അച്ഛമ്മ എന്താ പറഞ്ഞത്… ഞാൻ ഞെട്ടലോടെ ചോദിച്ചു…
” അതോ… അത് കിച്ചൂട്ടൻ ഒന്നും പറഞ്ഞില്ലേ”…എന്റെ കരങ്ങളെ കൂടുതൽ ചേർത്ത് പിടിച്ചു കൊണ്ട് അച്ഛമ്മ ചോദിച്ചു… ആ കരങ്ങൾ വിറക്കുന്നുണ്ടായിരുന്നു….
ഇല്ല…ഞാൻ കിരൺ സാറിനെ നോക്കി… ചെറിയ കുറ്റബോധം ആ മുഖത്ത് കാണാമായിരുന്നു…
“കിച്ചൂട്ടൻ പറയും… എനിക്ക് ഇനി അത് ഓർക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…. മറക്കാനും”…
അച്ഛമ്മക്ക് നല്ല ഓർമ്മ ആണെന്നാണല്ലോ സാർ പറഞ്ഞത്…. അറിയാതെ ചോദിച്ചു പോയി…
“എന്റെ ഓർമ്മകൾ ഒന്നു നശിച്ചിരുന്നെങ്കിൽ എന്ന് എപ്പോഴും പ്രാർത്ഥിക്കും… മരണം വരെ നീറി കഴിയാൻ വേണ്ടി ദൈവം തന്ന ശിക്ഷ ആയിരിക്കും ഈ ഓർമ്മശക്തി” അച്ഛമ്മ വിറക്കുന്ന ശബ്ദത്തിൽ പറഞ്ഞു….
എനിക്ക് ഒന്നും മനസ്സിലാകുന്നില്ല….
“മോള് അറിയണം എല്ലാം…” എന്റെ കരങ്ങൾ പിടിച്ച് എഴുന്നേറ്റ് നിന്ന് തലയിൽ തലോടി…
“എല്ലാം അറിയുമ്പോൾ അച്ഛമ്മയെ വെറുക്കരുത്…” നെറ്റിയിൽ ഉമ്മ വെച്ച് കണ്ണുകൾ നിറഞ്ഞ് അച്ഛമ്മ പറയുന്നത് എന്തായിരിക്കും എന്ന് മാത്രമാണ് ഞാൻ ആലോചിച്ചത്….
“കിച്ചൂട്ടാ നീ മോളോട് എല്ലാം പറയണം” “കല്യാണ കാര്യം പറയാൻ കിച്ചു ഇവിടെ വന്നപ്പോൾ തന്നെ അനുമോൾ ആരാണെന്ന് പറഞ്ഞിരുന്നു… പക്ഷെ വെറെ ആർക്കും അറിയില്ല… മോളെ കണ്ടപ്പോൾ മനസ്സിലായി കാണും ചിലപ്പോൾ, അറിയാത്ത പോലെ ഭാവിക്കുന്നതാണ്… ഒന്ന് മാത്രം പറയാം മോള് അനാഥ ആയി വളർന്നത് ഞങ്ങളുടെ തെറ്റ് ആണ്”
അച്ഛമ്മയുടെ ശബ്ദം തീരെ നേർത്തിരുന്നു…” ഒന്ന് കിടക്കണം”
ഞാൻ എഴുന്നേറ്റ് മാറി നിന്നു….കിരൺ സാർ അച്ഛമ്മയെ പതിയെ കട്ടിലിൽ കിടത്തി…
“മോള് എല്ലാം അറിഞ്ഞ് കഴിയുമ്പോൾ കിച്ചൂട്ടനോട് ദേഷ്യം കാണിക്കരുത്… അവൻ ഇതിൽ നിരപരാധിയാണ്… കാര്യങ്ങൾ അറിഞ്ഞത് മുതൽ മോളെ ചേർത്ത് പിടിക്കാൻ ഒത്തിരി ശ്രമിക്കുന്നുണ്ട്… അതുകൊണ്ടാണ് കല്യാണത്തിനും കിച്ചു നിർബദ്ധിച്ചത്” ഒഴുകുന്ന കണ്ണുനീർ തുടച്ച് കൊണ്ട് അച്ഛമ്മ തിരിഞ്ഞ് കിടന്നു…..
