നാലകത്തു തറവാട് കുഞ്ഞി അഥിതി എത്തുന്നതിന്റെ സന്തോഷത്തിൽ ആണ്. വിവരം അറിഞ്ഞപ്പോൾ തന്നെ സന്ധ്യയും പ്രദീപും ഓടി എത്തി. ആരധ്യ കണ്ടപ്പോൾ തന്നെ സന്ധ്യ അവളെ ഉമ്മകൾ കൊണ്ടു മൂടി. ഇതു വരെ ഉണ്ടായിരുന്ന ആഘോഷങ്ങളെക്കാൾ ഒരു പൊടി മധുരം കൂടുതൽ ആയിരുന്നു ഇതിനു. ആരധ്യയെ എല്ലാവരും സ്നേഹം കൊണ്ടു വീർപ്പു മുട്ടിക്കുന്നത് മാറിയിരുന്നു കാണുകയാണ് അർണവ്. അവന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ഫീൽ എന്താണു എന്നു പോലും മനസിലാവാത്ത അവസ്ഥ ആയിരുന്നു അവന്. ആരധ്യയെ നോക്കുംതോറും അവന്റ കണ്ണു നിറഞ്ഞു വന്നു കൊണ്ടിരുന്നു. അർണവ് വേഗം മുറിയിലേക്കു പോയി. കട്ടിലിൽ വന്നു കൈ രണ്ടും ബെഡിൽ കുത്തി ഇരുന്നു. ഒരിക്കൽ പോലും അച്ഛൻ എന്ന വികാരത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. മനസ്സിൽ അലയടിക്കുന സന്തോഷം പ്രകടിപ്പിക്കാൻ ആകാതെ അവൻ നിന്നു. അവന്റെ മാനസികാവസ്ഥ മനസിലാക്കി മുത്തശ്ശി ആരാധ്യയെ റൂമിലേക്ക് വിട്ടു.
ആരധ്യ റൂമിൽ ചെല്ലുമ്പോൾ അർണവ് ബെഡിൽ കണ്ണടച്ചു ഇരിക്കുകയായിരുന്നു. അവന്റെ മനസു മനസിലാക്കി ആരധ്യ അവനെ തന്നോട് ചേർത്തു പിടിച്ചു. അവൻ അവളുടെ വയറിൽ മുഖം പൂഴ്ത്തി. രണ്ടു പേരുടെയും കണ്ണുകൾ സന്തോഷാശ്രുക്കളാൽ നിറഞ്ഞു. കുറച്ചു നേരത്തിനു ശേഷം അവളെ പിടി വിട്ടു തന്റെ അടുത്തേക്ക് ഇരുത്തി അർണവ്. അവളുടെ മുഖം കൈയിൽ എടുത്തു കണ്ണികളിലേക്കു നോക്കി. അവനു ശബ്‌ദം പുറത്തേക്കു വരാൻ വല്ലാത്ത ബുദ്ധിമുട്ടു തോന്നി. ആരധ്യ അവനെ തഴുകി.
“ഒട്ടും പ്രേതിഷിച്ചില്ല അല്ലേ…. “
അവൻ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി.
” ഞാനും “
അവൻ അവളുടെ മുഖം കൈയിൽ എടുത്തു ചുംബങ്ങൾ കൊണ്ടു മൂടി. അവളെ മാറോട് അണച്ചു ഇറുകെ പിടിച്ചു. രണ്ട് പേരിലും പ്രതീഷിക്കാതെ വരാൻ പോകുന്ന അഥിതി നിറച്ച സന്തോഷം ആയിരുന്നു.
അർണവിന്റെ മാറിൽ തല ചായ്ച്ചു ആരധ്യ കണ്ണുകൾ അടച്ചു. അവൻ അവളെ തഴുകി കൊണ്ടിരുന്നു. വൈകുന്നേരം തിരിച്ചു പോകാൻനേരം സന്ധ്യ വന്നു വിളിച്ചപ്പോൾ ആണ് അവർ താഴേക്കു ചെന്നത്.
പ്രദീപും സന്ധ്യയും ഇറങ്ങാൻ നിൽക്കായിരുന്നു. ഒപ്പം അവരോടും റെഡിയാവാൻ പറഞ്ഞു. ഡോക്ടറെ കണ്ടു ഒന്നൂടെ കൺഫോം ചെയ്യാം എന്നു പറഞ്ഞു. മുത്തശ്ശിയുടെ സങ്കടം കണ്ടു അർണവ് ഡോക്ടറെ കണ്ടിട്ടു തിരിച്ചു തറവാട്ടിലേക്ക് തന്നെ വരാം എന്നു പറഞ്ഞു.
