നിഴലായ് – രചന: കീർത്തന ദിലീപ്
നല്ല മഴയുണ്ട്..കുടയാണെങ്കിൽ എടുത്തിട്ടും ഇല്ല..കട്ട പിടിച്ച ഇരുട്ടായി പുറത്തു.
ബസ്സ് ഇറങ്ങി അടുത്തുകണ്ട കടയുടെ മുൻപിൽ കയറി നിന്നു മഴ ഒന്ന് കുറഞ്ഞിട്ടു പോകാം. അച്ഛനെ വിളിച്ചു നോക്കാൻ ഫോൺ എടുത്തപ്പോൾ അതും ഓഫ്. ഇനീപ്പോ എന്ത് ചെയ്യും ?
മഴ തകർത്തു പെയ്യുന്നുണ്ട്. കടയുടെ മുൻപിൽ കൂടുതൽ കൂടുതൽ ആളുകൾ കയറി നില്ക്കാൻ തുടങ്ങി. പെട്ടന്ന് പുറകിൽ ഒരു തോണ്ടൽ, തിരിഞ്ഞ നോക്കിയപ്പോ വെറ്റില കറ പിടിച്ച പല്ലുകാണിച്ചു അയാൾ ഒന്ന് ചിരിച്ചു. കണ്ടാൽ ഒരു ഗുണ്ടയെപോലുണ്ട്.
മോൾക്ക് എങ്ങോട്ടാ പോകേണ്ടത് ? എന്റെ കയ്യില് കുട ഉണ്ട്..ഞാൻ കൊണ്ടോകാം കൂടെ. എന്നിട്ടു ഒരു വഷളൻ ചിരിയും ചിരിച്ചു. ഞാൻ മൈൻഡ് ചെയ്‌തില്ല. പക്ഷെ പുറകിൽ നിന്ന അയാൾ എന്റെ അടുത്തേക്ക് അടുത്ത് വരാൻ തുടങ്ങി.
വല്ലാതെ എന്നോട് മുട്ടി ചേർന്ന് നിന്നപ്പോൾ ഞാൻ ദേഷ്യത്തോടെ അയാളെ തിരിഞ്ഞു നോക്കി. ചുവന്ന ഇരുന്ന അയാളുടെ കണ്ണുകൾ കൂടുതൽ ചുവന്നു വരുന്ന പോലെ. എത്രയൊക്കെ ധൈര്യം ഉണ്ടെന്ന് പുറമെ തോന്നിയാലും എന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി.
മഴയെ വക വയ്ക്കാതെ ഞാൻ കടയുടെ സൈഡിൽ നിന്ന് ഇറങ്ങി നടന്നു..അയാൾ പുറകെ തന്നെ ഉണ്ട്. ഞാൻ നടത്തത്തിന്റെ സ്പീഡ് കൂട്ടി. കൂടെ അയാളും. ഞാൻ ഓടാൻ തുടങ്ങി. ഇടക്ക് തിരിഞ്ഞു നോക്കിയപ്പോൾ അയാളെ കാണാൻ ഇല്ല.
ഇനി ആളില്ലാത്ത ലെവൽ ക്രോസ്സ് കടന്ന് വേണം അപ്പുറത് എത്താൻ. തിരിഞ്ഞു നോക്കി..തിരിഞ്ഞു നോക്കി.. ഞാൻ അപ്പുറത്തു എത്തി. ഇല്ല..ആരും എന്റെ പിറകിൽ ഇല്ല..ഞാൻ ആഞ്ഞു നടന്നു..
മുൻപിൽ ഒരു നിഴലനക്കം. ഒന്നല്ല രണ്ടു പേരുണ്ട് അയാൾ കൂടുതൽ ആളെ കൂട്ടി വന്നതാണോ ? എന്റെ നെഞ്ച് പെരുമ്പറ കൊട്ടാൻ തുടങ്ങി. നിന്നിടത്തു നിന്നും ഞാൻ അനങ്ങി ഇല്ല , ആരാ? കനത്തിൽ ചോദിച്ചു. അപ്പുറത്തു തികച്ചും നിശബ്ദത മാത്രം..
ഒരു പത്ത് പതിനഞ്ച് സെക്കണ്ടിനു ശേഷം ആ നിഴലുകൾ എന്റെ അടുത്തേക്ക് വന്നു. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ഞാൻ അവരെ കണ്ടു. ഒരു അച്ഛനും മകളും..അച്ഛൻ എന്നെ ചിരിച്ചു കാണിച്ചു. എന്റെ ഹൃദയമിടിപ്പ് നോർമൽ ആവാൻ പിന്നെയും സമയം എടുത്തു.
ആ അച്ഛൻ നല്ല പരിചയത്തോടെ എന്നോട് ചോദിച്ചു, എന്താ മോളെ ഒറ്റക്ക് ഈ നേരത്തു ? ബസ് കിട്ടാൻ വൈകി..ഞാൻ പറഞ്ഞു. ചേച്ചി പേടിക്കണ്ട എന്റെ വിറയ്ക്കുന്ന കൈകൾ നോക്കി ആ പെൺകുട്ടി പറഞ്ഞു. ഞാൻ അവളെ നോക്കി ചിരിച്ചു.
അവൾ എന്റെ കയ്യിൽ വന്നു പിടിച്ചു, എന്തിനാ ചേച്ചി പേടിക്കണത് എന്ന് പറ. ഞാൻ ഉണ്ടായ സംഭവങ്ങൾ എല്ലാം ആ അച്ഛനോടും മകളോടും പറഞ്ഞു . ഇനി എന്തായാലും മോള് ഒറ്റക്ക് പോകണ്ട, ഞാൻ കൊണ്ടുവന്നാക്കം. അച്ഛനും ആ പെൺകുട്ടിയും എന്റെ കൂടെ വന്നു.
നടപ്പിനിടയിൽ ഞാൻ അച്ഛന്റെയും മകളുടെയും പേര് ചോദിച്ചു. അച്ഛന്റെ പേര് നാരായണൻ, മകളുടെ പേര് വൈഗ. വീട്ടിൽ കേറാമെന്ന് പറഞ്ഞിട്ടും പിന്നെ കാണാം എന്ന് പറഞ്ഞ അവർ പോയി.
അച്ഛനോടും അമ്മയോടും നടന്നത് ഒന്നും പറഞ്ഞില്ല അവര് പേടിക്കും. എന്നിട്ടും ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിന് നല്ല ചീത്ത കിട്ടി. വേഗം ചോറുണ്ടു ഞാൻ കിടന്നു. ആകെ ഒരു വയ്യായ്ക.
നേരം വെളുത്തു കഴിഞ്ഞപ്പോൾ നല്ല പനിയുണ്ട്. അതുകൊണ്ട് ജോലിക്ക് പോയില്ല..പനി ഒന്ന് കുറഞ്ഞപ്പോൾ വേറെ പണിയൊന്നും ഇല്ലാത്തതു കൊണ്ട് ഞാൻ പത്രം കയ്യിലെടുത്തു. ഫ്രണ്ട് പേജിലെ വാർത്ത കണ്ട് എന്റെ കണ്ണ് തള്ളി.
കോടതി തെളിവുകൾ ഇല്ലാത്തതിന്റെ പേരിൽ തള്ളി കളഞ്ഞ വൈഗാ കൊലക്കേസിലെ പ്രതി ഇരുമ്പ് രാഘവൻ നിലംബൂർ റെയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ..
പെൺകുട്ടിയെ വളരെ നിഷ്ടൂരമായ രീതിയിൽ പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയത്. വിധി വന്ന ശേഷം പെൺകുട്ടിയുടെ അച്ഛൻ നാരായണനെ തൂങ്ങി മരിച്ച നിലയിൽ ഇന്നലെ കണ്ടെത്തിയിരുന്നു.
എന്റെ കണ്ണ് എന്റെ അനുവാദം ഇല്ലാതെ നിറഞ്ഞ് ഒഴുകാൻ തുടങ്ങിയിരുന്നു.