അമ്മയ്ക്കു അതിൽ ഒരു പരാതിയുമില്ല .ചിലപ്പോളൊക്കെ അച്ഛൻ അവരുടെ വീട്ടിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടിട്ടുണ്ട്

കഥ: പറയാത്ത കഥ , രചന: നിവിയ റോയ്

“അമ്മയുടെ കണ്ണാ….. ഓടിവായോ….. “

“അമ്മയെന്നെ തൊടണ്ട അമ്മ ചീത്തയാ. “

പതിവുപോലെ മുറ്റത്തെ തെച്ചിപ്പൂക്കൾ തീർത്ത വേലികെട്ടിനുള്ളിൽ നിന്നും സ്കൂളുവിട്ട് വരുന്ന കണ്ണന്റെ അടുത്തേക്ക് ഓടിവന്ന വീണ ആന്റിയുടെ മുഖം ചെമ്മാനം പോലെ തുടുത്തു. കണ്ണൻ പറഞ്ഞതുകേട്ട് അമ്പരന്നു നിൽക്കുന്ന എന്നെ നോക്കി ആന്റി പറഞ്ഞു. “അതെന്താണന്നു അറിയാമോ താര മോളെ …. അവന് ഞാൻ ഇന്ന് ദോശക്കു ചമ്മന്തിയാണ് കൊടുത്തത് അവന് സാമ്പാർ ആണ് ഇഷ്ടം. “

“അല്ല…. അല്ല… അതൊന്നുമല്ല പത്തിൽ പഠിക്കുന്ന വിനു ചേട്ടനാണ് പറഞ്ഞത്. വീടിന്റെ ചവിട്ടുപടികൾ അമർത്തി ചവിട്ടി കയറിക്കൊണ്ട് കണ്ണൻ പറഞ്ഞു.

“നീ എന്തിനാണ് അവനുമായി കൂട്ടുകൂടാൻ പോകുന്നത്….. അവനൊരു താന്തോന്നിയാണ്. പെൺകുട്ടികളുടെ പുറകെ നടക്കലാണ് അവന്റെ പണി.”ദേഷ്യത്തോടെ താര പറഞ്ഞു .

“ഞാൻ അവനുമായി കൂട്ടുകൂടാൻ പോയതൊന്നുമല്ല. എന്റെ കൈയിൽ ഒരു ലെറ്റർ തന്നിട്ട് ചേച്ചിക് കൊടുക്കാൻ പറഞ്ഞു. ഇങ്ങനത്തെ ചീത്ത കാര്യം ഞാൻ ചെയ്യില്ലെന്ന് പറഞ്ഞപ്പോ …പറയുവാ ഒരു മഹാൻ വന്നിരിക്കുന്നു. നിന്റെ അമ്മ ചീത്തയാണെന്ന്. “

“മോള് വേഗം ചെല്ല് അമ്മ നോക്കിയിരിക്കുകയായിരിക്കും.”വീണ ആന്റിയുടെ വാക്കുകൾ അവിടുന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് വിചാരിച്ച അവൾക്കു ആശ്വാസമായി.

“വൃത്തികെട്ടവൻ…. നാളെ സ്കൂളിൽ ചെല്ലട്ടെ.” മനസ്സിൽ ഉരുണ്ടു കൂടിയ വെറുപ്പ് അവൾ കാലിൽ തട്ടിയ ഉരുളൻ കല്ലിനെ തട്ടിത്തെറിപ്പിച്ചു തീർത്തു.

അന്ന് വൈകിട്ട് വീണ ആന്റി അടുക്കള പുറകിലിരുന്നു അമ്മയോട് എന്തക്കയോ പറഞ്ഞു കരയുന്നത് കണ്ടു. മടങ്ങി വന്ന അമ്മയുടെ കണ്ണുകളും ചുവന്നു കലങ്ങിയിരുന്നു. അമ്മയോട് ചോദിച്ചിട്ട് അമ്മ അന്നൊന്നും പറഞ്ഞില്ല.

ഒരിക്കൽ തയ്യ്ക്കാൻ കൊടുത്ത അമ്മയുടെ ബ്ലൗസ് മേടിക്കാൻ കണ്ണനെയും കൂട്ടി തയ്യൽ കടയിൽ ചെന്നപ്പോൾ അവിടുത്തെ ആന്റി ചോദിച്ചു. “ഇതേതാ മോളെ ഈ കുട്ടി ..?”

“വീണ ആന്റിയുടെ മോനാണ് ….”

