മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
അരവിന്ദിന്റെ സമ്മതം അറിയിച്ചതോടെ വിവാഹ ഒരുക്കങ്ങൾ വേഗത്തിലായി .
അങ്ങനെ ഇന്ന് ദേവൂട്ടിക്കും അവളുടെ സ്വപ്‌നങ്ങൾ, തന്റെ ജീവിതം വെച്ചു നേടികൊടുത്തിരിക്കുന്നു .
ഒരു നിർവൃതിയോടെ അയാൾ ചാരുകസേരയിൽ നീണ്ടു നിവർന്നു കിടന്നു.
അയാളുടെ മനസ്സ് അപ്പോളും ഒരു ചോദ്യം ആവർത്തിച്ചു കൊണ്ടിരുന്നു.
താലികെട്ട് കഴിഞ്ഞു പിന്നെ ദേവൂട്ടി തന്നെ ശ്രദ്ധിച്ചതേയില്ല .ഇവിടുന്നു ഇറങ്ങുമ്പോളെങ്കിലും ഒന്ന് അടുത്ത് വന്നില്ല… അവൾ ഒരു അകൽച്ച പാലിച്ചപോലെ.
ഒന്നു ചേർത്തു നിർത്തി ആ നിറുകയിൽ ഒന്നു ചുംബിച്ചു യാത്രയാക്കാൻ ഒരുപാട് കൊതിച്ചു.അവളെ ഓർക്കുമ്പോൾ ഒരു അമ്മ മനസ്സാണ് തനിക്കെന്നു അയാൾ ഓർത്തു .
രാത്രി കനത്തു തുടങ്ങിയിരിക്കുന്നു കാറ്റത്തുലയുന്ന മുറ്റത്തെ ചെമ്പക പൂവുകളിൽ നിലാവ് വിരുന്നിനെത്തിയിരിക്കുന്നു .
ഒരു സുഖമുള്ള നോവ് മനസ്സിൽ ഇടക്കിടക്ക് നിഴൽ വീഴ്ത്തുന്നുമുണ്ട് .
വീടിനകത്തേക്ക് കേറാൻ തോന്നുന്നില്ല. മനസ്സിൽ വലിയൊരു കടമ നിർവഹിച്ച ചാരിതാർഥ്യമുണ്ടെങ്കിലും.ഗീ താഞ്ജലിയെ എങ്ങനെ അഭിമുഖരിക്കണമെന്ന് ഒരു തിട്ടമില്ലാത്ത പോലെ …
അയാൾ ചിന്തകളോട് മല്ലടിച്ചുകൊണ്ടിരിക്കുമ്പോൾ, അകത്തെ മുറിയിൽ ഗീതാഞ്ജലി വല്ലാത്തൊരു വിമ്മിഷ്ടത്തിൽ ആയിരുന്നു . തന്റെ സ്വർണാഭരണങ്ങൾ അഴിച്ചു വയ്ക്കുമ്പോൾ അവളോർത്തു .
സാധാരണ ഏതു പെൺകുട്ടിയും പൊന്നും പുടവയുമൊക്കെ അണിഞ്ഞു നിൽകുമ്പോൾ എന്തു സുന്ദരിയായിരിക്കും.പക്ഷേ താനതൊക്കെ അണിഞ്ഞപ്പോൾ കൂടുതൽ വിരൂപയായതു പോലെ .
തന്റെ കറുപ്പ് നിറം കൂടുതൽ എടുത്തു കാട്ടിയതുപോലെ .പിന്നെ ഇത്രയും നല്ല ഒരു ചെറുക്കന് തന്നെപ്പോലെ കാണാൻ തീരെ ഭംഗിയില്ലാത്ത മര്യദയ്ക്കു നടക്കാൻ പോലും പറ്റാത്ത പെണ്ണിനെ കെട്ടേണ്ടി വന്നല്ലോ എന്ന എല്ലാവരുടെയും സഹതാപത്തിലുള്ള നോട്ടവും കൂടിയായപ്പോൾ തീരെ നടക്കാൻ വയ്യാത്ത അവസ്ഥയും .
