മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ഏട്ടാ ….
ദേവൂട്ടി ഇതുവരെ ഉറങ്ങിയില്ലേ മോളെ ?
മുറിയിലേക്കു വന്ന അവളോട് കട്ടിലിൽ കൈ കുത്തി എഴുന്നേറ്റ് കാല് നീട്ടി ഇരുന്നുകൊണ്ട് അയാൾ ചോദിച്ചു….
ഇല്ല ഏട്ടാ ….എനിക്ക് ഉറക്കം വരുന്നില്ല ഞാൻ ഓരോന്ന് ഓർത്തു കിടക്കുകയായിരുന്നു.
മോള് ഇവിടെ ഇരിക്ക് .
തന്റെ കാൽ ചുരുട്ടി കൊണ്ട് അയാൾ പറഞ്ഞു.
എന്റെ ഏട്ടന്റെ ജീവിതം പകരം വച്ചിട്ട് എനിക്ക് ഒരു ജീവിതം വേണ്ട. എനിക്ക് വേണ്ടി ഒരിക്കൽ ഏട്ടന്റെ മോഹങ്ങളൊക്കെ മാറ്റിവെച്ചതാ .ഇപ്പോൾ എനിക്ക് വേണ്ടി വേറൊരു ഭാരം ചുമക്കാൻ ഞാൻ സമ്മതിക്കില്ല ….വേണ്ടേട്ട ഒരു മാറ്റ കല്യാണം നമുക്ക് വേണ്ട.
പരുപരുത്ത ആ മെത്തയിലെ നിറം മങ്ങിയ നീല ബെഡ്ഷീറ്റിലെ മഞ്ഞ പൂക്കൾ അവളുടെ കണ്ണീരിൽ കുതിർന്നു
എന്താ മോളെ ഇത് ?ഏട്ടൻ ഏട്ടന്റെ കടമകൾ ചെയ്തന്നെയുള്ളു .നീയാ മുഖം തുടച്ചേ .
കട്ടലിന്റെ പടിയിൽ നിന്നും തന്റെ തോർത്തെടുത്തു കുടഞ്ഞു അവൾക്കു നേരെ നീട്ടികൊണ്ടു അയാൾ പറഞ്ഞു.
ഏട്ടൻ കൊച്ചേട്ടനെപ്പോലെ ആയിരുന്നെങ്കിൽ ഈ ദേവൂട്ടിയുടെ ജീവിതം അടുക്കളയിലെ അടുപ്പിനോട് പരാതി പറഞ്ഞു തീർന്നേനെ.
ഇങ്ങനെ ഒരു മാറ്റ കല്യാണത്തിലൂടെ എനിക്ക് ഗോപന്റെ ഭാര്യ ആവണ്ട. ഗോപന് എന്നോട് ആത്മാർത്ഥമായ സ്നേഹം ഉണ്ടങ്കിൽ അവൻ ഒരു ഡിമാൻഡന്റും പറയില്ലായിരുന്നു.
അതൊന്നും കുഴപ്പമില്ല മോളെ നിനക്കു നല്ല ഒരു ജീവിതം കിട്ടുമല്ലോ.എന്റെ കുട്ടിക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ വീട്… കാറ് ജോലിക്കാര് …അങ്ങനെ എല്ലാം .ഈ ഏട്ടൻ സ്വപ്‌നം കണ്ടതുപോലെ …ഒരു രാജകുമാരിയെപ്പോലെ അവിടെ ജീവിക്കാം.
അത് മതി ഈ ഏട്ടന് .അയാൾ തന്റെ കൈകൾ നെഞ്ചോടു ചേർത്തു പറഞ്ഞു.
ഏട്ടന്റെ ജീവിതം പകരം വച്ചിട്ട് അല്ലെ ?
