അങ്ങനെ ഒരിക്കലും ഈ ജന്മം നിങ്ങള് തമ്മിൽ കണ്ടുമുട്ടില്ല എന്നറിയാം..ഇനി അഥവാ കണ്ടാലും മിണ്ടിയാലും എനിക്ക്‌വട്ടാണ് എന്നെ കഥാനായകൻ പറയു….പോട്ടെ ക്ലാസ്സിന് സമയമായി. ആ മുഖത്ത് നോക്കി നേർത്ത പുഞ്ചിരിയോടെ പറഞ്ഞു ആ ചാറ്റൽ മഴയിൽ ഞാൻ നടക്കുമ്പോൾ മനസ്സിൽ മുഴുവൻ ആ പതിനെട്ട് വയസ്സുകാരി യും അന്നത്തെ നിറമുള്ള ഓർമ്മകളും ആയിരുന്നു. എന്തോ ഞാൻ ആഗ്രഹിക്കാതെ മനസ്സ്‌കൊണ്ട് അറിയുക പോലും ചെയ്യാതെ അഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും അതൊക്കെ ഓർമ്മയിൽ വന്നു നിറയുന്നു.
പെട്ടന്നാണ് പരിചയഭാവത്തിൽ ഒരു നേർത്ത പുഞ്ചിരി സമ്മാനിച്ചു. എനിക്കെതിരെ കടന്നു പോയ ആളെ ഒരു മിന്നായം പോലെ കണ്ടത്. തിരിഞ്ഞു നോക്കാൻ മനസ്സ് പറഞ്ഞു..
ആഹാ വിദ്യ ടീച്ചറിന്ന് വൈകിയോ? ഞാനും ഇന്ന് അൽപ്പം വൈകി.
പുറകിൽ വന്ന ആതിര ടീച്ചർക്ക് മറുപടി കൊടുത്തു പിറകിലേക്ക് നോക്കിയപ്പോൾ അവിടം ആളൊഴിഞ്ഞു ശൂന്യമായിരുന്നു അപ്പോൾ. അന്ന് ക്ലാസ്സിൽ നിൽക്കുമ്പോൾ കുറച്ചു നേരം മനസ്സ് മറ്റെവിടെയോ ആയിരുന്നു.
നഷ്ടമായത് എനിക്ക് മാത്രം പ്രിയപ്പെട്ടതായിരുന്നു. വര്ഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. മനപ്പൂർവം ഒന്നും ഓർക്കാറില്ല എങ്കിലും വീണ്ടും വീണ്ടും അതെല്ലാം ഓർമ്മയിൽ വന്നു നിറയുമ്പോൾ ഒരു സുഖം. ചിലരൊക്കെ അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ എല്ലാവരിലും ഓരോ മാറ്റങ്ങൾ ഉണ്ടാവില്ലേ! അങ്ങനെ ആയിരുന്നു എനിക്കും …
കുറച്ചു നാളത്തേക്ക് ഒരു വിരുന്നുകാരൻ ആയി വന്ന് പിന്നീട് എന്റെ ആരൊക്കെയോ ആയി മാറിയ ആൾ…അതായിരിക്കും പെട്ടെന്നൊരു ദിവസം ഒന്നും പറയാതെ പോയപ്പോൾ സ്വന്തമായിരുന്ന പ്രിയപ്പെട്ട ആരോ അകന്നു പോയത് പോലെ തോന്നിയത്. കുറച്ചു ദിവസം ഒരു ശൂന്യതയായിരുന്നു. ആരോടെങ്കിലും ഒന്ന് തുറന്നു പറയാൻ പോലും തോന്നിയില്ല. അതാണ് കാരണം എന്ന് പറയാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല. ആളുടെ വിടവ് എന്റെ മനസ്സിനെയും ബാധിച്ചപ്പോൾ ഈ ലോകത്ത് എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന അച്ഛനെ പോലും മറന്നു ഈ ജീവിതത്തിൽ നിന്നും ഓടിഒളിക്കാൻ വരെ എത്തിച്ച എന്റെ അന്നത്തെ ആ ബുദ്ധി ശൂന്യതയെ കുറിച്ചോർക്കുമ്പോൾ ഇന്നും എനിക്ക് എന്നോട് തന്നെ എന്തോ പോലെ തോന്നും. ഇടക്ക് ആഗ്രഹിച്ചിരുന്നു ഒന്ന് കണ്ടെങ്കിൽ എന്ന്…പക്ഷേ എന്തിനാണ് എന്ന് എന്നോട് തന്നെ ചോദിച്ചാൽ അതിന് ഉത്തരമില്ലായിരുന്നു.
