തീരങ്ങൾ – ഭാഗം 5, രചന: രഞ്ചു ആൻ്റണി

ആ മുഖം എന്റെ മനസ്സിൽ തിരയിളക്കങ്ങൾ ഉണ്ടാക്കി…

“ആരാ കിച്ചു ഇത്” അവരുടെ ശബ്ദം കേട്ട് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നു…

“അമ്മേ ഇത് അനില, നമ്മുടെ കമ്പനിയിലാണ് വർക്ക് ചെയ്യുന്ന കുട്ടിയാണ്” കിരൺ സാർ എന്നെ പരിചയപ്പെടുത്തി…

“അനില ഇത് എന്റെ…” സാർ പറയാൻ തുടങ്ങിയതും അവർ ഇടക്ക് കയറി പറഞ്ഞു…”കിച്ചുവിന്റെ അമ്മയാണ്”

ഞാൻ പുഞ്ചിരിച്ചു…

“കിച്ചു… കിരൺ തന്നെയാ കേട്ടോ” അവർ പതിയെ ചിരിച്ചു… പക്ഷെ അവരുടെ കണ്ണുകളിൽ നിറഞ്ഞ് നിൽക്കുന്നത് വിഷാദാ ഭാവമാണെന്ന് എനിക്ക് തോന്നി…

കിരൺ സാർ എന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നത് കണ്ടു… അവരുടെ ഇടയിൽ നിന്ന് എനിക്ക് വീർപ്പുമുട്ടുന്നുണ്ടായിരുന്നു… മനസ്സിൽ എന്താണെന്ന് അറിയാത്ത വിങ്ങൽ…

അമലാമ്മ എവിടെ എന്ന് നോക്കട്ടെ… ഞാൻ പറഞ്ഞിട്ട് തിരിഞ്ഞ് നടന്നു…

ഡൈനിങ്ങ് റൂമിൽ ചെന്നപ്പോൾ അമലാമ്മ എല്ലാവർക്കും ഭഷണം വിളമ്പുന്നത് കണ്ടു…

“അനില നീ വന്നോ… മോള് വന്നിട്ടെ കഴിക്കുന്നുള്ളൂ എന്ന് പറഞ്ഞ് കിരണും ലക്ഷ്മിയും കഴിച്ചിട്ടില്ല…”

അമലാമ്മക്ക് കിരൺ സാറിന്റെ അമ്മയെ പരിചയം ഉണ്ടോ… അമലാമ്മയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെയാണ് ചോദിച്ചത്…

പെട്ടെന്ന് മുഖം എന്നിൽ നിന്ന് തിരിച്ച് അമലാമ്മ പറഞ്ഞു… “അവരെ എല്ലാം എനിക്കറിയാം, അന്ന് ഞാൻ പറഞ്ഞില്ലായിരുന്നോ.. കിരണിന്റെ അച്ഛൻ ഇവിടെ വരാറുണ്ടായിരുന്നു”…. പക്ഷെ എനിക്ക് എന്തോ ഒന്നും ഉൾകൊള്ളാനായില്ല…

“മോള് ചെന്ന് അവരെ ഫുഡ് കഴിക്കാൻ വിളിക്ക്”… അമലാമ്മ പെട്ടെന്ന് പറഞ്ഞു…

അവർ കഴിച്ചില്ലേ… എനിക്ക് അവരുടെ കൂടെ ഇരിക്കാൻ പറ്റില്ല…

“അനില… കിരൺ സമയമില്ലാത്തപ്പോൾ ഇതെല്ലാം നമ്മുക്ക് വേണ്ടി കൊണ്ടുവന്നതാ…കൂടെ ലക്ഷ്മിയും… അവർ നിന്നെ കാത്തിരുന്നതല്ലേ…പറ്റില്ലാന്ന് പറയാതെ”…

ഞാൻ ഒന്നും പറയാതെ അവരെ വിളിക്കാൻ നടന്നു….