“ഏത് …അംഗനവാടി ടീച്ചർ വീണയോ?” ബ്ലൗസ് പത്രക്കടലാസിൽ പൊതിയുന്നതിനിടയിൽ അവര്‌ ചോദിച്ചു. “ഉം…. അതേ ഞാൻ തലയാട്ടി “

” എങ്കിൽ ഇവൻ നിലക്ക് അനിയൻ തന്നെയാണ് കേട്ടോ….താരയെ നോക്കി കൊണ്ടു തയ്യൽ കടയുടെ തിണ്ണയിൽ ഇരുന്നു തന്റെ ചുണ്ടുകൾ കൂട്ടി പിടിച്ചു കുലുങ്ങി ചിരിച്ചു കൊണ്ടു കൂട്ടത്തിൽ പ്രായമുള്ള ഒരു സ്ത്രീ അത് പറഞ്ഞതും കൂടെ ഉള്ളവർ കണ്ണിറുക്കിച്ചിരിക്കുന്നതും എന്തിനാണെന്ന് അവൾക്കു മനസിലായില്ല .”മോളെ …. മോള് ചെല്ല് …” രേവതി ആന്റി ബ്ളൗസ്സിന്റെ പൊതികെട്ട് എന്റെ നേരെ നീട്ടി പറഞ്ഞു .

“ദേ …ഇത്തരം വൃത്തികെട്ട വർത്തമാന എന്റെ കടയിൽ ഇരുന്ന് പറയരുത്. അല്ലെങ്കിലും ഭർത്താവ് മരിച്ചു പോയ ഒരു സ്ത്രീ നന്നായി ഒന്നു വസ്ത്രം ധരിച്ചാൽ ഒരു ജോലിക്കു പോയാൽ നിങ്ങളെപ്പോലുള്ളൊരു അപ്പോൾ തുടങ്ങും വേണ്ടാദീനം പറച്ചിൽ.”തിരിഞ്ഞു നടക്കുന്നതിനിടയിൽ രേവതി ആന്റി ആ സ്ത്രീയോട് കയർത്തു സംസാരിക്കുന്നതു കേട്ടു.

“എന്തു വൃത്തികേടാടി ഞാൻ പറഞ്ഞത് ഉള്ള കാര്യമല്ലേ…. “അവര് പിന്നെയും എന്തക്കയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒളിഞ്ഞു തെളിഞ്ഞു അങ്ങനെ പല കഥകളും വീണ ആന്റിയെക്കുറിച്ചു അവൾ കേട്ടു.

പിന്നൊരിക്കൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ട്യൂഷനും കഴിഞ്ഞ് ചിപ്പിയുമൊത്തു വരുമ്പോളാണ്ചിപ്പി ആ കഥ പറഞ്ഞത്. ടി…. നിനക്ക് വിഷമം ഒന്നും തോന്നരുത്. നീ ഇനി ആ കണ്ണനെയും കൊണ്ടൊന്നും സ്കൂളിൽ വരണ്ട ചെക്കനിപ്പോൾ അഞ്ചാം ക്ലാസ്സ്‌ ആയില്ലേ തനിയെ വരട്ടെ

“നീ എന്തിനടി അങ്ങനെ പറയുന്നത്. അവനെനിക്ക് അനിയനെ പോലെയാണ് അവനും അങ്ങനാ ഞാൻ എന്നു വച്ചാൽ അവന് ജീവനാണ്. “

“ഉം….. നിന്നോട് പറയാൻവന്ന എന്നെ പറഞ്ഞാൽ മതി. നിനക്കറിയാമോ അവന്റെ അമ്മ ആരാണെന്നു. പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു അവര്‌ ഒരു ചീത്ത സ്ത്രീയാണ്. “അമ്പരപ്പോടെ താര അവളെ നോക്കി നിന്നു. നടക്കു പെണ്ണെ നേരം ഇപ്പൊ ഇരുട്ടും പിന്നെ ഒരു കാര്യം കൂടി ഉണ്ട് പറയാൻ….. നീ വിഷമിക്കരുത്…… നിന്റെ അച്ഛനെയും ചേർത്താണ് ….. “

“നിർത്തുന്നുണ്ടോ നീ ….എന്റെ അച്ഛനെ വല്ലോം പറഞ്ഞാൽ ഉണ്ടല്ലോ …? അന്ന് താര അവളെ മുഴുവൻ പറയാൻ അനുവദിച്ചില്ല.

“സോറി ഡാ…. റിയലി സോറി….. എല്ലാരും അങ്ങനാണ് പറയുന്നത് ….അതുകൊണ്ടാ …ഞാൻ ….”

പിന്നീടാണ് തന്റെ കൂട്ടുകാര് പറയുന്നതിൽ എന്തൊക്കയോ സത്യം ഉണ്ടെന്നു അവൾ ശ്രദ്ധിച്ചത് . എന്തുവാങ്ങിയാലും അച്ഛൻ ഒരു പങ്കു അവർക്കുംകൂടി മേടിക്കും . അമ്മയ്ക്കു അതിൽ ഒരു പരാതിയുമില്ല .ചിലപ്പോളൊക്കെ അച്ഛൻ അവരുടെ വീട്ടിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടിട്ടുണ്ട് . രാത്രി ഓരോന്നോർത്തു ഉറക്കം വരാതെ കിടക്കുമ്പോൾ മനസ്സുനിറയെ അമ്മയാണ് .പാവം അമ്മ…. ഇതുവല്ലതും അറിയുന്നുണ്ടോ…. ഒരു കൂടപ്പിറപ്പിനെപോലെയാണ് വീണ ആന്റിയെ കൊണ്ട് നടക്കുന്നത്…. എത്ര സൗന്ദര്യം ഉണ്ടായിട്ടെന്താ ….വൃത്തികെട്ട സ്ത്രീ.

അച്ഛനോടും ഓരോ ദിവസം കഴിയുംതോറും അവൾക്കു വെറുപ്പ് കൂടി കൂടി വന്നു . പലപ്പോഴും അവളെ പറഞ്ഞു മനസ്സിലാക്കാൻ ദേവകിയമ്മ ശ്രമിച്ചെങ്കിലും , അവളൊന്നും ചെവികൊണ്ടില്ല .അച്ഛനോടുള്ള അവളുടെ സംസാരം കുറഞ്ഞു പഴയ പോലെ കളിയും ചിരിയും ഒന്നും ഇല്ല .ഒരിക്കൽ അകാരണമായി അച്ഛനോട് വഴക്കിട്ട് അവൾ പറയുന്നത് കേട്ടുകൊണ്ടാണ് അമ്മ മുറ്റത്തേക്കു വന്നത് .”അച്ഛനെ കാണുന്നതുപോലും എനിക്ക് ഇഷ്ടമല്ല “കുനിഞ്ഞ ശിരസ്സുമായി അയാൾ പടികെട്ടിറങ്ങി പോകുന്നത് നിറകണ്ണുകളോടെ ദേവകിയമ്മ നോക്കി നിന്നു.

“താരേ …നീ എന്തുഭാവിച്ചാണ് അച്ഛൻ വിഷമിച്ചു പോകുന്നത് നീ കണ്ടില്ലേ ..?”

“അമ്മക്ക് അച്ഛന്റെ വിഷമമാണ് കാര്യം എനിക്ക് കൂട്ടുകാരുടെ മുഖത്ത് നോക്കാൻ പറ്റുന്നില്ല .”

“അച്ഛനെന്തു തെറ്റ് ചെയ്‌തെന്നാണ് ….?നിനക്ക് വിഷമമാണെന്നു അറിഞ്ഞതിൽ പിന്നെ അച്ഛൻ വീണ ആന്റിയോട്‌ സംസാരിക്കുക കൂടിയില്ല.നിന്റെ അച്ഛൻ ഒരു തെറ്റും ചെയ്യില്ല …. “അടുക്കള തോട്ടത്തിലേക്ക് നടക്കുന്നതിനിടയിൽ ദേവകിയമ്മ പറഞ്ഞു .അത് കേട്ട് പുച്ഛ ഭാവത്തിൽ അവൾ തന്റെ ചുണ്ടു കോട്ടി. “വീണ ആന്റി ആരാണെന്ന് നിനക്കു അറിയാമോ ..?”തക്കാളി ചെടിയിലെ പുഴുക്കുത്തേറ്റ ഇലകൾ അടർത്തി മാറ്റിക്കൊണ്ട് ദേവകിയമ്മ അവളോട് ചോദിച്ചു

“അറിയാം നന്നായിട്ടറിയാം …”ദേഷ്യത്തിൽ വെട്ടി തിരിഞ്ഞു അടുക്കള പടികൾ അമർത്തി ചവിട്ടി വീട്ടിലേക്കു കടക്കാൻ തുടങ്ങിയ അവളോട് അമ്മ പറഞ്ഞു .”നീ അവിടെ ഇരിക്ക് ….ഇനിയും നിന്നോട് ഇതൊക്കെ പറഞ്ഞില്ലെങ്കിൽ ശരിയാവില്ല .അച്ഛൻ പറഞ്ഞിട്ടുണ്ട് നീ ഇതൊന്നും ഒരിക്കലും അറിയരുതെന്ന് .പക്ഷേ ഇനി എനിക്ക് പറയാതിരിക്കാൻ കഴിയില്ല .”

“എന്താണെന്ന് വെച്ചാൽ വേഗം പറ “

“നീ ആ പാടിക്കെട്ടിലിരിക്ക് അതൊരു വലിയ കഥയാണ് “

“വേണ്ട ഞാൻ ഇവിടെ നിന്നോളം “അടുക്കള ഭിത്തി ചാരി മുഖം വീർപ്പിച്ചുകൊണ്ടവൾ പറഞ്ഞു .”

അച്ഛൻ സ്നേഹിച്ചിരുന്ന പെണ്ണാണ് വീണ ആന്റി ” അവളുടെ മുഖത്തെ വെറുപ്പ് ഒരു അതിശയ ഭാവത്തിലേക്ക് വഴി മാറുന്നത് നോക്കി ദേവകിയമ്മ തുടർന്നു .അവരു തമ്മിൽ ചെറുപ്പം മുതലേ ഇഷ്ടത്തിലായിരുന്നു. രണ്ട് വീട്ടുകാർക്കും അവരുടെ ബന്ധത്തിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല .അന്ന് നിന്റെ അച്ഛന് സ്വന്തമായി നല്ല ഒരു പലചരക്കു കട ഉണ്ടായിരുന്നു .അവിടേക്കുള്ള സാധനങ്ങൾ മാസത്തിലൊന്നു തമിഴ് നാട്ടിൽ പോയി കൊണ്ടു വരികയാണ് പതിവ് .

അച്ഛന്റെയും വീണ ആന്റിയുടെയും വിവാഹം വീട്ടുകാർ ഏകദേശം ഉറപ്പിച്ച സമയം .പതിവുപോലെ കടയിലേക്കുള്ള സാധനങ്ങൾ എടുക്കാൻ അച്ഛൻ പോയിട്ട് വരുമ്പോൾ ,സന്ധ്യയോടടുത്തൊരു സമയം,റേഡിയോയിൽ നിന്നും പഴയ സിനിമാപാട്ടിനൊപ്പം മൂളി,തന്റെ ഭാവി ജീവിതമൊക്കെ സ്വപ്നം കണ്ടു വണ്ടി ഓടിച്ചിരുന്ന അച്ഛന്റെ ലോറിയുടെ മുൻപിലേക്ക് ഒരു പെൺകുട്ടി റോഡരുകിലെ കുറ്റിക്കാട്ടിൽ നിന്നും ചാടി വന്നു നിന്നു . പെട്ടന്ന് ബ്രേക്ക് ഇട്ടതുകൊണ്ട് അവൾ രക്ഷപ്പെട്ടു .അപ്രതീക്ഷിതമായ അവളുടെ വരവിൽ അച്ഛനും ഞെട്ടിപോയി . ഡോറിലൂടെ തല പുറത്തേക്കിട്ടു അവളെ വഴക്കിടുമ്പോൾ അവൾ വന്ന വഴിയിലെ കുറ്റികാട്ടിലൂടെ രണ്ടുമൂന്ന് ആണുങ്ങൾ അവളെ പിന്തുടർന്നു ഓടിവരുന്നത് ലോറിയിലിരുന്ന് അച്ഛൻ കണ്ടു .കൈകൂപ്പി പിടിച്ചു മുന്നിൽ നിൽക്കുന്ന അവളെ കണ്ടപ്പോൾ എന്തോ പന്തികേടുണ്ടാന്നു അച്ഛനു തോന്നി . അവർ അവിടെ എത്തുന്നതിനു മുൻപേ അവളെ അച്ഛൻ ലോറിയിലേക്കു കൈപിടിച്ച് കയറ്റി .വണ്ടി വേഗം ഓടിച്ചു പോയി .

അവൾ അപ്പോൾ പേടികൊണ്ട് വിറക്കുന്നുണ്ടായിരുന്നു .വണ്ടി കുറച്ചു ദൂരം മുന്നോട്ട് പോഴികഴിഞ്ഞപ്പോൾ അച്ഛൻ അവളോട് അവളൊരു തമിഴ് പെണ്കുട്ടിയാണെന്നു കരുതി അറിയാവുന്ന തമിഴിൽ ചോദിച്ചു .”വീട് എങ്കെ ഇറുക് .ഞാൻ ഉന്നെ വീട്ടിൽ വിടാം “അച്ഛന്റെ ചോദ്യം കേട്ട് അവൾ നല്ല മലയാളത്തിൽ പറഞ്ഞു. എന്റെ വീട്ടിൽ എനിക്ക് ആരുമില്ല .നിങ്ങൾ എന്നേ ഒന്നു സഹായിക്കണം .അവളുടെ മലയാളത്തിലുള്ള വർത്തമാനം കേട്ട് അച്ഛൻ ഞെട്ടി കാണും .അതുപറഞ്ഞു ദേവകിയമ്മ ചിരിച്ചു കൊണ്ടു കറി വെയ്ക്കാനുള്ള പച്ചക്കറികൾ തോട്ടത്തിൽ നിന്നും ശേഖരിച്ചു കൊണ്ടു അവളുടെ അടുത്തേക്ക് എത്തി അമ്മ പറയുന്ന കഥ കേട്ട് അതിശയപ്പെട്ടു നിൽക്കുന്ന അവളെ നോക്കി അടുക്കള പടിക്കെട്ടിൽ ഇരിക്കുന്നതിനിടയിൽ അവർ പറഞ്ഞു …

നീ ആ കറിക്കത്തി ഒന്നു ഇങ്ങോട്ടടുത്തെ ഇവിടെയിരുന്ന് ഇത് അമ്മ അരിയട്ടെ ഇന്ന് നമുക്ക് അവിയൽ വെക്കം അച്ഛനും മോൾക്കും അതല്ലേ ഇഷ്ടം കത്തി അമ്മയുടെ കൈയിൽ കൊടുത്തു പടിക്കെട്ടിൽ ഇരിക്കുന്നതിനിടയിൽ അവൾ ചോദിച്ചു. ആരായിരുന്നമ്മേ ആ പെൺകുട്ടി…?

അവൾക്കു ഒരു പത്തിരുപത് വയസ്സ് പ്രായമുണ്ടാകും . അവളുടെ അമ്മ ചെറുപ്പത്തിലേ മരിച്ചു പോയി .പിന്നെ അവളുടെ അച്ഛന്റെ കൂടെ തോട്ടം പണിക്കു വരുന്ന ഒരു തമിഴത്തിയുമായി അയാൾ അടുപ്പത്തിലായി .പിന്നെ അവളെ കെട്ടി തമിഴ്നാട്ടിലേക്കു താമസവും മാറി . അതോടെ അയാൾ നാട്ടിലുള്ള ബന്ധുക്കളുമായും അകന്നു .ആദ്യമൊക്കെ ആ സ്ത്രീക്ക് അവളെ കാര്യമായിരുന്നു . പിന്നീട്‌ അവർക്കു കുട്ടികൾ ഉണ്ടായപ്പോൾ അവളൊരു ബാധ്യതയായി .അവളുടെ അച്ഛനു എന്തക്കയോ അസുഖങ്ങൾ വന്നു ജോലിക്കു പോകാൻ പറ്റാത്ത അവസ്ഥയും . അതോടെ അവരുടെ ഭരണമായി വീട്ടിൽ. അവളെ അവർക്കു തീരെ ഇഷ്ടമില്ലാതായി .പഠിത്തം മുടങ്ങി അവളെ ഓരോ കുറ്റങ്ങൾ കണ്ടുപിടിച്ചു ദേഹോദ്രപവും തുടങ്ങി . അവൾക്കു എങ്ങോട്ടും പോകാനും സ്ഥലമില്ല.അവളെ ഒഴിവാക്കാനായി അവിടുത്തെ കൗഡറുടെ വീട്ടിലെ ജോലിക്കായി ആ സ്ത്രീ അവിടെ കൊണ്ടു വിട്ടു.

തുച്ഛമായ ശമ്പളമായിരുനെങ്കിലും നല്ല ഭക്ഷണവും താമസവും പിന്നെ ഉപദ്രവവുമില്ലാതെ മകൾക്ക് കഴിയാൻ സാധിക്കുമല്ലോ എന്നോർത്ത് അവളുടെ അച്ഛനും ആശ്വാസമായി .അങ്ങനെ ജീവിതം മുന്നിട്ടുപോകുമ്പോളാണ് .പട്ടണത്തിലെ പഠിത്തവും കഴിഞ്ഞു കൗണ്ടറുടെ മകൻ സേതു വീട്ടിൽ വരുന്നത് . അവന്റെ സ്നേഹത്തോടെയുള്ള പെരുമാറ്റം ആരുമില്ലാത്ത അവൾക്കു ഒരു ആശ്വാസമായി.പതിയെ പതിയെ ആ ബദ്ധം വളർന്നു .പല രാത്രികളിലും അവർ ഒന്നിച്ചു . തനിക്ക് സേതു ഒരു ജീവിതം തരുമെന്ന് അവൾ വിശ്വസിച്ചു .അതിനിടയിൽ അവളുടെ അച്ഛനും മരിച്ചു .ആരുമില്ലാത്ത അവസ്ഥയിലായി അവളുടെ ജീവിതം .താൻ ഒരു അമ്മയാകാൻ പോകുന്നെന്ന് മനസ്സിലാക്കി അവൾ സേതുവിനോട് കാര്യങ്ങൾ പറഞ്ഞു .വീട്ടുകാർ ഈ വിവാഹത്തിന് ഒരിക്കലും സമ്മതിക്കില്ലെന്നും അവളെയും കൂട്ടി പട്ടണത്തിലേക്കു പോകാമെന്നും അവൻ വാക്കു കൊടുത്തു .

അവൻ പറഞ്ഞതനുസരിച്ചു അന്ന് സന്ധ്യക്കു അവൾ കുന്നിൻ മുകളിലെ അമ്പലത്തിനടുത്തു അവനെ കാത്തു നിന്നു . അപ്പോളാണ് രണ്ടുമൂന്ന് ആണുങ്ങൾ കൈയിൽ ആയുധവുമായി ഇടവഴിയിലൂടെ അങ്ങോട്ട് വരുന്നത് അവൾ കണ്ടത് . അപകടം മനസ്സിലാക്കി അവൾ ഓടി വരുന്ന വഴിക്കാണ് അച്ഛനെ കണ്ടത് . സേതു അവളെ ഉപേഷിക്കില്ലന്നു അവൾക്കു ഉറച്ച വിശ്വാസം ഉണ്ടായിരുന്നു .എങ്ങനെയെങ്കിലും സേതുവിനെ കണ്ടു കാര്യങ്ങൾ പറയണമെന്ന് അവൾ അച്ഛനോട് അപേക്ഷിച്ചു .ആരുമില്ലാത്ത അവളെ വഴിയരുകിൽ ഉപേക്ഷിച്ചിട്ട് പോകാൻ അച്ഛനു മനസ്സു വന്നില്ല .അങ്ങനെ അച്ഛൻ അവളെയും കൂട്ടി വീട്ടിലെത്തി .

അമ്മയോടും വീണ ആന്റിയോടും കാര്യങ്ങൾ ഒക്കെ പറഞ്ഞു .രണ്ട് ദിവസത്തിന് ശേഷം അവൾ പറഞ്ഞ അഡ്രസ് അനുസരിച്ചു സേതുവിനെ കാണാൻ പോയി . എന്നാൽ അന്ന് അവിടെ സേതുവിൻറെ വിവാഹ നിശ്ചയമായിരുന്നു . അവനും അറിഞ്ഞുകൊണ്ട് ആ പെൺകുട്ടിയെ നശിപ്പിക്കാൻ ആളുകളെ വിട്ടത് .

“ശോ …അച്ഛൻ കുടയെടുത്തിട്ടില്ല .കാർമേഘം ഉരുണ്ട് കൂടിയിട്ടുണ്ട് .”വേവലാതിയോടെ അമ്മ അത് പറയുമ്പോളും ഒരു സിനിമ കഥ കേട്ടിരിക്കുമ്പോലെ അവൾ ചോദിച്ചു “എന്നിട്ട് എന്തായി അമ്മേ ..?”

