തീരങ്ങൾ – ഭാഗം 11, രചന: രഞ്ചു ആൻ്റണി

പിസ്താ ഗ്രീൻ സാരി ഉടുപ്പിച്ച് മുഖത്തും തലയിലും എന്തൊക്കെയോ ചെയ്യ്താണ് എന്നെ കണ്ണാടിക്ക് മുമ്പിൽ നിർത്തിയത്… നിറം മങ്ങിയ സൽവാർ മാത്രം ഇട്ടിരുന്ന അനിലയുടെ നിഴൽ പോലും എന്നിൽ ഇല്ലാത്തതു പോലെ ഞാൻ മാറി കഴിഞ്ഞിരുന്നു….

“ഇനി ഈ സെറ്റ് കൂടി ഇട്ടാൽ ഒരുങ്ങി കഴിഞ്ഞു” അവർ എന്റ കഴുത്തിൽ ഗ്രീൻ കളർ സ്റ്റോൺ വെച്ച നെക് പീസും അതിന്റെ കമ്മലും വളയും അണിയിച്ചു… ഒരു മാലയെ ഇടു എന്ന് പറഞ്ഞതു കൊണ്ടാവും വാങ്ങിയത് പത്ത് മാലക്ക് തുല്യമായതാണ്…

“എന്ത് ഭംഗിയാ അല്ലേ ഈ എമറാൾഡ് സെറ്റ്” ഒരുക്കിയ പെൺകുട്ടികൾ പറയുന്നത് കേട്ടപ്പോഴാണ് ഇത് എമറാൾഡ് ആണെന്ന് എനിക്ക് മനസ്സിലായത്… ഇന്നലെ വരെ അരഗ്രാം പൊന്നുപോലും ഇടാത്ത ഞാൻ ഇന്ന് ലക്ഷങ്ങൾ വിലയുള്ള മാലയും വളയും ഇട്ട് നിൽക്കുന്നു… കണ്ണാടിയിലെ രൂപം ഞാനല്ലാന്ന് തോന്നി…

ലക്ഷ്മി ആന്റി എന്നെ തന്നെ നോക്കി പുറകിൽ നിൽക്കുന്നത് കണ്ടു… തിരിഞ്ഞ് നോക്കാൻ ജാള്യത തോന്നി… ചേരില്ലാത്ത എന്തൊക്കെയോ വലിച്ച് വാരി ഇട്ട് നിൽക്കുന്നതു പോലെ…

“അനു… നല്ല സുന്ദരി ആയല്ലോ…” ലക്ഷ്മി ആന്റി അടുത്ത് വന്ന് നെറ്റിൽ ചുംബിച്ചു… “കണ്ണെടുക്കാൻ തോന്നുന്നില്ല, ഈ മാല കിച്ചു വാങ്ങിയപ്പോൾ എനിക്ക് അത്ര ഇഷ്ടമായില്ല…പക്ഷെ ഇത് മോള് ഇട്ടപ്പോൾ ഇരട്ടി ഭംഗിയായി”

എന്റെ കൈയ്യ് പിടിച്ച് പുറത്തു ഇറങ്ങാൻ തുടങ്ങിയ ആന്റി വേഗം തിരഞ്ഞ് ഒരു ഐബ്രോ പെൻസിൽ എടുത്ത് ചെവിയുടെ പുറകിൽ പൊട്ട് പോലെ കുത്തി…” എന്റെ മോൾക്ക് ആരുടെയും കണ്ണ് തട്ടണ്ടാ”

എനിക്ക് ചിരി വന്നു… ഇന്നലെ വരെ ഒരാളുപോലും തിരിഞ്ഞ് നോക്കാത്ത എനിക്ക് ഇന്ന് കണ്ണ് തട്ടാതെ ഇരിക്കാൻ പൊട്ടു വെക്കുന്നു…

സ്റ്റെയർ ഇറങ്ങുമ്പോൾ എല്ലാവരുടെയും കണ്ണുകൾ എന്നിലായിരുന്നു… തല ഉയർത്തി നോക്കാൻ ഭയം തോന്നി… എല്ലാ കല്യാണ പെണ്ണുങ്ങളെയും പോലെ നാണത്തിന്റെ ഒരംശം പോലും എന്നിലില്ല… ഭയം മാത്രം… ചുറ്റും നിൽക്കുന്നവരുടെ കണ്ണിലെ ഭാവം അറിയാവുന്നത് കൊണ്ടുള്ള അപകർഷധാബോധം എന്നെ വല്ലാതെ കീഴടക്കി കഴിഞ്ഞിരുന്നു…

