പെണ്ണമ്മ ~ ഭാഗം 2 , രചന: സിയ യൂസഫ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

പെണ്ണമ്മയുടെ വിലക്കിനെ അവഗണിച്ചു കൊണ്ട് തൊമ്മിച്ചൻ പറഞ്ഞു തുടങ്ങി….

നാട്ടിലെ പേരുകേട്ട മുതലാളിമാരിൽ ഒരാളായിരുന്നു കുരിശുവീട്ടിൽ അവറാച്ചൻ….അവറാച്ചന് മൂന്നു മക്കളായിരുന്നു….രണ്ടു പെങ്കൊച്ചുങ്ങൾക്കു ശേഷം ഒരാങ്കൊച്ച്…..അവറാച്ചന്റെ സൽപുത്രൻ…
പേര് തൊമ്മിച്ചൻ….!!

കല്യാണപ്രായമായപ്പോ, തൊമ്മിയെ മരുമകനാക്കാൻ കൊതിച്ച് പല കൊമ്പത്തെ അപ്പൻമാരും കുരിശുവീടിന്റെ മുറ്റത്ത് ക്യൂ നിന്നിട്ടുണ്ട്……എന്നാൽ,, തൊമ്മിച്ചന്റെ ആഗ്രഹം മറ്റൊന്നായിരുന്നു…..തന്റെ വീട്ടിലെ പുറംപണിക്കാരിയായ,,ജാതിയിൽ താഴ്ന്ന, ത്രേസ്യാമ്മച്ചേടത്തിയുടെ ഒരേയൊരു മോള് റാഹേല്…..ഒരു സുന്ദരിക്കോത….!

അപ്പൻ സമ്മതിക്കില്ലാന്നറിഞ്ഞിട്ടും തൊമ്മിച്ചൻ തന്റെ അഭിലാഷം അപ്പനോട് വെട്ടിത്തുറന്ന് പറഞ്ഞു…..എന്റെ കൊക്കിനു ജീവനുണ്ടേൽ ഞാനതിന് സമ്മതിക്കത്തില്ലെന്ന് അവറാച്ചനും അറിയിച്ചു…..അവസാനം, അപ്പനെ വെല്ലുവിളിച്ച് തൊമ്മിച്ചൻ റാഹേലിനെത്തന്നെ മിന്നുകെട്ടി തൊമ്മിച്ചൻ കുരിശുവീടിന്റെ ,പടിക്കു പുറത്തുമായി…..!!

റാഹേലിന് അമ്മച്ചി മാത്രേ ഉണ്ടാരുന്നൊള്ളൂ. അതിനാൽ ,അവരോടൊപ്പം തന്നെ തൊമ്മിച്ചനും റാഹേലും ജീവിതമാരംഭിച്ചു….

അപ്പന്റെ പിന്തുണയില്ലെങ്കിലും, അധ്വാനിയായ തൊമ്മിച്ചൻ കിട്ടുന്ന തൊഴിലെല്ലാം ചെയ്ത് റാഹേലിനേയും അവളുടെ അമ്മച്ചിയേയും പൊന്നുപോലെ നോക്കി വന്നു….ഇടയ്ക്കുവച്ച് ,ദീനം വന്ന് ത്രേസ്യാമ്മച്ചേടത്തി ദൈവ സന്നിധിയിലേക്ക് യാത്രയായി…..എങ്കിലും,, തൊമ്മിച്ചനൊരിക്കലും റാഹേലിന്റെ കണ്ണു നനയിച്ചില്ല…..സ്നേഹം കൊണ്ടും ,കൊടുത്തും അവരങ്ങനെ ജീവിതമാസ്വദിച്ചു…..

ഓരോ ദിനവും മുന്നോട്ടു പോയിക്കൊണ്ടിരിക്കേ,, പതിയെ പതിയെ റാഹേലിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞുതുടങ്ങി…..അവൾ, ചിരിക്കാൻ മറന്നു തുടങ്ങി……

തൊമ്മിച്ചൻ കാര്യമന്വേഷിച്ചില്ല…അവൾ പറയാതെ തന്നെ അയാളത് മനസ്സിലാക്കിയിരുന്നു…..ഒരു കുഞ്ഞിക്കാല്……!