“മോളെ നിന്റെ മുടി എന്താ അഴിച്ചിട്ടിരിക്കുന്നത്… ക്ലിപ്പ് എവിടെ” അമലാമ്മ ചോദിച്ചപ്പോൾ ഞാൻ പെട്ടെന്ന് മുടി ഒതുക്കി പിടിച്ചു… പണ്ട് മുതൽ മുടി കെട്ടിവെച്ച് മാത്രമേ അമലാമ്മ നടത്തുകയുള്ളൂ… ഒരിക്കലും അഴിച്ചിട്ടിട്ടില്ല…ഇടക്ക് ഡോമെട്രിയിലെ മങ്ങിയ കണ്ണാടിൽ ഓപ്പൺ ചെയ്യ്തിട്ട് നോക്കുന്നത് അല്ലാതെ മുടിയും എന്നെ പോലെ ക്ലിപ്പിനുള്ളിൽ ഒതുങ്ങി…

മുറ്റത്ത് കളിക്കുന്ന കുട്ടികളെ നോക്കി കിരൺ സാർ അമ്മയുടെ കൈയ്യ്കൾ പിടിച്ച് നിൽക്കുന്നത് കണ്ടപ്പോൾ മനസ്സ് വിങ്ങി…

“ആന്റി.. കഴിക്കാൻ വരൂ, അമലാമ്മ വിളിക്കുന്നു…” മടിച്ചാണ് വിളിച്ചത്…

പുഞ്ചിരിച്ച് കൊണ്ട് എന്റെ അടുത്ത് വന്ന് കവിളിൽ പിടിച്ച് ആന്റി പറഞ്ഞു… “അനില നല്ല സുന്ദരിയാണ് കേട്ടോ…”

എന്റെ നെഞ്ച് വല്ലാതെ പിടഞ്ഞു… എന്ത് വികാരമാണ് അതെന്ന് തിരിച്ചറിയാൻ പറ്റാതെ നിൽക്കുമ്പോൾ അവർ നടന്ന് അകന്നിരുന്നു…

“എന്താടോ, ഇവിടെ നിന്ന് ഒളിച്ച് കളിക്കുന്നത്” കിരൺ സാർ അടുത്ത് വന്ന് ചോദിച്ചു…

എന്റെ ക്ലിപ്പ്….

“അത് തൽക്കാലം തരുന്നില്ല… ഇങ്ങനെ കാണുമ്പോൾ ഒരു പ്രേത്യക ഭംഗിയാണ്…”

അമലാമ്മ വഴക്ക് പറയും… ഞാൻ മുഖത്ത് നോക്കാതെ പറഞ്ഞു….

“അമലാമ്മ വഴക്ക് പറയുന്നത് കൊണ്ടാണ് മുടി ഓപ്പൺ ചെയ്യ്തിടാത്തത് അല്ലേ, തനിക്ക് ഇഷ്ടം ആണെന്നർത്ഥം”…

അങ്ങനെ എനിക്കായ് ഇഷ്ടങ്ങൾ ഒന്നും ഇല്ല….

“അത് വെറുതെ… എത്ര വർഷങ്ങൾ ഞാനിവിടെ വന്നിട്ടുണ്ട്…. ഒരിക്കലെങ്കിലും താൻ ഞങ്ങളെ കണ്ടിട്ടുണ്ടോ… പുറത്ത് ഇറങ്ങില്ലാന്ന് ഉള്ള വാശി അല്ലായിരുന്നോ… അങ്ങനെ ഉള്ള അനുക്കുട്ടിക്ക് സ്വന്തം ഇഷ്ടങ്ങൾ ഇല്ലാന്ന് ഞാൻ വിശ്വസിക്കില്ല”…

എനിക്ക് ആരെയും വിശ്വസിപ്പിക്കേണ്ട ആവശ്യമില്ല… ഞാൻ തിരിഞ്ഞ് നടന്നു….

ഫുഡ് കഴിക്കാൻ ഇരിക്കുമ്പോൾ ആന്റി വന്ന് അടുത്തിരുന്നു… ആ സമീപ്യം എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തുന്നുണ്ടായിരുന്നു…

കിരൺ സാർ മുൻപിൽ ഇരുന്ന് ഫോണിൽ പണിയുന്നുണ്ട്.. അതുകൊണ്ട് ആ നോട്ടത്തിൽ നിന്ന് ഒഴിവായ സന്തോഷം എനിക്ക് ആശ്വാസമായി…

ആന്റി ഒത്തിരി സംസാരിക്കില്ലാന്ന് തോന്നി…എന്നെ പോലെ ആന്റിയെയും എന്തോ ചിന്തകൾ അലട്ടുന്നത് പോലെ…