” തെരുവിൽ ആർക്ക് ഉണ്ടായതാണെങ്കിലും സുന്ദരിയാണ് കേട്ടോ… വെറുതെ അല്ല കിച്ചു മൂക്കും കുത്തി വീണത്” അടക്കി പറച്ചിലുകൾ എന്റെ കാതിലും എത്തി… എന്റെ സൗന്ദര്യത്തെയും ഞാൻ വെറുത്തു…

എന്റെ കരങ്ങളെ കിരൺ സാറിന്റെ കരങ്ങൾ വന്ന് പൊതിഞ്ഞ് പിടിച്ചപ്പോൾ ഞാൻ പെട്ടെന്ന് സുരക്ഷിതയായ പോലെ, ആശ്വാസത്തോടെ മുഖമുയർത്തി സാറിനെ നോക്കി… ആ കണ്ണുകളിൽ കണ്ട പ്രണയം എനിക്ക് നേരിടാനാവാതെ ഞാൻ നോട്ടം മാറ്റി…” എനിക്ക് കണ്ണെടുക്കാൻ പറ്റുന്നില്ലല്ലോടോ” കിരൺ സാർ കാതിൽ പറഞ്ഞു… പക്ഷെ ചുറ്റും ഉള്ളവരുടെ നോട്ടം എന്നെ അരോചകപ്പെടുത്തി കൊണ്ടിരുന്നു…

“അനു… വാ നമ്മുക്ക് പുറത്ത് സ്റ്റേജിൽ പോകണം…എല്ലാവരും കാത്തിരിക്കുന്നുണ്ട്” പെട്ടെന്ന് എന്റെ കൈയ്യിൽ പിടിച്ച് കൊണ്ട് തന്നെ കിരൺ സാർ പുറത്തിറങ്ങി… ഇരുട്ട് ആയെന്ന് ഞാനപ്പോഴാണ് അറിഞ്ഞത്… ഇത്ര നേരം അവരെന്നെ ഒരുക്കിയോ…

സ്റ്റേജിൽ കയറുമ്പോളും ആ കരങ്ങളിൽ ഞാൻ സുരക്ഷിത ആയിരുന്നു… പക്ഷെ സ്റ്റേജിന് താഴെ ഇരിക്കുന്നവരുടെ മുഖങ്ങളിൽ നോക്കാൻ എനിക്ക് സാധിക്കില്ലാന്ന് തോന്നി… പതിയെ കിരൺ സാറിന്റെ പുറകിലോട്ട് മാറി നിൽക്കാൻ നോക്കി…

“അനു… താൻ ഇപ്പോൾ കിരണിന്റെ ഭാര്യയാണ്… തല ഉയർത്തി എന്റെ ഒപ്പമാണ് താൻ നിൽക്കണ്ടത്” എന്റെ കാതുകളിൽ പറഞ്ഞ് സാർ എന്നെ തോളിൽ പിടിച്ച് ചേർത്ത് നിർത്തി…

സ്റ്റേജിൽ നിന്ന് ഒരു പെൺകുട്ടി ഞങ്ങളെ എല്ലാവർക്കും പരിചയപ്പെടുത്തുന്നുണ്ട്…പതിയെ തല ഉയർത്തി നോക്കിയപ്പോൾ ആദ്യം കണ്ടത് ഗീതുവിന്റെ മുഖമാണ്… അവൾ സന്തോഷത്തോടെ കൈയ്യ്കൾ പൊക്കി കാണിച്ചു…പിന്നെയും എന്തൊക്കെയോ ആക്ഷൻ കാണിക്കുന്നത് കണ്ട് ചുറ്റും നോക്കി… ഓഫീസിൽ ഉള്ള എല്ലാവരും അവളുടെ അടുത്തുണ്ട്, അവരുടെ മുഖത്തെ ഭാവം എന്നിൽ ചിരി വരുത്തി… ആർക്കും വിശ്വസിക്കാൻ പറ്റുന്നില്ലാന്ന് മുഖത്ത് എഴുതി വെച്ചിട്ടുണ്ടായിരുന്നു…

അമലാമ്മ… ഞാൻ ചുറ്റും നോക്കി…അമലാമ്മയും കുട്ടികളും പുറകിൽ മാറി ഇരിക്കുന്നത് കണ്ടു… അവരോട് അടുത്തോട്ട് വരാൻ ഞാൻ കൈയ്യ് കാണിച്ചു… അവിടെ ഇരുന്നോളാമെന്ന് അമലാമ്മ ആഗ്യം കാണിച്ചു…
മനസ്സിൽ പിന്നെയും സങ്കടം വന്ന് മൂടി…