തൊമ്മിച്ചന്റെ കുഞ്ഞിനെ തനിക്ക് ഉദരത്തിൽ പേറാനുള്ള ഭാഗ്യമില്ലാതായിപ്പോയതിൽ അവളുടെ മനസ്സ് വല്ലാതെ വേദനിച്ചു…..

നീ വെഷമിക്കാതിരിക്ക് റാഹേലേ….കാത്തിരിക്കൂ…..നിന്റെ കണ്ണീര് കർത്താവ് കാണാതിരിക്കില്ല…നീ മുട്ടിപ്പായി പ്രാർത്ഥിക്ക്….!

തൊമ്മിച്ചന്റെ വാക്കുകളിൽ വിശ്വാസമർപ്പിച്ച് അവൾ സദാസമയവും, ഒരു കുഞ്ഞിനു വേണ്ടി കർത്താവിനോടിരന്നു…..നീണ്ട പത്തുവർഷങ്ങൾ…..!

റാഹേലിന്റെ കണ്ണീരു തോർന്നില്ല,,,കർത്താവ് കനിഞ്ഞതുമില്ല….!

അപ്പനോട് നീതികേട് കാട്ടിയതിന്റെ ഫലമാണ്, കെട്ടിയ പെണ്ണിനെ മച്ചിയാക്കിയതെന്ന് ,,നാട്ടുകാരിൽ പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു തുടങ്ങി….

തൊമ്മിച്ചൻ തളർന്നില്ല….!

റാഹേലേ , നമുക്കൊരു കുഞ്ഞിനെ ദത്തെടുത്താലോ എന്ന്, ,,അവളുടെ മനസ്സു വായിച്ച തൊമ്മിച്ചൻ ഒരിക്കലവളോടു പറഞ്ഞപ്പോൾ..,,, വർഷങ്ങൾക്കു ശേഷം കാറും കോളുമകന്ന് ആ കണ്ണുകൾ വീണ്ടും പ്രകാശിക്കുന്നത് തൊമ്മിച്ചൻ കണ്ടു……

ഇടവകയിലെ വികാരിയുടെ കത്തുമായി ദൂരെ, പട്ടണത്തിൽ ഫാദർ ഗബ്രിയേൽ,, പള്ളിയോടു ചേർന്നു നടത്തുന്ന അനാഥ മന്ദിരത്തിന്റെ പടികൾ കയറുമ്പോൾ…,,റാഹേലിന്റെ ഹൃദയയമിടിപ്പ് തൊമ്മിച്ചനു കേൾക്കാമായിരുന്നു…..

ഫാദർ ഏറെനേരം സംസാരിച്ചു…..കുഞ്ഞിനെ ദത്തെടുക്കുന്നതിനു മുമ്പ് സ്വത്തുക്കൾ ആ കുഞ്ഞിന്റെ പേരിലേക്ക് മാറ്റം ചെയ്യണമെന്ന് ഫാദർ ആവശ്യപ്പെട്ടു….വേണ്ടെതെല്ലാം ചെയ്തതിനു ശേഷം അടുത്തയാഴ്ച വീണ്ടും വരാമെന്നേറ്റാണ് അന്നവർ ആ പള്ളിമേട വിട്ടത്…..!

**********************

ബസിൽ, തൊമ്മിച്ചന്റെ ചുമലിലേക്കു ചാഞ്ഞിരുന്ന് റാഹേല് പുതിയ സ്വപ്നങ്ങൾ നെയ്തുകൂട്ടി…..പ്രസവവേദനയറിയാതെ താനൊരു കുഞ്ഞിന്റെ മാതാവാകാൻ പോകുന്നു…..! അവളുടെ ഹൃദയം തരളമായി….

ഇച്ചായാ….നമ്മള് ദത്തെടുക്കാൻ പോണത് ആൺകുഞ്ഞിനെയാണോ അതോ പെങ്കുഞ്ഞിനെയാണോ…..??

