തീരങ്ങൾ – ഭാഗം 17, രചന: രഞ്ചു ആൻ്റണി

അമലാമ്മയെ ഓർഫനേജിൽ ട്രോപ്പ് ചെയ്യ്ത് വീട്ടിൽ പോകാമെന്ന് തീരുമാനിച്ച് ആദ്യം ഓർഫനേജിലോട്ടാണ് പോയത്…അമലാമ്മ നല്ല സന്തോഷത്തിലായിരുന്നു… എന്റെ കരങ്ങൾ ചേർത്ത് പിടിച്ച് എന്നോട് ചേർന്ന് ഇരുന്നു… ഇടക്ക് കണ്ണ് തുടക്കുന്നതും കണ്ടു…ഓർഫനേജിൽ എത്തിയപ്പോൾ ഞാനും ഇറങ്ങി…കിരൺ സാറിനെ നോക്കി എല്ലാരോടും യാത്ര പറഞ്ഞിട്ട് വരാമെന്ന് പറഞ്ഞപ്പോൾ എന്റെ മുഖത്ത് നോക്കാതെ ‘ഒക്കെ’ എന്ന് മാത്രം പറഞ്ഞു… നിരാശ വന്ന് മൂടുന്നത് അറിഞ്ഞെങ്കിലും മുഖത്ത് കാണിക്കാതെ ഞാൻ നിന്നു…

ലക്ഷ്മി അമ്മ കൂടി ഞങ്ങളുടെ ഒപ്പം ഇറങ്ങി വന്നു… എല്ലാ കുട്ടികളും എന്നെ കണ്ടപ്പോൾ ഓടി വന്നു… എനിക്ക് കുഴപ്പം ഒന്നും ഇല്ലാന്ന് കണ്ടപ്പോൾ എല്ലാവരുടെയും മുഖം തെളിഞ്ഞു… അവരെന്നെ പൊതിഞ്ഞ് പിടിക്കുന്നത് അകലെ നിന്ന് ലക്ഷ്മി അമ്മ നോക്കുന്നുണ്ടായിരുന്നു… ആ മുഖത്ത് സങ്കടം നിറഞ്ഞ് നിൽക്കുന്നത് കണ്ടു… അമ്മ കാരണമാണ് ഞാൻ ഇവിടെ വളർന്നത് എന്നോർത്തിട്ടാണോ, അറിയില്ല ചിലപ്പോൾ ഈ കുഞ്ഞുങ്ങളെയും അമ്മയെ പോലെ ആരെങ്കിലും അറിഞ്ഞോ അറിയാതെയോ ഉപക്ഷിച്ചതാവും എന്നോർത്തിട്ടാകുമോ….

ഞാൻ പെട്ടെന്ന് എല്ലാവരോടും യാത്ര പറഞ്ഞ് അമലാമ്മയുടെ റൂമിൽ ചെന്നു… ആ നെഞ്ചും വിങ്ങുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു… എന്തോ എഴുതി കൊണ്ട് ഇരുന്ന അമലാമ്മയുടെ പുറകിലൂടെ ചെന്ന് കെട്ടിപിടിച്ച് കവിളിൽ മുത്തം കൊടുത്ത് ഞാൻ പറഞ്ഞു… എന്റെ അമ്മ അത് അമലാമ്മയാണ്… ആരും ഇല്ലായിരുന്നപ്പോഴെല്ലാം എന്നെ ചേർത്ത് പിടിച്ചിരുന്നത് അമലാമ്മ മാത്രം ആയിരുന്നു… ആ സ്നേഹം ഞാൻ ആർക്കും പകർത്ത് കൊടുക്കില്ല…

അമലാമ്മ എഴുന്നേറ്റ് എന്റെ നെറ്റിയിൽ ഉമ്മ വെച്ചു… ” എന്നെങ്കിലും ലക്ഷ്മി… മോളെ തിരിച്ചറിഞ്ഞ് അംഗീകരിക്കുന്ന ദിവസം വരെ പൊന്ന് പോലെ നോക്കി കൊള്ളാം എന്നായിരുന്നു ഞാൻ കിരണിന്റെ അച്ഛന് കൊടുത്ത വാക്ക്… അത് ഞാൻ പാലിച്ചു… മോള് എന്റെ കൂടെ നിൽക്കുന്നതിന് ആ മനുഷ്യൻ തന്നതാണ് ഈ കെട്ടിടവും സൗകര്യങ്ങളും എല്ലാം… കൂടെ ഇവിടെ ഉള്ള എല്ലാവരുടെയും പഠന ചിലവുകളും…”

