തീരങ്ങൾ – ഭാഗം 10, രചന: രഞ്ചു ആൻ്റണി

കാറിൽ നിന്ന് ഇറങ്ങിയപ്പോൾ മനസ്സിൽ വല്ലാത്ത വെപ്രാളം നിറഞ്ഞിരുന്നു…കൊടും കാട്ടിൽ ഒറ്റപ്പെട്ടു പോയതു പോലെ…ചുറ്റും നിൽക്കുന്നവർ എന്നെ തുറിച്ച് നോക്കുന്നത് പോലെ….അടുത്ത നിമിഷം എന്റെ കരങ്ങളിൽ കൈയ്യ്കൾ ചേർത്ത് ആള് എന്നെ സുരക്ഷിതമാക്കി…

“താൻ ഇങ്ങനെ പേടിക്കാതെ, വീട്ടിൽ കുറച്ച് പേരെ വന്നിട്ടുള്ളൂ… എല്ലാവരും ഈവനിങ് റിസപ്ഷന് വരും… ഇപ്പോളെ ഇങ്ങനെ പേടിച്ച് വിറച്ചാൽ എങ്ങനെയാ”

കളിയാക്കി പറഞ്ഞു കൊണ്ട് എന്റെ കൈയ്യ്കളിൽ പിടിച്ച് കിരൺ സാർ ഉമ്മറത്തോട്ട് നടന്നു…ലക്ഷ്മി ആന്റി നിലവിളക്ക് കൊളുത്തി വാതിക്കൽ നിൽക്കുന്നുണ്ടായിരുന്നു…

നിലവിളക്ക് കൈയ്യിൽ തന്ന് അകത്തോട്ട് കയറി വരാൻ ആന്റി പറഞ്ഞപ്പോൾ ഞാൻ നിറകണ്ണുകളോടെയാണ് നിലവിളക്ക് വാങ്ങിയത്…

അകത്ത് കയറി ആന്റി പറഞ്ഞിടത്ത് വിളക്കുവെച്ചു…

“രണ്ടു പേരും ഇവിടെ ഇരിക്ക്…” ഞങ്ങളെ സെറ്റിയിൽ ഇരുത്തി ആന്റി പാൽ മധുരം വായിൽ വെച്ച് തന്നു…

അപ്പോളെക്കും അന്ന് ഓർഫനേജിൽ വന്ന് പരിചയമുള്ള ഒന്ന് രണ്ട് മുഖങ്ങളും, വെറെ രണ്ട് പേരും ഓപ്പോസിറ്റ് വന്നിരുന്നു…

ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു… ചെറിയ ഒരു കുട്ടി മാത്രം പുഞ്ചിരി തിരിച്ച് നൽകി…പിന്നെ അങ്ങോട്ട് നോക്കാൻ തോന്നിയില്ല…

“എല്ലാവരും അച്ഛന്റെ ഫാമിലിയാണ്…” കിരൺ സാർ പറഞ്ഞപ്പോൾ ഞാൻ തലയാട്ടി… അവർ പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നുണ്ട്… എനിക്ക് ചെവിൽ ഒരു മൂളൽ മാത്രം കേൾക്കുന്നത് പോലെ തോന്നി… എങ്ങനെയും ഇവിടുന്ന് രക്ഷപ്പെടാൻ മനസ്സ് വെമ്പി…

“റിസപ്ഷനും അനില ഈ കോലത്തിൽ ആണോ നിൽക്കാൻ പോകുന്നത്”… ആരോ ചോദിക്കുന്നത് കേട്ടപ്പോൾ തല ഉയർത്തി… പക്ഷെ ഒന്നും പറയാൻ തോന്നിയില്ല… കിരൺ സാർ എന്റെ കൈയ്യ്കളിൽ കരങ്ങൾ അമർത്തി…

“അനു.. താൻ മുറിയിൽ പോയ് റെസ്റ്റ് എടുത്തോളൂ” കിരൺ സാറിന്റെ ശബ്ദം എന്നെ നടുകടലിൽ നിന്ന് രക്ഷിച്ച പോലെ ആശ്വസിപ്പിക്കുന്നതായിരുന്നു…