അതിലെന്നതാ പെണ്ണേ ഇത്ര സംശയിക്കാനുള്ളേ…..? ആങ്കുഞ്ഞിനെ തന്നെ…..!

അതെന്നതാ പെങ്കുഞ്ഞായാല്…. ഇച്ചായന് അതുങ്ങളോട് ഇച്ചിരി ഇഷ്ടം കൂടുതലാണല്ലോ…..?

അതോ…. എനിക്കിപ്പോ താലോലിക്കാൻ ഒരു പെങ്കൊച്ചുണ്ടല്ലോ…..ഇനിയൊരു ആങ്കൊച്ചായിക്കോട്ടേ…. എന്തേ….

തൊമ്മിച്ചന്റെ മറുപടി അവളുടെ മുഖത്ത് നാണം മെഴുകി….

ഒന്നു പോ ഇച്ചായാ….

പതിയെ അയാളുടെ തുടയിലൊരു നുള്ള് നൽകി ചിരിക്കുമ്പോ,, അവർക്കിടയിൽ പ്രണയം ചിറകു വിടർത്തുകയായിരുന്നു……

പുറത്തെ കാഴ്ചകൾക്കിടയിൽ നിന്ന് കുഞ്ഞുടുപ്പുകളും കളിക്കോപ്പുകളും അവളെ മാടിവിളിക്കുന്നതായി അവൾക്കു തോന്നി….

ഇടയ്ക്കുവച്ച് ഉച്ചയൂണിനായി ബസ് ബ്രേക്കിട്ടു…..

ഭക്ഷണം വീട്ടിൽ ചെന്നു കഴിക്കാമെന്നു പറഞ്ഞ്, അവർ ബസിൽ തന്നെ ഇരുന്നു….

” ഇഞ്ചിമുട്ടായി …. ജീരകമുട്ടായി …. “

ചേച്ചീ മുട്ടായി വേണോ…….??

ബസിൽ കയറിയ കച്ചവടക്കാരി സ്ത്രീ, ഒരു പാക്കറ്റ് ഇഞ്ചിമിഠായി അവർക്കു നീട്ടി…..

മ്മ്…. വാങ്ങിച്ചോ…..

തൊമ്മിച്ചൻ പറഞ്ഞു..

മിഠായിക്കു വേണ്ടി കൈനീട്ടിയ റാഹേല് ‘ന്റെ ഈശോയോ ‘ ന്ന് ഉറക്കെ പറയുന്നതും സീറ്റിൽ നിന്നെഴുനേൽക്കുന്നതും കണ്ടു……

നീയെന്നതാടി ഇവടെ………? അതും ഈ കോലത്തില്……

കാര്യമറിയാതെ അന്ധാളിപ്പോടെ തന്നെ നോക്കുന്ന കെട്ട്യോനോട് അവള് പറഞ്ഞു,

തോപ്രാങ്കുടീല് ന്റെ അമ്മച്ചീടെ വീടിന്റെ അയൽവക്കത്താരുന്നു ഇവളടെ വീട്…ചെറുപ്പത്തില് ഞങ്ങള് വല്യേ കൂട്ടാരുന്നു….. അല്ലിയോടീ……

റാഹേലേ നിന്നെ കണ്ടിട്ട് എനിക്കങ്ങോട്ട് മനസ്സിലായില്ലാരുന്നു കേട്ടോ…..

പരസ്പരമുള്ള പരിചയം പുതുക്കലിനിടയിൽ, തോളത്തിരുന്ന കുഞ്ഞു കൊച്ച്, റാഹേലിനെ നോക്കി ചിരിച്ചു…..ഏകദേശം ഒരു വയസ് തികയുന്നതേയുള്ളാരുന്നു അതിന്….

