ദേഷ്യത്തോടെ കിരൺ ഗ്ലാസ്സ് ഡോർ തുറന്നു പോകുന്നത് നോക്കി തനിഷ്‌ക ഒരു നിമിഷം നിന്നു. അവന്റെ ആ ഭാവം അവളെ വേദനപ്പെടുത്തി. ഫോൺ വീണ്ടും റിങ് ചെയ്തപ്പോൾ അവൾ അതു അറ്റെന്റ ചെയ്തു. മറു തലക്കൽ ആരാധ്യയുടെ നനുത്ത ശബ്‌ദം.
“തനൂ… “
” കറക്റ്റ് ടൈമിങ്ങ് ആണല്ലോ മുത്തേ… പറ സുഖമാണോ നിനക്ക്.”
“മ്മ് സുഖം. പുതിയ ജോലിയും ആളുകളും ആയപ്പോൾ നീ എന്നെ മറന്നോ?”
“നിന്നെ മറക്കാനോ ആധ്യാ, എന്താടി സെന്റി അടിക്കാൻ വിളിച്ചതാണോ.. എന്തു പറയുന്നു നിന്റെ അർണവേട്ടൻ? “
” അത് അവിടെ നിക്കട്ടെ. എന്തായി നീ ആരെയോ വളക്കാനോ വീഴ്ത്താനോ പോയിട്ട് വല്ലതും നടന്നോ?”
” ഒന്നും പറയാറായിട്ടില്ല മോളെ… ചെറിയ മുതലൊന്നും അല്ല. എന്നെ കൊല്ലാതെ വിട്ടാൽ ഭാഗ്യം”
” നിളയുടെ ബ്രദർ ആണെന്നല്ലേ പറഞ്ഞത്. അവൾ പറഞ്ഞത് വച്ച് നോക്കിയാൽ ആളൊരു സ്വീറ്റ് ഹാർട്ട് ആണല്ലോ.. “
” അത് പെങ്ങളുടെ അടുത്ത് മാത്രം. ബാക്കി ഉള്ളവർക്ക് ഒക്കെ അതൊരു കാട്ടുമക്കാൻ ആണ്”
” അപ്പൊ നീ കുറച്ചു വാങ്ങി കൂട്ടുമല്ലോ…”
” പറയാൻ പറ്റില്ല മോളെ… എന്തായാലും മുന്നോട്ട് വച്ച കാൽ പിന്നോട്ടില്ല. അങ്ങേരെ ഞാൻ വളച്ചൊടിച്ചു കുപ്പിയിൽ ആക്കിയിട്ടേ ഇവിടെനൊരു പടിയിറക്കം ഉള്ളൂ.”
“എനിക്കൂടി പരിചയപ്പെടുത്തി താന്നേ നിന്റെ കാട്ടുമാക്കാനേ.. “
“മ്മ് പരിചയപ്പെടുത്തി തരുന്നുണ്ട് വരട്ടെ സമയം ആവട്ടെ ആദ്യം അങ്ങേരെ ഒന്നു ശരിയാക്കി എടുക്കട്ടെ എന്നിട്ട് ആകാം.”
“മ്മ്… നടക്കട്ടെ നടക്കട്ടെ…”
” ഞാൻ വിളിക്കാം നിന്നെ ഇപ്പൊ കുറച്ചു വർക്ക് ഉണ്ട്. “
” ശരിടാ..”