അവർ ഇറങ്ങാറായപ്പോൾ കിരൺ സാർ വണ്ടിയിൽ നിന്ന് ഒരു കവർ എടുത്ത് കൊണ്ട് വന്ന് എന്റെ കൈയ്യിൽ തന്നു…

“കുറച്ച് പുസ്തകങ്ങളാണ്, തനിക്ക് വായിക്കാൻ വലിയ ഇഷ്ടമല്ലേ”… ഞാൻ അമലാമ്മയെ നോക്കി…

“അനില ഇത്രയും കാലം വായിച്ച ബുക്ക്സ് എല്ലാം കിരൺ കൊണ്ടുവന്ന് തന്നതാണ്” അമലാമ്മ ചിരിച്ച് കൊണ്ട് പറഞ്ഞു…

അതെനിക്ക് ഇതുവരെ അറിയില്ലായിരുന്നു… ഇത്ര കാലം ഇഷ്ടത്തോടെ ചേർത്ത് പിടിച്ചിരുന്നത് എല്ലാം ഇവരുടെ കൈയ്യിൽ നിന്ന് വന്ന് ചേർന്നതാണ്…. എനിക്കെന്തോ പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല… കവർ മേശമേൽ വെച്ച് റൂമിലോട്ട് നടന്നു… കിരൺ സാറിന്റെ ഫാമിലിക്ക് ഞാനുമായി എന്തെങ്കിലും ബന്ധം ഉണ്ടായിരിക്കുമോ…. അയാൾ അടുത്ത് വരുമ്പോൾ ഞാൻ വെറെ ആരോ ആയി മാറുന്നത് പോലെ….

അന്ന് പിന്നെ പുറത്തിറങ്ങിയില്ല…. രാത്രി അമലാമ്മ അടുത്ത് വന്നിരുന്നു… ഞാൻ വിഷമിച്ച് കിടക്കുമ്പോഴും, എന്നോട് എന്തെങ്കിലും സംസാരിക്കാൻ ഉള്ളപ്പോഴും അമലാമ്മ ഇങ്ങനെ വന്ന് ഇരിക്കാറുണ്ട്…

എന്താ അമലാമ്മാ… എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ…

“ലക്ഷ്മി വിളിച്ചിരുന്നു…. അവർക്ക് നിന്നെ കൊടുക്കാമോന്ന് ചോദിച്ചു”

അവരുടെ വരവ് കണ്ടപ്പോൾ ഞാനിത് പ്രതീക്ഷിച്ചതാണ്… എനിക്കിഷ്ടമല്ലാന്ന് അന്ന് പറഞ്ഞതല്ലേ… ഞാൻ എഴുന്നേറ്റിരുന്നു കൊണ്ട് ചോദിച്ചു….

“അങ്ങനെ അല്ല മോളെ… ഇതിലും നല്ലത് ഇനി വരില്ല”…

അത് സാരമില്ല… എനിക്ക് അത്ര നല്ലത് വേണ്ട… പിന്നെ ഞാൻ ആർക്കോ ഉണ്ടായ അനാഥയല്ലേ… അപ്പോ അർഹിക്കുന്നതേ ആഗ്രഹിക്കാവൂ…

“മോളുടെ ഇഷ്ടം… പക്ഷെ ഇത് നടന്നില്ലെങ്കിൽ അവർ ഇപ്പോൾ സ്പോൺസർ ചെയ്യുന്ന കുട്ടികളെ, അടുത്ത വർഷം മുതൽ സ്പോൺസർ ചെയ്യില്ലാന്ന് പറഞ്ഞിട്ടുണ്ട്” അമലാമ്മ വിഷമത്തോടെ പറഞ്ഞു….

മനസ്സിന്റെ കോണിൽ എവിടെയോ കിരൺ സാറിനോട് തോന്നിയ നനഞ്ഞ സ്പർശം നോമ്പരത്തോടെ ഉടഞ്ഞ് ഇല്ലാതായി…

അതൊക്കെ അവര് പേടിപ്പിക്കുന്നതല്ലേ… അങ്ങനെ ഒന്നും ചെയ്യില്ല…

“അവരങ്ങനെ ചെയ്യ്താൽ എന്ത് ചെയ്യും” അമലാമ്മ എന്നെ നോക്കി…

അതിന് എനിക്ക് ഉത്തരം നൽകാനായില്ല….

