നന്ദന്റെ മാത്രം ~ രചന: അമ്മാളു
നിന്റെ മൗനം ഇന്നെന്നെ വല്ലാതെ കാർന്നു തിന്നുന്നു അഹല്യ…
ഒരു വിളിപ്പാടകലെ ഞാനുണ്ടായിരുന്നിട്ടും എന്തിന് നീ എന്നിലേക്കെത്താൻ മടിച്ചു നിൽക്കുന്നു..
നിന്റെ വരവും കാത്തിരുന്ന എന്നെ നീ എന്തിനുവേണ്ടി ഇക്കാലമത്രയും മോഹിപ്പിച്ചു..
നീ ഇല്ലാതെ, നീ അല്ലാതെ…..! എവിടെയും ഒരു ലോകം എനിക്കില്ലെന്നറിഞ്ഞിട്ടും എന്തിന് നീ എന്നെ….!!!!
വാക്കുകൾ മുഴുമിക്കാനാവാതെ നേരം എത്രയെന്നോർമ്മയില്ല അവൻ അവൾക്കരികിൽ കണ്ണും നട്ടിരുന്നു.
അഹല്യ…..”
നീ അറിയുന്നുണ്ടോ പെണ്ണേ ഇന്നെന്റെ മൗനനൊമ്പരം…അഹല്യ…. അഹല്യ….!!
ഇന്നവന്റെ വിളികൾക്ക് കാതോർക്കാൻ അവൾക്കാകുമായിരുന്നെങ്കിൽ അവൾ എന്നേ അവനരികിൽ എത്തിയേനെ…**
അഹല്യയുടെ കണ്ണുകളിൽ നീർമുത്തുകൾ തിളങ്ങി. അവളുടെ മിഴികൾ കൂമ്പിയടഞ്ഞു….!!
അവളുടെ ഇഷ്ടങ്ങളിൽ ഏറെ പ്രിയം എന്നും നന്ദനോട് മാത്രമായിരുന്നു.
അവന്റെ ഓരോ ചുടുനിശ്വാസങ്ങളും അവളെ പ്രണയത്തിന്റെ മത്തുപിടിപ്പിച്ചു.. എന്തിനോ വേണ്ടി ആ മിഴികൾ വീണ്ടും വീണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു..നീർവറ്റിയതറിയാതെ അവ നിദ്രയിലേക്കാഴ്ന്നിറങ്ങി.
രാത്രിയുടെ യാമങ്ങളിലോരോ നിമിഷവും അവൾക്ക് കാവലായി അവൻ അവിടമാകെ നിറഞ്ഞു നിന്നു…ആ സാന്നിധ്യം ഓരോ മയക്കത്തിലുമവളെ തഴുകി തലോടുന്നതവൾ നിറ പുഞ്ചിരിയോടെ ആസ്വദിച്ചു.
ആ നീണ്ട വേളയിൽ സപ്തവര്ണങ്ങളാൽ തീർത്ത മനോഹരമായ നാലു ചുവരുകൾക്കുള്ളിൽ അവരുടെ പ്രണയം പറന്നുല്ലസിച്ചു.
നീണ്ട മണിക്കൂറുകൾ അവൾ അവനോടൊപ്പം അവരുടെ മാത്രമായ ലോകത്തിലെ പൂവും അവൻ അവളുടെ മാത്രം വണ്ടുമായി മാറി..
അവനോടൊത്തുള്ള ഓരോ നിമിഷവും ഓരോ വസന്തമായി അവളിൽ പൂത്തുലഞ്ഞു….ആ പ്രണയാനുഭൂതി അവിടമാകെ പടർന്നു പന്തലിച്ചു..
അവനടുത്തില്ലാത്ത വേളകളിൽ അവൾ വാടിത്തളർന്ന പനിനീർപൂവായി മാറി.. ആ നിമിഷങ്ങളാണ് അവളിൽ തന്റെ പ്രാണൻ എത്രമാത്രം സ്വാധീനിച്ചിരുന്നുവെന്ന തിരിച്ചറിവവളിൽ ഉണർന്നത്.
ദിവസങ്ങളോളം വാടിത്തളർന്ന ആ പനിനീർപൂവ് തന്റെ പ്രിയതമന്റെ വരവും കാത്തിരുന്നു… ആ ദിവസങ്ങളിലൊരിക്കലും ആ മിഴികൾ കൂമ്പിയടഞ്ഞില്ല..നിദ്രയിലാഴ്ന്നിറങ്ങിയില്ല..
അവൾക്കരികിൽ വരുന്ന ഓരോ ശ്വാസോച്ഛാസങ്ങളും അവളിൽ വല്ലാത്തൊരു ഈർഷ്യ ഉളവാക്കാൻ തുടങ്ങി…
അപ്പോഴെല്ലാം അവളുടെ ശരീര ഭാഷ അത് പ്രകടമാക്കുകയും ചെയ്തു.. അതിനു മറുപടിയെന്നോണം ഡോക്ടർ മീരയിൽ നിന്നും സെഡേഷൻ ഏറ്റു വാങ്ങുമ്പോഴും ഒരിക്കലുമുണരാത്തൊരുറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങിയ അവളുടെ കണ്ണുകളിൽ തെളിഞ്ഞതപ്പോഴും ആ മുഖമായിരുന്നു. അവൾ സ്വപ്നം കണ്ട ജീവിതത്തിന്റെ മുഖം…അവളുടെ മാത്രം നന്ദന്റെ മുഖം.
മരണം വന്നവളെ പുൽകിയ നേരം അതുവരെ ചലിക്കാത്ത അധരങ്ങളിൽ ഒരു ചിരി പടർന്നിരുന്നു …ജീവിതത്തോട് പോരാടി മരണത്തെ കൈവരിച്ച യോദ്ധാവിന്റെ പുഞ്ചിരി…