എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 34, രചന: റിൻസി പ്രിൻസ്

അയാൾക്ക് എങ്ങോട്ടെങ്കിലും ഓടി കൂടി പോകണം എന്ന് തോന്നി,പെട്ടെന്ന് അയാളുടെ ഫോൺ ശബ്ദിച്ചു ഡിസ്പ്ലേയിൽ നിവിൻ എന്ന് കണ്ടതും ഹൃദയമിടിപ്പ് കൂടി, “വേണ്ട എടുക്കണ്ടാ അയാളുടെ മനസ്സിൽ ഇരുന്ന് ആരോ പറഞ്ഞു”,അയാൾ മനപ്പൂർവ്വം ഫോൺ കട്ട് ചെയ്തതിനുശേഷം സ്വിച്ച് ഓഫ് ആക്കി, താൻ ചെയ്യുന്നത് ശരിയല്ല എന്ന് അയാൾക്ക് അറിയാമായിരുന്നു, പക്ഷെ അയാളുടെ മനസ്സിൽ അപ്പോൾ അയാളുടെ മകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ,

പല്ലവി ഫോൺ വെച്ച് കഴിഞ്ഞപ്പോഴേക്കും ഏലക്ക കാപ്പിയുമായി സൗദാമിനിയമ്മ എത്തിയിരുന്നു,അവർ കേൾക്കുന്നതിന് മുമ്പ് തന്നെ സംഭാഷണം അവസാനിച്ചു, അതിനാൽ ഒന്നും കേട്ടില്ല , അവർ കാപ്പി അവളുടെ കൈകളിൽ വെച്ച് കൊടുത്തു, അവൾക്ക് വല്ലാത്ത സങ്കടം തോന്നി, അവർ വാത്സല്യത്തോടെ അവളോട് തലമുടിഇഴകളിൽ മെല്ലെ തലോടി,

“എൻറെ കുട്ടി ഒരുപാട് ക്ഷീണിച്ചു പോയി, ഇനി കുറച്ചു ദിവസം ഇവിടെ നിന്ന് ഒന്ന് നന്നായിതിനു ശേഷം പോയാൽ മതി,

അമ്മ പോയതിനുശേഷം എല്ലാം അച്ചമ്മ ആയിരുന്നു, ഓരോ വെക്കേഷനും ഓടി വരും ഒന്ന് കാണാൻ,

“ഞാൻ കുറച്ചുനേരം അച്ഛമ്മയുടെ മടിയിൽ കിടന്നോട്ടെ.

ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ ചോദിച്ചു.

അവർക്ക് അവളുടെ ആ സംസാരം നൊമ്പരം ഉണർത്തി, “എന്താ മോളെ നീ എന്തിനാ ഇതൊക്കെ ചോദിക്കുന്നത്?

അവർ അവളെ അവരുടെ മടിയിലേക്ക് കിടത്തി ആർദ്രമായി അവളുടെ തലമുടി ഇഴകളിൽ തലോടി.അവർ പോലുമറിയാതെ ശക്തമായി അവളുടെ കണ്ണുനീർ കണങ്ങൾ എല്ലാം അവരുടെ മടിയിൽ വീണു, ശേഷം എപ്പോഴോ അറിയാതെ അവൾ ഉറങ്ങി.

പിറ്റേന്ന് തന്നെ മോഹൻ ബാങ്കിലേക്ക് ചെന്ന് ലോങ് ലീവിന് ആപ്ലിക്കേഷൻ കൊടുത്തു, ശേഷം തിരികെ വീട്ടിൽ വന്നു, എന്ത് ചെയ്യണം എന്നറിയാതെ കുറെ നേരം നടന്നു, അതിനുശേഷം അയാൾ വേഗം കുളിച്ച് റെഡിയായി വീട് പൂട്ടി ഇറങ്ങി, തറവാട്ടിലേക്ക് തന്നെ പോകാം എന്ന് അയാൾ കണക്ക് കൂട്ടി,