സീനയും അഭിരാമും നാളെ പോകുന്നുള്ളൂ എന്നു തീരുമാനിച്ചു. സീനയ്ക്ക് മോളെ രണ്ടു ദിവസം വീട്ടിൽ നിറുത്തണമെന്നു ആഗ്രഹം ഉണ്ടായിരുന്നു. അവർ അത് അർണവിനോട് പറയുകയും ചെയ്തു.
“എനിക്ക് കുഴപ്പം ഒന്നുമില്ല ആധ്യ വേണമെങ്കിൽ രണ്ടു ദിവസം നിന്നോട്ടെ അവിടെ. എനിക്ക് എന്തായാലും ഓഫീസിനു മാറി നിൽക്കാൻ പറ്റില്ല. നാളെത്തെ കാര്യം തന്നെ പപ്പ മാനേജ് ചെയ്യാനുപറഞ്ഞോടാ ” അർണവ് സീനയോട് പറഞ്ഞു കൊണ്ട് ആധ്യയെ നോക്കി. അവൾ സങ്കടത്തോടെ അർണവിനെ നോക്കി.. എന്നെ ഒറ്റക്കാക്കല്ലേ എന്ന യാചന ആ നോട്ടത്തിൽ നിന്നും അവൻ തിരിച്ചറിഞ്ഞു. അമ്മയോട് എങ്ങനെയാ മോളെ വിടാൻ പറ്റില്ല എന്നു പറയുക എന്നോർത്ത് അവനും കുഴഞ്ഞു.
രണ്ടുപേരുടേയും മുഖഭാവം കണ്ടു സന്ധ്യ തന്നെ ഇടപ്പെട്ടു.
“എന്റെ സീനെ അവർ ഒന്നിച്ചു പിന്നെ ഒരു ദിവസം വരും രണ്ടിന്റേയും മുഖം നോക്കിയേ… എത്ര പാതിര ആയാലും അവൻ വന്നിട്ടേ മോളുറങ്ങൂ. അപ്പൊ പിന്നെ രണ്ടും മാറി നിൽക്കുന്നു തോന്നുന്നുണ്ടോ.. നീ ഇനി ഇപ്പൊ അതിനു വേണ്ടി ലീവ് എടുക്കണ്ട. നിനക്ക് ഒഴിവുള്ള ഒരു ദിവസം നോക്കി ഞാൻ വിടാം രണ്ടിനേയും അങ്ങോട്ട്. “
ചിരിച്ചു കൊണ്ടു സീന ആരാധ്യ നോക്കി
“എന്നാ പിന്നെ അങ്ങനെ ആവാട്ടെ. “
അർണവും ആരാധ്യയും ഹോസ്പിറ്റലിലേക്ക് ഇറങ്ങിയതിന്റെ പിന്നാലെ സന്ധ്യയും പ്രദീപും വീട്ടിലേക്ക് തിരിച്ചു.
ഡോക്ടറെ കണ്ടു കൺഫോം ചെയ്തു. ചെക്കപ്പ് ചെയ്തപ്പോൾ വേറെ കുഴപ്പം ഒന്നുമില്ല. ഡോക്ടർ കുറിച്ചു തന്ന വൈറ്റമിൻ ഗുളികകളും വാങ്ങി അർണവ് അവളേയും കൂട്ടി നേരെ പോയത് ബീച്ചിലേക്കാണ്.
ആരാധ്യയുടെ ഇഷ്ടപ്പെട്ട മാംഗോ ബാറും വാങ്ങി അവളേയും ചേർത്ത് പിടിച്ചവൻ ആളൊഴിഞ്ഞ തീരത്തേക്ക് നടന്നു. എല്ലാ തിരക്കുകളിൽ നിന്നും മാറി തങ്ങളുടെ മാത്രം ലോകത്തേക്ക് ഒതുങ്ങി അവർ രണ്ടു പേരും മണൽതിട്ടയിൽ ഇരുന്നു.