അല്ലെങ്കിലും ആരെയും കുറ്റം പറയാൻ പറ്റില്ല.അരവിന്ദേട്ടനെ കാണാൻ എന്തു ഭംഗിയാണ് .ഒരു ആരാധനയോടെ അവൾ വരാന്തയിലെ ചാരു കസേരയിൽ കണ്ണും അടച്ചു കിടക്കുന്ന അയാളെ നോക്കി.
അത്താഴം കഴിക്കാറായോ എന്തോ ? എങ്ങനെയാ ഒന്നു വിളിക്കുക
അരവിന്ദേട്ടാ എന്ന് വിളിച്ചാൽ ഇഷ്ടമാകുമോ?
അരവിന്ദേട്ടാ ….വിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്കു വരുന്നില്ല .
കഴിക്കാനെടുക്കട്ടെ ?എങ്ങനെയോ പറഞ്ഞൊപ്പിച്ചു .
വേണ്ട നീ കഴിച്ചോളൂ ….
അതും പറഞ്ഞു അയാൾ എഴുന്നേറ്റു തന്റെ റൂമിലേക്ക് പോയി .
അയാൾ വിളിക്കുമോ എന്നറിയാൻ മുറിയുടെ പുറത്തായി അവൾ കുറച്ചു നേരം കാത്തിരുന്നു .കുറച്ചു കഴിഞ്ഞപ്പോൾ മുറിയിൽ നിന്നും നേർത്ത കൂർക്കം വലി കേട്ടപ്പോൾ നിറഞ്ഞ കണ്ണുകളോടെ അവൾ ഡൈനിങ് ടേബിളിനരിൽ പോയിരുന്നു .
താൻ എന്തു ചെയ്യാനാണ്… പാവം അരവിന്ദേട്ടൻ,പെങ്ങൾക്ക് ഒരു ജീവിതം ഉണ്ടാകുവാൻ വേണ്ടി സ്വന്തം ജീവിതം ഹോമിച്ചിരിക്കുന്നു .
അച്ഛനോട് ആവുന്നത് പറഞ്ഞു. അച്ഛാ എനിക്ക് കല്യാണം വേണ്ട …
മിണ്ടിപ്പോകരുത് ….എന്റെ മകന് നീ കാരണം ഒരു നല്ല കല്യാണംടമാകുമോണംപ് പോലും നടക്കില്ല .ഇപ്പോൾ കാൽകാശിനു വകയില്ലാത്തവൾ ആണെങ്കിലും ഒരുത്തി വന്നിട്ടുണ്ട് .എന്റെ മോന് ഒരു ജീവിതം കിട്ടുമല്ലോ എന്ന് കരുതിയാണ് സമ്മതിക്കുന്നത് .
പോരാത്തതിന് നിന്നെ ഇവിടുന്നു കെട്ടിയെടുത്തോണ്ടു പൊക്കോളും .നീ ഇവിടെ നിന്നു മൂത്തു നരച്ചാൽ എനിക്ക് ഒരു മോളും കൂടി വളർന്നു വരുന്നുണ്ട്.അവളുടെ ഭാവി എന്താകും ? അവളെ ഒരുത്തനും വന്നു കെട്ടില്ല .
നെഞ്ചിൽ തീ കോരിയിട്ട പോലെ …..നീ ഇവിടുന്നു ഒന്ന് രക്ഷപെട് മോളെ …അമ്മയ്ക്കു ഇതൊന്നും കേൾക്കാൻ വയ്യ …
അമ്മയ്ക്കു ഒന്നും പറയാനും പറ്റില്ല .അയാൾ അപ്പോൾ തുടങ്ങും ബഹളം.
