പൊട്ടൻ ~അവസാനഭാഗം (04) ~ രചന: മഹാദേവൻ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

” അതല്ല അമ്മേ… ഞാൻ….. ഞാൻ വന്നത്….നമ്മുടെ സതീശൻ…… “

അവൻ പറഞ്ഞുവന്ന വാക്കുകൾ മുഴുവനാകും മുന്നേ ഞെട്ടിത്തരിച്ചു ശില കണക്കെ വിറങ്ങലിച്ചു നിൽക്കുന്ന നിൽക്കുന്ന അമ്മയുടെ തൊണ്ടക്കുഴിയിൽ തട്ടി നിൽക്കുന്നുണ്ടായിരുന്നു ” മോനെ ” എന്ന അമ്മമനസിന്റെ ഒരു നിലവിളി.

വാക്കുകൾ മുഴുവനാക്കാൻ കഴിയാതെ പരിഭ്രമിച്ചു നിൽക്കുന്ന ശിവനു മുന്നിൽ സ്തംഭിച്ചു നിൽക്കുകയായിരുന്നു ശാരദ.

” ന്താ ശിവാ അവന് പറ്റിയത്. എന്താണെങ്കിലും നീയൊന്ന് തെളിച്ചു പറ മനുഷ്യനെ ആധി പിടിപ്പിക്കാതെ. ഈ രാത്രി നീ ഇങ്ങനെ ഓടിക്കിതച്ചു വരണമെങ്കിൽ അരുതാത്തതായി എന്തോ നടന്നിട്ടുണ്ട്.. പറ മോനെ.. ന്താ സതീശന് പറ്റിയത്…. “

അമ്മയുടെ ആധി കലർന്ന ചോദ്യത്തിന് മുന്നിൽ എന്ത് പറയണമെന്ന് അറിയാതെശിവൻ മുഖത്തെ വിയർപ്പുകണങ്ങൾ തുടച്ചുകൊണ്ട് നിൽക്കുമ്പോൾ അവന്റെ ഭാവം കണ്ട് കാര്യം പറയാനുള്ള മടി മനസിലായപ്പോലെ അമ്മ ഒരു ദീർഘനിശ്വാസത്തോടെ നിസാരമട്ടിൽ പറയുന്നുണ്ടായിരുന്നു

” ഓഹ്.. പറയാനുള്ള നിന്റെ മടി കാണുമ്പോഴേ മനസ്സിലാകുന്നുണ്ട് അവന്റെ കയ്യിലിരിപ്പ് കൊണ്ട് എന്തേലും പറ്റിയിട്ടുണ്ടാകും എന്ന്. കുടിച്ച് കൂത്താടി എവിടേലും വീണ് തല പൊട്ടിയിട്ടുണ്ടാകും അല്ലെ? പൊട്ടട്ടെ. അങ്ങനെ എങ്കിലും കുറച്ചു ദിവസം വീട്ടിൽ അടങ്ങിക്കിടക്കുമല്ലോ.നീയൊക്കെ അല്ലെ കൂടെ കൂടി കുടിക്കാൻ കൂടുന്നത്. അപ്പോൾ ബോധമില്ലാതെ വീണ് തല വല്ലതും പോയിട്ടുണ്ടെങ്കിൽ നീയൊക്കെ തന്നെ കൊണ്ടുപോയി ചികിത്സയ്ക്ക്. അല്ലാതെ കള്ളും കുടിച്ച് തോന്നിവാസം കാണിക്കുന്നവന്റെ പിന്നാലെ ചൂട്ടും പിടിച്ച് നടക്കാൻ ഇവിടെ ആളില്ല. കേട്ടലോ.. “

അതും പറഞ്ഞ് അഴിഞ്ഞ മുടിയൊന്ന് വാരികെട്ടി ” നീ ചെല്ല് ശിവ ” എന്നും പറഞ്ഞ് വാതിലടക്കാൻ തുടങ്ങുമ്പോൾ അത്‌ തടഞ്ഞുകൊണ്ട് വിറയാർന്ന ശബ്ദത്തിൽ അവൻ കാര്യം അമ്മക്ക് മുന്നിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു,

” അമ്മേ…. കുടിച്ച് എന്നത് ശരിയാ.. പക്ഷേ….വീണതല്ല അമ്മേ.. ഏതോ വണ്ടി ഇടിച്ചതാണെന്നാ പറഞ്ഞത്. ഇടിച്ച വണ്ടി നിർത്താതെ പോയി. രാത്രി ആയത് കൊണ്ടും അധികം ആരും കാണാത്തത് കൊണ്ട് കുറെ ചോര പോയി. ബാറിൽ നിന്നും ഇറങ്ങിയ അവനെ അറിയുന്ന ഒരാൾ ആണ് ഹോസ്പിറ്റലിൽ എത്തിച്ചതും ഞങ്ങളെ വിളിച്ച് അറിയിച്ചതും. “

അത്‌ കേട്ട് അമ്മ ഞെട്ടലോടെ തിരിയുമ്പോൾ ” ഈശ്വരാ ” എന്ന് ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു.അതോടൊപ്പം പെറ്റ വയറിന്റ വേദന കണ്ണുകളിലൂടെ ധാരധാരയായി ഒഴുകാൻ തുടങ്ങി.

—————————————————-

ഹോസ്പിറ്റലിലെ ഓപ്പറേഷൻ തിയേറ്ററിനു മുന്നിൽ നിൽക്കുമ്പോൾ കാലുകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു ഹേമയുടെ. ” ഒന്നും സംഭവിക്കരുതേ ” എന്ന് മനമുരുകി പ്രാർത്ഥിക്കുമ്പോൾ സതീശൻ കഴുത്തിലണിയിച്ച താലിയിൽ മുറുക്കെ പിടിച്ചിരുന്നു അവൾ.

ഇതുവരെ സ്നേഹത്തോടെ ഒന്ന് നോക്കുകപോലും ചെയ്തിട്ടില്ല സതീശൻ. പക്ഷേ, എങ്ങനെയൊക്കെ പെരുമറിയാലും എത്രയൊക്കെ ആയാലും ഉള്ളിൽ കിടക്കുന്നത് തന്റെ ഭർത്താവാണ് .ഇരിപ്പുറക്കാതെ അവൾ ഇടക്കിടെ അടഞ്ഞ വാതിൽക്കലേക്ക് എത്തിനോക്കുമ്പോൾ ഒന്നും മിണ്ടാനോ അവളെ അടുത്തു പിടിച്ചിരുത്തി ഒന്ന് സമാധാനിപ്പിക്കാനോ കഴിയാതെ കസേരയിൽ കണ്ണുകൾ അടച്ചിരിപ്പുണ്ടായിരുന്നു ശാരദ.

അതേ അവസ്ഥയിൽ ആയിരുന്നു ശങ്കരനും. തിയേറ്ററിന് മുന്നിലെ വരാന്തയിലൂടെ കൈ പിന്നിൽ കെട്ടിക്കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഒരേ നടപ്പ് നടക്കുമ്പോൾ ഇടക്കിടെ അവനും ആ വാതിൽക്കലേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു. പിന്നെ ദേഷ്യവും സങ്കടവുമെല്ലാം കലർന്ന മുഖഭാവത്തോടെ ആരോടും ഒന്നും പറയാതെ തല താഴ്ത്തി അതേ നടപ്പ് തുടരും.