ആൻറിയെ വിളിച്ച് എന്നെ റൂമിലാക്കാൻ പറഞ്ഞപ്പോൾ ഞാൻ വേഗം എഴുന്നേറ്റ് ആന്റിയുടെ ഒപ്പം നടന്നു…

“മോൾക്ക്… ഇവിടെ പരിചയമാകാൻ സമയമെടുക്കുമെന്ന് അറിയാം … കുറച്ച് നേരം റെസ്റ്റ് എടുത്തോളൂ, ലഞ്ച് കഴിക്കാൻ വിളിക്കാട്ടോ” മുകളിലെ കിരൺ സാറിന്റെ മുറിയുടെ വാതിൽ തുറന്ന് കൊണ്ട് ആന്റി പറഞ്ഞു…

ശരി ആന്റി…

“ആന്റി അല്ല… ഇനി മുതൽ അമ്മയാണ്…അങ്ങനെ വിളിച്ചാൽ മതി” ആന്റി പുഞ്ചിരിച്ചു കൊണ്ട് താഴോട്ട് പോയി…

വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ ആ വലിയ മുറിയിൽ എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ നിന്നു…. ഇത്ര കാലം ഒറ്റക്ക് ആയിരുന്നെങ്കിലും ഇപ്പോ കൂടുതൽ ഒറ്റപ്പെട്ടതുപോലെ…

വലിയ കട്ടിലും, ഡ്രസ്സിങ് ടേബിളും എല്ലാം ഭംഗിയായി സൂക്ഷിച്ചിരിക്കുന്ന മുറി…ബാൽക്കണിയുടെ ഗ്ലാസ്സ് ഡോറിനോട് ചേർന്ന് ഒരു ഹങ്ങിഗ് ചെയർ കണ്ട് അതിൽ കയറി ഇരുന്നു… ഇത്രയും സുഖമുള്ള ഒരു ചെയറിൽ ഞാൻ ഇന്ന് വരെ ഇരുന്നിട്ടില്ല…പെട്ടെന്ന് ഓർഫനേജിലെ എന്റെ ചെറിയ കട്ടിലും ഒട്ടും മയമില്ലാത്ത ബെഡും ഓർമ്മ വന്നു… ചെയർ പതിയെ ആടുന്നുണ്ടാരുന്നു… കണ്ണുകൾ അറിയാതെ അടഞ്ഞ് പോയി…

നെറ്റിയിൽ ആരോ തലോടുന്നത് അറിഞ്ഞ് കണ്ണ് തുറന്നപ്പോൾ കിരൺ സാർ… ചാടി ഇറങ്ങിയതും ചെയർ ബാക്കിലോട്ട് നീങ്ങി… വീഴാൻ തുടങ്ങിയ എന്നെ ഇടുപ്പിൽ പിടിച്ച് ചേർത്ത് നിർത്തി…

” അനു താൻ ഇങ്ങനെ വെപ്രാളപ്പെടാതെ….” എന്റെ മുടി ഒതുക്കി വെച്ച് കിരൺ സാർ പറഞ്ഞു…

ഞാൻ ഉറങ്ങിപ്പോയി…സോറി…

“അതിന് എന്തിനാടോ സോറി… തനിക്ക് എന്നാൽ ബെഡിൽ കിടന്ന് ഉറങ്ങികൂടായിരുന്നോ” കിരൺ സാർ എന്റെ താടിയിൽ പിടിച്ച് മുഖം ഉയർത്തി…ആ കണ്ണുകളെ നേരിടാൻ എനിക്ക് സാധിച്ചില്ല…..

പെട്ടെന്ന് പിടഞ്ഞ് മാറി..

“വാ…. ലഞ്ച് കഴിക്കാം..”

എനിക്ക് വിശക്കുന്നില്ല…

“അതെന്താ വിശക്കാത്തെ… താഴെ ഉള്ളവരെ പേടിച്ച് ഇവിടെ ഒളിച്ചിരിക്കുന്നതാണോ”..