“മോള്… ഒന്ന് കൂടി ആലോചിച്ച് നോക്ക്”

ആലോചിക്കാൻ ഒന്നും ഇല്ലാന്ന് പറയണമെന്ന് തോന്നിയെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല….

ഉറക്കം പിന്നെ എന്നെ തേടി വന്നതെ ഇല്ല… രാവിലെ ഓഫീസിൽ ചെന്ന് കിരൺ സാറിനെ കണ്ട് സംസാരിക്കാൻ തീരുമാനിച്ചു,…

ഞാനുമായി അടുപ്പിക്കുന്ന എന്തൊ ഒന്ന് കിരൺ സാറിൽ ഉണ്ടെന്ന് ഉറപ്പായിരുന്നു…

💦💦💦💦💦💦💦💦💦💦💦💦💦💦💦💦

രാവിലെ ഓഫീസിൽ ചെന്ന് കിരൺ സാർ വരാൻ നോക്കി ഇരുന്നു…. പക്ഷെ സാർ വരുന്നത് കണ്ടപ്പോൾ തന്നെ ചോദിക്കാൻ വെച്ചിരുന്നത് മാഞ്ഞ് പോയതു പോലെ തോന്നി…

ഗീതുവിനെ വിളിച്ച് എനിക്ക് ഒന്ന് സംസാരിക്കണമെന്ന് സാറിന് പറയാമോന്ന് ചോദിച്ചു… “എന്താടി എന്തെങ്കിലും കുഴപ്പം ഉണ്ടോ” അവൾ പേടിയോടെ അന്വേഷിച്ചു…

ഒന്നും ഇല്ല… നിനക്ക് ടെർമിനേഷൻ ഒന്നും കിട്ടില്ല….

“ഓ… ആക്കിയതാണല്ലേ…” അവൾ പരിഭവിച്ചു…

എല്ലാം ഞാൻ പറയാം… നീ സാറിനോട് ഒന്ന് പറയുമോ…

കുറച്ച് കഴിഞ്ഞപ്പോൾ അവൾ വിളിച്ച് സാർ ക്യാബിനിലോട്ട് വിളിക്കുന്നുണ്ടെന്ന് പറഞ്ഞു…

വാതിൽ തുറന്ന് ചെല്ലുമ്പോൾ കണ്ടു ശാന്തമായി പുഞ്ചിരിച്ച് കൊണ്ട് എന്നെ നോക്കിയിരിക്കുന്നത്…ഇയാൾക്ക് ഇത്ര ശാന്തത എവിടുന്ന് കിട്ടുന്നു ആവോ….

“ഗുഡ് മോണിങ് അനില, എന്താടോ തനിക്ക് എന്നെ കാണണമെന്നോക്കെ തോന്നി തുടങ്ങിയോ”..

ഇന്നലെ അമലാമ്മ പറഞ്ഞു… ഞാൻ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ നിങ്ങൾ സ്പോൺഷർഷിപ്പ് ക്യാൻസൽ ചെയ്യുമെന്ന്… ശരിയാണോ…

“അതെ, ശരിയാണ്..” കിരൺ സാർ പെട്ടെന്ന് ഗൗരവത്തിൽ പറഞ്ഞു…

എനിക്കിനി എങ്ങനെ ചോദിക്കണമെന്ന് അറിയില്ലായിരുന്നു…യാചിച്ച് ആരോടും ഒന്നും ചോദിച്ചിട്ടില്ല ഇതുവരെ… കിട്ടാത്തത് വേണ്ടാന്ന് വെക്കാനറിയാം… ഇതിപ്പോൾ അങ്ങനെ അല്ലല്ലോ..

സാർ അങ്ങനെ ഒരു തീരുമാനം എടുക്കരുത്…

“ഞാൻ ഓൾറെഡി ഡിസിഷൻ എടുത്തു പോയി… അതിനി മാറ്റാൻ പറ്റില്ല…” യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ പറഞ്ഞു….

നിങ്ങൾക്ക് വെറെ പെണ്ണ് കിട്ടില്ലേ… അനാഥാലയത്തിൽ കിടക്കുന്ന എന്നെ തന്നെ കെട്ടണമെന്ന് ഇത്ര നിർബന്ധമെന്താ… അങ്ങനെ ചോദിക്കാനാണ് തോന്നിയത്….

