“എന്താടോ, ഈ വെയിലത്ത് വന്ന് ഇരുന്ന് തിരയെണ്ണുവാണോ….” ശബ്ദം കേട്ടപ്പോൾ തലയുയർത്തി നോക്കാതെ തന്നെ അടുത്ത് നിൽക്കുന്നത് ആരാണെന്ന് മനസ്സിലായിരുന്നു….
ശാന്തമായ മനസ്സിലേക്ക് വലിയ ഒരു തിര വന്ന് ആഞ്ഞടിക്കുന്നത് ഞാനറിഞ്ഞു….
“ഇവിടെ വന്നിരിക്കാൻ ആണോ ഓഫീസിൽ നിന്ന് ലീവ് എടുത്ത് പോന്നത്” എന്റെ അടുത്ത ചെയറിൽ ഇരുന്ന് കൊണ്ട് കിരൺ സർ വീണ്ടും ചോദിച്ചു..
മനസ്സിൽ ഉള്ളത് എല്ലാം ഓഫീസിൽ വെച്ച് പറഞ്ഞ് തീർത്തതു കൊണ്ടാവാം എനിക്ക് ഒന്നും തിരിച്ച് പറയാൻ തോന്നിയില്ല…
ഞാൻ ഇവിടെ ഉണ്ടെന്ന് ഇയാൾ എങ്ങനെ അറിഞ്ഞു… എന്റെ ഏകാന്തതയിലേക്ക് ചോദിക്കാതെ സാർ കടന്ന് വന്നത് എന്നെ അശ്വസ്തമാക്കുന്നുണ്ടായിരുന്നു….
“താൻ ലീവ് എടുത്ത് പോയി എന്ന് ഗീതു പറഞ്ഞപ്പോൾ തോന്നി തനിക്ക് വെറെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന്, അതുകൊണ്ട് അനിലയോട് ഒന്ന് സംസാരിക്കാം എന്നോർത്ത് ഞാൻ ഓർഫനേജിൽ പോയിരുന്നു…”
ഓ അവിടെ പോയി അമലാമ്മയോട് എല്ലാം പറഞ്ഞ് കാണും….
“അമല സിസ്റ്റർ പറഞ്ഞു താൻ ഇവിടെ കാണുമെന്ന്, വിഷമം വരുമ്പോൾ താൻ കടലിനോടാണ് സങ്കടം പറയുന്നത് എന്നും പറഞ്ഞു” കിരൺ സർ നേർത്ത പുഞ്ചരിയോടെ പറഞ്ഞു….
“അപ്പോ എല്ലാം അറിഞ്ഞില്ലേ, ഇനി എന്നെ തനിച്ച് വിട്ടു കൂടെ”….ഇർഷ്യയോടെ ഞാൻ ചോദിച്ചു…
“അങ്ങനെ തനിച്ച് വിടാനല്ല വർഷങ്ങളായി ഞാൻ തന്റെ നിഴൽ പോലെ നടക്കുന്നത്” കിരൺ സർ പറഞ്ഞത് എന്താെണെന്ന് എനിക്ക് പൂർണ്ണമായി മനസ്സിലായില്ല….