ഏട്ടൻ എന്താ വിചാരിക്കുന്നത് വലിയ വീടും കാറുമൊക്കെ ഉണ്ടങ്കിലേ ജീവിതം ആകൂ എന്നോ? തന്നെ മനസ്സിലാക്കാനും ആത്മാർഥമായി സ്നേഹിക്കാനും കഴിയുന്ന ഒരാളെ കിട്ടിയില്ലെങ്കിൽ പിന്നെ ജീവിതം ഒരു തടവറയാ .ചങ്ങലകളില്ലാതെ ചിന്തകളൾ കൊണ്ട് സ്വയം തീർത്ത ഒരു തടവറ …
ഏട്ടനറിയുമോ ?ഗോപനിൽ നിന്നു ഞാൻ പലപ്പോഴും അകന്നു മാറിയിട്ടേ ഉള്ളൂ.പിന്നെ അവന്റെ പ്രശ്നങ്ങൾ ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ ആ
അവസ്‌ഥ അറിഞ്ഞപ്പോൾ തോന്നിയ ഇഷ്ടം.
ഇങ്ങനെ ഒരു ചതി മനസ്സിൽ കണ്ടുകൊണ്ടാണ് അവൻ എന്നെ സ്നേഹിച്ചതെന്നു ഞാൻ അറിഞ്ഞില്ല.ആത്മാർത്ഥ സ്നേഹമായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെ ഒരു ആവശ്യം പറയില്ലായിരുന്നു.
തന്റെ ദേവൂട്ടിക്ക് നല്ല പക്വ്ത വന്നിരിക്കുന്നു ….അയാൾ അവളെ നോക്കി ഉറക്കെ ചിരിച്ചു.
ഞാൻ കാര്യമായിട്ടു പറയുമ്പോൾ ഏട്ടൻ എന്താ
ചിരിക്കുന്നെ?
അയാൾ അവളുടെ അടുത്തേക്ക് ചേർന്നിരുന്ന് ശിരസ്സിൽ വാത്സല്യ പൂർവ്വം തലോടിക്കൊണ്ട് പറഞ്ഞു .
എന്റെ മോള് ഇപ്പോൾ പോയി കിടന്നുറകിടന്നുറങ്.
ഞാൻ പോയി ഉറങ്ങിക്കോളാം അതിനു മുൻപ് ഏട്ടൻ എനിക്ക് ഒരു വാക്കു തരണം . സുമിത്രേച്ചിയെ ഇങ്ങോട്ട് കൂട്ടികൊണ്ടു വരാമെന്ന് .
തന്റെ നേരെ നീട്ടിപ്പിടിച്ച അവളുടെ കയ്യിലേക്കും പിന്നെ മുഖത്തേക്കും അയാൾ നോക്കി .
അപ്പോൾ അയാളുടെ നേരെ കൈനീട്ടി നിൽക്കുന്ന ഒരു അഞ്ചു വയസ്സുകാരിയെയാണ് അയാൾ ഓർത്തത്.
ഏട്ടാ …എന്നെ ഇന്ന് പുഴേക്കൊണ്ടുപോവ്വോ മീൻപിടിക്കാൻ ?
താൻ അപ്പോ അവളുടെ പുള്ളിയുടുപ്പും അനിയന്റെ നിറം മങ്ങിയ ട്രൗസറും അലക്കുകല്ലിൽ കുത്തി തിരുമ്മിക്കൊണ്ടിരിക്കുകയായിരിക്കും ….
ഏട്ടൻ ഇതൊന്നു അലക്കിയിട്ടിട്ടു കൊണ്ടു പോകാട്ടോ.
അത് കേട്ട് അവൾ തുള്ളി ചാടി മുൻവശത്തെ മുറ്റത്തേക്കു ഓടും.
അവൾ പിന്നെ വരുമ്പോൾ താൻ പുറത്തു കല്ലുകൾ കൂട്ടിയ അടുപ്പിൽ പച്ച വിറക് ഊതി കത്തിച്ചു കഞ്ഞി വെയ്ക്കുന്ന തിരക്കിലായിരിക്കും.
ഏട്ടാ നമുക്ക് പോകാം ചിണുങ്ങി കൊണ്ട് അവളതു പറയുമ്പോൾ താൻ പറയും
മോള് ഈ പുകയത്തു നിന്ന് മാറി നിൽക്ക് …ഇപ്പോ ഏട്ടൻ വരാം …ഈ കഞ്ഞി ഒന്നു തിളച്ചോട്ടെ ….
ഇനി ഏട്ടൻ വേറെ പണിയൊന്നും ചെയ്യണ്ട എന്റെ കൂടെ വരണം.പാതി വീർപ്പിച്ച മുഖത്തോടെയായിരിക്കും അവളത് പറയുക .