വാടിതളർന്ന അതിനെ, റാഹേല് കോരിയെടുത്തു……

അതിന്റെ മേല് വയർപ്പു കാണുമെന്നു പറഞ്ഞിട്ടും, അവളതിന്റെ കവിളിൽ മാറിമാറി ഉമ്മവച്ചു……

അടുത്തു കണ്ട ചെറിയൊരു ഹോട്ടലിൽ കയറി, ചൂടോടെ രണ്ടു ചായ അവർക്കായി ഓർഡർ ചെയ്തു…..

അതിനിടയിൽ , ആ സ്ത്രീ അവരുടെ കഥ റാഹേലിനോട് വിസ്തരിച്ചു……

ജോസിനെ കല്യാണം കഴിക്കാനായി നാടും വീടും ഉപേക്ഷിച്ചു…..തടിമില്ലിലാരുന്നു അങ്ങേർക്കു പണി…..ഇതിനെ ഞാൻ ഗർഭിണിയായിരിക്കുന്ന സമയത്താണ് , പണിക്കിടയിൽ മെഷീനിൽ കൈ കുടുങ്ങി അങ്ങേരുടെ വലതുകൈ അറ്റുപോയത്…..അധികം വൈകാതെ, പഴുപ്പ് കയറി ഇടതുകയ്യും മുറിച്ചു മാറ്റേണ്ടിവന്നു…..അവിടെത്തുടങ്ങി, മൂന്നു കുഞ്ഞുങ്ങളടങ്ങുന്ന ഞങ്ങടെ കുടുംബത്തിന്റെ ദുരിതകാലം….!

മൂത്തതുങ്ങള് ഇരട്ടകളാ……ആങ്കുട്യോള്…..രണ്ടു വയസ്സ് തെകഞ്ഞതേയുള്ളൂ…..അവരെ അതിയാന്റെ കട്ടിലിനരികിൽ തന്നെ ഇരുത്തും….ഞാൻ ചെല്ലണതു വരെ എന്നതേലൊക്കെ പെറുക്കിത്തിന്ന് അങ്ങനെത്തന്നെ ഇരിപ്പുണ്ടാവും രണ്ടും…..!

കച്ചവടൊന്നും നടന്നില്ലേലും, സഹതാപം തോന്നി ആരേലും , എന്നതേലൊക്കെ തരും..അതോണ്ടാ ഈ പണിക്കിറങ്ങിയേ….

വിളറിയ ചിരി ചിരിച്ച്,ആവിയകന്ന ചായ അവർ ഊക്കോടെ വലിച്ചിറക്കി…..

ഇതുവരെ വന്നതല്ലേ ഇച്ചായാ…..നമുക്കിവളുടെ കെട്ട്യോനെ കണ്ടേച്ചും പോയാലോ….?

റാഹേലിന്റെ ആവശ്യം,തൊമ്മിച്ചൻ തള്ളിക്കളഞ്ഞില്ല…..അവരു പോയി…..അവിടെ കണ്ട കാഴ്ച വളരെ ദയനീയമായിരുന്നു…..

തകരകൊണ്ടു മറച്ചുവെച്ച്, മേലെ ടാർപ്പോളിൻ വലിച്ചു കെട്ടിയ, അതിനെ വീടെന്നു പറയാൻ പറ്റത്തില്ല…..!

കുറച്ചു മാത്രം വിസ്താരമുള്ള അതിനകത്ത്, ഒരു മൂലയിലായാണ് ജോസ് കിടക്കുന്ന കട്ടിൽ….അതിനു താഴെ മലമൂത്ര വിസർജ്യത്തിൽ കുതിർന്ന് രണ്ടു കുഞ്ഞുങ്ങൾ…..

ചെലനേരത്ത് തോന്നും, വല്ല വെഷോം വാങ്ങിക്കഴിച്ച് അങ്ങ് ചത്താലോന്ന്…..ഇതുങ്ങളുടെ മുഖം കാണുമ്പോ അതിനും കഴിയുകേല…..അവർ കണ്ണുതുടച്ചു….

കുറച്ചൂടെ കഴിയട്ടെ….വല്ല അനാഥാലയത്തിലും കൊണ്ടോയി ആക്കണം…..അവിടാകുമ്പോ, വയറുനെറച്ച് എന്നതേലൊക്കെ തിന്നാനെങ്കിലും കിട്ടിയാലോ….