ബെല്ലടിക്കുന്ന ശബ്‌ദം കേട്ട് ഓർമ്മകളിൽ നിന്നും ഞെട്ടി ഉണരുമ്പോൾ ക്ലാസ് മുറിയിലെ ജനലഴികളിൽ തല മുട്ടിച്ചു നിന്നിരുന്ന ഞാൻ തലയുയർത്തി ചുറ്റിലും നോക്കി..കുട്ടികൾ ഓരോരുത്തരും അപ്പോൾ അവരുടേതായ ലോകത്തിൽ പഠിക്കുകയും കളിക്കുകയും വർത്തമാനം പറഞ്ഞിരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഒരാഴ്ച്ച വളരെ വേഗത്തിൽ കടന്നു പോയി. അതിനിടയിൽ വീണയുടെ റിസൽട്ടും വന്നു. പ്രതീക്ഷിച്ച പോലെ നല്ല മാർക്കുണ്ടായിരുന്നു.
ഇത്രയും ദൂരം പോയി ഹോസ്റ്റലിൽ നിന്നൊക്കെ പഠിക്കുക എന്ന് പറഞ്ഞാൽ വലിയ ചിലവല്ലേ മോളെ! മോളെ കൊണ്ട് ഒറ്റക്ക് അതോക്കെ കൂട്ടിയാൽ എത്തില്ല. അതുകൊണ്ട് വീണ തൽക്കാലം ഇവിടെ അടുത്തുള്ള ഏതെങ്കിലും കോളേജിൽ ഡിഗ്രിക്ക് ചേരട്ടെ..
അമ്മയത് പറഞ്ഞതും ഭക്ഷണം കഴിക്കൽ നിർത്തി നേർത്ത ചിരിയോടെ വീണ എന്നെ നോക്കി.
അത് മതി ചേച്ചി. ഇവിടെയായാലും എനിക്ക് കൂട്ടിന് ഒരുപാട് ഫ്രണ്ട്‌സ് ഉണ്ട്..നിങ്ങളെ ഒന്നും വിട്ട് പോവുകയും വേണ്ട.
അയ്യൊടി അതിന് ഞങ്ങളെയൊക്കെ വിട്ട് ദൂരെ പോവാൻ ഞാൻ നിന്നെ വിട്ടിട്ടു വേണ്ടേ പെണ്ണേ! കുറച്ചു ദൂരം പോവേണ്ടി വന്നാലും നീ ആഗ്രഹിച്ച കോഴ്‌സിന് തന്നെ പോയാൽ മതി. അതിന് വേണ്ടിയല്ലേ കഷ്ടപെട്ട് പഠിച്ചത്. ബാക്കി ഒന്നും നീയിപ്പോൾ ഓർക്കേണ്ട.
മറുപടി ഒന്നും പറയാതെ വീണ മൗനമായി എന്നെ നോക്കി..
അവള് പഠിക്കട്ടെ അമ്മേ! അല്ലെങ്കിൽ എന്നെങ്കിലും ഒരു ദിവസം അച്ഛൻ വരുമ്പോൾ ഇവള് പരാതി പറയും. ഇല്ലെങ്കിലെ ഭൂലോക കുശുമ്പിയാണ്. അറിയാലോ അമ്മക്ക്….
അവരെ സന്തോഷിപ്പിക്കാൻ വേണ്ടിയും സമാധാനിപ്പിക്കാൻ വേണ്ടി മാത്രം പുഞ്ചിരിയോടെ ഞാൻ പറഞ്ഞു നിർത്തി. രണ്ടാഴ്ച്ച കഴിഞ്ഞു വീണക്കൊപ്പം മാർക്ക് ലിസ്റ്റ് വാങ്ങാൻ സ്കൂളിലേക്ക് പോയി. എന്നും പോയി വരാവുന്ന എളുപ്പത്തിന് പാലക്കാടുള്ള ഒരു എൻജിനീയറിങ് കോളേജിൽ വീണയെ ചേർത്തു.
