ലക്ഷ്മി ആന്റിയുടെ മുഖത്ത് സങ്കടവും വെപ്രാളവും നിറഞ്ഞ് നിൽക്കുന്നത് പോലെ…
“മോള് ഇവിടെ വന്ന് നിൽക്കുവാണോ… വാ വന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്ക് രണ്ടാളും…” ലക്ഷ്മി ആന്റി പറഞ്ഞിട്ട് പെട്ടെന്ന് അടുക്കളയിലോട്ട് പോയി…
“അനു… ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് നമ്മുക്ക് ഒന്ന് പുറത്ത് പോകണം…”
ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല…എന്തായിരിക്കും എന്നോട് ഒളിക്കുന്നത്… ആലോചിച്ചിട്ട് ഒരു ഉത്തരവും കിട്ടിയില്ല…
ഡൈനിങ്ങ് ടേബിളിൽ എല്ലാം എടുത്ത് വെച്ചിരുന്നു… ആന്റിയും കിരൺ സാറും കഴിക്കാൻ പറഞ്ഞ് നിർബദ്ധിച്ചപ്പോൾ ഞാനും രണ്ട് ദോശ എടുത്ത് കഴിച്ചു…. കിരൺ സാറിന്റെ കണ്ണുകൾ എന്നിൽ തന്നെ ആയിരുന്നു….എന്റെ മാറ്റങ്ങൾ ഒപ്പി എടുക്കാൻ വല്ലാത്ത കഴിവ് തന്നെയാണ് സാറിന്…
കഴിച്ച് എഴുന്നേറ്റ് പാത്രം എടുക്കാൻ തുടങ്ങിയപ്പോൾ ആന്റി സമ്മതിച്ചില്ല…
“മോള് പോയി റെഡി ആയിക്കോ… ഇതൊക്കെ ഞാൻ ചെയ്യ്തോളാം…”
റൂമിൽ ചെന്നപ്പോൾ സാർ റെഡിയായി കഴിഞ്ഞിരുന്നു….
“നമ്മുക്ക് ഒരു സ്ഥലത്ത് പോകാനുണ്ട്… താൻ വേഗം റെഡി ആകൂ”
എവിടെയാ പോകുന്നത്…
“അതൊക്കെ ഉണ്ട്…” കബോർഡ് തുറന്ന് ഒരു മാമ്പഴകളർ സാരി എടുത്ത് തന്ന് കൊണ്ട് പറഞ്ഞു…” ഇത് ഉടുത്താൽ മതി”
പുറത്ത് പോകുന്നതിന് എന്തിനാ സാരി…
“നമ്മൾ ചുമ്മാ പുറത്ത് പോകുന്നത് അല്ല… അച്ഛമ്മയെ കാണാൻ തറവാട്ടിൽ ആണ് പോകുന്നത്…”
“അച്ഛമ്മയോ…. ” എനിക്കത് അറിയില്ലായിരുന്നു…
“അച്ഛമ്മ നല്ല പ്രായമായി… നടക്കാൻ ഒന്നും വയ്യ, അതുകൊണ്ടാണ് ഇന്നലെ വരാത്തത്… പ്രായമായെങ്കിലും നല്ല ഓർമ്മയാണ്… ഇന്നലെ വരാത്തത് കൊണ്ട് രാവിലെ തന്നെ അനുകുട്ടിയെ കൊണ്ട് ചെന്ന് കാണിക്കണമെന്ന ഓർഡർ വന്നിട്ടുണ്ട്”
അവിടെ വേറെ ആരോക്കെ ഉണ്ട്…
“വല്യ ഛന്റെ കൂടെയാ അച്ഛമ്മ” കിരൺ സാർ പറഞ്ഞ് കൊണ്ട് എന്നെ നോക്കി…
“അച്ഛമ്മ” എന്ന് കേട്ടപ്പോൾ തോന്നിയ സന്തോഷം മുഴുവൻ അത് കേട്ടപ്പോൾ നഷ്ടമായി…
ഞാൻ വരുന്നില്ല…. സാരി കട്ടിലിൽ വെച്ച് ഞാൻ ഇരുന്നു…
” അനു… അവർ പറയുന്നത് ഒന്നും കാര്യമാക്കണ്ടാ… അവരെ പേടിച്ച് താൻ അച്ഛമ്മയെ കാണാതെ ഇരുന്നാൽ അച്ഛമ്മക്ക് വിഷമം ആകില്ലേ… രാവിലെ മുതൽ കാത്തിരിക്കുന്നുണ്ടാകും പാവം” കിരൺ സാർ എന്റെ അടുത്ത് ഇരുന്ന് കൊണ്ട് പറഞ്ഞു…
എന്റെ മനസ്സിൽ വല്യഛന്റെയും ഭാര്യയുടെയും മുഖങ്ങൾ തെളിഞ്ഞ് നിന്നു….