ഈ വിവരം നിന്റെ അച്ഛൻ അവളോട് നേരിട്ട് പറഞ്ഞില്ല പകരം വീണ ആന്റി വഴി അവളെ അറിയിച്ചു . എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്‌ഥ .എല്ലാരും ഉറങ്ങി കിടന്ന സമയത്തു അവൾ നേരം പുലരാറായപ്പോൾ ആരും അറിയാതെ അവിടെ നിന്നും ഇറങ്ങി എവിടെയെങ്കിലും പോയി ജീവനൊടുക്കാനായിടുന്നു ഉദ്ദേശ്യം .അപ്പോളാണ് വെളുപ്പാന്കാലത്തു ബോട്ടിൽ പോകുന്ന തൊഴിലാളികൾ അവളെ കാണുന്നത് .മുൻപെങ്ങും അവളെ അവിടെ കണ്ടിട്ടില്ലാത്തതിനാൽ വലിയ പ്രശ്നമായി ..നാട്ടിലെല്ലായിടത്തും പാട്ടായി . നിന്റെ അച്ഛന് തമിഴ് നാട്ടിൽ പോകുമ്പോൾ അവിടെയുള്ള ബന്ധമാണ് ആ പെൺകുട്ടിയെന്നു എല്ലാരും പറഞ്ഞു പരത്തി .ഇന്നും എല്ലാരും അങ്ങനെ തന്നെയാണ് കരുതുന്നത് .

എന്നിട്ടു വീണ ആന്റി അത് വിശ്വസിച്ചോ ?തന്റെ കൈയിലെ കുപ്പിവളകളിൽ വെറുതെ വിരലൊടിച്ചുകൊണ്ടു അവൾ ചോദിച്ചു .

വീണ ആന്റി വിശ്വസിച്ചില്ല എങ്കിലും വിശ്വസിച്ചപോലെ അഭിനയിച്ചു…

എന്തിന് ….?കുപ്പിവളകളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടർന്ന കണ്ണുകളോടേ അവൾ ചോദിച്ചു .

അവളുടെ വലിയ മനസ്സ് …മുറത്തിൽ അരിഞ്ഞിട്ട അവിയലിന്റെ കഷ്ണങ്ങളുമായി അകത്തേക്കു കയറുന്നതിനിടയിൽ ദേവകിയമ്മ നിശ്വാസമുതിർത്തു പറഞ്ഞു . അമ്മയ്ക്കു പിന്നാലെ അടുക്കളയിലെക്കു കയറി തറയിൽ ഇരുന്ന് അമ്മയെ നോക്കി അവൾ പിന്നെയും ചോദിച്ചു .എന്തിനാണ് ആന്റി അങ്ങനെ ചെയ്തത് ..?

സ്വന്തം ഇഷ്ടങ്ങളെ ഹോമിച്ചു കൊണ്ടു ആരോരുമില്ലാത്ത ആ പെൺകുട്ടിക്ക് ഒരു ജീവിതം ഉണ്ടാകുവാൻ വേണ്ടി….

എങ്ങനെ ആ പെൺകുട്ടിക്ക് ജീവിതം കിട്ടും ?അച്ഛൻ എന്തു പറഞ്ഞു ?.അച്ഛന്റെ അവസ്‌ഥ വളരെ കഷ്ടമായി …

സ്നേഹിച്ച പെണ്ണ് തന്നെ മനസ്സിലാക്കാത്ത അവസ്ഥ ഒരു വശത്തു .ആരോരുമില്ലത്ത സാധു പെൺകുട്ടിയെ ഉപേഷിക്കാൻ പറ്റാത്ത അവസ്‌ഥ മറുവശത്തു .

എന്നിട്ടോ …?

എന്നിട്ടെന്താ അവസാനം ആ പെൺകുട്ടിക്ക് നിന്റെ അച്ഛൻ ഒരു ജീവിതം നല്കി അപ്പോൾ ആ പെൺകുട്ടി …?അമ്മയാണോ …?താരയുടെ സ്വരം തീരെ നേർത്തിരുന്നു .അവളുടെ മുടിയിൽ വാത്സല്യ പൂർവ്വം തടവിക്കൊണ്ട് ദേവകിയമ്മ തലയാട്ടി .അമ്മയുടെ കണ്ണിൽ തിളങ്ങി നിന്ന നീര്മണികളിൽ തന്റെ മുഖം പ്രതിഫലിക്കുന്നത് നോക്കി വിതുമ്പികൊണ്ട് അവൾ ചോദിച്ചു .

അപ്പോൾ ഞാൻ ….?അച്ഛൻ .. .?