ടാ ….ദുഷ്ടാ…..നിനക്ക് ഇങ്ങനൊക്കെ എന്റെ കുട്ടിയോട് പറയാൻ തോന്നുന്നല്ലോ ?നീ ഈ അനുഭവിക്കുന്ന സ്വത്തൊക്കെ എന്റെ കുട്ടയുടേതാണെന്നു ഓർത്തോണം.
അമ്മൂമ്മ അയാൾക്കു നേരെ വിരൽ ചൂണ്ടി കൊണ്ടു പറഞ്ഞു.
ഓ …നിങ്ങടെ കെട്ടിയോൻ ഉപേക്ഷിച്ച മോളെയും പിന്നെ ഈ ….പെണ്ണിനേയും എന്റെ തലയിൽ കെട്ടി വച്ചിട്ടല്ലേ ….അതിന് ഇതൊന്നും പോരാ.
വേണ്ട അമ്മൂമ്മേ ഒന്നും പറയണ്ട …അമ്മൂമ്മയേയും വിളിച്ചു റൂമിലേക്ക് നടക്കുമ്പോൾ അയാൾ പിറകിൽ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു.
ടീ ….ഞാൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ നിന്റെ മറ്റേ കാലുംകൂടി ഞാൻ ചവിട്ടി ഓടിക്കും .
അമ്മ വാ പൊത്തി കരഞ്ഞു കൊണ്ട് അടുക്കളയിലേക്കു പോകുന്ന കണ്ടു.
നിറഞ്ഞ കണ്ണുകളോടെ അമ്മൂമ്മ തന്നെ നോക്കിയപ്പോൾ ഒന്നും ഇല്ല എന്ന് താൻ കണ്ണിറുക്കി കാണിച്ചു ചിരിച്ചു .ആ വിളി കേട്ടുകേട്ട് മടുത്തിരിക്കുന്നു. അതുകൊണ്ടു തനിക്കു കരച്ചിലൊന്നും വന്നില്ല.
ഓരോന്നോർത്തു ഉറക്കം നഷ്ടപെട്ടിരിക്കുമ്പോളാണ്, ഫോൺ റിങ് ചെയ്യുന്നത് കേട്ടത്.അപ്പോളാണ് മേശയുടെ അറ്റത്തിരിക്കുന്ന ഫോൺ അവൾ ശ്രദ്ധിച്ചത്.
ഫോൺ കൈ യെത്തിച്ചു എടുക്കുന്നതിനിടയിൽ അവൾ ഓർത്തു .താൻ ഇവിടെ ഇരുന്നതുകൊണ്ടാവും അരവിന്ദേട്ടൻ ഫോൺ പോലും എടുക്കാൻ വരാതിരുന്നത്.
ഫോണിലെ സ്‌ക്രീനിൽ തെളിഞ്ഞ പേര് അവൾ വായിച്ചു.
സുമിത്ര …..
അവൾ പതിയെ പറഞ്ഞു .അരവിന്ദേട്ടന്റെ പെണ്ണ് ….
അവൾ ഫോണുമായി അയാളുടെ മുറിയിലേക്കു നടക്കുമ്പോൾ മനസ്സിൽ ഒരു നോവ് പടർത്തി ഫോൺ റിങ് ചെയ്തുകൊണ്ടിരുന്നു ….
അവൾ വിളിക്കുന്നതിന് മുൻപേ അയാൾ കണ്ണു തുറന്നു.
അവൾ ഫോൺ അയാളുടെ നേരെ നീട്ടി മുറിയിൽ നിന്നും ഇറങ്ങി പഴയ പോലെ കസേരയിൽ പോയിരുന്നു .
അരവിന്ദൻ എന്തോക്കയോ പറയുന്നത് അവൾക്കു അവ്യക്തമായി കേൾക്കാമായിരുന്നു ….
ഫോൺ വിളി നിലച്ചപ്പോൾ അവൾ എന്തോക്കയോ മനസ്സിൽ കണക്ക് കൂട്ടി പതിയെ മുറിയിലേക്കു ചെന്നു.