” സതീശന്റെ ബന്ധുക്കൾ ആരാ ഉള്ളത്? “

ഒരു നഴ്സ് വാതിൽ തുറന്ന് ചോദിക്കുമ്പോൾ ഹേമ വേഗം വാതിൽക്കലേക്ക് ചെന്നു.പിന്നെ തുറന്ന് വാതിലിന്റ ചെറിയ വിടവിലൂടെ ഒരു പ്രതീക്ഷയെന്നോണം അകത്തേക്ക് നോക്കാൻ ശ്രമിക്കുമ്പോൾ വിളിച്ച നേഴ്സ് അവളെ നോക്കികൊണ്ട്‌ ഒരു ബിൽ നീട്ടി പറയുന്നുണ്ടായിരുന്നു ” ഇത്രേം സാധനങ്ങൾ വാങ്ങണം. എന്നിട്ട് ഇവിടെ വന്ന് വിളിച്ചാൽ മതി ” എന്ന്..

അതും പറഞ്ഞ് വലിയ ഒരു ലിസ്റ്റ് അവളുടെ കയ്യിലേക്ക് കൊടുത്ത് നേഴ്സ് അകത്തേക്ക് പോകുമ്പോൾ അവളുടെ പ്രതീക്ഷക്ക് മുന്നിൽ aa വാതിൽ സാവധാനം അടഞ്ഞു.

അതും കയ്യിൽ പിടിച്ച് നിൽക്കുമ്പോൾ അവൾക്കറിയില്ലായിരുന്നു എന്ത് ചെയ്യണമെന്ന്. അത്രേം സാധനങ്ങൾ ഓപ്പറേഷന് വേണ്ടി ഉപയോഗിച്ചതാണെന്നും അത്‌ വാങ്ങി അവിടെ കൊടുക്കണമെന്നും അവൾക്ക് അറിയാമായിരുന്നു. പക്ഷേ, ഇതിന് ഇപ്പോൾ എത്ര ആകും എന്ന് പോലും നിശ്ചയമില്ല. കയ്യിൽ ഉള്ളത് കൊണ്ട് ഇത്രയും വാങ്ങാൻ കഴിയില്ലെന്ന് അവൾക്ക് ഓർക്കുമ്പോൾ…

” ന്താ ഹേമകുഞ്ഞെ.. ആ ചേച്ചി പറഞ്ഞേ… അനിയൻകുട്ടൻ എണീറ്റോ…. ന്നിട്ട് നമ്മളോട് കണ്ടോളാൻ പറഞ്ഞോ ” എന്നൊക്കെ ആകാംഷയോടെ ചോദിക്കുന്ന ശങ്കരന് മുന്നിലേക്ക് ആ ബില്ല് നീട്ടികൊണ്ട് അവൾ കണ്ണുകൾ ഒന്ന് അമർത്തിതുടച്ചു പിന്നെ സങ്കടത്തോടൊപ്പം പുറത്തേക്ക് വരാൻ മടിക്കുന്ന വാക്കുകളിൽ അവൾ പറഞ്ഞൊപ്പിക്കുന്നുണ്ടായിരുന്നു “ഇത്രേം മരുന്ന് വാങ്ങണത്രെ നമ്മളിനി എന്ത് ചെയ്യും ശങ്കരേട്ടാ ” എന്ന്.

അത്രേം ആളുകൾക്കിടയിൽ അവൾ കരയുന്നത് കണ്ടപ്പോൾ അവൻ വിഷമത്തോടെ അവളുടെ കയ്യിൽ നിന്നും അത്‌ വാങ്ങി,

” അയ്യേ.. ന്തിനാ ഹേമകുഞ്ഞു കരയണേ. ഇതൊന്നും സാരല്യാന്നേ..കുട്ടന് വേം മാറുംട്ടോ..ഇത് ഞാൻ പോയി വാങ്ങി വരാട്ടോ. ” എന്നും പറഞ്ഞ് പോക്കറ്റിൽ ഒന്ന് പരതികൊണ്ട് മുഖത്തു തെളിച്ചമില്ലാത്ത ചിരിയാൽ അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ “ഹേമകുഞ്ഞു കരയാതെ ഇവടെ ഇരി… അപ്പഴേക്കും ഞാൻ പോയി സൂർ ന്ന് വരാം. അതിനിടക്ക് കുട്ടൻ വിളിച്ചാൽ ഞാൻ ഇവിടെ ഉണ്ടെന്ന് പറയണേ.. അല്ലെങ്കിൽ അവന് പിന്നേം ന്നോട് ദേഷ്യയാലോ..ചോയ്ച്ചാൽ പറയണം ഏട്ടൻ ഇപ്പം വരൂന്ന്.. കേട്ടല്ലൊ. ” എന്നും പറഞ്ഞ് നിറഞ്ഞ കണ്ണുകൾ തുടച്ചു കുടുകുടെ ചിരിക്കാൻ ശ്രമം നടത്തുന്ന അവനെ നോക്കി എല്ലാത്തിനും ” ശരി ” എന്ന് തലയാട്ടി സമ്മതിക്കുമ്പോൾ അവൻ തലകുലുക്കി സമ്മതം പറഞ്ഞ് തിരിഞ്ഞു നടന്നു.

അവൻ പോകാൻ തിരിയുമ്പോൾ അവൾക്ക് അറിയാമായിരുന്നു ശങ്കരേട്ടൻ കരുതുംപോലെ ചെറിയ ഒരു തുകയല്ല ആ ബില്ലിൽ ഉള്ളതെന്ന്.

എന്നിട്ടും.. അത്രയും കാശ് ഇതുവരെ കണ്ടിട്ട് പോലും ഉണ്ടാകില്ലെന്ന്. “പാവം, അനിയന് വേണ്ടി ഓടാനും ഇപ്പോൾ എല്ലാവരും കളിയാക്കി വിളിക്കുന്ന പൊട്ടൻ മാത്രം ” എന്ന് മനസ്സിൽ കരുതുമ്പോൾ അവൾക് ആ വെക്തിയോടെ കൂടുതൽ ബഹുമാനം തോന്നുന്നുണ്ടായിരുന്നു.

” ശങ്കരേട്ടാ… “

അവൻ പോകുന്ന വഴിയേ നോക്കി പിറകിൽ നിന്നും വിളിക്കുമ്പോൾ തിരിഞ്ഞു നിൽക്കുന്ന അവന് കഴുത്തിലെ താലിമാല അഴിച്ചവൾ ആ കൈ പിടിച്ച് അതിലേക്ക് വെച്ച് കൊടുക്കുമ്പോൾ അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു ” ശങ്കരേട്ടൻ ഇത് കൊണ്ടോയി വിറ്റോ. ന്നിട്ട് ഈ മരുന്നൊക്കെ വാങ്ങി വന്നാൽ മതി. വരുമ്പോൾ ഒരു ചരട് കൂടി കൊണ്ടുവരണംട്ടോ.. ഈ താലിക്ക് ഒരു ഉറപ്പ് വേണം. ” എന്ന്.

അത്‌ പറയുമ്പോൾ അറിയാതെ അവളുടെ കണ്ണിൽ നിന്നും രണ്ട് തുളളി കണ്ണുനീർ ആ താലിയിലേക്ക് അടര്ന്നു വീണ് പിടയുന്നുണ്ടായിരുന്നു.

അത്‌ കൂടി കണ്ടപ്പോൾ ശങ്കരൻ മുഖം ഒന്ന് അമർത്തി തുടച്ചുകൊണ്ട് അവൾക്ക് നേരെ തന്നെ ആ മാല നീട്ടി

” വേണ്ട ഹേമകുഞ്ഞെ. ഈ മാലയൊന്നും അങ്ങനെകളയാൻ പാടില്ല. ഇതിനൊക്കെ ഒരുപാട് സത്യണ്ടെന്ന് അമ്മ പറയാറുണ്ടല്ലോ. ഇതെന്താ ഹേമകുഞ്ഞ് ങ്ങനെ..ഇങ്ങനച്ചാ ഞാൻ ഇനി അപ്രത്ത്‌ മാറി നില്കും. ഇങ്ങട് വരൂടി ല്ല്യ… “

അവൻ നീട്ടിയ മാലയോടൊപ്പം അവന്റെ പരിഭവംപറച്ചിൽ കൂടി കേൾക്കുമ്പോൾ അവൾ കയ്യിൽ മുറുക്കെ ചേർത്തു പിടിച്ച താലി അവനു കാണിച്ചുകൊണ്ട് പറഞ്ഞു ” ശങ്കരേട്ടൻ വിഷമിക്കണ്ട.. അനിയൻ കെട്ടിയ രണ്ട് പവന്റെ മാലയെക്കാൾ വില ഈ കാൽ പവന്റെ താലിക്കാണ്. അത്‌ ഞാൻ കളയാതെ സൂക്ഷിച്ചോളാ.. താലി ഒരു വാഗ്‌ദാനമാണ്. ജീവിതകാലം ചേർത്തുപിടിച്ചു ജീവിക്കാമെന്നുള്ള വാഗ്ദാനം. ” അത്‌ പറയുമ്പോൾ അവളുടെ വാക്കുകൾ ഇന്ന് ഇടറി.

” പിന്നെ ഈ മാലക്ക് ഇപ്പോൾ ഒരു ജീവന്റെ കൂടി വിലയുണ്ട്. അത്‌ എന്റെ കഴുത്തിൽ കിടന്നാൽ ചിലപ്പോൾ നാളെ കഴിക്കുന്ന ഭക്ഷണം പോലും ഇറങ്ങില്ല ചിലപ്പോൾ.. ഈ സ്വർണ്ണകൊളുത്തിന്റെ അറ്റത്തിപ്പോൾ ഏട്ടന്റെ അനിയൻകുട്ടന്റെ ശ്വാസമുണ്ട്. അതുകൊണ്ട് ഇപ്പോൾ ശങ്കരേട്ടൻ ഇത് കൊണ്ടുപോയി കൊടുക്കൂ.. ഇത് വിറ്റ് കിട്ടുന്ന കാശ് പോലും മതിയാവില്ല ഇവിടെ നിന്ന് ഇറങ്ങാൻ. ” എന്നും പറഞ്ഞ് ആ മാല അവന്റ കയ്യിൽ തന്നെ പിടിപ്പിക്കുമ്പോൾ ആ മാല കയ്യിൽ വാങ്ങുന്നതിന്റ എല്ലാ വിഷമവും ശങ്കരന്റെ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു.

————————————————–

, ” മൊതലാളി ഇക്ക് കൊർച് കാശേരോ. ആസ്പത്രീല് കൊടുക്കാനാ “

ശങ്കരൻ അവന്റെ മുതലാളിയായ തോമസ്സിന്റ അരികിൽ കെഞ്ചലോടെ നിൽകുമ്പോൾ ” നീ എന്താടാ ശങ്കരാ ലീവും എടുത്ത് നടന്നിട്ട് കാശ് ചോദിച്ചാൽ ഞാൻ എവിടുന്ന് തരാനാടാ, അല്ലെങ്കിൽ തന്നെ നിനക്ക് ഇപ്പോൾ എന്തിനാ ഇത്രേം പണം ” എന്ന് അന്വോഷിക്കുന്ന തോമസിനോട് കെഞ്ചി കെഞ്ചി പറയുന്നുണ്ടായിരുന്നു അവൻ ” ന്റെ കുട്ടൻ ആസ്പത്രീലാ മൊതലാളി. അവനെ നോക്കാൻ ആസ്പത്രീല് കൊറേ കാശ് കൊടുക്കണം. നിക്ക് എവിടുന്ന് കിട്ടാനാ..മൊതലാളി കൊറേ കാശ് തരോ നിക്ക്. ന്റെ അനിയൻകുട്ടനെ ആസ്പത്രിക്കാര് തരണേൽ കൊറേ കാശ് വേണംന്നും പറഞ്ഞ് ഹേമ കുഞ്ഞ് കരയണ് കാണുമ്പോൾ സൈക്കണില്ല മൊതലാളി. ന്ത്‌ പണി വേണേലും ഞാൻ ചെയ്‌തോളാ… ” എന്ന്.

” നിന്റെ അനിയൻ അല്ലെ.. ആ താന്തോന്നി. അവനെ ഒക്കെ രക്ഷിച്ചിട്ട് എന്തിനാടാ പിന്നേം ഭൂമിക്ക് ഭാരം കൂട്ടുന്നത്? വീടിനും നാടിനും ഗുണമില്ലാത്ത ഒരുത്തൻ. ചത്തു പോയാൽ നിങ്ങൾ രക്ഷപ്പെട്ടെന്ന് കരുതിയാൽ മതി. വെറുതെ കുറെ കാശ് ചിലവാക്കി പാമ്പിനെ എടുത്തു വീണ്ടും തോളിൽ വെക്കുന്ന പോലെ ആണ് ഇതിപ്പോ “

തോമസ്സ് സതീശന്റെ കാര്യം പറഞ്ഞപ്പോഴേ പുച്ഛത്തോടെയും തീരെ താല്പര്യം ഇല്ലാത്തപോലെയും ശങ്കരനെ നിരുത്സാഹപ്പെടുത്തി സംസാരിക്കുമ്പോൾ ശങ്കരൻ വിഷമത്തോടെ പറയുന്നുണ്ടായിരുന്നു ” അങ്ങനെ പറയല്ലേ മൊതലാളി.. ന്റെ കുട്ടൻ പാവല്ലേ. ന്നേ തല്ലാൻ ആണേലും നിക്ക് അവനെ കാണാലോ..അവൻ ഇല്ലേൽ ഒരു സുഗോംണ്ടാവില്ല. നിക്ക് അത്രയ്ക്ക് ഇഷ്ട്ടാ ന്റെ കുട്ടനെ.ഞാൻ കാല് പിടിക്കാ.. നിക്ക് കാശ് തരോ. ഞാൻ മൊതലാളി എന്ത് പണി പറഞ്ഞാലും ചെയ്യാ.. രാത്രീമ് പകലും.. അങ്ങനെ തന്ന് വീട്ടിക്കോളാ ഞാൻ.. നിക്ക് കാശ് തരോ “

അവൻ കെഞ്ചിക്കൊണ്ട് ആ കാൽക്കൽ ഇരിക്കുമ്പോൾ തോമസ്സ് കാല് വലിച്ചുകൊണ്ട് സങ്കരനോട് എഴുനേൽക്കാൻ ആവശ്യപ്പെട്ടു.