കിരൺ സാർ എന്നെ എന്തിനാ കല്യാണം കഴിച്ചത്, എന്നെ ആർക്കും ഇഷ്ടമല്ലല്ലോ…
“തന്നെ ആർക്കാ ഇഷ്ടം അല്ലാത്തത്… എനിക്ക് തന്നെ ജീവനെക്കാൾ ഇഷ്ടമാണ്… അമ്മക്കും… അത് പോരെ”
പോരാ… എന്നെ എവിടെ കൊണ്ടുപോയാലും എന്റെ ഫാമിലിയെ കുറിച്ച് ചോദിക്കുമ്പോൾ കിരൺ സാറിന് നാണക്കേട് അല്ലേ…. എല്ലാവരുടെയും കണ്ണുകളിൽ ഞാൻ നിങ്ങൾക്ക് ഒട്ടും ചേരാത്തവൾ ആണ്… തെരുവിൽ ആർക്കോ പിഴച്ച് ഉണ്ടായവൾ… രണ്ട് മാസം മുൻപ് സാറിന്റെ ഓഫീസിൽ ജോയിൻ ചെയ്യുന്നിടം വരെ എന്റെ വേരുകളെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല…പക്ഷെ പതിയെ പതിയെ മനസ്സിലായി ഞാനും സാറും ആയി എന്തോ ഒരു ബന്ധം ഉണ്ടെന്ന്… അത് സാറിന് അറിയാമെന്നും… അതുകൊണ്ടാണ് കല്യാണത്തിന് സമ്മതിച്ചത്…. ഇനി എങ്കിലും പറഞ്ഞു കൂടെ എന്താണെന്ന്… അറിഞ്ഞ് കഴിഞ്ഞാൽ ഞാൻ നിങ്ങളെ ഉപേക്ഷിച്ച് പോകുമെന്ന് ഓർത്താണോ പറയാത്തെ….കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…
” അനു ഇവിടെ നോക്ക്” എന്റെ മുഖം കൈയ്യ് കുമ്പിളിൽ എടുത്ത് കിരൺ സാർ പറഞ്ഞു…തന്നെ കുറിച്ച് എല്ലാ കാര്യങ്ങളും എനിക്കറിയാം… ഇനി തന്നെ തനിച്ചാക്കാൻ എനിക്ക് സാധിക്കില്ലായിരുന്നു…അതാണ് കല്യാണത്തിന് നിർബദ്ധം പിടിച്ചത്…ഈ വീട്ടിൽ എനിക്ക് ഉള്ള സ്ഥാനം തന്നെ തനിക്കും ഉണ്ട്…എല്ലാ അർത്ഥത്തിലും”
എന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു… എന്ത് അർത്ഥത്തിൽ…
“എന്ത് അർത്ഥത്തിലാണെന്ന് തനിയെ തന്നിലേക്ക് എത്തിച്ചേരും… പക്ഷെ ഇപ്പോ എന്റെ ജീവന്റെ പാതി എന്ന അർത്ഥത്തിൽ…” എന്റെ കണ്ണുകളിൽ അധരങ്ങൾ ചേർത്ത് പറഞ്ഞപ്പോൾ ഞാൻ ആ സമീപ്യം ആസ്വദിക്കുന്നുണ്ടായിരുന്നു… സങ്കടങ്ങൾ അലിഞ്ഞ് തീരുന്നത് പോലെ തോന്നി…. കുറച്ച് കഴിഞ്ഞ് കണ്ണ് തുറന്ന് നോക്കിയപ്പോൾ കണ്ടു എന്നെ നോക്കി കുസൃതി ചിരിയോടെ ഇരിക്കുന്നത്…
