ഏതോ ഒരു അച്ചായത്തി കൊച്ചു തന്റെ ഉറക്കം കളയുന്നുണ്ടെന്ന് ഒരു അടക്കം പറച്ചിൽ ഉണ്ട് ക്ലബ്ബിൽ, ഉള്ളതാണോടോ…

കേരള എക്സ്പ്രസ്സ്‌ – രചന: അക്ഷര എസ്

“ഐ ലബ്യു ഇച്ചായോ … ” കേരളത്തെ പിടിച്ചു കുലുക്കിയ ഒരു കൊലപാതകക്കേസിലെ തെളിവെടുപ്പ് കഴിഞ്ഞു മാധ്യമപ്രവർത്തകരുടെ ചോദ്യശരങ്ങൾ നേരിട്ട് കഴിഞ്ഞു മഹേഷ്‌ തിരിച്ചു വണ്ടിയിൽ കയറാൻ നിൽക്കുമ്പോഴാണ് വീണ്ടും ആ ശബ്ദം…

തിരിഞ്ഞു നോക്കാതെ തന്നെ പിന്നിലുള്ള ആളെ വലിച്ചു മുൻപിൽ വണ്ടിയിലേക്ക് ചാരി നിർത്തി….

കൂട്ടത്തിലെ യുവ മാധ്യമ പ്രവർത്തക…

ആൻ മേരി…ന്യൂസ്‌ ഡെയിലി റിപ്പോർട്ടർ…

ദേഷ്യത്തിൽ അവളുടെ കണ്ണിലേക്കു നോക്കി..

“നോക്ക് ആൻ മേരി.. നിന്നോട് ഞാൻ നൂറു തവണ പറഞ്ഞിട്ടുണ്ട് എന്റെ പിന്നാലെ ഉള്ള ഈ ചുറ്റി കറങ്ങൽ നിർത്താൻ…. “

“ഹോ.. എന്റെ പേരൊന്നു പറഞ്ഞല്ലോ… പിന്നെ നൂറു തവണ ഒന്നും ഇല്ല.. ഒരു 14-15 തവണ…”ആൻ മേരി വിരൽ നഖങ്ങൾ നോക്കി കൂസലില്ലാതെ പറഞ്ഞു…

“ഇതൊക്കെ എണ്ണി നിന്റെ തലയിൽ കയറ്റി വയ്ക്കുന്നതിന്റെ പകുതി സമയം മതി ഞാൻ പറയുന്നത് മനസ്സിലാക്കാൻ…. “

“എനിക്ക് മനസ്സിലാവൂല്ല…”

“ഇല്ലെങ്കിൽ പോയി നെല്ലിക്കത്തളം വയ്ക്കാൻ നോക്ക്..ഓരോ വട്ട് കേസ്.. മനുഷ്യനെ മെനക്കെടുത്താൻ… “മഹേഷ്‌ അവളെ വകഞ്ഞു മാറ്റി വണ്ടിയിൽ കയറാൻ പോയി…

“ദേഷ്യം വരുമ്പോൾ എന്നാ ഗ്ലാമറാന്നേ എന്റെ ഇച്ചായന് … അതല്ലേ ഞാൻ ഇങ്ങനെ മൂക്കും കുത്തി വീണു പോയത്… “

തുറന്ന ഡോർ കാല് കൊണ്ടോന്ന് ചവിട്ടി അടച്ചു…. അവളെ ഒരു സൈഡിൽ ലോക്ക് ചെയ്തു വണ്ടിയിലേയ്ക്ക് ഒന്ന് കൈ കുത്തി…

“ദേ വീണ്ടും ദേഷ്യം…ഇങ്ങനെ മിനിറ്റിന് മിനിറ്റിന് ദേഷ്യപ്പെട്ടു വേറെ വല്ല അവളുമ്മാരും കണ്ണ് ഇട്ടാൽ സത്യായിട്ടും ഞാൻ ആ കണ്ണ് കുത്തി പൊട്ടിയ്ക്കും….. ” ചുണ്ടും കണ്ണും കൂർപ്പിച്ചു അവൾ പറയുന്നത് കേട്ട് മഹേഷ്‌ ഒരു നിമിഷം നിന്നു….