ഏട്ടൻ വരാം …
അവൾ തന്റെ മണ്ണുവാരി കളിച്ചു പൊടിയായ കൈ തന്റെ നേരെ നീട്ടി പറയും.
കൈയിൽ അടിച്ചു സത്യം ഇട് …
കുഞ്ഞി കൈയിലെ പൊടിയൊക്കെ തന്റെ കൈകൊണ്ടു തൂത്തു കളഞ്ഞു തന്റെ രണ്ട് കൈകൊണ്ടും ചേർത്തു പിടിച്ചു പറയും.
സത്യം
അയാളുടെ മനസ്സ് വായിച്ചതുപോലേ അവൾ പറഞ്ഞു.
ഏട്ടൻ വിഷമിക്കുകയൊന്നും വേണ്ട .സുമിത്രേച്ചി ഇവിടെ വന്നാപ്പിന്നെ എന്റെ ഏട്ടന്റെ കാര്യങ്ങൾ ഒക്കെ നോക്കാനും സ്നേഹിക്കാനുമൊക്കെ ഒരാളായല്ലോ .പിന്നെ ഏട്ടൻ കണ്ടുപിടിക്കുന്ന ആളെ കെട്ടി ഞാനും പൊക്കോളാം.
ചിരിച്ചുകൊണ്ട് അവളതു പറയുമ്പോൾ അയാൾ ചോദിച്ചു.
സത്യം പറ മോളെ ഗോപനെ നിനക്ക് അത്ര വേഗം മറക്കാൻ കഴിയുമോ ?
എന്നെ സ്നേഹം നടിച്ചു വഞ്ചിച്ച ഒരാളെ ഓർത്തു കരഞ്ഞു ജീവിതം തുലക്കാനൊന്നും എന്നെ കിട്ടില്ല.എനിക്ക് അവന്റെ മുൻപിൽ അന്തസ്സായിട്ടു ജീവിച്ചു കാണിക്കണം .
അവനോടുള്ള ദേഷ്യത്തിൽ അവളുടെ വാക്കുകൾക്കു മൂർച്ച കൂടിയിരുന്നു.
ഏട്ടൻ നോക്കട്ടെ നാളെ സുമിത്രയോടു ഇതിനെക്കുറിച്ചു സംസാരിക്കാം.നിന്റെ കാര്യം നടന്നിട്ടു അവളോട് പറയാമെന്നു കരുതിയാണ് ഇരുന്നത് .ഇനിയിപ്പോ …?
ഇനിയിപ്പോ …ഒന്നുമില്ല .നാളെ തന്നെ സുമിത്രേച്ചിയുടെ അടുത്ത് കാര്യം പറയുക.എന്നിട്ട് എത്രയും പെട്ടന്ന് ഇങ്ങു കൂട്ടികൊണ്ടു വരുക.
കൈയൊക്കെ എടുത്തുള്ള അവളുടെ വർത്താനം കണ്ടപ്പോൾ അയാൾക്ക് അമ്മയെ ഓർമ്മ വന്നു.
പിന്നെ അവരുടെ ഡിവോഴ്‌സിന്റെ കാര്യം എന്തായി ഏട്ടാ?
അതൊന്നും ഇതുവരെ ചോദിക്കാൻ പറ്റിയിട്ടില്ല മോളെ.
പിന്നെ എല്ലാ ദിവസവും നിങ്ങള് രണ്ടാളും എന്താ ഇത്ര സംസാരിക്കണെ?
വെറുതെ ഓരോ കാര്യങ്ങൾ …എനിക്കൊന്നും ചോദിക്കാനുള്ള ധൈര്യം തോന്നിയിട്ടില്ല. എന്റെ സുമിത്രക്ക് ഒരു ജീവിതം കൊടുക്കാനോ എനിക്ക് സാധിച്ചില്ല .അവൾക്കു ഒരു നല്ല ജീവിതം കിട്ടിയപ്പോൾ അറിഞ്ഞു കൊണ്ടല്ലെങ്കിൽ പോലും ഞാൻ കാരണം അത് നഷ്ടമായി എന്നൊരു തോന്നൽ.
