നീയറിയുന്നുവോ ~ രചന: JIDHUL JALAL
തുടരെ തുടരെയുള്ള അസഹനീയമായ ശബ്‌ദകോലാഹലങ്ങൾ കേട്ടുകൊണ്ടാണ് മാളൂട്ടിയമ്മ തന്റെ ഇരുണ്ട മുറിയിൽ നിന്ന് വേച്ചു വേച്ചു പുറത്തേക്കിറങ്ങി നോക്കിയത്. പതിവില്ലാതെ അവിടെ നിറയെ ആളുകൾ. തന്റെ മക്കൾ.. പിന്നെ അവരുടെയും മക്കളും കൊച്ചുമക്കളും. അവരിൽ ജാനകിയെ മാത്രമേ തനിക്ക് ഏത് നട്ടപ്പാതിരാക്ക് കണ്ടാലും ഓർമ്മ വരൂ. കാരണം എന്തിനും ഏതിനും ഓടിയെത്തുന്നത് അവൾ മാത്രമാണ്.
ഭദ്രയും കനിയും ഒക്കെയുണ്ടല്ലോ.. എന്താണിവിടെ വിശേഷം.. ഭദ്രയുടെ അടുത്തേക്ക് നടന്നടുക്കുന്നതിന് മുൻപേയാണ് ഒരു ചെറിയകുട്ടി മുന്നിലൂടെ ഓടിപ്പോകുന്നത് കണ്ടത്. അതാരുടെ കുട്ടിയായിരുന്നു..!! മറന്നു പോയിരിക്കുന്നു..!!
“എന്റെ കൊച്ചുമോളാ.. തുളസീടെ കുട്ടി..” കനി പറഞ്ഞു.
“തുളസിയോ?? അവൾ കൊച്ചു കുട്ടിയല്ലേ.. അവളുടെ കല്യാണം കഴിഞ്ഞോ??”
മാളൂട്ടിയമ്മ ചോദിച്ചു.
“ഈ അമ്മക്ക് ഒന്നും ഓർമ്മേല്ല്യ. തുളസീടെ കല്യാണമൊക്കെ കഴിഞ്ഞിട്ട് കൊല്ലം അഞ്ചു കഴിഞ്ഞു.” ഭദ്ര കനിയെ നോക്കി ചിരിച്ചു. അമ്മയുടെ ഓർമ്മക്കുറവ്, അതവർക്ക് ഒരു പുതിയ കാര്യമല്ല. ഈ പറഞ്ഞത് തന്നെ മറന്നുപോകുവാൻ ഒരഞ്ചു മിനിറ്റ് മതി..
“ഇവിടെ എന്താ വിശേഷം..?? കനിയുടെ വയസ്സറിയിപ്പ് ആണോ??” മാളൂട്ടിയമ്മ വീണ്ടും ചോദിച്ചു.
“ആ.. അതേപ്പോ നന്നായത്. ഈ അമ്മയോട് പറഞ്ഞു മടുത്തു. അമ്മയോട് ഒന്നും പറയാണ്ടിരിക്കുന്നതാ നല്ലത്.. കുറച്ച് നേരം മുന്നെയാ ജാനകീടെ കെട്ടാണെന്ന് ഞാൻ പറഞ്ഞുകൊടുത്തത്..” ഭദ്ര പിറുപിറുത്തു.