“എന്താടോ” കിരൺ സാർ ചോദിച്ചിട്ടും ഒന്നും പറയാൻ തോന്നിയില്ല… കുറച്ച് കഴിഞ്ഞപ്പോൾ ഫോണെടുത്ത് ആരെയോ മാറി നിന്ന് വിളിക്കുന്നത് കണ്ടു…

ആരോക്കെയോ വന്ന് പരിചയപ്പെടുന്നുണ്ട്… എല്ലാവരോടും ചിരിച്ച് നിൽക്കുമ്പോഴും കണ്ണുകൾ അമലാമ്മയെ തേടി കൊണ്ടിരുന്നു…

ലക്ഷ്മി ആന്റി അമലാമ്മയുടെ അടുത്ത് ചെല്ലുന്നതും എല്ലാവരെയും നിർബദ്ധിച്ച് സ്റ്റേജിന്റ അടുത്തോട്ട് കൂട്ടി കൊണ്ട് വരുന്നതും കണ്ടപ്പോൾ മനസ്സിലെ കാർമേഘം മാറി തുടങ്ങി… കുട്ടികൾ പുതിയ ഉടുപ്പുകൾ എല്ലാം ഇട്ട് നല്ല സന്തോഷത്തിൽ ആയിരുന്നു….അതിശയത്തോടെ ചുറ്റം നോക്കി പുതിയ കാഴ്ചകൾ കാണുന്നുണ്ട്…

അടുത്ത് ഇരുന്നവർ മുഖം ചുളിക്കുന്നത് അവർ കാണരുതെ എന്ന് മനസ്സിൽ പ്രാർത്ഥിച്ച് കൊണ്ട് ഞാൻ നിന്നു… ലക്ഷ്മി ആന്റി അമലാമ്മയുടെ കൈയ്യിൽ പിടിച്ച് സ്റ്റേജിൽ കയറി വന്നു… അമലാമ്മ എന്നെ നിറഞ്ഞ കണ്ണുകളോടെ ചേർത്ത് പിടിച്ചു… “എന്റെ കുട്ടി ഇപ്പോ രാജകുമാരിയെ പോലെ ഉണ്ട്” എന്റെ നെറ്റിയിൽ ചുംബിച്ച് മനസ്സ് നിറഞ്ഞ് അമലാമ്മ പറഞ്ഞപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു…

സ്റ്റേജിൽ സെറ്റ് ചെയ്യ്തിരുന്ന നിലവിളക്ക് കത്തിക്കാൻ ഇവൻറ് മാനേജ്‌മെന്റിന്റെ ആള് നിർദ്ദേശം തന്നപ്പോൾ അമലാമ്മയും ലക്ഷ്മി ആന്റിയും ചേർന്ന് ഞങ്ങളെ കൊണ്ട് വിളക്ക് കത്തിച്ചു…

കേക്ക് കട്ട് ചെയ്യുമ്പോഴും അമലാമ്മ അടുത്ത് നിന്നത് എന്നിൽ സന്തോഷം നിറച്ചു… ആ സന്തോഷം കിരൺ സാറിന്റെ കണ്ണിലും ഉണ്ടായിരുന്നു…

പിന്നീട് ഗസ്റ്റ് വന്ന് പരിചയപ്പെടാൻ തുടങ്ങി… എനിക്ക് അറിയാവുന്നവർ ഓഫീസിൽ ഉള്ളവർ മാത്രമായിരുന്നു… അവരുടെ മുഖത്ത് പരിഭ്രമവും, അസൂയയും ഇടകലർന്ന ഭാവമായിരുന്നു… ഗീതു മാത്രം അങ്കം ജയിച്ച് നിൽക്കുന്നതുപോലെ എല്ലാവരുടെയും മുഖങ്ങൾ കണ്ട് സന്തോഷിക്കുന്നത് കണ്ടു…

എല്ലാവരും പരിചയപ്പെട്ട് ഞാനൊരു പരുവം ആയി തുടങ്ങിയിരുന്നു… അമലാമ്മയെയും കുട്ടികളെയും നോക്കാൻ ഇവന്റ് മാനേജ്മെന്റിന്റെ ആളെ കിരൺ സാർ പ്രത്യകം ഏർപ്പെടുത്തിയിരുന്നു… അവർ ഇത്ര സന്തോഷത്തോടെ ഭഷണം കഴിക്കുന്നത് ഞാൻ കണ്ടിട്ടില്ല… അമലാമ്മയും നിറഞ്ഞ സന്തോഷത്തിലായിരുന്നു… എന്റെ മനസ്സ് അറിഞ്ഞ പോലെ കിരൺസാർ ചെയ്ത് തരുന്ന കാര്യങ്ങൾ എന്നെ അത്ഭുതപ്പെടുത്തി കൊണ്ടിരുന്നു…

കുറച്ച് കഴിഞ്ഞ് അമലാമ്മ പോകുവാണെന്ന് പറഞ്ഞു… ഒറ്റക്കായ് പോയ കുട്ടിയെ പോലെ ഞാൻ അമലാമ്മയെ നോക്കി… അമലാമ്മ യാത്ര പറയാതെ വേഗം ഇറങ്ങി പോയി, അല്ലെങ്കിൽ ഞങ്ങൾ രണ്ട് പേരും പൊട്ടി കരയുമായിരുന്നു…

അമലാമ്മ പോകുന്നത് നെഞ്ച് വിങ്ങി നോക്കി നിന്നപ്പോൾ കിരൺ സാർ വന്ന് തോളിൽ പിടിച്ച് ചേർത്ത് നിർത്തി….

“നമ്മുക്ക് എപ്പോ വേണമെങ്കിലും അവിടെ പോകാമല്ലോ…, താൻ വിഷമിക്കാതെ” ഞാൻ മുഖം ഉയർത്തി ആ കണ്ണുകളിലേക്ക് നോക്കി… നിറഞ്ഞു നിൽക്കുന്ന വാത്സല്യം കണ്ട് ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ തണുപ്പ് വന്ന് നിറഞ്ഞു തുടങ്ങി…

“തനിക്ക് ഞാനൊരാളെ കാണിച്ച് തരട്ടെ…”

ആരെ… ഇത്രയും നേരം കണ്ട ആളുകളെ തന്നെ ഓർമ്മയിൽ നിൽക്കുന്നില്ല ഇനിയും വെറെ ആളോ…. അങ്ങനെ ഓർത്താണ് കിരൺ സാർ കൈയ്യ് ചൂണ്ടിയ സ്ഥലത്തെക്ക് നോക്കിയത്…

അവിടെ നിൽക്കുന്നത് “അമ്മു” ആണെന്ന് മനസ്സിലാക്കാൻ എനിക്ക് ഒരു നോട്ടം മതിയായിരുന്നു…. എല്ലാ വർഷവും ഓർഫനേജിലേക്ക് അവൾ അയക്കുന്ന ഫോട്ടോ… അമലാമ്മ കാണിക്കുമ്പോൾ കാണാതെ… അമലാമ്മ ഇല്ലാത്തപ്പോൾ എടുത്ത് കാെതി തീരുന്നത് വരെ കാണാറുണ്ട്, ഏത് ആൾക്കൂട്ടത്തിലും എനിക്ക് അമ്മുവിനെ തിരിച്ചറിയാം…

എന്റെ കണ്ണുകൾ നിറഞ്ഞ് കാഴ്ച മങ്ങി തുടങ്ങിയിരുന്നു… അവൾ അടുത്ത് വന്ന് നിൽക്കുമ്പോൾ ഞാൻ നിറഞ്ഞ കണ്ണുകളോടെ ഒന്നും മിണ്ടാതെ നിന്നു… ഇത്രകാലം എന്നെ ഒറ്റക്കാക്കി പോയതിന്റെ പരിഭവം പ്രകടിപ്പിക്കാൻ കഴിയാതെ…

“അനു… നീ എന്നെ മറന്നോ”

നിന്നെ ഓർക്കാത്ത ദിവസങ്ങൾ ഇന്നും എനിക്കില്ല…

“പിന്നെ നീ എന്താ എന്നെ കാണാൻ കൂട്ടാക്കാതെ ഇരുന്നേ… എത്ര തവണ ഞാൻ വന്നു, ഫോൺ വിളിച്ചു… ഒരു തവണ പോലും നീ സംസാരിക്കാൻ വന്നില്ല”

എനിക്ക് പേടി ആയിരുന്നു അമ്മു… നിന്നെ കണ്ടാൽ, മിണ്ടിയാൽ പിന്നെയും നീ എന്നെ ഇട്ടിട്ട് പോകുമല്ലോന്ന് ഓർത്ത്…. കണ്ടാൽ മനസ്സ് കൈയ്യ് വിട്ട് പോകുമെന്ന് തോന്നി….പറഞ്ഞതും അവൾ എന്നെ കെട്ടിപ്പിടിച്ചു….ഞങ്ങൾ രണ്ടു പേരും കരയുകയായിരുന്നു…

“രണ്ടാളും കൂടി റിസെപ്ക്ഷൻ കുളമാക്കുമല്ലേ”… കാരൺ സാറിന്റ ശബ്ദം കേട്ട് ഞങ്ങൾ മാറി നിന്നു…

“ഇത് അഖിൽ… ഞങ്ങളുടെ കല്യാണമാണ് അടുത്തമാസം…” അമ്മു പറഞ്ഞപ്പോളാണ് അടുത്ത് നിൽക്കുന്ന ആളെ ഞാൻ കാണുന്നത് തന്നെ…

ഞാൻ പുഞ്ചിരിച്ചു…. നല്ല ഒരു ചെറുപ്പകാരൻ, അവൾക്ക് നന്നായി ചേരും…

നീ എങ്ങനെയാ എന്റെ കല്യാണമാണെന്ന് അറിഞ്ഞത്… അമലാമ്മ വിളിച്ചോ?

“അമലാമ്മ വിളിക്കുന്നതിന് മുൻപ് വെറെ ഒരാൾ വിളിച്ച് വരണമെന്ന് കട്ടായം പറഞ്ഞു…” കിരൺ സാറിനെ നോക്കി അവൾ പറഞ്ഞപ്പോൾ എനിക്ക് മനസ്സിലായി ആരാണ് വിളിച്ചതെന്ന്…

ഞാൻ സാറിനെ നോക്കി… അഖിലിനോട് സംസാരിച്ച് കൊണ്ട് എന്നെ നോക്കി ചിരിച്ചു… ആ ചിരിയോട് എനിക്ക് വല്ലാത്ത ഒരു ഇഷ്ടം തോന്നി…

ആളുകൾ എല്ലാം പോയി തുടങ്ങിയിരുന്നു… അമ്മുവിന്റെ ഒപ്പമാണ് ഞാനും കിരൺ സാറും ഫുഡ് കഴിക്കാൻ ഇരുന്നത്…

അഖിലും പെട്ടെന്ന് കൂട്ടായി…

“എന്നാലും നീ എന്നെ കാണാതെ ഇത്ര നാൾ മാറി നടന്നില്ലേ’… അവൾ പിന്നെയും പരിഭവം പറഞ്ഞു…

നീ എന്നെയും കൊണ്ടുപോയില്ലല്ലോ…

“ഞാൻ മമ്മയോടും പപ്പയോടും പറഞ്ഞ് എല്ലാം റെഡിയാക്കാൻ തുടങ്ങിയതാ… പക്ഷെ അപ്പോളാണ് അറിഞ്ഞത്… നിന്നെ അഡോപ്റ്റ് ചെയ്യാൻ നിന്റെ സ്പോൺസർ സമ്മതിക്കില്ലാന്ന്, അയാൾക്ക് നീയും ആയി എന്തോ റിലേഷൻ ഉണ്ടെന്നും അറിഞ്ഞു, അതൊക്കെ അമലാമ്മ അറിയാതെ നിന്നെ അറിയിക്കാൻ ഞാൻ എത്ര ശ്രമിച്ചതാണെന്നോ”

അവളത് പറഞ്ഞപ്പോൾ ഞാൻ ഞെട്ടലോടെ കിരൺ സാറിനെ നോക്കി… കള്ളം പിടിക്കപ്പെട്ട ഒരു കുട്ടിയുടെ ഭാവങ്ങൾ മിന്നിമറയുന്നത് കണ്ടു….

നിനക്കറിയാമോ…എന്റെ സ്പോൺസർ ആരാണെന്ന്…

“ഇല്ല”…

എന്റെ അടുത്തിരിക്കുന്ന കിരൺസാർ തന്നെ…

അവളുടെ കണ്ണുകളിലും ഞെട്ടൽ ഉണ്ടായി…എന്റെ മനസ്സിൽ കുറച്ച് മുൻപ് വരെ ഉണ്ടായിരുന്ന നനഞ്ഞ തണുപ്പ് എവിടെയോ ഓടി ഒളിച്ചിരുന്നു…

ഭഷണം കഴിച്ച് അവർ ഒന്ന് കൂടി കല്യണത്തിന് വരണമെന്ന് ഓർമ്മിച്ച് യാത്ര പറഞ്ഞ് പോയി…

എനിക്ക് റൂമിൽ പോകണം… ഞാൻ മുഖത്ത് നോക്കാതെ പറഞ്ഞ് വീട്ടിലോട്ട് നടന്നു…. ഈ കോലം എങ്ങനെ എങ്കിലും അഴിച്ച് വെച്ച് തനിയെ ഇരിക്കാൻ മനസ്സ് വെമ്പി…

തുടരും…