ഒന്നും മനസ്സിലാകാതെ ഞാൻ കിരൺ സാറിനെ നോക്കി… ഹൃദയമിടുപ്പ് വല്ലാതെ കൂടുന്നുണ്ടായിരുന്നു…
അച്ഛമ്മയെ ഒന്ന് കൂടി നോക്കി കിരൺ സാർ എന്നെ ചേർത്ത് പിടിച്ച് മുറിയുടെ പുറത്തോട്ട് ഇറങ്ങി…
വല്യഛൻ എന്നെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു… വന്ന് കയറിയപ്പോഴും എന്നോട് കുത്തുവാക്കുകൾ ഒന്നും പറഞ്ഞില്ല എന്ന കാര്യം ഞാനോർത്തു…
“വാ ഞാനൊരു കാര്യം കാണിച്ച് തരാം…” കിരൺ സാർ എന്റെ കരങ്ങളിൽ പിടിച്ച് പറഞ്ഞു…
സാറിന്റെ കൂടെ സ്റ്റെയർ കയറുമ്പോൾ മനസ്സിൽ തിരമാലകൾ ആഞ്ഞ് അടിക്കുന്നുണ്ടായിരുന്നു…
ഒരു മുറിയുടെ ഡോർ തുറന്ന് എന്നെയും കൊണ്ട് അകത്ത് കയറി… മുറി പൊടി പിടിച്ച് കിടക്കുന്നു… പക്ഷെ ഭിത്തിയിൽ നിറയെ ആരോ ഡാൻസ് ചെയ്യുന്ന ഫോട്ടോകൾ… മേശ പുറത്ത് നിറയെ ട്രോഫികൾ… ഞാൻ സംശയത്തോടെ കിരൺ സാറിനെ നോക്കി… ആള് ഭിത്തിയിലെ ഫോട്ടോകൾ ചൂണ്ടി കാണിച്ചു…ഒരു ഫോട്ടോയുടെ അടുത്ത് ചെന്ന് പൊടി കൈയ്യും കൊണ്ട് തുടച്ചു… മങ്ങി തുടങ്ങിയ ഫോട്ടോ കണ്ട് ഞാൻ ഞെട്ടലോടെ കിരൺ സാറിനെ നോക്കി…അത് ഞാൻ തന്നെ ആയിരുന്നു… കുറച്ച് കൂടി പൊക്കം ഉണ്ട് പക്ഷെ കാണാൻ എന്നെ പോലെ തന്നെ…
ആരാ ഇത്… ഞാൻ വിറയലോടെ ചോദിച്ചു…
“താൻ ഇത്ര കാലം അന്വേഷിച്ച് നടന്ന ആള്…. തന്റെ അമ്മ”
എന്നിട്ട്…. എന്റെ അമ്മ എവിടെ…. ഞാൻ കരഞ്ഞ് തുടങ്ങിയിരുന്നു… എല്ലാ ഫോട്ടോയും ആർത്തിയോടെ തുടച്ചു കൊണ്ട് ഞാൻ ചോദിച്ചു…
പറ…. എന്റെ അമ്മ ജീവിച്ചിരിപ്പുണ്ടോ… തിരിഞ്ഞ് കിരൺ സാറിന്റെ ഷർട്ടിൽ പിടിച്ച് ഉലച്ച് കൊണ്ട് ചോദിക്കുമ്പോൾ മനസ്സിൽ ഒരായിരം സംശയങ്ങൾ നുരഞ്ഞ് പൊങ്ങുന്നുണ്ടായിരുന്നു…
” അനു… താൻ ഇങ്ങനെ തളരാതെ ഞാൻ എല്ലാം പറയാം…” ശാന്തനായി കണ്ണുകൾ തുടച്ച് തന്നുകൊണ്ട് കിരൺ സാർ പറഞ്ഞു….