അതേ സമയം ഓഫീസിന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് കിരൺ. ഇടയ്ക്കു ഒരു പ്രാവശ്യം ഫോൺ റിങ് ചെയ്‌തെങ്കിലും അവൻ അതു മൈൻഡ് ചെയ്യാതെ അടുത്തുള്ള സോഫയിൽ ഇരുന്നു. കണ്ണുകൾ അടക്കുമ്പോൾ മുന്നിൽ കാണുന്നത് എന്നും പുഞ്ചിരിയോടെ താൻ കാണാറുള്ള ആധ്യാ അല്ല മറിച്ചു ചോര ഒലിച്ചിറങ്ങി ബോധം ഇല്ലാതെ അർണവിന്റെ മടിയിൽ കിടക്കുന്ന ആധ്യാ അറിയുന്നു. അതിനു ശേഷം കിരൺ അവളെ കണ്ടിട്ടില്ല. അവന്റെ മനസ്സിൽ ഇപ്പോഴും അവളോട് തോന്നുന്ന വികാരം എന്തെന്നു അറിയാതെ അവൻ ചടഞ്ഞിരുന്നു.
വീണ്ടും ഫോൺ റിങ് ചെയ്തപ്പോൾ അവൻ എടുത്തു നോക്കി.
“നിള മോൾ “
അവൻ കൈ കൊണ്ടു മുഖം ഒന്നു തുടച്ചു വേഗം ഫോൺ എടുത്തു. “എവിടെയാ എത്ര നേരം ആയി വിളിക്കുന്നു ചേട്ടാ..”
” സോറി മോളെ എന്തു പറ്റി.” ” ഏട്ടൻ ഫ്രീ ആണോ ഒന്നു ചുമ്മാ കറങ്ങാൻ പോകാനാണ്. “
“ഇന്നു വേണോ സൺഡേ പോരെടാ.. ” “പറ്റിക്കരുത് ” “ഇല്ല ഉറപ്പ് സൺഡേ കൊണ്ടു പോകാം.. “
“താങ്ക്യൂ സൊ മച് ഏട്ടാ അപ്പോ ശരി ഏട്ടന്റെ പണി നടക്കട്ടെ.”
ഫോൺ വച്ചു ഫോണിന്റെ വോൾപേപ്പറിൽ ഉള്ള നിളയുടെ പിക് നോക്കി ഒരു പുഞ്ചിരിയോടെ കിരൺ ഉള്ളിലേക്കു നടന്നു.
***********************
രാവിലെ തന്നെ തറവാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിൽ ആണു ആരാധ്യ. അർണവിനെ മുറിയിൽ കാണാതായപ്പോൾ അവനെ അന്വേഷിച്ചു താഴെക്കു ചെന്നപ്പോൾ കണ്ടു അർണവും പ്രദീപും കൂടി ലാപ്പിൽ നോക്കി കാര്യാമായി എന്തോ പണിയിൽ ആണു. അവരെ ഡിസ്റ്റർബ് ചെയ്യാതെ ആരാധ്യ അടുക്കളയിലേക്കു ചെന്നു. രാവിലെ ഉണ്ടാക്കിയ കിണ്ണത്തപ്പം പൊതിഞ്ഞു എടുക്കുകയാണ് സന്ധ്യ.
” എന്താ മോളെ ഒരുങ്ങുന്നില്ലേ…” കുളിച്ചു ഈറൻ മുടിയോടെ നിൽക്കുന്ന ആരധ്യയെ നോക്കി സന്ധ്യ ചോദിച്ചു.
“അത് അമ്മേ അർണവേട്ടൻ എന്തോ പണിയിൽ ആണെന്നു തോനുന്നു. “
“അതു ഇപ്പോ കഴിയും വേഗം ഇറങ്ങണം എന്നു പറഞ്ഞിരുന്നു എന്നോട്.. ദേനാ ഈ അപ്പം മുത്തശ്ശിക്കു കൊടുത്തോള്ളൂ. മുത്തശ്ശിക്കും കുട്ടികൾക്കും ഏറ്റവും ഇഷ്ടമുള്ളതാണ്.”
പൊതിഞ്ഞെടുത്ത അപ്പം കവറിൽ ആക്കി മേശയുടെ മുകളിൽ വച്ചു കൊണ്ട് സന്ധ്യ പറഞ്ഞു.