മാംഗോ ബാർ ആസ്വദിച്ചു കഴിക്കുമ്പോൾ ആണ് ആരാധ്യ മൗനമായി ഇരിക്കുന്ന അർണവിനെ ശ്രദ്ധിക്കുന്നത്. കുറച്ചു മാറി ഒരു ബോളിനു പിന്നാലെ വേച്ചുവേച്ചു ഓടുന്ന ഒരു രണ്ടു വയസ്സുകാരിയെ നോക്കി ഒരു പുഞ്ചിരിയോടെ ഇരിക്കുകയാണ് അർണവ്. ഇടയ്ക്കിടെ വീഴാൻ പോകുന്നുണ്ടെങ്കിലും കുഞ്ഞരിപല്ലുകൾ കാണിച്ച് ചിരിച്ചു കൊണ്ട് പിന്നേയും പിന്നേയും കുഞ്ഞി കാലുകൊണ്ട് ആ ബോളിനെ തട്ടാൻ നോക്കുകയാണ് ആ കുറുമ്പി. അർണവിനെ വീക്ഷിച്ചു കൊണ്ടിരിക്കുകയാണ് ആരാധ്യ. ആ കുഞ്ഞിന്റെ ഓരോ പ്രവൃത്തിയും അർണവിന്റെ മുഖത്ത് പ്രകടമായിരുന്നു. വീഴാൻ പോകുമ്പോഴും ചിരിക്കുമ്പോഴും അതിന്റെ എല്ലാം ഭാവമാറ്റം അവന്റെ മുഖത്തും തെളിഞ്ഞു. ഒരമ്മയുടെ ഉദരത്തിൽ കുഞ്ഞു പിറവി എടുക്കുമ്പോൾ മുതൽ അച്ഛന്റെ ഹൃദയത്തിൽ കുഞ്ഞു വളർന്നു തുടങ്ങുകയായി. ആരാധ്യ നോക്കി കാണുകയായിരുന്നു അവന്റെ സന്തോഷം.
കുറച്ചു മാറി കിരണിന്റെ കൈയിൽ നിന്നും ചോക്കോബാർ തട്ടിപറിച്ചു വാങ്ങി ഓടുകയാണ് നിള. അവളോടൊപ്പം എത്താൻ ഓടുന്നതിനിടയിലാണ് കിരൺ കാണുന്നത് കുറച്ചു മാറി അർണവിന്റെ തോളിൽ ചാഞ്ഞിരിക്കുന്ന ആരാധ്യയെ. ഹൃദയത്തെ കുത്തിനോവിച്ചുകൊണ്ട് ഒരു വേദന നെഞ്ചിലൂടെ കടന്നു പോകുന്നത് അവൻ അറിഞ്ഞു. അഞ്ചു വർഷത്തിനു ശേഷമായിരുന്നു അവൻ അവളെ വീണ്ടും കാണുന്നത്. അസ്തമയ സൂര്യന്റെ പ്രഭയിൽ അവളുടെ മുഖകാന്തി ഒന്നൂടെ വർദ്ധിച്ചപ്പോലെ തോന്നി കിരണിന്. കണ്ണെടുക്കാതെ അവളെ നോക്കി കൊണ്ട് അവൻ മണൽ തരിയിൽ മുട്ടുകുത്തിയിരുന്നു. കുറ്റബോധമോ നഷ്ടബോധമോ എന്തെന്നറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഹൃദയം ശൂന്യമായപ്പോലെ തോന്നി അവന്. താൻ മൂലം അവൾ അനുഭവിച്ച വേദന അവന്റെ ഓർമ്മകളിലേക്ക് ഇരച്ചുകയറി. തലയിൽ രണ്ടു കൈയും അമർത്തി അവൻ കണ്ണടച്ചു. വീണ്ടും തെളിഞ്ഞു വന്നത് ചോര വാർന്ന് ഒലിക്കുന്ന ആരാധ്യയുടെ മുഖമാണ്. തന്റെ മാത്രം എന്നു കരുതിയ പനിനീർപ്പൂവ് ഇന്നു മറ്റൊരാളുടെ സ്വന്തം. അവളുടെ അനുവാദം പോലും ചോദിക്കാതെ അവളെ നെഞ്ചിലേക്ക് കയറ്റുമ്പോൾ ഒരിക്കലും നഷ്ടപ്പെടും എന്നു കരുതിയില്ല. ഒരു പക്ഷേ പിടിച്ചു വാങ്ങിയേനേ അവളെ പക്ഷേ അവളുടെ വേദന അതു തന്റെ ഹൃദയത്തെയാണ് കുത്തി കീറുന്നത്. ചിന്തകൾ അതിക്രമിക്കുന്നതിനനുസരിച്ച് അവനു തന്റെ തലയ്ക്കു ഭാരം കൂടുന്നതു പോലെ തോന്നി. വീണ്ടും പഴയ കിരണിലേക്ക് ഒരു തിരിച്ചു പോക്ക് അവൻ ഭയപ്പെട്ടു.
