“എന്നാലും ഇത്രയും റെയർ ആയ നെർവ് ഏജന്റ് എടുക്കാൻ കാരണം എന്താവും എന്നാണ് എന്റെ ചിന്ത…. ഇത് കൊലയാളിയിലേക്ക് എളുപ്പത്തിൽ വിരൽ ചൂണ്ടില്ലേ… “ഒന്ന് ചിന്തിച്ചു ആൻ ചോദിച്ചു…
“ഓരോ കില്ലറിനും ഓരോ രീതികൾ ഉണ്ടാവും… ചിലപ്പോൾ ഈ അറ്റാക്ക് കൊണ്ട് അയാളുടെ മനസ്സിൽ എന്തെങ്കിലും പ്രത്യേക ലക്ഷ്യം ഉണ്ടായിരിക്കും… അല്ലെങ്കിൽ ഇത്രയും തിരക്കുള്ള ഒരു പബ്ലിക് പ്ലേസിൽ അതും തിരക്കുള്ള ഒരു ട്രെയിനിൽ വച്ചു ഇത്രയും കൂൾ ആയി ഒരാളെ കൊല്ലുക എന്നൊക്കെ പറഞ്ഞാൽ..അല്ലാ നിനക്ക് ഇതിൽ എങ്ങനെയാ ഇത്രയും അറിവ് കിട്ടിയത്… “
മഹേഷ് ചോദിച്ചത് കേട്ട് ആൻ ചിരിച്ചു…
“ഇനി എന്നെ പിടിച്ചു കില്ലർ ആക്കുവോ… “
“നീ കാര്യം പറയൂ… എപ്പോഴൊക്കെയോ കേട്ടിട്ടുണ്ട് എന്നല്ലാതെ കൂടുതൽ ഡീപ് ആയിട്ട് എനിയ്ക്ക് അറിയില്ല… “മഹേഷ് ഭക്ഷണം കഴിച്ചു കൈ കഴുകി കൊണ്ട് ചോദിച്ചു….
മഹേഷ് ഇരുന്നതിനപ്പുറം ചെന്ന് സോഫയിൽ ഇരുന്നു ആൻ..
“കുറച്ചു നാൾ മുൻപ് നോർത്ത് കൊറിയൻ ലീഡർ kim jong-un ന്റെ സഹോദരൻ kim jong -nam കൊല്ലപ്പെട്ടതിന്റെ ഒരു ഡോക്യുമെന്ററി ചെയ്തിരുന്നു.. ആളിങ്ങനെയാണ് തട്ടി പോയത്…. നെർവ് ഏജന്റ്… അതിന് വേണ്ടി ഡാറ്റ ശേഖരിച്ച കൂട്ടത്തിൽ ആണ് ഈ നെർവ് ഏജന്റ് എന്ന സംഭവം കൂടുതൽ അറിഞ്ഞത്…. UN weapon of mass destruction ഗണത്തിൽ പെടുത്തിയിരിയ്ക്കുന്ന പല തരം ആയുധങ്ങളിൽ ഒന്നാണ് chemical weapon… കെമിക്കൽ അഥവാ രാസായുധത്തിലെ തന്നെ പ്രധാനിയാണ് ഈ നെർവ് ഏജന്റ് എന്ന് പറയുന്ന സംഭവം.. ഒരർത്ഥത്തിൽ കാള കൂട വിഷം എന്നൊക്കെ പറയുന്ന ഐറ്റം… “
ആൻ പറയുന്നത് കേട്ട് മഹേഷ് ആകാംക്ഷയോടെ ചെവി കൂർപ്പിച്ചു…