ഞാൻ ഒന്നും മിണ്ടിയില്ല… അത് തന്നെ ആയിരുന്നു കാരണം… ഇനിയും അവർ എന്തെങ്കിലും പറഞ്ഞാൽ സഹിക്കാൻ പറ്റില്ലാന്ന് തോന്നി…

“താൻ വന്നേ… ഇപ്പോ തന്നെ റെഡി ആക്കാൻ ആള് വരും… അതിന് മുമ്പ് ഫുഡ് ഒക്കെ കഴിച്ച് മിടുക്കി ആവണം… റിസപ്ഷന് സുന്ദരി ആയി നിൽക്കണ്ടതല്ലേ…” എന്റെ കൈയ്യിൽ പിടിച്ച് റൂമിന്റെ പുറത്തോട്ട് കൊണ്ടു പോകുമ്പോൾ സാർ പറഞ്ഞു…

താഴെ ചെല്ലുമ്പോൾ കൂടുതൽ ആള് വന്നിട്ടുണ്ട്…എല്ലാവരുടെയും കണ്ണിൽ പുഛം നിറഞ്ഞു നിൽക്കുന്നു…

എന്നെ ഡൈനിങ്ങ് ടേബിളിന്റെ ചെയറിൽ ഇരുത്തി കിരൺ സാറും അടുത്ത് ഇരുന്നു….

“മോള്… എഴുന്നേറ്റോ… അമ്മ വന്ന് നോക്കിയപ്പോൾ നല്ല ഉറക്കം ആയിരുന്നു… അതാ വിളിക്കാതെ ഇരുന്നത്” ലക്ഷ്മി ആന്റി പറഞ്ഞു…

ഞാൻ ആന്റിയെ നോക്കി പുഞ്ചിരിച്ചു… അമ്മ എന്ന് വിളിക്കാൻ എനിക്ക് സാധിക്കാത്തത് പോലെ… എങ്ങനെ വിളിക്കുമെന്ന് അറിയില്ല… എന്നെങ്കിലും സ്വന്തം അമ്മയെ കണ്ടാൽ മാത്രമേ “അമ്മ” എന്ന വാക്ക് വിളിക്കൂ എന്ന് ഓർത്തിരുന്നു… അമലാമ്മയെ പേര് ചേർത്ത് വിളിക്കുന്നതും അതുകൊണ്ടാണ്… ഇനി കിരൺ സാറിന്റ അമ്മ എന്റെയും അമ്മ അല്ലേ… എന്നാലും…

“അനു…സ്വപ്നം കാണാതെ ഫുഡ് കഴിക്കൂ” കിരൺ സാറിന്റെ ശബ്ദം കാതിൽ കേട്ടപ്പോൾ പെട്ടെന്ന് ഞെട്ടി… നോക്കിയപ്പോൾ പ്ലേറ്റ് നിറയെ എന്തൊക്കെയോ വിളമ്പി നിറച്ചിട്ടുണ്ട്…

ഞാൻ ഇത്രയും കഴിക്കാറില്ല… ലക്ഷ്മി ആന്റിയോട് പറഞ്ഞു…

“അതൊന്നും പറഞ്ഞാൽ പറ്റില്ല… കഴിക്കണം, ഇനി മുതൽ അമ്മ വിളമ്പുന്നത് കഴിച്ചിട്ട് എഴുന്നേറ്റാൽ മതി… അനുമോള് കുറച്ച് കൂടി വണ്ണമൊക്കെ വെക്കണം…”

“അമ്മ പറയുന്നത് കേട്ട് താൻ വേണ്ടാതെ ഇത് മൊത്തം കഴിക്കാൻ നിൽക്കണ്ടാ കേട്ടോ”

“അതെന്താ കിച്ചു… അനില നല്ല ഭഷണം കഴിച്ചാൽ വയറ് ചീത്ത ആകും എന്നോർത്താണോ… ഇത്ര കാലം എച്ചിൽ കഴിച്ചതല്ലേ… ദഹിക്കാൻ പാടായിരിക്കും”…വന്നപ്പോൾ മുതൽ കുത്ത് വാക്ക് പറയുന്ന സ്ത്രീ ചോദിച്ചു… എന്റെ തൊണ്ടയിൽ ഭഷണം കുരുങ്ങി കഴിഞ്ഞിരുന്നു… ഇറക്കാൻ പറ്റുന്നില്ല…കൂടെ വല്ലാത്ത വീർപ്പ് മുട്ടലും… .