എന്റെ സംശയിച്ചുള്ള നോട്ടം കണ്ടിട്ടാവും ആള് ചിരിച്ച് കൊണ്ട് ചോദിച്ചു…”എന്നെ താൻ ഇതുവരെ കണ്ടിട്ടില്ലേ…”
ഇല്ല… എനിക്ക് പറയാൻ ഒന്ന് ആലോചിക്കേണ്ട ആവശ്യം പോലും ഉണ്ടായില്ല…
“തനിക്ക് ചുറ്റുമുള്ളവരെ ഇടക്ക് എങ്കിലും ഒന്ന് ശ്രദ്ധിച്ച് കൂടെടോ”
എന്തിന്… ആരോക്കെ എന്നെ നോക്കി ചിരിക്കുന്നുണ്ടെന്ന് കാണാനോ, തന്തയും തള്ളയും ഇല്ലാത്തവളാണെന്ന് പറഞ്ഞ് കളിയാക്കുന്നത് കേൾക്കാനോ… വല്ലവരും പിഴച്ച് പെറ്റതാവും അതല്ലേ അനാഥാലയത്തിൽ കളഞ്ഞിട്ട് പോയത് എന്ന് പരിഹസിക്കുന്നത് അറിയാനോ… സർ പറയ് എന്തിനാണ് ഞാൻ ചുറ്റും ശ്രദ്ധിക്കേണ്ടത്…
നിസഹായത കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി തുടങ്ങിയിരുന്നു…
“അനില, തന്നെ വിഷമിപ്പിക്കാൻ ചോദിച്ചതല്ലാ ഞാൻ… താൻ കരയാതെ…”
ഇത് കരച്ചിൽ ഒന്നും അല്ല സർ, കരഞ്ഞിട്ടുണ്ട് ഒത്തിരി… പണ്ട് സ്കൂളിൽ പ്രോഗ്രാമിന് സമ്മാനം വാങ്ങി സ്റ്റേജിൽ നിൽക്കുമ്പോൾ എനിക്കായ് ആരും കൈയ്യടിക്കാനോ അഭിമാനത്തോടെ ചേർത്ത് പിടിക്കാനോ ഇല്ലാതെ ഇരുന്നപ്പോൾ, രണ്ടും മൂന്നും സമ്മാനം കിട്ടിയവരെ അവരുടെ പെരെന്റ്സ് എടുത്ത് ഉമ്മ വെക്കുന്നത് കാണുമ്പോൾ, അവർക്ക് ഇഷ്ടമുള്ളത് വാങ്ങി കൊടുക്കുന്നത് കാണുമ്പോൾ….അങ്ങനെ എല്ലാ വർഷവും കിട്ടിയിരുന്ന സമ്മാനങ്ങൾ എനിക്ക് കരച്ചിൽ മാത്രമേ നൽകിയിരുന്നുള്ളൂ… സ്കൂൾ ടോപ്പർ ആയപ്പോൾ, പിന്നീട് കോളേജിൽ…. അങ്ങനെ എന്റെ വിജയങ്ങൾ എല്ലാം ഒരർത്ഥത്തിൽ പരാജയങ്ങൾ മാത്രമായിരുന്നു…. ഈ ലോകത്ത് അനാഥർക്ക് ഒന്നിലും സന്തോഷം കണ്ടെത്താൻ കഴിയുമെന്ന് എനിക്ക് തോന്നാറില്ല… സ്വന്തം ജൻമം പോലും സത്യമല്ലാത്ത ഞങ്ങൾക്ക് എന്ത് സന്തോഷം….
കിരൺ സർ വിഷമത്തോടെ നോക്കുന്നത് കണ്ടപ്പോഴാണ് ഞാൻ എന്തൊക്കെയോ വിളിച്ച് പറഞ്ഞു എന്ന് മനസ്സിലായത്….
സോറി സർ, ഞാൻ അറിയാതെ പറഞ്ഞു പോയതാണ്…
താൻ പറയടോ… അങ്ങനെ എങ്കിലും തന്റെ വിഷമം കുറയട്ടെ…
ഇത് അങ്ങനെ ഒന്നും കുറയുന്ന വിഷമം അല്ല… സർ പൊക്കോളൂ… എനിക്ക് കുറച്ച് സമയം കൂടി തനിച്ച് ഇരിക്കണം…
ഇപ്പോൾ ഞാൻ കാരണമല്ലേ തനിക്ക് വിഷമം വന്നത്…. അതുകൊണ്ട് ഈ കടലിനോട് പറയുന്നത് എന്നോട് പറഞ്ഞു കൂടെ…
