പ്രണയാഞ്ജലി – രചന: ഗായത്രി വാസുദേവ്
” ഏട്ടൻ എന്തൊക്കെ പറഞ്ഞാലും ശെരി ഇയാളെ പോലെ ഒരു കൊലപാതകിയെ ഇവിടെ താമസിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. സ്നേഹം നടിച്ചൊരു പെൺകുട്ടിയെ വശത്താക്കി അവളെ പിച്ചിചീന്തിയിട്ടു കൊന്നു കളഞ്ഞവൻ അല്ലെ ഇയാൾ? ഛെ ” വെറുപ്പോടെ ഞാനെന്റെ മുഖം തിരിച്ചു.
സ്റ്റെയറിന്റെ അവിടെ നിന്നു അല്പം വീർത്തുന്തിയ വയറിൽ കൈവെച്ചു ഏട്ടത്തി എന്നെയും ഏട്ടനേയും മാറി മാറി നോക്കുന്നുണ്ടായിരുന്നു.
” അഞ്ജലീ നീ എന്തൊക്കെയാ വിളിച്ച് പറയുന്നത്? ” ഏട്ടൻ ചോദിച്ചതും ഞാൻ റിമോട്ട് എടുത്ത് ടീവി ഓണാക്കി.. ചാനലുകൾ ആഘോഷമാക്കുന്നുണ്ടായിരുന്നു ലക്ഷ്മി കൊലക്കേസിലെ പ്രതി ആൽവിൻ കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി രക്ഷപെട്ട കഥ. “
“ഞാൻ കെട്ടിച്ചമച്ചത് ഒന്നുമല്ലല്ലോ.. ഏട്ടൻ കണ്ടില്ലേ? ” ഞാൻ ടീവിയിലേക്ക് കൈചൂണ്ടി സെറ്റിയിൽ ഇരിക്കുന്നയാളെ ഒന്ന് നോക്കി . അലസമായി വളർത്തിയ മുടിയും ചുവന്ന കണ്ണുകളും ദേഹത്ത് അവിടവിടെയായി മുറിവേറ്റ പരിക്കുകളും ഒക്കെയായി ഒരു രൂപം.
അയാൾ ടീവിയിലേക്ക് ശ്രെദ്ധിക്കുന്നു എന്ന് കണ്ടതും ഏട്ടൻ ബലമായി റിമോട്ട് വാങ്ങി ടീവി ഓഫ് ചെയ്തു.
“അഞ്ജലീ നീ വിചാരിക്കുന്നത് പോലെയൊന്നുമല്ല കാര്യങ്ങൾ. “
“എനിക്ക് കേൾക്കണ്ട ഏട്ടാ. ഇയാളെ ഇവിടെ നിർത്താൻ പറ്റില്ല. ഈ നിമിഷം ഇറക്കി വിടണം. ” ഞാൻ തീർത്തു പറഞ്ഞു.
“അത് പറ്റില്ല അഞ്ജലി . ഇവൻ എന്റെ ഫ്രണ്ട് ആണ്. എനിക്ക് ഇവന്റെ കൂടെ നിന്നെ പറ്റൂ. ഫ്രണ്ട് ആയി മാത്രമല്ല ഇവന്റെ അഡ്വക്കേറ്റ് ആയിട്ട് കൂടി.. ” ഏട്ടനത് പറഞ്ഞതും എന്റെ മുഖത്തൊരു പുച്ഛച്ചിരി വിരിഞ്ഞു.
“ശെരി അഡ്വക്കേറ്റ് രാഹുൽ കൃഷ്ണൻ ഒന്നും ചെയ്യണ്ട.. ഞാൻ പോലീസിൽ ഇൻഫോം ചെയ്യും ഇയാളിവിടെ ഉണ്ടെന്നു. ” ഞാനതും പറഞ്ഞു ഫോൺ എടുത്ത് ഡയൽ ചെയ്തതും ഏട്ടൻ ഫോൺ പിടിച്ചു വാങ്ങി എന്റെ കരണത്തടിച്ചു..ആദ്യമായാണ് ഏട്ടൻ എന്നെ അടിക്കുന്നത്..