നിങ്ങൾ ഇനിയും എന്നെ പറ്റിക്കും… എല്ലാവരെയും പോലെ…എനിക്ക് എന്റെ അമ്മയെ ഒന്ന് കണ്ടാൽ മതി…. ജീവനോടെ ഉണ്ടെന്ന് എങ്കിലും പറയൂ….
“അനു…. കരയാതെ… താൻ വാ… നമ്മുക്ക് പോകാം… വീട്ടിൽ ചെന്നിട്ട് എല്ലാം പറയാം”
ഇല്ല ഞാൻ വരില്ല… എനിക്ക് അറിയണം…
“എനിക്ക് പൊടി അലർജിയാണ്…… അതുകൊണ്ട് പോകുന്ന വഴി എനിക്കറിയാവുന്നത് എല്ലാം ഞാൻ പറയാം…” കിരൺ സാർ തുമ്മി തുടങ്ങിയിരുന്നു….
ഞാൻ വരാം…കിരൺ സാറിന്റെ കൂടെ പുറത്തിറങ്ങുമ്പോൾ മനസ്സിൽ ഒരു തരം മരവിപ്പ് വന്ന് മൂടുന്നുണ്ടായിരുന്നു…. എന്തായിരിക്കും സാറ് പറയാൻ പോകുന്നത്… ആ മുറിയുടെ അവസ്ഥയും അച്ഛമ്മയുടെ കണ്ണുനീരും കൂടി ചേർത്ത് വായിക്കുമ്പോൾ…. അറിയില്ല…. ഒന്നും അറിയില്ല…
തിരിച്ച് താഴെ ചെല്ലുമ്പോൾ വല്യമ്മയുടെ മുഖത്ത് പുഛം മാറി സഹതാപം ആയിരുന്നു കണ്ടത്….അവിടെ നിൽക്കുന്ന ഒരോ നിമിഷവും ചുട്ട് പൊള്ളുന്നുണ്ടായിരുന്നു…. യാത്ര പറയാതെ… വല്യഛന്റെ മുഖത്ത് പോലും നോക്കാതെ ഞാൻ ഇറങ്ങി നടന്നു…..അവരോട് യാത്ര പറഞ്ഞ് കിരൺ സാർ വന്ന് കാർ ലോക്ക് തുറന്നപ്പോൾ ഞാൻ ഒരു പാവയെ പോലെ കാറിൽ കയറി ഇരുന്നു…
“തന്നെ കുറച്ച് ദിവസം കഴിഞ്ഞ് ഇങ്ങോട്ട് കൊണ്ടുവന്നാൽ മതി എന്നായിരുന്നു ഞാൻ ആദ്യം ഓർത്തത്…. പക്ഷെ തന്റെ വിഷമം കണ്ടപ്പോൾ ഇനി പറയാതെ ഇരിക്കാൻ പറ്റില്ലാന്ന് തോന്നി….”