ചുമരിലേറ്റ കര സ്പർശമാണ് കിരണിനെ ഉണർത്തിയത്. തന്റെ തൊട്ടടുത്തായി ഇരിക്കുന്ന നിളയെ കണ്ടു കിരൺ കണ്ണുകൾ തുടച്ചു. ആരാധ്യയിലേക്ക് നീളുന്ന അവന്റെ കണ്ണുകളെ അവൾ ശാസനയോടെ തടഞ്ഞു.
” വേണ്ട ഏട്ടാ… അവരുടെ സന്തോഷത്തിൽ എന്റെ ഏട്ടൻ ഒരിക്കലും കരടാകരുത്. പ്രണയമെന്ന വികാരത്തിന്റെ മനോഹരിത ഞാൻ തിരിച്ചറിഞ്ഞത് അവരിലൂടെയാണ്. സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങാൻ കഴിയില്ല ഏട്ടാ.. ഈ ജന്മം ആരാധ്യ അർണവിന്റെ സ്വന്തമാണ് അതു തിരുത്താൻ ആർക്കും കഴിയില്ല. അത്രയും കളങ്കമറ്റതാണ് അവരുടെ പ്രണയം. ഏട്ടനായിട്ട് ഇനി അവരുടെ ഇടയിൽ ചെല്ലരുത്. വീണ്ടും എന്റെ ഏട്ടൻ പഴയ പോലെ ആകുന്നത് സഹിക്കാൻ ആകില്ല എനിക്ക്. “
കിരൺ അവളെ ചേർത്തു പിടിച്ചു. അവന്റെ ഹൃദയത്തിന്റെ വേലിയേറ്റങ്ങൾ അവൾക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു.
” എല്ലാം മറക്കണം ഏട്ടാ… ഏട്ടൻ പുതിയൊരു ജീവിതം തുടങ്ങുന്നത് കാണാൻ കാത്തിരിക്കുകയാണ് അച്ഛനും അമ്മയും എല്ലാവരും. ഒരു പക്ഷേ തനു ചേച്ചിയോളം ഏട്ടനെ മനസ്സിലാക്കാൻ കഴിയുന്ന ഒരാളുണ്ടാവില്ല.”
“മോളേ… ” അവന്റെ ആ വിളിയിൽ കാലങ്ങളായി അവൻ ഒളിപ്പിച്ച വേദനകളെല്ലാം നിറഞ്ഞിരുന്നു.
“എനിക്ക് അറിയാം ഏട്ടാ… തനു ചേച്ചിയുടെ മനസ്സ്. ഒരുപാട് ആഗ്രഹിക്കുന്നുണ്ട് ഏട്ടനെ ഒന്നു സന്തോഷത്തോടെ കാണാൻ. ഏട്ടന്റെ മുഖത്തെ നിറഞ്ഞ പുഞ്ചിരി കാണാൻ. ഏട്ടൻ എത്ര പൂട്ടി വക്കാൻ ശ്രമിച്ചാലും ഏട്ടന്റെ ഹൃദയത്തിൽ ഒരിക്കൽ ചേച്ചി ഇടം പിടിക്കും. ”
മൗനമായിരുന്നു അവന്റെ മറുപടി.
അർണവ് പതിയെ എഴുന്നേറ്റ് ആരാധ്യയെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു. അവളുടെ ഡ്രസ്സിൽ പറ്റിയിരുന്ന മണൽത്തരികളെ അവൻ തട്ടിക്കളഞ്ഞു. കാറ്റിൽ പാറിയിരുന്ന അവളുടെ മുടിയിഴകളെ ഒരുക്കി അവളെ ചേർത്തു പിടിച്ചു അർണവ് നടന്നു. കടൽ പരപ്പോളം നീണ്ടു കിടക്കുന്ന അവരുടെ പ്രണയത്തിന്റെ ആഴം നോക്കി കാണുകയായിരുന്നു നിളയും കിരണും.