ജാനകിയുടെ വിവാഹമോ.. എന്താ താനീ കേൾക്കുന്നത്.. വെറുതെയല്ല രണ്ടീസമായിട്ട് പെണ്ണിനെ മുറിയിലേക്ക് കാണാഞ്ഞത്. ഒടുവിൽ അവൻ വന്നു ലേ.. എന്തായിരുന്നു അവന്റെ പേര്.. ആ.. അഖിലൻ.. മാളൂട്ടിയമ്മ ഓർത്തെടുത്തു. ജാനകിയുടെ കാര്യം താൻ എളുപ്പത്തിൽ മറക്കുമോ?? എന്നാലും മൂന്നാലു ദിവസം മുന്നെയല്ലേ ആ ചെറുക്കൻ ഇട്ടെറിഞ്ഞു പോയതിന് അവൾ തന്റെയടുത്ത് വന്ന് കരഞ്ഞത്.. തന്റെ മടിയിൽ തല വച്ചു കുറെ പൊട്ടിക്കരഞ്ഞപ്പോ താനാ പെണ്ണിനെ പറഞ്ഞ് ആശ്വസിപ്പിച്ചത്. എന്നിട്ടെന്തേ പെട്ടന്ന് അവനുമായി കെട്ടുറപ്പിച്ചൂ?? തന്നോടവൾ പറഞ്ഞതുമില്ലല്ലോ..മാളൂട്ടിയമ്മ നിന്ന നിൽപ്പിൽ ഒരിക്കൽ കൂടി എല്ലാം മറന്നു പോയി.
“കനി.. ഇവടെ എന്താ ഇത്രേം ആൾക്കാർ?? ഇവടെ എന്താ വിശേഷിച്ച്??” മാളൂട്ടിയമ്മ പിന്നെയും ചോദിച്ചു.
“ഈ അമ്മയോട് പറയുന്നതിനേക്കാൾ നല്ലത് നമ്മുടെ പാട് നോക്കുന്നതാ..” ഭദ്രയും കനിയും അവിടെനിന്നും എഴുന്നേറ്റ് പോയി.
ആർക്കും തന്നോട് ഒരു സ്നേഹവുമില്ല. അറിയാത്തത് കൊണ്ടല്ലേ ചോദിക്കുന്നത്. തന്നോട് പോലും പറയാതെ ഇവിടെ ഓരോ വിശേഷങ്ങൾ നടത്തുന്നു..!! അത്രേം സ്നേഹല്ല്യാണ്ടായിപ്പോയി മക്കൾക്ക് തന്നോട്..
നീരുവച്ച കാല് ശ്രമപ്പെട്ടു മുന്നോട്ടെടുത്തുവച്ച് കൊണ്ട് മാളൂട്ടിയമ്മ നടന്ന് അടുക്കളവാതിൽക്കൽ എത്തി.. ഈ ജാനകി ഇതെവിടെപ്പോയി..!! സാധാരണ അടുക്കളയിലാണ് പെണ്ണിനെ അധികവും കാണാറ്. ഇതിപ്പോ അടുക്കളയിൽ അറിയാത്ത കുറെ മുഖങ്ങളാണ് കണ്ടത്. എല്ലാവരും തന്നെ കണ്ട് പുഞ്ചിരിച്ചു കാട്ടുന്നുണ്ട്. താൻ അവരെയെല്ലാം സസൂക്ഷ്മം നോക്കിയതല്ലാതെ തിരിച്ചു ചിരിച്ചില്ല. ആരാണെന്ന് പോലും അറിയാത്തവരോട് ചിരിക്ക്യേ.. ചെലപ്പോ കനിയുടേം ഭദ്രയുടേം മനൂന്റെയും മക്കളാവും. ആരെയും തനിക്കോർമ്മയില്ല, ജാനകിയെ ഒഴിച്ച്…
ഈ പെണ്ണിതെവിടെപ്പോയി.. ഉമ്മറത്തെങ്ങാനും കാണും, തലക്ക് ഒരു വീക്ക് വെച്ചു കൊടുക്കണം.. രണ്ടീസായി തന്റെയടുത്തേക്ക് വന്നിട്ട്.. എന്തേ പറ്റിയെ ആവോ.. ഉമ്മറത്തേക്ക് പോകാനൊരുങ്ങിയപ്പോഴാണ് താനോർത്തത്. ഏതുവഴിയായിരുന്നു ഉമ്മറത്തെത്തുക..!! താനതും മറന്നിരിക്കുന്നു..