അങ്ങനെ ആരോടെങ്കിലും പറയുമ്പോൾ തീരുന്ന സങ്കടമല്ല എനിക്കുള്ളത്… പിന്നെ കടൽ എനിക്ക് കുഞ്ഞിലെ മുതൽ ഇഷ്ടമാണ്… ചിലപ്പോൾ എന്റെ മനസ്സ് ഈ തിരകൾ പോലെ ശാന്തമാണ്, മറ്റു ചിലപ്പോൾ ആഞ്ഞടിക്കുന്ന തിരമാലകൾ പോലെയും… അതുകൊണ്ടാവാം ഈ കടൽ കാണുമ്പോൾ എന്റെ മനസ്സ് ശാന്തമാകുന്നത്….എനിക്കെങ്ങനെ സാറിനോട് ഇങ്ങനെ സംസാരിക്കാൻ പറ്റിയെന്ന് ഓർത്ത് പറഞ്ഞ് കഴിഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി… ഇന്ന് വരെ ആരോടും ഇതൊന്നും തുറന്ന് സംസാരിച്ചിട്ടില്ല…. പക്ഷെ ആ കണ്ണുകളിൽ സഹതാപം ഇല്ല എന്നത് എന്നെ അതിശയിപ്പിച്ചു…
തനിക്ക് ആരും ഇല്ലാന്ന് തോന്നണ്ടാ… എന്നെ നല്ല ഒരു സുഹ്യത്ത് ആയി കണ്ടു കൂടെ…
വേണ്ടാ…
അതെന്താടോ… ഞാൻ മോശക്കാരൻ ആണെന്ന് ഓർത്താണോ… സാർ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു…
എനിക്ക് അങ്ങനെ സുഹൃത്തുകൾ ഒന്നും ഉണ്ടായിട്ടില്ല… ചിലപ്പോൾ നിറം മങ്ങിയ ഉടുപ്പുകൾ ഒക്കെ കണ്ടിട്ടാവും ആരും ഇങ്ങോട്ട് വന്ന് അടുപ്പം കാണിച്ചിട്ടില്ല… കോളേജിൽ ഒന്ന് രണ്ട് പേരുണ്ടായി, പക്ഷെ കാണുമ്പോൾ മിണ്ടും എന്നല്ലാതെ ആരോടും അടുക്കാൻ തോന്നിയിട്ടില്ല… ശരിക്കും പേടിയായിരുന്നു… കോളേജിന്റെ പടി ഇറങ്ങി കഴിയുമ്പോൾ ഞാൻ പിന്നെയും തനിച്ചാകുമെന്ന ഭയം ആരോടും അടുപ്പം കാണിക്കാൻ സമ്മതിച്ചില്ല…
ഇനി ആ ഭയം വേണ്ടല്ലോ… ഞാൻ എങ്ങും പോകില്ല…
വേണ്ട… സാറിന് ചേരുന്ന സൗഹ്യദമല്ല ഇത്… എനിക്ക് പലതും കേട്ട് ശീലമാണ്… വെറുതെ സാറിനെ കൂടി ആ കഥകളിലോട്ട് വലിച്ച് കയറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല….
അങ്ങനെ ശീലമായിട്ടാണോ ഓഫീസിലെ പ്രശ്നത്തിന് ഇവിടെ വന്ന് തിര എണ്ണി സങ്കടം തീർക്കുന്നത്… സർ ചിരിച്ച് കൊണ്ട് ചോദിച്ചു…
ഗീതു പറഞ്ഞു അല്ലേ… ഞാൻ ചോദിച്ചു…
എന്റെ ഓഫീസിൽ നടക്കുന്ന കാര്യങ്ങൾ ഞാൻ അറിയില്ലേടോ…
പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല… ബാഗ് എടുത്ത് എഴുന്നേറ്റു…
താൻ പോകുവാണോ.. അനില അല്ലേ പറഞ്ഞത് കുറച്ച് നേരം തനിച്ച് ഇരിക്കണമെന്ന്…
ആ കുറച്ച് നേരം തീർന്നു… എനിക്ക് പോകാൻ സമയമായി…
ഞാൻ ശല്യമായിന്ന് അല്ലേ പറഞ്ഞിന്റെ അർത്ഥം…എന്തായാലും താൻ എന്നെ ഒരു സുഹ്യത്ത് ആയി കാണാനും ആഗ്രഹിക്കുന്നില്ലെങ്കിൽ ഇവിടെ വന്ന് ഇരിക്കുമ്പോഴെങ്കിലും എനിക്ക് വരാമല്ലോ…
തനിച്ച് ഇരിക്കാനാണ് ഞാനിവിടെ വന്നിരിക്കുന്നത്… പറയണ്ടാന്ന് ഓർത്തെങ്കിലും അറിയാതെ മനസ്സിൽ വന്നത് പുറത്ത് വന്നു…
സാരമില്ലടോ… എനിക്ക് തന്നെ മനസ്സിലാകും… സർ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു…പിന്നെ അനില ഇത്രയും സംസാരിക്കുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല…