“മോളുവാ പോകുമ്പോൾ സാരി മതി അമ്മ എടുത്തു തരാം.. ” സന്ധ്യ അവളെ കൂട്ടി മുറിയിലേക്ക് നടന്നു.
മാമ്പഴ മഞ്ഞയിൽ പച്ചക്കരയോടെ സ്റ്റോൺ വർക്ക് ചെയ്ത സാരി നല്ല ഭംഗിയിൽ ഞൊറിഞ്ഞു ആരാധ്യയെ ഉടുപ്പിച്ചു. നീണ്ട വിടർന്ന മുടി രണ്ടു സൈഡിൽ നിന്നും ഒതുക്കി എടുത്ത് ചെറിയ ക്ലിപ്പ് ഇട്ടു.
“മുടി ഇങ്ങനെ അഴിച്ചിടണ്ടാ എല്ലാം കൂടെ കെട്ടുപിടിഞ്ഞു പൊട്ടി പോകും.”
മുടിയുടെ താഴെ എല്ലാം കൂടി വകഞ്ഞെടുത്ത് ഒരു വലിയ ക്ലിപ്പ് ഇട്ടു സന്ധ്യ.
ഒരുക്കി കഴിഞ്ഞു അവളെ മാറ്റി നിറുത്തി നോക്കി ഒന്നൂടെ സംതൃപ്തി വരുത്തി അവർ. അവളുടെ നെറ്റിയിലെ കറുത്ത കുഞ്ഞു പൊട്ടും സിന്ദൂരവും അവളുടെ ഭംഗി ഒന്നൂടെ കൂട്ടി.
” അമ്മയ്ക്കും അച്ഛനും കൂടെ വരാമായിരുന്നു.” സാരി തല ഒന്നൂടെ ഒതുക്കി വച്ചു കൊണ്ട് ആരാധ്യ പറഞ്ഞു.
“എന്തായാലും മുത്തശ്ശി ഇന്നു വിടില്ല നിങ്ങളെ. നാളെ എന്തോ മീറ്റിങ്ങ് ഉണ്ട് ഓഫീസിൽ അത് അച്ഛൻ അറ്റന്റ് ചെയ്യാനുള്ള കാര്യങ്ങളാണ് അവൻ പറഞ്ഞു കൊടുക്കുന്നത്. അപ്പൊ എങ്ങനെയാ ഞങ്ങളും കൂടെ വരുക. ഇപ്പൊ നിങ്ങൾ പോയിട്ട് വായോ എല്ലാവരും ഒന്നിച്ചു പിന്നീട് ഒരിക്കൽ പോകാം.”
ആരാധ്യ അവരെ കെട്ടി പിടിച്ചു. അവർ അവളെ സ്നേഹത്തോടെ തലോടി.
” അവൻ വരുമ്പോൾ ഡ്രസ്സ് എടുത്തു കൊടുക്ക് ഞാൻ താഴെയ്ക്കു ചെല്ലട്ടെ.” സന്ധ്യ അതും പറഞ്ഞ് താഴേക്ക് ഇറങ്ങി.
ആരാധ്യ കബോർഡ് തുറന്നു അർണവിനുള്ള ഡ്രസ്സ് തിരയുകയായിരുന്നു. അർണവ് അവളെ പിന്നിലൂടെ ചേർത്ത് പിടിച്ചത്. ഞെട്ടി തിരിയാൻ തുടങ്ങിയ ആരാധ്യയെ കൈകൾ കൊണ്ടു ചുറ്റി പിടിച്ചു. അവളുടെ മുടിയിഴകളിലേക്ക് മുഖം പൂഴ്ത്തി. പെട്ടെന്നുള്ള അവന്റെ പ്രവൃത്തിയിൽ അവൾ ഒന്നു ദീർഘശ്വാസമെടുത്തു. ചുറ്റി പിടിച്ച അവന്റെ കൈതണ്ടയിൽ അമർത്തിനുള്ളി.