“നീ കുറേ നാളായല്ലോ അച്ചായൻ.. ഇച്ചായൻ എന്നൊക്കെ വിളിക്കുന്നു…. ആരാടീ നിന്റെ ഇച്ചായൻ… “

“ഇത്രയും നാളായിട്ട് അറിയില്ല ആരാണ് എന്റെ ഇച്ചായൻ എന്ന്… “

മഹേഷിന്റെ മുഖത്തു ദേഷ്യം വരുന്നത് കണ്ടപ്പോൾ അപകടം മണത്ത ആൻ മേരി പൊടുന്നനെ ഒന്ന് കുനിഞ്ഞു വണ്ടിയിൽ കുത്തിയ മഹേഷിന്റെ കയ്യിനടിയിൽ കൂടി ഊളിയിട്ട് പോന്നു..

“അതേയ് രാത്രി വിളിയ്ക്കും.. ഫോൺ കട്ട് ചെയ്യരുത്.. നമുക്ക് നമ്മുടെ ഫ്യൂച്ചറിനെ കുറിച്ച് ഡിസ്കസ് ചെയ്യേണ്ടേ…. “തിരിഞ്ഞു നടക്കുന്നതിനിടയിൽ ആൻ മേരി ഒന്ന് തിരിഞ്ഞു നോക്കി പറയുമ്പോഴേയ്ക്കും വണ്ടി നീങ്ങിയിരുന്നു…

“ഇങ്ങനെ ഒരു വികാരവും ഇല്ലാത്ത കാട്ടുമാക്കാൻ…. “തലയുടെ നിറുകിൽ കൈപ്പത്തി ഒന്ന് വച്ചു അവൾ പറഞ്ഞു…

അവനെ നോക്കി നിൽക്കേ ഒരു കാൾ വന്നു…

“ആ പറയെടാ സച്ചു … “ഫോൺ ചെവിയോട് ചേർത്ത് ആൻ പറഞ്ഞു..

“ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് വാ… ഇവിടെ ഒരുത്തൻ ട്രെയിനിൽ നിന്നും വീണു മരിച്ചു, പ്രമുഖനാണ് “

അപ്പുറത്തെ കാൾ കട്ടായതും ചാനലിന്റെ വാഹനത്തിൽ അങ്ങോട്ട് കുതിച്ചു….

റെയിൽവേ സ്റ്റേഷനു മുൻപിൽ മാധ്യമ പ്രവർത്തകരുടെ ഒരു വൻ പട തന്നെ അണിനിരന്നിട്ടുണ്ട്….

സ്റ്റേഷനകത്തേയ്ക്ക് പോലീസ് ആരെയും കടത്തി വിടുന്നില്ല….

ന്യൂസ്‌ സ്റ്റേഷന്റെ പുറത്ത് നിന്ന് കവർ ചെയ്യാമെന്നല്ലാതെ വേറെ വിഷ്വൽസ് ഒന്നും കിട്ടാനില്ല….

മരിച്ചിരിയ്ക്കുന്നത് രാഷ്ട്രീയ രംഗത്തെ പ്രമുഖൻ എം. എൽ. എ വിശ്വനാഥിന്റെ മകൻ വേദ് കൃഷ്ണ….

“പറയൂ ആൻ മേരി.. എന്താണ് യഥാർത്ഥത്തിൽ ഉണ്ടായത്….. ആരാണ് മരണപ്പെട്ടത്… ആൻ മേരി കേൾക്കാമോ… “ചാനലിൽ നിന്നുള്ള ലൈവ് കാൾ ആൻസർ ചെയ്യാൻ വേണ്ടി ആൻ മേരി ബ്ലൂ ടൂത് ഹെഡ് സെറ്റ് ചെവിയിൽ തിരുകി..