“ഈ chemical weapons ൽ നെർവ് ഏജന്റ് മാത്രം ആണോ ഉള്ളത്… “
“നോ.. നോ.. അതിൽ വേറെയും കുറേ വക ഭേദങ്ങൾ ഉണ്ട്.. blister agent, blood agent, choking agent പിന്നെ നമ്മൾ ഇപ്പോൾ പറഞ്ഞ നെർവ് ഏജന്റും.. ഓരോന്നും പ്രവർത്തിയ്ക്കുന്നത് പല രീതിയിൽ ആണ്… for example.. ഈ blister agent ആയി നമ്മുടെ body contact വന്നാൽ ദേഹത്ത് വെള്ളം നിറഞ്ഞ കുമിളകൾ പൊന്തും.. രണ്ടാം ലോകമഹായുദ്ധത്തിൽ blood ഏജന്റ് ജൂതൻമാർക്കെതിരെ പ്രയോഗിച്ചിട്ടുണ്ട് എന്നാണ് ചരിത്രത്തിൽ… nerve agent ഉം ഇത് പോലെ പല അറ്റാക്കുകളിലും use ചെയ്തിട്ടുണ്ട്… പിന്നെ നെർവ് ഏജന്റ് എന്നൊക്കെ പറയുമ്പോൾ നേർവസ് സിസ്റ്റത്തിനെ പെട്ടെന്ന് അറ്റാക്ക് ചെയ്യുന്നത് കൊണ്ടായിരിക്കണം.. ഇതിനെ കുറിച്ച് കൂടുതൽ ഐഡിയ ഇല്ല… “
“ഈ പറഞ്ഞത് വച്ചാണെങ്കിൽ കില്ലർ ചില്ലറക്കാരൻ ആവില്ല… കാരണം chemical weapons എല്ലാം നമ്മുടെ രാജ്യത്തു ബാൻ ചെയ്ത കാര്യങ്ങൾ അല്ലേ… “
“ആഹ് ബെസ്റ്റ്.. നമ്മുടെ നാട്ടിൽ എന്താണ് നിരോധിച്ചിട്ടുള്ളത് അത് അനധികൃതമായി നിർമ്മിയ്ക്കാൻ നൂറു വഴികളും തലയും ഉള്ള ബുദ്ധി രാക്ഷസൻമാർ ഉണ്ട്… നമ്മുടെ രാജ്യത്തു എക്സ്പ്ലോഷൻ ഒക്കെ നിയമ വിധേയമായിട്ട് ഉണ്ടാക്കുന്ന ബോംബ് വച്ചാണല്ലോ നടത്തുന്നത്.. എന്താണ് മാഷേ ഗൂഗിൾ തപ്പി ബിടെക് പിള്ളേർ വരെ ബോംബ് ഉണ്ടാക്കുന്ന കാലമാണ് ഇത് ….പിന്നെ നല്ലൊരു chemist ബുദ്ധി പോരേ ഇതൊക്കെ create ചെയ്യാൻ… അവർക്ക് അറിയാം ഏതൊക്കെ components ഏതൊക്കെ ratio യിൽ ചേർത്താൽ എന്ത് ഉണ്ടാക്കണം എന്ന്.. നിങ്ങളെ ഒക്കെ ആരാ പോലീസിൽ എടുത്തത്… “ആൻ സോഫയിൽ നിന്നും എണീറ്റു..
“ടീ.. ടീ.. നിന്ന് ചെറയാതെ പോകാൻ നോക്ക്… നേരം വൈകി…… “
“ആഹാ.. കാര്യം കഴിഞ്ഞപ്പോൾ നമ്മൾ ഔട്ട്…ല്ലേ “ആൻ മേരി ഒന്ന് പരിഭവിച്ചു…
“പോവുമ്പോൾ ആ കൊണ്ട് വന്ന പാത്രം ഒക്കെ കൊണ്ട് പൊയ്ക്കോ… ഇനി അതും വാങ്ങാൻ വേണ്ടി എന്ന കാരണം ഉണ്ടാക്കി ഇങ്ങോട്ട് കെട്ടിയെടുക്കാൻ നിൽക്കണ്ട… “
“ഞാൻ കൊണ്ട് വന്ന ഫുഡും വയറു നിറച്ചു കഴിച്ചു ഏമ്പക്കവും വിട്ട് ഇപ്പോൾ കൊനഷ്ട് പറയുന്നു… കാട്ടു മാക്കാൻ… സ്വീറ്റ് ആയിട്ട് എന്തെങ്കിലും പറഞ്ഞൂടെ ങേ.. ഹേ.. വെറുതെ അല്ല ഇയാളെ വെട്ട് പോത്തെന്നു വിളിയ്ക്കുന്നത്… “ആൻ മേരി പിറു പിറുത്തു കൊണ്ട് കാസറോൾ അടയ്ക്കാൻ തുടങ്ങി…
“എന്തെങ്കിലും പറഞ്ഞോ… “മഹേഷ് അവളുടെ അടുത്ത് പോയി കൈ മാറിൽ പിണച്ചു വച്ചു കൊണ്ട് ചോദിച്ചു…
“ഇല്ലേ…. “ആൻ ദേഷ്യത്തിൽ പറയുന്നത് കേട്ട് മഹേഷ് ചിരിച്ചു…
“അല്ല.. എന്തോ പറഞ്ഞു… സ്വീറ്റ് വേണമെന്നോ… അങ്ങനെ എന്തോ… “ആൻ മേരിയുടെ അടുത്തേക്ക് ഒന്ന് കൂടി ചേർന്നു നിന്നു…
“ഞാൻ പറഞ്ഞില്ല… “
“ഇല്ലേ… “മഹേഷ് ഒന്നൂടെ മീശ പിരിച്ചു അവളെ നോക്കി..
“അ.. അത്… ഫുഡ് കഴിഞ്ഞു ഡെസ്സേർട്ട് കഴിയ്ക്കുന്ന പതിവ് ഉണ്ടെന്ന് വെറുതെ ഇങ്ങനെ ആത്മഗതം പറഞ്ഞതാ… “ആൻ മേരിയുടെ മുഖത്തു ഒരു പുച്ഛം വിടർന്നു…
“ഓഹോ…. “മഹേഷ് പുരികം ഒന്ന് ഉയർത്തി…
“ആഹാ… “ആൻ പറഞ്ഞത് മാത്രം ഓർമ്മയുണ്ടായുള്ളൂ… കണ്ണുകൾ തമ്മിൽ ഇടഞ്ഞ ഞൊടി നേരം കൊണ്ട് ചുമരിനോട് ചേർത്ത് നിർത്തി ആൻ മേരിയുടെ ചുണ്ടിൽ ഗാഢമായി മഹേഷ് ചുംബിച്ചു..
പിടി വിട്ടതും ആൻ മേരി തിരിഞ്ഞു നിന്നൊന്നു നെഞ്ചിൽ ഉഴിഞ്ഞു ശ്വാസം ആഞ്ഞു വലിച്ചു…
“ഇനി ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നുമ്പോൾ ഇത് ഓർമ്മയുണ്ടാവണം… പിന്നെ പുറത്ത് വച്ചു ചൊറിഞ്ഞോണ്ട് വരുമ്പോഴും… അപ്പോൾ അകത്താണോ പുറത്താണോ എന്നൊന്നും നോക്കില്ല ഇത് പോലെ അങ്ങ് പണി തരും… “
“ഡോ മനുഷ്യാ… നിങ്ങളോട് ഡിസ്സേർട്ടിന്റെ കാര്യം പറഞ്ഞതിനാണോ ഇങ്ങനെ എന്റെ ചുണ്ടിൽ ഡെസേർട്ട് സഫാരി നടത്തിയത്… എന്തായാലും ഈ ബട്ടൺസ് കണ്ടോ.. ഇതിൽ ഒക്കെ റെക്കോർഡ് ആയിട്ടുണ്ടാവും… “ആൻ മേരി ടീ ഷർട്ടിലെ ബട്ടൺസ് ഒന്ന് കാണിച്ചു കൊടുത്തു..