എന്റെ മോള് കരയരുത് അമ്മയ്ക്കു അത് സഹിക്കാൻ കഴിയില്ല …നീ ഇതൊക്കെ അറിഞ്ഞെന്നറിഞ്ഞാൽ അച്ഛൻ ഹൃദയം പൊട്ടി മരിക്കും .ഇപ്പോളും എല്ലാരും വിചാരിച്ചിരിക്കുന്നതു അച്ഛന് തമിഴ് നാട്ടിൽ വെച്ചു ഞാനുമായി ബന്ധം ഉണ്ടായിരുന്നെന്നാണ് .നിന്നോട് ഞാൻ ഇത് പറഞ്ഞില്ലെങ്കിൽ നീ അച്ഛനെ വെറുക്കും .എനിക്കും നിനക്കും ഒരു ജീവിതം തന്ന ദൈവമാണ് അദ്ദേഹം .വീണ ആന്റി കല്യാണം കഴിക്കാതെ നിൽക്കുന്നത് അച്ഛനു വലിയ വിഷമമായിരുന്നു അങ്ങനെ ആന്റി മറ്റൊരു വിവാഹം കഴിച്ചു .ആ പാവത്തിന് ഒന്നിനും യോഗമില്ല .കണ്ണനെ വയറ്റിൽ ആയിരിക്കുമ്പോൾ തന്നെ അയാൾ പോയി .

കറി ചട്ടി അടുപ്പിൽ വൈകുന്നതിനിടയിൽ നെടുവീർപ്പുകൾ ഉതിർത്തു അമ്മ പറഞ്ഞതൊന്നും അവൾ കേട്ടില്ല . അച്ഛനെ വേദനിപ്പിച്ചതും സംശയിച്ചതുമെല്ലാം ഓർത്തു അവൾ കുറെ കരഞ്ഞു .കരയുമ്പോൾ അവൾക്കു കുറച്ചു ആശ്വാസം കിട്ടുമെന്ന് കരുതി ദേവകിയമ്മയും ഒന്നും പറഞ്ഞില്ല .

താര മോളേ … പതിവുപോലുള്ള അച്ഛന്റെ നീട്ടിയുള്ള വിളി ഉമ്മറത്ത് നിന്ന് കേട്ട് തന്റെ മുഖം തുടച്ചു കൊണ്ടു അവൾ ഓടിയെത്തി തെല്ലൊരമ്പരപ്പോടെയാണ് അച്ഛൻ അവളെ നോക്കിയത് കാരണം ഇപ്പോൾ പണ്ടത്തെപ്പോലെ അവൾ വിളിക്കുമ്പോൾ ഓടിവരാറില്ല .കേശുവിന്റെ കടയിൽ നിന്നും വാങ്ങിയ പലഹാരപ്പൊതി അവൾക്കു നേരെ നീട്ടികൊണ്ടു അച്ഛൻ ചോദിച്ചു എന്താ മോളുടെ മുഖം വല്ലാണ്ടിരിക്കുന്നെ?ദേവൂ നീ മോളെ വഴക്കിട്ടോ ?അകത്തേക്കു നോക്കി അച്ഛൻ ചോദിച്ചു .

നിങ്ങളോട് വഴക്കിട്ടതോർത്തു അവൾ കരഞ്ഞതാണ് .കാപ്പി ഗ്ലാസിന്റെ അടിവശം സാരിത്തുമ്പു കൊണ്ടു തുടച്ചു അച്ഛന്റെ നേരെ നീട്ടികൊണ്ടു ദേവകിയമ്മ പറഞ്ഞു എന്റെ മോളു ഇങ്ങു വാ …അച്ഛൻ പറയട്ടെ ….അതൊന്നും അച്ഛനു കുഴപ്പമില്ല .മോൾക്ക് നാണക്കേടുണ്ടാക്കുന്ന ഒരു കാര്യവും അച്ഛൻ ചെയ്യില്ല .ചാരുകസേരയുടെ അരികിലിരിക്കുന്ന അവളുടെ ശിരസ്സിൽ വാത്സല്യ പൂർവ്വം തടവിക്കൊണ്ട് അയാൾ തുടർന്നു…

അച്ഛന് ഒരു സ്വപ്നമേയുള്ളു എന്റെ കുട്ടി പഠിച്ചു വലിയ ഒരാളായി കാണുക. അതിനല്ലേ അച്ഛൻ ഈ ഓടി നടക്കുന്നത് . അച്ഛന്റെ സ്വപ്നത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ ….ചെമ്മൺ പാതയിലെ പൊടി ചായം തേച്ച അച്ഛന്റെ കാലിൽ അവളുടെ കണ്ണീർ മണികൾ നിശ്ശബ്ദം മാപ്പു ചോദിച്ചു വീണുടയുന്നുണ്ടായിരുന്നു…..