കൂടെപ്പിറന്നൾ ആണ് തിരിച്ചറിയുന്ന പ്രായത്തിൽ ആദ്യം പറഞ്ഞു തുടങ്ങിയത്…കൂടെ നടക്കാൻ അവൾക്കു കുറച്ചിൽ ആണത്രേ.

കറുപ്പുതാൻ എനക്ക് പുടിച്ച കളർ – രചന: മഞ്ജു ജയകൃഷ്ണൻ

“ഹോ ! എന്നാലും പൂവമ്പഴം പോലിരിക്കുന്ന തെക്കേതിലെ ചെക്കന് കരിമാക്കാച്ചി പോലെ ഒരുത്തിയെ കിട്ടിയുള്ളോ? “

ആ ചോദ്യം വന്നു കൊണ്ടത് എന്റെ നെഞ്ചിലായിരുന്നു… ഞാൻ കേൾക്കാനാണോ അതു പറഞ്ഞത് എന്നു പോലും തോന്നിപ്പോയി..

പണ്ടു മുതലേ കേട്ടു വളർന്നതു കൊണ്ട് എനിക്കു സ്ഥിരം പരിചയമുള്ള വാക്കുകൾ ആയിരുന്നു….

ഫോട്ടോ എടുക്കുമ്പോൾ, ആരെ എങ്കിലും പരിചയപ്പെടുത്തുമ്പോൾ ഒക്കെ ….. എല്ലാവരുടെയും സ്ഥിരം പരിഹാസകഥാപാത്രം ഞാൻ ആയിരുന്നു…..

അമ്മയും അച്ഛനും എന്നു വേണ്ട ആ കുടുംബത്തിലെ എല്ലാവരും വെളുത്തു തുടുത്തു ഇരുന്നിട്ടും, ഞാൻ മാത്രം കണ്ണു കിട്ടാതിരിക്കാൻ നല്ല കരിമഷിടെ നിറം ആയി….

അച്ഛമ്മേടെ അഭിപ്രായത്തിൽ മുത്തച്ഛൻ കറുപ്പായിരുന്നു.

‘കറുപ്പച്ചൻ’ എന്നാണത്രെ എല്ലാവരും വിളിച്ചിരുന്നത്.ആ നിറം ആണത്രെ എനിക്ക് കിട്ടിയത്..

കൂടെപ്പിറന്നൾ ആണ് തിരിച്ചറിയുന്ന പ്രായത്തിൽ ആദ്യം പറഞ്ഞു തുടങ്ങിയത്….. കൂടെ നടക്കാൻ അവൾക്കു കുറച്ചിൽ ആണത്രേ.

കണ്ണാടിയിൽ മുഖം നോക്കുമ്പോൾ അവൾ പുറകിൽ നിന്നും ചിരി തുടങ്ങും .

“എന്തിനാടീ സമയം കളയുന്നെ? . മേക്കപ്പിനോക്കെ ഒരു പരിധി ഇല്ലേ ” എന്ന്……

എന്നെ വെളുപ്പിക്കാൻ അമ്മ നടത്തിയ ശ്രമങ്ങൾ എല്ലാം പരാജയപ്പെട്ടു കൊണ്ടേ ഇരുന്നു.

ഒരിക്കൽ അമ്മ ദേഷ്യപ്പെട്ടു പറഞ്ഞു !

“ഫെയർ ആൻഡ് ലവലി കമ്പനിക്കെതിരെ കേസ് കൊടുക്കണം എന്ന് “. അവരുടെ ക്രീമിൽ കുളിപ്പിച്ചിട്ടും എന്റെ കളർ അങ്ങനെ തന്നെ നിന്നു പൊന്നു

“രാഘവോ സ്ത്രീധനം ആയി ദമ്പിടി കൂടുതൽ കരുതിക്കോ കേട്ടോ ഇല്ലെങ്കിൽ ഇളയവൾ വീട്ടിൽ നിന്നു പോകും കേട്ടോ “

എന്നു പറഞ്ഞ ബ്രോക്കറെ തല്ലിക്കോല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിട്ടും എല്ലാം കടിച്ചമർത്തി ഞാൻ നിന്നു.ഇച്ചിരി വെളുപ്പിച്ച ഫോട്ടോ ചോദിച്ചപ്പോൾ ഒറിജിനൽ കളർ ഉള്ള ഒട്ടും പുട്ടിയിടാത ഫോട്ടോ തന്നെ കൊടുത്തു….കുറേ നാൾ ബ്രോക്കറെക്കുറിച്ചു വിവരം ഇല്ലായിരുന്നു….

കൂടെപ്പഠിച്ചവർ ഒക്കെ കുട്ടിയും കെട്ടിയോനും ആയി നടക്കുമ്പോൾ ഉള്ളിൽ നിരാശ തോന്നിത്തുടങ്ങി…എങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ഞാൻ നടന്നു…

ഇടക്ക് ഒരു രണ്ടാംകെട്ടുകാരൻ വന്നെങ്കിലും അമ്മയുടെ കണ്ണീരു കണ്ട് അച്ഛൻ മടക്കിയയച്ചു…

അങ്ങനെ ഞാൻ ഒരു ചോദ്യചിഹ്നം ആയി നിൽക്കുമ്പോൾ ആണ് കണ്ണേട്ടന്റെ വരവ്.

ഫോട്ടോ കണ്ടപ്പോൾ തന്നെ കുശുമ്പിയായ സഹോദരി പറഞ്ഞു.
ഓഹ് !’ ഇയാൾക്കൊന്നും ഇഷ്ടപ്പെടാൻ പോകുന്നില്ല’.

ഇഷ്ടമായി…

ആ വാക്കുകൾ ആണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ കരുത്തു പകർന്ന വാക്കുകൾ ആയി തോന്നിയത്..

ഒന്നും വിശ്വസിക്കാൻ ആകാതെ അച്ഛനും അമ്മയും നിന്നു.

“പെണ്ണിനെ മാത്രം മതി”… എന്നും കൂടെ കേട്ടപ്പോൾ ബോധം കെട്ടു വീഴുമോ? എന്നു പോലും ഞാൻ സംശയിച്ചു..

വന്നതും കണ്ടതും കെട്ടിയതും ഒക്കെ പെട്ടെന്ന് ആയിരുന്നു….

അങ്ങനെ കല്യാണം ഒക്കെ കഴിഞ്ഞു കാലെടുത്തു വച്ചു ആ വീട്ടിൽ ചെന്നപ്പോൾ ആണ് ഇമ്മാതിരി ഡയലോഗ് കേട്ടത്. കല്യാണം കഴിഞ്ഞു അധികം ആകാത്തതു കൊണ്ടും ആ വീട്ടിൽ എല്ലാവരും കേൾക്കെ ആയതു കൊണ്ടും എന്തോ നെഞ്ചു പൊടിഞ്ഞു…

കല്യാണം ഉടനെ ആയതു കൊണ്ട് കണ്ണേട്ടനോട് അധികം സംസാരിക്കാൻ സമയം കിട്ടിയില്ല എന്നതാണ് നേര്.

“എന്തു കൊണ്ടാ എന്നെ ഇഷ്ട്ടപ്പെട്ടത്? “

എന്ന ചോദ്യം മനസ്സിൽ നിറഞ്ഞു നിന്നിരുന്നു.

എന്റെ സൗന്ദര്യത്തെക്കുറിച്ചും കണ്ണേട്ടന് പറ്റിയ അബദ്ധത്തെക്കുറിച്ചുമുള്ള ചർച്ചകൾ കേട്ടാണ് കണ്ണേട്ടൻ ഇറങ്ങി വരുന്നത്

“നിങ്ങൾക്ക് ഒന്നും വേറെ പണി ഇല്ലേ?

എന്റെ ജീവിതത്തിൽ ആരാണ് കൂട്ടു വേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ഞാൻ ആണ്… എന്റെ കണ്ണിൽ ഇവൾ സുന്ദരി ആണ്. തൊലിവെളുപ്പുള്ള ഒരുത്തിയെ സ്നേഹിച്ചു ജീവിതം വെറുത്ത ഞാൻ തിരിച്ചറിഞ്ഞതാണ്

“സൗന്ദര്യം വേണ്ടത് മനസ്സിൽ ആണെന്ന് “.

അവഗണനയിൽ വേവുന്ന ഇവൾക്കറിയാം എന്താണ് സ്നേഹം എന്ന്.

“ഇത് കഴിവിന്റെ ലോകം ആണ്.”

ഒരാളെ അളക്കുന്നത് ഒരിക്കലും നിറത്തിന്റെ പേരിൽ ആകരുത്…

എന്റെ ചോദ്യങ്ങൾ പാതിവഴിയിൽ ഞാൻ നിർത്തി….

എനിക്കിപ്പോൾ ആ മനസ്സ് അറിയാമായിരുന്നു.ഞങ്ങളുടെ സ്വകാര്യനിമിഷങ്ങളിൽ ആ ദേഹത്തു ചേർന്നു ഞാൻ ചോദിച്ചു

” നമുക്ക് ജനിക്കുന്ന കുഞ്ഞ് വെളുത്തതാവും അല്ലേ “?

ഇടം ചെവിയിൽ ചെറുതായൊന്നു നുള്ളി അതിനു കണ്ണേട്ടൻ മറുപടി തന്നിരുന്നു…..

Nb: സൗന്ദര്യം ഉണ്ടാവേണ്ടത് മനസ്സിൽ തന്നെയാണ്. അതെ എന്നും നിലനിൽക്കുകയുള്ളൂ