“എവിടുന്നോ വന്ന ഒരുത്തനു വേണ്ടി എന്നെ അടിച്ചല്ലേ? എന്നേക്കാൾ വലുതാണോ ഏട്ടന് ഇയാൾ? ” കവിളിനെ ചുംബിച്ചിറങ്ങിയ നീർതുള്ളികളെ വാശിയോടെ തുടച്ചു മാറ്റി ഞാൻ ചോദിച്ചു.
“നീ വെറുതെ എഴുതാപ്പുറം വായിക്കണ്ട. പിന്നെ പോലീസിനെ വിളിക്കാൻ ആണ് ഉദ്ദേശമെങ്കിൽ നിനക്ക് ഇങ്ങനെയൊരു ഏട്ടൻ പിന്നെ ഉണ്ടാവില്ല. ഇവൻ ഇവിടെ തന്നെ താമസിക്കും തല്ക്കാലം “
ഏട്ടൻ ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അയാളെ എഴുന്നേൽപ്പിച്ചു ഔട്ട് ഹൗസിലേക്ക് കൊണ്ടുപോകുന്നത് പകയോടെ ഞാൻ നോക്കി നിന്നു.. മുറിയിൽ പോയി ദേഷ്യത്തിൽ വാതിൽ വലിച്ചടച്ചു കട്ടിലിലേക്ക് വീണു. ഏട്ടത്തി കുറെ തവണ വാതിലിൽ മുട്ടി വിളിച്ചിട്ടും കതക് തുറന്നില്ല .
രാത്രി ആയതും കഴിക്കാൻ ഇറങ്ങിച്ചെന്നു പ്ലേറ്റ് എടുത്തപ്പോഴാണ് ഏട്ടൻ അയാളെയും കൊണ്ട് വന്നത് കണ്ടത്. അയാളുടെ ഡ്രസ്സ് മാറ്റിയിരുന്നു, ദേഹത്തെ മുറിവുകളിൽ മരുന്ന് വെച്ചു കെട്ടിയിരുന്നു. ദേഷ്യത്തോടെ ഭക്ഷണത്തിനു മുൻപിൽ നിന്നു എഴുന്നേറ്റ് പോകുമ്പോഴും അയാളിൽ ആയിരുന്നു എന്റെ കണ്ണുകൾ.
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിൽ എഴുന്നേറ്റ് ജനാല തുറന്നു പുറത്തേക്ക് നോക്കിയതും കണ്ടത് ഔട്ട് ഹൗസിന്റെ വരാന്തയിൽ കിടക്കുന്ന അയാളെ ആണ്.. അതോടെ കർട്ടൻ വലിച്ചിട്ടു വന്നു കിടന്നു..ഓർക്കുംതോറും അയാളോടുള്ള ദേഷ്യം കൂടിക്കൂടി വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു..
ദിവസങ്ങൾ പോകെപ്പോകെ ഞാനും അയാളും തമ്മിലുള്ള ശീതസമരം കൊടുമ്പിരികൊണ്ടു.. ഒരു നോട്ടം കൊണ്ട് പോലും അയാളെന്നിൽ ശ്രെദ്ധ പതിപ്പിച്ചിരുന്നില്ല. പക്ഷെ അയാളെ കാണുമ്പോൾ വെറുപ്പും ദേഷ്യവും ഉള്ളിൽ നുരഞ്ഞുപൊന്തും. അയാൾ കാരണമാണ് ഇതുവരെ നുള്ളി നോവിക്കാത്ത ഏട്ടൻ എന്നെ അടിച്ചത് എന്നെന്റെ മനസ് എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു.