ഞാൻ പുറത്തോട്ട് നോക്കിയിരുന്നു… കേൾക്കാൻ പോകുന്നത് നല്ല വാർത്ത അല്ല എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു….വണ്ടി നിർത്തിയത് അറിഞ്ഞ് നോക്കിയപ്പോളാണ് ബീച്ചാണെന്ന് കണ്ടത്…
” അനു… എവിടെ തുടങ്ങണം, എങ്ങനെ പറയണം എന്ന് എനിക്കറിയില്ല… കേട്ടു കഴിയുമ്പോൾ തനിക്ക് വിഷമം ആകുമെന്ന് അറിയാം…” കിരൺ സാറിന്റെ വാക്കുകൾക്ക് കാതോർത്ത് ഞാൻ ഇരുന്നു…
💦💦💦💦💦💦💦💦💦💦💦💦💦💦💦💦💦
അച്ഛൻ മരിക്കുന്നതിന് മാസങ്ങൾക്ക് മുമ്പാണ് ഞാൻ എല്ലാം അറിഞ്ഞത്… വളരെ ചെറുതിലെ മുതൽ ഓർഫനേജിൽ വന്ന് തന്നെ കണ്ടിട്ടുണ്ട്… അന്നൊക്കെ എന്തോ ഒരു ബന്ധം താനുമായി എനിക്കുണ്ടെന്ന് തോന്നിയിട്ടുണ്ട്… ചോദിക്കുമ്പോഴെല്ലാം നമ്മൾ സ്പോൺസർ ചെയുന്ന കുട്ടി എന്നാണ് അച്ഛൻ പറഞ്ഞിരുന്നത്…
ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ അച്ഛന് വല്ലാത്ത വെപ്രാളമായിരുന്നു… ആദ്യം അസുഖത്തോടുള്ള പേടിയാണെന്നായിരുന്നു ഞാനോർത്തത്…. പക്ഷെ ഒരു ദിവസം അച്ഛൻ എന്നെ വിളിച്ച് പറഞ്ഞത് വിശ്വസിക്കാൻ ആദ്യം എനിക്ക് സാധിച്ചില്ല…
അച്ഛഛൻ വളരെ നേരത്തെ മരിച്ച അച്ഛമ്മ തന്നെയാണ് വല്യഛനെയും അച്ഛനെയും അവരുടെ അനുജത്തിയെയും വളർത്തിയതും… മക്കൾ വലുതാകുന്നത് വരെ ബിസിനസ്സ് നോക്കി നടത്തിയിരുന്നതും എല്ലാം…. കുഞ്ഞ് അനുജത്തിയോട് വല്യഛനെക്കാൾ അച്ഛന് ആയിരുന്നു കൂടുതൽ അടുപ്പം…. അച്ഛന്റെ മാത്രം കുഞ്ഞി…. നല്ല മിടുക്കിയായി അവൾ വളർന്നു…. തികഞ്ഞ നർത്തകി… കലാമണ്ഡലത്തിൽ പഠിച്ച് മത്സരങ്ങൾ എല്ലാം ജയച്ച്..വലിയ സ്റ്റേജുകളിൽ വരെ ന്യത്തം ചെയ്യാൻ അവസരങ്ങൾ വന്നു തുടങ്ങി…അച്ഛമ്മക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നിട്ടും അച്ഛൻ അനുജത്തിക്ക് വേണ്ടി അവളുടെ സ്വപ്നങ്ങൾ വെട്ടിപ്പിടിക്കാൻ കൂടെ നിന്നു…
വല്യഛന്റെയും അച്ഛന്റെയും കല്യാണം കഴിഞ്ഞു… ഞാൻ ഉണ്ടായി… കുഞ്ഞി എന്നോട് നല്ല അടുപ്പമായിരുന്നു എന്നാണ് അച്ഛൻ പറഞ്ഞത്… എന്നെ അമ്മയുടെ കൈയ്യിൽ പോലും കൊടുക്കാതെ എടുത്ത് കൊണ്ട് നടക്കും….
മോൾക്ക് നല്ല ഒരു ബന്ധം വന്നപ്പോൾ അച്ഛമ്മ അത് നടത്താൻ തീരുമാനിച്ചു…ആ കല്യാണം വേണ്ട എന്ന് പറഞ്ഞ് കുഞ്ഞി അന്ന് വലിയ ബഹളമുണ്ടാക്കി…. അച്ഛമ്മ പക്ഷെ അത് തന്നെ നടത്തുമെന്നും…
വെറെ വഴി ഇല്ലാതെ കുഞ്ഞി അച്ഛനോട് കാര്യം പറഞ്ഞു… കലാമണ്ഡപത്തിൽ തന്നെ പഠിക്കുന്ന കൃഷ്ണകുമാറുമായി സ്നേഹത്തിലാണെന്നും, അയാളെ മാത്രമേ കല്യാണം കഴിക്കൂ എന്നും….