“മുത്തശ്ശി എന്തെടുക്കുവാ ഇവിടെ..??” അടുക്കളയിൽ നിന്നും ഒരു പെൺകുട്ടി വന്ന് ചോദിച്ചു. ആ.. അത് ഭദ്രയുടെ ഇളയ മോളാണ്, മാധവി..അതോർത്തെടുക്കുവാൻ മാളൂട്ടിയമ്മ നന്നേ പാടുപെട്ടിരുന്നു.
“ഇവിടെന്താ എല്ലാരും?? ഇവിടെന്താ വിശേഷം..?? എന്റെ ജാനകിയെവിടെ..??”
മാളൂട്ടിയമ്മ ചോദിച്ചു.
“ഇന്ന് ജാനകീടെ കല്യാണമാണ്, മുത്തശ്ശി വരൂ.. ഞാനവളുടെയടുത്തേക്ക് കൊണ്ടാക്കാം..” മാധവി പറഞ്ഞു. ജാനകിയുടെ കല്യാണമോ? തന്നോടാരും പറഞ്ഞില്ലല്ലോ.. എല്ലാം പറയാറുള്ള ജാനകി പോലും..!! അപ്പൊ അവൾക്ക് വേണ്ടി അവൻ തിരിച്ചുവന്നോ..
ചിന്തകളുടെ താഴ്‌വാരത്തിൽ ചിറകുമുളപ്പിച്ചുകൊണ്ട് പറന്നുയരുന്നതിനിടെ മനസ്സിനെ ആകുലപ്പെടുത്തും വിധം അവർ കുഴങ്ങിയിരുന്നു. മാധവി കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയപ്പോൾ താൻ ഒരു നിമിഷം സംശയിച്ചു നിന്നുപോയി..!!
“എന്താ ഇവിടെ എല്ലാരും ഒത്തുകൂടിയിരിക്കണേ, എന്താ ഈ വീട്ടില് വിശേഷിച്ച്..?? എന്നേ എന്തിനാ ഈടെക്ക് കൂട്ടിക്കൊണ്ടു വന്നേക്കണത്??” മാളൂട്ടിയമ്മ വീണ്ടും മാധവിയോട് ചോദിച്ചു.
“മുത്തശ്ശിയല്ലേ ജാനകിയെ കാണണമെന്ന് പറഞ്ഞത്??” തനിക്ക് ജാനകിയെ കാണണമെന്നുണ്ട്, പക്ഷെ താൻ പറഞ്ഞുവോ എന്നോർക്കുന്നില്ല..
മാളൂട്ടിയമ്മ ആ മുറിയിലെ തന്റെ എല്ലാ ‘അപരിചിത’ കുടുംബക്കാരെയും മാറിമാറി നോക്കി നിന്നു, ഒരു നിമിഷം. എല്ലാവരും തന്നോട് ചിരിക്കുന്നുണ്ട്. തന്നെ പറ്റി എന്തൊക്കെയോ പറയുന്നുണ്ട്. ഇനി തന്നെ കളിയാക്കി ചിരിക്ക്യാണോ..?? ഇവരെല്ലാം എന്തിനാ ഇങ്ങോട്ട് വന്നേക്കണത്.. ഇവിടെ എന്താ വിശേഷിച്ച്..??
“ദേ, ചെറുക്കനും കൂട്ടരും എത്തീട്ടോ..” കനി വിളിച്ചുപറഞ്ഞത് കേട്ട് ആ മുറിയിലുണ്ടായിരുന്ന എല്ലാവരും തിരക്കുകൂട്ടി ഓടിച്ചെന്നു.
എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ആ മുറിയുടെ വലതുവശത്തെ നിലക്കണ്ണാടിക്ക് മുന്നിൽ തിരിഞ്ഞിരിക്കുന്ന ഒരു പെൺകുട്ടിയുടെ അവ്യക്തമായ മുഖം മാളൂട്ടിയമ്മയുടെ കണ്ണുകളിലുടക്കി. ജാനകിയല്ലേ അത്.. അവർ മെല്ലെ നടന്ന് അവൾക്കരികിലെത്തി. ചുവന്ന പട്ടുസാരിയുടുത്ത്, തലയിൽ മുല്ലപ്പൂ ചൂടിയിട്ട്.. നന്നേ നീണ്ടൊരു നെറ്റിക്കുറിയും പിന്നെ കുറച്ചാഭരണങ്ങളും.. കരിയെഴുതിയ മനോഹരമായ ആ കണ്ണുകൾക്ക് കാന്തം ഇരുമ്പിനെ ആകർഷിക്കും വിധം ആരെയും ആകർഷിക്കുവാനുള്ള കഴിവുണ്ടായിരുന്നു. അതേ, അവളായിരുന്നു മാളൂട്ടിയമ്മയുടെ ജാനകി.
“ജാനകീ..” മുത്തശ്ശിയുടെ ശബ്‌ദം കേട്ട് ജാനകി കണ്ണാടിയിലൂടെ അവരെ നോക്കി.
“കുട്ട്യേ, എന്താ ഇവിടെ വിശേഷിച്ച്? നീയെന്താ ഈ കല്യാണവേഷത്തില്..?” മാളൂട്ടിയമ്മ ചോദിച്ചു.
“ഇന്നെന്റെ കല്യാണമാണ് മുത്തശ്ശി..” അത് പറയുമ്പോഴും അവൾ മുത്തശ്ശിയെ നോക്കിയില്ല. കണ്ണാടിയിൽ തന്റെ കണ്ണുകൾ വേരുറപ്പിച്ച പോലെ..
അത് കേട്ടപ്പോൾ മുത്തശ്ശിയുടെ കണ്ണുകളിലൊരു തിളക്കം..
“അപ്പൊ.. അവൻ വന്നു ല്ലേ..?? നിന്റെ അഖിലൻ വന്നൂല്ലേ..” മാളൂട്ടിയമ്മ പല്ലുകളില്ലാത്ത മോണ കാട്ടി പുഞ്ചിരിച്ചു. അവൾ പക്ഷെ ഒന്നും മിണ്ടിയില്ല, നിശബ്ദതയുടെ കൊടുമുടിയിൽ തീർത്തൊരു ചഷകം പോലെ..
“ഞാൻ പറഞ്ഞില്ല്യേ പെണ്ണേ അവൻ വരും ന്ന്.. നിന്റെ ശ്രീരാമൻ അവൻ തന്നെ ന്ന് ഞാൻ പറഞ്ഞതല്ലേ..” മാളൂട്ടിയമ്മ ഊറിയൂറി ചിരിച്ചു. അവൾക്കരികിലേക്കൊരു കസേര വലിച്ചിട്ടുകൊണ്ട് അതിലിരുന്ന് തന്റെ മുതുക് തടവി.
“അഖിലേട്ടൻ വന്നില്ല മുത്തശ്ശി..” അത് പറയുമ്പോൾ അവളുടെ കണ്ണുകളൊന്ന് പരുങ്ങി. ഒരുനിമിഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു തുളുമ്പി. പതിയെ പതിയെ അവളുടെ മടിയിലേക്ക് കണ്ണീരിറ്റി വീണു.
“ഇവിടെ എന്താ വിശേഷം?? നിന്റെ കല്യാണമാണോ ജാനകി? അപ്പോ അഖിലൻ വന്നുവോ??” മാളൂട്ടിയമ്മ വീണ്ടും ചോദിച്ചു. എല്ലായ്പ്പോഴും അവരുടെ ഓർമ്മ പുതുക്കുന്ന ജാനകി അന്നാദ്യമായി നിശബ്ദയായി. മാളൂട്ടിയമ്മയുടെ മറവികുറവ് തന്നെ അത്രമേൽ നോവിപ്പിക്കുന്നത് പോലെ..
“കല്യാണമാണോ പെണ്ണേ നിന്റെ? ഞാനറിഞ്ഞില്ല്യല്ലോ, അപ്പൊ അഖിലൻ വന്നുവോ..?” മാളൂട്ടിയമ്മക്ക് ഈയിടെയായി മറവി വല്ലാതെ കൂടിയിരിക്കുന്നു..!!