“വല്യമ്മ കഴിച്ച് കഴിഞ്ഞെങ്കിൽ എഴുന്നേറ്റോ കേട്ടോ…” കിരൺ സാർ ശാന്തനായി പറഞ്ഞു…

ലക്ഷമി ആന്റി ഒന്നും പറയാതെ അടുക്കളയിലോട്ട് പോകുന്നത് കണ്ടു… ഞാൻ വല്ലാതെ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്നു… ഭഷണം ഒരു വറ്റ് പോലും കളയാതെ ആണ് കുഞ്ഞിലെ മുതൽ കഴിച്ച് പഠിച്ചിരിക്കുന്നത്… അല്ലെങ്കിൽ കളയാൻ മാത്രം കിട്ടാറില്ലായിരുന്നു… അതാവും ശരി..
അതുകൊണ്ട് കളയാനും മനസ്സ് വരുന്നില്ല…

വല്യമ്മ ദേഷ്യത്തോടെ എഴുന്നേറ്റ് പോയി… അന്ന് ഓർഫനേജിൽ വന്നപ്പോൾ ദേഷ്യപ്പെട്ട വല്യഛന്റെ ഭാര്യ ആണെന്ന് തോന്നുന്നു… എല്ലാവരും എന്നെ അറിഞ്ഞ് കൊണ്ട് വേദനിപ്പിക്കുന്നതാകില്ല… അനുജന്റെ മകൻ നല്ല ഒരു കുടുംബത്തിൽ നിന്ന് കല്യാണം കഴിക്കണമെന്ന് അവരും ആഗ്രഹിച്ചിട്ടുണ്ടാകുമല്ലോ….കല്യാണത്തിന് സമ്മതം പറഞ്ഞ നിമിഷത്തെ മനസ്സാ ശപിച്ചു…

ഒട്ടും കഴിക്കാൻ പറ്റുന്നില്ല… കിരൺ സാർ കഴിച്ച് കഴിയാൻ വെറുതെ തോണ്ടി കൊണ്ടിരുന്നു… എല്ലാവരും ശ്രദ്ധിക്കുന്നത് അറിയാവുന്നത് കൊണ്ട് സങ്കടം മുഖത്ത് വരാതെ ഇരിക്കാൻ ശ്രമിച്ച് പരാജയപ്പെടുമോന്ന് ഭയന്നു തുടങ്ങിയിരുന്നു…

പെട്ടെന്ന് ഒരു ഉരുള എന്റെ പ്ലേറ്റിൽ വെച്ച് തന്നത്…” എനിക്ക് വേണ്ടി എങ്കിലും കഴിക്കണം”… പതിഞ്ഞ ശബ്ദം കാതിൽ എത്തിയപ്പോൾ എനിക്ക് ദേഷ്യമാണ് തോന്നിയത്… വല്യമ്മയോട് ഒന്നും പറയാത്തത് കൊണ്ടാണോ എനിക്ക് ദേഷ്യം വന്നത്… പെട്ടെന്ന് മനസ്സിനെ തിരുത്തി…അങ്ങനെ എനിക്ക് വേണ്ടി അവരെ പിണക്കുന്നത് ശരിയല്ലല്ലോ…. അതും ആദ്യ ദിവസം തന്നെ…

“കഴിക്കെടോ, ഇല്ലെങ്കിൽ ഇന്ന് നമ്മൾ ഇവിടുന്ന് എഴുന്നേക്കില്ല”… അപ്പോളെക്കും പ്ലൈന്റിൽ നാല് അഞ്ച് ഉരുളകൾ സ്ഥാനം പിടിച്ചിരുന്നു….