കേട്ടപ്പോൾ ആളൊന്നു തലയുയർത്തി നോക്കി…. എന്റെ കണ്ണുകളിലെ ദേഷ്യം മനസ്സിലായെന്ന് തോന്നി…

എന്റെ അടുത്തോട്ട് എഴുന്നേറ്റ് വന്ന് പറഞ്ഞു…” തന്നെ വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്നവനാണ് ഞാൻ… തന്റെ സ്‌റ്റഡീസ് കഴിയട്ടെ എന്നോർത്താണ് ഇത്ര കാലം മുൻപിൽ വരാതെ ഇരുന്നത്…. അച്ഛന്റെ കൂടെ ഓർഫനേജിൽ വന്ന് കാണാൻ തുടങ്ങിയപ്പോൾ മുതൽ… തന്റെ ഒരോ വളർച്ചയും എന്റെ കൺമുമ്പിൽ തന്നെയായിരുന്നു… താൻ ഒന്നു ചുറ്റും നോക്കിയിരുന്നെങ്കിൽ എന്നെ കാണാമായിരുന്നു… പക്ഷെ ഒരിക്കലും തന്റെ തൊട്ട് അടുത്ത് ഉണ്ടായിട്ടും താൻ എന്നെ കാണാൻ ശ്രമിച്ചില്ല… ഇനി അത് നടക്കില്ല… അനു എന്ത് പറഞ്ഞാലും ഈ കല്യാണം നടക്കും…”

ഇല്ല… നടക്കില്ല… സ്വന്തം ജൻമബന്ധങ്ങൾ പോലും അറിയാത്ത എന്നെ പോലെ ഒരാളെ വേണോ സാറിന് ഭാര്യയാക്കാൻ….. നാളെ തെരുവിൽ അലയുന്ന ആരെങ്കിലും വന്ന് ഇവൾ എന്റെ മകളാണെന്ന് പറഞ്ഞാൽ സാറിനത് നാണക്കേടാവും… അപ്പോ തിരിഞ്ഞ് നോക്കിയിട്ട് കാര്യമില്ല….

“അങ്ങനെ ആരും വരില്ലാന്ന് എനിക്ക് ഉറപ്പുണ്ട്”

ഞാൻ ഞെട്ടി കിരൺ സാറിനെ നോക്കി…. സാർ എന്താ പറഞ്ഞത്…. അപ്പോ എന്റെ അച്ഛനും അമ്മയും ആരാണെന്ന് സാറിന് അറിയാം അല്ലേ…

അങ്ങനെയും പറയാം… ആൾ പുഞ്ചിരിച്ചു…

എനിക്ക് അലറി കരയാൻ ആണ് തോന്നിയത്…. പെട്ടെന്ന് തോന്നിയ സങ്കടത്തിൽ കിരൺ സാറിന്റെ ഷർട്ടിൽ പിടിച്ച് ഞാൻ ചോദിച്ചു… ആരാ അവർ… എന്നോട് ഒന്ന് പറയ്…

“ഇല്ല… അനു തന്നോട് പറയാൻ സമയമായിട്ടില്ല…”

എന്തിനാണ് നിങ്ങൾ നുണ പറയുന്നത്… സാറിന് അറിയില്ല… വെറുതെ പറയുന്നതാണ്…

“അല്ലടോ… തന്നെ വേദനിപ്പിക്കാൻ വേണ്ടി അല്ല… ഇനി അനു തന്നെ നഷ്ടപ്പെടാൻ വയ്യ… എന്റെ ഭാര്യയായി കൂടെ നിർത്തി ഞാൻ കാണിച്ച് തരാം തന്റെ ജൻമ ബന്ധങ്ങളെ…” എന്റെ നെറ്റിയിൽ അധരങ്ങൾ അമർത്തി സാർ അത് പറയുമ്പോഴാണ് ഞാൻ ആളുടെ ഷർട്ടിൽ പിടിച്ചാണ് ഇപ്പോഴും നിൽക്കുന്നതെന്ന് ഓർമ്മ വന്നത്… പെട്ടെന്ന് സാറിനെ തള്ളി മാറ്റി മാറി നിന്നു…

സാർ ഒരു പുഞ്ചിരിയോടെ എന്നെ നോക്കി ചോദിച്ചു…” ഇനി പറയ് എന്റെ ജീവന്റെ പാതിയാവാൻ തനിക്ക് സമ്മതമല്ലേ”

അല്ല… എനിക്ക് സമ്മതമല്ല….ഞാൻ തന്നെ കണ്ടുപിടിച്ചോളാം… എന്റെ അച്ഛനെയും അമ്മയെയും… ആരുടെയും സഹായം വേണ്ടാ… പറയുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു….

“എന്തിനാടോ ഈ വാശി”…

ഞാൻ മുഖം അമർത്തി തുടച്ച് ഒന്നും മിണ്ടാതെ നിന്നു….

“കരഞ്ഞ് വീർത്ത മുഖവുമായി സീറ്റിൽ പോകണ്ടാ… ഇന്നാ മുഖം തുടക്ക്”… ടിഷ്യു ബോക്സ് നീട്ടി കൊണ്ട് സാർ പറഞ്ഞു..

ഞാൻ അത് വാങ്ങാതെ ഇറങ്ങി വാഷ് റൂമിൽ ചെന്ന് കതകടച്ച് നിന്നു… മനസ്സിലെ തിരമാലകളെ ശാന്തമാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടുകൊണ്ടിരുന്നു….

കണ്ണുനീർ അടങ്ങിയപ്പോൾ ഒന്ന് തീരുമാനിച്ചിരുന്നു… സാറിന് എന്തൊക്കെയോ രഹസ്യങ്ങൾ ഉണ്ട്… കണ്ടുപിടിക്കണം…

സീറ്റിൽ പോയിരുന്ന് എക്സ്റ്റൻഷൻ ഫോണെടുത്ത് ഗീതുവിനെ വിളിച്ചു…”എന്താടി”… അവൾ ഫോണെടുത്ത് പതിഞ്ഞ സ്വരത്തിൽ ചോദിച്ചു…

“കിരൺ സാറിന്റെ വീട്ടിലെ അഡ്രസ്സ് ഒന്ന് തരാമോ…

“എന്തിന്”… അവൾ ഞെട്ടി ചോദിച്ചു…

എന്തിന് എങ്കിലും ആവട്ടെ നീ ഒന്ന് താ…

അവൾ പറഞ്ഞ് തന്ന അഡ്രസ്സ് എഴുതുമ്പോൾ കൈയ്യ്കൾ വിറക്കുന്നുണ്ടായിരുന്നു…

മടിച്ച് മടിച്ചാണ് എച്ച് ആറിൽ വിളിച്ച് ഹാഫ് ഡേ ലീവ് പറഞ്ഞത്… സാർ അറിയുമോന്ന് പേടിയും…

പെർമിഷൻ കിട്ടിയതും ബാഗ് എടുത്ത് ഓടുവായിരുന്നു… വഴിയിൽ കണ്ട ഓട്ടോക്ക് കൈയ്യ് നീട്ടി കയറുമ്പോൾ… അൻപത് രൂപാ കൈയ്യിൽ ഉണ്ടെന്ന ധൈര്യമായിരുന്നു… തിരിച്ച് നടന്ന് വരാമെന്ന് മനസ്സിൽ ഉറപ്പിച്ചു…

വലിയ ഒരു വീടിന്റെ മുമ്പിൽ ചെന്നിറങ്ങുമ്പോൾ മനസ്സിന്റെ വിറയൽ കാലുകളിലേക്കും ബാധിച്ചിരുന്നു…

“ആരാ” ഗെയ്റ്റിൽ നിന്ന സെക്യൂരിട്ടി ചോദിച്ചു…

“ഞാൻ കിരൺ സാറിന്റെ ഓഫീസിൽ വർക്ക് ചെയ്യുന്നതാ, അമ്മയുടെ കൈയ്യിൽ നിന്ന് ഒരു ഫയൽ വാങ്ങാൻ സാർ പറഞ്ഞിട്ട്”…

അയാൾ തുറന്ന് തന്ന ഗെയ്റ്റ് കടന്ന്… നടക്കുമ്പോൾ നെഞ്ചിടുപ്പ് വർദ്ധിച്ചു കൊണ്ടിരുന്നു…

കോളിങ്ങ് ബെല്ലടിച്ച് വാതിൽ തുറക്കുന്നത് കാത്ത് നിൽക്കുമ്പോൾ മനസ്സിലെ തിരമാലകൾ തീരത്തോട്ട് ആഞ്ഞടിക്കുന്നുണ്ടായിരുന്നു…

തുടരും…