ഷോപ്പിൽ ചെന്ന് വണ്ടി നിർത്തിയത് ഞാൻ അറിഞ്ഞിരുന്നില്ല…
” ഇറങ്ങ്, നമ്മൾ എത്തി” കിരൺ സാറിന്റെ ശബ്ദമാണ് എന്നെ ഉണർത്തിയത്…മുഖത്ത് നോക്കാൻ പറ്റാതെ ഞാൻ ഇറങ്ങി..
“അമ്മയും അമല സിസ്റ്ററും അകത്തുണ്ട്…” ഞാൻ ചോദിക്കുന്നതിന് മുൻപ് പറഞ്ഞ് ആള് നടന്നു…
ഇയാൾക്ക് എന്റെ മനസ്സ് വായിക്കാൻ എങ്ങനെ കഴിയുന്നു എന്നോർത്താണ് ഞാനും ഷോപ്പിൽ കയറിയത്…
സാരി സെക്ഷനിൽ ലക്ഷ്മി ആന്റി കുറെ സാരിയും പിടിച്ച് ഇരിപ്പുണ്ട്… അമലാമ്മ പിന്നെ ഇതിലൊന്നും താൽപര്യം ഉളള ആളല്ല…എന്റെ കാര്യം ആയതു കൊണ്ട് മാത്രം കൂടെ വന്നതാവും…
“നിങ്ങളു വന്നോ…അനില മോള് ഇങ്ങ് വന്നെ, ഇതിൽ ഏതാ മോൾക്ക് ഇഷ്ടം” എന്നെ കണ്ടതും ആന്റി ചോദിച്ചു…
ഞാൻ അമലാമ്മയെ നോക്കിയപ്പോൾ എടുക്കാൻ കണ്ണ് കൊണ്ട് കാണിച്ചു…
എനിക്ക്… ഇതൊന്നും അറിയില്ല… ആന്റി തന്നെ സെലക്ട് ചെയ്യ്താൽ മതി…
“അങ്ങനെ പറയതെ, അനില അല്ലേ ഉടുക്കുന്നത് അപ്പോ..മോളുടെ ഇഷ്ടത്തിനാണ് സാരി എടുക്കേണ്ടത്…” ആന്റി നിർബദ്ധിച്ചു…
പുറകിൽ എന്നെ തന്നെ നോക്കി രണ്ട് കണ്ണുകൾ നിൽക്കുന്നുണ്ടെന്ന് അറിയാവുന്നത് കൊണ്ട് ഒന്ന് തിരിഞ്ഞ് നോക്കി…നിറം മങ്ങിയ ഡ്രസ്സുകൾ ഇട്ട് ശീലമായതു കൊണ്ടാവാം എനിക്ക് കളറുകൾ ഒന്നും മനസ്സിലാകാത്തത് പോലെ…
പെട്ടെന്ന് കിരൺ സാർ എന്റെ അടുത്തോട്ട് വന്ന് ആന്റി സെലക്ട് ചെയ്തു വെച്ചിരുന്ന സാരികളിൽ രണ്ട് എണ്ണം എടുത്ത് കൈയ്യിൽ തന്നിട്ട് അടുത്തു നിൽക്കുന്ന സെയിസ് ഗേളിനോട് പറഞ്ഞു…
“ഇത് രണ്ടും ഡ്രൈ ചെയ്യ്ത് നോക്കൂ”
അവർ എന്നെ സാരി ഉടുപ്പിക്കുമ്പോൾ അമലാമ്മ നിറകണ്ണുകളോടെ എന്നെ നോക്കുന്നുണ്ടായിരുന്നു…
കിരൺസാറിന്റെ മുഖത്തോട്ട് ഞാൻ മനപൂർവ്വം നോക്കിയില്ല…