“ഇനി എങ്ങാനും എന്നെ തേയ്ക്കാൻ തോന്നിയാൽ ഇത് ഞാനങ്ങോട്ടു ഫ്ലാഷ് ആക്കും…. ജാഗ്രതൈ… മാറി നിൽക്കങ്ങോട്ട്… “തന്നെ തള്ളി മാറ്റി പോകുന്ന ആൻ മേരിയെ തന്നെ നോക്കി അന്തം വിട്ട് നിന്നു മഹേഷ്.. ഇതെന്തു ജന്മം എന്ന രീതിയിൽ…
ആൻ ഫ്ലാറ്റിൽ എത്തിയപ്പോൾ തന്നെ മഹേഷിന്റെ കാൾ വന്നു…
“സത്യത്തിൽ അത് ക്യാമറ ആണോ… “മഹേഷിന്റെ ചോദ്യം കേട്ട് ആൻ പൊട്ടിച്ചിരിച്ചു…
“അല്ലെന്നു പറഞ്ഞാൽ തേയ്ക്കാൻ അല്ലേ… “
“ദേ പെണ്ണേ…. വട്ട് കളിപ്പിയ്ക്കല്ലേ… “
“പിന്നെ എന്നെ എന്തിനാ കേറി കിസ്സിയത്… “ആൻ മേരി വീറോടെ ചോദിച്ചു..
“അത് എനിയ്ക്ക് ഇഷ്ടം ഉണ്ടായിട്ട്… “മഹേഷിന്റെ ശബ്ദം ഒന്ന് സാന്ദ്രമായി..
“മതി.. ഇത്രയും മതി… ഇത് കേൾക്കാൻ വേണ്ടി എത്ര കാലമായി തപസ്സു ഇരിക്കുവാ… അപ്പോൾ ഗുഷ് നൈറ്റ്.. വിത്ത് ലോട്ട്സ് ഓഫ് സ്വീറ്റ് ഡ്രീംസ്… “അപ്പുറത്ത് നിന്നും ഒരു ഉമ്മ ഫോണിൽ കിട്ടിയതോടെ മഹേഷ് ചിരിച്ചു കൊണ്ട് ഫോൺ വച്ചു…
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പിറ്റേന്ന് ഓഫീസിൽ ഇരുന്നു വേദിനെ കുറിച്ചുള്ള വിവരങ്ങൾ വിശകലനം ചെയ്യുകയായിരുന്നു മഹേഷ്…
വയസ്സ് 26…എഞ്ചിനീയറിങ് ബിരുദാനന്തര ബിരുദധാരി…പഠനം കോയമ്പത്തൂറിലെ പ്രശസ്തമായ ഒരു കോളേജിൽ… സ്വദേശം കൊച്ചി…
എങ്ങോട്ട് ആയിരുന്നു യാത്ര എന്നതിനെ കുറിച്ച് അടുത്ത സുഹൃത്തുക്കൾക്കോ വീട്ടുക്കാർക്കോ അറിവില്ല…
എറണാകുളം സൗത്തിൽ നിന്നാണ് ട്രെയിനിൽ കയറിയിരിയ്ക്കുന്നത്… അടുത്ത സ്റ്റോപ്പ് ആയ ആലുവയിൽ വച്ചു അപകടം…
മൊബൈലിലേയ്ക്ക് അവസാനം കാൾ വന്ന നമ്പർ സ്വിച്ച് ഓഫ്… സ്വിച്ച് ഓഫ് ആയിരിയ്ക്കുന്നത് ആലുവ റെയിൽവേ സ്റ്റേഷനിൽ റേഞ്ചിൽ വച്ചു തന്നെ….പിന്നീട് ഇത് വരെയും ഓൺ ആയിട്ടില്ല… നമ്പറിന്റെ ഉടമ വേദ് തന്നെ ആണെന്നതാണ് തമാശ…അതിനർത്ഥം വേദുമായി അടുത്ത പരിചയം പുലർത്തുന്ന ആളായിരിയ്ക്കണം…. വേദിന്റെ ഫോൺ കണ്ടെടുക്കാൻ സാധിച്ചിട്ടില്ല… പ്രത്യക്ഷത്തിൽ കൊലയാളിയിലേക്ക് വിരൽ ചൂണ്ടുന്ന തെളിവുകൾ ഒന്നും ഇല്ല…
സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും മുങ്ങി തപ്പിയെങ്കിലും പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടായില്ല… മാത്രമല്ല ഒരുപാട് പെൺകുട്ടികൾക്ക് flirt മെസ്സേജ് അയച്ചിട്ടുണ്ട്… ചിലരുമായി സഭ്യതയുടെ എല്ലാ പരിധികളും വിട്ട് ചാറ്റും ചെയ്തിട്ടുണ്ട്… പോരാത്തതിന് കുറേ പേർക്ക് whats ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട്… ചുരുക്കി പറഞ്ഞാൽ കുറച്ചു കഷ്ടപ്പെടണം…
പൂനെയിലേക്ക് അയച്ച സാമ്പിളിന്റെ റിപ്പോർട്ട് വരാൻ രണ്ടു ദിവസം കൂടി പിടിയ്ക്കും… ശ്വാസ തടസ്സം ആണ് മരണക്കാരണം ആയി പോസ്റ്റ് മാർട്ടം റിപ്പോർട്ടിൽ കിടക്കുന്നത്.. ശ്വാസ തടസ്സത്തിലേക്ക് നയിച്ച കാരണം കൂടി കണ്ടെത്തിയാൽ കുറച്ചു വ്യക്തത വരും…
രാവിലെ മുതൽ തുടങ്ങിയ ഓട്ടം ആണ് ഇത് വരെയും ഒരു ക്ലൂ പോലും കിട്ടിയിട്ടില്ല…. വൈകുന്നേരം ഓഫീസിൽ ഇരിയ്ക്കുമ്പോഴാണ് ഒറ്റപ്പാലത്തു നിന്നും ഒരു കാൾ തേടി വന്നത്….
ഇന്നലെ ആലുവയിൽ അപകടം നടന്ന സമാനമായ രീതിയിൽ ഒരു ചെറുപ്പക്കാരൻ കൊല്ലപ്പെട്ടിരിയ്ക്കുന്നു… സമയം 6.15pm..വില്ലൻ വീണ്ടും കേരള എക്സ്പ്രസ്സ് തന്നെ
ഓംകാർ എന്ന 26കാരൻ…. തൃശൂർ സ്വദേശി.. സമാന പ്രായം കണ്ടപ്പോൾ ഇവർ തമ്മിൽ എന്തെങ്കിലും കണക്ഷൻ ഉണ്ടോ എന്ന് മഹേഷ് പരിശോധിച്ചു… രണ്ടുപേരും കോയമ്പത്തൂർ എഞ്ചിനീയറിങ് കോളേജിൽ ഒരേ ബാച്ച്… സുഹൃത്തുക്കൾ…
കേസ് മറ്റൊരു തലത്തിലേക്കാണ് നീങ്ങുന്നത് എന്ന് മഹേഷ് ഓർത്തു… ഒന്നിൽ നിന്ന് രണ്ടിലേക്ക്…. ഇനി എത്ര എന്ന് ഒരു ഊഹവും ഇല്ല…
വീണ്ടും വേദിന്റെയും ഓംകാറിന്റെയും fb പോസ്റ്റുകൾ നോക്കി… പുതിയ പോസ്റ്റുകളിൽ ഒന്നും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോസ് ഇല്ല… ചിലപ്പോൾ പഠനക്കാലത്തെ സൗഹൃദം മാത്രമായിരിക്കും….
വർഷങ്ങൾ പുറകോട്ടു പോയപ്പോൾ മൂന്നു ചെറുപ്പക്കാർ ഒന്നിച്ചു നിൽക്കുന്ന ചിത്രം…. വേദ് കൃഷ്ണ, നീൽ, ഓംകാർ… ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം # venam എന്ന ഹാഷ് ടാഗോടെ ആണ് പങ്കു വച്ചിരിയ്ക്കുന്നത്…
മഹേഷ് ഒരു പേപ്പർ എടുത്തു കുത്തി കുറിയ്ക്കാൻ തുടങ്ങി…..
വേദിന്റെ VE നീലിന്റെ N ഓംകാറിന്റെ OM….