ഏട്ടനും അയാളും രാത്രി വൈകുവോളം എന്തൊക്കെയോ ചർച്ചകൾ നടത്തുകയും ഏട്ടൻ ആരെയൊക്കെയോ കാണാൻ പോവുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. അതിനിടയിൽ ഒന്ന് രണ്ട് തവണ പോലീസുകാർ അയാളെ തപ്പി ഇവിടെയും വന്നിരുന്നു.. ആ സമയങ്ങളിൽ ഒന്നും അയാളുടെ പൊടിപോലും ഇവിടെ കാണാറില്ല. ഏട്ടന്റെ കണ്ണുകൾ എനിക്ക് ചുറ്റും ഒരദൃശ്യവേലി തീർത്തിരുന്നു എനിക്ക് ചുറ്റും.. എന്റെ ദേഷ്യം മുഴുവൻ ഞാൻ തീർത്തിരുന്നത് അയാളോടാണ്.. വായിൽ വരുന്നത് മുഴുവൻ വിളിച്ച് പറഞ്ഞും, അയാൾ വരുമ്പോൾ എഴുന്നേറ്റ് പോയും ഒക്കെ ഞാനെന്റെ പ്രതിഷേധം അറിയിച്ചുകൊണ്ടേയിരുന്നെങ്കിലും അയാൾക്ക് യാതൊരു കൂസലും ഇല്ല എന്നതാണ് എന്നെ കൂടുതൽ ചൊടിപ്പിച്ചത്.
രണ്ടാഴ്‌ചക്ക് ശേഷം ഏട്ടൻ എന്നെ വിളിച്ചുണർത്തി കയ്യിലേക്ക് പത്രം വെച്ചു തന്നു. ” ലക്ഷ്മി വധക്കേസിൽ വഴിത്തിരിവ്. ലക്ഷ്മിയുടെ മുറച്ചെറുക്കൻ ശ്രാവൺ ആണ് പ്രതിയെന്നു തെളിഞ്ഞു. “
അവയിൽ കണ്ണ് പതിഞ്ഞതും ഞാൻ വിശ്വാസം വരാതെ ഏട്ടനെ നോക്കി.
“ആൽവിൻ നിരപരാധിയാണ് മോളെ. ലക്ഷ്മി അവന്റെ ജീവൻ ആയിരുന്നു. അവളെ ഒരു നോട്ടം കൊണ്ട് പോലും അവൻ കളങ്കപ്പെടുത്തില്ല. അവരുടെ പ്രണയം അടുത്ത് കണ്ടറിഞ്ഞ ഒരാളെന്ന നിലയിൽ പറയുന്നതാ ഞാൻ. “
“പിന്നെങ്ങനെ അയാൾ പ്രതിയായി? “
” അന്ന് ആൽവിനെ കാണാൻ ആണ് ലക്ഷ്മി വീട്ടിൽ നിന്നു ഇറങ്ങിയത്. അവളുടെ ഫോണിൽ അവളെ കാണണം എന്ന് പറഞ്ഞ് അവൻ വിളിച്ചതിന്റെ കോൾ ലിസ്റ്റ്, അവിടെ അവൻ വന്നതിന്റെ ദൃക്‌സാക്ഷികൾ.. ഇത്രയൊക്കെ തെളിവുകൾ പോരെ? “
“അയാൾ എന്തിനാ ആ കുട്ടിയെ? “
“കുഞ്ഞിലേ മുതൽ വീട്ടുകാര് പറഞ്ഞ് വെച്ചതാണ് അവരുടെ കല്യാണം. പക്ഷെ ലക്ഷ്മിക്ക് അയാളെ ഇഷ്ടം ആയിരുന്നില്ല.. പഠനം കഴിഞ്ഞ് ആൽവിന്റെ കാര്യം അവൾ തന്നെയാണ് വീട്ടിൽ പറഞ്ഞത്. ഒറ്റമകളെ മറ്റൊരു മതത്തിൽപെട്ട, അനാഥനായ ഒരുവന് കല്യാണം കഴിച്ചു കൊടുക്കാൻ അവർ തയ്യാറായിരുന്നില്ല. ശ്രാവണുമായി കല്യാണം തീരുമാനിച്ച അന്നാണ് ലക്ഷ്മി വീട് വിട്ട് ഇറങ്ങിയത്. അവളെ പിന്തുടർന്ന് വന്നതാണ് ശ്രാവൺ. ഒന്നും രണ്ടും പറഞ്ഞ് രണ്ടാളും തമ്മിൽ വഴക്കായി. ഒടുവിൽ ആൽവിൻ അവിടെ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. … “
” ഞാൻ സത്യങ്ങൾ അറിയാതെ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട് ഏട്ടനോടും അയാളോടും. എന്നോട് ക്ഷമിക്കണം. “
“ഏയ് അതൊന്നും സാരമില്ല മോളെ .. ” ഏട്ടൻ എന്നെ ചേർത്തുപിടിച്ചതും ഞാനാ നെഞ്ചിലേക്ക് ചാഞ്ഞു. വാതിൽക്കൽ എല്ലാം കണ്ട് ചിരിച്ചു നിന്ന ഏട്ടത്തിയെക്കൂടി ഏട്ടൻ ഞങ്ങളുടെ ഒപ്പം കൂട്ടി.