മാത്യൂസ് പറഞ്ഞ സത്യങ്ങളും പല്ലവിയും മോഹനനെയും ഫോണിൽ കിട്ടാത്തതും കൂടിയായപ്പോൾ ആകെപ്പാടെ ഭ്രാന്ത് പിടിച്ചു അവസ്ഥയിലായിരുന്നു നിവിൻ, അവൻ അനൂപിനെ വിളിച്ച് തിരക്കി കൊണ്ടേയിരുന്നു,അനൂപ് വിളിച്ചിട്ടു മോഹൻറെ ഭാഗത്തുനിന്നും ഒരു മറുപടിയും ഇല്ല എന്നായിരുന്നു അവനു ലഭിച്ച മറുപടി, അത് അവനെ ഒന്നു കൂടി നിരാശനാക്കി,തൻറെ സങ്കടങ്ങളിൽ നിന്നും താൻ ഒന്ന് മുക്തനായി വന്നതേയുള്ളൂ, അപ്പോഴേക്കും തൻറെ പ്രിയപ്പെട്ടവൾ തനിക്ക് മറ്റൊരു സങ്കടമാണോ സമ്മാനിച്ചത്? അവൻ താന്നോട് ചോദിച്ചു, അവൻ അപ്പോൾ തന്നെ റെഡിയായി, റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു, വീട്ടിൽ പോയി മോഹനനെ കാണാം എന്ന് തന്നെ അവൻ തീരുമാനിച്ചു, പല്ലവി എന്താണെങ്കിലും മോഹന്റെ അടുത്തേക്ക് ആയിരിക്കും പോയിട്ട് ഉണ്ടാവുക, ഒന്ന് നേരിട്ട് സംസാരിച്ചാൽ, അല്ലെങ്കിൽ തന്നെ ഒന്ന് കണ്ടാൽ, ഒന്നു കെട്ടിപ്പിടിച്ചു കരഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളെ അവൾക്കുണ്ടാകു അവൻ മനസ്സിലോർത്തു,

ഈ സമയം മോഹനൻ പാലക്കാട് എത്തിയിരുന്നു, മോഹനനെ കണ്ടതും പല്ലവി ഓടി വന്ന് കെട്ടിപ്പിടിച്ചു,

” അച്ഛൻ വരും എന്ന് ഞാൻ കരുതിയില്ല,

“മോളെ കാണണമെന്ന് തോന്നി, അയാൾ വാത്സല്യത്തോടെ അവളെ തലോടി,

അച്ചനെയും മോളെയും അടുത്തടുത്ത ദിവസങ്ങളിൽ ഒരുമിച്ച് കണ്ട സൗദാമിനിയമ്മ ഒന്ന് അതിശയിച്ചു

“ഇതെന്താ മോൾക്ക് പിറകെ നീയും പൊന്നോ?എന്താണ് രണ്ടാളും കൂടി എന്തോ കാര്യമായ പ്രശ്നം ഉണ്ടല്ലോ.

സൗദാമിനിയമ്മ തിരക്കി,

“എന്ത് പ്രശ്നം, ഇവൾക്ക് ഇവിടെ വന്നു കുറച്ചു ദിവസം നിൽക്കണം എന്ന് തോന്നി, അപ്പോൾ ഞാനും ഓർത്തു കുറച്ചുദിവസം അമ്മയോടൊപ്പമൊന്നു നിൽകാം എന്ന്, എനിക്ക് പ്രായമായി വരികയല്ലേ ഇനി എപ്പോഴാണ് അറിയില്ലല്ലോ,

“ഓ പിന്നെ ഒരു കിളവൻ വന്നിരിക്കുന്നു, ഈ എനിക്ക് പ്രായം എത്രയായി, ഞാൻ ഇരിക്കുമ്പോൾ നീ പോകുമോ,

സൗദാമിനി അമ്മ മകനെ കളിയാക്കി ,

“മനുഷ്യൻറെ കാര്യമല്ലേ അമ്മേ ഒന്നും പറയാൻ പറ്റില്ല,മിണ്ടാതിരിക്ക് നീ,

സൗദാമിനിയമ്മ മകനെ താക്കീത് ചെയ്തു, ശേഷം രണ്ടുപേരെയും അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,