പെട്ടെന്ന് സാരി എടുത്ത് എഴുന്നേറ്റു…ഞാൻ റെഡി ആവട്ടെ…
“ഒക്കെ ഞാൻ താഴെ ഉണ്ടാകും, റെഡി ആയിട്ട് താഴോട്ടു പോരെ” പറഞ്ഞിട്ട് കിരൺ സാർ വാതിൽ തുറന്ന് ഇറങ്ങി…
ഞാൻ എങ്ങനെ ഒക്കെയോ സാരി വാരി ചുറ്റി… ഒന്നും അങ്ങ് ശരിയാകുന്നില്ല…. ഒരു തരത്തിൽ എല്ലാം വാരി വലിച്ച് ഒപ്പിച്ചു… ഓർഫനേജിൽ വെച്ച് ഒന്നോ രണ്ടോ തവണയാണ് സാരി ഉടുത്തിട്ടുള്ളത്… അത് അമലാമ്മ ഉടുപ്പിച്ച് തന്നതാണ്…
സ്റ്റെയർ ഇറങ്ങി നടക്കുമ്പോൾ തട്ടി വീഴുമോന്ന് പേടിച്ചു…
“ഇതെന്ത് കോലം ആണ് അനു” കിരൺ സാർ ചിരിച്ച് കൊണ്ട് ചോദിച്ചു…
എനിക്ക് സാരി നന്നായി ഉടുക്കാൻ അറിയില്ല…
“സാരി ഉടുക്കാനെ അറിയില്ലാന്ന് പറ” അതല്ലേ ശരി….
ഞാൻ എന്നാൽ സൽവാർ ഇടാം…
“മോള്… സാരി ഉടുത്തോ” ലക്ഷ്മി ആന്റി ചോദിച്ചു കൊണ്ട് അടുത്തോട്ട് വന്നു…
അത് പിന്നെ… സാർ പറഞ്ഞപ്പോൾ…
“കിച്ചു നീ ഫ്ലീറ്റ് ഒക്കെ ഒന്ന് നന്നായി എടുത്ത് കൊടുക്ക്”
ആന്റി ഒന്ന് പിടിച്ച് ഇട്ടാൽ മതി… അല്ലെങ്കിൽ ഞാൻ സൽവാർ ഇടാം…
“കിച്ചുവിന് നന്നായി അറിയാം… അവൻ അല്ലേ എന്നെ ഹെൽപ്പ് ചെയ്യുന്നുത്… മോള് ചെല്ല്… അവൻ ശരിയാക്കി തരും…”
ലക്ഷ്മി ആന്റി നിർബന്ധിച്ച് മുറിയിൽ കയറ്റി വിട്ടു…
ഞാൻ വെപ്രാളത്തോടെ കിരൺ സാറിനെ നോക്കി “എന്റെ അനു… താൻ ഇങ്ങനെ അന്തംവിട്ട് നിൽക്കാതെ…” എന്റെ അടുത്ത് വന്ന് നിന്നുകൊണ്ട് സാർ പറഞ്ഞു…എന്ത് ചെയ്യുമെന്ന് അറിയാതെ നിന്ന എന്നെ തിരിച്ച് നിർത്തി സാരി അഴിച്ച് ഉടുപ്പിക്കാൻ തുടങ്ങി…സാറിന്റെ കരങ്ങൾ എന്റെ ദേഹത്ത് തൊടുമ്പോൾ എല്ലാം ഞാൻ വിറച്ചു…. ഫ്ലീറ്റ് എടുത്ത് മനോഹരമായി സാരി ഉടുപ്പിച്ച് കഴിഞ്ഞ് മാറി നിന്ന് നോക്കുന്ന കിരൺ സാറിനെ മുഖമുയർത്തി നോക്കാൻ എനിക്ക് കഴിഞ്ഞില്ല…