” നീ ഇത്രേം വലിയ തുക ചോദിക്കുമ്പോൾ നിന്നെ കൊണ്ട് ഇത് വീട്ടാൻ പറ്റില്ലെന്ന് എനിക്ക് അറിയാം. ഇത്രേം കാലം ഇവിടെ പണിയെടുത്തിട്ടും വീട്ടിലെ ദാരിദ്ര്യം തീർക്കാൻ പറ്റിയിട്ടില്ല. അപ്പഴാ ഇനി ഇത്രയും വലിയ തുക വീട്ടുന്നത്. എന്തായാലും നീ ഒരു കാര്യം ചെയ്യ്. ഇപ്പോൾ പൊ.. ഞാൻ ഒന്ന് ആലോചിക്കട്ടെ. പണമല്ലേ..വെറുതെ വലിച്ചെറിഞ്ഞാൽ തിരിച്ചു വരുന്ന ഒന്നല്ല അത്‌. അതും നിന്റെ ആ തലതെറിച്ച അനിയന് വേണ്ടി കൂടി ആകുമ്പോൾ…

നീ ചെല്ല്…. “

അതും പറഞ്ഞ് അയാൾ കാറുമെടുത്തു പുറത്തേക്ക് പോകുമ്പോൾ ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ മുന്നോട്ട് നടന്നു ശങ്കരൻ.നിറഞ്ഞ് തൂവുന്ന കണ്ണുകൾ തുടച്ചുകൊണ്ട്.അപ്പോഴെല്ലാം അവന്റ കണ്ണുകളിൽ ഭർത്താവിന് വേണ്ടി താലി മുറുക്കെ പിടിച്ച് നെഞ്ചുരുകി പ്രാർത്ഥിക്കുന്ന ഹേമയുടെ മുഖം ആയിരുന്നു.

പലയിടത്തും അലഞ്ഞ് പലരോടും വാങ്ങിയ കാശുമായി ഹോസ്പിറ്റലിൽ എത്തുമ്പോൾ അവനെയും പ്രതീക്ഷിച്ചു പുറത്ത് തന്നേ വേവലാതിയോടെ കാത്തുനിൽപ്പുണ്ടായിരുന്നു ഹേമ.

ദൂരെ അവന്റെ മുഖം വെക്തമായപ്പോൾ അതുവരെ ഉണ്ടായിരുന്ന വെപ്രാളത്തിൽ നിന്നും തെല്ല് ആശ്വാസം കിട്ടിയപോലെ അവൾ ഒന്ന് ശ്വാസം വലിച്ചുവിട്ടു.അതുവരെ ഭയം തീണ്ടിയ മനസ്സിൽ ഒരു പ്രതീക്ഷയുടെ തിരിവെട്ടം തെളിയുമ്പോൾ അവൾ സാരിത്തലപ്പ് കൊണ്ട് മുഖം തുടച്ച് അരികിലേക്ക് പ്രാഞ്ചി പ്രാഞ്ചി വരുന്ന ശങ്കരനെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.

” എവിടെ ആയിരുന്നു ശങ്കരേട്ടാ…. ഇത്രേം നേരായപ്പോൾ ഞാൻ പേടിച്ചുട്ടോ. അവർ ഇടക്കിടെ മരുന്ന് എത്തിയോ എന്ന് ചോദിക്കുമ്പോൾ ചങ്കിടിക്കുകയായിരുന്നു.ആള് ഇപ്പോൾ വരും എന്ന് പറഞ്ഞ് ഒരു വിധത്തിൽ സമ്മതിപ്പിച്ചിട്ടും ഇടക്ക് റൂമിലേക്കു വന്ന് ഓർമ്മിപ്പിക്കും അവർ. അതൊക്കെ കണ്ട് മനസ്സ് മരവിച്ചുതുടങ്ങിയപ്പോൾ ആണ് ഞാൻ പുറത്തേക്കിറങ്ങിയത് ശങ്കരേട്ടനേം പ്രതീക്ഷിച്ച്.ഇവിടെ നിൽക്കാൻ കുറെ നേരം ആയി. ദേ ഈ നിമിഷം വരെ ഇങ്ങനെ നിന്നു എന്നല്ലാതെ കാല് നിലത്തുറക്കുന്നില്ലായിരുന്നു.ശങ്കരേട്ടനെ കണ്ടപ്പൊഴാ ഒന്ന് സമാധാനം ആയത്. കാശ്…. കാശ് കിട്ടിയോ ശങ്കരേട്ടാ…. “

അവളുടെ വാക്കിൽ തന്നെ ഉണ്ടായിരുന്നു അതുവരെ അവളിലുണ്ടായ വേവലാതിയും വെപ്രാളവുമെല്ലാം.

അവളുടെ വാക്കുകൾ കേട്ട് ഇടക്കൊന്ന് ആഹ്ളാദത്തോടെ അവളുടെ മുഖത്തേക്ക് നോക്കി. പിന്നെ മുഖമൊന്ന് ആട്ടിചിരിച്ചുകൊണ്ട് ശങ്കരൻ ചോദിക്കുന്നുണ്ടായിരുന്നു,

” അയ്യോ.. ന്റെ കുട്ടനെ ഓപ്പ്റേഷൻ കഴിഞ്ഞ് റൂമിലേക്ക് കൊണ്ടന്നോ..? ഹോ..ആ ഓപ്പ്റേഷൻ ചെയ്യണ വാതിൽ കണ്ടാൽ തന്നെ ഇക്ക് പേട്യവും.ഞാൻ അവിടെ നിക്കുമ്പോ ന്തോരം പിടിച്ചെന്ന് അറിയോ ഹേമകുഞ്ഞിന്. പക്ഷേ, ഞാൻ പുറത്ത് കാണിച്ചില്ലാട്ടോ.. ഞാനും കൂടി പേടിച്ചാ പിന്നെ അമ്മേനേം ഹേമകുഞ്ഞിനേം ആര് സന്തോഷിപ്പിക്കും.ങ്ങളൊക്കെ വിഷമിക്കുമ്പോ ശങ്കരന് വല്ലാത്ത സങ്കടാ..ന്തായാലും കുട്ടനെ അവിടെന്ന് മാറ്റിലോ.. വാ.. നിക്ക് കുട്ടനെ കാണാൻ തോന്നാ… വാ ഹേമകുഞ്ഞെ ” എന്നും പറഞ്ഞ് അവൻ അവളുടെ കയ്യും പിടിച്ചുവലിച്ചു മുന്നോട്ട് നടക്കുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു “ശങ്കരേട്ടാ… ആ കാശ് കൊടുത്താലേ കുട്ടേട്ടന് ഇനീം അവരു മരുന്ന് കൊടുക്കൂ ” എന്ന്.

അത്‌ കേട്ടപ്പോൾ ദൃതിയിൽ അവളേം വലിച്ച് മുന്നോട്ട് ഓടുന്ന അവൻ സഡൻ ബ്രേക്ക് ഇട്ട പോലെ നിന്നു. പിന്നെ വേം പോക്കറ്റിൽ നിന്നും പലരിൽ നിന്നും വാങ്ങിയ കാശ് വാരിക്കൂട്ടി അവളുടെ കയ്യിൽ കൊടുത്തുകൊണ്ട് അവൻ വിഷമത്തോടെ പറയുന്നുണ്ടായിരുന്നു ” വേം ഈ കാശ് കൊടുക്ക് ഹേമകുഞ്ഞെ. അല്ലേൽ അവരു കുട്ടന് മരുന്ന് കൊടുത്തില്ലേൽ ഇനീം വയ്യായ കൂടും. പാവല്ലേ അവൻ.. മരുന്ന് കിട്ടാതെ കുട്ടൻ വേദനിച്ചാൽ നിക്ക് ന്റെ ഇവടെ വേദനിക്കും. അവൻ കുറെ കിടന്നിട്ടുള്ളതല്ലേ ഇവടെ ” എന്നും പറഞ്ഞ് ശങ്കരൻ നെഞ്ചിൽ കൈ വെക്കുമ്പോൾ അവൾ അവനെ കണ്ണിമ ചിമ്മാതെ നോക്കിനിന്നു. നിഷ്ക്കളങ്കമായ വാക്കുകളിൽ ഈ മനുഷ്യൻ എത്രത്തോളം സ്നേഹമാണ് ഒളിപ്പിച്ചുവെക്കുന്നത് എന്ന് ഓർത്തുകൊണ്ട്.