മകനെയും കൊച്ചുമോളെയും വർഷങ്ങൾക്ക് ശേഷം ഒരുമിച്ചു അടുത്ത് കിട്ടിയ സന്തോഷത്തിൽ ആയിരുന്നു അവർ, അകത്തെ മുറിയിൽ ഭദ്രമായി കെട്ടിവച്ച കടുമാങ്ങഭരണി പൊട്ടിച്ചു, മോഹന് ഒരുപാട് ഇഷ്ട്ടം ആണ് കടുമാങ്ങ, തൊടിയിലെ വാഴയിൽ നിന്ന് ഏത്തക്ക എടുത്തു വറുത്തു, മാതുവിനു വേണ്ടി കാച്ചെണ്ണ കാച്ചിയും വെള്ളിലതാളി ഉണ്ടാക്കി കൊടുത്തും ഒക്കെ അവർ സന്തോഷിച്ചു, പക്ഷെ ഇതൊന്നും ആസ്വദിക്കാൻ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല ആ അച്ഛനും മകളും, തുടരെ തുടരെ ഫോൺ വിളി വരുന്നതിനാൾ തന്റെ ഫോൺ വീട്ടിൽ വച്ചാണ് മോഹൻ വന്നത്,

ഈ സമയം നിവിൻ മോഹന്റെ വീട്ടിൽ എത്തിയിരുന്നു, വീട് പൂട്ടി കിടക്കുന്നത് കണ്ട് അവന് അസാധാരണമായ ഒരു ഭയം തോന്നി, അവൻ അടുത്തുള്ള വീടുകളിൽ ഒക്കെ അനേഷിച്ചു, പക്ഷെ ആർക്കും അവർ എവിടെ പോയി എന്ന് അറിയില്ല, അവസാന ആശ്രയം എന്നോണം അവൻ മോഹന്റെ ബാങ്കിൽ പോയി തിരക്കി, ലോങ്ങ്‌ ലീവ് ആണെന്നല്ലാതെ മറ്റൊന്നും അവിടെ നിന്നും അറിയാൻ സാധിച്ചില്ല, നിവിന് ഭ്രാന്ത് പിടിക്കും പോലെ തോന്നി,

അവൾക്ക് എങ്ങനെ തന്നെ വിളിക്കാതെ ഇരിക്കാൻ സാധിക്കുന്നു, ഇത്രേ ഉള്ളോ അവൾക്ക് തന്നോട് ഉള്ള സ്നേഹം, നിവിന് ഒരേ സമയം ദേഷ്യവും സങ്കടവും വന്നു,

ഉച്ച ഭക്ഷണം കഴിഞ്ഞു റൂമിൽ കയറി ഇരുന്നു വെറുതെ കണ്ണുകൾ അടച്ചു മോഹൻ, ഈ വീട്ടിൽ വരുമ്പോൾ എപ്പോഴും താൻ ലതികയെ ഓർമിക്കാറുണ്ട്, അതുകൊണ്ട് ആണ് ഇവിടേക്ക് ഉള്ള വരവ് തന്നെ താൻ വേണ്ടന്ന് വച്ചത്, അവൾ വലത്കാൽ വച്ചു കയറിവന്ന വീടാണ്, അവളെ ആഗ്രഹിച്ചു സ്വപ്‌നങ്ങൾ കണ്ട് കഴിഞ്ഞ മുറി ആണ്, അയാൾ മെല്ലെ എഴുനേറ്റ് ജനൽ തുറന്നു, അപ്പുറത്തു ഒരു പഴയ വീടിന്റെ മേൽകൂര കാണാം, ഇപ്പോൾ ആരും താമസം ഇല്ല കുറേ വർഷം ആയി വിറ്റിട്ട് എല്ലാരും പോയി, ലതിക തന്നെ ഉപേക്ഷിച്ചു പോയതിനു ശേഷം നാട്ടുകാരുടെ കളിയാക്കൽ സഹിക്കാൻ കഴിയാതെ എല്ലാരും പോയി,

“മോഹനേട്ടാ എനിക്ക് ഈ കണക്ക് ഒന്ന് പറഞ്ഞു തരുമോ

പച്ച പട്ടുപാവാട ഇട്ട് മുടി രണ്ട് വശത്തു നിന്ന് മേടഞ്ഞ് ഇട്ട് കണ്ണുകളിൽ നിറയെ കരി എഴുതിയ ഒരു പാവം നാട്ടിൻപുറത്തുകരി അതായിരുന്നു ലതിക,
അയാൾ ഓർത്തു,

“ഒരിക്കലും തന്നെ അവൾ സ്നേഹിച്ചിട്ടില്ല, അവളുടെ മനസ്സിൽ നിറയെ അവളുടെ കാമുകൻ മാത്രം ആയിരുന്നു, വിവാഹരത്തിന് മുൻപ് തന്നെ അവൾ തന്നോട് അത്‌ തുറന്നു പറഞ്ഞു,

“മോഹനേട്ടാ മറ്റൊരാൾക്ക് മനസും ശരീരവും പങ്ക് വച്ച പെണ്ണാണ് ഞാൻ, എന്നെ മോഹനേട്ടന് വേണ്ടന്ന് പറയു,

“ലതിക,

“അതെ മോഹനേട്ടാ, അദ്ദേഹം ഇപ്പോൾ ജോലി ഇല്ല എന്ന് പറയുന്നു, ഒരിക്കലും എന്നെ ഒഴിവാക്കുക അല്ല, അദ്ദേഹത്തിന് ബന്ധങ്ങളുടെ കുറേ കെട്ടുപാടുകൾ ഉണ്ട്, ഞാൻ വീട്ടിൽ എനിക്ക് മറ്റൊരാളെ ഇഷ്ടം ആണെന്ന് പറഞ്ഞതിന് ശേഷം എന്നെ വീട്ടിൽ തടവിൽ വച്ചിരിക്കുന്നപോലെ ആണ്,

“ഞാൻ അയാളുടെ അടുത്ത് നിന്നെ കൊണ്ടുപോയി വിട്ടാൽ അയാൾ നിന്നെ സ്വീകരിക്കും എന്ന് നിനക്ക് ഉറപ്പ് ഉണ്ടോ, എങ്കിൽ ഞാൻ കൊണ്ടുപോകും

അതിനു മറുപടി ഒരു കരച്ചിൽ മാത്രം ആയിരുന്നു,

“നിനക്ക് സംഭവിച്ചത് ഒന്നും എനിക്ക് പ്രശ്നം അല്ല, സമയം ആവുന്നത് പോലെ എടുത്തോളൂ എന്നെ സ്നേഹിക്കാൻ കഴിയും എങ്കിൽ ഞാൻ നിന്നെ വിവാഹം ചെയ്തോളാം

“വേണ്ട മോഹനേട്ടാ ഞാൻ ചീത്തയാണ്…

അവൾ കരഞ്ഞു

“എനിക്ക് വേണ്ടത് നിന്റെ ശരീരം അല്ല മനസാണ്, ഇത് മറ്റാരും അറിയില്ല,

തന്റെ ആ വാക്കിന് മുമ്പിൽ അവൾ സമ്മതിച്ചു, അവൾക്ക് മറ്റു വഴികൾ ഇല്ലാരുന്നു, വിവാഹരാത്രിയിൽ അവൾ തന്റെ കാലുപിടിച്ചു പറഞ്ഞു, പതുക്കെ എല്ലാം അവൾ മറന്ന് തന്നെ സ്നേഹിക്കാം പക്ഷെ അതിനു മുൻപ് ഒരു ഭർത്താവിന്റെ അധികാരം കാണിക്കരുത്, അത്‌ തനിക് പൂർണ്ണമായും സമ്മതം ആയിരുന്നു, ഒരു പെണ്ണിന്റെ സമ്മതം ഇല്ലാതെ അവളുടെ ശരീരത്തിൽ അധികാരം നേടുന്നത് അല്ലല്ലോ ദാമ്പത്യം.

അവൾ ആത്മാർത്ഥമായി തന്നെ തന്റെ ഭാര്യ ആകാൻ ശ്രേമിച്ചു, പക്ഷെ വിധി വീണ്ടും തന്നെ തോൽപിച്ചു, ഒരിക്കൽ ബാങ്കിൽ നിന്നും വന്ന താൻ കാണുന്നത് കരഞ്ഞു വീർത്ത മുഖം ആയി ഇരിക്കുന്ന ലതികയെ ആണ്, എന്തുപറ്റി എന്ന ചോദ്യം കേട്ടതും തന്റെ കാലിൽ വീണു പൊട്ടികരഞ്ഞു.

“എന്നെ എവിടേലും കൊണ്ട് കളഞ്ഞേക്ക് മോഹനേട്ടാ, മോഹനേട്ടന്റെ ഭാര്യ ആയി ഇരിക്കാൻ ഇനി എനിക്ക് അർഹത ഇല്ല

“കാര്യം പറ ലതികെ

“ഞാൻ…. ഞാൻ ഗർഭിണി ആണ് മോഹനേട്ടാ

ഒരു വിസ്സ്ഫോടനം തന്നെ തന്റെ ഹൃദയത്തിൽ സംഭവിച്ചു, ഒരു ഭർത്താവും ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്ത, കുറേ സമയം ഒന്നും മിണ്ടില്ല, അന്ന് മുഴുവൻ ഇരുന്നു ആലോചിച്ചു,പിറ്റേന്ന് ലതികയെ വിളിച്ചു,

“മോഹനേട്ടാ ഞാൻ പൊയ്ക്കോളാം എങ്ങോട്ടെങ്കിലും ,

“വേണ്ട എന്റെ തീരുമാനം മറ്റൊന്ന് ആണ്,

“എന്റെ കുഞ്ഞിനെ കൊല്ലാൻ മാത്രം പറയല്ലേ മോഹനേട്ടാ, ഞാൻ ചെയ്ത തെറ്റിന് അതിനെ ശിക്ഷിക്കരുത്.

“നമ്മുക്ക് ഈ കുഞ്ഞിനെ വളർത്താം എന്റെ കുഞ്ഞായി,

“മോഹനേട്ടാ

അവൾ വിശ്വാസം വരാതെ വിളിച്ചു,

“പക്ഷെ ഒരു കാര്യം കൂടെ, ഈ കുഞ്ഞു ജനിക്കുന്ന നിമിഷം മുതൽ നിന്റെ മനസ്സിൽ അവൻ മരിക്കണം,

“എന്റെ മനസ്സിൽ ഇപ്പോൾ നിങ്ങൾ അല്ലാതെ മറ്റാരും ഇല്ല മോഹനേട്ടാ,

അയാൾ അവളെ വാരിപുണർന്നു, ആർക്കും ഒരു സംശയവും വരാതെ ഇരിക്കാൻ അയാൾ അവളുമായി ടോ വേറെ വീട് എടുത്ത് താമസം തുടങ്ങി, ചില പ്രേശ്നങ്ങൾ ഉണ്ട് എന്നും മാസം തികയാതെ കുഞ്ഞു പ്രസവിച്ചു എന്നും പറഞ്ഞു, അങ്ങനെ ഒരു പെൺകുട്ടി ജനിച്ചു, നഴ്സ് അവളെ മോഹന്റെ കൈയ്യിൽ കൊടുത്ത നിമിഷം മുതൽ അവൾ അയാൾക്ക് മകൾ ആയി, സ്വന്തം സ്നേഹം മുഴുവൻ അയാൾ അവൾക്ക് നൽകി, ആ കുഞ്ഞു കാരണം ആണ് ലതിക തന്നെ സ്നേഹിച്ചു തുടങ്ങിയത് എന്ന് അയാൾക്ക് അറിയാരുന്നു, പിന്നീട് ഉള്ള അവളുടെ വളർച്ചയിൽ എല്ലാം അത്‌ തന്റെ മകൾ അല്ല എന്ന് അയാൾക്ക് തോന്നിയില്ല, കൊച്ചരിപല്ല് കാട്ടി ചിരിച്ചു അവൾ അച്ഛാ എന്ന് വിളിക്കുമ്പോൾ അയാൾ ആനന്ദത്തിൽ അലയാടി, പിന്നീട് അവരുടെ ജീവിതം സന്തോഷകരമായിരുന്നു, ലതിക പൂർണ്ണമായും ഡേവിഡിനെ മറന്നു, പല്ലവിക്ക് 3 വയസുള്ളപ്പോൾ ലതിക വീണ്ടും ഗർഭിണി ആയി പക്ഷെ പല കാരണം കൊണ്ട് അത്‌ നഷ്ടം ആയി,
അതിൽ ദുഃഖം പൂണ്ട ലതികയെ നോക്കി അയാൾ പറഞ്ഞു,

“സാരമില്ല നമ്മുക്ക് നമ്മുടെ മാതുമോൾ ഇല്ലേ, അവൾക്ക് ഒരു കൂട്ട് വരും, അതിനു സമയം ആയിട്ടില്ലഡോ,

പിന്നീട് എപ്പോൾ ആണ് തന്നിൽ നിന്നും വീണ്ടും അവൾ അകന്നതു, പോകും മുൻപ് താൻ അവളോട് ഒന്നേ ആവിശ്യപ്പെട്ടുള്ളൂ, പല്ലവിയെ തനിക്കു തരണം, ലോകത്തിനു മുന്നിൽ അവൾ തന്റെ മകൾ ആണ്,എന്നും അവൾ തന്റെ മകൾ ആയിരിക്കണം, ഡേവിഡിനോട്‌ പോലും ആ സത്യം തുറന്നു പറയരുത്, അവൾക്ക് അത്‌ സമ്മതം ആയിരുന്നു, പക്ഷെ മോളെ വേണം എന്ന് പിനീട് അവൾ പറഞ്ഞു, ഡേവിഡിനോട് ഒന്നും പറഞ്ഞിട്ട് ഇല്ല, ഈ ലോകത്തിനു മുന്നിൽ മോഹനേട്ടൻ തന്നെ ആയിരിക്കും അവളുടെ അച്ഛൻ, പക്ഷെ അവൾ ഇല്ലാതെ എനിക്ക് പറ്റില്ല,

. “അവളെ കൂടെ എന്നിൽ നിന്നും അടർത്തി മാറ്റുവാൻ ആണ് താല്പര്യം എങ്കിൽ ഉടനെ തന്നെ നിന്നെ തേടി എത്തുന്നത് എന്റെ മരണവാർത്ത ആയിരിക്കും,
നിനക്ക് എല്ലാം കിട്ടി നീ ആഗ്രഹിച്ച ആൾ, ആഗ്രഹിച്ച ജീവിതം അങ്ങനെ എല്ലാം, തോറ്റു പോയവൻ ഞാൻ ആണ് ഞാൻ മാത്രം, ആ എന്നെ വീണ്ടും തോല്പിക്കാൻ ആണെങ്കിൽ തോൽപ്പിച്ച് കളഞ്ഞേക്ക്,

അത്‌ താൻ പറഞ്ഞനിമിഷം മറുതോന്നും പറയാതെ അവൾ പോയി, പോകും മുൻപ് അവൾ പറഞ്ഞു.

‘ഒരിക്കലും എന്റെ വായിൽ നിന്ന് ആരും മാതു മോഹനേട്ടന്റെ മകൾ അല്ല എന്ന് അറിയില്ല, എന്റെ ഇച്ചായൻ പോലും, എനിക്ക് ഉറപ്പാണ് മോഹനേട്ടൻ അവളെ നന്നായി നോക്കും എന്ന്, ആ വിശ്വാസത്തിൽ അവളെ ഏല്പിച്ചു പോകുവാ ഞാൻ, എന്നെങ്കിലും അവൾ ഒരു ബുദ്ധിമുട്ട് ആയാൽ എന്നെ അറിയിക്കണം ഒരു അഡ്രസ് എഴുതി അവൾ കൈയ്യിൽ കൊടുത്തു

അവൾ പോയപ്പോൾ തന്നെ അത്‌ തുറന്നു നോക്കാതെ കീറികളഞ്ഞു.
മാതുമോൾ തന്റെ അല്ല എന്ന് തനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല, ലതികയുടെ മനസ്സിൽ ഇടം നേടാൻ ആണ് ആ ഗർഭം ഏറ്റെടുത്തത്ത് പക്ഷെ അവളുടെ കളിചിരികൾ കണ്ട് തുടങ്ങിയപ്പോൾ അവൾ തന്റെ ജീവൻ ആയി, ഈ ലോകത്ത് വിലമതിക്കാത്ത സ്വത്ത്‌ ആയി അവൾ മാറി, അതിനാണ് അവിടെ നിന്നും അവളെ കൂട്ടി മറ്റൊരുസ്ഥലത്തു പോയത്, അവൾ ഏറ്റവും കൂടുതൽ വെറുക്കുന്നത് അമ്മയെ ആണെന്ന് അറിഞ്ഞപ്പോൾ അറിയാതെ ആണെങ്കിലും ഒരു ആശ്വാസം തോന്നിയിരുന്നു, അവൾ സത്യം അറിഞ്ഞാൽ ഈ ലോകത്ത് വച്ചു ഏറ്റവും വെറുക്കുന്നത് തന്നെ ആരിക്കും,

വാതിലിൽ ശക്തമായ കൊട്ട് കേട്ട് അയാൾ ഓർമകളിൽ നിന്ന് മെല്ലെ ഉണർന്നു,

(തുടരും )