അവന്റെ കവലയത്തിനുള്ളിൽ അവൾ വളരെ സന്തോഷവതിയായിരുന്നു. ഒരു പിഞ്ചു കുഞ്ഞിനെ ചേർത്തു പിടിക്കും പോലെ അവളെ ചേർത്തു പിടിച്ചിരുന്നു അർണവ്. അവളുടെ മുഖത്ത് നിറഞ്ഞു നിന്ന സന്തോഷം കിരണിന്റെ കണ്ണു നനച്ചു. ഒരിക്കലും അർണവിനു പകരം ആകാൻ തനിക്ക് ആവില്ല എന്ന സത്യം വേദനയോടെ അവൻ തിരിച്ചറിയുകയായിരുന്നു.
വീണ്ടും കടൽ തീരം ഒരു പാട് സൂര്യാസ്തമയങ്ങൾക്ക് സാക്ഷിയായി….
കയ്യിൽ ഇരുന്ന പുസ്തകെട്ടുകൾ താഴെ പോകാതെ മാറോട് ചേർത്തു പിടിച്ചു തനിഷ്ക ലിഫ്റ്റി നടുത്തേക്ക് നടന്നു. ഇടതു കൈ പതിയെ ചെരിച്ചു വാച്ചിൽ സമയം നോക്കി ഒൻപത് കഴിഞ്ഞു. കിരൺ എത്തും മുൻപ് ബുക്ക്സ് അവൻ കാണാതെ അവന്റെ ക്യാബിനിൽ വക്കണം. നേവി ബ്ലൂ കളർ കോട്ടൺ സാരിയാണ് അവളുടെ വേഷം. അഴിച്ചിട്ട മുടിയികൾ മുഖത്തേക്ക് വന്നപ്പോൾ പതിയെ തലചെരിച്ച് കുടഞ്ഞ് ഒതുക്കാൻ നോക്കിയപ്പോൾ ആണ് അവൾ ആ കാഴ്ച്ച കണ്ടത്. രണ്ടു കൈയും പോക്കറ്റിൽ ഇട്ട് ലിഫിറ്റിനടുത്ത് ചാരി നിൽക്കുന്ന കിരൺ. വൈറ്റ് ഷർട്ടും ഗ്രേ പാന്റും ആണ് വേഷം. അവന്റെ മുഖത്ത് തെളിഞ്ഞു നിൽക്കുന്ന പുഞ്ചിരി അവളുടെ കണ്ണുകളെ വിടർത്തി. കാണുന്നത് സ്വപ്നമോ സത്യമോ എന്നു തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു അവൾക്ക്. അവന്റെ നോട്ടത്തിൽ അവളൊന്നു പതറി.
” എവിടെക്കാടീ ഈ ബുക്കൊക്കെ താങ്ങി പിടിച്ച്.”
അവളെ ഒന്നു ചൂടാക്കാം എന്ന ഭാവേന കിരൺ സ്വൽപം ഗൗരവത്തിൽ ചോദിച്ചു.
ഓ കാഴ്ച്ചയിൽ മാത്രം ആളുമാറിയിട്ടുള്ളൂ സ്വഭാവത്തിൽ മാറ്റമൊന്നും ഇല്ല. അവനെ അടിമുടി ഒന്നു നോക്കി അവൾ മനസ്സിൽ പറഞ്ഞു.
” ചോദിച്ചത് കേട്ടില്ലേ ടി?” അവൻ മുന്നോട്ട് രണ്ടടി വച്ചു കൊണ്ട് ചോദിച്ചു.
തനിഷ്ക അവന്റെ മുന്നിൽ കയറി നിന്നു അവന്റെ കണ്ണുകളിലേക്ക് രൂക്ഷമായി നോക്കി. പെട്ടെന്ന് തന്നെ കൈയ്യിൽ ഇരുന്ന ബുക്ക് കെട്ട് അവന്റെ കൈയിലേക്ക് വച്ചു. അതിന്റെ കനത്തിൽ അവനൊന്നു മുന്നിലേക്ക് വേച്ചു.
“രാവിലെ തന്നെ വലിയ മുതലാളി ചമയാതെ അടുത്ത സെമസ്റ്റർ എക്സാമിനു തയ്യാറാവെട ചെക്കാ…”
ഒരു കൂസലും ഇല്ലാതെ അവനോട് ഡയലോഗും അടിച്ച് ലിഫ്റ്റിലേക്ക് കയറി പോകുന്ന തനിഷ്കയെ നോക്കി കിരൺ അമ്പരന്നു നിന്നു.
തുടരും…