സുമിത്രേച്ചിയും ഒന്നും പറഞ്ഞിട്ടില്ലേ ?
ഇല്ല ….
ചേച്ചിക്ക് പറയാൻ ബുദ്ധിമുട്ടു കാണും .ചേച്ചിക്ക് താൻ ഒരു കല്യാണം കഴിച്ച ആളാണല്ലോ എന്ന തോന്നൽ കാണും.
എന്തിനെന്നില്ലാതെ ആ വാക്കുകൾ ഒരു നൊമ്പരമായി അയാളുടെ ഉള്ളിൽ നീറി പടരുന്നപോലെ …
സാരമില്ല ….നാളെ തന്നെ ഏട്ടൻ സുമിത്രചേച്ചിയോടു എല്ലാം പറയണം.
ഉം ……തലയാട്ടി ചിരിച്ചു കൊണ്ടു അയാൾ പറഞ്ഞതു കേട്ട് സന്തോഷത്തോടെ അവൾ മുറിയിലേക്കു പോയി.
രാവിലെ ഫോണിന്റെ റിങ് കേട്ടാണ് അയാൾ എഴുന്നേറ്റത് …പുതപ്പു തലയിൽ നിന്നും മാറ്റി ഫോൺ എടുത്തു. സുമിത്രയാണല്ലോ …?സ്‌ക്രീനിൽ നോക്കി അയാൾ പെട്ടന്ന് ചാടി എഴുന്നേറ്റിരുന്നു
എന്താ സുമിത്രേ ….?
അരവിന്ദേട്ടാ ഒന്നിവിടം വരെ വരുമോ?എനിക്ക് അത്യാവശ്യമായി ഒന്നു കാണണം.ഒരു കാര്യം പറയാനാ.
അവളുടെ പരിഭ്രമം കലർന്ന സ്വരം അവളുടെ വീട്ടിലേക്കു ഒരുങ്ങി ഇറങ്ങുമ്പോഴും അയാളുടെ കാതിൽ ഒരു മൂളലായി നിന്നു .
പാട വരമ്പത്തൂടെ അതിവേഗം നടക്കുമ്പോൾ അയാളുടെ ചെരുപ്പ് നനഞ്ഞ പശ മണ്ണിൽ ഒട്ടി ചേർന്ന് ഇടക്കിടെ കാലിനൊപ്പം പോരാൻ മടിച്ചു.
പിന്നെയും ഫോൺ റിങ് ചെയുന്നു ഡ്‌സുമിത്ര ആയിരിക്കും നോക്കിയപ്പോൾ
പരിചയമില്ലാത്ത നമ്പർ …
കാതിൽ ഫോൺവെച്ചു തന്റെ തല തോളോട് ചേർത്തു മുണ്ടു ഒരിക്കൽ കൂടി മടക്കി കുത്തി അയാൾ പറഞ്ഞു . ഹാലോ
മറുതലക്കൽ ഒരു സ്ത്രീ ശബ്ദം .അയാൾ ഫോൺ കൈകൊണ്ടെടുക്കുമ്പോൾ കേട്ടു .
ഞാൻ ഗോപുവിന്റെ അമ്മയാണ് …
അതുകേട്ട് അയാൾ ഒരു നിമിഷം നിന്നു .
കാറ്റേറ്റുലയുന്ന കതിർക്കുലകൾ അയാളുടെ കാലിൽ മുട്ടിയുരുമ്മി…
മറുപടി ഒന്നും കിട്ടാതെ അവർ തുടർന്നു
ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാണ്.
എന്താ …?
തീരെ നേർത്ത ശബ്ദത്തിൽ അയാൾ ചോദിച്ചു.
എന്റെ ഭർത്താവിന്റെ അനിയൻ അവിടെ വന്ന് എന്തോക്കയോ പറഞ്ഞല്ലേ ?
ഇതിൽ എനിക്കോ അവനോ ഒരു പങ്കുമില്ല .അവന് നിങ്ങടെ അനിയത്തിയെന്നു വെച്ച ജീവനാ .ആ കുട്ടിയെ അവൻ കല്യാണം കഴിക്കൂ എന്നാ പറഞ്ഞേക്കണേ.