അച്ഛൻ എത്ര പറഞ്ഞിട്ടും അച്ഛമ്മ പക്ഷെ സമ്മതിച്ചില്ല… ഇനി ഡാൻസ് കളിക്കാൻ പോകണ്ടാന്നും പറഞ്ഞു കലാമണ്ഡലത്തിൽ പോകുന്നതും നിരോധിച്ചു…
പക്ഷെ കുഞ്ഞി ഒന്നും മറക്കാൻ തയാറായില്ല….അവസാനം മോളുടെ വാശിക്ക് മുമ്പിലും അച്ഛന്റെ നിർബന്ധത്തിന് മുമ്പിലും അച്ഛമ്മയും വല്യഛനും സമ്മതിച്ചു… കൃഷ്ണകുമാറിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് നല്ല ചെറുപ്പക്കാരൻ പക്ഷെ അയാൾക്ക് ആരും ഇല്ലാന്നും തനിച്ചാണ് താമസമെന്നും എല്ലാം… എന്നാലും കല്യാണം നടത്താൻ തീരുമാനിച്ചു… രണ്ട് മാസം കഴിഞ്ഞ് നല്ല ഒരു മുഹൂർത്തവും എടുത്തു…പിന്നെ അങ്ങോട്ട് സന്തോഷത്തിന്റെ ദിവസങ്ങൾ ആയിരുന്നു… കുഞ്ഞി കലാമണ്ഡലത്തിൽ വീണ്ടും പോകാൻ തുടങ്ങി…
അങ്ങനെ കല്യാണത്തിന് രണ്ടാഴ്ച മുൻപ് ഞങ്ങൾ എല്ലാവരും കൂടെ ഡ്രസ്സും സ്വർണ്ണവും എടുക്കാൻ ഡൗണിൽ പോയി… വല്യഛനും ഫാമിലിയും അച്ഛമ്മയും വല്യഛന്റെ കാറിലും… കുഞ്ഞിയും കൃഷ്ണകുമാറും അമ്മയും ഞാനും അച്ഛന്റെ കാറിലും ആയിരുന്നു കയറിയത്…
ടൗണിൽ എത്തുന്നതിന് തൊട്ട് മുൻപ് റോങ്ങ് സൈഡ് കയറി വന്ന ഒരു ട്രക്ക് എല്ലാം മാറ്റി മറിച്ചു….വലിയ ആക്സിഡന്റ് ആയിരുന്നു… പക്ഷെ എനിക്കും അച്ഛനും കുഞ്ഞിക്കും ചെറിയ പരുക്കുകളെ ഉണ്ടായുള്ളൂ…. കൃഷ്ണകുമാർ ഹോസ്പിറ്റലിൽ എത്തിയപ്പോഴെക്കും മരിച്ചിരുന്നു… അമ്മ സീരിയസ് ആയി ഐസിയുവിലും…
കൃഷ്ണകുമാർ മരിച്ച കാര്യം രണ്ട് ദിവസം കുഞ്ഞിയെ അറിയിച്ചില്ല…പക്ഷെ അറിഞ്ഞപ്പോൾ മുതൽ ഭയങ്കര ബഹളമായി…പിന്നെ പതിയെ ആരോടും മിണ്ടാതെ ആയി… ഡിപ്രഷന്റെ ലക്ഷ്ണങ്ങൾ കാണിച്ച് തുടങ്ങി…. ആരെയും അടുപ്പിക്കാത്ത കുഞ്ഞി എന്നെ മാത്രം എപ്പോഴും പൊതിഞ്ഞ് പിടിക്കാൻ തുടങ്ങി.. ഭ്രാന്തമായ അടുപ്പം…. അമ്മ കോമയിൽ തുടർന്നു… അതുകൊണ്ട് ഞാനും കുഞ്ഞിയുടെ കൂടെ ആയി എപ്പോഴും…
അച്ഛമ്മക്ക് എന്തോ സംശയം തോന്നി ചെക്ക് ചെയ്യ്തപ്പോഴാണ് അറിയുന്നത് കുഞ്ഞി പ്രഗ്നെറ്റ് ആണെന്ന്…. പക്ഷെ അപ്പോളെക്കും കുഞ്ഞി ഒന്നും മനസ്സിലക്കാൻ പറ്റാത്ത ഭ്രാന്തിന്റെ അവസ്ഥയിൽ എത്തിയിരുന്നു…
ഭ്രാന്തിയായ മകൾ ഗർഭിണി കൂടി ആണെന്ന് അറിഞ്ഞപ്പോൾ അച്ഛമ്മ എടുത്ത തീരുമാനമാണ് ആരും അറിയാതെ ഇരിക്കാൻ മകളെ അകലെ ഉളള കൂട്ടുകാരിയുടെ മഠത്തിൽ ആക്കാം എന്നത്… പ്രസവം കഴിഞ്ഞ് തിരിച്ച് വന്ന് ട്രീറ്റ്മെന്റ് തുടരാൻ ആയിരുന്നു തീരുമാനം, അച്ഛൻ എതിർത്തെങ്കിലും അച്ഛമ്മ സമ്മതിച്ചില്ല…
എന്നെ കെട്ടിപ്പിടിച്ച് പോകാൻ കൂട്ടാക്കാതെ നിന്ന മകളെ അച്ഛമ്മയും വല്യഛനും ചേർന്ന് വലിച്ച് വണ്ടിയിൽ കയറ്റി വയനാട്ടിൽ ഉള്ള മഠത്തിൽ എത്തിച്ചു….
അതു കൂടി ആയപ്പോൾ കുഞ്ഞിക്ക് ഭ്രാന്ത് കൂടി… താൻ ഗർഭിണി ആണെന്ന് പോലും അറിയാതെ…. പ്രിയപ്പെട്ടവൻ മരിച്ചത് അംഗീകരിക്കാതെ കുഞ്ഞി അവിടെ കഴിഞ്ഞു…
അമ്മ കോമയിൽ തന്നെ തുടർന്നു… കുഞ്ഞി ഒരു പെൺകുഞ്ഞിനെ പ്രസവിച്ചതറിഞ്ഞ് അച്ഛൻ എന്നെയും എടുത്ത് വയനാടിന് പുറപ്പെട്ടു… അനുജത്തിയെയും കുഞ്ഞിനെയും കൂട്ടി കൊണ്ട് വരാൻ വേണ്ടി മാത്രമായിരുന്നു ആ യാത്ര….
പക്ഷെ അവിടെ ചെന്നപ്പോൾ പിന്നെയും കാര്യങ്ങൾ മാറി മറിഞ്ഞു….കുഞ്ഞി താൻ പ്രസവിച്ചതോ കുഞ്ഞ് ഉള്ളതോ ഒന്നും അംഗീകരിക്കാൻ തയാറായില്ല… എന്നെ കണ്ടു പ്പോൾ പക്ഷെ ഓടി വന്ന് എടുത്ത് നിറയെ ഉമ്മ വെച്ചു…എന്നോട് ഉള്ള അടുപ്പം വെറെ ആരോടും കാണിച്ചില്ല….
അവരെ കൂട്ടി തിരിച്ച് വീട്ടിൽ വന്നു….അച്ഛമ്മയും വല്യഛനും ഭാര്യയും മകളുടെ കുഞ്ഞിനെ സ്വീകരിക്കാൻ തയ്യാറായില്ല…. അച്ഛൻ പക്ഷെ കുഞ്ഞിനെ വിട്ടുകളായാൻ സമ്മതിച്ചില്ല…
വെറെ ആരും നോക്കാത്ത കുഞ്ഞിനെ അച്ഛൻ ആയിരുന്നു നോക്കിയിരുന്നത്…. കുഞ്ഞി പക്ഷെ അത് സ്വന്തം മോളാണെന്ന് അറിയാതെ എന്നെ മാത്രം ചേർത്ത് പിടിച്ച് നടക്കും….
അനുജത്തിയെ നല്ല ട്രീറ്റ്മെൻറ്റിന് വേണ്ടി അച്ഛൻ ഹോസ്പിറ്റലിൽ ആക്കി… ഞാൻ കൂടെ നിൽക്കണം എന്ന് വാശി പിടിച്ചപ്പോൾ എന്നെയും കൂടെ നിർത്താൻ ഡോക്ടർ പറഞ്ഞു….. കുഞ്ഞി പതിയെ ഭ്രാന്തിൽ നിന്ന് പുറത്ത് വന്ന് തുടങ്ങി… പക്ഷെ പണ്ടത്തെ ആളെ അല്ലായിരുന്നു… മരുന്നുകൾ കഴിച്ച് ദേഹമെല്ലാം വീർത്തു… മുടി എല്ലാം കൊഴിഞ്ഞു…കുറച്ച് നോർമൽ ആയി തുടങ്ങിയപ്പോൾ ഡോക്ടർ പറഞ്ഞു തനിക്ക് ഒരു കുഞ്ഞ് ഉണ്ടെന്നും കൃഷ്ണകുമാർ മരിച്ചു പോയെന്നും എല്ലാം അംഗീകരിക്കണമെന്നും…. തനിക്ക് ഒരു കുഞ്ഞ് ഉണ്ടെന്ന് അറിയാമെന്നായിരുന്നു കുഞ്ഞിയുടെ മറുപടി…. പക്ഷെ ചൂണ്ടി കാണിച്ചത് എന്നെയും…ഡോക്ടർ എത്ര പറഞ്ഞിട്ടും സ്വന്തം കുഞ്ഞിനെ അംഗീകരിക്കാൻ കുഞ്ഞി തയാറായില്ല…
അച്ഛമ്മക്കും വല്യഛനും ഇഷ്ടമല്ലാത്തത് കൊണ്ട് അച്ഛൻ എന്നെയും അനുജത്തിയെയും കുഞ്ഞിനെയും എടുത്ത് നമ്മുടെ വീട്ടിലേക്ക് മാറി…
തരം കിട്ടുമ്പോഴെല്ലാം സ്വന്തം കുഞ്ഞിനെ ഉപദ്രവിക്കുന്ന അനുജത്തിയിൽ നിന്ന് രക്ഷിക്കാൻ വയനാട്ടിലെ മഠത്തിൽ നിന്ന് അനുജത്തിയുടെ കൂട്ടുകാരി അമല സിസ്റ്ററിനെ വരുത്തി… അമല സിസ്റ്റർ കൂട്ടുകാരിയുടെ മോളെ സ്വന്തം മകളായി വളർത്താമെന്ന് അച്ഛന് വാക്ക് കൊടുത്തു… അങ്ങനെ അച്ഛൻ വാങ്ങി കൊടുത്ത വീട്ടിൽ അമലാമ്മ തന്നെ വളർത്തി…അച്ഛൻ കുറ്റബോധം കാരണം തന്നെ കാണാൻ മിക്കപ്പോഴും വരും കൂടെ എന്നെയും കൊണ്ടുപോകും….അച്ഛൻ വാങ്ങി തരുന്ന ഉടുപ്പ് ഒന്നും താൻ ഇടാത്തത് വലിയ വിഷമമായി അമല സിസ്റ്ററിനോട് പറയും… തന്റെ മുമ്പിൽ വരാൻ അച്ഛന് ഭയമായിരുന്നു… അച്ഛൻ കാരണമാണ് താൻ അനാഥ ആയി വളരുന്നത് എന്ന കുറ്റബോധവും…
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഒഴുകുന്ന കണ്ണുനീർ തുടച്ച് ഞാൻ ചോദിച്ചു….അപ്പോൾ എന്റെ അമ്മ ഇപ്പോഴും ഉണ്ടോ… ഒരു തവണ എന്നെ കാണിച്ച് തരുമോ….
എന്റെ തോളിൽ പിടിച്ച് ചേർത്ത് ഇരുത്തി കിരൺ സാർ പറഞ്ഞു….
