തീരങ്ങൾ – ഭാഗം 4, രചന: രഞ്ചു ആൻ്റണി

ഗീതു നീ എനിക്ക് ഒരു ഉപകാരം ചെയ്യാമോ…ഞാൻ പ്രതീക്ഷയോടെ അവളെ നോക്കി…

“കിരൺ സാറിന്റെ ലാപ് ടോപ്പ് എടുക്കാൻ മാത്രം എന്നോട് പറയരുത്… എന്നെ അങ്ങേര് ഇവിടുന്ന് പറപ്പിക്കും”…ഗീതു ഞാൻ ചോദിക്കുന്നതിന് മുൻപ് തന്നെ പറഞ്ഞു…

എടി പ്ലീസ്… നിന്നെ ദൈവമായിട്ട് എന്റെ അടുത്ത് എത്തിച്ചതാ… നിനക്കറിയാമോ ഞാൻ ജീവിതത്തിൽ പട്ട് പാവാട നേരിൽ കണ്ടിട്ടില്ല..പിന്നെ എങ്ങനെ അത് ഇട്ടു കൊണ്ട് ഫോട്ടോ എടുക്കും… ആ ഫോട്ടോ എന്നെ ഒന്ന് കാണിക്കാമോ… ആരാന്ന് നോക്കാമല്ലോ…

അവൾ അതിശയിച്ച് എന്നെ നോക്കി… “അതൊരു പഴയ ഫോട്ടോ ആയിരുന്നു.. ഞാൻ നിന്നെ കണ്ടപ്പോൾ ഓർത്തു നീ സ്കൂളിൽ പഠിക്കുമ്പോൾ എടുത്തതാകും എന്നാണ്… അത് നീ അല്ലെങ്കിൽ പിന്നെ ആരാ…”

ഇന്ന് കിരൺ സാർ വരുമോ…

“അറിയില്ല… ഇന്ന് വിളിച്ചില്ല, ഇത്ര സമയം കഴിഞ്ഞാൽ വരാറില്ല”

എന്നാ നീ വാ… ഞാൻ അവളെ പിടിച്ച് വലിച്ചു…

“കിരൺ സാർ വന്നാൽ നമ്മൾ രണ്ടും പുറത്തായിരിക്കും, എനിക്ക് പേടിയാ”…

എനിക്കും പേടിയുണ്ട്, പക്ഷെ ഇതെന്റ മനസ്സിലെ വലിയ ഒരു ചോദ്യത്തിനുള്ള ഉത്തരമാണെങ്കിലോ…

“എന്ത് ചോദ്യം, എന്ത് ഉത്തരം” ഗീതു പിന്നെയും സംശയത്തോടെ എന്നെ നോക്കി…

തൽക്കാലം നീ അറിയണ്ടാ…. ഒന്ന് വേഗം വാ… എനിക്ക് ഒരിക്കലും ഇല്ലാത്ത ധൈര്യം എവിടെ നിന്നോ വന്നിരുന്നു…

അവൾ ഒട്ടും ഇഷ്ടമല്ലാതെ എന്റെ കൂടെ വന്നു…

കിരൺ സർന്റെ ക്യാബിനിൽ കയറുമ്പോൾ നെഞ്ചിടിപ്പ് ഉയരുന്നുണ്ടായിരുന്നു…

ലാപ് എടുത്ത് തുറക്കുമ്പോൾ ഗീതു വിറക്കുന്നുണ്ടായിരുന്നു… പാസ് വേഡ് അടിച്ച് ഓണാക്കി ഫോട്ടോ ഫോൽഡർ കണ്ടപ്പോൾ ഞാൻ കണ്ണടച്ച് നിന്നു… എന്റെ നെഞ്ച് പൊട്ടി പോകുമോ എന്ന് പോലും തോന്നി….

പെട്ടെന്ന് ആയിരുന്നു ഡോർ തുറക്കുന്ന ശബ്ദം കേട്ടത്…. ഞാനും ഗീതുവും ഒരു പോലെ ഞെട്ടി…

ഡോറിൽ പിടിച്ച് നിന്ന് കിരൺ സാർ ഞങ്ങളെ നോക്കി…

ഗീതു പേടിച്ച് എന്റെ കൈയ്യിൽ മുറുകെ പിടിച്ചു… എനിക്ക് വലിയ ഒരു കുറ്റം ചെയ്യ്ത പോലെ കിരൺ സാറിന്റെ മുഖത്ത് നോക്കാൻ പറ്റുന്നുണ്ടായില്ല…

“എന്താ അനില ഇവിടെ”… സർ ശാന്തമായി ചോദിച്ചു…

ഉത്തരം പറയാൻ ഞങ്ങൾക്ക് രണ്ട് പേർക്കും കഴിഞ്ഞില്ല…

“ഞാനില്ലാത്തപ്പോൾ എന്റെ ലാപ് ഓപ്പൺ ആക്കരുതെന്ന് ഗീതുവിന് അറിയില്ലേ…” സാറിന്റെ സ്വരം മാറി തുടങ്ങിയിരുന്നു… ഈ ഒരു കാരണം മതി നിങ്ങൾ രണ്ട് പേരെയും ടെർമിനേറ്റ് ചെയ്യാൻ…

ഗീതു ഇപ്പോൾ കരയുമെന്ന് തോന്നിയപ്പോൾ ഞാൻ പറഞ്ഞു… സാർ ഞാൻ പറഞ്ഞിട്ടാണ് ഗീതു ലാപ് എടുത്തത്…. എന്നെ ടെർമിനേറ്റ് ചെയ്യ്തോളൂ… ഗീതു ഒന്നും ചെയ്യ്തിട്ടില്ല…

“അപ്പോൾ ഇയാളാണ് സൂത്രധാരി… മിണ്ടാപൂച്ചയാണെന്ന് ഞാൻ തെറ്റിദ്ധരിച്ചതാണല്ലേ”… “രണ്ട് പേരും കൂടി എന്താണ് ഇതിൽ സെർച്ച് ചെയ്യ്തത്”

ഞങ്ങൾക്ക് ഉത്തരം ഉണ്ടായിരുന്നില്ല…

“എന്താണ് നോക്കിയെതെന്ന് പറഞ്ഞാൽ രണ്ടു പേരും ഇവിടെ തന്നെ കാണും…” കിരൺ സാർ വന്ന് സീറ്റിൽ ഇരുന്നു കൊണ്ട് പറഞ്ഞു…

എന്റെ ഒരു പഴയ ഫോട്ടോ, സാറിന്റെ ലാപ്ടോപ്പിൽ കണ്ടു എന്ന് ഗീതു പറഞ്ഞു… ഏത് ഫോട്ടോ ആണെന്ന് അറിയാൻ ഞാൻ നിർബദ്ധിച്ചപ്പോൾ…

“അത്രയേ ഉള്ളോ… എന്നാൽ ഗീതു പോക്കോ…”

എന്നെ ദയനീയമായി നോക്കി ഗീതു പോയി. ഞാൻ അവളുടെ പുറകെ പോകാൻ തിരിഞ്ഞതും കേട്ടു…

“അനു അവിടെ നിൽക്ക്…”

എനിക്ക് ദേഹം പിന്നെയും വിറക്കാൻ തുടങ്ങി… അതിന്റെ ഇടയിൽ ഓർത്തു… “അനു” ആ പേര് എങ്ങനെ സാറ് അറിഞ്ഞു…

” അനു തനിക്ക് ഫോട്ടോ കാണെണ്ടെ”… ആ ചോദ്യം കേട്ടപ്പോൾ പ്രതീക്ഷയോടെ ഞാൻ സാറിനെ നോക്കി…

കാണണം, പക്ഷെ സാർ എന്നെ “അനു” എന്ന് വിളിക്കരുത്…

“അതെന്താടോ… തന്റെ പ്രിയപ്പെട്ട കൂട്ടുകാരി അമ്മുന് മാത്രമാണോ അങ്ങനെ വിളിക്കാൻ അനുവാദം ഉള്ളത്…”

ഞാൻ പിന്നെയും ഞെട്ടി സാറിനെ നോക്കി…

“ഇങ്ങനെ ഞെട്ടാതെടോ….തന്നെ കുറിച്ച് എനിക്ക് എല്ലാം അറിയാം… അനുവിന്റെ പ്രിയ കൂട്ടുകാരി അമ്മു, ഊണിലും ഉറക്കത്തിലും കൂടെ ഉണ്ടായിരുന്നവൾ, ഒരു നിമിഷം പോലും പിരിഞ്ഞ് ഇരിക്കാത്തവർ… ഒരു ദിവസം അവളെ മക്കളില്ലാത്ത ഫാമിലി അഡോപ്റ്റ് ചെയ്യ്തു കൊണ്ടുപോയി… അന്ന് മുതൽ താൻ ആരോടും കൂട്ടു കൂടിയിട്ടില്ല.. ശരിയല്ലേ…”

മനപൂർവ്വം വർഷങ്ങളായി മനസ്സിൽ താഴിട്ട് സൂക്ഷിച്ചിരുന്ന ഓർമ്മകളെ സാർ വിളിച്ച് പറയുന്നത് കേട്ടപ്പോൾ എനിക്ക് എന്നെ നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു…

എന്നെക്കുറിച്ച് എല്ലാം അറിയാം എന്നല്ലേ പറഞ്ഞത്… എന്നാൽ പറ എന്റെ അമ്മയും അച്ഛനും ആരാ…

കിരൺ സാർ ഒന്ന് പതറുന്നത് കണ്ടു…

അറിയില്ല അല്ലേ… അതിന്റ അർത്ഥം എന്നെ കുറിച്ച് ഒന്നും അറിയില്ല എന്നല്ലേ… എനിക്കും എന്നെ കുറിച്ച് വലിയ അറിവ് ഒന്നും ഇല്ല…എന്റെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങി തുടങ്ങിയിരുന്നു…

“തനിക്ക് ഫോട്ടോ കാണണ്ടെ”…കിരൺ സർ വിഷയം മാറ്റാൻ ആണെന്ന് തോന്നുന്നു പിന്നെയും എന്നോട് ചോദിച്ചു…

വേണ്ടാ… എനിക്കാ ഫോട്ടോ കാണാനുള്ള ആഗ്രഹം മാഞ്ഞ് പോയിരുന്നു…

അങ്ങനെ പറഞ്ഞാൽ എങ്ങനെയാ എന്റെ ക്യാബിനിൽ കയറി ലാപ് എടുക്കാൻ ഉള്ള ധൈര്യമൊക്കെ അനുന് ഉണ്ടായിരുന്നോ…

എനിക്ക് പിന്നെയും നാവ് ഇറങ്ങി…

“താൻ പോക്കോ… ഞാൻ അമല സിസ്റ്ററിനെ വിളിച്ച് പറഞ്ഞോളാം മോളുടെ കള്ളത്തരം…” കിരൺ സർ പറഞ്ഞു…

അമലാമ്മ അറിയുന്ന കാര്യം എനിക്ക് ആലോചിക്കാൻ വയ്യാ… ലോകത്ത് എവിടെ പോയാലും ഏത് അവസ്ഥയിലും ഒരു കള്ളത്തരവും കാണിക്കരുതെന്നാണ് കുഞ്ഞിലെ മുതൽ അമലാമ്മ പഠിപ്പിച്ചിരിക്കുന്നത്… ഞങ്ങൾ എല്ലാരും അത് കാത്ത് സൂക്ഷിക്കും എന്നാണ് അമലാമ്മയുടെ വിശ്വാസം… എന്തിന്റെ പേരിലായാലും ഞാൻ അനുവാദമില്ലാതെ കിരൺ സാറിന്റെ ക്യാബിനിൽ കയറി എന്നറിഞ്ഞാൽ പോലും അമലാമ്മക്ക് വിഷമമാകും…

സർ പറയരുത്…. അമലാമ്മ അറിയരുത്… ഞാനിനി ഒരിക്കലും ഈ ക്യാബിനിൽ കയറില്ല…

“പറയില്ല”… കിരൺസാർ ചെയറിൽ നിന്ന് എഴുന്നേറ്റ് അടുത്ത് വന്നു…

“പക്ഷെ കഴിഞ്ഞ ദിവസം ഞാൻ ചോദിച്ചതിന് അനുകൂലമായ ആൻസർ വേണം”

എന്ത്…

“നമ്മൾ ഇനി ഫ്രണ്ട്സ് ആയിരിക്കും”….കിരൺ സർ കൈയ്യ്കൾ നീട്ടി കൊണ്ട് പറഞ്ഞു…

എനിക്കത് സ്വീകരിക്കാതിരിക്കാൻ പറ്റിയില്ല…എന്റെ കൈയ്യ്കൾ ഷെയ്ക്ക് ചെയ്യുമ്പോൾ കിരൺ സാറിന്റെ മുഖത്ത് ഒരു വിജയി ഭാവമായിരുന്നു…

തിരിച്ച് സീറ്റിൽ പോയിരിക്കാൻ എനിക്ക് മടി തോന്നി… പക്ഷെ ആരുടെയും മുഖത്ത് വലിയ ഭാവ വിത്യാസമൊന്നും കണ്ടില്ല… അത് വലിയ ഒരു ആശ്വാസമായിരുന്നു…

💦💦💦💦💦💦💦💦💦💦💦💦💦💦💦💦💦

അന്ന് രാത്രി എന്റെ സ്വപ്നത്തിൽ അമ്മു മാത്രമാണ് വന്നത്…. ആ വിടർന്ന കണ്ണുകൾ നിറഞ്ഞ് നിന്നിരുന്നു “അനു നീ എന്നെ മറന്നോ” അവൾ അടുത്ത് വന്ന് ചോദിക്കുന്നത് പോലെ തോന്നി പെട്ടെന്ന് ചാടി എഴുന്നേറ്റു…

അവൾക്ക് പുതിയ അച്ഛനെയും അമ്മയെയും കിട്ടിയപ്പോൾ അവളെക്കാൾ സന്തോഷം എനിക്കായിരുന്നു… അവൾ പോകുമ്പോൾ എന്നെയും കൊണ്ടുപോകുമെന്ന് എന്നും പറയും… അമലാമ്മയും അങ്ങനെയാണ് പറഞ്ഞിരുന്നത്… ഞാൻ വിഷമിക്കണ്ടാന്ന് ഓർത്താവും… പക്ഷെ അവൾ പോകുന്ന അന്നാണ് ഞങ്ങൾ രണ്ട് പേരും അറിയുന്നത് എനിക്ക് അവളുടെ കൂടെ പോകാൻ പറ്റില്ലാന്ന്… അവളെ പിടിച്ച് വലിച്ച് കാറിൽ കയറ്റി പോകുന്നത് കണ്ട് ഞാൻ അമലാമ്മയുടെ കൈയ്യ് വിടുവിച്ച് കാറിന്റെ പുറകെ ഓടി…. ഗെയ്റ്റ് കടന്ന് കാർ പോകുന്നത് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ…

ഒത്തിരി നാൾ അമലാമ്മയോട് പോലും മിണ്ടില്ലായിരുന്നു… അമ്മു പല തവണ ഫോൺ ചെയ്യ്തെങ്കിലും ഞാൻ പോയി എടുത്തില്ല…അവളുടെ സ്വരം കേൾക്കാൻ എനിക്ക് ശക്തിയില്ലായിരുന്നു… പിന്നീട് അമ്മുവിന്റെ സ്ഥാനത്ത് വെറെ ആരെയും കാണാൻ തോന്നിയില്ല ഓർഫനേജിൽ എല്ലാവരോടും ഒരു അകലം ഇട്ടാണ് നിന്നിരുന്നത്……. കിരൺ സാർ ഇതൊക്കെ എങ്ങനെ അറിഞ്ഞു… ചിലപ്പോൾ അമലാമ്മ പറഞ്ഞതാവും…പിന്നെ ഉറക്കം വരാതെ അമ്മുവിനെ ഓർത്ത് കിടന്ന് നേരം വെളുപ്പിച്ചു….

💦💦💦💦💦💦💦💦💦💦💦💦💦💦💦💦💦

ഗീതു രാവിലെ ഓഫീസിൽ എന്നെ കണ്ടപ്പോൾ മുതൽ കൈയ്യും കാലും കാണിക്കുന്നുണ്ടായിരുന്നു…. ലഞ്ച് ടൈം ആയപ്പോൾ ഓടി വന്നു ചോദിച്ചു….” ഇന്നലെ കിരൺ സാർ നിന്നോട് ദേഷ്യപ്പെട്ടോ…, എന്താ പറഞ്ഞെ”

അങ്ങേർക്ക് എന്റെ ഫ്രണ്ട്ഷിപ്പ് വേണമെന്ന്…. ഗീതു എന്നെ അന്തംവിട്ട് നോക്കി…

“കിരൺ സാറിന് നിന്റെ ഫ്രണ്ട്സ്ഷിപ്പോ” ഗീതുവിന്റെ വാ തുറന്ന് തന്നെയിരുന്നു…

എന്റെ ഗീതു നീ ആ വായടക്ക്…

“നീ എന്ത് പറഞ്ഞു…” അവൾ ചോദിച്ചു…

ഞാൻ ഒക്കെ പറഞ്ഞു…

അവൾ ഞെട്ടി എന്നെ നോക്കി….

എടി എനിക്ക് അങ്ങേരെ പിണക്കാൻ പറ്റില്ല… ഈ കിരണിന് എന്റെ എന്തൊക്കെയോ കാര്യങ്ങൾ അറിയാം… ആ ഫോട്ടോ ഒന്ന് കൈയ്യിൽ കിട്ടുന്നിടം വരെ ഇങ്ങനെ പോകട്ടെ…

എന്നാലും അവൾക്ക് ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ലാന്ന് തോന്നി…

പിന്നീട് രണ്ട് ദിവസം കിരൺ സാറിനെ കണ്ടില്ല… ഗീതുവിനും എനിക്കും അത് വലിയ ആശ്വാസമായിരുന്നു…..

💦💦💦💦💦💦💦💦💦💦💦💦💦💦💦💦

ഞായറാഴ്ച രാവിലെ പള്ളിയിൽ പോകാൻ റെഡിയായപ്പോൾ അമലാമ്മ പറഞ്ഞു എല്ലാരും പുതിയ ഡ്രസ്സ് ഇടണം… ഇന്ന് ഉച്ചക്ക് കിരണും ഫാമിലിയും വരും… മടിച്ച് നിന്ന എനിക്ക് കിരൺ സാർ വാങ്ങി തന്ന കവർ തുറന്ന് സൽവാർ എടുത്ത് തന്നുകൊണ്ട് അമലാമ്മ പറഞ്ഞു… “മോള് മാത്രം ഇടാതെ ഇരിക്കരുത്…”

മനസ്സില്ലാതെയാണ് നിറയെ ബീറ്റ്സ് വർക്ക് ഉള്ള റോയൽ ബ്ലൂ സൽവാർ ഇട്ടത്… മങ്ങിയ കണ്ണാടിയിൽ നോക്കിയ എനിക്ക് അത് ഇട്ട് പുറത്ത് ഇറങ്ങാൻ മടി തോന്നി… ആദ്യമായി സ്വന്തം സൈസിൽ ഉള്ള ഉടുപ്പ് ഇടുന്നത്…

അമലാമ്മ എന്നെ കണ്ട് സന്തോഷത്തോടെ കണ്ണ് തുടക്കുന്നത് കണ്ടു… “എന്റെ മോളെ കണ്ടാൽ മാലാഖയെ പോലെ ഉണ്ട്”

അമലാമ്മ വെറുതെ മാലാഖയെ കളിയാക്കണ്ടട്ടോ… ഞാൻ എല്ലാരുടെയും ഒപ്പം ഇറങ്ങി കൊണ്ട് പറഞ്ഞു… എല്ലാ കുട്ടികളും നല്ല സന്തോഷത്തിൽ ആയിരുന്നു… ഈ സന്തോഷത്തിന്റെ കാരണം കിരൺ സാർ ആണല്ലോന്ന് ഓർത്തപ്പോൾ എനിക്കും ഉള്ളിലെവിടെയോ ഒരു തണുപ്പ് അനുഭവപ്പെട്ടു…

പള്ളിയിൽ കഴിഞ്ഞ് പതിവ് പോലെ എല്ലാരും പോയിട്ടും ഞാൻ അവിടെ തന്നെയിരുന്നു… ഗസ്റ്റ് ഉളള ഞായറാഴ്ചകളിൽ ഞാൻ വൈകിയെ തിരിച്ച് പോകാറുള്ളൂ… സഹതാപ കണ്ണുകൾ കാണണ്ടല്ലോ… ഇന്ന് പക്ഷെ ആ സഹതാപം ഉണ്ടാകില്ല… എന്നാലും കിരൺ സാറിന്റ മുൻപിൽ പോകാൻ ഒരു മടി…

ഉച്ച കഴിഞ്ഞപ്പോൾ പതിയെ ഓർഫനേജിലോട്ട് നടന്നു… കിരൺ സാറിന്റെ വണ്ടി കിടക്കുന്നത് കണ്ടപ്പോൾ മനസ്സിലായി ആള് പോയിട്ടില്ലാന്ന്… ഡോർമെട്രിയുടെ ഇടനാഴിയിൽ ആരും ഇല്ലാന്ന് ഉറപ്പിച്ചാണ് വേഗം നടന്നത്… പെട്ടെന്ന് ലീവിങ് റൂമിന്റെ ഡോർ കടന്ന് കിരൺ സാർ മുൻപിൽ വന്നത്…

“എന്താടോ എന്നെ കാണാതെ ഇരിക്കാനാണോ, ലെയ്റ്റ് ആയി വന്നത്…” താടിയിൽ തടവി കൊണ്ട് സാർ ചോദിച്ചു…

അല്ല…ഞാൻ ഞായറാഴ്ച താമസിച്ചെ വരാറുള്ളൂ…

“ഈ സൽവാർ തനിക്ക് നന്നായി ചേരുന്നുണ്ട്… ഞാൻ ഓർത്തു താനിത് ഇടില്ലാന്ന്…”

കിരൺ സാറിന്റെ മുഖത്ത് കാണുന്ന ഭാവം എനിക്ക് പരിചിതമല്ലായിരുന്നു…

“പിന്നെ ഇങ്ങനെ നല്ല സൽവാർ ഒക്കെ ഇടുമ്പോൾ എന്തിനാണ് മുടി കെട്ടിവെച്ചിരിക്കുന്നത്”

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിന് മുൻപ് എന്റെ മുടിയിലെ ക്ലിപ്പ് സാർ അഴിച്ചിരുന്നു… ഞെട്ടലോടെ ഞാൻ ഭിത്തിയിലോട്ട് എത്തിപ്പിടിച്ചു…

“തന്നെ ഇങ്ങനെ കാണാനാ എനിക്കിഷ്ടം” കിരൺ സാർ എന്റെ കാതിൽ പറഞ്ഞപ്പോൾ ചുടു നിശ്വാസം എന്റെ കഴുത്തിൽ തട്ടുന്നുണ്ടായിരുന്നു… എന്റെ ശരീരം നന്നായി വിറക്കുന്നത് ഞാൻ അറിഞ്ഞു…

“ആരാ കിച്ചു അവിടെ…” ഇടനാഴിയിൽ കൂടി നടന്നു വരുന്ന സ്ത്രീയെ കണ്ട് സാർ പെട്ടെന്ന് കുറച്ച് മാറി നിന്നു…

ആഡ്വത്യവും ഐശ്വര്യമുള്ള ഉള്ള മുഖം, ഭംഗിയായി നൊറിഞ്ഞ് ഉടുത്ത ചന്ദന കളർ സാരി… ഞാൻ ആ മുഖത്തോട്ട് നോക്കി നിന്നു… കണ്ണുകൾ എടുക്കാതെ….

തുടരും…