പിന്നെ അവൾ അവനെ അവിടെ നിർത്തി അതുവരെ ഉള്ള ബില്ല് അടച്ച് തിരികെ വരുമ്പോൾ ചെറിയ വിഷമത്തോടൊപ്പം ഒരു ദീർഘനിശ്വാസം എടുത്തുകൊണ്ട് ആരോടോ എന്നപോലെ പറയുന്നുണ്ടായിരുന്നു ” ഈശ്വരാ… ഈ ബില്ല് അടക്കാൻ തന്നെ ആ പാവം എന്തോരം ഓട്ടം ഓടിയിട്ടുണ്ടാകും . അപ്പൊ ഇനി ഇവിടെ നിന്നെ ഒന്ന് ഇറങ്ങണമെങ്കിൽ… ആലോചിച്ചിട്ട് ഒരു പിടിയും ഇല്ലല്ലോ ദൈവമേ ” എന്ന്.

അതോടൊപ്പം ഉള്ളുരുകി പ്രാര്ത്ഥിക്കുമ്പോൾ അടുത്തു നിൽക്കുന്ന ശങ്കരൻ ചോദിക്കുന്നുണ്ടായിരുന്നു. ” ന്താ ഹേമകുഞ്ഞെ.. ഒറ്റയ്ക്ക് നിന്ന് സംസാരിക്കണെ? വാ.. നിക്ക് കുട്ടനേ കാണണ്ടേ.. വേം വാ… ” എന്ന്. അതും പറഞ്ഞ് അവൻ റൂം തേടി മുന്നിൽ നടക്കുമ്പോൾ റൂം അറിയാമായിരുന്നിട്ടും അതൊന്ന് പറഞ്ഞുകൊടുക്കാൻ അവന്റെ നടത്തത്തിനൊപ്പം എത്താൻ ഓടുകയായിരുന്നു അവൾ.

അവനെയും കൂട്ടി റൂമിലെത്തുമ്പോൾ മയക്കത്തിലായിരുന്നു സതീശൻ. അടുത്തു തന്നെ അവനെയും നോക്കി അമ്മയും ഇരിപ്പുണ്ട്.ശങ്കരൻ നോക്കുമ്പോൾ സതീശന്റെ ഇടത് കാലിലും വലതു കയ്യിലും പ്ലാസ്റ്റർ ഉണ്ടായിരുന്നു. അതോടൊപ്പം തലയിൽ വലിയ ഒരു കെട്ടും …

അത് കണ്ട് സങ്കടത്തോടെ അവൻ മാറി ചുവരോട് ചേർന്ന് നിൽകുമ്പോൾ സതീശന്റെ മുടിയിലൂടെ ഒന്ന് തലോടി ഹേമ.

” നീ എന്താടാ ങ്ങനെ മാറി നിൽക്കുന്നത്. ഇവിടെ വന്നിരിക്ക് മോനെ “

എല്ലാം നോക്കികൊണ്ട് അപ്പുറത്ത് മാറിനിൽക്കുന്ന ശങ്കരനെ അമ്മ അടുത്തെക്ക് വിളിക്കുമ്പോൾ ശങ്കരൻ ഒന്നുടെ ഭിത്തിയോട് ചേർന്ന് നിന്ന് പറയുന്നുണ്ടായിരുന്നു “വേണ്ടമ്മേ.. കുട്ടന് വയ്യാത്തതല്ലേ.. ഇപ്പോൾ പാവം ഒറങ്ങാ. അതിനിടക്ക് എഴുനേൽക്കുമ്പോൾ ന്നേ കണ്ടാൽ ദേഷ്യം വന്നാലോ.. അപ്പൊ കുട്ടന് പിന്നേം വേദന കൂടും. പാവം ഒരുപാട് വേദനിക്കുന്നുണ്ടാവും. അപ്പോൾ ന്നേ കണ്ട് പിന്നേം വേദന കൂടണ്ടാലോ. അതോണ്ട് ഞാൻ ഇവിടെ നിന്നോളാ.. നിക്ക് കാണാലോ കുട്ടനെ ” എന്ന്.

അത്‌ കേട്ട് ഹേമയുടെയും ശാരദയുടെയും മുഖം ഒന്ന് മങ്ങി. ഇപ്പഴും അനിയന്റെ സന്തോഷത്തിനു വേണ്ടി മാറി നിൽക്കുന്ന അവനെ അവർ അത്ഭുതത്തോടെ നോക്കുമ്പോൾ ഇതെല്ലാം കേട്ട് കണ്ണുകൾ അടച്ച് കിടക്കുകയായിരുന്നു സതീശൻ. ശരീരത്തിന്റെ വേദനയേക്കാൾ വേദനിപ്പിക്കുന്ന ഏട്ടന്റെ സ്നേഹത്തിൽ ചാലിച്ച വാക്കുകളിൽ പൊള്ളിപ്പിടഞ്ഞ്.

——————————————

വേദനിച്ചും കരഞ്ഞും സതീശന്റെ ഉറക്കമില്ലാത്ത രാത്രികൾക്ക് കൂട്ടായി ഹേമയും ശങ്കരനും ഉറക്കം നഷ്ടപ്പെടുത്തി കൂട്ടിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു. ഇടക്കൊന്ന് മയക്കത്തിലേക്ക് വഴുതി വീഴുമ്പോൾ പാതിയുറക്കത്തിൽ ഞെരങ്ങിയും മൂളിയും വേദന കൊണ്ട് പുളയുന്ന സതീശന്റെ ഞെരക്കം കേട്ട് ഞെട്ടി ഉണരാറുണ്ട് ശങ്കരൻ പലപ്പോഴും.

താഴെ വിരി വെച്ച് കിടക്കുന്ന ഹേമയെ ഉണര്ത്താതെ ഞെരങ്ങുന്ന സതീശന്റെ തലയിലൂടെ വിരലൊടിച്ചും കേട് പറ്റാത്ത കാലിൽ ഉഴിഞ്ഞുകൊടുത്തും നേരം വെളുപ്പിക്കുന്ന ദിവസങ്ങൾ ആയിരുന്നു കൂടുതൽ.

ഇടക്ക് വെള്ളം ചോദിക്കുന്ന അവന്റെ ചുണ്ടിലേക്ക് വെള്ളം ഇറ്റിച്ചു നൽകുമ്പോൾശങ്കരന്റെ മുഖത്തേക്ക് നോക്കാറുണ്ട് സതീശൻ. അപ്പോഴൊക്കെ മനസ്സിൽ കല്ല് കൊണ്ട് പണിത ഉറവ പൊട്ടും പോലെ ഒരു തേങ്ങൽ തള്ളിക്കേറുമ്പോൾ അത്‌ അടക്കിപിടിക്കാൻ പാടുപെടാറുണ്ട് അവൻ.