അഖിലൻ.. തൂലികയിൽ പ്രണയം നിറച്ച കഥാകാരൻ.. ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ ചേക്കേറിയവൻ.. പ്രണയത്തിന്റെ മായാലോകം വരച്ചു തീർത്തവൻ..ഒടുവിൽ എല്ലാമൊരു പുഞ്ചിരിയിലൊതുക്കി പോയൊളിച്ചവൻ..
ഒരു ട്രെയിൻ യാത്രയ്ക്കിടെയാണ് അവിചാരിതമായി അഖിലിനെ പരിചയപ്പെടുന്നതെന്ന് അവളോർത്തു. പിന്നീട് പല പല സ്ഥലങ്ങളിലായി അവർ വീണ്ടും വീണ്ടും കണ്ടുമുട്ടി. ഏറെ കഴിഞ്ഞ് വിശദമായി പരിചയപ്പെടുമ്പോഴാണ് ഈ അഖിൽ തനിക്ക് അത്രമേൽ പ്രിയപ്പെട്ട കഥാകാരനാണെന്ന് അവളറിയുന്നത്. അയാളുടെ ഓരോ വരികളോടും അവൾക്കത്രമേൽ ആരാധനയായിരുന്നു.
“നിങ്ങളായിരുന്നോ പ്രണയകഥകളെഴുതുന്ന ആ അഖിൽ ദേവ്?” അവൾ ചോദിച്ചു.
“അതേ.. അത് ഞാൻ തന്നെ..” അയാൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
അവർക്കിടയിൽ അന്നേരം തളം കെട്ടി നിന്ന മൗനം.. വാക്കുകൾ നിശബ്തരായി മാറി നിൽക്കെ കണ്ണുകൾ ഒരായിരം കഥകൾ പറഞ്ഞ നിമിഷങ്ങൾ.. അവന്റെ കഥകളിലെ നായിക എന്നെന്നും ജാനകി മാത്രമായ നിമിഷങ്ങൾ.. പക്ഷെ, പതിയെ.. പതിയെ.. പതിയെ.. ഒന്നിക്കാനൊരു വിധിയും മുൻവിധിയുമുണ്ടായിട്ടും അവളെ മനപ്പൂർവ്വം അടർത്തിമാറ്റി പോയി മറഞ്ഞതവനാണ്. തനിക്കൊരു പുതിയ കാമുകിയുണ്ടെന്നും അവളെ താൻ വിവാഹം ചെയ്യുവാനാഗ്രഹിക്കുന്നുവെന്ന് പറഞ്ഞതും അവനാണ്.
അവന്റെ ജീവിതത്തിലെ തന്റെ വേഷമെന്തായിരുന്നുവെന്ന് ചോദിച്ചിട്ടും ഉത്തരമില്ലാതെ അയാൾ നടന്നുപോയത് ജാനകിയുടെ കണ്ണുകളിൽ തെളിഞ്ഞു വന്നു. ആ ഓർമ്മകൾ കണ്ണീരായി കവിളിലൂടെ ഒലിച്ചിറങ്ങി വീണു.
വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണവൾ മറ്റൊരു വിവാഹത്തിന് സമ്മതിക്കുന്നത്. മറ്റൊരു പുരുഷനെ മനസ്സിൽ സൂക്ഷിച്ചുകൊണ്ട് വേറൊരുത്തന് താലികെട്ടാനായി കഴുത്ത് നീട്ടുന്ന ആ അവസ്ഥ, ഭീകരമാണത്..
“എന്താ കുട്ട്യേ നീയീ വേഷത്തില്..? ഇന്ന് നിന്റെ കല്യാണമാണോ? അപ്പൊ ആ പയ്യൻ വന്നു ല്ലേ.. ഉം, എനിക്കുറപ്പായിരുന്നു അവൻ വരുമെന്ന്..” മുത്തശ്ശി പിറുപിറുത്തുകൊണ്ടിരുന്നു. അതിനിടെയാണ് തുളസിയും ഭദ്രയും വന്ന് ജാനകിയെ കൈ പിടിച്ചു കൂട്ടിക്കൊണ്ട് പോകുന്നത്.
“മുഹൂർത്തതിനുള്ള സമയമായി..” ഭദ്ര പറഞ്ഞു. ജാനകി ഒരുക്കി വച്ച മണ്ഡപത്തിലിരുന്ന് ചുറ്റിനും നോക്കി. മറ്റൊരുത്തൻ താലി കിട്ടുന്നതിന് തൊട്ട് നിമിഷമെങ്കിലും അഖിൽ താൻ പറഞ്ഞതെല്ലാം കള്ളമായിരുന്നെന്ന് പറഞ്ഞ് അവൾക്കായി വരുമെന്ന് അവൾ കരുതി. പക്ഷെ അതുണ്ടായില്ല.. പ്രണയം കൊണ്ട് മുറിവേറ്റവളുടെ നെറ്റിയിൽ ചുവന്ന സിന്ദൂരം ചാർത്തപ്പെട്ടു.
മുത്തശ്ശി അപ്പോഴും ചോദിച്ചുകൊണ്ടിരുന്നു.. “എന്താ ഇവിടെ? ജാനകിയുടെ കല്യാണമാണോ.. അപ്പൊ അഖിലൻ വന്നുവോ.?”
❤️❤️❤️
ഏകദേശം ഒന്നര വർഷത്തിന് ശേഷം മറ്റൊരുവന്റെ കൈ പിടിച്ച് ജാനകി എന്റെ ഗൈനക്കോളജി ഒപിയിലേക്ക് തലതാഴ്ത്തി നടന്നുവരുമ്പോൾ എന്റെയുള്ളിൽ നിന്നുമൊരു ആന്തൽ പുറപ്പെട്ടു. വെപ്രാളപ്പെട്ടുകൊണ്ട് ഞാൻ അവരെ നോക്കാതെ മേശപ്പുറത്തെ ഫയലുകൾ മറിച്ചുനോക്കി.. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞിരുന്നു.
“ഡോക്ടർ, ഇവർ സുദർശനൻ ഡോക്ടറുടേത് ആണ്.” എന്റെ അസിസ്റ്റന്റ് വർഷ പറഞ്ഞു.
“ഇരിക്കൂ..” ഞാൻ എന്റെ വിറയ്ക്കുന്ന മനസ്സിനെ ചങ്ങലക്കിട്ടുകൊണ്ടവളെ നോക്കി. വീർത്ത വയറ് ഏഴ് മാസമെങ്കിലും പ്രായം തോന്നിക്കും.
ഡോക്ടർ സുദർശനനായിരുന്നു അവളുടെ പ്രെഗ്നൻസി കൈകാര്യം ചെയ്തതെന്ന് അപ്പോഴാണ് ഞാനറിയുന്നത്. സുദർശനൻ രണ്ടു ദിവസങ്ങൾക്ക് മുൻപേ മരിച്ചു പോയിരിക്കുന്നു..!! അദ്ദേഹത്തിന്റെ പ്രെഗ്നൻസി കേസുകൾ എല്ലാം തന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്. അതിൽ ജാനകിയുമുണ്ടെന്ന് അറിഞ്ഞിരുന്നില്ല.
“ഞാൻ ഡോക്ടർ അഖിൽ ദേവ്. താങ്കളുടെ പേര്??” ഞാനവളുടെ ഭർത്താവിനെ നോക്കിക്കൊണ്ട് ചോദിച്ചു.
“എന്റെ പേര് ശ്രീരാം, ഇതെന്റെ വൈഫ് ജാനകി.. ഡോക്ടറുടെ പുസ്തകങ്ങൾ ഞാൻ വായിക്കാറുണ്ട്, ആക്ച്വലി എന്റെ ഭാര്യ ഡോക്ടർടെ വലിയ ഫാൻ ആണ്..”