അപ്പോ ഞാൻ ഇവിടെ വളർന്നത് നന്നായി അല്ലേ അമലാമ്മേ, അതുകൊണ്ടല്ലേ ഇത്രയും പേർക്ക് അമലാമ്മയെ കിട്ടിയത്, എല്ലാവരെയും പഠിപ്പിക്കാൻ പറ്റിയത്…

“ഇതൊന്നും ആരുടെയും തെറ്റ് അല്ല… അനില ഇവിടെ വരണമെന്നത് ദൈവ നിശ്ചയമായിരുന്നു… ഇനി മോള് സന്തോഷത്തോടെ ഇരിക്കണം… അമലാമ്മക്ക് അത് മാത്രം കണ്ടാൽ മതി”

ഞാൻ അമലാമ്മയെ കെട്ടിപ്പിടിച്ചു പറഞ്ഞു… ഇപ്പോൾ ഞാനാണ് അമലാമ്മേ ലോകത്തിൽ ഏറ്റവും സന്തോഷമുള്ള കുട്ടി… അനാഥയിൽ നിന്ന് സനാഥ ആകുമ്പോൾ ഉണ്ടാകുന്ന സുരക്ഷിതത്വം ഞാൻ അറിയുന്നു… പറയുമ്പോൾ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു…

“അമലാ”…. ലക്ഷ്മി അമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ അമലാമ്മയിൽ നിന്ന് അടർന്ന് മാറിയത്…

“അമലാ എനിക്ക് നിന്നോട് എന്ത് പറയണമെന്ന് അറിയില്ല…പക്ഷെ ഒന്ന് പറയാം മോളെ ഇനി ഒരിക്കലും ഞാൻ വിട്ടു കളയില്ല… അന്ന് ഏതോ മാനസ്സിക വിഭ്രാന്തിയിൽ പറ്റി പോയ വലിയ തെറ്റ് വൈകി ആണെങ്കിലും ഞാൻ തിരുത്തി എന്ന ഒരു സമാധാനമേ എനിക്ക് ഉള്ളൂ…”

“ലക്ഷ്മി നീ ഒന്നും പറയണ്ടാ…. എനിക്ക് നിന്നെ മനസ്സിലാകും…” അമലാമ്മ എന്റെ കരങ്ങളിൽ പിടിച്ച് ലക്ഷ്മി അമ്മയുടെ കരങ്ങളിൽ ഏൽപ്പിച്ചു…

“ഇനി ഇറങ്ങിക്കോളൂ… നിന്നാൽ നമ്മൾ എല്ലാവരും കരയും…” അമലാമ്മ നിറകണ്ണുകളോടെ പുഞ്ചിരിച്ചു…

ലക്ഷ്മി അമ്മയും കണ്ണുകൾ നിറഞ്ഞ് നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ പെട്ടെന്ന് അമ്മയുടെ കൈയ്യ്കളിൽ പിടിച്ച് ഇറങ്ങി… തിരിഞ്ഞ് നോക്കതെ തന്നെ എനിക്ക് കാണാമായിരുന്നു അമലാമ്മ ഞങ്ങളെ നോക്കി ഹൃദയം വിങ്ങി നിൽക്കുന്നത്…

തിരിച്ച് കാറിന്റെ ഫ്രണ്ടിൽ കയറാൻ ലക്ഷ്മി അമ്മ പറഞ്ഞെങ്കിലും ഞാൻ ബാക്കിൽ തന്നെ കയറി… അമലാമ്മയുടെ വിങ്ങിയ മുഖം മനസ്സിൽ വന്നപ്പോൾ എനിക്ക് ഒന്ന് കരയണമെന്ന് തോന്നി… കിരൺ സാറിന്റെ നേരെ പുറകിൽ കയറി എന്നെ മിററിൽ കൂടി കാണാത്ത രീതിയിൽ ഇരുന്നു…

“അമലക്ക് നല്ല വിഷമം ഉണ്ട്” അമ്മ കിരൺ സാറിനോട് പറഞ്ഞു… അതു കേട്ടപ്പോൾ തന്നെ പിടിച്ച് വെച്ചിരുന്ന കണ്ണുനീർ അണപൊട്ടി കഴിഞ്ഞിരുന്നു…

