ചില പിന്നാമ്പുറ കാഴ്ചകൾ – രചന: ശാലിനി മുരളി
മോൾ വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞത് കേട്ടപ്പോൾ തുടങ്ങിയ പണികളാണ് അമ്മയ്ക്ക്.
രാവിലെ എഴുന്നേറ്റു അടുക്കളയിൽ തട്ടും മുട്ടും കേട്ടപ്പോൾ അനുവാണെന്ന് ഓർത്ത് തല പൊക്കി നോക്കിയപ്പോൾ അവൾ അരികിൽ സുഖമായുറങ്ങുന്നു !
അവളെ കുലുക്കി വിളിച്ചപ്പോൾ ഒന്നുകൂടി പുതപ്പിനടിയിലേക്ക് ചുരുണ്ടു കൂടി.
“എന്താ ഏട്ടാ മക്കൾക്ക് അവധിയല്ലേ കുറച്ചു നേരം കൂടിയൊന്നു കിടന്നോട്ടെ. “
“എടീ അടുക്കളയിൽ എന്തൊക്കെയോ അനക്കമൊക്കെ കേൾക്കുന്നു..”
“ഓഹ്. അത് അമ്മയായിരിക്കും.
ഇന്നല്ലേ ദീപു വരുന്നത്.. “
ശരിയാണല്ലോ. ആ കാര്യം ഓർത്തില്ല.
അമ്മമാർ അങ്ങനെ ആണ്. കെട്ടിച്ചു വിട്ട പെണ്മക്കൾ വീട്ടിൽ വിരുന്നിന് എത്തുമ്പോൾ എന്ത് കൊടുത്താലും മതിയാവില്ല.
അയാൾക്ക് പിന്നെ കിടക്കാൻ തോന്നിയില്ല.
അടുക്കളയിൽ അമ്മ തകൃതിയായി എന്തൊക്കെയോ പണികളാണ്. അടുപ്പിൽ അരിക്കലം തിളച്ചു തൂവുന്നു.
ഇഢലിക്കുള്ള മാവ് തട്ടിൽ ഒഴിച്ച് കൊണ്ട് നിൽക്കുന്ന അമ്മയെ നോക്കി നിൽക്കുമ്പോൾ അയാളുടെ മനസ്സിലേക്ക് പഴയ ആ കാലങ്ങളൊക്കെ ഓടി വന്നു..
ഒരിക്കലും ഒരിടത്തും ഇരുന്ന് കണ്ടിട്ടില്ല. എപ്പോഴും അടുക്കളയിൽ വിഭവങ്ങളുടെ നിറഞ്ഞ ഗന്ധവും. പക്ഷേ തന്റെ കല്യാണം കഴിഞ്ഞതോടെ അമ്മയങ്ങനെ അടുക്കളയിൽ കേറുന്നത് വിരളമായിട്ടായിരുന്നു.
“അമ്മയെന്തിനാ ഈ തണുപ്പത്ത് എഴുന്നേറ്റ് ഇതൊക്കെ ചെയ്യുന്നത് ? അനു എല്ലാം ചെയ്യുമല്ലോ.. “
“അവൾ എന്നും ഇതൊക്കെ ചെയ്യുന്നതല്ലേ.
ഇന്ന് ദീപു വരുമ്പോഴേക്കും ജോലിയെല്ലാം തീർത്തു വെച്ചാൽ എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഒക്കെ ഇരിക്കാല്ലോ.. “
പിന്നെ ഒന്നും പറയാൻ നിന്നില്ല.
മുറിയിലെ ഭിത്തിയലമാരയിൽ നെറ്റിയിലെ സ്റ്റിക്കർ പൊട്ടെടുത്തു ഒട്ടിച്ചു വെച്ച് കൊണ്ട് അനു മുറുമുറുത്തു..
“അതൊന്നുമല്ല ഏട്ടാ. ഞാൻ വെയ്ക്കുന്ന കറികൾക്കൊന്നും രുചി പോരാഞ്ഞിട്ടാണ് മോൾക്ക് സ്വന്തം കൈകൊണ്ട് ഈ വയ്യാത്ത കാലും വെച്ച് എല്ലാം ചെയ്യുന്നത്.. “
അവൾക്ക് മറുപടി കൊടുക്കാൻ തോന്നിയില്ല.
അല്ലെങ്കിലും ഈ പെണ്ണുങ്ങളുടെ സൗന്ദര്യ പിണക്കത്തിൽ ഇടപെടാൻ അയാൾക്ക് തീരെ താല്പ്പര്യവും ഉണ്ടായിരുന്നില്ല. ഇടയ്ക്കിടെ രണ്ട് പേരും ഓരോന്ന് പറഞ്ഞു കോർക്കുന്നത് കണ്ട് ഒരു വടി കിട്ടിയിരുന്നെങ്കിൽ എല്ലാത്തിനെയും അടിച്ചോടിക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.
അനു കുളിയും കഴിഞ്ഞ് അടുക്കളയിൽ എത്തുമ്പോഴേക്കും അമ്മ എല്ലാം തയാറാക്കി കഴിഞ്ഞിരുന്നു.. ഇനിയിപ്പോൾ തന്റെ ഒരാവശ്യവും ഇല്ലല്ലോ എന്നോർത്ത് കൊണ്ട്കറികൾ മൂടി വെച്ച അടപ്പുകൾ ഓരോന്നും തുറന്നു നോക്കിയപ്പോൾ അവൾക്ക് അതിശയം തോന്നി. ഇഡലിയും സാമ്പാറും ചമ്മന്തിയും പിന്നെ അവിയൽ തോരൻ മെഴുക്കുപുരട്ടി, മീൻ പൊരിച്ചതും കറി വെച്ചതും..
കൊള്ളാം ! താനിവിടെ ഒറ്റയ്ക്ക് മരിച്ചു പണിതാൽ പോലും ഒന്ന് എത്തിനോക്കാത്ത ആളാണ് കണ്ണ് കീറുന്നതിനു മുൻപ് എഴുന്നേറ്റ് ജോലിയെല്ലാം തീർത്തത്..
അല്ലെങ്കിലും മകളുടെ അത്രയും സ്നേഹം മരുമകളോട് ഉണ്ടാവില്ലല്ലോ..എന്തൊക്കെ ചെയ്തു കൊടുത്താലും പിന്നെയും കൂറ് വല്ലയിടത്തും !
ദീപു എന്ന ദീപ്തി ഏട്ടന്റെ ഒരേയൊരു പെങ്ങളാണ്. കുറച്ചു ദൂരെ ആണ് അവളെ വിവാഹം കഴിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ എപ്പോഴും ഓടിവരാനും അവൾക്ക് പറ്റില്ല. മക്കൾക്ക് വേനലവധി തുടങ്ങിയപ്പോൾ കിഷോർ അവളെയും കുട്ടികളെയും ഇവിടെ കുറച്ചു നാളത്തേക്ക് കൊണ്ട് ആക്കാൻ വരുന്നു എന്ന് രണ്ട് ദിവസം മുൻപേ ആണ് ഏട്ടനെ വിളിച്ചു പറഞ്ഞത്..കുട്ടികൾക്ക് അമ്മൂമ്മയുടെയും ഇവിടുത്തെ മക്കളുടെ കൂടെയും കുറേ ദിവസം നിൽക്കണം പോലും…അന്ന് കേട്ടപ്പോൾ തുടങ്ങിയ ഉത്സാഹം ആണ് അമ്മയ്ക്ക്..
ഉച്ചയ്ക്ക് മുൻപ് എത്തിയ അവരുടെ ബഹളങ്ങളിൽ കുറച്ചു നേരം പങ്ക് കൊണ്ടിട്ടു മുറിയിലേക്ക് പോകുമ്പോൾ ദീപു നേർത്ത സ്വരത്തിൽ അമ്മയോട് ചോദിച്ചു..