ശ്രീരാം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“നന്ദി..” അത്രയേ പറഞ്ഞുള്ളു.. അവളെ നോക്കുവാനുള്ള ശക്തി എനിക്കില്ലായിരുന്നു. ഞാനവരുടെ ഫയലുകൾ വാങ്ങി മറിച്ചുനോക്കി.
“ജാനകിക്ക് ഇപ്പൊ.. എന്തെങ്കിലും ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടോ?”
ഞാനവളുടെ കണ്ണുകളിലേക്ക് മെല്ലെ നോക്കി. അല്പം വണ്ണം വച്ചുവെന്നതൊഴിച്ചാൽ അവൾക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. ആ കണ്ണുകൾ ഇന്നും ഒരു നക്ഷത്രം പോലെ തിളങ്ങുന്നു..
അവൾ തലയുയർത്തി എന്നെയൊന്നു നോക്കി. എനിക്ക് ശ്വാസം മുട്ടി. എങ്കിലും ശ്രമപ്പെട്ടുകൊണ്ട് ഞാനൊരു ചിരി മുഖത്ത് വരുത്തി.
“ജാനൂ, ഡോക്ടർ ചോദിച്ചത് കേട്ടില്ലേ. നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ?” ശ്രീരാം ചോദിച്ചപ്പോൾ അവളെന്നെ നോക്കി ഇല്ലെന്ന് തലയാട്ടി.
“ഒരു ബുദ്ധിമുട്ടുമില്ലേ.?” ഞാൻ വീണ്ടും ചോദിച്ചു. എന്നേ നോക്കിക്കൊണ്ട് തന്നെ വീണ്ടും ഇല്ലെന്നവൾ തലയാട്ടി.
അന്നത്തെ സെഷൻ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാനിരിക്കുമ്പോൾ എനിക്ക് വല്ലാതെ അസ്വസ്ഥത തോന്നി. അവളെ ചേർത്ത് പിടിച്ചു നടന്നകലുന്ന ശ്രീറാമിന്റെ ദൃശ്യം ഹൃദയത്തെ കുത്തി വ്രണപ്പെടുത്തും പോലെ..
“എന്തുപറ്റി ഡോക്ടർ.. കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നു.. നിങ്ങൾ ആകെ വിയർത്തിരുന്നു,..” വർഷ ചോദിച്ചു.
“ഏയ്.. ഒന്നുമില്ല..” ഞാൻ പറഞ്ഞ് ഒഴിയാൻ ശ്രമിച്ചു.
“കള്ളം പറയണ്ട, ഞാൻ കുറെ നേരമായി കാണുന്നു..”
“വർഷയോടു ഞാനൊന്ന് ചോദിച്ചോട്ടെ??”
“ഉം..”
“വർഷ എപ്പോഴെങ്കിലും പ്രണയിച്ചിട്ടുണ്ടോ??” ആ ചോദ്യം കേട്ടപ്പോൾ അവൾ എന്നെയൊന്നു നോക്കി.
“ഇന്നേവരെ പ്രണയിച്ചിട്ടില്ലാത്ത മനുഷ്യരുണ്ടാകുമോ?? എന്താ ഇപ്പൊ ഇങ്ങനെ ചോദിക്കാൻ??”
“ഏയ്.. ഒന്നുമില്ല.. വർഷ പൊയ്ക്കോളൂ..” പിന്നെയൊന്നും ചോദിക്കാതെ വർഷ ഒപിയിൽ നിന്നും പോയി. അന്ന് രാത്രിയും എന്നത്തേയും പോലെ എനിക്കുറങ്ങാനായില്ല..
അടുത്ത ദിവസം അവസാനത്തെ ആളായിരുന്നു ജാനകി. പക്ഷെ അവൾക്കൊപ്പം ഭർത്താവ് കൂടെയുണ്ടായിരുന്നില്ല. അവൾ എന്റെ മുന്നിൽ വന്നിരുന്ന് എന്നേ നോക്കാൻ തുടങ്ങി.