അരവിന്ദേട്ടാ …അവളുടെ ശബ്ദം നേരിയതായി വിറക്കുന്നുണ്ടായിരുന്നു …
വെറുതെ കണ്ണടച്ചു കിടന്നു കൊണ്ടു തന്നെ അയാൾ മൂളി കേട്ടു .
എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു …
ഞാൻ ഈ കല്യാണം ആവന്നതും വേണ്ടന്നു പറഞ്ഞതാണ് .ആര് കേൾക്കാൻ …അല്ലെങ്കി തന്നെ എന്നെപ്പോലുള്ള ഒരാളുടെ വാക്ക് ആര് കേൾക്കാൻ ?
എനിക്കറിയാം അരവിന്ദേട്ടന് എന്നെ ഒരു ഭാര്യയായി മനസ്സുകൊണ്ട് സ്വീകരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന്.
എന്നെ ഏതെങ്കിലും ഒരു അഗതി മന്ദിരത്തിലോ ആശ്രമത്തിന്റെ കൊണ്ടു വിട്ടേക്കൂ .എന്നെ ആരും അന്നോഷിച്ചു വരില്ല .പുറത്തേക്കു വലിച്ചെറിഞ്ഞ വക്കു പൊട്ടിയ ഒരു പാത്രം പോലെയാണ് ഞാൻ ….ഒന്നിനും ഉപകരിക്കാത്തവൾ ….സ്വയം ഒരു അവഞ്ജയോടെയാണ് അവളതു പറഞ്ഞത്.
എന്നിട്ടോ…?അയാൾ കണ്ണ് തുറക്കാതെ ചോദിച്ചു .
എന്നിട്ട് …എന്നിട്ട് അരവിന്ദേട്ടൻ സുമിത്രയെ വിവാഹം കഴിച്ചു ജീവിച്ചോളു ….ഒരിക്കലും മനസ്സുകൊണ്ട് പോലും ഞാൻ നിങ്ങളെ രണ്ടാളെയും ശപിക്കില്ല ….എന്നെ അവിടുന്ന് രക്ഷിച്ചല്ലോ അത് മതി …
അതുകേട്ട് അയാൾ കണ്ണു തുറന്നു അവളെ നോക്കി …അവളുടെ കവിളുകൾ കണ്ണീർ കുതിർത്തില്ലെങ്കിലും കണ്ണുകളിൽ ഉള്ളിലെ വേദന കത്തി നിന്നിരുന്നു.
കല്യാണ ദിവസം തന്നെ ഭർത്താവിന് മറ്റൊരു പെണ്ണിനു വിട്ടുകൊടുക്കാൻ തയ്യാറായ ആദ്യത്തെ ഭാര്യ ഇവളായിരിക്കും ….എന്തു മാത്രം വേദന ഉണ്ടാവും ആ മനസ്സിൽ …
തന്റെ അടുത്ത് കട്ടലിൽ കൈ തട്ടികൊണ്ട് അയാൾ പറഞ്ഞു. ഗീതു അവിടെ ഇരിക്ക് ….
ഞാൻ സുമിത്രയെ കാണാൻ ഒരു ദിവസം പോയിരുന്നു.അന്നാണ് ഗീതുവിന്റെ അമ്മ വിളിച്ചതും.
അവൾ അന്ന് എന്നോട് കരഞ്ഞു കൊണ്ടു പറഞ്ഞത് എന്താണെന്നു അറിയാമോ ?
എനിക്ക് ദേവേട്ടനെ കാണണം ….അവളുടെ ഭർത്താവിന്റെ പേര് അതാണ്.
ആ കാലിൽ കെട്ടിപിടിച്ചു മാപ്പു ചോദിക്കണം വേദനിപ്പിച്ചതിനു …..
അവള് പറയുന്നത് എനിക്ക് മനസ്സിലായില്ല.ഞാൻ ചോദിച്ചു.
നിന്നെ അയാൾ വേണ്ടന്നു പറഞ്ഞതല്ലേ?
ആര് പറഞ്ഞു ?മറു ചോദ്യം ചോദിച്ചു അവളെന്നെ നോക്കുമ്പോൾ അവളുടെ കണ്ണുകൾ കൂടുതൽ വിടർന്നു.
ഞാൻ പറഞ്ഞിട്ടുണ്ടോ ..?അരവിന്ദേട്ടനും ഞാനും ഇതേപ്പറ്റി എന്നെങ്കിലും സംസാരിച്ചിട്ടുണ്ടോ ?
ഞാൻ പറഞ്ഞു ,ആളുകൾ അങ്ങനെയല്ലേ പറയുന്നത് ?
ഞാൻ ഇവിടെ വന്നപ്പോൾ ആളുകളോർത്തു നമ്മുടെ ബന്ധം അറിഞ്ഞു അദ്ദേഹം എന്നെ ഉപേഷിച്ചതാണെന്നു.അദ്ദേഹം അത്രക്കും ഇടുങ്ങിയ മനസുള്ള ഒരാളല്ല .
സാരിയുടെ മുന്താണിയിൽ നിന്നും തൂങ്ങിക്കിടക്കുന്ന ചുവപ്പു നൂലുകൾ തന്റെ ചൂണ്ടു വിരലിൽ ചുരുട്ടിയും അഴിച്ചുമാണ് അവൾ സംസാരിച്ചുകൊണ്ടിരുന്നത്.
പിന്നെ എന്താ സംഭവിച്ചത് നീ തെളിച്ചു പറ സുമിത്രേ ?
ഞാൻ ആണ് തെറ്റുകാരി …താലികെട്ടിയ പുരുഷനെ ഭർത്താവായി അംഗീകരിക്കാൻ കഴിയാത്തവൾ …സത്യം പറയാം താലികെട്ടിയ അന്നുമുതൽ പിന്നെ ഒരിക്കലും അരവിന്ദേട്ടനെ പഴയ അരവിന്ദേട്ടനായി ഞാൻ കണ്ടിട്ടില്ല.
എന്നാലും അദ്ദേഹത്തെ ഉൾകൊള്ളാൻ മനസ്സ് കുറച്ചു മടുത്തു …ഒരു ഭാര്യയുടെ കടമകളൊന്നും എനിക്ക് ശരിയായി നിർവഹിക്കാൻ സാധിച്ചില്ല …ഒരു അകൽച്ച
ദേവേട്ടൻ അത് മനസ്സിലാക്കിയതുകൊണ്ടു എന്നോട് പറഞ്ഞു. കുറച്ചു ദിവസം നീ വീട്ടിൽ പോയി നില്ക്കൂ …അപ്പോൾ നിനക്ക് നല്ല ഒരു തീരുമാനം എടുക്കാൻ പറ്റും ആ തീരുമാനം എന്താണെന്നു എന്നെ അറിയിക്കുക.
പൂർണ്ണമനസ്സോടെ കൂടെ പോരാനാണെങ്കിൽ ഞാൻ വന്നു വിളിക്കാം ….അതല്ല ….കൂടെ ജീവിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ എവിടെ വേണമെങ്കിലും ഒപ്പ് ഇട്ടു തരാം …
ഇവിടെ വന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ മുതൽ എനിക്ക് വല്ലാത്തൊരു വീർപ്പുമുട്ടൽ ….എങ്ങനെയെങ്കിലും
ദേവേട്ടന്റെ അടുത്ത് എത്താൻ മനസ്സ് കൊതിക്കുവാണ്.അദ്ദേഹത്തെ വിളിച്ചു പറയാൻ ഒരു മടി.
അപ്പോൾ ഇന്ന് അമ്മ വിളിച്ചു …ആള് ഓഫീസിൽ വച്ച് ഒന്ന് തല കറങ്ങി വീണുന്ന് …ഹോസ്പിറ്റലിൽ ആണന്നു ഞാൻ വന്നതിൽ പിന്നെ ആള് ആകെ മാറിന്ന് …പഴയപോലെ ചിരിയും കളിയും ഒന്നു ഇല്ല …നേരെ ചൊവ്വേ ഭക്ഷണം പോലും കഴിക്കുന്നില്ലന്നു …
അവളുടെ കണ്ണുകളിൽ അപ്പോൾ കണ്ട വേദന തന്നെ പിരിയുമ്പോൾ കണ്ടതിലും എത്രയോ ഇരട്ടിയാണെന്നു ഞാൻ ഓർത്തു .
എനിക്ക് പോണം .എന്റെ ദേവേട്ടന്റെ അടുത്തേക്ക് അതിനാണ് ഞാൻ അരവിന്ദേട്ടനെ രാവിലെ ഫോണിൽ വിളിച്ചത് കാണാണമെന്നു പറഞ്ഞത് .ഇനി ഒരിക്കലും അരവിന്ദേട്ടൻ എന്നെ ഓർത്തു വിഷമിക്കരുത് .ഞാൻ എന്റെ ദേവേട്ടന്റെ പെണ്ണാണ് .
അത് പറയുമ്പോൾ അവളുടെ കണ്ണീരിനു പോലും ഒരു തിളക്കമുണ്ടെന്നു തോന്നി .
അന്നെനിക്ക് ഒരു കാര്യം മനസ്സിലായി ഒരു പെണ്ണ് ഒരാണിനെ എത്ര അധികം സ്നേഹിച്ചാലും ഒരു പുരുഷൻ അവളെ താലികെട്ടിക്കഴിഞ്ഞാൽ അവളുടെ മനസ്സില് പിന്നെ അയാള് മാത്രമേ ഉണ്ടാകൂ …ഉണ്ടാകാൻ പാടുള്ളൂ …
ഇതാണ് സുമിത്ര അന്ന് എന്നോട് പറഞ്ഞത്.
അരവിന്ദേട്ടന് എന്നാലും വിഷമം ഉണ്ടല്ലേ ?മുഖം കണ്ടാൽ അറിയാം .ഗീതു ചോദിച്ചു.
ഏയ് …അത് അതൊന്നുമല്ല …ദേവൂട്ടി അവള് പോകുമ്പോൾ പോലും ഒന്നു അടുത്ത് വന്നില്ല ….
ഞാൻ ഓർത്തിട്ടുണ്ട് എന്റെ അനിയത്തി കുട്ടി കല്യാണം കഴിഞ്ഞു ഈ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഏട്ടാ …എന്ന് വിളിച്ചു എന്നെ കെട്ടിപിടിച്ചു കരയുന്നതു.
അവളെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു എന്റെ എല്ലാമാണെന്നു പറഞ്ഞു അയാളുടെ കൈകളിൽ അവളുടെ കൈ വെച്ച് കൊടുക്കുന്നത് …ഒന്നു ശരിക്കും മിണ്ടിപോലുമില്ല .എന്നെ അവൾ അപ്പോൾ തന്നെ മറന്നു…
അതാണോ കാര്യം അവൾ എന്നോട് പറഞ്ഞു എന്റെ ഏട്ടനെ നന്നായിട്ടു നോക്കണമെന്ന് .ഇതുവരെയും എന്റെ ഏട്ടൻ ജീവിതത്തിൽ ഒരു സുഖവും സന്തോഷവും അനുഭവിച്ചിട്ടില്ലന്നു …ഏട്ടന്റെ അടുത്തേക്ക് പോകുന്നില്ലെന്നും പറഞ്ഞു.
പോയ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിയില്ലെന്നും പൊട്ടിക്കരഞ്ഞു പോകുമെന്നും അത് ഏട്ടന് വിഷമമാകുമെന്നും പറഞ്ഞു .
അങ്ങനെ പറഞ്ഞോ ..?തന്റെ മുഖത്തെ കുറ്റി രോമം തടവി ചിരിച്ചു കൊണ്ട് അയാൾ ചോദിച്ചു.
ഉം ….അവൾ തലയാട്ടി
അരവിന്ദേട്ടന് സന്തോഷമായോ ?
കള്ളി …അവള് ഏട്ടനെ പിന്നെയും പറ്റിച്ചു ….ഇത്തവണ അയാളുടെ ചിരി കുറച്ചുകൂടി ഉച്ചത്തിലായിരുന്നു.
അയാളുടെ ചിരി അവളുടെ ചുണ്ടുകളിലും പറന്നെത്തി
ഇങ്ങോട്ട് വാ പെണ്ണേ …അയാൾ അവളെ കൈക്കു പിടിച്ചു അടുത്തിരുത്തി.
അരവിന്ദേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചോട്ടേ?
നീ എന്തുവേണമെങ്കിലും ചോദിച്ചോ ?
എന്തിനാണ് സുമിത്ര ഇപ്പോ വിളിച്ചത്?
അതോ …അവര് നമ്മുടെ കല്യാണത്തിന് വരാമെന്നു പറഞ്ഞതാ ….രണ്ട് ദിവസം മുൻപാണ് ദേവനെ ഹോസ്പിറ്റലിൽ നിന്നും വിട്ടത്. അതുകൊണ്ട് ഇത്രയും ദൂരം യാത്ര ചെയ്യണ്ടാന്ന് വെച്ചു.
അവൾ ഒരു കാര്യം പറഞ്ഞു ഒരു പെണ്ണിന്റെ കഴുത്തിൽ താലി വീണു കഴിഞ്ഞാൽ പിന്നെ അവളുടെ മനസ്സില് അയാൾ മാത്രമേ ഉണ്ടാവൂ എന്ന് ….അതായത് അവളുടെ മനസ്സിൽ പോലും ഞാൻ ഇല്ലന്ന്
ഉള്ളിലെ സന്തോഷം ഒളിപ്പിക്കുവാൻ അവൾ ശ്രമിക്കുന്നുണ്ടെങ്കിലും ചുണ്ടുകൾക്ക് അത് പൂട്ടിവെക്കുവാൻ സാധിച്ചില്ല …
ഞാൻ എന്താ മറുപടി പറഞ്ഞതെന്ന് അറിയോ പെണ്ണെ ?
എന്താ ?
ഒരു പെണ്ണിന്റെ കഴുത്തിൽ താലികെട്ടിയാൽ പിന്നെ അയാളുടെ മനസ്സിൽ അതുവരെ ഉള്ളവരൊക്കെ പടിയിറങ്ങും ….അതാണ് ശരി …
അപ്പോ പിന്നെ ….അവൾ വാക്കുകൾ മുഴുമിപ്പിച്ചില്ല …
ഒരു പിന്നേയും ഇല്ല ഇപ്പോൾ നീ മാത്രമേ ഉള്ളൂ മനസ്സിൽ
എന്റെ മനസ്സിൽ പിന്നെ ഇറക്കി വിടാൻ ആരുമില്ല…..നിങ്ങളാണ് ആദ്യം കേറിവന്നത് അവസാനം വരെയും അതായിരിക്കും.
അത് പറയുമ്പോൾ അവൾക്കു ഒരു പ്രത്യക ഭംഗിയുണ്ടന്നു അയാൾക്കു തോന്നി .
പെണ്ണെ നീയെന്റെ ഭാഗ്യമാണ് ….
നീലക്കുറിഞ്ഞി പൂവുകളെ കുറിച്ച് നീ കേട്ടിട്ടില്ലേ?വൈകിയേ അവയിൽ വസന്തം നിറയാറുള്ളു ….നീയെനിക്കു അതുപോലെ ആണ് .അത് പറഞ്ഞു അവളെ തന്നോട് ചേർത്തണക്കുമ്പോൾ ജീവിതത്തിൽ ആദ്യമായി അവളുടെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു തുളുമ്പി …അയാളുടെ മനസ്സും ….
ശുഭം