ആദ്യം ഉടുത്ത പിസ്താ ഗ്രീൻ കളറിൽ ആന്റിക് ബോർഡർ ഉള്ള സാരി ഉടുത്ത് മിററിന്റെ മുമ്പിൽ നിൽക്കുമ്പോൾ ഞാനും സാരിയും ഒട്ടും മാച്ചാവാത്തതു പോലെ തോന്നി… പക്ഷെ എന്നെ നോക്കി ഇരുന്ന കണ്ണുകളിൽ എല്ലാം സന്തോഷമായിരുന്നു…
“ഇത് നല്ല ഭംഗി ഉണ്ട്, ഒരെണ്ണം ഇത് മതി” ലക്ഷ്മി ആന്റി പറഞ്ഞു…
കിരൺ സാറിന്റെ കണ്ണുകളിലെ ഭാവം എന്നെ കൊത്തിവലിക്കുന്നുണ്ടായിരുന്നു…
സാരി ദേഹത്ത് നിന്ന് മാറ്റി അടുത്തത് എടുത്തപ്പോഴാണ് പ്രൈസ് ടാഗ് കണ്ടത്… ഏകദേശം എന്റെ മൂന്ന് മാസത്തെ സാലറി…എന്റെ ഞെട്ടൽ കിരൺ സാർ കണ്ടു എന്ന് തോന്നി…ആന്റി അത് എടുത്ത് ബ്ലൗസ് കട്ടു ചെയ്യാൻ പറഞ്ഞ് കഴിഞ്ഞിരുന്നു…
അടുത്ത സാരി ഉടുപ്പിക്കാൻ തുടങ്ങിയപ്പോൾ…ഞാൻ പെട്ടെന്ന് മാറി…
ആന്റി എനിക്ക് ഒരു സാരി മതി…
“റിസപ്ഷന് എന്നാൽ നമ്മുക് ലെഗങ്ക നോക്കാം…”
ആന്റി എന്റെ കൈയ്യിൽ പിടിച്ച് അടുത്ത സെക്ഷനിലോട്ട് നടന്നു…
ആന്റിയും അമലാമ്മയും നടന്നോളു… ഞാൻ വരാം…ആന്റിയുടെ കൈയ്യ്കൾ വിടുവിച്ച് ഞാൻ പുറകോട്ട് നിന്നു…
ഒന്നും അറിയാത്തതുപോലെ ഫോണിൽ നോക്കി വരുന്ന കിരൺ സാറിനോട് പിന്നെയും എനിക്ക് ദേഷ്യം തോന്നി…
“എന്താടോ… ഇങ്ങനെ നോക്കിയാൽ ഞാൻ കണ്ണിൽ കയറി പോകുമല്ലോ”
ആ സാരിയുടെ വില കണ്ടോ…?
“കണ്ടു… അതിന് ആണോ, ഇങ്ങനെ ദഹിപ്പിക്കുന്നത്…”
എനിക്ക് അത്രയും വിലയുടെ സാരി വേണ്ടാ, അത് ഉടുത്ത് കൊണ്ട് സന്തോഷത്തോടെ എനിക്ക് കല്യാണത്തിന് നിൽക്കാൻ പറ്റില്ല…
” അല്ലെങ്കിലും താൻ സന്തോഷത്തോടെ അല്ലല്ലോ കല്യാണത്തിന് നിൽക്കാൻ പോകുന്നത്”
ഞാൻ ഒന്നും മിണ്ടിയില്ല…”ആ സാരി ഉടുത്തപ്പോൾ എന്റെ അനു കുട്ടി എന്ത് സുന്ദരി ആയിരുന്നെന്നോ… ഈ സാരി എനിക്ക് വേണ്ടി താൻ ഉടുക്കണം”
എന്നാൽ എനിക്ക് ലെഹങ്ക വേണ്ടാ…
“അപ്പോ റിസ്പ്ഷന് എന്ത് ഇടും…”
ഈ സാരി ഉടുക്കാം, രജിസ്ട്രർ ചെയ്യാൻ പോകാൻ സാരി ഞാൻ വാങ്ങി കൊള്ളാം…
“തന്റെ ഇഷ്ടം… പക്ഷെ ഇനി മുതൽ തന്റെ ക്യാഷ് എന്റെ ക്യാഷ് എന്നൊന്നും ഇല്ല… എല്ലാം തനിക്ക് കൂടി സ്വന്തമാണ്”
എന്നാൽ ആ സാരി വാങ്ങണ്ടാ… ഞാൻ കൂർപ്പിച്ച് പറഞ്ഞു…
കിരൺ സാർ ചിരിച്ച് കൊണ്ട് എന്റെ കൈയ്യിൽ പിടിച്ചു…”ഇത് എനിക്ക് വേണ്ടി അല്ല, അമ്മക്ക് വേണ്ടി വാങ്ങണം, തന്നെ രാജകുമാരി ആക്കാൻ നടക്കുവാണ്”
ആര്, സാറണോ ആന്റി ആണോ…
“ഞങ്ങൾ, രണ്ട് പേരും” കിരൺ സാർ കണ്ണ് ചിമ്മി ചിരിച്ചു…”പിന്നെ ഈ സാർ വിളി ഇനി വേണ്ട”
ഞാൻ ഒന്നും പറയാതെ കൈയ്യിലെ പിടി വിടാൻ നോക്കി, പക്ഷെ അത് മുറുകിയതെ ഉള്ളൂ… എന്റെ കൈയ്യ്കളിൽ പിടിച്ച് ലക്ഷ്മി ആന്റിയുടെയും അമ്മയുടെയും അടുത്തോട്ട് ചെല്ലുമ്പോൾ അവരുടെ കണ്ണുകളിലെ സന്തോഷം എന്നിലും നിറഞ്ഞു…
“ലെഹങ്ക, വേണ്ടാന്ന് ആണമ്മേ അനു പറയുന്നേ, നമ്മുക്ക് ഒരു സിംപിൾ സാരി എടുക്കാം” കിരൺ സാർ പറഞ്ഞപ്പോൾ പിന്നെ ലക്ഷ്മി ആന്റി എന്നെ നിർബന്ധിച്ചില്ല…
ഓർഫനേജിൽ എല്ലാവർക്കും പുതിയ ഉടുപ്പുകൾ വാങ്ങാൻ കിരൺ സാർ ഉൽസാഹിക്കുന്നത് കണ്ടപ്പോൾ എന്നെ സന്തോഷിപ്പിക്കാനാണോ എന്ന് സംശയം തോന്നി… പക്ഷെ പെട്ടെന്ന് തന്നെ ഞാൻ ഓർത്തു, കിരൺ സാർ നേരത്തെയും വാങ്ങിയിട്ടുണ്ടല്ലോ… പണ്ട് എന്നെ തേടി വന്നിരുന്ന പുതിയ ഉടുപ്പുകൾ കിരൺ സാറിന്റെ അച്ഛന്റെ വക ആയിരുന്നോ…പിന്നെയും ചിന്തകൾ കാട് കയറി…
“എന്താടോ ആലോചിച്ച് കൂട്ടുന്നത്” കിരൺ സാർ അടുത്ത് വന്നിരുന്ന് ചോദിച്ചു…
ഒന്നും ഇല്ല… കഴിഞ്ഞെങ്കിൽ ഞങ്ങൾ പോക്കോട്ടെ…
“അങ്ങനെ പോയാൽ എങ്ങനെയാ, ഗോൾഡ് വാങ്ങണ്ടെ”
അത് സാർ തന്നെ വാങ്ങിയാൽ മതി, എനിക്ക് ഗോൾഡ് ഇട്ട് ശീലമില്ല…പിന്നെ എത്ര വാങ്ങിയാലും ഞാൻ ഒരു മാലയെ ഇടൂ, വാങ്ങുമ്പോൾ ഓർത്തോളൂ….
“സമ്മതിച്ചു” കിരൺ സാറിന്റെ മുഖഭാവം എന്നിൽ ചിരി വരുത്തി…
ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ചോദിച്ചു…”തനിക്ക് എന്നെ ഒട്ടും ഇഷ്ടമല്ലേ”
ഉത്തരം എന്റെ മനസ്സിലും ഇല്ലാന്ന് പറയാൻ തോന്നിയില്ല…
“സമയം ഉണ്ടല്ലോ.. പതിയെ ഇഷ്ടപ്പെട്ടാൽ മതിടോ…” ആള് എന്നെ നോക്കി പുഞ്ചിരിച്ചു…
ഹൃദയത്തിന്റെ കോണിൽ ഒരു നോവ് വന്ന് നിറയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…
തിരിച്ച് ഞങ്ങളെ ഓർഫനേജിൽ ആക്കാൻ വരുമ്പോൾ അമലാമ്മയുടെ കൂടെ ബാക്ക് സീറ്റിൽ ഇരിക്കുന്ന എന്നെ തേടി വരുന്ന കണ്ണുകളിലെ പ്രതീക്ഷ എന്നിൽ സന്തോഷവും സങ്കടവും നിറച്ചു…
കാറിൽ നിശബ്ദത ആയിരുന്നു…അമലാമ്മയും ലക്ഷ്മി ആന്റിയും ഞങ്ങൾ ഉള്ളപ്പോൾ ഒട്ടും സംസാരിക്കുന്നില്ലാന്ന് തോന്നി… ഞാൻ മാറി കടയിൽ ഇരുന്നപ്പോൾ വാ തോരാതെ രണ്ടാളും മിണ്ടുന്നത് കണ്ടതാണ്…
ഓർഫനേജിൽ ഇറങ്ങുമ്പോൾ കിരൺ സാർ പറഞ്ഞു…” അനു, നാളെ മുതൽ താൻ ഓഫീസിൽ വരണ്ടാ” ഞെട്ടി ഞാൻ സാറിനെ നോക്കി…
“രണ്ടാഴ്ച ലീവ് വിളിച്ച് പറയൂ…” ഇനി ഒരിക്കലും ഓഫീസിൽ പോകണ്ടാന്ന് പറയും എന്നോർത്ത് നിന്ന എന്നെ ആ വാക്കുകൾ അതിശയപ്പെടുത്തി…
ലക്ഷ്മി ആന്റിയോട് യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ എനിക്ക് കിരൺ സാറിനെ നോക്കാതിരിക്കാൻ കഴിഞ്ഞില്ല… ആ കണ്ണുകൾ മൗനമായി എന്നോട് പലതും പറയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…
💦💦💦💦💦💦💦💦💦💦💦💦💦💦💦💦
ഒരാഴ്ച പെട്ടെന്ന് പോയി, ഓർഫനേജിൽ കുട്ടികൾ എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു… എനിക്ക് പക്ഷെ ഇത്രയും നാൾ തോന്നാത്ത അത്ര അടുപ്പം എല്ലാവരോടും തോന്നി… ഒറ്റക്ക് കരഞ്ഞും പരിഭവം പറഞ്ഞും കഴിഞ്ഞിരുന്ന നാളുകളെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നത് പോലെ… എന്റെ ഏകാന്തതയിലെക്ക് ആരെയും അടുപ്പിക്കാൻ മനസ്സ് സമ്മതിക്കുന്നില്ല…
ഇടക്ക് ഒരു ദിവസം ഞാനും അമലാമ്മയും പോയി രജിസ്ട്രർ ചെയ്യാൻ പോകുമ്പോൾ ഉടുക്കാൻ ഉള്ള സാരി വാങ്ങി…. വെറെ ഒരു ഒരുക്കങ്ങളും ഞങ്ങൾക്ക് ഉണ്ടായില്ല… അമലാമ്മയുടെ നെഞ്ചിലെ പിടച്ചിൽ ഞാൻ അറിയുന്നുണ്ടായിരുന്നു… ആദ്യമായി ഇവിടെ വന്ന കുട്ടി ഞാനായത് കൊണ്ടാവും സ്വന്തം മോളായി തന്നെയാണ് അമലാമ്മ എന്നെ വളർത്തിയത്…
ഞായറാഴ്ച രാത്രി ഞാൻ അമലാമ്മയുടെ മുറിയിൽ പോയി കെട്ടിപ്പിടിച്ച് കിടന്നു… ഞങ്ങൾ പറയാതെ തന്നെ പലതും പറയുന്നുണ്ടായിരുന്നു… കരച്ചിൽ അടക്കാൻ രണ്ടാൾക്കും പറ്റുന്നുണ്ടായില്ല…
തിരിച്ച് ഞാൻ എണിറ്റ് പോകാൻ തുടങ്ങിയപ്പോൾ അമലാമ്മ എന്റെ കൈയ്യിൽ പിടിച്ചു…”കിരൺ നല്ല സ്നേഹമുള്ള കുട്ടിയാണ്, മോള് അവിടെ ചെന്ന് അറിയുന്ന കാര്യങ്ങൾ എന്തൊക്കെ അയാലും അത് നിങ്ങളുടെ ജീവിതത്തെ ബാധിക്കാൻ പാടില്ല…”
ഇല്ല, അമലാമ്മ അതൊന്നും ഓർത്ത് വിഷമിക്കണ്ടാ, എന്നെ അമലാമ്മക്ക് അറിയില്ലേ…
എന്നാലും ആ മുഖത്തെ ആശങ്ക എന്നിൽ സംശയങ്ങൾ നിറച്ചു…
ഞാൻ ഉറക്കം വരാതെ കട്ടിലിൽ ചുരുണ്ട് കൂടി കിടക്കുമ്പോഴാണ് അമലാമ്മയുടെ ഫോൺ എന്റെ കൈയ്യിൽ തന്നിട്ട് മാളു ഓടി പോയത്…
ഒരു വിറയലോടെ ഫോൺ ചെവിയിൽ വെക്കുമ്പോൾ കേട്ടു “എന്താടോ കരഞ്ഞ് കൊണ്ടിരിക്കുവാണോ”
അല്ല…
“പിന്നെ എന്താ സൗണ്ടിൽ ഇത്ര ഗൗരവ്വം”…
ഞാൻ ഉറങ്ങുവായിരുന്നു… അതിന്റെ അവും…
“നാളെ മുതൽ ഈ ഒളിച്ച് കളി നടക്കില്ല കേട്ടോ”
കുറച്ച് നേരം കഴിഞ്ഞ് ഞാൻ ഒന്നും പറയാത്തത് കൊണ്ടാവും… ഗുഡ് നൈറ്റ് പറഞ്ഞ് ഫോൺ വെച്ചു…
ഉറക്കം വരാതെ കിടക്കുമ്പോൾ എന്റെ വേരുകൾ എന്നിൽ എത്തി ചേരും എന്ന് തന്നെ വിശ്വസിക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു…
💦💦💦💦💦💦💦💦💦💦💦💦💦💦💦💦
തിങ്കളാഴ്ച രാവിലെ സാരി ഉടുത്ത് റെഡിയാകുമ്പോൾ ഒരു കല്യാണ പെണ്ണിന്റെ ആശങ്കകൾ ഒന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല…
അമലാമ്മ മാത്രമാണ് എന്റെ കൂടെ വരുന്നുള്ളൂ… ബാക്കി എല്ലാവരും റിസെപ്ക്ഷന് കിരൺ സാറിന്റെ വീട്ടിൽ വരും…
കിരൺ സാർ പറഞ്ഞ് വിട്ട വണ്ടിയിൽ കയറുമ്പോൾ ഓർഫനേജിനെ ഞാൻ തിരിഞ്ഞ് നോക്കി… വല്ലാതെ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു…
രജിസ്ട്രർ ഓഫീസിന്റെ മുമ്പിൽ കിരൺ സാറും ലക്ഷ്മി ആന്റിയും വെറെ നാല് പേരും ഉണ്ടായിരുന്നു…
കിരൺ സാർ മുണ്ടും ഷർട്ടും ഇട്ട് നിൽക്കുന്നത് ഞാൻ കണ്ണെടുക്കാതെ നോക്കി നിന്നു…
എന്നെ സാറിന് ചേരുന്നില്ലാന്ന് പിന്നെയും തോന്നി…
ലക്ഷ്മി ആന്റി വന്ന് ചേർത്ത് പിടിച്ചു…. ഞാൻ ചിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു… ഒരു വിറയൽ എന്നിൽ വന്ന് നിറഞ്ഞു… കിരൺ സാറിനെ പിന്നെ നോക്കാൻ സാധിച്ചില്ല…
സൈൻ ചെയ്യാൻ നിൽക്കുമ്പോൾ എന്റെ കൈയ്യിൽ സാർ അമർത്തി പിടിച്ചു… അതെനിക്ക് നൽകിയ ആശ്വാസം വലുതായിരുന്നു… സൈൻ ചെയ്യുമ്പോൾ കൈകൾ വിറച്ചു കൊണ്ടിരുന്നു…
തിരിച്ച് അമലാമ്മ തനിയെ കാറിൽ കയറി പോകുന്നത് നെഞ്ച് പൊട്ടുന്ന വേദനയോടെ ഞാൻ നോക്കി നിന്നു…
അമലാമ്മ എന്റെ മുമ്പിൽ കരയാത്തതാണെന്ന് ഞാനറിയുന്നുണ്ടായിരുന്നു… ആ നെഞ്ചിലെ വിങ്ങൽ എന്നിലും വന്ന് തങ്ങി നിന്നു…
കിരൺ സാറിന്റെ വണ്ടിയിൽ ലക്ഷ്മി ആന്റി എന്നെ കയറ്റി ഇരുത്തി… ആന്റി വേറെ കാറിൽ വരാമെന്ന് പറഞ്ഞ് ഡോറടച്ചു…എനിക്കൊന്ന് പൊട്ടിക്കരയണമെന്ന് തോന്നി…
കിരൺ സാർ കയറി കാറെടുത്തപ്പോൾ ഞാൻ പുറത്തോട്ട് തന്നെ നോക്കിയിരുന്നു…
” കരച്ചിൽ ഒക്കെ നിർത്തി നല്ല കുട്ടി ആയിട്ട് വീട്ടിൽ കയറണം കേട്ടോ” എന്റെ കൈയ്യ്ളിൽ കൈയ്യ് ചേർത്ത് സാർ പറഞ്ഞു…
ആ സ്നേഹവും എനിക്ക് വീർപ്പുമുട്ടൽ ഉണ്ടാക്കി… അർഹിക്കാത്തത് എന്തോ ഒന്ന് നേടിയത് പോലെ….
ആ വലിയ വീടിന്റെ ഗേയ്റ്റ് കടക്കുമ്പോൾ ഞാൻ കണ്ണുകൾ അമർത്തി തുടച്ചു…
” അനു, ഇനി മുതൽ ഇത് തന്റെ വീട് ആണ്, ഇന്ന് ഇവിടെ വന്നിരിക്കുന്നവർ എന്ത് പറഞ്ഞാലും ഈ ലോകത്ത് എനിക്ക് ഏറ്റവും വിലപ്പെട്ടത് താൻ മാത്രമാണ്… എന്റെ ജീവന്റെ പാതിയായി നിറഞ്ഞ മനസ്സോടെ ഇറങ്ങണം” കാർ നിർത്തി എന്റെ മുഖം കൈയ്യ് കുമ്പിളിൽ എടുത്ത് നെറ്റിയിൽ അധരങ്ങൾ ചേർത്ത് കിരൺ സാർ പറഞ്ഞപ്പോൾ ആ വാത്സല്യം ഞാൻ ആസ്വദിച്ചു….
തുടരും…