രാവിലെ ആറരക്ക് കോളേജ് ബസ്സ് വരും. വൈകുന്നേരം ആറരയാവുമ്പോഴേക്കും ക്ലാസ് കഴിഞ്ഞു തിരികെ വരാം. ഇതുപോലെ പഠിച്ചു നല്ല മാർക്ക് വാങ്ങണം. കയ്യിലുണ്ടായിരുന്ന സർട്ടിഫിക്കറ്റുകളുടെ ഫയൽ ബാഗിലേക്ക് വച്ചു വീണയെ നോക്കി പറഞ്ഞു…
ചേച്ചിക്ക് ആരാവാൻ ആയിരുന്നു ആഗ്രഹം?
തിരികെ ആ കോളേജിന്റെ പടവുകൾ ഇറങ്ങുമ്പോൾ വീണ ചോദിച്ചു.
ആ ആഗ്രഹം തോന്നിയ ജോലിക്ക് തന്നെയാണ് ഇപ്പോൾ നിന്റെ ചേച്ചി പോയി കൊണ്ടിരിക്കുന്നത്..അമ്മക്കും അത് തന്നെയായിരുന്നത്രേ ഇഷ്ടം. അച്ഛൻ പറഞ്ഞു കേട്ട ഓർമ്മയുണ്ട്. അറിയാതെ അപ്പോൾ നാവിൽ അങ്ങനെ വന്നു പോയി.
ലക്ഷ്‌മി അമ്മക്കല്ലേ?
എന്റെ ഒരു നിമിഷത്തെ നിശബ്ദതയെ ഭേദിച്ച് കൊണ്ട് വീണ ചോദിച്ചപ്പോൾ ഞാൻ അവളെ നോക്കി അതേ എന്ന അർത്ഥത്തിൽ തലയാട്ടി ചിരിച്ചു.
ഇപ്പോൾ അമ്മക്കും അങ്ങനെ തന്നെയാണ്. നമ്മൾ രണ്ടു പേരും അമ്മക്ക് ഒരുപോലെ ആണ്. അത് പറയുമ്പോൾ ആ ശബ്ദം ഇടറിയിരുന്നു…
ചേച്ചിയെ മുഴുവനായും മനസ്സിലാക്കാൻ അമ്മക്ക് അച്ഛൻ നമ്മളെ വിട്ടു പോവേണ്ടി വന്നു..ഇപ്പോൾ അമ്മക്ക് ബോധ്യമായി. ഉപദേശിച്ചവരും വേദം ഓതിയവരും ഒന്നും കഷ്ടകാലത്ത് കൂടെ ഉണ്ടാവില്ല എന്ന്. ആരും വന്നില്ലല്ലോ നമ്മള് മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കാൻ…അത് പറയുമ്പോൾ എന്നെക്കാളും പക്വത അവൾക്കുണ്ടെന്നു തോന്നി. നമുക്ക് ആരും വേണ്ട ചേച്ചി. നമ്മള് മാത്രം മതി. അച്ഛനും അമ്മയും ചേച്ചിയും പിന്നെ ഞാനും…ഇപ്പോൾ എനിക്കും വിശ്വാസം ഉണ്ട് അച്ഛൻ ഒരു ദിവസം വരും എന്ന്…
മറുപടി ഒന്നും പറയാതെ അവളെ ചേർത്ത് പിടിച്ചു ആ വഴിയരികിലൂടെ നടന്നു. തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ബസ്സിലിരിക്കുമ്പോൾ എന്റെ തോളിൽ ചാരി ഉറങ്ങുന്ന വീണയെ നോക്കി ഞാൻ ഓർക്കുകയായിരുന്നു. എട്ടാം വയസ്സിൽ കൂട്ടായി പിറന്ന വീണയെ കുറിച്ചു…നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ വന്ന് ആശുപത്രിയിൽ കൂട്ടിക്കൊണ്ടു പോയി കാണിച്ചു തന്ന അമ്മയുടെ ചൂട് പറ്റി കിടക്കുന്ന ഒരു ചോര കുഞ്ഞിനെ…അന്ന് മുതൽ അവളായിരുന്നു എന്റെ ലോകം.
നൊന്തു പ്രസവിച്ച അമ്മ മരിച്ച സങ്കടം അവളുടെ വരവോടെ പതുക്കെ പതുക്കെ ഞാൻ മറന്നു. അധികം തുറന്നു പ്രകടിപ്പിച്ചില്ല എങ്കിലും അമ്മക്കും എന്നോട് സ്‌നേഹമായിരുന്നു. എങ്കിലും ഇടക്ക് കൊതിച്ചിട്ടുണ്ട് വീണയെ സ്നേഹിക്കുന്നത് പോലെ ആ അളവിൽ എന്നെയും സ്നേഹിച്ചിരുന്നുവെങ്കിൽ എന്ന്…പക്ഷേ അച്ഛന്റെ സ്നേഹം എന്നെ ആ സ്വപ്നങ്ങളിൽ നിന്നും ഒക്കെ പിന്തിരിപ്പിച്ചു കൊണ്ടിരുന്നു. വീണയേക്കാളും ഒരു പിടി സ്‌നേഹകൂടുതൽ അന്നും അച്ഛന്
എന്നോടായിരുന്നു. അതിനു കാരണം അമ്മ തന്നെയായിരുന്നു. അമ്മ അച്ഛന് നൽകിയ സ്നേഹം….
എല്ലാറ്റിനും ഉപരി അച്ഛന്റെ രക്തത്തിൽ ആദ്യം പിറന്ന മകൾ എന്ന സ്ഥാനം…ഒരു കുറവും വരുത്താതെ അച്ഛൻ ഞങ്ങളെ ഒരുപാട് സ്നേഹിച്ചു.ഇടക്ക് വലുതായി തിരിച്ചറിവ് വന്നപ്പോൾ ആണ് അമ്മക്ക് എന്നോടെന്തോ അകൽച്ച ഇല്ലേ എന്ന തോന്നൽ മനസ്സിൽ മുളപൊട്ടി തുടങ്ങിയത്.
എത്രയായാലും സ്വന്തം സ്വന്തം തന്നേയല്ലേ!
എന്ന ഒളിഞ്ഞും തെളിഞ്ഞും ഉള്ള സഹതാപ വാക്കുകൾ ഏറെ കേട്ടിരുന്നനാളുകൾ…അപ്പോഴായിരുന്നു എന്റെ മനസ്സിലും അങ്ങനെ ഒരു തോന്നൽ നാമ്പിടുന്നത്..അന്ന് മുതൽ മനസ്സ് കൊണ്ടും പ്രവർത്തി കൊണ്ടും ഞാനും അമ്മയോട് അകലം കാണിച്ചു തുടങ്ങി. അപ്പോഴും വീണയെയും അച്ഛനേയും നെഞ്ചിൽ ആഴത്തിൽ നിറച്ചു വച്ചു സ്നേഹിച്ചു കൊണ്ടിരുന്നു.
പിന്നീട് എല്ലാം തെറ്റും മനസിലാക്കി മനസ്സ്‌തുറന്നു സ്നേഹിക്കാൻ തുടങ്ങിയപ്പോൾ ഒരുപാട് സന്തോഷിച്ചു. അപ്പോഴും പേരറിയാത്ത എന്തെന്നറിയാത്ത ചില നഷ്ടങ്ങൾ വരാനിരിക്കുന്നുണ്ടെന്നു അന്നൊന്നും അറിഞ്ഞില്ല.
ആഞ്ഞു വീശുന്ന മഴക്കാറ്റിൽ വീണ സീറ്റിന്റെ വിൻഡോ യുടെ ഷട്ടറിട്ടപ്പോൾ തണുപ്പുള്ള വെള്ളതുള്ളികൾ മുഖത്ത് വന്ന് പതിച്ചപ്പോൾ ഓർമ്മകളിൽ നിന്നും ഉണർന്നു അവളെ നോക്കി ചിരിച്ചു.
വീതി കുറഞ്ഞ റോഡിനരികിൽ ബസ്സിറങ്ങി കുട ചൂടി വീണക്ക് മുന്നിൽ നടക്കുമ്പോൾ ഇടിയുടെ ആരവത്തോടെ പെരുമഴ പെയ്യുന്നുണ്ടായിരുന്നു. പാടം മുഴുവൻ വെള്ളം കയറി…
വെള്ളം കൂടി വരമ്പിടിയുന്നതിന് മുന്നേ വേഗം വാ വീണേ!
ഉച്ചത്തിൽ അവളെ പിന്തിരിഞ്ഞു നോക്കി വിളിച്ചു പറയുമ്പോൾ പാടത്തെ വെള്ളത്തിൽ കാലിട്ട് വെള്ളം തെറിപ്പിക്കുന്ന വീണയെ കണ്ടപ്പോൾ ദേഷ്യം തോന്നി…വീണ്ടും വീണ്ടും മഴയുടെ ശക്തി കൂടിയപ്പോൾ തോളിൽ ഇട്ടിരുന്ന ബാഗ് നെഞ്ചോട് ചേർത്തു പിടിച്ചു ശ്രദ്ധയോടെ വരമ്പിലൂടെ നടന്നു. ഇടക്ക് പിന്തിരിഞ്ഞു നോക്കിയപ്പോൾ കുസൃതി ചിരിയോടെ വീണ തൊട്ടു പിന്നിൽ തന്നെ ഉണ്ടായിരുന്നു.
ദേഹം പകുതിയും നനച്ചു കുളിച്ചു ഉമ്മറത്ത് ചെന്നു കയറുമ്പോൾ അമ്മയും ശങ്കരേട്ടനും ഗൗരി ചേച്ചിയും ഒക്കെ ഉണ്ടായിരുന്നു..ഞങ്ങളെ കണ്ടതും അമ്മ വന്ന് രണ്ടുപേരുടെയും മുടി കെട്ടഴിച്ചു തല മാറി മാറി തുവർത്തി.
ഇന്ന് ശിവനും പാർവ്വതി യും ഒരുമിച്ച് ആണല്ലോ വിസിറ്റിങ്!
ചിരിയോടെ കളിയാക്കി വീണ പറഞ്ഞപ്പോൾ ശങ്കരേട്ടനും ഗൗരി ചേച്ചിയും മുഖത്തോടു മുഖം നോക്കി ചിരിച്ചു.ദേഷ്യത്തോടെ അമ്മ അവളെ തല്ലാൻ ഓങ്ങിയതും വീണ അകത്തേക്കോടി.
മക്കള് വേഷം മാറി വാ…എന്നിട്ട് കാപ്പി കുടിക്കാം..
എന്ന് ഗൗരി ചേച്ചി പറഞ്ഞപ്പോൾ അകത്തേക്ക് നടന്നു. കുളിച്ചു വന്നപ്പോഴേക്കും അമ്മയും ഗൗരി ചേച്ചിയും ചായ എടുത്തു വച്ചിരുന്നു. പ്ലേറ്റിൽ ഉണ്ടാക്കി വച്ചിരുന്ന ഇലയട പൊതിയഴിച്ചപ്പോൾ ചുറ്റിലും കൊതിയൂറുന്ന ഗന്ധത്തോടെ ആവി പറന്നു.
വെറുതെ വന്നതാണ്. നിങ്ങളെ ഒക്കെ ഒന്ന് കാണാൻ! മോളെ കണ്ട വിശേഷങ്ങൾ എന്നും ശങ്കരേട്ടൻ പറയും. എങ്കിലും ഇടക്ക് നിങ്ങളെ ഒക്കെ കാണാൻ തോന്നും. അതാണ് മഴയായിട്ടും ഇന്ന് തന്നെ ഇറങ്ങിയത്…
വീണയുടെ ഈറൻ മുടിയിൽ തലോടി ഗൗരി ചേച്ചി പറഞ്ഞു.
എന്തു മറുപടി പറയണം എന്ന് അറിയാതെ ഞാൻ ചേച്ചിയെ നോക്കി..അപ്പോഴാണ് പുറത്തേക്ക് നോക്കി ഉമ്മറത്തെ തിട്ടയിൽ ചാരി ഇരുന്നു ചായ കുടിക്കുന്ന ശങ്കരേട്ടനെ കണ്ടത്. അച്ഛൻ ഉണ്ടായിരുന്നു എങ്കിൽ ശങ്കരേട്ടന് തൊട്ടപ്പുറത്തായി തിട്ടയിൽ ഇരിക്കുന്നുണ്ടാവും..നാട്ടു വിശേഷങ്ങളും പറഞ്ഞു. ചിരിച്ചും തർക്കിച്ചും ഒക്കെ അങ്ങനെ…
പതുക്കെ എഴുന്നേറ്റു അങ്ങോട്ട് നടന്നു. മഴ ഒഴിഞ്ഞപ്പോൾ ശങ്കരേട്ടൻ പതുക്കെ മുറ്റത്തേക്കിറങ്ങി..തൊട്ടു പുറകിലായി ഞാനും…മുറ്റത്തു നിന്ന് നോക്കിയാൽ മേലെ വീട് കാണാം.
സ്റ്റേഷനിൽ പോയിരുന്നു. അവര് അവരുടെ വഴിക്ക് അന്വേഷിക്കുന്നുണ്ട്. എവിടെയെങ്കിലും ഉണ്ടാവും. കുറച്ചു ദിവസം മാറി നിൽക്കണം എന്ന് തോന്നി കാണും.
എന്ന് തന്നെയാണ് അവരുടെ പക്ഷവും…എന്റെ മനസ്സും അത്‌തന്നെ പറയുന്നു.
നിന്നെ കുറിച്ചോർത്തായിരുന്നു വേദന. മോൾക്കറിയാലോ കുറെ നിര്ബന്ധിച്ചിട്ടാണ് സുഭദ്രയെ അവൻ കല്യാണം കഴിച്ചത്. നിന്നെ കുറിച്ചോർത്തായിരുന്നു വിഷമം. പിന്നെ എല്ലാവരും വളർന്നു വരുന്നത് പെണ്കുട്ടിയല്ലേ! എല്ലാം അവന്റെ കയ്യിൽ കൂട്ടിയാൽ കൂടില്ല എന്നൊക്കെ പറഞ്ഞപ്പോൾ അതിന് വഴങ്ങി..
എനിക്കറിയാം ശങ്കരേട്ടാ…അങ്ങനെ ചിന്തിച്ചാൽ അമ്മ മാത്രം അല്ല ഞാനും തെറ്റുകാരി ആണ്. പക്ഷേ ഇന്നീ നിമിഷം അത് അങ്ങനെയല്ല. പക്ഷേ അച്ഛൻ അത് അറിയുന്നില്ല ല്ലോ എന്നതാണ് എന്റെ വിഷമം.
അതൊന്നും ഓർത്തു വിഷമിക്കേണ്ട. കല്യാണം തീരുമാനിച്ചതിൽ നല്ല പ്രയാസമുണ്ടായിരുന്നു അവന്..ഒന്ന് അന്വേഷിച്ചില്ലല്ലോ സുഭദ്ര യും കൂടി അറിഞ്ഞിട്ടാണോ ഇങ്ങനെ ഒരു കല്യാണാ ലോചനാ പിന്നെ മോളും അവനെ ഒരു ഭാരമായി കണ്ടോ എന്ന തോന്നി കാണുമോ എന്നുള്ള വിഷമിപ്പിക്കുന്ന ചിന്തകൾ…അതൊക്കെ കൂടി മനസ്സിനെ അലട്ടി കാണണം. ഒന്ന് മാറി നിൽക്കണം എന്ന് കരുതി കാണും .അങ്ങനെ ആവും എന്ന് പ്രതീക്ഷിക്കാം. മേലെ വീട്ടിലേക്ക് നോക്കി ശങ്കരേട്ടൻ പറഞ്ഞു.
പ്രതീക്ഷ യും പ്രാർത്ഥന യും ഒക്കെ അത് തന്നെയാണ്. അച്ഛൻ വരും. അങ്ങനെ വിശ്വസിച്ചു ജീവിക്കുകയാണ് ഓരോ ദിവസവും ശങ്കരേട്ടാ…
ഹ്മ്….പണത്തിന് വല്ല ബുദ്ധിമുട്ടും ഉണ്ടെങ്കിൽ പറയണം. മടിക്കരുത്. പിന്നെ വീട് ഒഴിഞ്ഞു കിടക്കുകയല്ലേ! വാടകക്ക്‌കൊടുക്കുന്നുണ്ടെങ്കിൽ താമസിക്കാൻ ആളുണ്ട്. ഇപ്പോൾ ആണെങ്കിൽ മോൾക്ക് അതൊരു സഹായമാവുകയും ചെയ്യും. വെറുതെ പൂട്ടിയിടണ്ടല്ലോ മോളെ! ആളും അനക്കവും ഉണ്ടാവുമുമ്പോൾ അതൊരു ഐശ്വര്യവും ആണ്. മോൾക്ക് സമ്മതമാണെങ്കിൽ മാത്രം മതി. സുഭദ്ര യോട് ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. മോളുടേ ഇഷ്ടം പോലെ എന്നാണ് പറഞ്ഞത്. പിന്നെ മോൾക്കൊരു സഹായമാവും എന്ന് പറഞ്ഞപ്പോൾ ഇഷ്ടകേടും പറഞ്ഞില്ല. മോള് സാവധാനം ആലോചിച്ചു പറഞ്ഞാൽ മതി.
അമ്മയെ ഓർത്തു വിഷമിക്കുകയൊന്നും വേണ്ട. നമ്മുടെ വീടല്ലേ! മോൾക്ക് അന്നത്തെ പോലെ വിളക്കു വെക്കാനോക്കെ പോവാം. എല്ലാം പറയുമ്പോൾ സമ്മതിക്കുന്ന ആരെങ്കിലും വരികയാണെങ്കിൽ മാത്രം.
അപ്പോഴേക്കും ഗൗരി ചേച്ചി നടന്നു അടുത്തെത്തിയിരുന്നു.
പോട്ടെ മോളെ അടുത്ത മഴക്ക് മുന്നേ വീട്ടിൽ എത്തണം. ആ പിന്നെ മോളെ ജിഷ മോള് അന്വേഷിച്ചു. ഇന്നലെ ഒന്ന് ഓടി വന്ന് പോയി. ഒരുമിച്ച് പഠിച്ചതാ നിങ്ങള്..നിന്റെ കാര്യം പറഞ്ഞാൽ പിന്നെ വിശേഷങ്ങൾ തീരില്ല. അവൾക്കിപ്പോൾ ഒരു മോളായി. ആ അച്ഛൻ വരട്ടെ…എന്നിട്ട് വേണം നല്ലൊരു ചെക്കനെ കണ്ടെത്തി കല്യാണം നടത്താൻ! വീടിനുള്ളിൽ ഇരിക്കാതെ അവധി കിട്ടുമ്പോൾ ഇടക്ക് വീണയെ കൂട്ടി അങ്ങോട്ടോക്കെ വരണം കേട്ടോ!
എന്റെ നെറുകയിൽ ഉമ്മ വെച്ച് ചിരിയോടെ ഗൗരി ചേച്ചി പറഞ്ഞു.
ഒരു ദിവസം വരാം ചേച്ചി . അത് പറഞ്ഞു തീർന്നതും വീണ അരികിൽ വന്നു നിന്ന് തോളിൽ പിടിച്ചു.
എങ്കിൽ നാളെ തന്നെ പോവാം ചേച്ചി പ്ലീസ്! എന്നെ നോക്കി ദയനീയഭാവത്തിൽ വീണ ചോദിച്ചു.
പോവാം…ഞാൻ ഇപ്പോൾ അമ്മക്ക് വിളക്ക് വച്ചിട്ട് വേഗം വരാം…അമ്മയെ ഒറ്റക്കിരുത്തണ്ട..നീ അകത്തേക്ക് പൊക്കോ!
മഴ നനഞ്ഞു കുതിർന്ന ആ സന്ധ്യക്ക് വീട്ടു മുറ്റത്തെത്തി ഞാൻ കുറച്ചു നേരം ആ വീട്ടിലേക്കും നോക്കി അങ്ങനെ കുറച്ചു നേരം നിന്നു. ശേഷം തൊടിയിലെ നനഞ്ഞു കരിഞ്ഞു കിടക്കുന്ന ഇലകൾക്കിടയിലൂടെ അമ്മയുടെ അടുത്തേക്ക് നടന്നു.
അമ്മയുടെ മണമുള്ള ഈ വീടും അമ്മയുറങ്ങുന്ന ഈ മണ്ണും ഇനി ഒരിക്കലും ആർക്കും താമസിക്കാൻ വിട്ടു കൊടുക്കില്ലെന്ന് മനസ്സിൽ ഉറപ്പിച്ചതാണ്. പക്ഷേ ശങ്കരേട്ടൻ അങ്ങനെ പറഞ്ഞ സ്ഥിതിക്ക്‌അമ്മക്കും അതൊരു ആശ്വസമാവുമെങ്കിൽ ഞാൻ സമ്മതമല്ലെന്ന് പറയുന്നില്ല. മാത്രവുമല്ല അച്ഛൻ ഈ ഒളിച്ചു കളിക്ക് നിശ്ചയിച്ച കാലപരിധി എത്രയാണെന്ന് എനിക്കറിയില്ലല്ലോ അമ്മേ! ഈ ജോലിയുടെ കാലയളവ് കഴിയുമ്പോൾ എനിക്ക് പിടിച്ചു നിൽക്കാൻ അതൊരു ആശ്വാസമാവുമെങ്കിൽ അതല്ലേ നല്ലത്.
തുടരും…