അന്ന് രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അയാളുടെ മുന്നിൽ നിന്നും എഴുന്നേറ്റ് പോകാതെയിരിക്കുന്ന എന്നെ ഏട്ടത്തി അത്ഭുതത്തോടെ നോക്കുന്നതും ഏട്ടന് കാണിച്ചു കൊടുക്കുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു. കഴിക്കുന്നതിനിടയിൽ എപ്പോഴൊക്കെയോ എന്റെ കണ്ണുകൾ അയാളെ തേടിച്ചെന്നു. അയാൾ ഞാൻ എന്നൊരാൾ അവിടെ ഉണ്ടെന്നു പോലും ഭാവിക്കുന്നില്ലായിരുന്നു.
ടീവിയിൽ ശ്രാവൺ എന്നയാളുടെ മുഖം തെളിഞ്ഞു വന്നപ്പോൾ ഞാൻ അറിയാതെ അയാളെ നോക്കി. ചുവന്നിരുന്ന അയാളുടെ കണ്ണുകളിൽ പക വന്നു മൂടുന്നതും നെറ്റിയിലെ ഞരമ്പുകൾ പിടക്കുന്നതും ഞാൻ പേടിയോടെ കണ്ട് നിന്നു.
രണ്ട് ദിവസങ്ങൾക്കു ശേഷം താഴെ നിന്നു ഏട്ടത്തിയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടാണ് താഴേക്ക് ചെന്നത്. സ്റ്റെയറിനു താഴെ വീണു കിടക്കുന്ന ഏടത്തിയും ചുറ്റും ഒഴുകിപ്പരക്കുന്ന രക്തവും . തല കറങ്ങുന്നത് പോലെ തോന്നിയെനിക്ക്. ഏട്ടന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിച്ചത്. പരിഭ്രാന്തിയോടെ ഓടിച്ചെന്നത് ഔട്ട്ഹൗസ്സിലേക്കാണ്.. കിതച്ചുകൊണ്ട് കാര്യം പറഞ്ഞതും മിന്നൽ പോലെ ഓടിവന്നു അയാൾ ഏട്ടത്തിയെ കോരിയെടുത്തു ഹോസ്‌പിറ്റലിലേക്ക് പാഞ്ഞു.കൂടെ ഞാനും.
തക്കസമയത്ത് എത്തിയത് കൊണ്ട് അമ്മയ്ക്കും കുഞ്ഞിനും കുഴപ്പമൊന്നുമില്ലെന്നു ഡോക്ടർ പറഞ്ഞതും ഞാൻ നന്ദിയോടെ അയാളെ നോക്കി. ആദ്യമായി എന്നിൽ നിന്നൊരു പുഞ്ചിരി അയാൾക്ക് വേണ്ടി വിരിഞ്ഞു . ആശുപത്രി വരാന്തയിൽ തളർന്നിരിക്കുമ്പോൾ അയാളെനിക്ക് ചായ വാങ്ങിത്തന്നെന്റെ അരികിലിരുന്നു.
“നന്ദി… എല്ലാത്തിനും.. സോറി ഞാൻ കുറെ വേദനിപ്പിച്ചിട്ടുണ്ട്. ഇന്ന് നിങ്ങൾ ഇല്ലായിരുന്നെങ്കിൽ. എനിക്ക് ഓർക്കാൻ കൂടി വയ്യ. “
“രാഹുലിന്റെ പെണ്ണ് എനിക്കെന്റെ പെങ്ങളാണ്.. ” അതുമാത്രം പറഞ്ഞയാൾ എഴുന്നേറ്റ് മാറിയിരുന്നു. ബിൽ അടക്കാനും ഫാർമസിയിലേക്കും ലാബിലേക്കും ഒക്കെ അയാൾ ഓടി നടക്കുന്നത് കണ്ട് മനസിലെ അവസാനതുള്ളി വെറുപ്പും അലിഞ്ഞു പോയിരുന്നു.
ദിവസങ്ങൾ പോകെപ്പോകെ അയാളുടെ സാമിപ്യം ഞാൻ ആഗ്രഹിക്കുന്നത് പോലെ, അയാളുടെ കണ്ണുകളിൽ നോക്കിയിരിക്കാനും, ആ ശബ്ദം കേൾക്കാനും ഒക്കെ കൊതിക്കുന്നൊരു എന്നെ ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു. ഉറക്കം വരാതിരുന്നൊരു രാത്രി ഗാർഡനിൽ കിടന്നു നക്ഷത്രങ്ങളെ നോക്കിക്കൊണ്ട് ഇരുന്ന അയാളുടെ അരികിലേക്ക് സ്വയമറിയാതെ ഞാൻ നടന്നു ചെന്നു .
എന്റെ സാമീപ്യം അറിഞ്ഞതും അയാൾ പിടഞ്ഞു എഴുന്നേറ്റു. “എന്താ കുട്ടിക്ക് ഉറക്കം ഒന്നുമില്ലേ? ” എന്നയാൾ ഈർഷ്യയോടെ ചോദിച്ചതും ഞാൻ ഒരു നിമിഷം പതറിപ്പോയി.
“ലക്ഷ്മി ചേച്ചിയെ എങ്ങനെയാ പരിചയപ്പെട്ടത്? ” എന്നയെന്റെ ചോദ്യത്തിന് അയാളുടെ മുഖം ശാന്തമാകുന്നതും കണ്ണുകൾ ആകാശത്തേക്ക് പോകുന്നതും ഞാൻ കണ്ടു. എന്റെ കണ്ണുകളും അയാളെ പിന്തുടർന്ന് മിന്നിത്തിളങ്ങുന്ന ഒരൊറ്റ നക്ഷത്രത്തിൽ ചെന്നു പതിച്ചു.
“എന്റെ ജൂനിയർ ആയിരുന്നു. ഒരു പാവം പെണ്ണ്… ഒറ്റ നോട്ടത്തിൽ തന്നെ എന്റെ മനസ്സിൽ കയറിപ്പറ്റിയവൾ. ഇഷ്ടം പറഞ്ഞ് ചെല്ലുമ്പോഴെല്ലാം പിടക്കുന്ന അവളുടെ കണ്ണുകൾ.. ആരെങ്കിലും കാണുമോ എന്ന് പേടിച്ചു തലതാഴ്ത്തി പരിഭ്രമത്തോടെ പോകും അവൾ. ഒരിക്കൽ പിടിച്ചു വലിച്ചു തൂണിന്റെ മറവിൽ വെച്ച് ഇഷ്ടമാണെന്നു പറഞ്ഞ് കവിളിൽ ഒരുമ്മ കൊടുത്തിട്ട് ഓടി. പതിയെ പതിയെ അവളും എന്നോട് അടുത്തു.
പഠനം കഴിഞ്ഞ് അവളുടെ വീട്ടിൽ കല്യാണം ആലോചിച്ചു ചെന്ന എന്നെ അവർ ആട്ടിയിറക്കി. ശ്രാവണുമായുള്ള കല്യാണം മൂന്ന് ദിവസത്തിനുള്ളിൽ നടക്കും എന്നുറപ്പായപ്പോൾ ആണ് അവൾ വീട് വിട്ട് ഇറങ്ങിയത്. വഴിയിൽ ഒരാൾ അപകടത്തിൽ പെട്ട് കിടക്കുന്നത് കണ്ടപ്പോ അയാളെ വാരിയെടുത്തു ആശുപത്രിയിൽ പോയിട്ടാ ഞാൻ അവളുടെ അടുത്ത് ചെന്നത്. അവിടെ എത്തിയതും കാണുന്നത് ജീവന് വേണ്ടി പിടയുന്ന എന്റെ പെണ്ണിനെയാ.. ദേഹമാസകലം മുറിവുകളുമായി ചോരയൊലിപ്പിച്ചു എന്റെ മടിയിൽ കിടന്നാ അവൾ പോയത്. എനിക്ക് സ്വന്തമെന്നു പറയാൻ ആകെ ഉണ്ടായിരുന്നവളാ. “അതും പറഞ്ഞയാൾ മുഖം പൊത്തിക്കരഞ്ഞതും എന്റെയും നെഞ്ച് പിടഞ്ഞുപോയി.
സ്വയമറിയാതെ ആ മുഖം കൈകളിൽ കോരിയെടുത്തു നെറ്റിയിൽ ഒരുമ്മ കൊടുത്തു ഞാൻ അയാളെ ചേർത്തുപിടിച്ചു.
“എനിക്ക്….. എനിക്ക് ഇഷ്ടാ ആൽവിച്ചായനെ. കരയല്ലേ ഇച്ചായാ ” എന്റെ ശബ്ദവും ഇടറിയിരുന്നു.
വലിച്ചുമാറ്റി ഇരു കവിളത്തും അയാൾ അടിച്ചു . അപ്പോഴാണ് ഞാനെന്താണ് പറഞ്ഞ് പോയതെന്ന ബോധ്യം വന്നത് . എന്നെ നോക്കാതെ തിടുക്കത്തിൽ മുന്നോട്ട് നടന്നു അയാൾ എന്റെ മുഖത്തേക്ക് വാതിൽ കൊട്ടിയടച്ചു.
പിന്നെയുള്ള ദിവസങ്ങളിൽ ഒന്നും അയാളെനിക്ക് മുഖം തന്നില്ല.. അയാളുടെ അവഗണന എന്നെ അത്രമാത്രം തളർത്തുന്നത് ആയിരുന്നു. ഒരു നോട്ടത്തിനു വേണ്ടി ഞാൻ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
ശ്രാവണെ കോടതിയിലേക്ക് കൊണ്ടുപോകുന്ന വാർത്തയറിഞ്ഞതും അയാളുടെ കണ്ണുകൾ വന്യമായി തിളങ്ങുന്നത് എന്നിൽ ഭീതി പടർത്തി. വേഗത്തിൽ റൂമിനു നേർക്ക് നടക്കുന്ന അയാളെ പിന്തുടർന്ന് ചെന്ന ഞാൻ കണ്ടത് ഇടുപ്പിലേക്ക് തിരുകി വെക്കുന്ന കത്തിയാണ് . നേരെ തിരിഞ്ഞതും എന്നെ കണ്ട് ഇച്ചായൻ ഒന്ന് ഞെട്ടിയത് പോലെ തോന്നി.
എന്നെ പാടെ അവഗണിച്ചു പോകാൻ തുടങ്ങിയ ഇച്ചായന്റെ മുന്നിലേക്ക് ഇരു കയ്യും വിരിച്ചു ഞാൻ കേറി നിന്നു.
“മുന്നിൽ നിന്നു മാറ് കൊച്ചേ. “
“ഇല്ല ഞാൻ മാറില്ല. ഇച്ചായൻ എങ്ങോട്ടും പോകണ്ട. “
എന്നെ തള്ളിമാറ്റി അയാൾ പുറത്തേക്ക് ഇറങ്ങി വാതിൽ പൂട്ടിയിരുന്നു . എന്റെ ഒച്ചയും ബഹളവും കേട്ടിട്ട് ഏട്ടത്തി വന്നു വാതിൽ തുറന്നു തന്നപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. കിട്ടിയ ഓട്ടോയിൽ കയറി കോടതിവളപ്പിൽ എത്തുമ്പോ ചുറ്റും കൂടി നിൽക്കുന്ന ആളുകളെ കണ്ട് ഉള്ളിൽ ഭയം ഉരുണ്ട് കൂടിയിരുന്നു. ആളുകളെ വകഞ്ഞുമാറ്റി ചെന്നപ്പോൾ കണ്ടു നിലത്ത് ചലനമറ്റു കിടക്കുന്ന ഒരാളെയും അരികിൽ ചോര ഇറ്റിറ്റു വീഴുന്ന കത്തിയുമായി ഇരിക്കുന്ന ആൽവിച്ചായനെ. ആ ദൃശ്യം കാണാൻ ആവാതെ ഞാൻ കണ്ണുകൾ ഇറുകെ അടച്ചു .
നിന്നിടത്ത് നിന്നനങ്ങാനാവാതെ ഞാൻ തറഞ്ഞുനിന്നുപോയി. പോലീസുകാർ ഇച്ചായനെ വിലങ്ങുവെച്ചു കൊണ്ടുപോകുന്നത് നീർ മറച്ച മിഴികളിലൂടെ ഞാൻ കണ്ടു. ഇച്ചായന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു. ആത്മസംതൃപ്തിയുടെ ചിരി. അരികിലേക്ക് ഓടിച്ചെല്ലാൻ കൊതിച്ചപ്പോഴേക്കും ദേഹം തളർന്നു നിലത്തേക്ക് വീണിരുന്നു.
ദിവസങ്ങൾ കടന്നുപോയി. ജീവപര്യന്തം തടവ്‌ശിക്ഷയാണ് കോടതി വിധിച്ചത്. ജീപ്പിലേക്ക് കയറുന്നതിനു മുൻപ് എന്റെ അരികിലേക്ക് വന്നപ്പോൾ കൊതിയോടെ ഞാനാ കണ്ണുകളിലേക്ക് നോക്കിനിന്നുപോയി.
” അന്നെന്നോട് പറഞ്ഞതൊക്കെ മറന്നു കളഞ്ഞേക്കണം കേട്ടോ . കൊച്ച് ചെറുപ്പമാ 18 വയസ്സല്ലേ ആയുള്ളൂ. എല്ലാം പ്രായത്തിന്റെയാ. നന്നായി പഠിച്ചു ചേട്ടനേക്കാൾ നല്ല വക്കീൽ ആകണം. “
പ്രായത്തിന്റെ തോന്നലല്ല എനിക്ക് ശെരിക്കും ഇഷ്ടമാണെന്നു, വിളിച്ച് പറയുന്നതിന് മുൻപ് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഇച്ചായൻ നടന്നകന്നപ്പോൾ ഉള്ളിൽ ഒരുറച്ച തീരുമാനം എടുത്തിരുന്നു എത്ര നാളായാലും കാത്തിരിക്കുമെന്നു.
ഋതുക്കൾ മാറിമറിഞ്ഞു, വർഷങ്ങൾ ഇലകൾ കണക്കെ കൊഴിഞ്ഞു വീണു . ഇന്നാണ് ഇച്ചായന്റെ ശിക്ഷ കഴിയുന്നത്. ഞാൻ ഏറെ കാത്തിരുന്ന ദിവസം. രാവിലെ മുതൽ കാത്തിരിപ്പായിരുന്നു..ഉച്ച കഴിഞ്ഞു ഏട്ടന്റെ കൂടെ എത്തിയപ്പോൾ. കൺനിറയെ ഞാനാ മനുഷ്യനെ കണ്ടു. നിറഞ്ഞൊഴുകാൻ തുടങ്ങിയ കണ്ണുകളെ പലവുരു ശാസിച്ചു ഞാൻ മുന്നിലേക്ക് ചെന്നു.
“ആഹ് അഞ്ജലി. ഹസ്ബൻഡ് എന്ത് ചെയ്യുന്നു? സുഖമല്ലേ എല്ലാവർക്കും? ” ചിരിയോടെയുള്ള ചോദ്യം കേട്ടതും നെഞ്ച് പിഞ്ഞിക്കീറുന്നത് പോലെ തോന്നി .
“മ്മ് സുഖം.. ” കൂടുതൽ ഒന്നും പറയാൻ തോന്നിയില്ല. വേഗം മുറിയിലേക്ക് പോന്നു. . കണ്ണിൽ കണ്ടതെല്ലാം വലിച്ചെറിഞ്ഞും തച്ചുടച്ചും വെറും നിലത്ത് കുത്തിയിരുന്നു. എത്രനേരം അങ്ങനെ ഇരുന്നെന്നു അറിയില്ല. തലയിൽ അറിഞ്ഞ സ്പർശനത്തിൽ ഞെട്ടലോടെ മുഖമുയർത്തി നോക്കി
“ഇച്ചായൻ… ” എന്റെ ചുണ്ടുകൾ മന്ത്രിച്ചു. വാതിൽക്കൽ നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ഏട്ടനെ കണ്ടു. എന്നെ നോക്കിയൊന്നു കണ്ണ് ചിമ്മി കാണിച്ചിട്ട് ഏട്ടൻ മോനെയും എടുത്ത് താഴേക്ക് പോയി.
വെറുതെയൊരു ചിരി മുഖത്ത് വരുത്തുമ്പോൾ കണ്ടു ഇച്ചായന്റെ കയ്യിൽ ഇരിക്കുന്ന എന്റെ ഡയറി. ഇച്ചായനോട് എന്നപോലെ കഴിഞ്ഞ വർഷങ്ങളിൽ ഒക്കെയും എന്റെ പ്രണയം പകർത്തിയിരുന്നത് ആ താളുകളിൽ ആയിരുന്നു .
ആ നോട്ടം നേരിടാൻ ആവാതെ ഞാൻ മുഖം താഴ്ത്തി. “എനിക്ക് വേണ്ടിയാണോ ഈ കാത്തിരിപ്പ്? “പതിഞ്ഞ ശബ്ദത്തിലുള്ള ചോദ്യമെന്റെ കാതിൽ പതിച്ചതും ഞാൻ മുഖമുയർത്തി.
“മ്മ്മ്. “
” എടോ ഞാൻ തനിക്ക് ചേരില്ല. ഞാൻ ഒരു അനാഥൻ ആണ്, തന്നെക്കാളും പ്രായവും ഉണ്ട്, പോരാത്തതിന് കൊലപാതകിയും “
” അതൊന്നും എനിക്കറിയണ്ട. എനിക്ക് ഇഷ്ടാ ഒരുപാട് ഒരുപാട് ഇഷ്ടാ. എന്നെ വേണ്ടെന്നു മാത്രം പറയല്ലേ. എന്നെങ്കിലും എന്റേതാകും എന്നുള്ള പ്രതീക്ഷയിലാ ഈ കാത്തിരിപ്പ്. അതവസാനിപ്പിക്കാൻ പറയരുത് എന്നോട്. ഞാൻ മരിച്ചുപോകും. ” ആ നെഞ്ചിലേക്ക് വീണു ഏങ്ങലടിച്ചു കരഞ്ഞു പോയിരുന്നു.
എന്നെ വരിഞ്ഞുമുറുക്കിയ കൈകളും നെറ്റിയിൽ അമർന്ന ചുണ്ടുകളുടെ സ്പർശനവും വിശ്വസിക്കാനാവാതെ ഞാൻ തലയുയർത്തി നോക്കി . ആ കണ്ണുകളും നിറഞ്ഞിരുന്നു പക്ഷെ ആ ചുണ്ടിൽ എനിക്കായി മാത്രം ഒരു പുഞ്ചിരി ഉണ്ടായിരുന്നു . പിണക്കവും പരിഭവങ്ങളും പറഞ്ഞ് തീർത്തു ആ നെഞ്ചോട് ഒട്ടിനിൽക്കുമ്പോൾ ജാലകത്തിനു പുറത്തേ ആകാശത്തിൽ ഒരൊറ്റ നക്ഷത്രം മിന്നുണ്ടായിരുന്നു.
അവസാനിച്ചു…