മനസ്സറിയാതെ – ഭാഗം – 03, രചന: അദിതി റാം

അല്ല ഒരിക്കലും അല്ല…അമ്മയെ ഞാൻ ശരിക്കും എന്റെ അമ്മയായി തന്നെ കണ്ട് സ്നേഹിച്ചു തുടങ്ങിയത് ശരിക്കും അന്ന് മുതലായിരുന്നു. എന്റെ പതിനെട്ടാമത്തെ വയസ്സ് മുതൽ….ഇനി ഒന്നും ചോദിക്കല്ലേ മോളെ…നമുക്ക്‌ ഉറങ്ങാം. അത്രയും പറഞ്ഞു വീണയെ നോക്കാതെ ഞാൻ ചുമരിനഭിമുഖമായി തിരിഞ്ഞു കിടന്നു.

ഇല്ല. ഈ ഓർമ്മപ്പെടുത്തലൊന്നും എന്നെ തളർത്തില്ല. എനിക്ക് ജീവിക്കണം. എന്റെ പ്രിയപ്പെട്ടവർക്കൊപ്പം സന്തോഷമായി തന്നെ. കണ്ണടച്ച് കിടക്കുമ്പോൾ മനസ്സ് മന്ത്രിച്ചു.

പിറ്റേന്ന് രാവിലെ കുളിച്ചോരുങ്ങുമ്പോൾ ഇന്ന് രാവിലെയും വൈകുന്നേരവും കൂട്ടിന് ലക്ഷ്‌മി ചേച്ചി ഉണ്ടാവുല്ലോ എന്ന സന്തോഷവും ഉത്സാഹവുമൊക്കെ ആയിരുന്നു….അമ്മയോട് വിശേഷങ്ങൾ പറഞ്ഞു തിരികെ ആ പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ പ്രതീക്ഷിച്ച പോലെ പുഞ്ചിരിയോടെ ലക്ഷ്മി ചേച്ചി ഉണ്ടായിരുന്നു ആ ഇടവഴിയിൽ. പതിവിന് വിപരീതമായി അന്ന് ഒരുമിച്ച് നടക്കുന്നുണ്ടെങ്കിലും ചേച്ചിയുടെ മനസ്സ്‌ മറ്റെവിടെയോ ആണെന്ന് തോന്നി.

എന്തുപറ്റി? ഇന്നീ ലോകത്ത് ഒന്നുമല്ലല്ലോ ചേച്ചി! കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നു. ഒന്നുമില്ലെന്ന്‌ കള്ളം പറയണ്ട. എന്തോ ഉണ്ട്‌.. അല്ലെങ്കിൽ ഈ ചിരിക്ക് ഇത്രയും വോൾട്ടേജ് അല്ലല്ലോ ഉണ്ടാവാറുള്ളത്.

ഒന്നുമില്ല പെണ്ണേ വെറുതെ…നിന്നോട് ഞാൻ എന്തെങ്കിലും ഒളിച്ചിട്ടുണ്ടോ? നിന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഒക്കെ ഓർമ്മ വെച്ച നാളു മുതൽ എന്നോട് പറയുന്നതല്ലേ നീ! അതുപോലെ തന്നെയല്ലേ തിരിച്ചു ഞാനും..ഇതിപ്പോൾ വിഷയം ഇത്തിരി സീരിയസ്‌ ആണ്.പ്രസാദെട്ടന്റെ അമ്മയും എല്ലാവരുടെ കൂടെ ചേർന്ന് മറ്റൊരു വിവാഹത്തിന് നിര്ബന്ധിക്കുകയാണ്. എനിക്കറിയാം എല്ലാവരും എന്റെ നന്മക്ക് വേണ്ടിയാണ് പറയുന്നത് എന്നൊക്കെ

ഒരു നിമിഷം നടത്തം നിർത്തി ചേച്ചി എന്നെ നോക്കി…

പക്ഷേ മനസ്സ്‌ വരുന്നില്ലെടി!ജീവനോടെ ഒരു രൂപമായി കൂടെ ഇല്ലെന്നെ ഉള്ളു..കണ്ണടച്ചാൽ കണ്മുന്നിൽ ഇപ്പോഴും ആദ്യം വരിക ആ മുഖമാണ്.ഈ ജന്മം മുഴുവൻ എനിക്ക്‌ മോളോട് ഒപ്പം ജീവിക്കാൻ ഒരുപാട് നല്ല ഓർമ്മകൾ നൽകി അത്രയും സ്‌നേഹവും കരുതലും നൽകിയാണ് എന്നെ വിട്ടു പോയത്‌. നീ നിന്റെ അമ്മയോട് വിശേഷങ്ങൾ പറയുന്നത് പോലെ ഞാനും പറയാറുണ്ട്. അതെല്ലാം എവിടെയോ ഇരുന്ന് എന്റെ പ്രസാദെട്ടൻ കേൾക്കുന്നുണ്ട് എന്ന വിശ്വാസവും എനിക്കുണ്ട്. വേറെ ആര് വന്നാലും ഞാൻ സ്നേഹിച്ച എന്നെ സ്നേഹിച്ച പ്രസാദെട്ടന് പകരമാവില്ലല്ലോ! അതുകൊണ്ട് അങ്ങനെ ഒരു പകരക്കാരൻ വേണ്ടെന്ന് അമ്മയോടു ഞാൻ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.

അത്രയും പറഞ്ഞു തീർന്നപ്പോഴേക്കും ലക്ഷ്മി ചേച്ചിയുടെ കണ്ണുകൾ പോലെ എന്റെ കണ്ണുകളും മുന്നിലുള്ള കാഴ്ച്ചയെ മറിച്ചു നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

വെറുതെ രാവിലെ തന്നെ എന്റെ സങ്കടങ്ങൾ പറഞ്ഞു നിന്നെയും കൂടി ഞാൻ വേദനിപ്പിച്ചു അല്ലേ? എന്നാലും സാരമില്ല എന്തോ നിന്നോടെല്ലാം പറഞ്ഞപ്പോൾ എന്തോ ഒരു സമാധാനം പോലെ…

സാരി തുമ്പു കൊണ്ട് കണ്ണുകൾ തുടച്ചു ചിരിയോടെ ലക്ഷ്മി ചേച്ചി പറഞ്ഞപ്പോൾ ഞാനും ചിരിച്ചു.

ഇനി പറ എന്താ മോളുടേ മനസ്സിൽ? മനസ്സിപ്പോഴും പേരറിയാത്ത ആ ആത്മബന്ധവും തേടി അലയുകയാണോ? അതോ അവിടെ നിന്നു ബസ് കിട്ടി രണ്ടായിരത്തി ഇരുപതിൽ എത്തിയോ?

ഒന്നു പോ ചേച്ചി! കുറെ നാളുകൾക്ക്‌ ശേഷം വീണ ഇന്നലെ കയ്യിലെ പാടിനെ കുറിച്ച് ചോദിച്ചപ്പോൾ ആണ് അതൊക്കെ ഓർക്കുന്നത് തന്നെ! അതൊക്കെ ഓർക്കാൻ എനിക്ക് തന്നെ ചമ്മൽ ആണ്. ശരിക്കും ആരെന്നോ എന്തെന്നോ അറിയാത്ത ഒരാൾക്ക് വേണ്ടി ഒരു സുപ്രഭാതത്തിൽ എല്ലാവരെയും മറന്നു മരിക്കാൻ തീരുമാനിച്ച ഒരു പൊട്ടി പെണ്ണ്!

പാവം എങ്കിലും ആ ഹതഭാഗ്യൻ അറിയാതെ പോയല്ലോ ഈ പാവം പെണ്ണിന്റെ മനസ്സും സങ്കടവും ഒക്കെ…കളിയാക്കി ചിരിയോടെ ചേച്ചി ചോദിച്ചപ്പോൾ ഞാൻ പരിഭവത്തോടെ മുഖം തിരിച്ചു.

പറയാൻ മറന്നു. ആ കല്യാണം…. അത്‌ അമ്മ തന്നെ വേണ്ടെന്ന് വച്ചു. ഇന്നലെ പോയി അവരോട് സംസാരിച്ചവത്രേ! അമ്മയുടെ സങ്കടവും സംസാരവും ഒക്കെ കേട്ടിട്ട് അച്ഛനെ ആ സംഭവം വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട് എന്ന് തോന്നുന്നു..ഞാനും തെറ്റുകാരിയാണ് ചേച്ചി അച്ഛനോടും ഒന്നും തുറന്നു പറയാൻ അപ്പോൾ തോന്നിയില്ല. നടക്കുകയാണ് എങ്കിൽ നടക്കട്ടെ എന്ന് കരുതി..

അങ്ങനെ പാടില്ലായിരുന്നു. നിനക്കുമില്ലേ വിദ്യ ഇഷ്‌ടങ്ങളും ആഗ്രഹങ്ങളും ഒക്കെ! ഒരു ജന്മം മുഴുവൻ ഒരുമിച്ച് ജീവിച്ചു തീർക്കാൻ ഉള്ളതാണ് ..അവിടെ നഷ്ടങ്ങളുടെയും വേദനകളുടെയും കണക്കുകൾ പാടില്ല. ഒരുപാട് ചിന്തിച്ചു വേണം തീരുമാനം എടുക്കാൻ..ഇനി ഏതെങ്കിലും നല്ല ആലോചന വരുമ്പോൾ മനസിന് ഇഷ്ടപെട്ടതാണ് എങ്കിൽ മാത്രം സമ്മതിച്ചാൽ മതി. അത് തന്നെയാവും നിന്റെ അച്ഛനും സന്തോഷം..എനിക്കും അറിയാം ആ മനസ്സ് എന്നു കൂട്ടിക്കോ!

മറുപടിയായി ഞാൻ തലയാട്ടി.

ഏകദേശം കല്യാണം തീരുമാനിക്കും എന്നായപ്പോൾ ഞാൻ എല്ലാം തുറന്നു പറഞ്ഞു ചേച്ചി.കയ്യിലെ മുറിപ്പാട് കാണിച്ചു ചേച്ചിയെ നോക്കി പറഞ്ഞു.

അല്ലെങ്കിൽ നാളെ അതിനെ കുറിച്ച് ചോദിച്ചാൽ ഞാൻ അവരുടെ ഒക്കെ മുന്നിൽ ഒന്നും അല്ലാതായി പോവില്ലേ! അച്ഛനും അതൊരു നാണക്കേട് ആവില്ലേ എന്നൊക്കെ ഓർത്തപ്പോൾ!

എന്നിട്ട് മറുപടിയായി എന്തു പറഞ്ഞു? ചിരിയോടെ ചേച്ചി ചോദിച്ചു.

പ്രതേകിച്ചു ഒന്നും പറഞ്ഞില്ല..

ആള് ഇപ്പോൾ എവിടെ ആണെന്ന് അറിയാമോ എന്ന് ചോദിച്ചു.

എന്തിനാണെന്ന് ചോദിച്ചപ്പോൾ…..

വെറുതെ അന്വേഷിച്ചു ,എന്നെങ്കിലും തമ്മിൽ കാണുകയാണെങ്കിൽ പറയാം എന്ന്….

പെട്ടെന്നൊരു ദിവസം വാടകക്കാരൻ വീടൊഴിഞ്ഞു പോയപ്പോൾ അതിൽ മനം നൊന്തു ആത്‍മഹത്യ ചെയ്യാൻ ശ്രമിച്ച ഒരു വീട്ടുടമസ്തയായ ഒരു പെണ്കുട്ടി യുടെ കഥ എന്ന്!

അത് പറഞ്ഞതും ചേച്ചി എല്ലാ സങ്കടങ്ങളും മറന്നു ചിരിക്കുന്നത് കണ്ടപ്പോൾ ഒരു ആശ്വാസം തോന്നി.

ബസ്സിലിരിക്കുമ്പോൾ ആണ് ചേച്ചി വീണ്ടും ചോദിച്ചത്.

ശരിക്കും നിനക്കന്ന് അയാളോട് എന്തായിരുന്നു?. പ്രണയമായിരുന്നോ? ചിരിയോടെ ലക്ഷ്മി ചേച്ചി ചോദിച്ചപ്പോൾ ചിന്തയോടെ ഞാൻ പറഞ്ഞു തുടങ്ങി.

അല്ല….പക്ഷേ അന്നൊക്കെ എനിക്ക്‌ ഒരുപാട് ഇഷ്‌ടമായിരുന്നു.എന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഒക്കെ പറയാൻ ഒരു കൂട്ട്….അതുകൊണ്ട് ആവും പെട്ടെന്നൊരു ദിവസം ഒന്നും പറയാതെ പോയപ്പോൾ അത്‌ ഉൾക്കൊള്ളാൻ പോലും കഴിയാതെ വന്നത്. പക്ഷേ അയാൾക്ക് ഞാൻ ആരാ എന്നുള്ളത് ഓർക്കാതെ ചിന്തിക്കാതെ പോയി.

ഇപ്പോൾ എവിടെ ആണെന്ന് ഓർക്കാറില്ലേ നീ?

ഇല്ല ചേച്ചി സത്യമാണ് കുറെ മാസങ്ങൾ കൂടി ഇന്നലെ വീണ ചോദിച്ചപ്പോൾ ആണ് വീണ്ടും ആ ഓർമ്മകളുടെ പൊട്ടും പൊടിയും ഒക്കെ തപ്പിയെടുത്തത്. മനപ്പൂർവം ഓർക്കാറില്ല. എല്ലാ ഓർമ്മകളും തികട്ടി വരുമ്പോൾ കൂട്ടത്തിൽ അതും ഓർക്കും. അതോർക്കുമ്പോൾ അച്ഛനേയും അമ്മയെയും ഒക്കെ അഭിമുഖീകരിക്കാൻ മടിയാണ് എനിക്ക്‌. ഒരായിരം വട്ടം അച്ഛനും അമ്മയും ഒക്കെ ആവർത്തിച്ചു ചോദിച്ചിട്ടും ഇതാണ് കാരണം എന്ന് പറയാൻ ഒരു ഉത്തരം എനിക്കറിയില്ലായിരുന്നു ചേച്ചി.

പോട്ടെ…. ഇനി അതൊന്നും ഓർക്കേണ്ട. മറ്റൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ മനസ്സിൽ ഇനി അതൊന്നും വേണ്ട. എന്നും ഓർക്കാൻ ഉള്ള ഒരു ഓർമ്മയായി മനസ്സിൽ വച്ചാൽ മതി അതൊക്കെ.

അറിയാം ചേച്ചി അതിനപ്പുറം ഒന്നുമില്ല. ചേച്ചി പറഞ്ഞത് പോലെ ഇടക്കൊകെ ഓർക്കാൻ ഉള്ള കൂട്ടത്തിൽ ഓർക്കുമ്പോൾ ചിരിയും സങ്കടവും ഒരുമിച്ച് വരുന്ന ഒരു ഓർമ്മ…അത് അത്രയേ ഉള്ളൂ….

അതു പോട്ടെ വീണയുടെ റിസൽട്ട് വരുമല്ലോ അടുത്തയാഴ്ച്ച..അവൾക്കെങ്ങനെ ടെന്ഷൻ ഉണ്ടോ?

ഇല്ല ചേച്ചി.കുറച്ചു കുസൃതിയും വായാടിത്തരവും ഉണ്ടെങ്കിലും നന്നായി പഠിക്കും. നല്ല മാർക്കും ഉണ്ടാവും അതുറപ്പാണ്.പഠിക്കാൻ എന്നെക്കാളും മിടുക്കി അവളാണ്.

അപ്പോൾ പണ്ടത്തെ നിന്നെ പോലെ തന്നെ…ഈ ചേച്ചി ഇപ്പോഴല്ലേ പാവം ആയത്. ഇപ്പോഴാണ് ശ്രദ്ധിച്ചത് സംസാരിച്ചു സംസാരിച്ചു ഇന്ന് നേരം പോയത് അറിഞ്ഞില്ല ഞാൻ എഴുന്നേൽക്കട്ടെ സ്റ്റോപ് എത്തി…വൈകുന്നേരം കാണാം.

ധൃതിയിൽ സീറ്റിൽ നിന്നും ഇറങ്ങി നടന്നു എന്നെ നോക്കി കൈവീശി കാണിച്ചു ചേച്ചി ഇറങ്ങാനായി പോയി. ബസ്സിറങ്ങി നടക്കുമ്പോൾ കാർമേഘങ്ങളാൽ ഇരുണ്ട ആകാശം വലിയൊരു മഴക്ക് ഒരുങ്ങുകയായിരുന്നു. ആ മഴ പെയ്തു തുടങ്ങും മുന്നേ സ്കൂളിൽ എത്തണം എന്ന ചിന്തയോടെ ധൃതിയിൽ നടന്നു.
പെട്ടന്നാണ് കുറച്ചകലെ എന്നെയും നോക്കി നിൽക്കുന്ന അഖിലേട്ടനെ കണ്ടത്.
അതോടെ നടത്തത്തിന്റെ വേഗം കുറഞ്ഞു. അടുത്തെത്തിയതും ആ മുഖത്തേക്ക് നോക്കാൻ ഒരു പ്രയാസം തോന്നി.

അടുത്ത ആഴ്‌ച്ച തിരിച്ചു പോകും. അതിനു മുന്നേ തന്നെ കാണണം സംസാരിക്കണം എന്നൊക്കെ തോന്നി. എന്റെ കാര്യം ഞാൻ തുറന്നു പറയാം വിദ്യ. എനിക്ക്‌ അന്നേ തോന്നിയിരുന്നു ഇത് നടക്കില്ല എന്ന്…

എന്നെ നോക്കി ചിരിയോടെ പറഞ്ഞു.

അപ്പോഴാണ് മുഖമുയർത്തി ഒന്ന് നോക്കിയത്.,

അമ്മ അങ്ങോട്ട് വരുന്ന കാര്യമൊന്നും പറഞ്ഞിരുന്നില്ല. എനിക്ക് സമ്മതകുറവുമില്ല. അന്ന് അച്ഛൻ പോയ വിഷമത്തിൽ അപ്പോൾ കല്യാണകാര്യത്തിൽ തീരുമാനം ഒന്നും എടുക്കേണ്ട എന്നെ പറഞ്ഞുള്ളൂ.

അറിയാം. ഇനിയൊരു പരീക്ഷണത്തിന് വയ്യാത്തത് കൊണ്ടാണ് തമ്മിൽ കണ്ടു എല്ലാം തുറന്നു സംസാരിച്ചു മനസ്സിനിഷ്ടപെടുന്ന ഒരാളെയെ ജീവിതത്തിൽ ഒപ്പം കൂട്ടു എന്ന് തീരുമാനിച്ചത്. തന്റെ ആലോചന വന്നപ്പോഴേ അറിയാമായിരുന്നു.
എനിക്ക് അതിനുള്ള അർഹത ഇല്ലെന്നു പിന്നെ തന്നെ കണ്ടപ്പോൾ സംസാരിച്ചപ്പോൾ വേണ്ടെന്ന് വെക്കാനും തോന്നിയില്ല. അതാണ് സത്യം.

അർഹത ഇല്ലേ ഉണ്ടോ എന്നൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. എന്റെ അവസ്ഥ അപ്പോൾ അങ്ങനെ ആയിരുന്നു. ഇപ്പോഴും അതൊരു കുറാവായി തോന്നുന്നുമില്ല.

ആ മുഖത്ത് നോക്കി കണ്ണുകളിൽ നോക്കിയാണ് ഞാൻ അത്‌പറഞ്ഞത്. കാരണം അതായിരുന്നു സത്യവും.

അറിയാം. തന്റെ അമ്മ പറഞ്ഞത് പോലെ തനിക്ക്‌ കിട്ടുന്ന ജീവിതത്തിൽ ഇനി അങ്ങോട്ട് സങ്കടങ്ങളും കുറവുകളും ഒന്നും പാടില്ല. അന്ന് ഞാൻ കണ്ട അമ്മയെ അല്ലായിരുന്നു ഇന്നലെ അമ്മ വീട്ടിൽ വന്നപ്പോൾ…അതിൽ നൊന്ത് പ്രസവിച്ച ഒരു മകളുടെ ഭാവിയെ കുറിച്ചുള്ള ആധിയും ആകുലതകളും ഒക്കെ ഉണ്ടായിരുന്നു. ആ അമ്മയുടെ തീരുമാനം തന്നെയാണ് ശരി. അതിനൊക്കെ മുന്നേ തന്റെ മനസ്സറിയുന്ന അച്ഛനും വന്നിരുന്നു എന്നെകാണാൻ. ഈ കല്യാണം നടക്കില്ലെന്ന് പറയാൻ. ഇപ്പോൾ തന്റെ സ്വന്തം അച്ഛന്റെ മനസ്സ്‌ തന്നെയാണ് ആ അമ്മക്കും.

ഇതൊക്കെ ഒന്ന് നേരിൽ കണ്ട് തന്നോട് ഒന്ന് യാത്ര പറയണം എന്ന് തോന്നി.
അതിനാണ് വന്നത്. അപ്പോൾ ശരി അച്ഛൻ തിരിച്ചു വന്നു കല്യാണമൊക്കെ ആവുമ്പോൾ എന്നെയും വിളിക്കണം. നാട്ടിലുണ്ടെങ്കിൽ ഉറപ്പായും വന്നിരിക്കും. ഇനി അതിന് മുന്നേ എന്റെ രണ്ടാമത്തെ കല്യാണമാണ് എങ്കിലും ഞാൻ വീട്ടിൽ വന്നു ക്ഷണിക്കും. അപ്പോൾ താനും വരണം.

എന്ന് പറഞ്ഞപ്പോൾ പുഞ്ചിരി യോടെ തലയാട്ടി.

പിന്നെ ഒരു സംശയം കൂടി…ഇനി ഒരാള് കല്യാണം ആലോചിച്ചു വന്നാൽ എന്നോട് പറഞ്ഞപ്പോലെ ആ മുറിപ്പാടിന്റെ കഥ പറയാൻ ഉദ്ദേശമുണ്ടോ?

തീർച്ചയായും… കാരണം അഖിലേട്ടനും നേരത്തെ പറഞ്ഞില്ലേ എന്റെ കുറവുകൾ തിരിച്ചറിഞ്ഞു എന്നെ സ്വീകരിക്കാൻ തയ്യാറാവുന്ന ആളെ മതി എനിക്ക്‌ എന്ന്..
അതുപോലെ തന്നെയാണ് എന്റെ കാര്യവും..എല്ലാം അറിഞ്ഞു സ്നേഹിക്കാനും സ്വീകരിക്കാനും ഒരാൾ വരുന്നുണ്ടെങ്കിൽ അങ്ങനെ ഒരാള് മതി എനിക്ക്‌..

അത്‌ പറഞ്ഞു തീർന്നതും സ്കൂളിൽ നിന്നും ഉച്ചത്തിൽ നീട്ടിയുള്ള ബെല്ലടി ശബ്ദം കേട്ടു.

എങ്കിൽ ശരി…ഇനി എപ്പോഴെങ്കിലും കാണാം. ഇടക്ക് അന്വേഷിക്കാം..ഇടക്ക് വച്ച് ഒരു യാത്ര പോലും പറയാതെ പോയ നമ്മുടെ പണ്ടത്തെ കഥയിലെ നായകനെ…കാണുമെങ്കിൽ പറയാം…പേരറിയാത്ത ഒരു നൊമ്പരവും പേറി അയാളെ നഷ്ടപ്പെട്ടതിന്റെ പേരിൽ ജീവിതം പോലും അവസാനിപ്പിക്കാൻ ശ്രമിച്ച ആ പതിനെട്ട് കാരിയെ കുറിച്ച്.

അങ്ങനെ ഒരിക്കലും ഈ ജന്മം നിങ്ങള് തമ്മിൽ കണ്ടുമുട്ടില്ല എന്നറിയാം..ഇനി അഥവാ കണ്ടാലും മിണ്ടിയാലും എനിക്ക്‌വട്ടാണ് എന്നെ കഥാനായകൻ പറയു….പോട്ടെ ക്ലാസ്സിന് സമയമായി.ആ മുഖത്ത് നോക്കി നേർത്ത പുഞ്ചിരിയോടെ പറഞ്ഞു ആ ചാറ്റൽ മഴയിൽ ഞാൻ നടക്കുമ്പോൾ മനസ്സിൽ മുഴുവൻ ആ പതിനെട്ട് വയസ്സുകാരി യും അന്നത്തെ നിറമുള്ള ഓർമ്മകളും ആയിരുന്നു. എന്തോ ഞാൻ ആഗ്രഹിക്കാതെ മനസ്സ്‌കൊണ്ട് അറിയുക പോലും ചെയ്യാതെ അഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും അതൊക്കെ ഓർമ്മയിൽ വന്നു നിറയുന്നു.

പെട്ടന്നാണ് പരിചയഭാവത്തിൽ ഒരു നേർത്ത പുഞ്ചിരി സമ്മാനിച്ചു എനിക്കെതിരെ കടന്നു പോയ ആളെ ഒരു മിന്നായം പോലെ കണ്ടത്.
തിരിഞ്ഞു നോക്കാൻ മനസ്സ്‌ പറഞ്ഞു..

ആഹാ വിദ്യ ടീച്ചറിന്ന്‌ വൈകിയോ? ഞാനും ഇന്ന് അൽപ്പം വൈകി.

പുറകിൽ വന്ന ആതിര ടീച്ചർക്ക് മറുപടി കൊടുത്തു പിറകിലേക്ക് നോക്കിയപ്പോൾ അവിടം ആളൊഴിഞ്ഞു ശൂന്യമായിരുന്നു അപ്പോൾ…

കാത്തിരിക്കൂ….