“that’s it… VENOM.. വിഷം… ചന്ദ്രേട്ടാ…. “മഹേഷ് വിളിച്ചതും മധ്യവയസ്കനായ ഒരു പോലീസുക്കാരൻ അങ്ങോട്ട് വന്നു…
“നീൽ… ഇവന്റെ കംപ്ലീറ്റ് ഡീറ്റെയിൽസ് വിത്ത് കോൺടാക്ട് നമ്പർ ഇമ്മീഡിയേറ്റ് ആയിട്ട് വേണം… എനിക്ക് തെറ്റിയിട്ടില്ലെങ്കിൽ കില്ലറുടെ അടുത്ത ടാർഗറ്റ് ഇവൻ ആയിരിക്കും…. “മഹേഷ് വിരൽ ചൂണ്ടിയ സ്ക്രീനിലേയ്ക്ക് ആ പോലീസുക്കാരൻ ഉറ്റു നോക്കി….
“ഇവൻമാർ… “അയാൾ എന്തോ ചിന്തിച്ചു കൊണ്ട് അതിലേക്ക് തന്നെ ഉറ്റു നോക്കി..
“ഇവരെ അറിയോ.. എന്തെങ്കിലും കേസ്… അങ്ങനെ നമുക്ക് ക്ലൂ കിട്ടാൻ പറ്റിയ എന്തെങ്കിലും കിട്ടിയാൽ അത് കില്ലെറിലേക്കുള്ള സൂചന ആയിരിക്കും… “മഹേഷ് ആകാംക്ഷയോടെ അയാളെ നോക്കി…
“ഒരു നാല് -നാലര വർഷം മുൻപ് കോയമ്പത്തൂർ എഞ്ചിനീയറിങ്ങിന് പഠിച്ചിരുന്ന ഒരു പെൺക്കുട്ടിയുടെ റേപ്പ് കേസ് സാറിന് ഓർമ്മയുണ്ടോ.. “
“ഹ്മ്മ്.. അന്ന് ആ റേപ്പ് ചെയ്തവരെ എൻകൗണ്ടർ ചെയ്തു കൊന്നത് അന്ന് വല്ല്യ സംഭവം ആയതല്ലേ… രണ്ടു ആൺപിള്ളേരെ…. “മഹേഷ് സംശയത്തോടെ ചോദിച്ചു…
“ചുമ്മാതെയാ സാറേ… ഈ കൊച്ചന്മാർ ആയിരുന്നു അതിന്റെ പിന്നിൽ… നമ്മുടെ ഡിപ്പാർട്മെന്റിലെ ചില എണ്ണം പറഞ്ഞ ചില തന്തയില്ലാത്തവൻമാർ കാശിന്റെ പുറത്തങ്ങു മറഞ്ഞതല്ലേ… “അയാളുടെ മുഖത്തൊരു പുച്ഛഭാവം ആയിരുന്നു..
“തനിക്ക് ഇതൊക്കെ.. “
“അന്ന് ആ പെൺക്കുട്ടി വന്നു കേസ് തരുമ്പോൾ ഞാനും ഉണ്ടായിരുന്നു ആ സ്റ്റേഷനിൽ… ഒരു ഒൻപതു ഒൻപതര നേരത്തു മഴയത്തു സ്റ്റേഷനിൽ ഓടി കേറി വന്നത് ഇപ്പോഴും ഓർമ്മയുണ്ട്… “
“ഹ്മ്മ്… ആ കുട്ടിയുടെ വീട് ഇവിടെ എവിടെയാണ്… “
“കമ്പനിപ്പടിയോ അമ്പാട്ട്ക്കാവോ കൃത്യമായി ഓർമ്മയില്ല…ആലുവ സ്റ്റേഷനിൽ നിന്നും കുറച്ചു ദൂരമേ ഉള്ളൂ…. “
“നമുക്ക് ആ കുട്ടിയുടെ വീട് വരേയ്ക്ക് ഒന്ന് പോയാലോ… ഞാൻ പറഞ്ഞ ഡീറ്റെയിൽസ് ആ സതീഷിന്റെ കയ്യിൽ ഏല്പിച്ചിട്ട് താൻ വാ എന്റെ കൂടെ.. “
മഹേഷ് പറയുന്നതിന് ഒപ്പം അയാൾ തലയാട്ടി..
“എന്തായിരുന്നു ആ പെൺക്കുട്ടിയുടെ പേര്… “മഹേഷ് വീണ്ടും ചോദിച്ചു..
“പല്ലവി… “
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
“ആ ചെക്കനെ കോൺടാക്ട് ചെയ്യാനുള്ള നമ്പറിൽ കാൾ ചെയ്യുമ്പോൾ ഔട്ട് ഓഫ് കവറേജ് ആണ് പറയുന്നത് എന്ന്… “മഹേഷിനൊപ്പം ഇരിക്കുമ്പോൾ വന്ന കാൾ എടുത്തു സംസാരിച്ചു വച്ചു കൊണ്ട് ചന്ദ്രൻ പറഞ്ഞു..
മഹേഷ് അപ്പോഴും എന്തോ ആലോചനയിൽ ആയിരുന്നു..
“സർ.. ഇതാണ് വീട്… “
ഒരു ഒറ്റ നില ടെറസ് വീടിന്റെ മുൻപിൽ പോലീസ് വാഹനം വന്നു നിന്നു…
ഗേറ്റ് തുറന്നു അകത്തേക്ക് കയറി കാളിങ് ബെൽ അടിച്ചു…
വാതിൽ തുറക്കുന്നതിന് മുൻപ് ജനലിൽ കൂടി ആരോ നോക്കുന്നത് കണ്ടു… അതിന് ശേഷമാണ് വാതിൽ തുറന്നത്..
മധ്യവയസ്കരായ ദമ്പതികൾ…
പെട്ടെന്ന് യൂണിഫോമിൽ പോലീസ്ക്കാരെ രാത്രി നേരത്ത് വീട്ടു മുറ്റത്തു കണ്ടതിന്റെ ഭയം ആ രണ്ടു മുഖത്തും ഉണ്ടായിരുന്നു…
“പല്ലവിയുടെ… “മഹേഷ് ചോദ്യഭാവത്തിൽ അവരെ നോക്കി..
“അച്ഛനും അമ്മയും.. “ഭർത്താവ് പറയുമ്പോഴേയ്ക്കും ഭാര്യ വിതുമ്പാൻ തുടങ്ങിയിരുന്നു…
“സോറി.. ഈ സമയത്തു വന്നു ബുദ്ധിമുട്ടിയ്ക്കുന്നതിൽ വിഷമം ഉണ്ട്.. പക്ഷേ ഒന്ന് രണ്ടു ചോദ്യത്തിന് ഉത്തരം കിട്ടിയാൽ ഞങ്ങൾ പൊയ്ക്കോളാം… “
“അതിനെന്താ.. സർ അകത്തേയ്ക്ക് വാ… “ഭർത്താവ് അകത്തേയ്ക്ക് വിളിച്ചതോടെ മഹേഷ് മാത്രം അകത്തേയ്ക്ക് പോയി.. ചന്ദ്രനോട് കണ്ണ് കൊണ്ട് കാണിച്ചപ്പോൾ അയാൾ വീടിന്റെ ചുറ്റും അസ്വാഭാവികമായി എന്തെങ്കിലും കണ്ടെത്താൻ കഴിഞ്ഞാലോ എന്ന് കരുതി അന്വേഷിയ്ക്കാൻ തുടങ്ങി…
അകത്തു കയറിയതും മഹേഷിന്റെ കണ്ണുടക്കിയത് ചുമരിൽ ഇരിയ്ക്കുന്ന ഫ്രെയിം ചെയ്തു വച്ച ഒരു ഫോട്ടോയിലേക്കാണ്… അച്ഛനും അമ്മയും ഒരാൺക്കുട്ടിയും പെൺക്കുട്ടിയും നിൽക്കുന്ന ഫോട്ടോ…
“അതാണ് ഞങ്ങളുടെ മോൾ പല്ലവി… “മഹേഷ് ഫോട്ടോയിലേക്ക് നോക്കുന്നത് കണ്ടു ആ അച്ഛൻ പറഞ്ഞു…
“മറ്റേയാൾ… “
“മോനാണ്…. പ്രവീൺ… “
“പ്രവീൺ ഇപ്പോൾ എവിടെയാണ്… “മഹേഷ് ചോദ്യമെറിഞ്ഞു..
“അവൻ ദുബായിൽ അക്കൗണ്ടന്റ് ആണ്… പല്ലവിയുടെ കേസ് വന്നപ്പോൾ ആകെ തകർന്നു പോയതായിരുന്നു… എല്ലാവരോടും ദേഷ്യം… ഇപ്പോഴാണ് ഒന്ന് നോർമൽ ലൈഫിലേയ്ക്ക് വന്നത്… “
സ്വാഭാവികമായും പെങ്ങളെ നശിപ്പിച്ചവനോട് പ്രതികാരം തോന്നാം.. ചോര തിളപ്പുള്ള പ്രായം… ദുബായിൽ നിന്ന് വന്നു ഇനി പ്രവീൺ ഇവരറിയാതെ മറ്റു എവിടെയെങ്കിലും താമസിച്ചു ചെയ്തതാകാനും സാധ്യത ഉണ്ട്…
“പ്രവീണിനെ ഒന്ന് വീഡിയോ കാൾ ചെയ്യാമോ.. ഒരു കാര്യം പ്രവീണിനോട് ചോദിയ്ക്കാൻ വേണ്ടിയാണ്… “
“ഞങ്ങൾ പറഞ്ഞത് വിശ്വാസം ആയില്ല അല്ലേ… ഇപ്പോൾ തന്നെ വിളിയ്ക്കാം… “അയാൾ പറയുന്നത് കേട്ട് മഹേഷ് ഒന്ന് ചിരിച്ചു…
കാൾ ചെയ്തപ്പോൾ കണ്ട പശ്ചാത്തലത്തിൽ നിന്ന് തന്നെ പ്രവീൺ അല്ല ഇതിന്റെ പിന്നിൽ എന്ന് ഉറപ്പിച്ചു…
അന്നത്തെ റേപ്പ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി ചോദിച്ചു അറിഞ്ഞു…
“എന്തെങ്കിലും അറിവ് ഈ കേസുമായി ബന്ധപ്പെട്ടു നിങ്ങൾക്ക് പറയാനുണ്ടെങ്കിൽ എന്നെ വിളിയ്ക്കണം.. ഇത് എന്റെ പേർസണൽ നമ്പർ ആണ്… “മഹേഷ് അവിടെ നിന്നും ഇറങ്ങുന്നതിനിടയിൽ ഒരു കാർഡ് എടുത്തു കൊടുത്തു കൊണ്ട് പറഞ്ഞു…
“അമ്മേ.. ഭഗവതി.. ചോറ്റാനിക്കര അമ്മ എല്ലാത്തിനും ഒരു വഴിയുണ്ടാക്കും… “കാർഡ് വാങ്ങിച്ചു നിസ്സംഗഭാവത്തോടെ അയാൾ പറയുന്നത് കേട്ട് മഹേഷ് അയാളെ ഒന്ന് നോക്കി….
പ്രവീൺ അല്ലെങ്കിൽ പിന്നെ അവരോട് മൂന്നു പേരോടും ഇത്രയും ശത്രുത ആരായിരിക്കും…
അവരെ ചൂണ്ടയിൽ കൊരുത്തത് ഒരു സ്ത്രീ ആയിരിയ്ക്കാം എന്ന ചിന്ത മനസ്സിൽ ബലപ്പെടുന്നു…
സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ flirt മെസ്സേജുകൾ ആ സംശയം ബലപ്പെടുത്തുന്നു..
ഇറങ്ങാൻ നേരത്ത് അയാൾ പറഞ്ഞ ചോറ്റാനിക്കര അമ്മ…. എല്ലാം കൂടി മനസ്സിൽ അങ്ങനെ ഒരു ചിന്ത വരുന്നു…
വണ്ടിയിൽ ഇരുന്നുള്ള ചിന്തയ്ക്കൊടുവിൽ ഇനിയുള്ള ഒരു സാധ്യതയിലേക്ക് മനസ്സ് പോയി…
ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…