ആരോ എന്നെ തോണ്ടുന്നത് പോലെ തോന്നിയപ്പോഴാണ് ഫോണിൽ നിന്ന് കണ്ണെടുത്തത്

നൈനിക – രചന : കീർത്തന ദിലീപ്

ഓഫീസിൽ നിന്ന് വൈകിയാണ് ഇറങ്ങിയത് വീട് പോകാൻ ഇഷ്ടം അല്ലാത്ത സ്ഥലം ആയി തുടങ്ങിയിരിക്കുന്നു. വീട്ടിൽ എത്തിയാൽ ഓരോന്ന് ആലോചിച്ച് കൂട്ടാൻ സമയം കൂടുതൽ ആണ്. ഓഫീസീൽ ആണെങ്കിൽ ഒന്നിനും സമയവും ഇല്ല.

ഇന്നാണെങ്കിൽ തിരക്ക് കൂടുതൽ ഉള്ള ദിവസവും ആയിരിക്കും. വെള്ളിയാഴ്ച ആണ്. പല ദൂര സ്ഥലങ്ങളിൽ നിന്നുള്ള ആളുകളും വീടുകളിലേക്ക് 2 ദിവസം ആഘോഷിക്കാൻ പോകുന്ന ദിവസം. ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴേ കണ്ടു ബസ്സിൽ കയറാൻ ഉള്ള ആളുകളുടെ കൂട്ടം ഞാൻ വലിയ തിരക്കൊന്നും പിടിക്കാതെ ബസ്റ്റോപ്പിൽ ഒരു മൂലയ്ക്ക് മാറിയിരുന്നു.

ഏകദേശം അരമണിക്കൂറിന് ശേഷമാണ് സ്റ്റോപ്പിലെ തിരക്ക് ഒന്ന് കുറഞ്ഞത്. തൃശ്ശൂർ ബോർഡ് വച്ച ലോ ഫ്ളാർ ബസ് സ്റ്റോപ്പിൽ നിർത്തിയപ്പോൾ അതിൽ കയറി. ബസ്സിൽ കയറിയാൽ എൻറെ പ്രധാന പണി ഒന്നില്ലെങ്കിൽ ഹെഡ്സെറ്റ് വച്ച് പാട്ട് കേട്ട് ഇരിക്കുകയാണ് ഇല്ലെങ്കിൽ സീറ്റ് കിട്ടിയാൽ വായനയ്ക്കുള്ള സമയമാണ്.

ഏകദേശം ഒരു രണ്ടു സ്റ്റോപ്പ് കഴിഞ്ഞപ്പോൾ കുറെ ആളുകൾ ഇറങ്ങി…ഒപ്പം സീറ്റും കിട്ടി…ഞാൻ വേഗം സീറ്റിൽ ചാടി കയറിയിരുന്ന്…മുഖപുസ്തകത്തിൽ കഥകൾക്കായി പരതാൻ തുടങ്ങി. ആരോ എന്നെ തോണ്ടുന്നത് പോലെ തോന്നിയപ്പോഴാണ് ഫോണിൽ നിന്ന് കണ്ണെടുത്തത്…ഞാൻ തിരിഞ്ഞ് നോക്കി.

ഒരു സുന്ദരി വാവ എന്നെ നോക്കി അവളുടെ കൊച്ചരി പല്ലുകൾ കാണിച്ച് ചിരിക്കാൻ തുടങ്ങി. നല്ല ഓമനത്തം തോന്നുന്ന മുഖം. ഞാനും അവളെ നോക്കി ചിരിച്ചു. അവളെ നോക്കി കണ്ണടച്ചും, മുഖം കൊണ്ടും ഗോഷ്ടി കൾ കാണിച്ചു. അങ്ങനെ കാണിക്കുമ്പോൾ അവൾ കുടുകുടാ ചിരിക്കുന്നത് കാണാൻ നല്ല രസമായിരുന്നു…

മ്മ…അമ്മ…എന്നെ കാണിച്ച് കൊടുക്കാനായി അവൾ അമ്മയുടെ കൈയ്യിൽ തോണ്ടി പക്ഷെ അവളുടെ അമ്മ അവളെ ശ്രദ്ദിക്കുന്നില്ല. കയറിയപ്പോൾ മുതൽ അവരു ഫോൺ വിളിഛ്ചുകൊണ്ട് ഇരിക്കാണ്. അമ്മ ശ്രദ്ധിക്കാത്തത് കണ്ടിട്ടാവണം അവൾ ചുണ്ടുകൾ കൂർപ്പിച്ചു. കരയാൻ ഉള്ള തുടക്കം ആണെന്ന് മനസ്സിലായും ഞാൻ ബാഗിൽ നിന്ന് ഒരു മിട്ടായി എടുത്ത് അവൾക്ക് കൊടുത്തു. അതോടെ അവൾ കരച്ചിൽ എന്നുള്ള ഉദ്യമം ഉപേക്ഷിച്ചു എന്നു തോന്നുന്നു.