ഞാൻ മറുപടി പറയാതെ നടന്ന് തുടങ്ങിയിരുന്നു…
ഞാൻ ട്രോപ്പ് ചെയ്യാടോ…
പുറകിൽ നിന്ന് പറയുന്നത് കേട്ടിട്ടും പിന്നെ തിരിഞ്ഞ് നോക്കാൻ തോന്നിയില്ല… എന്നെ എങ്ങനെയാവും കിരൺ സാർ അറിയുക… കോളേജിൽ വെച്ച് കണ്ടിട്ടുണ്ടാകുമോ…കോളേജിൽ എന്റെ സീനിയർ ആയിരുന്നോ… സ്വയം ചോദിച്ച ചോദ്യത്തിന് മനസ്സ് അപ്പോ തന്നെ ഉത്തരം പറഞ്ഞു…അറിയില്ല…ഞാൻ ശ്രദ്ധിച്ചിട്ടില്ല…
💦💦💦💦💦💦💦💦💦💦💦💦💦💦💦💦
തിരിച്ച് ഓർഫനേജിൽ എത്തിയപ്പോൾ അമലാമ്മ എന്നെ നോക്കി നിൽക്കുന്നത് കണ്ടു…
അടുത്ത് ചെന്നപ്പോൾ ചേർത്ത് പിടിച്ച് ചോദിച്ചു… മോൾക്ക് എന്താ പറ്റിയത്.. രണ്ട് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു… ഓഫീസിൽ എന്തെങ്കിലും പ്രശ്നമുണ്ടോ…
ഒന്നും ഇല്ല അമലാമ്മ… ഞാൻ പുഞ്ചിരി വരുത്തി…
കിരൺ വന്നിരുന്നു…നിന്നെ അന്വേഷിച്ചു… കിരണിന്റെ അച്ഛന്റെ ഓർമ്മ ദിവസമാണ് ഞായറാഴ്ച, ഇവിടെ കുട്ടികൾക്ക് ഫുഡ് കൊണ്ടു വരട്ടെ എന്ന് ചോദിച്ചു…
ഈ കിരൺ ഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടോ… അമലാമ്മയോട് ചോദിക്കുമ്പോൾ എനിക്ക് അയാൾ കാരണങ്ങൾ ഉണ്ടാക്കി എന്റെ അടുത്തോട്ട് എത്താൻ ശ്രമിക്കുന്നത് പോലെ തോന്നി…
കിരൺ സ്കൂളിൽ പഠിക്കുന്ന കാലം മുതൽ അവന്റെ അച്ഛന്റെ കൂടെ ഇവിടെ വരാറുണ്ട്….അച്ഛൻ മരിച്ച് കഴിഞ്ഞ് തനിച്ചും…മോള് ഒരിക്കലും വിസിറ്റേഴ്സിനെ കാണാൻ കൂട്ടാക്കാറില്ലാത്തത് കൊണ്ടാണ് കാണാത്തത്….എന്താ അനില… കിരൺ പറഞ്ഞോ നിന്നെ നേരത്തെ അറിയുമെന്ന്…
പറഞ്ഞു, എനിക്ക് പക്ഷെ ആളെ കണ്ട് ഓർമ്മയില്ലാ… ഞാൻ ഫ്രഷ് ആവട്ടെ…
ഇനിയും ചോദ്യങ്ങൾ വരുമെന്ന് അറിയാവുന്നത് കൊണ്ട് തിരിഞ്ഞ് നടന്നു… ട്യൂഷൻ എടുക്കുമ്പോഴും പ്രാർത്ഥിക്കുമ്പോഴും എല്ലാം ആ മുഖം വെറെ എവിടെ എങ്കിലും ഞാൻ കണ്ടിട്ടുണ്ടോന്ന് ഓർക്കാൻ ശ്രമിച്ച് പരാജയപ്പെട്ടുകൊണ്ടിരുന്നു…
രാത്രിയിൽ പതിവ് പോലെ അമ്മ മുഖത്ത് ഛായം നിറക്കുമ്പോൾ എന്നും കാണുന്നതിലും തെളിച്ചത്തോടെ ഒരു പുഞ്ചിരി ആ ഛായങ്ങൾക്ക് ഇടയിൽ മിന്നി മാഞ്ഞു….എവിടെയോ കണ്ട് മറന്നത് പോലെ വ്യക്തമായ തെളിഞ്ഞ പുഞ്ചിരി… അത് എന്നെ ഒട്ടും ഉറങ്ങാൻ സമ്മതിച്ചില്ല…
കിരൺ എന്ന വ്യക്തിക്ക് ഞാനും ആയി വെറെ എന്തെങ്കിലും ബന്ധം കാണുമോ… അയാൾ എന്തിനാണ് എന്നെ പിൻതുടരുന്നത്… മനസ്സിൽ നൂറ് ചോദ്യങ്ങളും ഉയർന്ന് വന്ന് കൊണ്ടിരുന്നു… അമലാമ്മയോട് ഒരിക്കൽ കൂടി ചോദിക്കണം എന്ന് ഉറപ്പിച്ച് നേരം വെളുപ്പിച്ചു….
💦💦💦💦💦💦💦💦💦💦💦💦💦💦💦💦
രാവിലെ അമലാമ്മയോട് സംസാരിക്കാൻ പറ്റാതെ കലങ്ങിയ മനസ്സോടെ തന്നെയാണ് ഓഫീസിൽ പോയത്…
ഓഫീസിൽ പതിവ് പുഛച്ചിരികൾ ഒന്നും കണ്ടില്ല… ഇന്നലെ ഞാൻ പോയപ്പോൾ ഉള്ള ആളുകളല്ലേ ഇവിടെ ഉള്ളത് എന്ന് പോലും തോന്നി പോയി…
ജിഷ മാം വളരെ മാന്യമായി വർക്ക് എല്ലാം പറഞ്ഞ് തന്നു…. ഇവർക്ക് എല്ലാം എന്ത് പറ്റിയെന്ന് ആലോചിച്ചപ്പോൾ മുമ്പിൽ തെളിഞ്ഞത് പുഞ്ചിരിക്കുന്ന മുഖം മാത്രമായിരുന്നു….
ആദ്യമായി സമാധാനത്തോടെയും സന്തോഷത്തോടെയും പണികൾ ചെയ്യ്തു…ലഞ്ച് ബ്രേക്ക് ആയത് അറിഞ്ഞത് ഗീതു വന്ന് വിളിച്ചപ്പോഴാണ്…എന്റെ തെളിഞ്ഞ മുഖം കണ്ട് അവൾ അതിശയിച്ച് നോക്കുന്നുണ്ടായിരുന്നു…
എന്താ ഗീതു നീ ഇങ്ങനെ നോക്കുന്നെ…
“ഈ മുഖത്ത് കാർമേഘം മാറി ഒന്ന് കാണണമെന്ന് ഉണ്ടായിരുന്നു… പക്ഷെ ഇത്ര പെട്ടെന്ന് നടക്കുമെന്ന് ഓർത്തില്ല…. “
ലഞ്ച് ബോക്സ് തുറക്കുമ്പോൾ ഗീതു പറഞ്ഞു…”ഇന്നലെ നീ പോയി കഴിഞ്ഞ് ഇവിടെ എന്തൊക്കെയാ നടന്നത് എന്നറിയാമോ.., എല്ലാരെയും വിളിച്ച് നിനക്ക് വിഷമം ആകുന്നത് ഒന്നും ഓഫീസിൽ സംസാരിക്കാൻ പാടില്ലാണ് തറപ്പിച്ച് പറഞ്ഞു, ഒരിക്കലും സാർ ഇത്ര ദേഷ്യപ്പെട്ട് കണ്ടിട്ടില്ല…എല്ലാരും ഒന്ന് പേടിച്ചിട്ടുണ്ട്”
നീ കിരൺ സാറിനോട് പറഞ്ഞോ ഇവിടെ നടന്ന കാര്യം…. ഞാൻ ചോദിച്ചു…
“അതിന് ഞാൻ പറയണ്ട കാര്യമൊന്നും ഇല്ല…പുള്ളിയുടെ കണ്ണ് നീ പോകുന്നിടത്ത് എല്ലാം എത്തുന്നുണ്ട്….” പറഞ്ഞ് കഴിഞ്ഞതും അബദ്ധം പറ്റിയത് പോലെ അവൾ തല കുടഞ്ഞു…
അതെങ്ങനെ നീ അറിഞ്ഞു… ഞാൻ കൂർപ്പിച്ച് ചോദിച്ചു…
“നീ ഇവിടെ ജോയിൻ ചെയ്യ്തപ്പോൾ മുതൽ നിന്റെ സീറ്റ് മാത്രമേ സാറിന്റെ ലാപ് ടോപ്പിൽ ഞാൻ കണ്ടിട്ടുള്ളൂ”…
അവൾ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് മനസ്സിൽ തിരയടിച്ച് തുടങ്ങിയിരുന്നു…
“നീ വിഷമിക്കാൻ പറഞ്ഞതല്ല, നീ ഇവിടെ വരുന്നതിന് മുൻപും നിന്റെ ഫോട്ടോ ഞാൻ കണ്ടിട്ടുണ്ട്… ഇപ്പോഴത്തെ ഫോട്ടോയും പഴയ ഫോട്ടോയും എല്ലാം…. എനിക്ക് തോന്നുന്ന സാറിന് നിന്നെ ഇഷ്ടമാണെന്ന്…”
പിന്നെ ഇഷ്ടം… അനാഥാലയത്തിൽ കിടക്കുന്ന എന്നോടാണോ അങ്ങേർക്ക് ഇഷ്ടം…ചുമ്മാ നാടകമായിരിക്കും…. ഇതൊക്കെ കണ്ട് ഞാൻ ചാടി വീഴുമെന്ന് ഓർത്തിട്ടുണ്ടാവും…..
“എന്റെ അനില, നിനക്ക് സാറിനെ അറിയാഞ്ഞിട്ടാണ്…”
അവൾ പിന്നെയും പറയാൻ തുടങ്ങിയപ്പോൾ ഞാൻ തടഞ്ഞു… “വേണ്ട ഗീതു നീ എന്തൊക്കെ പറഞ്ഞാലും എന്റെ തീരുമാനം മാറാൻ പോകുന്നില്ല…”
“ഇല്ല ഞാൻ ഇനി നീ ചോദിച്ചാൽ പോലും ഒന്നും പറയില്ല പോരെ…” ഗീതു മുഖം വീർപ്പിച്ചു…
അവളുടെ ഇരുപ്പ് കണ്ടപ്പോൾ എനിക്ക് ചിരി വന്ന് തുടങ്ങി… അത് വിട്…എന്റെ പഴയ ഏത് ഫോട്ടോയാ നീ കണ്ടത്…
“അത് പറയാൻ എനിക്ക് മനസ്സില്ല” അവൾ എഴുന്നേൽക്കാൻ തുടങ്ങി…
കിരൺ സാർ ഇല്ലാത്തപ്പോൾ നീ ലാപ് നോക്കിയത് ഞാൻ പറഞ്ഞ് കൊടുക്കും നോക്കിക്കോ… അത് കേട്ടപ്പോൾ അവൾ ദയനീയമായി എന്നെ നോക്കി…
“ഞാൻ നോക്കിയത് ഒന്നും അല്ല… സാറെനിക്ക് ഒരു റിപ്പോർട്ട് ചെയ്യാൻ തന്നപ്പോൾ കണ്ടതാണ്… നിന്റെ പഴയ ഒരു ഫോട്ടോ…നല്ല പട്ടുപാവാട ഒക്കെ ഇട്ട്”
ഞാനൊരു ഞെട്ടലോടെയാണ് അവൾ പറഞ്ഞത് കേട്ടു നിന്നത്…. മനസ്സിൽ ഛായം മൂടി നിന്ന മുഖം പതിയെ തെളിഞ്ഞ് വരുന്നത് അറിയുന്നുണ്ടായിരുന്നു…..കൂടെ ഒരു കുഞ്ഞ് തിര തീരത്തോട്ട് അടുക്കുന്നതും….
തുടരും…