ശരീരം വിറഞ്ഞു തുടങ്ങിയപ്പോൾ അവൻ പതിവുപോലെ ജാക്കറ്റ് ഊരി അവളെ പുതപ്പിച്ചു….തണുപ്പ് മാറാനായി അവളെയവൻ നെഞ്ചിലേക്ക് അമർത്തി പിടിച്ചു….

ആമി ~ രചന: അഞ്ജലി മോഹൻ

“”കുളിരുവാ…. നിക്കി…. നിക്കി കുളിരുവാ….”” കാലിലേക്ക് മുഖം പൂഴ്ത്തിവച്ചവൾ ചുമരരുകിലേക്ക് നീങ്ങിയിരുന്നു….. ഇടയ്ക്കിടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ വാതിൽക്കലേക്ക് പൊയ്ക്കൊണ്ടിരുന്നു…… തളർച്ചയിൽ കണ്ണടയുമ്പോൾ കണ്മുൻപിൽ അവന്റെ ഓർമകളായിരുന്നു…. “ജഗന്റെ….”

“””ജഗനെന്താ മിണ്ടാത്തെ…..??”””

“””എഴുന്നേൽക്ക് ആമി ഞാൻ വീട്ടിൽ കൊണ്ടുചെന്നാക്കാം…. നാളെ നിന്റെ വിവാഹമാണ് മറന്നോ നീ….??? നിന്റെ ചിലങ്കയെ ഇഷ്ടപെടുന്ന നിന്റെ ആട്ടം ഇഷ്ടപെടുന്ന ഒരാള് നാളെ വരും….. ചെല്ല് ജഗൻ നിനക്ക് ചേരില്ല ആമി…..'”” കേട്ടതിലെ ഞെട്ടലാണ് അവളവന്റെ നെഞ്ചിൽ നിന്നും മാറിയിരുന്നത്….. ഇരുട്ടിൽ ആരുമറിയാതെ പൊന്മുടികുന്നിലെ മഞ്ഞിൽ തണുത്ത് വിറച്ച് ജഗനോട് കിന്നാരം പറഞ്ഞിരിക്കുന്നത് വർഷങ്ങളായുള്ള അവളുടെ ശീലമാണ്….ആമിയുടെ……ജഗന്റെ മാത്രം ആട്ടക്കാരിയുടെ…..പക്ഷേ ഇന്നത്തെ തണുപ്പ് അവളെ സ്പർശിച്ചതേയില്ല…… പകരം മനസ്സ് ജഗൻ പറഞ്ഞതിൽ കുരുങ്ങി വലിഞ്ഞ് കിടക്കുകയായിരുന്നു……

“””അപ്പൊ ജഗനെന്നെ വേണ്ടേ….??? ജഗന് ന്നോട് പ്രണയമില്ലേ…..???””” അല്പം മാറി ഇരുന്ന് മഞ്ഞുമൂടിയ താഴ്വാരത്തേക്ക് കണ്ണുകൾ നാട്ടിയവൾ ചോദിച്ചു…..

“””എന്നാര് പറഞ്ഞു….?? നിനക്ക് ചിലങ്കയണിയാതെ ജീവിക്കാൻ പറ്റുമോ ആമി….??? അങ്ങനെയെങ്കിൽ ഞാൻ വേണമെങ്കിൽ നിന്നെ കൂടെ കൂട്ടാം….എനിക്കിഷ്ടല്ല എന്റെ പെണ്ണ് മറ്റുള്ളവർക്ക് മുന്നിൽ ആടുന്നത്…..”””

“”””നുണ പറയാ ജഗൻ…. ജഗന് എന്നേം ഇഷ്ടാ എന്റെ ചിലങ്കയും ഇഷ്ടാ….””” അവളുച്ചത്തിൽ കയർത്തു…. ആ ശബ്ദം കുന്നിൻചെരുവിൽ തട്ടിത്തടഞ്ഞ് പ്രതിധ്വനിച്ച് ഒരിക്കൽക്കൂടിയവൻ കേട്ടു…..

“””ആമിയ്ക്ക് എത്രനാളായി എന്നെ അറിയാം …..???”””

“”അറിയാം വർഷങ്ങളായി അറിയാം…”” അവള് വീറോടെ പറഞ്ഞു…..

“””എന്റെ പേര് ജഗൻ എന്ന് തന്നെ ആണെന്ന് നിനക്ക് വല്ല ഉറപ്പും ഉണ്ടോ….??? ഞാൻ വരുന്നത് ഉത്തർപ്രദേശിൽ നിന്നുമാണെന്ന് ഞാൻ പറയുന്നതല്ലാതെ അങ്ങനെത്തന്നെയാണെന്ന് വിശ്വസിക്കാൻ നിന്റെ കയ്യിൽ എന്തെങ്കിലും ഉറപ്പുണ്ടോ ആമി….???””” നിലാവിൽ കുന്നിൻ ചെരുവിലെ മഞ്ഞ് ഉയർന്ന് ഉയർന്ന് വരുന്നത് അവന് കാണാമായിരുന്നു…..

“””നിക്കി…. നിക്കി വിശ്വാസമാണ് ജഗനെ….””” ഇടറിക്കൊണ്ടെങ്കിലും ഉറച്ച ശബ്ദമായിരുന്നു അവൾക്ക്…..

“””നീയൊരു മണ്ടിയാണ് ആമി….. ജനിച്ചതും വളർന്നതും ഉത്തർപ്രദേശിൽ ആയ ഞാൻ എങ്ങനെ ഇത്രയും നന്നായി മലയാളം സംസാരിക്കും…..???”””

“”ജഗന്റെ അമ്മ മലയാളി അല്ലേ…. അതാ… അതാ ജഗൻ ഇത്രേം നന്നായി മലയാളം സംസാരിക്കുന്നെ…. ജഗന് ന്നെ ഇഷ്ടാണ് എനിക്കറിയാം അതാ എല്ലാവർഷവും ജഗൻ എന്നെ കാണാൻ ഇങ്ങോട്ട് വരണത്…. വരുമ്പോഴെല്ലാം എന്റെ ആട്ടം കാണുന്നതും ജഗന് ന്നോട് ഇഷ്ടമായിട്ട് തന്നെയാ….”” അവള് കലഹിച്ചപ്പോൾ അവൻ അവളെനോക്കിയൊന്ന് ചിരിച്ചു….

“””ഇന്ത്യ മുഴുവൻ എന്റെ വണ്ടിയിൽ കറങ്ങുന്നത് എന്റെ ഒരു ശീലമാണ് ആമി…. കണ്ടതിൽ വച്ച് പിന്നെയും പിന്നെയും കാണാൻ മോഹം തോന്നുന്നതും കേരളമാണ്…. പ്രത്യേകിച്ച് അമ്മനാട്…. അതാ ഇവിടെ വർഷത്തിൽ നാല് ദിവസം നിന്നിട്ട് പോവണത്….പിന്നെ ഓരോ തവണ വരുമ്പോഴും ഓരോ ടൂറിസ്റ്റ് ഹോമുകളിൽ നിൽക്കുന്ന ശീലം എനിക്കില്ല അതുകൊണ്ട് മാത്രമാ എല്ലാ തവണയും നിങ്ങടെ അടുത്ത് തന്നെ വരണത്…. അല്ലാതെ അത് നിന്റെ ചിലങ്കയോടോ നിന്നോടോ ഉള്ള പ്രണയമല്ല ആമി….””” അവൻ ഭാവബേധങ്ങളേതുമില്ലാതെ പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും അവളുടെ ശരീരം തളർന്നു തണുപ്പ് ബാധിച്ച് തുടങ്ങിയിരുന്നു…..മഞ്ഞവളെ വരിഞ്ഞുമുറുക്കി വേദനിപ്പിക്കുന്നത് പോലെ…. ശരീരം മുറിഞ്ഞ് മുറിവിലേക്കാരോ തണുപ്പ് കോരി എറിയുന്നത് പോലെ….ശരീരം വിറഞ്ഞു തുടങ്ങിയപ്പോൾ അവൻ പതിവുപോലെ ജാക്കറ്റ് ഊരി അവളെ പുതപ്പിച്ചു….തണുപ്പ് മാറാനായി അവളെയവൻ നെഞ്ചിലേക്ക് അമർത്തി പിടിച്ചു….. ഒന്നും മിണ്ടാതെ ഏറെ നേരം അവൾ അവനോട് ചേർന്നിരുന്നു…..

“””ജഗന് പോവണ്ടേ….??? ഇന്ന് മടങ്ങുമെന്ന് പറഞ്ഞിട്ട്….. ഇനി വൈകണ്ട വെളിച്ചം വീണ് തുടങ്ങാൻ ഇനിയധികം നേരമില്ല…. പൊയ്ക്കോളൂ…. ഞാനും മടങ്ങുവാ ഇന്നെല്ലാരും നേരത്തെ ഉണരും…. അതിന് മുന്നേ പോണം….””” അവളവന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി അവന്റെ താടിരോമങ്ങൾക്കിടയിൽ തലോടിക്കൊണ്ട് പറഞ്ഞു….. കുറച്ചുനേരം കൂടെ അവനെ നോക്കിയിരുന്ന ശേഷം ജാക്കറ്റ് ഊരി അവന്റെ കയ്യിൽ കൊടുത്ത് പതിയെ അവൾ പൊന്മുടികുന്ന് ഇറങ്ങി……പിൻവിളി കേൾക്കും കേൾക്കുമെന്ന് കരുതി ഓരോ അടിയും വയ്ക്കുമ്പോൾ ചെവിയവൾ പിന്നിലേക്ക് തുറന്ന് പിടിച്ചിരുന്നു….. ഒടുക്കം ബുള്ളറ്റിന്റെ ശബ്ദം ദൂരേക്ക് ദൂരേക്ക് പോകുന്നത് കേട്ടവൾ ഉച്ചത്തിൽ കരഞ്ഞുകൊണ്ട് മണ്ണിലേക്ക് അമർന്നിരുന്നു……

“””””””ജഗൻൻൻൻൻ…..””””””” ഒരലർച്ചയോടെ എഴുന്നേറ്റ് ഓടാൻ തുടങ്ങിയതും നിലത്തേക്ക് മലന്നടിച്ചുവീണു…. കണ്ടതെല്ലാം സ്വപ്‌നമാണെന്ന്‌ മനസിലാക്കിയത് കാലിനെ വ്രണപ്പെടുത്തികൊണ്ട് ചുറ്റിവരിഞ്ഞ ചങ്ങല കണ്ടാണ്…. എങ്കിലും ഒച്ച വച്ചു….. ആർത്തുവിളിച്ചു… ചങ്ങല പറിച്ചെറിയാൻ വെറുതെ….. വെറുതെ ഒരു ശ്രമം നടത്തി…..വീണ്ടും വീണ്ടും ആാാ ഭ്രാന്തിപെണ്ണ് അവന്റെ ഓർമകളിലേക്ക് തന്നെ തളർച്ചയോടെ ചേക്കേറി…..

എല്ലാവർഷവും ഡിസംബർ മാസങ്ങളിൽ ആമി ജനലോരം അവനെ തേടിക്കൊണ്ടിരിക്കും….. വീട്ടിലേക്ക് ഹോം സ്റ്റേയ്ക്കായി വരുന്ന ഓരോരുത്തരിലും അവൾ ജഗനെ മാത്രം തേടിക്കൊണ്ടിരുന്നു…… വർഷങ്ങൾ കഴിഞ്ഞും പ്രതീക്ഷയോടുള്ള കാത്തിരുപ്പ് ആാാ പെണ്ണിനെ ഒരിക്കൽപ്പോലും തളർത്തിയില്ല…..എല്ലാ ഡിസംബറിലും അവൻ അരികിലുണ്ടെന്ന് കരുതി ചങ്ങലകൊണ്ട് ശബ്ദമുണ്ടാക്കി അവൾ നൃത്തം ചെയ്യുമായിരുന്നു……ചുവടുകൾ വച്ച് ക്ഷീണിച്ച് വിയർത്തൊലിയ്ക്കുമ്പോൾ ഇരിക്കുന്ന വെറും നിലം അവൾക്ക് അവന്റെ മടിത്തട്ട് പോലെ തോന്നുമായിരുന്നു ചാരുന്ന ചുമര് അവന്റെ നെഞ്ചായും…..

“ആമി അയാള് വന്നിട്ടുണ്ട്….. “”ജഗൻ…”” ഒരിക്കൽ വാതിൽ തുറന്ന് കൂടപ്പിറപ്പത് പറഞ്ഞപ്പോൾ അവൾ വേഗത്തിൽ ഓടി…. നിലത്തേക്ക് കമഴ്ന്നടിച്ചു വീണപ്പോ വേദനയോടെ ചങ്ങലയിലേക്ക് നോക്കി… കണ്ണുകൾ കൊണ്ട് കൂടപ്പിറപ്പിനോട് അതൊന്ന് ഊരിത്തരുവാൻ അപേക്ഷിച്ചു….. മുറി കൊട്ടിയടച്ചവർ പേടിയോടെ പൊയ്ക്കളഞ്ഞപ്പോ കണ്ണീരോടെ വാതിൽക്കലേക്ക് നോക്കി ഇരുന്നു….അടഞ്ഞ വാതിൽ തള്ളി തുറന്ന് ജഗൻ അവളെ കാണാൻ വരുമെന്ന് കരുതി ചുണ്ടിലപ്പോഴും പ്രതീക്ഷയുടെ ചിരിയുണ്ടായിരുന്നു…..

“””ജഗൻൻ……….. ജഗൻൻൻ…………… ജഗൻൻൻൻൻൻൻ……..”””” ഒരിക്കൽക്കൂടി മുറ്റത്ത് നിന്നും ബുള്ളറ്റിന്റെ ശബ്ദം ഉയർന്നതും അവള് നിലവിളിച്ചു….. ജനൽ കമ്പിയിൽ ആഞ്ഞടിച്ചു….. പല്ല് കൊണ്ട് ഇരുമ്പ് കമ്പി കടിച്ചുമുറിക്കാൻ ശ്രമിച്ചു……

“””ആമി…..””” വയറിനെ ചുറ്റിപ്പിടിച്ച ഞെരമ്പുകൾ വലിഞ്ഞു മുറുകിയ കൈകളുടെ ശക്തിയിൽ തിരിഞ്ഞവളവനെ നോക്കി….

“”ഞാൻ ഇവിടുണ്ട് ആമി…. ആ പോയത് ഞാനല്ല….””” അവൻ ചേർത്ത് പിടിച്ച് പറയുമ്പോൾ അവള് കുഞ്ഞുങ്ങളെപോലെ സംശയത്തോടെ അവനെ നോക്കിക്കൊണ്ട് വെറുതെ ഒന്നൂടെ ജനലോരത്തേക്ക് മിഴികൾ പായ്ച്ചു….

“””ഞാൻ ഇവിടെയാണ്‌ ആമി നിന്റെ തൊട്ടരികിൽ…… നിന്റെ മൂക്കിൻ തുമ്പത്ത്…..””” ആാാ പെണ്ണിന്റെ മൂക്കിൻ തുമ്പിലൊന്ന് തട്ടിക്കൊണ്ടവൻ കൊഞ്ചലോടെ പറഞ്ഞു…..

“””ജഗനെന്താ…. ജഗനെന്താ ന്നെ കാണാൻ വരാഞ്ഞത്….???””” ആ ഭ്രാന്തിപ്പെണ്ണിന്റെ കണ്ണ് നിറഞ്ഞൊഴുകി

“””കാത്ത് കാത്തിരുന്ന് ഒരാട്ടക്കാരിയോട് പ്രണയം പറയാൻ മൈലുകൾ താണ്ടി വന്നപ്പോൾ അവളിവിടെ സ്വന്തം കല്യാണത്തിനുള്ള ഒരുക്കത്തിൽ ആയിരുന്നു…. പിന്നെന്തോ ആ പെണ്ണിന്റെ അച്ഛനെയും അമ്മയെയും നോവിക്കേണ്ടെന്ന് കരുതി മനസ്സിൽ തന്നെ പ്രണയം ഒളിപ്പിച്ചുവച്ചു….ഇത്രയും വർഷം പിന്നീട് ഇങ്ങോട്ട് വരാതിരുന്നതും അവളെ മറ്റൊരുവന്റേതായി കാണേണ്ടി വരുമല്ലോ എന്ന് ഓർത്തായിരുന്നു……””” പറയുന്നതിനിടയ്ക്ക് പാറി പറന്ന അവളുടെ മുടിയിഴകൾ അവൻ കാതിനു പിന്നിലേക്ക് കോതിയൊതുക്കികൊണ്ടിരുന്നു……

കാലിലെ ചങ്ങലക്കണ്ണി അഴിച്ചെടുത്ത് കയ്യിലേക്കവളെ എടുത്ത് പിടിക്കുമ്പോൾ അവളവനെ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു…..

“”മഞ്ഞ് ഇറങ്ങി വരണത് കാണാൻ പോവാം ആമി….???”” കാതിലേക്ക് ചുണ്ടുകൾ ചേർത്തവൻ കുറുകുമ്പോൾ അവളവനെ ഇറുകെപിടിച്ചു….അവന്റെ കൈകളിൽ കിടന്ന് പൊന്മുടികുന്നിലേക്ക് നടന്നു കയറുമ്പോൾ കയ്യിൽ എടുത്തുപിടിച്ച ചിലങ്കകൊണ്ടവൾ ഇടയ്ക്കിടെ ശബ്ദമുണ്ടാക്കുന്നുണ്ടായിരുന്നു…….

തണുപ്പകറ്റാൻ കൂട്ടിയിട്ട് കത്തിച്ച തീനാളത്തിന്റെ വെളിച്ചത്തിൽ കുന്നിൻ മുകളിൽ നിന്നും അവനാപെണ്ണിന്റെ കാലിൽ വീണ്ടും ചിലങ്ക അണിയിച്ചു കൊടുത്തു….ആദ്യചുംബനം ചങ്ങലകണ്ണികൾ വ്രണപ്പെടുത്തിയ അവളുടെ വെളുത്ത മിനുസമായ കണങ്കാലിൽ നൽകി…… അതിതീക്ഷ്ണമായ പ്രേമത്തോടെ അവനെ വാരിപുണർന്നുകൊണ്ടവൾ കാലുകൾക്ക് ക്ഷീണം ബാധിക്കും വരെ ആാാ മഞ്ഞിൽ നൃത്തം ചെയ്തു…..ഒടുവിൽ വിയർത്തൊലിച്ച് അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നുകൊണ്ട് അവനുമായി പാറയ്ക്ക് മുകളിലേക്ക് തളർന്നു കിടന്നു…..ചെന്നിയിലൂടെ ഒലിച്ചിറങ്ങുന്ന അവളുടെ വിയർപ്പ് തുള്ളിയിൽ അവനൊന്ന് തഴുകി….കത്തിയാളുന്ന തീനാളം കെട്ടടങ്ങി കനലുകൾ മാത്രം അവശേഷിച്ചപ്പോൾ ഉമിനീരിൽ ഒന്നായിക്കൊണ്ടവർ നാവിൽ എപ്പോഴോ രക്തത്തിന്റെ ചവർപ്പ് രുചിച്ചറിഞ്ഞു….

“””ആട്ടക്കാരി….”””” കിതപ്പോടെ പ്രണയത്തോടെ അവന്റെ ചുണ്ടുകൾ ആ പെണ്ണിന്റെ കാതോരം മൊഴിഞ്ഞു…..അപ്പോഴും അവളുടെ ചുണ്ടുകൾ ഒരു മന്ത്രം പോലെ വാടിത്തളർന്നുകൊണ്ട് നേർത്ത സ്വരത്തിൽ ആാാ പേര് മാത്രം മന്ത്രിച്ചുകൊണ്ടിരുന്നു…

ജ..ഗൻ….ജഗൻ………ജഗൻ………

അവസാനിച്ചു….