അവൻ ഒന്ന് ഞെട്ടി. പിന്നെ നാലുപാടും ഒന്ന് നോക്കി. പിന്നെ ഒന്ന് സമാധാനിച്ചു. ആരും കണ്ടില്ലല്ലോ. താടി ഉള്ളത് കൊണ്ട് ഇനി ആരും കാണത്തും ഇല്ലന്ന്..

രചന: മഹാ ദേവൻ

അവൻ അവളെ പെണ്ണ് കാണാൻ വന്നതായിരുന്നു,അവൾ ഒരുങ്ങിക്കെട്ടി അന്നേരം ഒരു കാഴ്ചവസ്തുവുമായിരുന്നു.ചായയിലെ മധുരം രുചിച്ചവൻ അവളെ ഒന്ന് ഇടംകണ്ണിട്ട് നോക്കി ” പെണ്ണിന് പഞ്ചാര ഇച്ചിരി കൂടുതൽ ആണല്ലോ ” എന്ന മട്ടിൽ !അതേ സമയം അവൾ അവനെയും അടിമുടിയൊന്ന് അളന്നു ” നോട്ടം കണ്ടാൽ ഒരു ഒലിപ്പീര് കേസ് ആണല്ലോ ” എന്ന മട്ടിൽ !

അവൻ പറഞ്ഞു പെണ്ണിനോടൊന്ന് ഒറ്റയ്ക്ക് സംസാരിക്കണമെന്ന്.

ഇടനാഴിയോരത്ത്‌ അവൻ നിന്നു ഇച്ചിരി നാണത്തോടെ !

ജനലഴിയിൽ തെരുപ്പിടിച്ചുകൊണ്ട് അവളും, നാണം തൊട്ടുതീണ്ടാത്ത പോലെ !

പേര് ചോദിച്ചു, പഠിപ്പ് ചോദിച്ചു,അവസാനം ഒന്നുകൂടി ചോദിച്ചു..

കുട്ടി വെർജിൻ ആണോ എന്ന്…

കൂടെ ഒന്നുകൂടി പറഞ്ഞു ” ഇന്നത്തെ കാലമല്ലേ, അതുകൊണ്ട് ചോദിച്ചില്ലേൽ ചിലപ്പോൾ…. “

മുഴവനാക്കിയില്ല അവൻ…അവൾ വളയിട്ട കൈ കൊണ്ട് ഒന്ന് കൊടുത്തു മുഖത്തിട്ടു തന്നെ.എന്നിട്ട് പറഞ്ഞു,

” ഇന്നത്തെ കാലമല്ലേ… പെണ്ണല്ലേ….ഇങ്ങനെ മുഖത്തു നോക്കി കൊടുക്കുന്നത് കൊണ്ട് ഇതുവരെ വെർജിൻ ആണെന്ന്.

അവൻ ഒന്ന് ഞെട്ടി.. പിന്നെ നാലുപാടും ഒന്ന് നോക്കി… പിന്നെ ഒന്ന് സമാധാനിച്ചു.
ആരും കണ്ടില്ലല്ലോ.. താടി ഉള്ളത് കൊണ്ട് ഇനി ആരും കാണത്തും ഇല്ലന്ന് !

അവൾ അത്‌ കണ്ട് ഒന്ന് ചിരിച്ചു.

പിന്നെ ചോദിച്ചു,” ഇപ്പോൾ മനസ്സിലായോ വെർജിൻ ആണെന്ന്.?

ഇങ്ങനെ ഒരു സംശയം ചോദിക്കുന്നവൻ ഇന്ന് വരെ എത്രത്തോളം വെർജിൻ ആയിരിന്നിരിക്കുമെന്ന് മനസ്സിലാക്കാൻ വലിയ പഠിപ്പൊന്നും വേണ്ട .പലയിടത്തും പോയവനെ ഇതുപോലൊരിടത്ത്‌ ഇതുപോലെ ചോദിക്കാൻ തോന്നൂ എന്ന്.ചൂടുവെള്ളത്തിൽ വീണ പൂച്ച അങ്ങിനെയാ.. പിന്നെ പച്ചവെള്ളം കണ്ടാലും ഒന്ന് സംശയിക്കുമെന്ന്.

ഒന്നും പറയാതെ അവൻ പുറത്തേക്ക് നടന്നു..കൂടെ അവളും !

എന്തോ അവൻ മുന്നേ കുടിച്ച അതിമധുരം തോന്നിയ ചായയ്ക്കപ്പോൾ വായിൽ വല്ലാത്തൊരു ചവർപ്പായിരുന്നു .. !