കുറച്ച് മടിച്ച് ആയിരുന്നു ഒരു ഉരുള വായിൽ വെച്ചത് …. ജീവിതത്തിൽ ഇതുവരെ ഇത്രയും ടേസ്റ്റ് ഞാൻ അറിഞ്ഞിട്ടില്ല… വെച്ചു തന്നത് എല്ലാം കഴിച്ചു കഴിഞ്ഞ് ആ മുഖത്ത് നോക്കാൻ ജാള്യത തോന്നി… അതുകൊണ്ട് ഗൗരവത്തിന്റെ മുഖം മൂടി ഇട്ടായിരുന്നു എഴുന്നേറ്റത്… എന്റെ പ്ലൈറ്റിലെ ഭഷണം പാഴാക്കുന്നതിന് ദൈവത്തോട് ഒരായിരം സോറി പറഞ്ഞു…

കിരൺ സാറിന്റെ പാത്രം എടുക്കാൻ നോക്കിയപ്പോൾ സമ്മതിച്ചില്ല… ” ഇവിടെ വെച്ചിട്ട് താൻ പോയി റെഡി ആകാൻ നോക്കു… മേയ്ക്കപ്പ് ഇടാൻ ആള് വന്നിട്ടുണ്ട്”

ഞാൻ തനിയെ ഒരുങ്ങി കൊള്ളാം….ഇനി അതിനും എന്തൊക്കെ കേൾക്കണമെന്ന് ഓർത്ത് പറഞ്ഞു…

കിരൺ സാർ ചിരിച്ച് കൊണ്ട് എന്റെ തൊളിൽ തട്ടിയിട്ട് എഴുന്നേറ്റു… “ഇന്ന് ഒരു ദിവസം തന്നെ ഒരുങ്ങുണ്ടാട്ടോ”

പിന്നെ ഒന്നും പറയാതെ എന്റെ പ്ലൈറ്റ് എടുത്ത് അടുക്കളയിൽ ചെല്ലുമ്പോൾ അവിടെ കുമാരിയമ്മ ഉണ്ടായിരുന്നു…”മോള് എന്തിനാ ഇതൊക്ക എടുത്തത്… ലക്ഷ്മി കുഞ്ഞ് കണ്ടാൽ എന്നെ ചീത്ത പറയും”

ഞാൻ ചിരിച്ചു…”അന്ന് കണ്ടപ്പോൾ മോളെ കിച്ചു മോന് നന്നായി ചേരുമെന്ന് മനസ്സിൽ ഓർത്തു… പക്ഷെ ഇത്ര പെട്ടെന്ന് നടക്കുമെന്ന് അറിഞ്ഞില്ല”

“അനു… മോള് ഇവിടെ നിൽക്കുവാണോ…” ലക്ഷമി ആന്റി വന്നു ചോദിച്ചു…

ഞാൻ പോകാൻ തുടങ്ങിയപ്പോൾ എന്നെ ചേർത്ത് നിർത്തി പറഞ്ഞു…”മോള് വല്യമ്മ പറഞ്ഞത് കേട്ട് വിഷമിക്കരുത്… ഇന്ന് ആരോടും ഒന്നും പറഞ്ഞ് മുഷിയരുതെന്ന് ഞാൻ കിച്ചുവിനെ കൊണ്ട് പ്രാെമിസ് ചെയ്യിപ്പിച്ചിരുന്നു… അതാ അവനും ഒന്നും തിരിച്ച് പറയാത്തത്… കിച്ചുവിനോട് ദേഷ്യം തോന്നരുത് കേട്ടോ”…

ഇല്ല… എനിക്ക് ദേഷ്യമൊന്നും ഇല്ല ആന്റി…. ആന്റി എന്ന് വിളിച്ച് കഴിഞ്ഞാണ് ഓർത്തത്… ഞാൻ ഒന്ന് വിളറി ചിരിച്ചു…

“സാരമില്ല… മോൾക്ക് ഇഷ്ടമുള്ളത് വിളിച്ചാൽ മതി… പക്ഷെ ഇന്ന് മുതൽ ഞാൻ അനുന്റെയും അമ്മയാണ്….” എന്റെ നെറ്റിയിൽ ചുംബിച്ച് ആന്റി അത് പറഞ്ഞപ്പോൾ മനസ്സിൽ സന്തോഷം നിറയുന്നുണ്ടായിരുന്നു…

തിരിച്ച് റൂമിൽ എത്തിയപ്പോൾ കുറച്ച് നേരം മുൻപ് വരെ ഉണ്ടായിരുന്ന വിങ്ങൽ കുറഞ്ഞിരുന്നു…

അപ്പോഴാണ് വാഷ് റൂമിൽ നിന്ന് കിരൺ സാർ ഇറങ്ങി വന്നത്…

പിന്നെയും എവിടെയോ ഒരു പിണക്കം വന്ന് നിറഞ്ഞു… പെട്ടെന്ന് തിരുത്തി…ഞാനെന്തിനാണ് ഇയാളോട് പിണങ്ങുന്നത്…

” അനു താൻ ഈ സാരി ഒക്കെ മാറ്റി അപ്പുറത്തെ മുറിയിൽ ചെല്ല്… അവര് വെയ്റ്റ് ചെയ്യുന്നുണ്ട്”

ഇത് ഉടുത്തോണ്ട് ചെന്നാൽ പോരെ…

“സാരി ഉടുത്ത് ഇരുന്ന് മേയ്ക്കപ്പ് ഇടാൻ അവർ സമ്മതിക്കില്ല…” കബോഡ് തുറന്ന് ഒരു നെറ്റ് വിയർ എടുത്ത് കൈയ്യിൽ തന്നു…

ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു…

“ഈ മുഖം ഇങ്ങനെ വീർപ്പിക്കാതെടോ” അടുത്ത് വന്ന് നിന്ന് പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് മാറാൻ നോക്കി…

“താൻ എങ്ങോട്ടാ ഓടുന്നത്” രണ്ട് കൈയ്യ്കളും ഉയർത്തി തടസ്സം നിന്ന് കൊണ്ട് ചോദിച്ചു…

“സോറി ടോ… അമ്മ ഇന്ന് ഒരു ദിവസം ആര് എന്ത് പറഞ്ഞാലും ദേഷ്യപ്പെടരുതെന്ന് പ്രാെമിസ് ചെയ്യിപ്പിച്ചു… തനിക്ക് വിഷമം ആയെന്ന് എനിക്കറിയാം…എന്നോട് ദേഷ്യം തോന്നിയോ”

തോന്നി….

” അപ്പോ എന്നോട് സ്നേഹമുണ്ട് അല്ലേ”

അതിന് അങ്ങനെ അർത്ഥമില്ല…

“പിന്നെ… എന്ത് അർത്ഥമാ ഉള്ളത്”… കുസൃതി ചിരിയോടെ എന്നോട് ചോദിക്കുമ്പോൾ ചുടുനിശ്വാസം എന്റെ കവിളിൽ തട്ടുന്നുണ്ടായിരുന്നു…

മാറ്… എനിക്ക് പോകണം…

“അങ്ങനെ പോകാമെന്ന് ഓർക്കണ്ടാ… പറഞ്ഞിട്ട് പോയാൽ മതി” എന്നോട് കൂടുതൽ ചേർന്ന് നിന്ന് പറഞ്ഞു…

ദേഹം വിറക്കാൻ തുടങ്ങിയിരുന്നു… കവിളിൽ അധരങ്ങളുടെ ചെറു ചൂട് വന്നു നിറഞ്ഞപ്പോൾ ഞാൻ ആളെ തള്ളി മാറ്റി…

എനിക്ക് ഇഷ്ടമല്ല…

“അത് ഈ ഹൃദയം എന്നോട് പറഞ്ഞു കഴിഞ്ഞു” പിന്നെയും അടുത്തോട്ട് വന്ന് കൊണ്ട് പറഞ്ഞു…

എന്റെ ഹ്യദയത്തിന്റെ കാര്യം എനിക്കറിയാം… ഞാൻ ഇവിടെ വന്നതിന് ഒറ്റ ലക്ഷ്യമേ ഉള്ളൂ… എനിക്ക് വാക്കുകൾ മുറിഞ്ഞ് തുടങ്ങിയിരുന്നു…

പെട്ടെന്ന് വാതിൽ തുറന്ന് ഞാൻ അടുത്ത റൂമിലോട്ട് നടന്നു… ഹൃദയതാളം തെറ്റുന്നത് അറിഞ്ഞിട്ടും അറിയാത്തത് പോലെ എന്നെ തന്നെ പറ്റിച്ച് കൊണ്ട് ഒരുങ്ങാൻ ഇരുന്ന് കൊടുക്കുമ്പോൾ ആ കുസൃതി ചിരി കൺമുമ്പിൽ നിറഞ്ഞ് നിന്നു…

തുടരും…