എന്നിട്ട് ഞാൻ സിനിമയിൽ കണ്ടല്ലോ…ആളു ബാങ്ക് കൊടുക്കും..എന്തു രസമാണ് ആ ബാങ്ക് കേൾക്കാൻ…നിങ്ങക്ക് അതുപോലെ

മുക്രിയും കാർത്തുവും – അബ്ദുൾ റഹീം പുത്തൻചിറ

ശു.. ശു… പള്ളിയിൽ ബാങ്ക് കൊടുക്കാൻ പോയിരുന്ന മുക്രിയേ വേലിക്കൽ നിന്നുകൊണ്ട് കാർത്തു വിളിച്ചു ..

വേലിയുടെ അപ്പുറത്ത് നിന്നിരുന്ന കാർത്തുവിനെ മുക്രി ശരിക്കും കണ്ടില്ല …ഇതാരപ്പ….ഇങ്ങനെ.വിളിക്കണേ..മുക്രി ചുറ്റിനും നോക്കി..

‘അതേയ് ഇവിടെ …ഞാനാ കാർത്തു’….വേലിക്കൽ നിന്നിരുന്ന ചെമ്പരത്തി കൊമ്പിന്റെ ഇലയിൽ പിടിച്ചുകൊണ്ട് കാർത്തു ചെറിയ നാണത്തോടെ നിന്നു..

“ആ ..നീ ആയിരുന്നോ… എന്താണ് കാർത്തു മനുഷ്യനെ പേടിപ്പിക്കാണോ.”.. മുക്രി ചോദിച്ചു…

“അതേയ് നിങ്ങളു സൂപ്പി ആണോ”….കാർത്തു ചോദിച്ചു..

സൂപ്പിയോ അതെന്തോന്നാ സാധനം ..

“സൂപ്പി ..കേട്ടട്ടില്ലേ… സിനിമയിൽ. ഉണ്ടല്ലോ….ഇടക്ക് ഒറ്റക്കാലിൽ കറങ്ങി കൊണ്ടിരിക്കും…കാണാനും സുന്ദരനാ”…കാർത്തു നാണത്തോടെ പറഞ്ഞു..

“അതിനു ഞമ്മള് സിനിമ കാണാറില്ലല്ലോ.. ഞമ്മക്ക് ഹറാമല്ലേ”…മുക്രി മറുപടി പറഞ്ഞു..”അല്ലിപ്പൊ ..എന്തിനാ ഇപ്പൊ …സൂപ്പിനെ…”

“നിങ്ങളുടെ പള്ളിയിൽ സൂപ്പിയുണ്ടോ …ഉണ്ടങ്കിൽ കാണാനാ… കാർത്തു വീണ്ടും മുഖത്തു നാണം വിരിയിച്ചുകൊണ്ടു പറഞ്ഞു..

“നമ്മടെ പള്ളിയിൽ ഞാനും ..വലിയ ഉസ്താദും മാത്രേ ഉള്ളു…പിന്നെ നീ പറയണത് ..സൂപ്പി ആയിരിക്കില്ല …സൂഫി ആണ്…അത് നമ്മുടെ നാട്ടിൽ അധികം കാണില്ല…ഞാൻ ഇതുവരെ കണ്ടിട്ടില്ല…പണ്ടൊക്കെ ഉണ്ടായിരുന്നു…അവർ നല്ല ഭക്തിയുള്ള ആളുകളാണ്… ദൈവത്തെ മാത്രം മനസ്സിൽ കൊണ്ട് നടക്കുന്നവർ”…മുക്രിക്ക വിശദമായി പറഞ്ഞു..

“എന്നിട്ട് ഞാൻ സിനിമയിൽ കണ്ടല്ലോ…ആളു ബാങ്ക് കൊടുക്കും..എന്തു രസമാണ് ആ ബാങ്ക് കേൾക്കാൻ…നിങ്ങക്ക് അതുപോലെ ബാങ്ക് കൊടുത്തൂടെ” …കാർത്തു കുറച്ചു നീരസത്തോടെ പറഞ്ഞു…

“അതുശരി …നിങ്ങക്കിപ്പോ എന്റെ ബാങ്ക് പിടിക്കണില്ലാല്ലേ..

“നിങ്ങടെ ബാങ്ക് കേൾക്കാൻ ഒരു രസുല്ല…നിങ്ങ നന്നായി ബാങ്ക് കൊടുത്താൽ പള്ളിയിൽ ഒരുപാട് ആളുകൾ വരും.”..കാർത്തു ഗൗരവത്തിൽ പറഞ്ഞു…

“അതുശരി ഇപ്പൊ നമ്മന്റെ ബാങ്കിനായി കുറ്റം…നമ്മക്ക് വയസായില്ലേ …നിന്നോട് മിണ്ടിക്കൊണ്ടിരുന്നാൽ സമയത്ത് ബാങ്ക് കൊടുക്കാൻ പറ്റില്ല”….അതും പറഞ്ഞു് മുക്രിക്ക നടന്നു…

ഇവർക്കറിയില്ലല്ലോ ചെറുപ്പത്തിലേ എന്റെ ബാങ്ക് കെട്ടിട്ടാണ് സുബൈദ നമ്മന്റെ ബീവി ആയതെന്നു…അതൊക്കെ ഒരു കാലം…

പണ്ടൊക്കെ നമ്മളെ ബാങ്ക് കേൾക്കാൻ ആളുകൾ ഉണ്ടായിരുന്നു.. ഇപ്പൊ സിനിമേലെ ബാങ്കേ ആൾക്കാർക്ക് പിടിക്കണുള്ളൂ …കാലം പോയ പോക്ക്…വെറുതെയല്ല കുറച്ചു പിള്ളേർ ഈ ഇട ആയിട്ട് പള്ളിയിൽ വരുന്നത്… അവരും സിൽമ കണ്ടു സൂഫി ആകാൻ വരുന്നതായിരിക്കും…പടച്ചോൻ കാക്കട്ടെ…

ഇഷ്ട്ടായാൽ ഒരു വാക്ക്