അന്ന് ചെക്കപ്പിന് ശേഷം ” വലിയ പ്രശ്നം തോന്നുന്നില്ലെങ്കിൽ ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാം ” എന്ന് ഡോക്ടർ പറയുമ്പോൾ മനസ്സിൽ ഒരു വെള്ളിടി വെട്ടി ഹേമയുടെ.

ഡിസ്ചാർജ് ചെയ്യാമെന്ന് പറയുന്നത് വലിയ സന്തോഷം തരുന്നതാണെങ്കിലും ഡിസ്ചാർജ് ബില്ല് അടക്കാൻ മാത്രമുള്ള പണം കയ്യിൽ ഇല്ലെന്ന് ഓർക്കുമ്പോൾ അവൾ ഒരു ആശ്വാസത്തിനെന്നോണം നോക്കിയത് ശങ്കരന്റെ മുഖത്തേക്ക് ആയിരുന്നു.അത്‌ കേട്ടിട്ടും യാതൊരു ഭാവവുമില്ലാതെ നിൽക്കുന്ന ശങ്കരനെ നോക്കുമ്പോൾ ഇനിയും എങ്ങിനെ ആണ് ആ മനുഷ്യനെ ബുദ്ധിമുട്ടിക്കുക എന്നോർത്ത് അവളുടെ ഉള്ള് നീറുന്നുണ്ടായിരുന്നു.പക്ഷേ, അവനോടല്ലാതെ പറയാൻ ആരുമില്ലെന്നത് അവളെ അവനടുത്തേക്ക് നടത്തി.

” ശങ്കരേട്ടാ… ഇന്ന് ഇവിടെ നിന്ന് പോവാമെന്നാ പറഞ്ഞെ ഡോക്ടർ ” എന്ന് പറയുമ്പോൾ അവൻ സന്തോഷത്താൽ ചിരിക്കുകയായിരുന്നു. അത്‌ കാണുമ്പോൾ അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു ” ഇനി വേണ്ട പണത്തെ കുറിച്ച് പറഞ്ഞാൽ ഇപ്പോൾ ആ മുഖത്തു കാണുന്ന ചിരി നിലക്കും ” എന്ന്.

പക്ഷേ, പറയാതിരുന്നിട്ടോ…

അങ്ങനെ ചിന്തിച്ചുകൊണ്ട് അവന് മുന്നിൽ കാര്യം അവതരിപ്പിക്കുമ്പോൾ ഹേമ കരുതിയ പോലെ തന്നെ അവന്റെ മുഖത്തു കണ്ട ചിരി പതിയെ മങ്ങിത്തുടങ്ങിയിരുന്നു.പക്ഷേ, അപ്പോഴും അവന്റെ വാക്കുകളിൽ കാണുന്ന ധൈര്യം അവളെ വല്ലാതെ അത്ഭുതപ്പെടുത്തി.

” അതിനെന്തിനാ ഹേമകുഞ്ഞു വിഷമിക്കണെ? കുട്ടന് വീട്ടിൽ പോവാൻ കാശ് കൊടുക്കണോന്ന് പറഞ്ഞാൽ ഞാൻ കൊടുക്കും കാശ്.. ന്നാലെങ്കിലും ഇവര് കുട്ടനെ വിടൂലോ ഇവടന്ന് . ” എന്നും പറഞ്ഞ് മയങ്ങുന്ന കുട്ടനേ വാത്സല്യത്തോടെ ഒന്ന് നോക്കിക്കൊണ്ട് അവൻ പുറത്തേക്ക് നടക്കുമ്പോൾ പോക്കറ്റിൽ വെറുതെ തപ്പി. കയ്യില് തടഞ്ഞ മുഷിഞ്ഞ നൂറിന്റെ നോട്ടും കൂടെ ഒരു കടലാസ്പൊതിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.ഒന്ന് നോക്കികൊണ്ട്‌ അവനത് തിരികെ പോക്കറ്റിൽ തന്നെ വെച്ച് വേഗം മുന്നോട്ട് നടക്കുമ്പോൾ അവനെ പ്രതീക്ഷിച്ച പോലെ ഒരാള് പുറത്ത് അവരുടെ റൂം അന്വോഷിച്ചു നിൽപ്പുണ്ടായിരുന്നു.

ശങ്കരൻ പുറത്തേക്കിറങ്ങുന്നത് കണ്ട് വേഗം അവനരുകിലേക്ക് വന്ന് ശങ്കരാ എന്ന് വിളിക്കുമ്പോൾ ആയിരുന്നു അവനും അയാളെ ശ്രദ്ധിച്ചത് !

” അയ്യോ മൊതലാളിയോ.. ന്താ മൊതലാളീ ഇവടെ… ” എന്ന് ചോദിക്കുന്ന ശങ്കരന്റെ തോളിൽ കയ്യിട്ട് പുറത്തേക്ക് നടക്കുമ്പോൾ തോമസ്സ് പറയുന്നുണ്ടായിരുന്നു ” നിനക്ക് അറിയാലോ ശങ്കരാ.. നിന്റെ അനിയനോട് എനിക്ക് ഒട്ടും താല്പര്യം ഇല്ല. അവൻ ചത്താൽ പോലും. പക്ഷേ, ഇത്രയൊക്കെ നിന്നെ ഉപദ്രവിച്ചിട്ടും അവന് വേണ്ടി നീ പിന്നേം കഷ്ടപ്പെടുന്നത് കാണുമ്പോൾ…..എല്ലാവരും നിന്റെ മനസ്സിന്റെ മുന്നിൽ ചെറുതാണ് ശങ്കരാ.. അതിന്റ അസൂയ കൊണ്ട് വിളിക്കുന്നതാ അവരൊക്കെ നിന്നെ പൊട്ടാ എന്ന്.

ഇപ്പോൾ ഞാൻ വന്നത് നീ അന്ന് ചോദിച്ച കാശ് തരാനാ. നിന്റെ അനിയനെ ഓർത്തല്ല. നിന്നെ ഓർത്ത്.. നിന്റെ മനസ്സിനെ ഓർത്ത്..എനിക്കറിയാം.. നീ തരുമെന്ന് പറഞ്ഞാൽ നിന്റെ ജീവൻ തന്നും നീ ആ കടം വീട്ടുമെന്ന്. അത്ര നല്ലവൻ ആണെടാ നീ. അതുകൊണ്ട് നീ ഈ കാശ് വെക്ക്. ” എന്നും പറഞ്ഞ് ഒരു പൊത്തി തോമസ്സ് മുതലാളി അവന്റെ കയ്യിൽ വെച്ച് കൊടുക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

” മൊതലാളി… എന്ത് പണി തന്നാലും ഞാൻ ചെയ്യാട്ടോ… നിക്ക് ഇത് വിശ്വസിക്കാൻ കഴിയണില്ല മൊതലാളി. ഞാൻ.. ഞാനിതെങ്ങനാ ന്റെ സന്തോഷം പറയാ….. നിക്ക് അറിയില്ല മൊതലാളി…. ” എന്നും പറഞ്ഞ് അയാൾക്ക് മുന്നിൽ അവനൻ തൊഴുകൈയ്യോടെ നിൽകുമ്പോൾ അയാൾ അവന്റെ കയ്യിൽ പിടിച്ചു ഒരു ആശ്വാസമെന്നോണം.

” മൊതലാളി, ഞാൻ ഈ സന്തോഷം ഹേമകുഞ്ഞിനോട് പറഞ്ഞിട്ട് വരാവേ. പാവം. സങ്കടപ്പെട്ടിരിക്കാ.. ഞാൻ പോയിട്ട് കാശ് കാണിച്ചു സന്തോഷിപ്പിച്ചിട്ട് വരാവേ ” എന്നും പറഞ്ഞ് അവൻ റൂമിലേക്ക് ഓടുമ്പോൾ അതെല്ലാം നോക്കികൊണ്ട് സന്തോഷനിമിഷത്തിലെന്നപോലെ അയാൾ ചിരിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു ” പൊട്ടൻ ” എന്ന്.

————————————————

ദിവസങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. സതീശന് എല്ലാത്തിനും കൂടെ ഒരാൾ വേണമെന്ന അവസ്ഥയിൽ ഒപ്പം ശങ്കരൻ ഉണ്ടാകുമായിരുന്നു.
എല്ലാം കിടന്ന കിടപ്പിൽ സാധിക്കേണ്ട ആദ്യനാളിലെ അവസ്ഥയിൽ ഒരു ഇഷ്ടക്കേടും കാണിക്കാതെ എല്ലാം വൃത്തിയായി ശങ്കരൻ ചെയ്യുമ്പോൾ ആദ്യമായി സതീശന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അന്ന് ശങ്കരൻ മുറിവിട്ടിറങ്ങുമ്പോൾ പിന്നിൽ നിന്നുള്ള വിളി കേട്ട് അവൻ ഒന്ന് തരിച്ചുനിന്നു. പിന്നെ സന്തോഷത്തോടെ സതീശന് നേരെ തിരിയുമ്പോൾ ആ വിളി പിന്നെയും പിന്നെയും ശങ്കരന്റെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു.
” ഏട്ടാ… !” എന്ന്.

കുറെ കാലങ്ങൾക്ക് ശേഷം ആയിരുന്നു സതീശനിൽ നിന്നും അങ്ങനെ ഒരു വിളി ശങ്കരൻ കേൾക്കുന്നത്. എന്നും പൊട്ടൻ എന്ന് മാത്രം വിളിച്ചവൻ ഇന്ന് ഏട്ടാ ഇന്ന് വിളിക്കുമ്പോൾ ഒരു സ്വർഗ്ഗം കിട്ടിയ സന്തോഷം ആയിരുന്നു ശങ്കരനിൽ.

ആ സന്തോഷത്തിൽ അവൻ പുറത്തേക്ക് ഓടുമ്പോൾ മുന്നിൽ വന്ന് പെട്ട അമ്മയെ ചുറ്റിപിടിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു ” അമ്മേ കുട്ടൻ ന്നേ ഏട്ടാന്ന് വിളിച്ച് ” എന്ന്. അത്‌ അതേ വേഗത്തിൽ അച്ഛനോടും ഹേമയോടും പറയുമ്പോൾ അവൻ പിന്നെയും പിന്നെയും പൊട്ടിച്ചിരിക്കുകയായിരുന്നു.

ആ സന്തോഷം കണ്ട് കൊണ്ട് സതീശനുള്ള കഞ്ഞിയുമായി ഹേമ റൂമിലേക്ക് പോകുമ്പോൾ അവൻ എന്തോ ചിന്തയിലെന്നോണം ഇരിക്കുകയായിരുന്നു.

” ഏട്ടാ ” എന്നും വിളിച്ച് കഞ്ഞിയുമായി അവനരികിൽ ഇരിക്കുമ്പോൾ അവളുടെ വിളി കേട്ടായിരുന്നു അവൻ ചിന്തയിൽ നിന്നും ഉണർന്നത്. അവൾ സ്നേഹത്തോടെ കോരിക്കൊടുക്കുന്ന കഞ്ഞി കുടിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പതിയെ അവൾ നീട്ടിയ കഞ്ഞി തടഞ്ഞുകൊണ്ട് ആ കയ്യിൽ പിടിച്ചു സതീശൻ. പിന്നെ ആ കൈ കാവിലേക്ക് ചേർത്തു പിടിച്ച് പറയുന്നുണ്ടായിരുന്നു ” ഹേമേ.. മാപ്പ് ” എന്ന്.

അത്‌ കേട്ട് ഒരു പൊട്ടിക്കരച്ചിലിന്റെ വക്കോളം എത്തിയ അവൾ ആ വാ പൊത്തുമ്പോൾ അവൾ പറയുന്നുണ്ടായിരുന്നു. ” ഈ വിളി ഒന്ന് കേൾക്കാൻ ഒത്തിരി കാത്തിരുന്നെങ്കിലും നിക്ക് അറിയാം ന്നേ കൈവിടില്ല ദൈവം എന്ന്. ന്നോട് മാപ്പ് പറയല്ലേ ഏട്ടാ.. എനിക്ക് ഒരു സങ്കടോംല്ല്യ. ” എന്ന്. അത്‌ കേട്ട് ഒരു കൈ കൊണ്ട് അവളെ നെഞ്ചിലേക്ക് ചേർത്തു പിടിക്കുമ്പോൾ ആദ്യാമായി അവൾ ആ സ്നേഹം അനുഭവിക്കുകയായിരുന്നു. കൊതിച്ച ജീവിതത്തിന്റ തുടക്കമെന്നോണം.

—————————————

പതിയെ പതിയെ സതീശൻ നടന്ന് തുടങ്ങുമ്പോൾ താങ്ങായി ശങ്കരൻ തോൾ ബലം ഉണ്ടായിരുന്നു.അത്‌ തന്നെ ആണിപ്പോൾ സതീശന്റെ വിശ്വാസവും.

അന്ന് നടന്ന് തളർന്ന് ഇരിക്കുമ്പോൾ അടുത്തിരിക്കുന്ന ശാരദയെ ഒന്ന് നോക്കികൊണ്ട് സതീശൻ കൊഞ്ചലോടെ ചോദിക്കുന്നുണ്ടായിരുന്നു ” ഞാൻ ഈ മടിയിൽ ഒന്ന് കിടന്നോട്ടെ അമ്മേ ” എന്ന്.അത്‌ കേട്ട് സന്തോഷത്തോടെ അവനെ കൈ നീട്ടി ക്ഷമിക്കുമ്പോൾ മകന്റ മാറ്റം കണ്ട് ആ അമ്മയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി.സതീശൻ പതിയെ മടിയിലേക്ക് തല വെക്കുമ്പോൾ അത്‌ കണ്ട് നിൽക്കുന്ന ശങ്കരൻ പൊട്ടിക്കിചിരിച്ചുകൊണ്ട് ” ഞാനും ” എന്നും പറഞ്ഞ് അപ്പുറത്ത് വന്ന് കിടക്കുമ്പോൾ രണ്ട് പേരുടെയും മുടിയിൽ പതിയെ തലോടി അമ്മ.

ആ സമയം അവർക്കരികിലേക്ക് വന്ന ഹേമ ആ കാഴ്ച കണ്ട് നിൽക്കുമ്പോൾ അവളെയും അരികിലേക്ക് വിളിച്ചു ശാരദ.