വീണ്ടും അവളുടെ മുഖത്ത് ചിരി വിടർന്നു. അങ്ങനെ കളിച്ചും ചിരിച്ചും ഞങ്ങൾ തൃശൂർ എത്തി. എന്തൊ അവളെ വിട്ടിട്ട് പോരാൻ എനിക്ക് തോന്നാത്തത് പോലെ. അവളുടെ അമ്മ അവളെ എടുത്ത് പുറത്തിറങ്ങി. ഇത്രയും അടുത്തിട്ടും അവളുടെ പേര് അറിഞ്ഞില്ലല്ലോ.

ഞാൻ അവളുടെ അമ്മയുടെ അടുത്ത് ചെന്ന് വാവയുടെ പേര് ചോദിച്ചു. അവർ പുരികം ചുളിച്ച് എനെറെ ചോദ്യം ഇഷ്ടപെടാത്തത് പോലെ പേരു പറഞ്ഞു…

നൈനിക…പേരു പറഞ്ഞിട്ട് എങ്ങോട്ടോ പോവാൻ തിരക്കുള്ള പോലെ അവർ വേഗം നടന്നു മറഞ്ഞു. രാത്രി ഉറങ്ങാൻ കിടന്നപ്പോഴും എൻറെ ചിന്ത ആ വാവയെ കുറിച്ചായിരുന്നു…

കല്യാണം കഴിഞ്ഞ് ആദ്യ വർഷം തന്നെ ഞാൻ ഗർഭിണിയായി…ഞങ്ങൾ എല്ലാവരും സന്തോഷത്തിലായിരുന്നു…പക്ഷേ ഒരു നിമിഷത്തെ എൻറെ ശ്രദ്ധക്കുറവ്…ഒരു വീഴ്ചയിൽ എൻറെ കുഞ്ഞിനെ എനിക്ക് നഷ്ടപ്പെട്ടു. അതിനുശേഷം എത്രയെത്ര ചികിത്സകൾ, മരുന്നുകൾ പക്ഷേ ഇതു വരെ ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഞങ്ങളുടെ മോഹം നടന്നില്ല.

ഇടക്കെപ്പൊഴോ അതുള്ള ഭാഗ്യം ഉണ്ടാവില്ല എന്ന് തോന്നിയത് കൊണ്ടാകണം ഭർത്താവും എന്നെ ഉപേക്ഷിച്ച് പോയി. വീണ്ടും ഒറ്റക്ക്. തോൽക്കാൻ മനസ്സില്ലായിരുന്നു. ജീവിച്ച് കാണിക്കാൻ ഉള്ള വാശിയിൽ ഇത്രയും കാലം ജീവിച്ചു. പതിവ് പോലെ രാവിലെ തന്നെ ജോലിക്കിറങ്ങി.

ജോലി സ്ഥലത്തെത്തിയപ്പോൾ രേഷ്മയും നിമ്മിയും പതിവില്ലാതെ ചർച്ചയിലാണ്. എന്നാലും അവളൊക്കെ ഒരു അമ്മയാണോ..?അവൾക്കിങ്ങനെ എങ്ങനെ ചെയ്യാൻ തോന്നുന്നേ. ആ കൊച്ചിന്റെ മുഖം കണ്ടാ അങ്ങിനെ ചെയ്യാൻ തോന്നുമോ. ആ വാക്കുകൾ എന്റെ ചെവിയിൽ തറഞ്ഞപ്പോൾ ഞാൻ കാര്യം അറിയാൻ ആയി അവരുടെ അടുത്തേക്ക് ചെന്നു…എന്താടൊ സംഭവം?

താൻ അറിഞ്ഞില്ലേ പത്രത്തിൽ ഉണ്ടായിരുന്നല്ലോ?

ഇല്ല…

ദേ ഒരു പെണ്ണ് കാമുകൻറെ കൂടെ പോകാൻ ആയിട്ട് അതിൻറെ കൊച്ചിനെ കഴുത്ത് ഞ്ഞെരിച്ച് കൊന്നേക്കുന്നു.. പോലീസ് അവളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവൾ ഒന്നും ജയിൽ വരെ എത്തരുത്. കൊന്ന് കളഞ്ഞേക്കണം.

എന്തോ ആ വാർത്ത കേട്ടതും പറഞ്ഞറിയിക്കാനാവാത്ത ഒരു ബുദ്ധിമുട്ട് നെഞ്ചിൽ തങ്ങിനിന്നു. ആ വാർത്ത കേട്ടതു മുതൽ ജോലിയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ആവുന്നില്ല. കഴുത്തു ഞെരിച്ച് കൊല്ലാൻ നോക്കുമ്പോൾ പിടയുമ്പോൾ പോലും ആ കുഞ്ഞ് വിളിച്ചത് അമ്മേ എന്ന് തന്നെയായിരിക്കില്ലേ.