അമ്മ എന്തോക്കെയോ പറയുന്നുണ്ട് ഞാൻ ഒന്നും കേട്ടില്ല… ഇടക്ക് കിരൺ സാർ എന്റെ മുഖം കാണാൻ ശ്രമിക്കുന്നുണ്ടെന്ന് തോന്നി… ഞാൻ കരയുകയാണെന്ന് മനസ്സിലായി കാണുമോ… പെട്ടെന്ന് മുഖം അമർത്തി തുടച്ച് നീങ്ങി ഇരുന്നു… മിററിൽ കൂടി എന്നെ നോക്കുന്ന കിരൺ സാറിന്റെ കണ്ണിലെ ടെൻഷൻ മതിയായിരുന്നു മനസ്സിലെ മൂകത മായ്ക്കാൻ… അപ്പോ ജാഡ ആണെങ്കിലും എന്റെ മുഖം മാറിയാൽ ടെൻഷൻ ഉണ്ടല്ലേ… കണ്ണുകൾ കോർത്തപ്പോൾ ആള് പെട്ടെന്ന് നോട്ടം മറ്റി കളഞ്ഞു…

എന്റെ കണ്ണ് നിറഞ്ഞതു കിരൺ സാറിലും വിഷമം ഉണ്ടാക്കി എന്നത് മനസ്സിൽ ചെറിയ ഒരു തണുപ്പ് പരത്തി, ആദ്യമായാണ് എന്റെ ഫീലിങ്ങ്സ് വേറെ ഒരാളിൽ വിഷമം ഉണ്ടാക്കുന്നത്…

വീട്ടിൽ ചില്ലുന്നിടം വരെ പിന്നെ ഒരു കടാക്ഷത്തിന് വെയിറ്റ് ചെയ്‌തെങ്കിലും നിരാശ ആയിരുന്നു ഫലം. കാറ് നിർത്തി എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അകത്തോട്ടു പോകുന്നതു കണ്ടു… എന്റെ മുഖവും വീർത്തു തുടങ്ങിയിരുന്നു…

‘അമ്മ എന്നെ ചേർത്ത് പിടിച്ചാണ് അകത്തോട്ടു കയറിയത്…. കിരൺ സാറിന്റെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോക്ക് മുമ്പിൽ എന്നെ നിർത്തി പറഞ്ഞു… “ഏട്ടന്റെ ആഗ്രഹം പോലെ കുഞ്ഞി എല്ലാം അക്സെപ്റ്റ് ചെയ്തു…എന്റെ മോളെ ഞാൻ തിരിച്ചു കൊണ്ടുവന്നു…ഏട്ടന് സന്തോഷം ആയിന്ന് എനിക്കറിയാം ….” അത്രയും പറഞ്ഞപ്പോളേക്കും ‘അമ്മ കരഞ്ഞു തുടങ്ങിയിരുന്നു…. എനിക്ക് അത് കണ്ട് നിൽക്കാൻ പറ്റുന്നുണ്ടായില്ല… എത്ര പെട്ടെന്ന് ആണ് അമ്മയെ ഞാൻ അംഗീകരിച്ചത്, എന്റെ മനസ്സ് അത്രക്ക് ദാഹിക്കുന്നുണ്ടായിരുന്നു… അമ്മ എന്ന പദം പോലും പറയാൻ അർഹതയില്ലാതെ തല കുനിച്ച് ഇരുന്ന അനിലയുടെ മനസ്സ് പക്ഷെ ആ പദത്തിന് അത്ര സ്ഥാനം നൽകിയിരുന്നു… ചിലപ്പോൾ ജനിച്ച നാൾ മുതൽ എന്തിനും ഏതിനും അമ്മ ഉള്ളവർക്ക് അത് മനസ്സിലാകണമെന്നില്ല… ഇനി എനിക്ക് വാശി കാണിച്ച് മാറി നിൽക്കാൻ കഴിയില്ല…

‘അമ്മ എന്തിനാണ് വിഷമിക്കുന്നത് , അങ്കിൾ ഇപ്പോൾ എല്ലാം കാണുന്നുണ്ടാവും… എനിക്കും അമ്മയോട് ഒരു ദേഷ്യവും ഇല്ലാ… ഞാൻ ആ കണ്ണുനീർ തുടച്ച് കൊണ്ട് പറഞ്ഞു….

അമ്മ എന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ചു…” മോള് പോയി ഫ്രഷ് ആയി റസ്റ്റ് എടുക്ക്, അമ്മ പെട്ടെന്ന് കഴിക്കാൻ ഉണ്ടാക്കാം, എന്നിട്ട് നേരത്തെ കിടന്ന് ഉറങ്ങിക്കോ കേട്ടോ”

ഞാൻ തലയാട്ടി റൂമിലോട്ട് പോകാൻ തുടങ്ങിയപ്പോൾ കണ്ടു…കുമാരിയമ്മ കണ്ണുനീർ തുടച്ച് കൊണ്ട് വാതിക്കൽ നിൽക്കുന്നത്… അവരെ നോക്കി പുഞ്ചിരിച്ച് സ്റ്റെയർ കയറുമ്പോൾ കിരൺ സാറിനോട് എന്ത് സംസാരിക്കും എന്നായിരുന്നു മനസ്സിൽ….മടിച്ചാണ് വാതിൽ തുറന്നത്… .ഡ്രസ്സ് ഒക്കെ മാറി ഹാങ്ങിഗ് ചെയറിൽ ഇരുന്ന് ഫോണിൽ നോക്കി ഇരിക്കുന്നത് കണ്ടു… ഞാൻ കബോർഡ് തുറന്ന് ഡ്രസ്സ് എടുത്ത് ഫ്രഷ് ആകാൻ കയറുമ്പോൾ ഒന്ന് സംസാരിക്കാൻ മനസ്സ് വെമ്പുന്നുണ്ടായിരുന്നു…

തിരിച്ച് ഇറങ്ങുമ്പോഴും ആള് അവിടെ തന്നെ ഉണ്ട്… ഞാൻ മുറിയിൽ ഉണ്ടെന്ന ഭാവമേ ഇല്ല… ഇങ്ങനെ ഉണ്ടോ ജാഢ എന്ന് മനസ്സിൽ ഓർത്താണ് ഡ്രസ്സിങ്ങ് ടേബിളിലെ കണ്ണാടിയിൽ നോക്കി മുടി കോമ്പ് ചെയ്യ്തു… മാല എടുത്ത് പുറത്തിട്ട് ഒന്നൂടെ കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ടു കിരൺ സാർ എന്നെ നോക്കുന്നത്… ഞാൻ കണ്ടെന്ന് മനസ്സിലായപ്പോൾ നോട്ടം മാറ്റി കളഞ്ഞു…കുറച്ച് നേരം നോക്കിയിട്ടും പിന്നെ ഒരനക്കവും കണ്ടില്ല… അവിടെ നിന്നാൽ എനിക്ക് ശ്വാസം മുട്ടും എന്ന് തോന്നി… ഇങ്ങോട്ട് മിണ്ടാത്തത് കൊണ്ട് അങ്ങോട്ടു എന്തെങ്കിലും ചോദിക്കാനും മടി….

ഞാൻ അമ്മയുടെ അടുത്ത് പോകുവാ…. രണ്ടും കൽപിച്ച് പറഞ്ഞു…

“അതിന്…”

ഓ… നാക്ക് ഉണ്ട്…

“എന്തെങ്കിലും പറഞ്ഞോ”

ഇല്ല….

പിന്നെ നിൽക്കാൻ തോന്നിയില്ല… വാതിൽ തുറന്ന് പുറത്തിറങ്ങി… അമ്മയുടെ അടുത്ത് ചെല്ലുമ്പോൾ, അമ്മ ചപ്പാത്തിയും കറിയും എടുത്ത് വെക്കുന്നുണ്ടായിരുന്നു…

“മോള് കഴിക്ക്, കിച്ചു എവിടെ”

വാത്സല്യത്തോടെ ചോദിക്കുമ്പോൾ ഞാൻ അമ്മയെ നോക്കി നിൽക്കുകയായിരുന്നു… എത്ര കണ്ടിട്ടും മതിവരാത്തത് പോലെ… മനസ്സിലെ അമ്മമുഖത്തോട് ചേർന്ന് നിൽക്കുന്ന മുഖം തന്നെയാണ്… എത്ര തവണ മനസ്സിൽ ഞാനീ മുഖത്ത് ഛായം തേച്ചിരിക്കുന്നു… ചിലപ്പോൾ പരിഭവത്തോടെ, ചില ദിവസങ്ങളിൽ ദേഷ്യത്തോടെ, ചിലപ്പോൾ സ്നേഹത്തോടെ….

“മോള് അമ്മയെ പോലെ തന്നെയാ കേട്ടോ” കുമാരിയമ്മയുടെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്…

അവരുടെ കണ്ണുകളിൽ അത്ഭുതവും അതിശയവും ആയിരുന്നു…”മോള് ആദ്യം ഇവിടെ വന്ന ദിവസം തന്നെ ഞാൻ പറഞ്ഞതല്ലേ മോളെ ഞാൻ കണ്ടിട്ടുണ്ടെന്ന്, ഈ ലക്ഷ്മി കുഞ്ഞ് ഈ പ്രായത്തിൽ ഇതുപോലെ തന്നെ ആയിരുന്നു”

“കുമാരിയമ്മേ മോള് ഫുഡ് കഴിക്കട്ടെ, നല്ല ക്ഷീണം ഉണ്ട്… ബാക്കി നാളെ പറയാം” അമ്മ ചിരിച്ച് കൊണ്ട് പറഞ്ഞു…

“അനു, മോള് ചെന്ന് കിച്ചുവിനോട് ഫുഡ് കഴിക്കാൻ വരാൻ പറയ്… ഇവിടെ നിന്ന് വിളിച്ചാൽ അവൻ കേൾക്കില്ല”

സാർ വന്നോളും അമ്മേ… അറിയാതെ പറഞ്ഞ് പോയി…

“അനു ഇനി കിച്ചുവിനെ സാർ എന്ന് വിളിക്കുന്നത് നിർത്തണം കേട്ടോ… ഹസ്ബൻഡിനെ ആരെങ്കിലും സാറെന്ന് വിളിക്കുമോ” അമ്മ ചിരിച്ച് കൊണ്ട് പറഞ്ഞു…

തെല്ല് ജാള്യതയോടെ…. ഞാൻ ചെന്ന് മനസ്സില്ലാതെയാണ് വാതിൽ തുറന്നത്…

അതെ… അമ്മ കഴിക്കാൻ വരാൻ പറഞ്ഞു… വെറെ ഒന്നും വിളിക്കാനും തോന്നുന്നില്ലായിരുന്നു…

“ആരോട്…” എഴുന്നേറ്റ് വന്ന് കൊണ്ട് ചോദിച്ചു….

കിച്ചുവേട്ടനോട്…. ശബ്ദം തീരെ അടഞ്ഞ് പോയിരുന്നു…

“ഇവിടെ ആരാ കിച്ചുവേട്ടൻ… ഇന്ന് രാവിലെ വരെ കിരൺ സാർ ആയിരുന്നല്ലോ… ഇനിയും അങ്ങനെ മതി” കടുപ്പിച്ച് പറഞ്ഞ് കൊണ്ട് എന്നെ കടന്ന് പോകുന്നത് നോക്കി നിൽക്കുമ്പോൾ പിന്നെയും മനസ്സിൽ കാർമേഘം നിറഞ്ഞു…

പുറകെ ചെന്ന് ഡൈനിങ്ങ് റൂമിൽ എത്തിയപ്പോൾ ആള് എന്നോട് ഉള്ള ദേഷ്യം ചപ്പാത്തിയിൽ തീർക്കുന്നത് കണ്ടു…

“മോള് വന്ന് ഇരിക്ക്……” അമ്മ അടുത്ത ചെയർ ചൂണ്ടി കാണിച്ചു…എന്റെ പ്ലെയിറ്റിൽ ചപ്പാത്തി ഇട്ട് അമ്മ കഴിക്കാൻ പറഞ്ഞെങ്കിലും എനിക്ക് കഴിക്കാൻ തോന്നുന്നില്ലായിരുന്നു… രാവിലെ മുതൽ ഒന്നും കഴിക്കാതെ ഇരുന്നിട്ടും വിശപ്പ് ഇല്ലാത്തത് പോലെ…

“മോൾക്ക് ചപ്പാത്തി ഇഷ്ടം അല്ലേ” അമ്മ എന്റെ പ്ലെയിറ്റിലോട്ട് നോക്കി ചോദിച്ചു…

എനിക്ക് അങ്ങനെ ഇഷ്ടക്കേടോന്നും ഇല്ല അമ്മേ… ഇപ്പോ എന്തോ കഴിക്കാൻ പറ്റുന്നില്ല…

കിരൺ സാറെന്നെ അവോയ്ഡ് ചെയ്യുന്നതാണ് കാരണമെന്ന് അമ്മയോട് പറയാൻ പറ്റില്ലല്ലോ…

കിരൺ സാറിന്റെ ദേഷ്യം മാറിയില്ലെങ്കിലോ… എന്നെ ഇനി ഒരിക്കലും സ്നേഹിക്കില്ലേ… പക്ഷെ മനസ്സിൽ സങ്കടവും സന്തോഷവും ഉണ്ട്… എനിക്കെന്താണ് പറ്റിയത്…

“മോള് വാ തുറക്ക്” അമ്മ ചപ്പാത്തി കറിയിൽ മുക്കി എന്റെ നേരെ നീണ്ടി കൊണ്ട് പറഞ്ഞപ്പോഴാണ് മുഖം ഉയർത്തി നോക്കിയത്…വാ തുറന്ന് അത് വാങ്ങിയപ്പോൾ തന്നെ കണ്ണുനീർ ഒഴുകാൻ തുടങ്ങിയിരുന്നു… പല രാത്രികളിലും സ്വപ്നം കണ്ടിട്ടുണ്ട് ഇങ്ങനെ അമ്മ വാരി തരുന്നതും… നിർബദ്ധിച്ച് കഴിപ്പിക്കുന്നതും എല്ലാം… സ്വപ്നമാണോ സത്യമാണോന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല…നോക്കിയപ്പോൾ അമ്മയും കരയുന്നുണ്ടായിരുന്നു…

“ഇനി കരഞ്ഞ് രണ്ട് പേരും എന്തെങ്കിലും അസുഖം വരുത്തി വെക്കണം” പറഞ്ഞ് കൊണ്ട് കിരൺ സാർ എഴുന്നേറ്റ് പോയി…

അമ്മ തന്നത് മുഴുവൻ കഴിച്ചിട്ടും എനിക്ക് ഇനിയും വേണമെന്ന് തോന്നി…. കുറച്ച് മുൻപ് വരെ ഭഷണം ഇറങ്ങാതെ ഇരുന്നതാണ്…അമ്മ എന്റെ കവിളിൽ ഒഴുകിയ കണ്ണുനീർ തുടച്ച് കവിളിൽ മുത്തം തന്നുകൊണ്ട് പറഞ്ഞു… “ഇനി മോള് പോയി കിടന്ന് ഉറങ്ങിക്കോ” ക്ഷീണം മാറട്ടെ…

ഞാൻ ഇന്ന് അമ്മയുടെ കൂടെ കിടക്കട്ടെ… ചോദിക്കുമ്പോൾ അമ്മയും അത് ആഗ്രഹിക്കുന്നത് പോലെ തോന്നി…

“വേണ്ട, കല്യാണം കഴിഞ്ഞാൽ ഹസ്ബൻഡിന്റെ റൂമിലാണ് കിടക്കേണ്ടത്… നിങ്ങൾ തമ്മിൽ എന്തോ പിണക്കം ഉണ്ടെന്ന് തോന്നി… ആദ്യം അതൊക്കെ പറഞ്ഞ് തീർക്ക്… അതു കഴിഞ്ഞ് ഒരു ദിവസം അമ്മയുടെ കൂടെ കിടക്കാം”

മുഖം വീർപ്പിച്ചാണ് എഴുന്നേറ്റ് പോന്നത്… അമ്മ ചിരിച്ച് കൊണ്ട് നോക്കി നിൽക്കുന്നത് കണ്ടു…

മുറിയിൽ കയറിയപ്പോൾ ലൈറ്റ് എല്ലാം ഓഫാക്കിയിട്ടുണ്ട്… ലൈറ്റ് ഓൺ ആക്കാതെ ഞാൻ ഹാങ്ങിഗ് ചെയറിൽ പോയി കിടക്കാമെന്ന് ഓർത്തു… അത്ര പരിചയമില്ലാത്ത മുറി ആയത് കൊണ്ട് തപ്പി തടഞ്ഞ് ചെയറിന്റെ അടുത്തോട്ട് നടന്നു… പെട്ടെന്നാണ് എന്തിലോ തട്ടി വീണത്…

എന്തൊക്കെയോ താഴെ വീഴുന്ന ശബ്ദം കേട്ടു… ലൈറ്റ് ഓണാക്കുന്നത് അറിഞ്ഞ് ചാടി എഴുന്നേറ്റ് നിന്നു…

നോക്കിയപ്പോൾ താഴെ കിടക്കുന്നത് കിരൺ സാറിന്റെ ലാപ് ടോപ്പ്… തീർന്നു… എനിക്ക് തല ഉയർത്തി നോക്കാൻ പേടി തോന്നി…

തുടരും…