“കേൾക്കാം ആനി… ഏകദേശം നാല് കാലോടെയാണ് നഗരത്തെ നടുക്കിയ അപകടം നടന്നത്…. ആലുവ റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ് ഫോമിൽ നിന്നും 4.15 ന് പുറപ്പെട്ട കേരള എക്സ്പ്രെസ്സിൽ നിന്നും പുറത്തേയ്ക്ക് തെറിച്ചു വീണ നിലയിൽ ആയിരുന്നു മരണപ്പെട്ട യുവാവ്… പ്രമുഖ രാഷ്ട്രീയ നേതാവും എം. എൽ. എ യുമായ ശ്രീ വിശ്വനാഥ്‌ പണിക്കറിന്റെ ഏക മകനാണ് മരണപ്പെട്ട വേദ് കൃഷ്ണ…. വിവരം അറിഞ്ഞു അദ്ദേഹം തിരുവനന്തപുരത്തു നിന്നും തിരിച്ചിട്ടുണ്ട്…. “

“എന്താണ് മരണകാരണം എന്ന് വ്യക്തമാണോ…. “

“ആനി… മരണക്കാരണം എന്താണെന്നതിനെ കുറിച്ച് ഇപ്പോഴും ശക്തമായ അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്…പോലീസിന്റെ ഭാഗത്തു നിന്നും ഇത് വരെയും വ്യക്തമായ ഒരു വിശദീകരണം ലഭിച്ചിട്ടില്ല… എങ്കിലും വായിൽ നിന്ന് നുരയും പതയും വന്നു കണ്ണുകൾ പുറത്തേയ്ക്ക് ഉന്തിയ രീതിയിൽ ആയിരുന്നു കണ്ടെത്തിയത് എന്നത് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിയ്ക്കുന്നുണ്ട്….അല്പ സമയത്തിനകം അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മീഷണർ സ്ഥലത്തു എത്തുമെന്നാണ് ഇൻഫർമേഷൻ ലഭിച്ചത്… “

“ആരാണ് സംഭവം ആദ്യം കണ്ടത് എന്നതിനെ കുറിച്ച് വ്യക്തത ഉണ്ടോ … “

“അപകടം നടന്ന കേരള എക്സ്പ്രസ്സ്‌ പോയി കഴിഞ്ഞു വരുന്ന ആലപ്പി -കണ്ണൂർ എക്സ്പ്രസ്സ്‌ കാത്തു മൂന്നാമത്തെ പ്ലാറ്റ് ഫോമിൽ നിന്നിരുന്ന യാത്രക്കാർ ആയിരുന്നു സംഭവം ആദ്യം കണ്ടത്….. പ്ലാറ്റ് ഫോമിന്റെ എതിർ ദിശയിലേക്ക് യുവാവ് വീണതിനാൽ ട്രെയിൻ പൂർണ്ണമായും പോയി കഴിഞ്ഞതിന് ശേഷമാണ് യുവാവ് ട്രാക്കിൽ വീണ് കിടക്കുന്നത് കണ്ടത്… “

“നന്ദി ആൻ മേരി…. “

ആൻ മേരി കുറച്ചു സമയം അവിടെ തട്ടി മുട്ടി നിന്നെങ്കിലും പ്രത്യേകിച്ച് വാർത്ത കോളൊന്നും കാണാതായതോടെ മാധ്യമ പ്രവർത്തകർ മടങ്ങാൻ തുടങ്ങിയിരുന്നു…

എന്തോ പോകാൻ തോന്നിയില്ല…

ഇനി എങ്ങാനും മഹേഷിന്റെ പ്രതികരണം കൂടി കാണാൻ പറ്റിയാലോ… എങ്ങാനും ബിരിയാണി കിട്ടിയാൽ കുശലായില്ലേ…

തട്ടി മുട്ടി അവിടെ തന്നെ നിന്നു…

ആലുവയിൽ നിന്നും പുറപ്പെട്ട ട്രെയിൻ അങ്കമാലിയിൽ പിടിച്ചു ഇട്ട് പോലീസ് പരിശോധന നടത്തുന്നുണ്ടെന്ന് ഇൻഫർമേഷൻ കിട്ടി…

കേരള എക്സ്പ്രസ്സ്‌ അങ്കമാലിയിൽ നിന്നും നീങ്ങാതെ ഇനി വടക്കോട്ട് ഒരു ട്രെയിനും പോകില്ല….ട്രെയിൻ ഇനി എപ്പോൾ എടുക്കാനാണ് എന്നൊക്കെ പതം പറഞ്ഞു ട്രെയിൻ കാത്തു നിന്നവർ നേരെ എതിർ വശത്തുള്ള കെ. എസ്. ആർ. ടി. സി സ്റ്റാൻഡിലേയ്ക്ക് ഓടുന്നുണ്ട്…

ആരൊക്കെയോ ചെക്കൻ കഞ്ചാവാണെന്നു അടക്കം പറയുന്നത് ആൻ മേരി കേട്ടു…

പറഞ്ഞിട്ടു കാര്യം ഇല്ല…ന്യൂ ജെൻ അല്ല്യോ… ചിലപ്പോൾ ആയിരിയ്ക്കാം… പോരാത്തതിന് കയ്യിൽ പൂത്ത കാശുള്ള എം. എൽ. എ യുടെ സീമന്ത പുത്രൻ…

പണ്ടെന്നോ ഇടപ്പള്ളി സിഗ്നൽ തെറ്റിച്ചു റാഷ് ഡ്രൈവ് ചെയ്ത ഇവന്റെ അതിക്രമം പകർത്തിയ സച്ചുവിനെ ചാനലിൽ വന്നു ചീത്ത വിളിച്ചു അതിന്റെ ഫൂട്ടേജസ്‌ ബലമായി ഡിലീറ്റ് ചെയ്യിപ്പിച്ചിട്ടുണ്ട്…

വെറുതെ നിൽക്കാതെ അവിടെ കൂടി നിന്നിരുന്നവരുടെ കുറച്ചു ഫൂട്ടേജസും ബൈറ്റ്സും എടുത്തു…

ടി. വി ചാനലിൽ മുഖം കാണിയ്ക്കാനുള്ള അവസരം ആരും തള്ളി കളയില്ലല്ലോ…

“”ട്രാക്കിൽ കിടന്നു അപസ്‌മാരം പിടിച്ചത് പോലെ പിടയുന്നതാണ് ആദ്യം കണ്ടത്… “”

“”പേശികൾ വലിഞ്ഞു മുറുകിയ നിലയിൽ ശ്വാസം കിട്ടാതെ പിടയ്ക്കുന്ന രീതിയിൽ ആണ് ഇവിടെ നിന്നും ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയത്… വഴി മദ്ധ്യേ തന്നെ മരണം സംഭവിച്ചിരുന്നു.. “””

ഓരോരുത്തരും വാചാലരാവാൻ തുടങ്ങി…

പോലീസ് വാഹനത്തിൽ നിന്നും പ്രതീക്ഷിച്ച ആളെ കാണാതായതോടെ അത് വരെ ഉള്ള ഫ്ലോ ഒക്കെ അങ്ങോട്ട്‌ പോയി…

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

“മഹേഷ്‌… മുകളിൽ നിന്നും നല്ല പ്രഷർ ഉണ്ട്.. അതാണ് ഐ. പി. എസ് റാങ്കിൽ ഉള്ള തന്നെ തന്നെ ഈ കേസ് ഏൽപ്പിയ്ക്കുന്നത്… വിശ്വൻ എന്നത് ചില്ലറക്കാരൻ അല്ല…അയാളുടെ ഏക മകൻ ആണ് മരിച്ച വേദ്… സൊ കേസ് പെട്ടെന്ന് അന്വേഷിച്ചു ക്ലോസ് ചെയ്യണം… “

മേലുദ്യോഗസ്ഥൻ സഞ്ജയ്‌ മഹാദേവന്റെ മുൻപിൽ ഇരിയ്ക്കുകയായിരുന്നു മഹേഷ്‌…

“അറിയാം സർ… ഉന്നതങ്ങളിൽ ഇരിയ്ക്കുന്നവർക്ക് നീതി പെട്ടെന്ന് വേണമല്ലോ.. I can understand… “മഹേഷിന്റെ മറുപടിയിൽ പുച്ഛം കലർന്നിരുന്നു…

“ഹേയ്.. ചൂടാവാതെടോ.. നമ്മൾക്ക് ഇങ്ങനെ ഒക്കെ അല്ലേ ജീവിച്ചു പോകാൻ പറ്റൂ… ആരെയും പിണക്കി ശത്രുക്കളാക്കി മുൻപോട്ടു പോകുന്നതിലും നല്ലത് ഈ കാക്കി അങ്ങോട്ട്‌ ഊരുന്നതാ…”

“അത് ആലോചിയ്ക്കാവുന്നതാണ്…. “മഹേഷ്‌ ചിരിയ്ക്കുന്നത് കണ്ടു മുൻപിൽ ഇരിയ്ക്കുന്ന ആളുടെ മുഖം ചുളിഞ്ഞു..

“എന്റെ അനിയന്റെ സ്ഥാനത്തു കാണുന്നതിന് എന്റെ തലയിൽ കിടന്നു നിരങ്ങോ നീ… അമ്മ ഉണ്ടോ ഇവിടെ… “അയാൾ ഒരു പുഞ്ചിരിയോടെ ചോദിച്ചു..

“ഇല്ലാ.. നാട്ടിൽ പോയി… “

“അപ്പോൾ ഏകാന്ത വാസം.. കൂട്ടിന് ഞാൻ പറഞ്ഞ ആളെ ഒന്ന് ആലോചിയ്ക്കുന്നോ… എന്റെ കസിൻ.. ഡോക്ടർ…നല്ല ഒന്നാന്തരം തറവാട്ടുക്കാർ.. “

“എന്റെ പൊന്നു സാറേ ഞാൻ ഇങ്ങനെ സമാധാനം ആയി ജീവിയ്ക്കുന്നത് നിങ്ങൾക്കൊന്നും കാണാൻ വയ്യല്ലേ… “മഹേഷ്‌ ടേബിളിൽ നിന്നും ഫയൽ എടുത്തു നടക്കാനാഞ്ഞു…

“ഏതോ ഒരു അച്ചായത്തി കൊച്ചു തന്റെ ഉറക്കം കളയുന്നുണ്ടെന്ന് ഒരു അടക്കം പറച്ചിൽ ഉണ്ട് ക്ലബ്ബിൽ… ഉള്ളതാണോടോ… “സഞ്ജയ്‌ പറയുന്നത് കേട്ട് മഹേഷൊന്നു പുഞ്ചിരിച്ചു…

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഹോസ്പിറ്റലിൽ നിന്നും ഡീറ്റെയിൽഡ് പോസ്റ്റ് മാർട്ടം റിപ്പോർട്ട്‌ ഇത് വരെയും കിട്ടിയിട്ടില്ല…

ശരീരത്തിൽ ഏതോ കെമിക്കലിന്റെ സാന്നിധ്യം പ്രാഥമിക പരിശോധനയിൽ ഉറപ്പിച്ചിട്ടുണ്ട്…

അതിന്റെ സാമ്പിൾ പൂനെയിലെ ലാബിലേയ്ക്ക് അയയ്ക്കുന്നതിനുള്ള നടപടി പുരോഗമിയ്ക്കുന്നുണ്ട്…

അമിത അളവിലോ കാലപ്പഴക്കം ചെന്നതോ ആയ ഹെറോയിനോ കൊക്കൈനോ ഉപയോഗിച്ചത് ആകാമെന്ന പോലീസിന്റെ പ്രാഥമിക നിഗമനത്തെ അട്ടിമറിച്ചാണ് ഇപ്പോൾ രാസവസ്തുവിന്റെ പ്രെസൻസ്…

മഹേഷ്‌ ഫ്ലാറ്റിൽ എത്തിയപ്പാടെ കുളിച്ചു ഫയലിൽ മുഖം പൂഴ്ത്തി ഇരിയ്ക്കാൻ തുടങ്ങിയതാണ്…

വേദിനെ സംബന്ധിയ്ക്കുന്ന കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു കൊണ്ടിരിക്കുന്നു…

വിശപ്പിന്റെ വിളി ഉണ്ട്…ഉണ്ടാക്കി കഴിയ്ക്കാൻ ഉള്ള ക്ഷമയില്ല… ഓർഡർ ചെയ്താൽ എത്താൻ ഒരു നേരം ആകും….

സോഫയിൽ കിടന്ന ഫോൺ റിങ് ചെയ്യാൻ തുടങ്ങി…

ആൻ…

“ഓഹ്.. ശല്യം.. “

സ്ക്രീനിലെ പേര് കണ്ടപ്പോഴേ പിറുപിറുത്തു കൊണ്ട് സൈലന്റ് ആക്കി..

വീണ്ടും റിങ് ചെയ്തു…

ശല്യം സഹിയ്ക്കാൻ കഴിയാതെ ഫോൺ എടുത്തു…

“എന്താ… “മഹേഷ്‌ അസഹ്യതയോടെ ചോദിച്ചു…

“രാത്രി ഞാൻ വിളിക്കാം എന്ന് പറഞ്ഞത് മറന്നോ… “ആൻ അപ്പുറത്തു നിന്നും ഒന്ന് കുറുകി..

“രാത്രി വിളിയ്ക്കാൻ നീയാര്.. എന്റെ ഭാര്യയോ… “

“ശോ !! കൊച്ചു കള്ളൻ.. ഞാൻ അത്രയ്ക്കൊന്നും കടന്നു ചിന്തിച്ചില്ല കേട്ടോ… “

“ദേ അന്നമ്മേ.. അല്ലെങ്കിൽ തന്നെ മനുഷ്യൻ വട്ട് പിടിച്ചു ഇരിയ്ക്കാണ്… അതിന്റെ കൂടെ ഇനി നിന്റെ വക കൂടി ആയാൽ ഇനി കാണുമ്പോൾ നിന്റെ പല്ലടിച്ചു കൊഴിയ്ക്കും. “
പറഞ്ഞു കഴിഞ്ഞാണ് അബദ്ധം പിണഞ്ഞത് മഹേഷിനു കത്തിയത്…

“ഇച്ചായൻ എന്നതാ വിളിച്ചേ.. അന്നമ്മാന്നോ.. ഇച്ചായന്റെ അന്നമ്മ കൊച്ച്.. ഹോ… പൊളിച്ചൂട്ടാ..”

“ഞാൻ വിളിച്ചൊന്നും ഇല്ലാ.. ഫോൺ വച്ചിട്ട് പോടീ.. “

“എന്തായാലും ഇത്രയും ശല്യം ചെയ്തിട്ടും എന്റെ നമ്പർ ബ്ലോക്ക് ഓഫീസിൽ വിടാത്തതിന് നന്ദി… “

“നിന്റെ ആ പരാതി ഞാൻ മാറ്റിക്കോളാം.. ഇപ്പോൾ തന്നെ ബ്ലോക്ക് ചെയ്യാൻ പോവാണ്…”മഹേഷിന്റെ പല്ലിറുമ്മൽ കേട്ട് അപ്പുറത്ത് ശ്വാസം ഒന്ന് വിലങ്ങി..

“യ്യോ.. ചതിക്കല്ലേ.. പോലീസ് ഇപ്പോൾ വേദിന്റെ കേസിന്റെ പിന്നാലെ ആണെന്ന് അറിയാം.. അതിൽ ഒരു ഇമ്പോര്ടന്റ്റ്‌ ലിങ്ക് തരാം എന്ന് വച്ചു വിളിച്ചതാ… നമ്മുടെ സഹായം ഒന്നും ആവശ്യം ഇല്ലാത്ത സ്ഥിതിക്ക് ഞാൻ പോവാണ്… “

“വയ്ക്കല്ലേ… എന്ത് ലിങ്ക്… “മഹേഷിന്റെ ശബ്ദം ആർദ്രമാവുന്നത് കേട്ട് അപ്പുറത്ത് നിന്നും ഒരു പുഞ്ചിരി വിടർന്നു..

“ഇതങ്ങനെ ഫോണിൽ പറയാൻ പറ്റില്ല… “

“എങ്കിൽ നാളെ ഓഫീസിൽ വരൂ… അല്ലെങ്കിൽ ഞാൻ ചാനലിലേയ്ക്ക് വരാം… “

“ഒന്നും വേണ്ട ഒരു പത്തു മിനിറ്റ്.. “അതും പറഞ്ഞതും അപ്പുറത്തെ കാൾ കട്ടായതും ഒന്നിച്ചായിരുന്നു…

ഇതെന്തു സാധനം എന്ന് ചിന്തിച്ചു തല പുകയ്ക്കുന്നതിന് മുൻപേ കാളിംഗ് ബെൽ ശബ്‌ദിച്ചു…

വാതിൽ തുറന്നപ്പോൾ മുൻപിൽ ആൻ മേരി…

കയ്യിലൊരു കാസറോൾ ഉണ്ട്…

“അങ്ങോട്ട്‌ മാറി നിൽക്കു ഇച്ചായ…ഒന്നും കഴിച്ചു കാണില്ലെന്ന് അറിയാം… “അവനെയും തള്ളി മാറ്റി ഡൈനിങ്ങ് ടേബിളിൽ കാസറോൾ കൊണ്ട് വയ്ക്കുന്ന ആൻ മേരിയെ നോക്കി അന്തം വിട്ടു നിന്നു മഹേഷ്‌…

“വാ.. വന്നു കഴിയ്ക്ക്.. വിശന്നാൽ നിങ്ങൾ നിങ്ങളല്ലാതാവും… “ആൻ മേരി പറയുന്നത് കേട്ടപ്പോൾ കൂടുതൽ ജാഡ ഇറക്കാൻ നിന്നില്ല… വിശപ്പിന്റെ വിളി അത്രത്തോളം ഉണ്ടായിരുന്നു…

നല്ല ചൂട് ചിരട്ട പുട്ടും കുരുമുളക് ഇട്ട നാടൻ ചിക്കൻ കറിയും…

മഹേഷ്‌ കഴിയ്ക്കുന്നത് നോക്കി ഒരു കൈ തടിയിലൂന്നി അവനെയും നോക്കി ഇരുന്നു..

“നീയെങ്ങനെ ഇത്രയും പെട്ടെന്ന് ഇവിടെ എത്തി… “

മഹേഷിന്റെ ചോദ്യം കേട്ട് ആൻ പൊട്ടിച്ചിരിച്ചു…

“ഇത് വരെ ലിഫ്റ്റിൽ എന്നെ കണ്ടിട്ടില്ലേ മനുഷ്യാ… “

മഹേഷ്‌ ഇല്ലെന്ന് ചുമൽ കൂച്ചി…

“നിങ്ങളുടെ നേരെ മുകളിലെ നിലയിൽ ഉള്ള ഫ്ലാറ്റിൽ ഉണ്ട് ഞാൻ… “

“നീയെന്താ ഒരു ലിങ്കിന്റെ കാര്യം പറഞ്ഞത്…”മഹേഷ്‌ വിഷയം മാറ്റാനെന്ന പോലെ ചോദിച്ചു…

“പ്രൈമറി ഒബ്‌സർവേഷൻ എന്താണ് പോലീസിന്റെ… “ആൻ കൂർമ്മതയോടെ ചോദിച്ചു..

“അതൊക്കെ കോൺഫിഡൻഷ്യൽ ആണ്… “

“ആഹ്.. വിട് ഇച്ചായോ.. മരിച്ച വേദിന്റെ ശരീരത്തിൽ കണ്ടെത്തിയിരിയ്ക്കുന്ന അജ്ഞാത രാസവസ്തു…. അതിന്റെ പിന്നാലെ അല്ലേ ഇച്ചായൻ… “

ആൻ മേരിയുടെ ഒബ്‌സർവേഷൻ കണ്ടു മഹേഷ്‌ അവളെ അന്തം വിട്ടു നോക്കി…

“I think it’s a nerve agent… “

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ….