ഇന്ന് വൈകുന്നേരം ഞാൻ അമ്മയെ കൂട്ടി വരും. വരുമ്പോൾ ചാണകപ്പച്ച കളറിലുള്ള ഡ്രസ്സ്‌ ഇട്ട് സുന്ദരിക്കുട്ടിയായി നിന്നേക്കണം….ഉമേഷ്‌ പറഞ്ഞു തീർന്നപ്പോൾ അറിയാതെ ഒരു പുഞ്ചിരി വിടർന്നു…

രചന: അക്ഷര എസ്

“കോഴിവാലാ… “

പുറത്ത് റോഡിൽ നിന്നും കാതടപ്പിയ്ക്കുന്ന ബൈക്കിന്റെ ശബ്ദത്തിനിടയിൽ നിന്നും ഉയർന്നു വന്ന ആ വിളി കേട്ടപ്പോഴേ നീതു ദയനീയമായി ക്ലോക്കിലേക്ക് ഒന്നു നോക്കി…

6.20….

ദൈവമേ ട്യൂഷൻ തീരാൻ ഇനിയും പത്തു മിനിറ്റുണ്ട് … ഒരു ചോദ്യോത്തരവേളയ്ക്കുള്ള സമയം ഇനിയും ബാക്കി….

വിളിച്ചിട്ട് പോയവന്റെ പതിനാറു തലമുറ ഗതിപിടിയ്ക്കാതെ പോകണേ ഭഗവാനേ എന്ന് മനസ്സിൽ പ്രാകി കൊണ്ട് തല പതിയെ ചെരിച്ചു നോക്കി…. വേറെ ആരെയുമല്ല… ട്യൂഷൻ മാഷിനെ തന്നെ…

നാട്ടിലെ പേര് കേട്ട ട്യൂഷൻ മാഷാണ്…പിള്ളേരെ അടിച്ചു തൊലി പൊളിച്ചു ഫുൾ മാർക്ക് വാങ്ങിപ്പിയ്ക്കും… മുപ്പത്തിയഞ്ചു നാല്പത് റേഞ്ചിൽ പ്രായം കാണും… പക്ഷേ തലയിൽ മുടിയില്ല… ഒന്നാന്തരം കഷണ്ടി തലയൻ… അത് മറയ്ക്കാൻ വേണ്ടിയുള്ള സെറ്റപ്പാണ് പിന്നിലെ മുടി നീട്ടി വളർത്തി അത് മുൻപിലേക്ക് എടുത്തു കഷണ്ടി മറയ്ക്കുന്നത്… ഒരു ഡസൻ ഈർക്കിൽ സ്ലൈഡും തലയിൽ കാണും…

പണ്ട് മൂലസ്ഥാനത്തു നല്ല ചൂരൽ കഷായം കിട്ടിയവർ ആണ് ആ നാട്ടിലെ ഒരുമാതിരി ആൺപ്പിള്ളേരെല്ലാം… പെൺപിള്ളേർക്ക് പണ്ട് മുട്ടിനു താഴെയായിരുന്നു…. വിവാഹം കഴിഞ്ഞു ഭാര്യ വന്നതോടെ പെൺപിള്ളേർക്ക് മാത്രം സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്തി കയ്യിലേക്ക് മാറ്റി… അന്നും ദുരന്തം ഏറ്റു വാങ്ങാൻ ആൺപിള്ളേരുടെ ജീവിതം ബാക്കി…

അങ്ങനെ വാങ്ങി കൂട്ടിയവരുടെ രോഷ പ്രകടനമാണ് ഇത് പോലെ കോഴിവാലൻ എന്നോ അതിൽ കൂടിയ വാക്കുകളിലോ ഇവിടെ ട്യൂഷൻ നടക്കുന്ന സമയത്തു ഉച്ചത്തിൽ വിളിച്ചു കൂവി പോകുന്നത് …അവർക്ക് ഒരു ആത്മസംതൃപ്തി…ആരെങ്കിലും എന്ന് വിളിയ്ക്കുന്നോ അന്ന് അടി ഉറപ്പാണ്…

വിളി എന്തായാലും അവിടെ കേട്ടുവെന്ന് ഉറപ്പായി… അവിടെ ദേ പല്ല് കടിയ്ക്കുന്നു… കണ്ണ് ചുവക്കുന്നു… ആകെ വിയർക്കുന്നു… പോരാത്തതിന് ചുവന്ന ഷർട്ടും…

ഇന്ന് അപ്പോൾ ആമസോൺ പ്രൈം ഫാസ്റ്റ് ഡെലിവറി അടി ഉറപ്പായി…. ഇയാളിന്ന് പപ്പും പൂടയും പറിയ്ക്കും…

പത്തു മിനിറ്റ് മാത്രം ബാക്കിയായത് കൊണ്ട് വൺ വേർഡ് ചോദ്യം ആയിരിയ്ക്കും…ആൺപിള്ളേരുടെ സൈഡിൽ നിന്നും തുടങ്ങുമോ അതോ പെൺപിള്ളേരുടെ സൈഡിൽ നിന്നും തുടങ്ങുമോ എന്ന് മാത്രം ഒരു സംശയം ബാക്കിയുള്ളൂ…

അപകടം മണത്തറിയാതെ ആണോ എന്തോ അപ്പുറത്തു ഇരിയ്ക്കുന്നവൾ തല കുമ്പിട്ടു കിണിച്ചോണ്ടു ഇരിയ്ക്കുകയാണ് അഖില…പ്ലസ് ടു ഇംഗ്ലീഷ് ടെക്സ്റ്റ്‌ ബുക്കിൽ ഇതിനും മാത്രം എന്താണ് ചിരിയ്ക്കാൻ ഉള്ളത് എന്ന് ഒന്നു എത്തിച്ചു നോക്കി… മിണ്ടാൻ പറ്റില്ല… അത് കൊണ്ട് സിഗ്നൽ കൊടുക്കാനും…

തല ഒന്നു വെട്ടിച്ചാൽ അപ്പോൾ പിടിയ്ക്കും കോഴിവാലൻ…

“നീതു… “

“തീർന്നു…. “മനസ്സിൽ പറഞ്ഞു കൊണ്ട് പതിയെ എണീറ്റു…

“എന്താ അവിടെ ഒരു ചിരി…”ചോദ്യം കേട്ടാൽ തന്നെ അറിയാം അടിയ്ക്കാനുള്ള കാരണം ഉണ്ടാക്കുകയാണ്…

“ഒന്നും ഇല്ല മാഷേ… “

“എല്ലാവരും ബുക്ക്‌ അടച്ചു ബാഗിൽ വച്ചോ… ” പറഞ്ഞപ്പോൾ തന്നെ എല്ലാവരുടെയും കണ്ണ് പോയത് ക്ലോക്കിലേക്കാണ്….

ആകെ രണ്ടു അവസരത്തിൽ മാത്രമേ ബുക്ക്‌ അടയ്ക്കാൻ പറയൂ… ട്യൂഷൻ വിടാൻ നേരത്തും ചോദ്യം ചോദിയ്ക്കാൻ പോകുമ്പോഴും…

ക്ളോക്കിലേക്ക് നോക്കി സമയം ആയിട്ടില്ലെന്ന് മനസ്സിലായതോടെ സമയം അടുത്തെന്ന് എല്ലാവർക്കും ഏറെക്കുറെ ഉറപ്പായി…

“ഇന്ന് ഈസി ചോദ്യമാണ്.. ഐശ്വര്യമായി നീതു തന്നെ തുടങ്ങിക്കോളൂ… സ്പെൽ ലഫ്റ്റനന്റ്… “

“തീർന്നു …ഇന്നും വാങ്ങാം ഐശ്വര്യമായി…കഷ്ടപ്പെട്ടു essay പഠിച്ചു വന്നപ്പോൾ അയാളുടെ ലെഫ്റ്റനന്റ് … ” മനസ്സിൽ പറഞ്ഞു ദയനീയമായി മാഷിനെ നോക്കി…

“leften… “പറഞ്ഞു തുടങ്ങുന്നതിനു മുൻപേ കഴുതയെന്ന് പറഞ്ഞു നെക്സ്റ്റ് വിളിച്ചു….

നിന്നും ഇരുന്നും കിടന്നും അമ്പെയർ സിക്സും ഫോറും ഔട്ടും വൈഡും വിളിയ്ക്കുന്നത് പോലെ ചറപറാ ചോദ്യങ്ങൾ… ഉത്തരങ്ങൾ കിട്ടിയവർ.. കിട്ടാത്തവർ…

അവസാനം കിട്ടാത്തവർ മാത്രം സ്റ്റമ്പുകൾ പോലെ നിരന്നു നിന്നു… ഒരു തലയ്ക്ക് നിന്ന് തുടങ്ങി അടി… രണ്ടു കൈപ്പത്തിയും മലർത്തി കൂട്ടി പിടിച്ചു രണ്ടു അടി…കണ്ണിൽ നിന്നും പൊന്നീച്ച പറന്നു… ഒപ്പം ജെറ്റ് പോയി ആകാശത്തു വെള്ള വര തെളിഞ്ഞു കിടക്കുന്നത് പോലെ കൈപ്പത്തിയിൽ ചോരകട്ട പിടിച്ചു നീല നിറത്തിൽ രണ്ടു വരകൾ… രണ്ടു കയ്യിലും രണ്ടു വീതം മൊത്തം നാല് റോക്കറ്റ്… ഇയാളാര് റോക്കറ്റു ലോഞ്ച് വെഹിക്കിളോ…..

ചുരിദാറിന്റെ ഷോളിനടിയിൽ തിരുകിയിട്ടൊന്നും ആ നീറ്റൽ പോയില്ല…

ധോണി ഫിനിഷസ് ഓഫ് ഇൻ സ്റ്റൈൽ എന്ന് പറയുന്നത് പോലെ കലാശക്കൊട്ട് ആൺപിള്ളേർക്ക് ചന്തിയിൽ തന്നെ കിട്ടി…എന്തായാലും പരിപാടി വൻ വിജയമായിരുന്നു… 10 മിനിറ്റിൽ എല്ലാം തീരത്തു കൃത്യം 6.30ന് ട്യൂഷൻ വിട്ടു…

പുറത്തേക്ക് ഇറങ്ങുമ്പോഴും മിക്കവാറും എല്ലാവരും കൈ നന്നായി ഉഴിയുന്നുണ്ട്…

“അയാളുടെ അമ്മേടെ ഒരു ഇംഗ്ലീഷ്… എന്നിട്ട് പേര് M. A ഇംഗ്ലീഷ് എന്ന്…”സൈക്കിൾ സ്റ്റാൻഡ് തട്ടി പതിയെ ഉന്തി കൊണ്ട് അഖിലയോട് പറഞ്ഞു…

“കൈ നീറിയിട്ട് ഇന്ന് ഇനി രാത്രി ചോറുണ്ണാൻ പറ്റില്ല…അമ്മയോട് വാരി തരാൻ പറയണം… ” അഖില കൈ ഒന്നു ഊതി കൊണ്ട് പറഞ്ഞു… അവിടെയും ഉണ്ട് കയ്യിൽ തിരുമുറിവുകൾ..

“നിന്റെ അമ്മ വാരി തരും എന്റെ അമ്മ അയാളെ വിളിച്ചു പറയും നാളെ രണ്ടെണ്ണം കൂടി എക്സ്ട്രാ കൊടുക്കാൻ…. “നിരാശയോടെ പറഞ്ഞപ്പോൾ അഖില ചിരിച്ചു….

“ആരാണാവോ ഇന്ന് വിളിച്ച തെണ്ടികൾ… നീ എന്റെ കൈ നോക്ക്യേ… അവൻ ആരായാലും അവന്റെ തല മണ്ട അടിച്ചു പൊളിയ്ക്കണം.. ” കൈ നിവർത്തി നീലച്ചു കിടക്കുന്ന പാട് അഖിലയ്ക്ക് കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു…

“അത് വേറെ ആരാ… ആ തെങ്ങിൻ തോപ്പിൽ ക്രിക്കറ്റ് കളിയ്ക്കുന്ന ടീംസ്…. ” അഖിലയ്ക്ക് അറിയാത്ത ചേട്ടന്മാർ ഈ നാട്ടിലോ അടുത്ത പഞ്ചായത്തിലോ വളരെ കുറവാണ്… അഖില കുമാർ… കാര്യം കുമാരേട്ടന്റെ മോളാണെങ്കിലും ഈ കാര്യത്തിൽ അവളൊരു കുമാരിയാണ്…

“നിനക്ക് അറിയോ… “

“പിന്നെ… “അഖിലയുടെ മുഖത്തു എല്ലാം അറിയുന്ന ഭാവമായിരുന്നു…

തെങ്ങിൻ തോപ്പിന്റെ സൈഡിലൂടെ ഉള്ള വരമ്പത്തു കൂടെ സൈക്കിൾ ഉന്തി പോകുമ്പോഴാണ് അഖില എല്ലാവരുടെയും ഒരുമാതിരിപ്പെട്ട ജോഗ്രഫിയും ഹിസ്റ്ററിയും പറഞ്ഞു തന്നത്… ജന്മനക്ഷത്രം മുതൽ സെന്റിമീറ്റർ അളവിൽ ഉയരം വരെ അവിടെ ഭദ്രമാണ്….

“ദാ ആ കിളിപ്പച്ച ജഴ്‌സി ഇട്ട ചേട്ടനാണ് ഇന്ന് വിളിച്ചത്… പേര് ഉമേഷ്‌ പി. പി… 5 സപ്പ്ളി ബാക്കിയുണ്ട് എന്നാണ് അറിവ് … അപ്പോൾ ബിടെക് ആവണം… “

“അഖില ലോക സെൻസസ് കുമാരി നമിച്ചു… ” പറഞ്ഞു തീർന്നതും കാൽച്ചുവട്ടിൽ ക്രിക്കറ്റ്‌ ബോൾ എത്തിയതും ഒന്നിച്ചായിരുന്നു…

ഒപ്പം പിന്നിൽ നിന്നും ഒരു വിളിയും…

“ഡീ കൊതു.. നീയൊക്കെ എന്തിനാടീ വെറുതെ ഇരുന്നു കിണിച്ചു ഞങ്ങൾക്ക് അടി വാങ്ങി തരുന്നത്…. ” മിഥുനാണ്… ട്യൂഷൻ ക്ലാസ്സിലും സ്കൂളിലും ഒന്നിച്ചാണ്…

“ഞങ്ങൾ ഇരുന്നു കിണിച്ചോണ്ടല്ല… ദാ അവന്മാർ വിളിച്ചു കൂവി പോയത് കൊണ്ടാ… തെണ്ടികൾ… “തെങ്ങിൻ തോപ്പിലേക്ക് കൈ ചൂണ്ടി പറഞ്ഞതും കൂട്ടത്തിൽ ഒരുത്തൻ ബോൾ എടുക്കാൻ ഞങ്ങളുടെ അടുത്തേക്ക് വന്നു… ആ കിളിപ്പച്ച ജേഴ്‌സി തന്നെ…

“നല്ലോണം കിട്ടിയ ലക്ഷണം ഉണ്ടല്ലോ മക്കളേ… കോഴിവാലന് സുഖമല്ലേ….ആ ബോളങ്ങു എടുത്തു തന്നേ ചേട്ടന്… ” അവന്റെ കളിയാക്കി ചിരിയും ആജ്ഞാപിയ്ക്കലും…

കയ്യിലെ വേദന ഓർമ്മ വന്നപ്പോൾ വേറെ ഒന്നും നോക്കിയില്ല ബോൾ എടുത്തു തോട്ടിലേക്ക് അങ്ങ് എറിഞ്ഞു നീതു….. ചെറിയൊരു ഒഴുക്ക് ഉണ്ടായിരുന്നത് കൊണ്ട് അത് പതുക്കെ അങ്ങ് ഒലിച്ചും പോയി….

“ഡീ… “എന്നൊരു അലർച്ച കേട്ടതും സൈക്കിളോട് കൂടെ മഴപെയ്തു കുതിർന്ന ചെളിക്കുണ്ടിലേക്ക് വീണതും ഒന്നിച്ചായിരുന്നു… പച്ച നിറമുള്ള യൂണിഫോം മുഴുവനും ചെളി പുരണ്ടു…

“ഷെയർ ഇട്ട് വാങ്ങിച്ച 400 രൂപയുടെ ബോളാണ്… അത് നിനക്ക് തോട്ടിൽ എറിയണമല്ലേ… “ഉമേഷ്‌ പി. പി നിന്ന് കത്തുന്നുണ്ട്….

അഖില ഇപ്പോൾ കരയും എന്ന അവസ്ഥയിലാണ്… അല്ലെങ്കിൽ ചാടി കേറി സേവ് ചെയ്യുന്നവനാണ് മിഥുൻ… ഇപ്പോൾ കണ്ണും മിഴിച്ചു നിൽക്കുന്നുണ്ട്…

കയ്യിലെ റോക്കറ്റും ദേഹത്തും സൈക്കിളിലും പുരണ്ട ചെളിയും ഒന്നും നോക്കിയില്ല കഷ്ടപ്പെട്ടു എണീറ്റു ഓടി പോയി അവരുടെ ക്രിക്കറ്റ്‌ സ്റ്റമ്പും അതിനു മുകളിൽ വച്ച ബെയ്‌ൽസും എടുത്തു അവിടെ കിടന്നിരുന്ന ചാണകത്തിലേക്ക് ഇട്ടു കാല് കൊണ്ട് ഉരുട്ടി…

“ഇപ്പോൾ സമനിലയായി… ഇനി ഞങ്ങൾ ട്യൂഷന് ഇരിയ്ക്കുമ്പോൾ അയാളെ വല്ലതും വിളിച്ചു പോയാൽ… “പറഞ്ഞു തിരിഞ്ഞതും അതേ ചാണകത്തിൽ ചവിട്ടി വഴുക്കി അവിടെ തന്നെ വീണു….

“ആഹ്… ഇപ്പോഴാണ് ചാണകപ്പച്ച ആയത്… “ഏതോ ഒരുത്തൻ വിളിച്ചു പറയുന്നുണ്ടായിരുന്നു…

“ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം എന്നൊക്കെ കേട്ടിട്ടുണ്ട്… ഈ കൊതുകിനു ചാണകമാണോ പ്രിയം… “വേറെ ഒരുത്തന്റെ വക കമന്റ്‌…

“നാളെയും വിളിയ്ക്കും… ഇനി അങ്ങോട്ട് എല്ലാ ദിവസവും വിളിയ്ക്കും… നീ എന്ത് ചെയ്യും.. മര്യാദക്ക് പഠിച്ചു പോയാൽ അടി വാങ്ങണോ… “ഉമേഷ്‌ നിന്ന് തുള്ളുകയാണ്…

“5 സപ്ലി ഉള്ളവനാണ് എന്നെ ഉപദേശിക്കുന്നത്….. ” ഇരുന്നിടത്തു തന്നെ ഇരുന്നു കരഞ്ഞു പറഞ്ഞു …അത് ഏറ്റു… അത് പറഞ്ഞപ്പോൾ അവൻ ചുറ്റും ഉള്ളവരെ നോക്കുന്നുണ്ടായിരുന്നു…

ചാണകവും ചെളിയും അടിയും….ആകെ തുലഞ്ഞൊരു ദിവസം… ചാണകത്തിൽ കൈ കുത്തിയത് കൊണ്ട് അഖില കൈ തന്നില്ല… അവളെന്നു മാത്രമല്ല ഒരാളും തന്നില്ല… കഷ്ടപ്പെട്ടു എണീറ്റു ചെളിയിൽ വീണ സൈക്കിളും ഉന്തി വീട്ടിലേക്ക് നടന്നു….

പിന്നീടുള്ള ദിവസങ്ങളിലും വിളിയും തുടർന്നു…. അടിയും… വിളിയുടെ വ്യാപ്‌തി കൂടുന്നതിനനുസരിച്ചു അടിയുടെ തീവ്രതയും കൂടി… എന്നാലും നന്നായോ അതും ഇല്ല….

തെങ്ങിൻ തോപ്പിന്റെ അരികിലൂടെയുള്ള വരമ്പത്തു കൂടി സൈക്കിൾ ഉന്തി തള്ളി പോകുമ്പോൾ കേൾക്കാം “ചാണകപ്പച്ച ” യെന്ന വിളികൾ… ആ പേര് മുഴുവനായി എനിക്കായി പതിച്ചു തന്നു…

പിന്നീട് ട്യൂഷൻ കഴിഞ്ഞു അതിലൂടെ നടക്കുമ്പോൾ മുൻപിലേയ്ക്ക് ഇടയ്ക്ക് ക്രിക്കറ്റ്‌ ബോൾ വരും… ചിലപ്പോൾ ഫുട്ബോൾ വരും… ചിലപ്പോൾ ഷട്ടിൽ കോക്ക് വരും… എങ്കിലും കൃത്യമായി ഞാൻ എത്തുമ്പോൾ മാത്രം അതെങ്ങനെ എന്റെ മുൻപിൽ വരും എന്ന് ഒരു ചിന്ത വരാതെയും ഇരുന്നില്ല… പിന്നീട് അത് പേപ്പർ റോക്കറ്റുകളായി… ചൂളം വിളികളായി….

വഴക്കിനൊന്നും പിന്നീട് പോയില്ല… ഉച്ചത്തിൽ ഒന്ന് ചിരിച്ചാൽ പഞ്ഞിക്കിടുന്ന ഒരു അമ്മ വീട്ടിൽ ഉണ്ട്… അന്നുണ്ടാക്കിയ പുകിൽ ഏതോ അയൽവാസി ഒറ്റി കൊടുത്തിരുന്നു… അതിന്റെ ക്ഷീണം മാറാൻ രണ്ടാഴ്ച്ച എടുത്തു…അടി പേടിച്ചു പഠിയ്ക്കാനും തുടങ്ങി… ഒരു വാശിയായിരുന്നു പിന്നീടങ്ങോട്ട്… ഇംഗ്ലീഷിൽ നല്ല മാർക്ക്‌ വാങ്ങണം എന്ന്…

അവസാനം പരീക്ഷയും കഴിഞ്ഞു റിസൾട്ടും വന്നു… ബാക്കി ഒന്നിലും A+ കിട്ടിയില്ലെങ്കിലും ഇംഗ്ലീഷിൽ മാത്രം കിട്ടി…. റിസൾട്ട്‌ അറിഞ്ഞാൽ പിന്നെ ട്യൂഷൻ ക്ലാസിൽ മാഷിനെ കുറിച്ച് നാലു വാക്ക് പൊക്കി പറഞ്ഞു കൊണ്ടൊരു കാണിക്ക സമർപ്പണം ഉണ്ടല്ലോ… അമ്മ ഉന്തി തള്ളി വിട്ടത് കൊണ്ട് ഒരു ബോക്സിൽ ലഡ്ഡുവും കൊണ്ട് സൈക്കിളിൽ ട്യൂഷൻ ക്ലാസ്സിലേക്ക് വച്ചു പിടിച്ചു….

തോടിന്റെ വരമ്പത്തു ദേ നിൽക്കുന്നു ഉമേഷ്‌ പി. പി…. അന്നത്തെ ഉരസലിന് ശേഷം പിന്നെ നേരിൽ കണ്ടിട്ടില്ല… പക്ഷേ ആ കിളിപ്പച്ച ജഴ്‌സി രണ്ടു കിലോമീറ്റർ അപ്പുറത്ത് നിന്നാലും കാണാം…

അടുത്തെത്തിയതും സൈക്കിളിന്റെ ഹാന്റിലിൽ പിടിച്ചു നിർത്തി….

“ഇംഗ്ലീഷിൽ A+ ഉണ്ടെന്ന് അറിഞ്ഞല്ലോ… ഞാൻ കാരണം ആണ്… “ഉമേഷിന്റെ സംസാരം കണ്ടു കിളി പോയത് പോലെ നോക്കിയെങ്കിലും അന്നത്തെ അടിയും ചെളിയും ജീവിതത്തിൽ മറക്കില്ല…

“ഉണ്ട്… ചേട്ടന്റെ ഇൻഫ്ലുവെൻസ് ഒന്ന് കൊണ്ട് മാത്രമാണ് എനിയ്ക്ക് A+ കിട്ടിയത്… നന്ദി.. പോരെ… “

“പോരല്ലോ … “ഉമേഷിന്റെ മുഖത്തു പതിവില്ലാത്ത പുഞ്ചിരി…

“പിന്നെ… “

“വേണേൽ ലൈഫ് ലോങ്ങ്‌ ഇൻഫ്ലുവെൻസ് ചെയ്യാം… “

“വേണ്ട.. എന്നാൽ ഞാൻ അങ്ങോട്ട്… ” റിജെക്ട് ചെയ്തു പറഞ്ഞപ്പോൾ അവന്റെ മങ്ങിയ മുഖം കണ്ട സന്തോഷമായിരുന്നു…

തിരിച്ചു വരുമ്പോൾ പതിവ് “ചാണകപ്പച്ച ” വിളിയോ ബോളോ റോക്കറ്റോ ഒന്നും ഉണ്ടായില്ല….

പിന്നീടങ്ങോട്ട് അഞ്ചു വർഷങ്ങൾ… ഇംഗ്ലീഷിനെ പേടിച്ചു നടന്നു ഇംഗ്ലീഷിൽ തന്നെ പി. ജി ചെയ്തു… നെറ്റ് കിട്ടി… മാഷിനായിരുന്നു ഏറെ സന്തോഷം…ഒരിക്കൽ മനസ്സിൽ തെറിവിളിച്ചതാണെങ്കിലും എന്ത് സംശയം ചോദിച്ചാലും പറഞ്ഞു തരാൻ മാഷുണ്ടായിരുന്നു….

കോളേജിൽ നിന്നും വരുമ്പോൾ ബസിറങ്ങി ആ തോട്ടു വരമ്പിലൂടെ നടക്കുമ്പോൾ പതിയെ തെങ്ങിൻ തോപ്പിലേക്ക് നോക്കും കിളിപ്പച്ച ജേഴ്‌സി ഉണ്ടോന്ന്…. അവിടെയൊന്നും കാണാറില്ലായിരുന്നു…നെറ്റ് കിട്ടിയ ദിവസവും നോക്കി… അന്നും കണ്ടില്ല… ആരോടും ചോദിയ്ക്കാനും പറ്റില്ല…

ഇംഗ്ലീഷ് തന്നെ എടുത്തു പഠിയ്ക്കാനുള്ള വാശി ഉണ്ടാക്കിയത് കിളിപ്പച്ച ജേഴ്സി ആയിരുന്നല്ലോ… കാലം മാറിയപ്പോൾ കളിക്കാരൊക്കെ മാറിയിരുന്നു… നാട്ടിലെ പുതിയ പിള്ളേർ കയ്യടക്കി തെങ്ങിൻത്തോപ്പിലെ കളിയിടം….

ചിലപ്പോൾ ഓർക്കുമ്പോൾ ചുണ്ടിൽ ഒരു ചിരി വിടരും “ചാണകപ്പച്ച” യെന്ന വിളികളും ആ ദിവസങ്ങളും….

വീട്ടിൽ കല്യാണാലോചന തകൃതിയായി നടക്കാൻ തുടങ്ങിയിരുന്നു…. ആദ്യത്തെ പെണ്ണ് കാണലിന്റെ ദിവസമായത് കൊണ്ട് തന്നെ അമ്മ അമ്പലത്തിൽ പോയി തൊഴുതു വരാൻ പറഞ്ഞു…

ഞായറാഴ്ച്ച ആയത് കൊണ്ട് രാവിലെ തന്നെ തെങ്ങിൻ തോപ്പിൽ കളി തുടങ്ങിയിട്ടുണ്ട്…ഓളിയും ബഹളവും ആർപ്പ് വിളികളുമെല്ലാം കേൾക്കാം…..അമ്പലത്തിൽ പോയി മടങ്ങി വരുന്നതിനിടയിലാണ് മുൻപിലേക്ക് വീണ്ടും ഒരു ഫുട്ബോൾ വരുന്നത്…

കാലങ്ങൾക്ക് ശേഷം…. എന്തോ അനുസരണയില്ലാതെ കണ്ണുകൾ തെങ്ങിൻത്തോപ്പിലേക്ക് നീണ്ടു…

വർഷങ്ങൾക്കപ്പുറം അതേ കിളിപ്പച്ച ജഴ്‌സി ഓടി വരുന്നു … മനസ്സിൽ സന്തോഷവും ദുഃഖവും ഒരുപോലെ തോന്നി..

“നെറ്റൊക്കെ കിട്ടി ഇംഗ്ലീഷ് വാധ്യാരായെന്ന് കേട്ടല്ലോ… ” ചിരിച്ച മുഖത്തോടെ ഉമേഷ്‌ വന്നു മുൻപിൽ നിൽക്കുന്നു…. ദേഹമാകെ വിയർത്തു കുളിച്ചിട്ടുണ്ട്…നെറ്റിയിലെ വിയർപ്പ് ചൂണ്ടു വിരൽ മടക്കി വടിച്ചു വിരൽ കുടയുന്നുണ്ട്…

“ആര് പറഞ്ഞു… “

“മിഥുൻ എന്റെ അനിയനാണ്… “ഉമേഷ്‌ പറഞ്ഞപ്പോൾ പതിയെ ചിരിച്ചു….

“ഹ്മ്മ്… എവിടെയായിരുന്നു ഇത്രയും നാൾ.. .. ” ഒറ്റവാക്കിൽ ഒരു ചോദ്യം ചോദിച്ചു…

“ഇവിടെ ഉണ്ടായിരുന്നല്ലോ.. പിന്നെ ജോലി ചെന്നൈയിലായിരുന്നു…. ഇന്നൊരു പെണ്ണ്കാണലുണ്ട്… അതിന് വന്നതാ… “

അത് കേട്ടപ്പോൾ വേറെ ഒന്നും പറഞ്ഞില്ല ബോൾ എടുത്തു കയ്യിൽ കൊടുത്തു തിരിഞ്ഞു നടന്നു… അല്ലെങ്കിലും ഒരിക്കൽ റിജെക്ട് ചെയ്തു പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല … അങ്ങനെ ഉള്ളപ്പോൾ ഒരു വിഷമത്തിന് അവസരമില്ല…

“ഒന്ന് നിന്നേ… “ഒരു പിൻവിളി കേട്ടപ്പോൾ തിരിഞ്ഞു നോക്കി…

“ഇന്ന് വൈകുന്നേരം ഞാൻ അമ്മയെ കൂട്ടി വരും… വരുമ്പോൾ ചാണകപ്പച്ച കളറിലുള്ള ഡ്രസ്സ്‌ ഇട്ട് സുന്ദരിക്കുട്ടിയായി നിന്നേക്കണം…” ഉമേഷ്‌ പറഞ്ഞു തീർന്നപ്പോൾ അറിയാതെ ഒരു പുഞ്ചിരി വിടർന്നു…

“ഞങ്ങൾ നാട്ടിപ്പുറത്തെ ആൺപിള്ളേർ ഒരു തവണ റിജെക്ട് ചെയ്താലൊന്നും തോറ്റു കൊടുക്കില്ലന്നേ….. അറ്റ കൈയ്ക്ക് പെണ്ണാലോചിച്ചു വീട്ടിൽ വരെ വരും…എന്നിട്ടും നടന്നില്ലേൽ ധൈര്യം ഉള്ളവരാണേൽ പൊക്കി കൊണ്ട് വരും… അല്ലാത്തവർ വേറെ കെട്ടും… “

“നമുക്കെങ്ങനെ ധൈര്യം ഉണ്ടോ… “

“ഇപ്പോൾ നല്ല ധൈര്യമുണ്ട്… ഇത് വരെ ഉണ്ടായിരുന്നില്ല… “

“അതെന്താ… “

“വിളിച്ചാൽ വരുമോ എന്ന് ഉറപ്പില്ലായിരുന്നല്ലോ… ഇപ്പോൾ ഉറപ്പായി… “

ഉമേഷ്‌ പറഞ്ഞു ചിരിച്ചപ്പോൾ തിരിച്ചും ഒരു പുഞ്ചിരി കൊടുത്തു… മനസ്സിൽ മുഴുവനും കിളിപ്പച്ചയുടെ ചാണകപ്പച്ചയാവാനുള്ള തയ്യാറെടുപ്പായിരുന്നു…