“ഇപ്പോൾ നോക്കിക്കെ…” എന്നെ മിററിന്റെ നേരെ നിർത്തി പുറകിൽ നിന്ന് പറഞ്ഞപ്പോൾ എനിക്ക് മിററിലേക്ക് പോലും നോക്കാൻ സാധിച്ചില്ല….എന്റെ കഴുത്തിൽ ചുടുനിശ്വാസം തട്ടിയപ്പോൾ ദേഹം പിന്നെയും വിറച്ച് തുടങ്ങി… മുടിയിലെ ക്ലിപ്പ് അഴിച്ച് മുടി ഓപ്പൺ ചെയ്യ്തിട്ട് തന്നുകൊണ്ട് കാതിൽ പറഞ്ഞു…”എന്റെ പെണ്ണിനെ ഇങ്ങനെ കാണാൻ ആണ് കൂടുതൽ സുന്ദരി” സാരിയുടെ ഉള്ളിൽ കിടന്ന മാല എടുത്ത് പുറത്തോട്ട് ഇട്ട്… പതിയെ കഴുത്തിൽ ചുംബിച്ചപ്പോൾ എന്റെ ഹൃദയ താളം വല്ലാതെ ഉയർന്നിരുന്നു….ഞാൻ തല കുനിച്ച് തന്നെ നിന്നു…
“അനുക്കുട്ടി… ഇത്തിരി സ്നേഹം എനിക്കായ് എന്നെങ്കിലും താൻ തരുമെന്ന് ഞാൻ പ്രതീക്ഷിക്കട്ടെ”
തല ഉയർത്തി നോക്കിയപ്പോൾ പ്രതീക്ഷയോടെ എന്നെ നോക്കി നിൽക്കുന്ന കണ്ണുകൾ ആണ് കണ്ടത്…എനിക്കും എവിടെയോ ഇഷ്ടമുണ്ട്… പക്ഷെ പറയാൻ കഴിയുന്നില്ല…അടുത്ത് വരുമ്പോൾ എന്റെ ദേഹം തളരുന്നത്, ഹൃദയമിടുപ്പ് കൂടുന്നത്… എന്നിലെ മാറ്റങ്ങൾ എല്ലാം അതാണ്…
“ഇനി നിന്നാൽ സമയം പോകും…” ഒന്നും പറയാത്തത് കൊണ്ടാവും…എന്റെ കരങ്ങളിൽ പിടിച്ച് കൊണ്ട് സാർ പറഞ്ഞു…
സാറിന്റെ കൂടെ നടക്കുമ്പോൾ കുറ്റബോധം തോന്നി, ഈ സ്നേഹം കണ്ടില്ലാന്ന് നടിക്കാൻ എനിക്ക് സാധിക്കില്ല…ഞാനും കൊതിക്കുന്നുണ്ട് ഇതിന്റെ ഇരട്ടി ആയി തിരിച്ച് നൽകാൻ…പക്ഷെ എവിടെയോ മനസ്സ് തങ്ങി നിൽക്കുന്നു…
“ഇപ്പോ നല്ല ഭംഗിയായി… അനു ഈ വളയും കൂടി ഇടു.” ലക്ഷ്മി ആന്റി എന്റെ അടുത്ത് വന്ന് കൈയ്യ്കളിൽ ഇരുന്ന വളകൾ എന്നെ അണിയിച്ചു…
ആന്റി ഇതൊന്നും വേണ്ട…
“ഈ ഒഴിഞ്ഞ കൈയ്യ്കളും ആയി ചെന്നാൽ അമ്മ വഴക്ക് പറയുന്നത് എന്നെ ആയിരിക്കും… ചെല്ല്, ഇപ്പോ കണ്ടാൽ അമ്മക്ക് ഇഷ്ടമാകും, പെൺകുട്ടികൾ സാരി ഉടുത്തു കാണാൻ അമ്മക്ക് ഇഷ്ടമാണ്, ചേട്ടന്റെ മക്കൾ രണ്ടു പേരും ജീൻസ് മാത്രമേ ഇടുകയുള്ളു എന്ന് എന്നും പരാതി പറയും ” ആന്റി ചിരിച്ചു…
“അവർ പിന്നെ അമേരിക്കയിൽ സാരി ഉടുത്ത് നടക്കണോ, അച്ഛമ്മക്ക് അതൊന്നും മനസ്സിലാകില്ല” കിരൺസാർ പറഞ്ഞു..
കിരൺ സാറിന് ഒപ്പം കാറിൽ കയറുമ്പോൾ മനസ്സിൽ വല്ലാത്ത മൂകത വന്ന് നിറയുന്നുണ്ടായിരുന്നു… ചിലപ്പോൾ വല്യഛന്റെ വീട് ആണെന്ന് അറിയാവുന്നത് കൊണ്ടാകാം… എന്ന് സാമാധാനിച്ച് പുറത്ത് നോക്കി ഇരുന്നു…
“അനു താൻ അവിടെ ചെന്ന് തലകുനിച്ച് നിൽക്കരുത്… ഇപ്പോൾ താൻ അനാഥ അല്ല… കിരണിന്റെ ഭാര്യയാണ്…ഞാൻ ഇല്ലേ തനിക്ക്…” കിരൺ സാറിന്റെ വാക്കുകൾ കണ്ണിൽ ഈറൻ അണിയിച്ച് തുടങ്ങി… എന്റെ മനസ്സിലെ പേടി കിരൺ സാറിന് മനസ്സിലായി എന്ന് തോന്നി… ആ കരങ്ങൾ എന്റെ വിരലുകളെ പൊതിയുമ്പോൾ ഞാനത് ആഗ്രഹിച്ചിരുന്നു എന്ന് തന്നെ പറയാം… ആ സ്നേഹ ചൂട് എന്റെ മനസ്സിനെ ശാന്തമാക്കാൻ കഴിവുള്ളതായിരുന്നു…
💦💦💦💦💦💦💦💦💦💦💦💦💦💦💦💦💦
കാറ് വലിയ ഒരു വീടിന്റെ മുറ്റത്ത് നിർത്തി… മുറ്റത്ത് നിറയെ ചെടികളും മരങ്ങളും…
“ഇറങ്ങ്…ഇതാണ് തറവാട്…താൻ എന്റെ ഒപ്പം തന്നെ നിന്നാൽ മതി… തനിച്ച് കിട്ടിയാൽ വല്യമ്മ എന്തെങ്കിലുമൊക്കെ പറയും”
എന്നെ എത്ര നാൾ ഇങ്ങനെ പൊതിഞ്ഞ് കൊണ്ടുനടക്കാൻ പറ്റും… അവര് എന്ത് പറഞ്ഞാലും ഇനി എനിക്ക് സങ്കടമൊന്നും വരില്ല…
“അതെന്താ”
എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ആള് കൂടെ ഇല്ലേ… അതുകൊണ്ട്…ആ മുഖത്തെ സന്തോഷം ഞാൻ മുഖം തിരിച്ച് നോക്കാതെ തന്നെ ആസ്വദിച്ചു…
“എന്താ പറഞ്ഞെ” പിന്നെയും ആകാംഷയോടെ ചോദിച്ചു…
ഇനി പറയില്ല…
ഞാൻ പെട്ടെന്ന് ഡോർ തുറന്ന് ഇറങ്ങി… അപ്പോളെക്കും ഉമ്മറത്ത് വല്യഛനും വല്യമ്മയും ഇറങ്ങി വന്നു… എന്റെ കൈയ്യ്കളിൽ പിടിച്ച് കിരൺ സാർ അവരുടെ അടുത്തോട്ട് നടന്നു…
“കിച്ചു ആയിരുന്നോ” വല്യമ്മ അത്ര ഇഷ്ടമാകാതെ എന്നെ നോക്കി…
“ഞങ്ങൾ അച്ചമ്മയെ കാണാൻ വന്നതാണ്…”
“കയറി വാ…” വല്യഛൻ അകത്തോട്ട് വിളിച്ചു…
കിരൺ സാർ അപ്പോഴും എന്റെ കരങ്ങൾ സുരക്ഷിതമായി കോർത്ത് പിടിച്ചിരുന്നു…
വല്യമ്മക്ക് ഞങ്ങൾ വന്നത് ഒട്ടും ഇഷ്ടമാകാത്തതു പോലെ അകത്തോട്ട് പോയി…
അമ്മ ഇപ്പോ ആ മുറിയിലാണ്… വല്യഛൻ ഡൈനിങ്ങ് റൂമിന്റെ സൈഡിലുള്ള മുറിയിലേക്ക് വിരൽ ചൂണ്ടി…
“വാ… നമ്മുക്ക് അച്ഛമ്മയെ കാണാം…” സാർ പറഞ്ഞു…
ഞാൻ കിരൺ സാറിന്റെ പുറകെ മുറിയിൽ കയറുമ്പോൾ കണ്ടു, മുടി എല്ലാം പഞ്ഞിക്കെട്ടു പോലെ നരച്ച്… നേര്യത് ഉടുത്ത് കസേരയിൽ ഇരുന്ന് എന്തോ വായിക്കുന്ന അച്ചമ്മയെ… നല്ല ഐശ്വര്യമുള്ള മുഖം…
ഞങ്ങളെ കണ്ട് സൂക്ഷിച്ച് നോക്കി…”കിച്ചൂട്ടൻ ആയിരുന്നോ… ഇങ്ങ് അടുത്ത് വന്നേ…നിന്റെ പെണ്ണ് എവിടെ…”
കിരൺ സാർ എന്റെ തോളിൽ ചേർത്ത് പിടിച്ച് അച്ഛമ്മയുടെ അടുത്തോട്ട് ചെന്നു…
“ഇതാണ് അച്ഛമ്മേ അനില”…എന്നെ നോക്കിയതും ആ കണ്ണുകൾ നിറഞ്ഞതും ഞെട്ടിയതും ഞാനറിഞ്ഞു…
എന്റെ കൈയ്യ്കളിൽ പിടിച്ച് അടുത്ത് കട്ടിലിൽ ഇരിക്കാൻ ആഗ്യം കാണിച്ചു… ഞാൻ കിരൺ സാറിനെ മുഖമുയർത്തി നോക്കി… ഇരുന്ന് കൊള്ളാൻ കണ്ണ് കൊണ്ട് പറഞ്ഞു…എന്റെ മുഖത്ത് നോക്കി കൊണ്ട് ആ വിറയാർന്ന കരങ്ങൾ എന്നെ വന്ന് പൊതിഞ്ഞു….
“ലച്ചു തന്നെ…” പറഞ്ഞപ്പോൾ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു…
എനിക്ക് ഒന്നും മനസ്സിലായില്ല… അച്ഛമ്മ ഇനി എന്താ പറയാൻ പോകുന്നത് എന്നോർത്ത് ഉൾക്കിടത്തോടെ ഞാൻ ഇരുന്നു…
തുടരും…