“ഉണ്ട്… കാണിച്ച് തരണ്ട അവശ്യം ഇല്ല… താൻ കണ്ട് കഴിഞ്ഞു” ഞാൻ പിന്നെയും ഞെട്ടി… കിരൺ സാറിനെ നോക്കി…
“എനിക്കാടോ അമ്മ ഇല്ലാത്തെ… കോമയിൽ നിന്ന് അമ്മ എഴുന്നേറ്റില്ല…. എനിക്ക് മൂന്ന് വയസ്സ് ആയപ്പോൾ അമ്മ പോയി”
ഞാൻ ഞെട്ടി കിരൺ സാറിനെ നോക്കി…
“കുഞ്ഞി തീർത്തും നോർമൽ ആയപ്പോൾ തന്നെ തിരിച്ച് കൊണ്ടുവരാൻ അച്ഛൻ ഒത്തിരി ശ്രമിച്ചു… പക്ഷെ കുഞ്ഞിയുടെ ഉപബോധ മനസ്സിൽ എന്നെ മകനായി പ്രതിഷ്ഠിച്ച് കഴിഞ്ഞിരുന്നു… ഡോക്ടർ അച്ഛനോട് ഇനി നിർബദ്ധിക്കരുത്… അനിലയെ കണ്ടാൽ ചിലപ്പോൾ പഴയ അവസ്ഥയിലോട്ട് പോകുമെന്ന് പറഞ്ഞ് വിലക്കി”
അപ്പോൾ എന്റെ അമ്മ…. ഞാൻ തളർന്ന് തുടങ്ങിയിരുന്നു… സത്യങ്ങൾ എന്റെ മുമ്പിൽ നിന്ന് കൊഞ്ഞനം കുത്തുന്നു….
“അച്ഛന്റെ കുഞ്ഞി, അച്ഛമ്മയുടെ ലച്ചു… ലക്ഷ്മി…”
ഞാൻ അലറി കരഞ്ഞു…”അനു….തനിക്ക് ഉള്ള എല്ലാ സ്നേഹവും എനിക്ക് നൽകിയ… വലിയ ഒരു കള്ളം സത്യമാണെന്ന് വെറുതെ വിശ്വസിച്ച് കഴിയുന്ന എന്റെ അച്ഛന്റെ അനുജത്തി ആണ് ഞാൻ അമ്മ എന്ന് വിളിക്കുന്ന തന്റെ അമ്മ”
“ചെറുതിലെ തന്നെ അമ്മ മരിച്ച് പോയ കാര്യം അച്ഛൻ പറഞ്ഞ് തന്നിരുന്നു… ഞാൻ അമ്മ എന്ന് വിളിക്കുന്നത് അച്ഛന്റെ അനുജത്തിയെ ആണെന്നും എനിക്കറിയാമായിരുന്നു… പക്ഷെ ആ മനസ്സ് വിഷമിക്കാതെ ഇരിക്കാൻ ഒരിക്കലും ഞാൻ മാറ്റി വിളിച്ചില്ല”
കിരൺ സാറും കരയുകയാണെന്ന് തോന്നി…
എനിക്ക് ഒന്നും മിണ്ടാനില്ലായിരുന്നു… മനസ്സിലെ തിരകൾ എല്ലാം തീരത്ത് എത്തി… ശാന്തമായി കഴിഞ്ഞിരുന്നു….
അമ്മ എന്നെ തിരിച്ച് അറിഞ്ഞ് കാണുമോ…
” തന്നെ കണ്ടപ്പോൾ മനസ്സിലായി കാണും…. അറിയാത്ത പോലെ ഭാവിക്കുന്നതായി ഇന്ന് രാവിലെ കൂടി തോന്നി… പക്ഷെ എനിക്ക് തന്നെ കാണിച്ച് ഇതാണ് അമ്മയുടെ മകൾ എന്ന് ഉറക്കെ പറയാൻ ഉള്ള ധൈര്യം ഇല്ലടോ… ഇനിയും ആ പാവത്തിനെ ഭ്രാന്തിയായി കാണാൻ വയ്യ” കിരൺസാർ തളർച്ചയോടെ പറഞ്ഞു….
ഇനി എന്ത് എന്ന ചോദ്യം മാത്രം എന്റെ മുമ്പിൽ നിന്നു…..
തുടരും…