പിന്നെ സതീശന്റെ മുടിയിൽ തടവിക്കൊണ്ട് പറയുന്നുണ്ടായിരുന്നു ” മോനെ.. ജീവിതം ഒന്നേ ഉളളൂ. ആ ജീവിതത്തിൽ നമുക്ക് മുന്നിൽ ചെയ്ത് തീർക്കാൻ ഒരുപാട് ഉണ്ട്.നിന്റെ കെട്ടിയ താലി ആണ് ഇവളുടെ കഴുത്തിൽ. അത്‌ പൊട്ടിച്ചെറിയാൻ എളുപ്പമാണ്. പക്ഷേ, അത്‌ ചേർത്തു പിടിച്ച് നിലനിർത്താൻ ആണ് പാട്. ഒരു ജീവിതമെ ഉളളൂ. ആ ജീവിതത്തിൽ നമ്മൾ പരസ്പരം അറിഞ്ഞും സ്നേഹിച്ചും തീർക്കേണ്ട ഒന്നാണ് ദാമ്പത്യം.അതുകൊണ്ട് അമ്മ പറയുവാ. ഇനി ഈ പെണ്ണിന്റ കണ്ണ് നിറയരുത്. നിനക്ക് വേണ്ടി ഒരുപാട് കരഞ്ഞുകഴിഞ്ഞു ഇവൾ.ഇപ്പോൾ നിനക്ക് നല്ല ഒരു മകനാവാൻ കഴിയുന്നുണ്ടെങ്കിൽ അതെ പോലെ നല്ല ഒരു ഭർത്താവാകാനും കഴിയും ” എന്ന്.

അത്‌ കേട്ട് അമ്മയുടെ മടിയിൽ നിന്നും സതീശൻ എഴുന്നേൽക്കുമ്പോൾഅവന്റെ മനസ്സിൽ വാക്കുകളിലും കുറ്റബോധം നിറഞ്ഞുനിന്നിരുന്നു.

” ഇല്ലമ്മേ.. ഇനി ഇവളുടെ കണ്ണുനീർ ഈ വീട്ടിൽ വീഴില്ല അമ്മേ.. ഒരുപാട് അഹങ്കരിച്ചു, പക്ഷേ വീണപ്പോൾ ആണ് മനസ്സിലായത് അഹങ്കാരം കൊണ്ട് ജയിക്കുന്നതിനേക്കാൾ നൂറിരട്ടി മധുരം ആണ് സ്നേഹം കൊണ്ട് ജയിക്കുമ്പോൾ. അത്‌ മനസ്സിലാക്കാൻ ആയിരിക്കും ദൈവം എന്നെ ഇങ്ങനെ ഒന്ന് കിടത്തിയത് “എന്ന്.

അത്‌ കേട്ട് അവർക്കിടയിൽ നിന്നും സന്തോഷത്തോടെ പൊട്ടിച്ചിരിച്ചുകൊണ്ട് ശങ്കരൻ ഉള്ളിലേക്കു ഓടുമ്പോൾ എന്തിനാണ് ഓടിയതെന്ന് അറിയാനുള്ള ആകാംഷ ഉണ്ടായിരുന്നു എല്ലാവരുടെയും മുഖത്ത്‌.അകത്തേക്ക് ഓടിയ അതേ സ്പീഡിൽ പുറത്തേക്ക് ഓടുന്ന ശങ്കരനെ കണ്ട് കസേരയിൽ നിന്നും എഴുനേറ്റ് ദിവാകരനും കൂടെ പുറത്തേക്ക് നടക്കുമ്പോൾ ശങ്കരൻ സതീശനും ഹേമക്കും മുന്നിൽ കിതച്ചുകൊണ്ട് നിൽക്കുകയായിരുന്നു.

” ഇനി കുട്ടനും ഹേമകുഞ്ഞും ഒന്ന് കണ്ണടച്ചേ. ഏട്ടൻ ഒരു സൂത്രം കണിചേരാം ” എന്നും പറഞ്ഞ് അവരുടെ കണ്ണുകൾ അടപ്പിക്കുമ്പോൾ അവൻ പോക്കറ്റിൽ നിന്നും ഒരു പൊതി എടുത്തു തുറന്ന് സതീശന്റെ കയ്യിൽ വെച്ച് കൊടുത്തു. ” ഇനി കണ്ണ് തൊറന്നോ ” എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുമ്പോൾ കണ്ണുകൾ തുറന്ന സതീശന്റെയും ഹേമയുടെയും മുഖത്തു വല്ലാത്തൊരു അത്ഭുതം ആയിരുന്നു.

ഹേമ സതീശന്റെ കയ്യിലേക്ക് ഒന്ന് നോക്കികൊണ്ട് പിന്നെ ശങ്കരനെ നോക്കുമ്പോൾ ആ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.

” അയ്യേ.. ന്തിനാ ഹേമകുഞ്ഞ് കരയണേ. ന്ന് സന്തോഷം ഉള്ളദിവസം അല്ലെ ” എന്ന് പറയുമ്പോൾ അന്ന് വിൽക്കാനായി ഹേമ ഊരിക്കൊടുത്ത മാല സതീശന്റെ കൈകളിൽ കിടന്ന് തിളങ്ങുന്നുണ്ടായിരുന്നു.

” ഇനി അത്‌ ഹേമകുഞ്ഞിന് കെട്ടികൊടുക്ക് കുട്ടാ ” എന്ന് പറഞ്ഞ് എല്ലാവരെയും നോക്കുന്ന ശങ്കരനെ നോക്കിക്കൊണ്ട് സതീശൻ അത്‌ ഹേമയെ അണിയിക്കുമ്പോൾ എല്ലാവരുടെയും മുഖത്ത്‌ വല്ലാത്ത ഒരു സന്തോഷം ഉണ്ടായിരുന്നു.

മാല ഹേമയുടെ കഴുത്തിലിട്ട ശേഷം ” ഏട്ടാ ” എന്നും വിളിച്ച് അവന് മുന്നിൽ സതീശൻ കൈ ചേർത്തുപിടിച്ച് കരയുമ്പോൾ ചിരിച്ചുകൊണ്ട് ശങ്കരൻ പറയുന്നുണ്ടായിരുന്നു

” കേട്ടില്ലേ അമ്മേ.. ചെക്കൻ ന്നേ പിന്നെം ഏട്ടാന്ന് വിളിക്കണേ. നിക്ക് ന്തൊരു സന്തോഷം ആന്നോ ” എന്ന്. അതും പറഞ്ഞ് സതീശനെ കെട്ടിപിടിക്കുമ്പോൾ അവൻ കൊഞ്ചലോടെ പറയുന്നുണ്ടായിരുന്നു “ഇങ്ങനെ ഒരു പൊട്ടൻ ചെക്കൻ ” എന്ന്.

അത്‌ കേട്ട് എല്ലാവരും അവന്റെ ചിരിയിൽ പങ്ക് ചേരുമ്പോൾ സതീശൻ ഒന്നുകൂടി അവന്റെ കരവലയത്തിലേക്ക് പറ്റിച്ചേർന്നു

“ഏട്ടന്റെ സംരക്ഷണവലയത്തിൽ ” എന്ന പോലെ !

ശുഭം

ഈ കഥ എത്രത്തോളം പൂർണ്ണമായി എന്ന് എനിക്ക് അറിയില്ല. നിങ്ങളുടെ ഒരു വാക്ക് അത്‌ നല്ലതായാലും വിമർശ്ശനം ആയാലും എനിക്ക് അടുത്ത എഴുത്തിലേക്കുള്ള പ്രചോദനം ആണ്.

അതുകൊണ്ട് എനിക്കായി ഒരു വാക്ക് കുറിക്കുമെന്ന പ്രതീക്ഷയോടെ….കൂടെ ഉണ്ടാകും എന്ന വിശ്വാസത്തോടെ…….. ♥️