എങ്ങനെ തോന്നുന്നു ഇവർക്ക്…നെഞ്ച് വിങ്ങുന്നു…ശ്രദ്ധ എങ്ങും നിൽക്കാതായപ്പോൾ ഞാൻ കാന്റിനിലേക്ക് നടന്നു…ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ വെറുതെ ഫേസ്ബുക്ക് ഓപ്പൺ ചെയ്തു. ഫെയ്സ്ബുക്കിൽ മുഴുവൻ മകളെ മാപ്പ് തുടങ്ങിയ വാക്കുകളോടെ ആളുകൾ സങ്കടം രേഖപ്പെടുത്തി കൊണ്ടിരിക്കുന്നു. അതെല്ലാം ഡ്രാഗ് ചെയ്ത് താഴേക്ക് എത്തിയപ്പോഴാണ് ഒരു ആൾ ഇട്ടിരിക്കുന്ന മകളെ മാപ്പ് എന്നാ ഹാഷ്ടാഗിന് താഴെയുള്ള ഫോട്ടോസ് ശ്രദിച്ചത്.

പിന്നെ ഒന്ന് ചലിക്കാൻ പോലും എനിക്കായില്ല…തറഞ്ഞിരുന്ന് പോയി…കണ്ണുനീർ ധാരധാരയായി ഒഴുകി…മറ്റുള്ളവർ എന്നെ ശ്രദ്ധിക്കുന്നുണ്ട്…ആരൊക്കെയോ എന്തുപറ്റി എന്ന് അടുത്തുവന്നു ചോദിക്കുന്നുണ്ട്…പക്ഷേ ഒരു വാക്കുപോലും തിരിച്ചു മിണ്ടാൻ കഴിയുന്നില്ല. നെഞ്ചിലെ വേദന സഹിക്കാൻ കഴിയാതെ ഞാൻ തളർന്നു വീണു. ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു.

വൈകുന്നേരമായപ്പോഴേക്കും എന്നെ ഡിസ്ചാർജ് ചെയ്തു. എങ്ങോട്ട് പോകണം എന്ന ചിന്തയിൽ ആദ്യം തെളിഞ്ഞത് അവളുടെ മുഖമായിരുന്നു. പോയി അവളുടെ നാട്ടിലേക്ക്. ഒരു കുഞ്ഞു പെട്ടിയിൽ സുന്ദരിയായി ഒരുക്കി അവളെ കിടത്തിയിരിക്കുന്നു. ഇപ്പോഴും ആ കൊച്ചിനെ പല്ലുകൾ കാട്ടി അവൾ ചിരിക്കുന്നുണ്ടോ. ഉണ്ട് എന്നെ നോക്കി ചിരിക്കുന്നുണ്ട്…

വീടിനു മുൻപിൽ തന്നെ അവളുടെ ഫോട്ടോ വെച്ച് ഒരു ഫ്ലക്സ് വച്ചിട്ടുണ്ട്. അതിനടിയിൽ പേരും പേരും വയസ്സും എഴുതിയിരിക്കുന്നു…

നൈനിക…3 വയസ്സ്…

കഴിഞ്ഞില്ലല്ലോ മകളെ നിന്നെ രക്ഷപ്പെടുത്താൻ…നിന്റെ മുഖത്തെ ആ ചിരി നിലനിർത്താൻ. കരയാൻ ആവുന്നില്ല മനസ്സിൽ ആകെ ഒരു മരവിപ്പ് മാത്രം. ഇടയ്ക്കെപ്പോഴോ കുറച്ചു നേരത്തിനു ശേഷം അവളുടെ അമ്മയെ ജയിലിൽനിന്ന് അവളെ കാണാനായി കൊണ്ടുവന്നു. അവർ അവരുടെ മുമ്പിൽ നിന്ന് കരയുന്നു. എന്തിന്? കുറെ നാളുകൾ എടുത്തു ആ വിഷമം മനസ്സിൽ നിന്നും മായാൻ.

ഇന്ന് ഓഫ് ആണ്. രാവിലെ തന്നെ പണികൾ ഒതുക്കി പത്രം എടുത്തു വായിക്കാൻ തുടങ്ങി. ഫ്രണ്ട് പേജിലെ ന്യൂസ് കണ്ടപ്പോൾ എൻറെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. നൈനിക എന്ന മൂന്നു വയസ്സുള്ള കുട്ടിയെ കൊന്ന കേസിലെ പ്രതി ആയ സ്ത്രീ ദുരൂഹ സാഹചര്യത്തിൽ ജയിലിൽ കൊല്ലപ്പെട്ട നിലയിൽ……