എനിക്കും ഒരു വിരോധവും ഇല്ല. പിന്നെ മോനെ എനിക്കൊരു കാര്യം പറയാനുണ്ട് .
എന്റെ മകളെ ഇവിടുന്നൊന്നു രക്ഷിക്കുമോ മോനെ…?എനിക്ക് ഒന്നിനും പറ്റാത്ത അവസ്ഥയാണ് .മോൻ അവളെ ഇവിടുന്ന് കൊണ്ടിപോയിട്ടു കൂടെത്താമസിപ്പിക്കണ്ട. ഏതങ്കിലും ഒരു അഗതി മന്ദിരത്തിലോ ആശ്രമത്തിന്റെ കൊണ്ടു വിട്ടേക്ക് എന്റെ മകളു എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടന്ന് മാത്രം അറിഞ്ഞ മതിയെനിക്ക്.
അല്ലെങ്കിൽ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ ദുഷ്ടൻ എന്റെ മോളെ കൊല്ലാകൊല ചെയ്യും.
തിരമാല പോലെ ഉയർന്നു പൊങ്ങുന്ന തേങ്ങലുകളിൽ വാക്കുകൾ ഇടക്കൊക്കെ മുങ്ങി പോകുന്നുണ്ടായിരുന്നു.
അവൾക്കൊരു സംരക്ഷണം ഉണ്ടാകുമല്ലോ എന്ന് ഓർത്തു മാത്രമാണ് ഞാൻ ഇയാളെ വിവാഹം കഴിച്ചത് .എന്റെ ഭർത്താവിന്റെ സഹായിയായിരുന്നു വിശ്വസ്തൻ …പ്രഭാകരൻ
ഗീതാഞ്ജലിയുടെ അച്ഛൻ എന്ത് നല്ല മനുഷ്യനായിരുന്നെന്നോ .മോളെന്നു വെച്ചാൽ ജീവനായിരുന്നു അവൾക്കും എന്നെക്കാൾ ഇഷ്ടം അച്ഛനെയായിരുന്നു.
അദ്ദേഹത്തിന്റെ അവിചാരിതമായ വേർപാടിൽ ഗീതുമോൾ ആകെ തകർന്നു പോയി.എന്റെ അവസ്‌ഥയും അത് തന്നെയായിരുന്നു .
അത് ഒരു ആക്സിഡന്റ് തന്നെയായിരുന്നോ അതോ ഈ ദുഷ്ടൻ ചെയ്തതായിരു ന്നോ എന്ന് എനിക്ക് ഇപ്പോൾ സംശയമുണ്ട് .പറഞ്ഞിട്ട് കാര്യമില്ല .ആരും ഇല്ലാത്ത അവസ്‌ഥയാണ് ഞങ്ങൾക്ക് …
ഒരു നേരത്തെ അന്നത്തിനുപോലും വകയില്ലാത്ത നിലം പൊത്താറായ ഒരു തറവാട്ടിൽ നിന്നുമാണ് അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കൂട്ടികൊണ്ടു വന്നത് .അതോടെ അദ്ദേഹത്തിന്റെ വീട്ടുകാർ ഞങ്ങളിൽ നിന്നും പൂർണ്ണമായി അകന്നിരുന്നു.പ്രായമായ എന്റെ അമ്മ മാത്രമായി ഞങ്ങൾക്ക് തുണ.
പറയത്തക്ക പഠിപ്പൊന്നും ഇല്ലാത്ത എനിക്ക് എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടു പോകണമെന്ന് അറിയാത്ത അവസ്ഥ.അദ്ദേഹത്തിന്റെ ബിസ്സിനസ്സ് കാര്യങ്ങളെക്കുറിച്ചു എനിക്ക് ഒന്നും അറിയില്ലായിരുന്നു.
അയാൾ അപ്പോൾ വലിയൊരു സഹായകനെപ്പോലെ ഞങ്ങളോട് പെരുമാറി .ഗീതുവിനെ അവളുടെ അച്ഛനെപ്പോലെ സ്നേഹിക്കുകയും കളിപ്പിക്കുകയും പുറത്തൊക്കെ കൊണ്ടു പോകുന്നതിലുമൊക്കെ വലിയ ഉത്സാഹം ആയിരുന്നു.
ബിസ്സിനെസ്സ് കാര്യങ്ങൾ എല്ലാം അയാൾ നന്നായിട്ടു മുന്നോട്ടു നീക്കി.
അങ്ങനെ അയാൾ ഞങ്ങളുടെ ജീവിതത്തിൽ സ്ഥാനം പിടിച്ചു
ഞാൻ എന്റെ ജീവിതത്തെക്കുറിച്ചല്ല മകളുടെ ജീവിതമാണ് ഓർത്തത് .അവളെ അച്ഛനെപ്പോലെ സ്നേഹിക്കാനും സംരഷിക്കാനും ഞങ്ങളെ നന്നയിട്ട് അറിയാവുന്ന അയാൾക്കു സാധിക്കുമെന്ന് വിശ്വസിച്ചു .
പോരാത്തതിന് ഞങ്ങളുടെ ബിസ്സിനെസ്സ് ഒക്കെ അറിയാവുന്ന ആളുംകൂടി ആകുമ്പോൾ എല്ലാം നോക്കി നടത്തുകയും ചെയ്യുമെന്ന് കരുതി.അങ്ങനെ ഞാൻ അയാളെ വിവാഹം കഴിച്ചു,
ആദ്യമാദ്യം ഒരു കുഴപ്പവുമില്ലായിരുന്നു .ബിസിനെസ്സ് കാര്യങ്ങൾക്കെന്നു പറഞ്ഞു സ്വത്തിൽ പകുതിയും അയാൾ തട്ടിയെടുത്തു .കാര്യങ്ങളൊക്കെ ഞാൻ അറിഞ്ഞു വന്നപ്പോൾ ആ ബന്ധത്തിൽ മക്കൾ രണ്ടായി. പിന്നെ ഞാൻ എതിർത്തു തുടങ്ങിയപ്പോൾ അയാളുടെ സ്വഭാവം മാറി.
എന്നെ അയാൾ ഭീഷണിപ്പെടുത്തും
ടി …അടങ്ങി ഒതുങ്ങി ഇവിടെ എവിടെയെങ്കിലും ജീവിച്ചോണം …ഇല്ലെങ്കിൽ നിന്നെയും കൊന്ന് ആ ചട്ടുകാലിയെ ഏതെങ്കിലും തെരുവിലേക്ക് വലിച്ചെറിഞ്ഞു
എന്റെ കുട്ടികളെയും കൊണ്ട് ഞാൻ ഇവിടെ നിന്നും എങ്ങൊയെങ്കിലും പോകും.എന്റെ മകളെ ഓർത്തു പിന്നെ അവർക്കു രണ്ടാൾക്കും ഞാൻ അമ്മയായിപ്പോയില്ലേ?എല്ലാം ഇത്രയും നാളും സഹിച്ചു.
എന്റെ കുഞ്ഞിനോടാണ് അയാൾ എല്ലാ കലിയും തീർത്തത് .അവളുടെ കൈ തട്ടി ഒരു ഗ്ലാസ്സ് വീണാമതി ആ ദുഷ്ടന്റെ മുറിയിൽ വച്ചിരിക്കുന്ന ഒരു ചൂരൽ ഉണ്ട് അത് എന്റെ കുഞ്ഞിനെ തല്ലി ചതക്കാത്ത ഒരു ഇടവുമുണ്ടാകില്ല ഇടക്ക് വീഴുന്ന എനിക്കിട്ടും അമ്മയ്ക്കിട്ടും കിട്ടും പിന്നെ ഞങ്ങളെ തള്ളി അയാൾ മുറിയിലിട്ടു പൂട്ടും.ഞങ്ങളുടെ നിലവിളി അയാൾക്കു ഒരു സന്തോഷമായിരുന്നു.
ചൂരൽ അയാൾ എടുക്കുന്ന കാണുമ്പോൾ എന്റെ കുട്ടി ഓടും വയ്യാത്ത കാലുംകൊണ്ടുള്ള അവളുടെ ഓട്ടം കാണുമ്പോൾ അയാൾ ആർത്തു അട്ടഹസിക്കും പിന്നെ …..വാക്കുകൾ മുറിഞ്ഞു
തന്റെ നടത്തത്തിനു നന്നേ വേഗത കുറഞ്ഞത് അയാൾ അറിഞ്ഞു.
പിന്നെ …ഗോപു വലിയതായതിൽ പിന്നെ അവൻ സമ്മതിക്കില്ല അവളെ തൊടാൻ .എന്നും അവനു കൂട്ടിരിക്കാൻ പറ്റുമോ ?
അവളുടെ പേരിൽ ഇനിയുള്ള സ്വത്തും കൂടി അയാൾക്കു വേണം.കൊടുക്കാതെ പിടിച്ചു നിൽക്കുകയാണ് ഞാൻ.എന്റെ മോൾക്കുള്ളതെല്ലാം ഞാൻ മോന് എഴുതി തരാം ഒന്നു അവളെ രക്ഷിക്കുമോ ഈ നരകത്തിൽ നിന്ന് ഒരമ്മയുടെ അപേക്ഷയാണ് ….അത്രയും പറഞ്ഞു അവർ പൊട്ടിക്കരഞ്ഞു.
എന്തു മറുപടി പറയണമെന്ന് അറിയാതെ അരവിന്ദ് കുഴങ്ങി …
അവര് തന്റെ കണ്ണും മുഖവുമെല്ലാം സാരിത്തുമ്പു കൊണ്ടു തുടച്ചു വീണ്ടും തുടർന്നു
മോൻ അവളെ കല്യാണം കഴിച്ചില്ലെങ്കിലും ദേവൂട്ടിയെ ഞങ്ങൾക്ക് വേണം .
സംസാരിച്ചു സംസാരിച്ചു സുമിത്രയുടെ വീടിന്റെ അടുത്ത് എത്താറായി .
ഞാൻ പിന്നെ അറിയിക്കാം എന്ന് പറഞ്ഞു അയാൾ ഫോൺ കട്ട് ചെയ്തു.
സുമിത്ര വേലിക്കരുകിൽ തന്നെ കാത്തു നില്പുണ്ട്.
എത്ര നേരമായി ഞാൻ അരവിന്ദേട്ടനെ നോക്കി നിക്കണു.ഒന്നു വേഗം വാ ….
വാക്കുകളിൽ പരിഭവം നിറച്ചു അവൾ അടുത്തേക്കുവന്നു.
എനിക്ക് ഒരു കാര്യം പറയാനുണ്ട് അരവിന്ദേട്ടാ. അയാളുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ടു അവൾ വീടിനകത്തേക്ക് കയറി.
അപ്പോൾ പുറത്തേക്ക് ഇറങ്ങി വന്ന അവളുടെ അച്ഛൻ അയാളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
അഹ് കയറി വാ അരവിന്ദാ ….
അവളുടെ അമ്മ ഇട്ടു തന്ന ഏലക്ക ചതച്ചിട്ട ചായ കുടിച്ചു കൊണ്ട് അവർ ഏറേ നേരം സംസാരിച്ചിരുന്നു.
യാത്ര പറഞ്ഞു പിരിയുമ്പോൾ കരിമഷിയില്ലെങ്കിലും അവളുടെ കണ്ണുകൾക്കു ജീവനുണ്ടായിരുന്നു. അയാളുടെ ചുണ്ടിൽ ഏറെ നാളായി വിരിയാൻ മടിച്ചു നിന്ന ഒരു പുഞ്ചിരിയും വിടർന്നു നിന്നു .
തിരികെ വീട്ടിലെത്തിയ അയാൾ ദേവൂട്ടിയെ കാര്യങ്ങൾ എല്ലാം പറഞ്ഞു ബോധിപ്പിച്ചു.ഗോപുവിന്റെ നിരപരാധിത്വം അവൾക്കു ബോധ്യപെട്ടു .
അയാൾ പതിയെ മുറ്റത്തെക്കിറങ്ങി .നല്ല കാറ്റുണ്ട് കാറ്റത്തുലയുന്ന വൃക്ഷത്തലപ്പുകളിലേക്കു അയാൾ കുറച്ചു നേരം നോക്കി നിന്നു.
പിന്നെ ഒരു ഉറച്ച തീരുമാനത്തോടെ അയാൾ ഫോണെടുത്തു ഗോപുവിന്റെ അമ്മയെ വിളിച്ചു.
ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ….