ജലകന്യക ~ രചന: കാശിനാഥൻ
അങ്ങനെ രാജകുമാരൻ ജലകന്യകയുമായി ഇഷ്ടത്തിലായി കടലിന്റെ ആഴങ്ങളിലേക്ക് പോയി..അവരവിടെ സുഖമായി ജീവിച്ചു.”
“മുത്തശ്ശിടെ കുട്ടി ഉറങ്ങിയോ… “
കഥ പറഞ്ഞു തീർന്നതും ഒരു ദീർഘ നിശ്വാസം എടുത്ത് അവന്റെ മുടിയിഴകളിൽ മെല്ലെ മുത്തശ്ശി തലോടി. കഥ കേട്ട് കേട്ട് അപ്പോഴേക്കും അവൻ മുത്തശ്ശിയുടെ മടിയിൽ തല വെച്ചു നിദ്രയിലേക്കാണ്ട് പോയിരുന്നു..
അന്നും അവളെത്തി.. അവന്റെസ്വപ്‌നത്തിൽ, കടലിന്റെ ആഴങ്ങളിൽ നിന്ന് വളരെ അടുത്തേക്ക്.. കയ്യെത്തുന്ന ദൂരത്ത്. ജലപ്പരപ്പിൽ അവളങ്ങനെ നീന്തി തുടിക്കുകയായിരുന്നു അവൾ. ഒന്ന് കയ്യെത്തി പിടിക്കാൻ അവൻ ശ്രമിച്ചെങ്കിലും ജലകന്യക വാലൊന്നിളക്കി മുങ്ങാംകുഴി ഇട്ട് കടലിന്റെ ആഴങ്ങളിലേക്ക് പോയി. പോകുന്ന സമയത്തും അവൻ കണ്ടു. അവന്റെ കണ്ണുകൾ വിടർന്നു..
ഉടൽ തൊട്ട് താഴോട്ട് തെന്നിക്കളിക്കുന്ന നീല നിറത്തിലുള്ള വാൽ.അതിൽ ചുവന്ന പൊട്ടുകുത്തി ഇടയിൽ സ്വർണ നിറത്തിൽ വരകളുള്ള വാൽ.
ഉടൽ തൊട്ട് താഴോട്ടു മീനും.മേലേക്ക് ചോര തുളുമ്പുന്ന മേനിയഴകുള്ള ഒരു പെൺ ശരീരവും. വാലിന്റെ തുടക്കം വരെ എത്തുന്ന സ്വർണ പട്ടു പോലുള്ള മുടി.
“കടലിനാണോ അതോ ജാലകന്യകക്കോ???…ഭംഗി കൂടുതൽ? “ഒരുവേള അവൻ ശങ്കിച്ചു .വാലിളക്കി അവൾ പോയപ്പോൾ ഒരു തുള്ളി അവന്റെ മുഖത്തേക്ക് തെറിച്ചു വീണു… ആ തുള്ളി ജലം അവനെ നിദ്രയിൽ നിന്നും പുറത്തേക്ക് കൊണ്ട് വന്നു. കൈകൊണ്ട് തുടക്കാൻ കൈ മുഖത്തേക്ക് കൊണ്ട് വന്നപ്പോൾ ആണ് കണ്ടത് ഒരു പുലർകാല സ്വപനം ആണെന്ന് അവൻ മനസിലാക്കിയത്…
🐠🐠🐠🐠🐠🐠🐠🐠🐠🐠🐠🐠
കയ്യിലിരുന്ന ബിയർ കുപ്പിയിലെ മദ്യം ഒറ്റ വലിക്ക് പകുതിയോളം മൊത്തിയെടുത്ത് കാശി പാറമേൽ ചാഞ്ഞിരുന്നു… നക്ഷത്രങ്ങൾ അവനെ നോക്കി കണ്ണ് ചിമ്മി കളിച്ചു.. കാശിയുടെ ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരി.അവന്റെ പുഞ്ചിരിയിൽ നാണംകൊണ്ട നിലാവ് കാർമേഘങ്ങളിൽ ഒളിക്കുന്ന പോലെ..
“ഇന്നെവിടെ പോയി.. ഇതുവരെ കണ്ടില്ലല്ലോ.. “
ആളനക്കം കേൾക്കാഞ്ഞപ്പോൾ വീണ്ടും കടലിൽ നിന്ന് ദൃഷ്ടി മാറ്റി പാറമേൽ ചെരിഞ്ഞു കിടന്നു.പെട്ടന്നു കടലിൽ ഒരു തിരയിളക്കം. വെള്ളം മേലേക്ക് ഉയർന്നു പൊങ്ങി. പിന്നീട് അതൊരു ചുഴലി ആയി മാറി. ക്ഷണനേരം കൊണ്ടത് അമർന്ന് കടലിന്റെ മടിത്തട്ടിലേക്ക് പോയി.ഒരു കൂസലുമില്ലാതെ കാശി ഒരു നിമിഷം നോക്കിയതല്ലാതെ അനങ്ങുക പോലും ചെയ്തില്ല. ചിരപരിചിതനെ പോലെ.
” എന്നും ഞാൻ ഇവിടെ വന്ന്..എല്ലാകാര്യവും പറയുന്നതല്ലേ.. ഒരു പ്രാവശ്യം പോലും നീ എന്റെ മുന്നിൽ വന്നില്ലല്ലോ.. ഒരു പ്രാവശ്യം പോലും.”
“എന്ത് പറ്റി കാശീ.. ഇന്ന് മുഖത്തു വല്ലാത്ത വിഷമം ആണല്ലോ. “
കുയിലു തോറ്റു പോകുന്ന ശബ്ദം അവന്റെ കാതിലെത്തിയപ്പോൾ അവനൊന്ന് പിടഞ്ഞു. വിശ്വാസം വരാത്തവനെ പോലെ അവൻ എഴുന്നേറ്റു നോക്കി.വെള്ളം ഇളകുന്നുണ്ട് അവിടെ മാത്രം. ബാക്കി ഭാഗം മുഴുവൻ ശാന്തമായിരുന്നു.
ഒരു വല്ലാത്ത നിശബ്ദത. കാറ്റു പോലും എങ്ങോ ഓടി ഒളിച്ചതു പോലെ.
” എന്താ മിണ്ടാത്തേ..”
ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞപ്പോൾ കണ്ടത് അവന്റെ കണ്ണിനെ വിടർത്തി. നിലാവ് കാണുമ്പോൾ വിടരുന്ന ആമ്പല് പോലെ.
കണ്ണിൽ വശ്യത നിറച്ച്… മേലാകെ സ്വർണം പൂശിയ പോലുള്ള ഉടലുമായി. ഉടലിനു ശേഷം നീല നിറത്തിൽ ചുവന്ന പൊട്ടുള്ള, പൊട്ടിനിടയിൽ കൂടി സ്വർണ രേഖകളുള്ള മീൻ വാലോടു കൂടി അവൾ.
“‘ജലകന്യക.”‘
“വാ “… “അടുത്തേക്ക് വാ…”
അവന്റെ കാലുകൾ അവൻ അറിയാതെ തന്നെ ചലിച്ചു.. ഉയരമേറിയ പാറക്കെട്ടുകളിലൂടെ അവൻ അനായാസം താഴേക്കിറങ്ങി. അടുത്തെത്താറാവുമ്പോഴേക്കും ജലകന്യക വീണ്ടും കടലിലേക്ക് ഊളിയിട്ട് നീന്തി. ഒരു വേള ശങ്കിച്ച കാശി അവളെ പിന്തുടർന്നു. അവൾക്ക് പുറകിലായി കാശി നീന്തി.ഒന്ന് തൊടാൻ പറ്റിയെങ്കിലെന്നവൻ ആശിച്ചു.
“എന്ത് വേഗത്തിലാണവൾ നീന്തുന്നത്. കടലിന്റെ മകൾ അല്ലെ.”
ഇടയ്ക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ടവൾ മുന്നോട്ട് പോയി കൊണ്ടിരുന്നു. കാശി ജലകന്യകയോടൊപ്പം എത്താൻ ആയാസപെട്ടു. കൂടുതൽ കരുത്തോടെ അവൻ നീന്തി. കടലിന്റെ അടിത്തട്ടിലേക്ക്.
മഞ്ഞയിൽ കറുത്ത വരകളുള്ള കുഞ്ഞു മീനുകൾ പവിഴ പുറ്റുകൾക്കിടയിലേക്ക് മറയുന്നു. കൂർത്ത കൊമ്പൻ മീശയുള്ള കരി നിറത്തിലുള്ള മീനുകൾ അങ്ങിങ്ങായി ഉണ്ട്. രാത്രിയിലും കടലിൽ വെട്ടം ഉള്ളത് അവനെ അതിശയിപ്പിച്ചു.നിലാവിന്റെ വെട്ടം തെളിനീരിൽ ലയിച്ച പോലെ. ആകൃതിയില്ലാതെ പാറയെക്കാൾ കാഠിന്യത്തോടെ പവിഴപ്പുറ്റുകൾ.അതിൽ പറ്റികിടക്കുന്ന അനേകം ചെറു മത്സ്യങ്ങൾ. കടലിന്റെ അടിത്തട്ട് സ്വർഗത്തേക്കാൾ മനോഹരമാണെന്ന് അവനു തോന്നി. ഒരുവേള അവനൊന്നു നിന്നു. കടലിന്റെ ആഴം കുറയുന്ന പോലെ. ഇപ്പൊ കാലെത്തിച്ചു നിക്കാം.
ശ്വാസം വിടുമ്പോൾ കുമിളകൾ ഉയർന്ന് മേലേക്ക് ചുഴി പോലെ പോകുന്നു.. കൗതുകം തോന്നി അവനു.
പവിഴപുറ്റുകൾക്കിടയിലേക്ക് അവൾ മറഞ്ഞു നീങ്ങുന്നത് കണ്ട അവൻ അവിടേക്ക് നടന്നു.വേഗം കുറവാണെന്ന് തോന്നിയപ്പോൾ നീന്തി.
“അതായിരിക്കുമോ ജലകന്യകയുടെ കൊട്ടാരം??”
പവിഴപുറ്റുകൾക്കിടയിലേക്ക് കണ്ണിമ പായിച്ചപ്പോൾ. കണ്ണിൽ വശ്യതയുടെ ചായമിട്ട് ജലകന്യക കാശിയെ തന്നെ നോക്കി നിൽക്കുന്നു.കാശി ജാലകന്യകയുടെ അടുത്തെത്തി. എന്തോ പറയാൻ ചുണ്ടുകൾ വിടർത്തിയതും ജലകന്യക തന്റെ ചുണ്ടുകൾ കൊണ്ട് തടഞ്ഞു. വലിഞ്ഞു മുറുക്കി.കാശിക്ക് ശ്വാസം മുട്ടി.കാശിയുടെ കയ്യുകൾ ജലകന്യകയുടെ തോളിൽ വെച്ച് കൂടുതൽ ചേർന്ന് നിന്നു. ജലകന്യകയുടെ പുറത്തു കാശിയുടെ കയ്യുകൾ ഇഴഞ്ഞു നടന്നു. അവൾ കൂടുതൽ കൂടുതൽ ശക്തിയോടെ കാശിയെ മുറുക്കി വരിഞ്ഞു. കാശിയും അവളുടെ ചുണ്ടുകളിൽ ലയിക്കുകയായിരുന്നു.കടലിൽ വസിക്കുന്നവളുടെ ചുണ്ടിൽ തേൻ കണങ്ങൾ എങ്ങനെ എത്തി എന്നവൻ സംശയിച്ചു. അധരപാനം മുറുകും തോറും അവളുടെ മാറിൽ നിന്ന് കാശിയുടെ കയ്കൾ മെല്ലെ അവളുടെ ഉടലിലേക്ക് അരിച്ചിറങ്ങി. കൂടുതൽ ശക്തിയോടെ ജാലകന്യക അവനെ വരിഞ്ഞു.
പിന്നീട് കുമിളകൾ കടലിന്റെ മേൽത്തട്ടിലേക്ക് ഉയർന്നില്ല.
പകുതി കുടിച്ചു വെച്ച ബിയർ ബോട്ടിലിൽ പെയ്ത മഴ തുള്ളികൾ വീര്യം പിന്നെയും കുറച്ചു. അനാഥമായി കാശിയുടെ ബൈക്ക് കടൽക്കരയിൽ അവശേഷിച്ചു.
ജലകന്യകയുടെ മടിയിൽ തലവെച്ചു അവൻ ഒരിക്കലും ഉണരാത്ത നിദ്രയിലാണ്ടു………കടലിന്റെ അടിത്തട്ടിൽ…..