“ഇപ്പൊ ആളെങ്ങനെ ഉണ്ട് അമ്മേ.. “
“ഓഹ്. നായയുടെ കുഴല് അങ്ങനെ വല്ലോം നിവരുമോ. ഇന്ന് ഞാൻ വെളുപ്പിനെ എഴുന്നേറ്റു ജോലി ചെയ്തത് കൊണ്ട് എല്ലാം തീർന്നു. അല്ലേൽ മൂന്ന് മണിയായാലും ചോറ് കാലമാവില്ല.. “
“ഇവിടെയേ ഇതൊക്കെ നടക്കൂ. കിഷോറേട്ടന്റെ അമ്മ പൊരിഞ്ഞ സാധനമാണ്. ഒരിടത്തും വെറുതെ ഇരുത്താൻ സമ്മതിക്കില്ല. എപ്പോഴും അവർക്ക് ഞാൻ എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കണം..ഉച്ചക്ക് വെച്ചതൊന്നും രാത്രിയിൽ കഴിക്കില്ല. എല്ലാം പുതിയ കറികൾ ഉണ്ടാക്കണം..ഹോ മടുത്തു.”
“യ്യോ മോളെ അങ്ങനെയൊന്നും പറയല്ലേ.
നീ അങ്ങനെ വിട്ടു കൊടുക്കാൻ നിന്നിട്ടാണ്.
ഇരുപത്തി നാല് മണിക്കൂറും അടുക്കളയിൽ കിടന്നു നരകിക്കാനല്ല നിന്നെ ഇത്രയും പൊന്നും പണവും കൊടുത്തു കെട്ടിച്ചു വിട്ടത്.
പറയേണ്ടത് അപ്പപ്പോൾ പറയണം..
എല്ലാത്തിനെയും നിന്റെ ചൊൽപ്പടിക്ക് നിർത്തുന്നത് നിന്റെ മിടുക്ക് പോലിരിക്കും..”
അലക്കാനുള്ള തുണിയുമായി മുറിയിൽ നിന്ന് ഇറങ്ങിയ അനുവാണ് അതിനു മറുപടി കൊടുത്തത്..
“അതെയതെ. പെൺകുട്ടികളായാൽ അങ്ങനെതന്നെ വേണം. പക്ഷേ ഇവിടെ ആ പണിയൊന്നും നടക്കിലെന്റെ ദീപൂട്ടിയെ “
വിളറിപ്പോയ മുഖത്തോടെ അമ്മ ദീപുവിനെ ഒളികണ്ണിട്ടു നോക്കുന്നത് കണ്ടപ്പോൾ ഒരു സന്തോഷം തോന്നി.
നല്ല അമ്മയും മോളും !!എന്തൊരു ഉപദേശം ആണ്. മകൾ കെട്ടിച്ചു വിട്ടിടത്തു പോയി അവിടുള്ളവരെ ഭരിച്ചോണം. പക്ഷേ നിറയെ സ്ത്രീധനവും കൊണ്ട് വന്ന മരുമകൾ ഒന്നും മിണ്ടാതെ എല്ലാ ജോലിയും ചെയ്‌തോണം.. കൊള്ളാം അമ്മേ കൊള്ളാം !!
അവൾ ഉള്ളിലെ ദേഷ്യം മുഴുവനും അലക്ക് കല്ലിനോട് തീർക്കുമ്പോൾ എടിയേ നാളെയും വേണ്ടതാണ് ആ തുണിയൊക്കെ കേട്ടോ !
ഒരശരീരി കേട്ടിടത്തേക്ക് നോക്കിയപ്പോൾ ഏട്ടൻ ജനാലയിലൂടെ നോക്കി ചിരിയമർത്തുന്നു !
അതുകണ്ട് ഇരട്ടിച്ച ദേഷ്യത്തോടെ അവൾ വീണ്ടും വീണ്ടും പാവം വിഴുപ്പുകളെ തല്ലി തകർത്തു കൊണ്ടിരുന്നു..