“ശ്…. പെണ്ണ് നശിപ്പിച്ചു. ” അവൻ വേഗം പിടി വിട്ടു കൊണ്ടു പറഞ്ഞു.
“അങ്ങനെ ഇപ്പൊ കിന്നരിക്കാൻ നിക്കണ്ട വേഗം റെഡിയാവാൻ നോക്ക് മുത്തശ്ശി കാത്തിരിക്കുന്നുണ്ടാകും.”
“അല്ല മോളെ ഇന്നെന്താ പതിവില്ലാതെ സാരി. സംഭവം കലക്കിട്ടുണ്ട്. ” അവൻ അവളുടെ അടുത്തേക്ക് ഒന്നൂടെ ചേർന്നു നിന്നു കൊണ്ടു പറഞ്ഞു.
ആരാധ്യ അവനെ ഉന്തി മാറ്റി നീങ്ങി നിന്നു.
“അയ്യടാ ആ വരവ് പന്തിയല്ലെന്ന് എനിക്ക് അറിയാം. പോയി റെഡിയാവാൻ നോക്ക് ചെക്കാ..”
” എന്താന്ന് നോക്ക് മിണ്ടിയാൽ കണ്ണു നിറയുന്ന പെണ്ണായിരുന്നു. ഇപ്പൊ സാമർത്ഥ്യം കൂടി.. “
അവൻ അവളെ മാറ്റി നിറുത്തി കബോഡിൽ നിന്ന് ഗ്രീൻ കളർ ഷർട്ട് എടുത്തു. തിരിച്ചു മറുപടി
ഒന്നും കേൾക്കാതായപ്പോൾ അവൻ പതിയെ തിരിഞ്ഞു നോക്കി. തല താഴ്ത്തി മിണ്ടാതെ നിൽക്കാണു ആരാധ്യ. സാരി തലപ്പ് കയ്യിൽ എടുത്തു പിടിച്ചിട്ടുണ്ട്. തല കുനിച്ചു നിൽക്കുന്നതിനാൽ കണ്ണുകൾ കാണാൻ പറ്റുന്നില്ല. എന്തായാലും അതു കലങ്ങിയിട്ടുണ്ടാകും എന്ന് അവന് ഉറപ്പായിരുന്നു.
എടുത്ത ഷർട്ട് ബെഡിലേക്ക് ഇട്ട് അവൻ അവളുടെ മുന്നിൽ ചെന്നു നിന്നു. കൈ കൊണ്ട് അവളുടെ മുഖം പിടിച്ചുയർത്തി. ആരാധ്യ കണ്ണുകൾ മുറുകെ അടച്ചു. അർണവ് അവളെ ചേർത്തു പിടിച്ചു. കണ്ണുകളിൽ ചുംബിച്ചു.
“എന്റെ ആധ്യാ നീ ഇങ്ങനെ തൊട്ടാവാടി ആകല്ലേ ഞാൻ ചുമ്മാ പറഞ്ഞതല്ലേ. ടീ പെണ്ണേ ഇങ്ങോട്ട് നോക്കിയേ… “
അവൻ അവളുടെ തോളിലൂടെ കൈ ചുറ്റിപ്പിടിച്ചു അവളുടെ നെറ്റിയിൽ നെറ്റിമുട്ടിച്ചു. ആരാധ്യ മുഖം ഉയരത്തി അവനെ നോക്കി. ചെറിയ നീർത്തിളക്കം അതിൽ തങ്ങി നിന്നു. അവൻ അവളെ നെഞ്ചിൽ പൊതിഞ്ഞു പിടിച്ചു.
“എന്റെ പൊന്നേ നിന്റെ ഓരോ നോട്ടവും എന്നിൽ ആഴ്ന്നിറങ്ങുന്നു. ഈ കണ്ണുകളിൽ എന്നും എന്നോടുള്ള പ്രണയം മാത്രമാണ്എനിക്ക് കാണാൻ കഴിയുന്നത്. നീർകണങ്ങൾ കൊണ്ട് നീ അതിനു മറ സൃഷ്ടിക്കല്ലേ…ഒരു ജന്മം കൊണ്ടൊന്നും പറഞ്ഞു തീരുന്നതല്ലാ നമ്മുടെ പ്രണയം. അതിന്റെ ആഴവും പരപ്പും കടലുപോലെ നീണ്ടു നിവർന്നതാണ്. അതിലെ ഓരോ തിരയും നമ്മുടെ ഓരോ മധുര നിമിഷങ്ങളാണ്.”
ആരാധ്യ അവനെ ഉറുക്കി പുണർന്നു. അവൻ കൈ കൊണ്ട് അവളുടെ പുറത്തു പതിയെ തട്ടി. അവളുടെ മുഖം കൈയിൽ എടുത്ത് നെറ്റിയിൽ ഉമ്മ നൽകി.
” മോള് നല്ല കുട്ടിയായി ഇവിടെ ഇരുന്നേ ചുമ്മാ മനുഷ്യനെ വഴിതെറ്റിക്കാതെ.. ഇനിയും ഇങ്ങനെ നിന്നാല്ലേ ഇന്നത്തെ പോക്ക് നടക്കൂല്ല. അവസാനം മുത്തശ്ശിയുടേന്നു എനിക്ക് കിട്ടും.”
ആരാധ്യ ചിരിച്ചു കൊണ്ടു ബെഡിൽ പോയിരുന്നു. അർണവ് ബെഡിൽ നിന്നും ഷർട്ട് എടുത്തു ഇട്ടു. ഷർട്ടുനു മേച്ച് പച്ച കരയുള്ള മുണ്ടും എടുത്ത് ഉടുത്തു. ആരാധ്യ അവനെ നോക്കിയിരുന്നു. അവൻ വളരെ അപൂർവ്വമായേ മുണ്ട് ഉടുക്കാറുള്ളൂ. മുണ്ടിൽ അവനു പ്രത്യേക ഭംഗി ആണ്. അവളുടെ നോട്ടം കണ്ടു അവൻ മുണ്ടു മടക്കി കുത്തി അവളെ നോക്കി.
” നീ ഇന്നത്തെ പോക്ക് മുടക്കുന്നാ തോന്നുന്നത്. ” ഷർട്ടിന്റെ കൈയ്യും മടക്കി മുന്നോട്ട് വന്ന അവനെ ഉന്തി മാറ്റി ആരാധ്യ പുറത്തേക്ക് ഓടി. ചിരിച്ചു കൊണ്ടു അവനും പുറത്തേക്ക് നടന്നു.
അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു അവർ തറവാട്ടിലേക്ക് പുറപ്പെട്ടു. ആരാധ്യ സാരി ആയ കാരണം അവൻ ബുള്ളറ്റിനു പകരം കാറെടുത്തു.
എല്ലാവരും വരുന്നത് പ്രമാണിച്ച് മുത്തശ്ശിയും മീനയും അടുക്കളയിൽ തിരക്കിട്ട പണിയിലാണ്. ആരാധ്യയ്ക്ക് പ്രിയപ്പെട്ട മാമ്പഴപുളിശ്ശേരിയും അർണവിന്റ ഉള്ളി തീയലെല്ലാം നേരത്തേ തയ്യാറായിരുന്നു. സാമ്പാറിനു താളിയ്ക്കുമ്പോഴാണ് പുറത്തു കാറു വന്നു നിന്ന ശബ്ദം കേട്ടത്. മീന വേഗം പുറത്തേക്ക് ഓടി. സീനയും അഭിരാമും ആരവും ആയിരുന്നു അത്. സാരി തലപ്പിൽ മുഖം ഒപ്പി കൊണ്ട് മീന അവരുടെ അടുത്തേക്ക് ചെന്നു.
” ഞാൻ കരുതി ആധ്യ മോളും മോനും ആകുന്നു.”
“അവർ എത്തിയില്ലേ ഇതുവരെ.. ” സീനയും പടിക്കലേക്ക് നോക്കി പറഞ്ഞു.
അടുക്കളയിൽ എല്ലാം ഒതുക്കി വച്ച് മുത്തശ്ശിയും ഉമ്മറത്തേക്ക് വന്നു. മീന പോയി എല്ലാവർക്കും കുടിക്കാൻ വെള്ളം എടുത്തു. പുറത്തു പോയിരുന്ന പ്രകാശും അപ്പോഴേയ്ക്കും എത്തി. എല്ലാവരും അവരെ പ്രതീക്ഷിച്ച് ഉമ്മറത്തു തന്നെ ഇരുന്നു.
അധികം വൈകാതെ തന്നെ അർണവിന്റെ കാർ പടിപ്പുര കടന്നു വന്നു. മുത്തശ്ശി വേഗം എഴുന്നേറ്റു പുറത്തേക്കിറങ്ങി. ആരുഷ് വേഗം പോയി ആരാധ്യയ്ക്ക് ഡോർ തുറന്നു കൊടുത്തു. എല്ലാവരേയും ഒന്നിച്ചു കണ്ട സന്തോഷമായിരുന്നു അവൾക്ക്. മുത്തശ്ശി ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചു. അർണവ് ഇറങ്ങി ആരവിന്റെ തോളിൽ കൈ ഇട്ട് അകത്തേക്ക് കയറി.
“എന്റെ മോളാകെ വല്ലാണ്ട് ആയല്ലോ എന്തു പറ്റി. ” മുത്തശ്ശി അവളെ തലോടികൊണ്ടു ചോദിച്ചു.
അർണവിന്റെ മുഖം മങ്ങുന്നത് കണ്ട് ആരാധ്യ വിഷയം മാറ്റി. ” അതു യാത്ര ചെയ്തട്ടാ മുത്തശ്ശി. “
” എന്നാ വാ ഇനി കഴിച്ചിട്ടു വിശേഷം പറയാം.”
മീന എല്ലാവരേയും അകത്തേക്ക് വിളിച്ചു. സീനയും മീനയും കൂടി എല്ലാം ടേബിളിൽ എടുത്തു വച്ചു.
പായസം അടക്കം എല്ലാ വിഭവങ്ങളും മേശയിൽ നിരന്നു. എല്ലാം കണ്ട് അർണവ് വായ പൊളിച്ചു.
“കൊള്ളാല്ലോ ചെറിയമ്മേ ഇത് ഒരു പാട് ഉണ്ടല്ലോ.”
അവൻ വേഗം ഒരു ചെയർ നീക്കി ഇട്ടു ഇരുന്നു. മീന ആരാധ്യയെ പിടിച്ചു അവന്റെ അടുത്ത് ഇരുത്തി. എല്ലാം കൂടെ കണ്ടപ്പോൾ അവൾക്കാകെ അസ്വസ്ഥത തോന്നി. മീനയും മുത്തശ്ശിയും കൂടി എല്ലാം വിളമ്പി. മാമ്പഴപുളിശ്ശേരിയിൽ നിന്നു ഒരു മാങ്ങ എടുത്ത് മുത്തശ്ശി ആരാധ്യയുടെ ഇലയിൽ വിളമ്പി. എല്ലാവരും കഴിക്കാൻ തുടങ്ങിയപ്പോൾ ആരാധ്യയ്ക്ക് എന്തോ ബുദ്ധിമുട്ടു തോന്നി. ആദ്യത്തെ ഉരുള വായയിൽ വച്ചപ്പോൾ തന്നെ അവൾ വല്ലായ്മയോടെ ചുറ്റും നോക്കി. അർണവ് ഉള്ളി തീയൽ കൂട്ടി ആസ്വദിച്ചു കഴിക്കുകയാണ്. രണ്ടാമത്തെ ഉരുളവായിൽ വക്കാൻ പോയപ്പോഴേയ്ക്കും ഉള്ളിലൊരു പുഴ ഇളകി മറിയുന്നപ്പോലെ തോന്നി അവൾക്ക്. പെട്ടെന്ന് ഓക്കനം വന്ന് അവൾ എഴുന്നേറ്റ് അടുക്കള ഭാഗത്തേക്ക് ഓടി. എല്ലാവരും അമ്പരന്നു. മീനയും സീനയും അവൾക്ക് പിന്നാലെ ഓടി.ഛർദ്ദിച്ചു കഴിയുന്ന വരെ അവർ അവളുടെ പുറത്തു തടവി കൊണ്ടിരുന്നു. അർണവ് വേഗം എഴുന്നേറ്റു കൈ കഴുകി അങ്ങോട്ട് ചെന്നു. മുത്തശ്ശി നിറഞ്ഞ സന്തോഷത്തോടെ അവളെ ചേർത്തു പിടിച്ചു ഉമ്മ നൽകി.
“മോളുടെ ക്ഷീണം കണ്ടപ്പോഴേ എനിക്ക് തോന്നി…”
എല്ലാവരുടേയും മുഖത്ത് സന്തോഷം കണ്ടപ്പോൾ ആരാധ്യയ്ക്കു സംഭവം കത്തി. അവളുടെ തലനാണത്താൽ കുമ്പിട്ടു. “എന്തിനാ ഇത്ര നാണം.” സീന അവളെ അടുത്ത ചെയറിൽ ഇരുത്തി കൊണ്ടു ചോദിച്ചു.
ഇതെല്ലാം കണ്ട് അന്തം വിട്ടിരിക്കുകയാണ് അർണവ്. അവന്റെ മുഖഭാവം കണ്ട് അഭിരാം അവന്റെ തോളിതട്ടി.
” മനസ്സിലായില്ലേ മോനെ നമ്മുടെ തടവാട്ടിൽ ഒരു കുഞ്ഞുവാവ വരാൻ പോകുന്നു. നീ ഒരച്ഛൻ ആകാൻ പോകുന്നു.” അപ്പോഴും അവന്റെ മുഖത്ത് അമ്പരപ്പ് മാറിയിരുന്നില്ല.
” ഇത് എങ്ങനെ അറിയാം ഡോക്ടറെ കാണിക്കാണ്ട്.. ” അവന്റെ മുഖഭാവം കണ്ടിട്ട് എല്ലാവരും ചിരിച്ചു.
“അതൊക്കെ ഞങ്ങൾ അമ്മമാർക്ക് മനസ്സിലാകും.” മുത്തശ്ശി അവന്റെ പുറത്തു തലോടി കൊണ്ടു പറഞ്ഞു.
അദ്ഭുതത്തോടെയാണ് അവൻ ആരാധ്യയെ നോക്കിയത്. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
അവളുടെ കണ്ണുകളിലും കവിളിലും നാണം തുളുമ്പി നിന്നു. അവന്റെ നോട്ടം താങ്ങാനാവാതെ അവൾ തല കുനിച്ചു.
അർണവ് പെട്ടെന്ന് ചെന്ന് അവളെ രണ്ടു കൈ കൊണ്ടും പൊതിഞ്ഞു പിടിച്ചു. കണ്ണുകൾ അടച്ചു താടി അവളുടെ നെറ്റിയിൽ മുട്ടിച്ചു നിന്നു. അവന്റെ സന്തോഷാശ്രുക്കൾ അവളുടെ നെറ്റി നനച്ചു.
കണ്ടു നിന്ന എല്ലാവരും സന്തോഷത്തോടെ കണ്ണു തുടച്ചു.
തുടരും…