അവരുടെ കരച്ചില് കാണാൻ ത്രാണിയില്ലാതെ, റാഹേല് തൊമ്മിച്ചന്റെ കയ്യിൽ പിടിച്ചു ,

നമുക്ക് പോകാം ഇച്ചായാ…..

തിരിച്ച്, അവിടം വിട്ടിറങ്ങുമ്പോൾ, ആ സ്ത്രീ വിളിച്ചു

റാഹേലേ….

തിരിഞ്ഞു നിന്ന അവരുടെ അടുത്തേക്ക് ഓടിവന്ന് അവളുടെ കൈകൾ കൂട്ടിപ്പിടിച്ച് അവരു ചോദിച്ചു…

നെനക്ക് ഞാനെന്റെ പെങ്കൊച്ചിനെ തരട്ടെ റാഹേലേ…..അപ്പനും അമ്മയുമില്ലാതെ അനാഥാലയത്തില് കഴിയണേക്കാൾ ഇക്ക് സന്തോഷം, അതിനെ നീ വളർത്തുന്നതാ…..നിന്റെ കൊച്ചായിട്ട്……

കേട്ടതു വിശ്വാസം വരാതെ റാഹേലിന്റെ കണ്ണുകൾ നിറഞ്ഞു….അപ്പോഴേക്കും അവരാ കൊച്ചിനെ അവളുടെ കൈകളിൽ ഏൽപ്പിച്ചിരുന്നു…..അന്നാദ്യമായി,ഒരു അമ്മച്ചിയായതിന്റെ നിർവൃതി അവളുടെ മുഖത്ത് തൊമ്മിച്ചൻ കണ്ടു…..!

**********************

രണ്ടു പേരുടേയും നിറഞ്ഞ സമ്മതത്തോടെ ആ കുഞ്ഞിനേയും കൊണ്ട് അവരവിടുന്നിറങ്ങി…..രണ്ടടി മുന്നോട്ടു വച്ചപ്പോഴേക്കും കേട്ടു, മൂത്തതുങ്ങളുടെ കരച്ചില്….

റാഹേലിന്റെ നെഞ്ചൊന്ന് പിടച്ചു….

നമ്മള് ചെയ്യണത് കർത്താവിന് നെരക്കാത്തതല്ലേ ഇച്ചായാ…..

അതെന്നാ റാഹേലേ…..? അവരു പറഞ്ഞിട്ടല്ലേ നമ്മളു കുഞ്ഞിനെ ഏറ്റെടുത്ത്…. പിന്നെന്നാ…..

അവരു പറഞ്ഞു ,പക്ഷേ ഇതിന്റെ മൂത്തതുങ്ങളോട് ചോദിച്ചോ …….അവരുടെ കണ്ണുകൾ കുഞ്ഞനിയത്തിയെ തേടില്ലേ…..? മുറി വാക്കുകൾ ചേർത്ത് അവരിവളെ വിളിക്കത്തില്ലേ…..? പാവം…..നമ്മളവരെ തമ്മില് പിരിച്ചുകൂടാ….. അവരെ അന്യരാക്കിക്കൂടാ….അത് കർത്താവ് പൊറുക്കുകേല ഇച്ചായാ……

നീയെന്നതാ റാഹേലേ ഈ പറേണത്…..?

ഇച്ചായാ…. അതുങ്ങളെ അവള് അനാഥാലയത്തിലാക്കും…. അതുപാടില്ല….നമുക്ക് അതുങ്ങളെ കൂടി കൊണ്ടോവാം….ഒന്നൂല്ലേലും, തന്റെ മൂന്ന് മക്കളും ഒന്നിച്ചുണ്ടല്ലോ എന്നെങ്കിലും അവൾക്ക് ആശ്വസിക്കാലോ…..പെറ്റ വയറിന്റെ വേദന, അത് പ്രസവിക്കാത്ത എനിക്കും മനസ്സിലാവും ഇച്ചായാ……

തൊമ്മിച്ചൻ എതിർത്തില്ല….

അന്ന് അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോ, അവരുടെ മൂന്നു കുഞ്ഞുങ്ങളും , റാഹേലിന്റേയും തൊമ്മിച്ചന്റേയും കൈകളിൽ സുരക്ഷിതരായിരുന്നു…..

നിറമിഴികളോടെ, ആ അമ്മ അവരു കണ്ണിൽ നിന്നും മറയുന്നതു വരെ അവരെത്തന്നെ നോക്കി നിന്നു…!!

ദിവസങ്ങൾ കഴിയുന്തോറും റാഹേലിന്റെ മനസ്സിലും പേടി തുടങ്ങി…കുഞ്ഞുങ്ങൾ വളർന്ന് , അവർ ആരിൽ നിന്നെങ്കിലും സത്യമറിഞ്ഞാൽ…..!

അതിനൊരു പോംവഴിയേ അവർക്കു മുന്നിലുണ്ടായിരുന്നുള്ളൂ….നാടു വിടുക…..!

പോന്നു……പോരുന്നതിനു മുമ്പ് ഒരിക്കൽ കൂടി അവരുടെ രക്ഷിതാക്കളെ കണ്ട് യാത്ര പറഞ്ഞു….എന്താവശ്യമുണ്ടെങ്കിലും അറിയിക്കാൻ പറഞ്ഞു…..അഡ്രസും കൊടുത്തു…..

മറ്റൊന്നുകൂടി റാഹേല് പറഞ്ഞു, “ഒരിക്കലും ഇവര് ,നിങ്ങടെ കുഞ്ഞുങ്ങളാണെന്ന് ഇവരറിയരുത്…”

അവർ വാക്കുപാലിച്ചു….! ഈ നിമിഷം വരെ അവരതറിയിച്ചില്ല…തേടി വന്നതുമില്ല….

പക്ഷേ……

തൊമ്മിച്ചൻ പറഞ്ഞു നിറുത്തി…..

മക്കളെ നോക്കി…..അവരുടെ നിറഞ്ഞ മിഴികൾ ,,സത്യങ്ങൾ തിരിച്ചറിഞ്ഞതിന്റെ അടയാളങ്ങളായിരുന്നു…!

ഈ നിൽക്കുന്ന പെണ്ണമ്മയാടാ അവര്…നിങ്ങടെ അമ്മച്ചി. ……! പത്തുമാസം ഉദരത്തിൽ ചുമന്ന്, മരണത്തെ മുഖാമുഖം കണ്ട്, നിങ്ങൾക്ക് ജന്മംതന്ന നിങ്ങടെ സ്വന്തം അമ്മച്ചി…..!

ആകെ നിശ്ശബ്ദത പരന്നു !!!

ആ നിശ്ശബ്ദതക്കയിടയിൽ,ഒരു തേങ്ങൽ കേട്ടു….പെണ്ണമ്മയുടെ…..!

അമ്മച്ചീ…..

ലിസയുടെ കൈകൾ ,,കുറ്റബോധത്തോടെ അവരെ ചുറ്റിപ്പിടിച്ചു….

ഞങ്ങളോട് പൊറുക്കമ്മച്ചീ…..ഞങ്ങൾക്കറിയില്ലായിരുന്നു…അറിയില്ലായിരുന്നു…… ഒന്നും……

അവൾക്കു പിറകേ, ടോമിയും ടോണിയും അവരെ ക്ഷമാപണംകൊണ്ട് മൂടി…..നിറഞ്ഞ വാത്സല്യത്തോടെ പെണ്ണമ്മ അവരുടെ നെറുകയിൽ മാറിമാറി ചുംബിച്ചു….!

രണ്ടു ദിവസം മുമ്പാണ് പെണ്ണമ്മയുടെ ഒരെഴുത്ത് എനിക്കു കിട്ടുന്നത്…..

ആവശ്യം ഇതായിരുന്നു….”അവസാനമായി മക്കളെ ഒരുനോക്കൊന്നു കാണണം…..” അതും അമ്മച്ചിയായിട്ടു വേണ്ട, കുഞ്ഞുനാളിൽ നിങ്ങളെ നോക്കാനായി വന്നിരുന്ന ആയയാണെന്ന് പറഞ്ഞാൽ മതി……

പെറ്റമ്മയെ നോക്കി ആയയാണെന്നു പറഞ്ഞു കൊടുക്കാൻ അപ്പന് കഴിയുകേല മക്കളേ….അത് കർത്താവ് പൊറുക്കത്തില്ല….! എന്നോടും റാഹേലിനോടും…..!

ചെന്നു കണ്ടപ്പഴാ അവസ്ഥ മനസ്സിലായത്….ജോസ് മരിച്ചു…..ഒറ്റപ്പെടലിന്റെ ഇരുട്ട്, ഇവരെ രോഗിയാക്കി മാറ്റി……ആരോരും തിരിഞ്ഞു നോക്കാനില്ലാതെ….തനിച്ച്……

സഹിച്ചില്ല…..കൂടെ കൂട്ടി….,,,,,റാഹേലിന്റെ മരണവിവരം പോലും അറിയിക്കാതെ…..പറഞ്ഞിരുന്നേൽ വരില്ലെന്ന് എനിക്കറിയാരുന്നു……

ഒന്നു ദീർഘമായി നിശ്വസിച്ച്, തൊമ്മിച്ചൻ മക്കളെ നോക്കി

എനിക്കിനിയൊരു കൂട്ടിന്റെ ആവശ്യമില്ല…..നിങ്ങള് പറഞ്ഞ പോലെ നിങ്ങക്കു അമ്മച്ചിയേം വേണ്ടായിരിക്കും,,,,പക്ഷെ…..ഇവർക്കിപ്പോ മക്കളുടെ സംരക്ഷണം ആവശ്യമുണ്ട്…..നിങ്ങളുടെ സ്നേഹം ആവശ്യമുണ്ട്……അതു നിങ്ങള് കൊടുക്കണം…..കൊടുത്തേ പറ്റൂ……!

അതിനീ അപ്പനൊരു തടസ്സാണെങ്കി, സന്തോഷത്തോടെ ഈ പടിയിറങ്ങാനും അപ്പൻ തയ്യാറാടാ മക്കളേ……അത്രക്കുണ്ട്,,, എനിക്കും എന്റെ റാഹേലിനും ഇവരോടുള്ള കടപ്പാട്…..

ഇവരു ഞങ്ങൾക്ക് വച്ചു നീട്ടിയത് മൂന്നു കുരുന്നുകളെയല്ല…..അവരുടെ പ്രാണനെയാണ്…..ഞങ്ങൾക്കൊരു ജീവിതമാണ്……!

ഇടറിയ വാക്കുകൾക്കിടയിൽ തൊമ്മിച്ചന്റെ കണ്ണുകൾ നിറഞ്ഞു…..അതങ്ങനെ കരകവിഞ്ഞൊഴുകി…..

അമ്മച്ചിയെ മാത്രല്ല,,,ഞങ്ങളുടെ അപ്പനേം വേണം ഞങ്ങൾക്ക്….ഇന്നു മാത്രമല്ല….. എന്നും……

മൂന്നു മക്കളും കൂടി അപ്പനെ വട്ടം പിടിച്ചപ്പോ….,,ഭിത്തിയിൽ തൂക്കിയ റാഹേലിന്റെ ഫോട്ടോയിലേക്ക് തൊമ്മിച്ചന്റെ കണ്ണുകൾ പതിച്ചു…..അപ്പോൾ,,,അവൾ തന്നെ നോക്കി പുഞ്ചിരിക്കുന്നതായി തൊമ്മിച്ചനു തോന്നി…..തോന്നലല്ല….അവരിപ്പോ ചിരിക്കുവായിരിക്കും….അങ്ങ് സ്വർഗ്ഗത്തിലിരുന്ന്……!!

അങ്ങനെ കഥേം കഴിഞ്ഞു…..