“ഹസ്ബൻഡ് വന്നില്ലേ?” അത് ചോദിച്ചത് വർഷയായിരുന്നു.
“ഇല്ല.. അദ്ദേഹം ഒരത്യാവശ്യത്തിന് ഡൽഹി വരെ പോയി. എന്നേ ഇവിടെ ഇറക്കിത്തന്നു..”
“ഉം…” ഞാനൊന്ന് മൂളിക്കൊടുത്തു.
“വർഷക്ക് വേറെ സബ്സ്റ്റിട്യൂഷൻ ഉണ്ടെന്ന് പറഞ്ഞിരുന്നില്ലേ, വർഷ പൊയ്ക്കോളൂ.. ഇവർ ഇന്നത്തെ അവസാനത്തെ ആളല്ലേ, ഐ കാൻ മാനേജ്..”
“ശരി ഡോക്ടർ..” വർഷ പോയിക്കഴിഞ്ഞപ്പോൾ അവിടെ ഞാനും ജാനകിയും മാത്രമെവിടെ ബാക്കിയായി.
“ജാനകി??”
“ഉം..??”
“നിനക്ക് സുഖമല്ലേ ജാനകി??”
“ഉം.. അനുരാധക്ക് സുഖമല്ലേ..??” അനുരാധ..?? അതാരാണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പിന്നീടാണ് ഓർമ്മ വന്നത്. താൻ സ്നേഹിക്കുന്ന പെണ്ണാണെന്ന് പറഞ്ഞു അനുരാധ എന്ന പേരാണ് അവനന്ന് ജാനകിയോട് പറഞ്ഞത്.
“അവൾ സുഖമായിരിക്കുന്നു..” ഞാൻ നെടുവീർപ്പോടെ പറഞ്ഞു.
“വിവാഹം??”
“കഴിഞ്ഞു.. ഇപ്പൊ ഒരു കുട്ടിയുണ്ട്..”
“ഉം..”
“ജാനകീ..”
“ഉം..??”
“എങ്ങനെയുണ്ട് ജീവിതമൊക്കെ..??”
“അദ്ദേഹം നല്ലൊരു മനുഷ്യനാണ്. എന്നെ വളരെയധികം സ്നേഹിക്കുന്നു..”
“ഉം.. ജാനകി നിനക്ക് ഇഷ്ടമില്ലെങ്കിൽ ഡോക്ടറെ മാറ്റാവുന്നതാണ്.”
“വേണ്ടാ.. എന്റെ പ്രസവം നിങ്ങൾ തന്നെ ചെയ്‌താൽ മതി..”
“പ്രേമിച്ച പെണ്ണിന്റെ ഡെലിവറി നടത്തുന്ന ആദ്യത്തെ ഡോക്ടർ ഒരുപക്ഷെ ഞാനായിരിക്കും.. എന്തൊരു വിരോധാഭാസം അല്ലെ..!!”
“അഖിലേട്ടാ..”
“ഉം…”
“എനിക്ക് പോകാൻ സമയമായി..”
“എങ്ങനെയാ പോകുന്നത്..??”
“ഒരു ഓട്ടോറിക്ഷ വിളിക്കാം..”
“ഞാൻ കൊണ്ടുവിടട്ടെ..??” അവളെന്നെ നോക്കി. ഒന്നും പറഞ്ഞില്ല. എഴുന്നേറ്റു പോകാനൊരുങ്ങി. പക്ഷെ അവൾ വേണ്ടെന്ന് പറഞ്ഞിട്ടില്ല.. അപ്പോൾ അവൾക്ക് കുഴപ്പമില്ല.. ഞാനെഴുന്നേറ്റ് അവളുടെ പിന്നാലെ നടന്നു. ഞങ്ങൾ കാർ പോർച്ചിൽ എത്തി കാർ റിവേഴ്‌സ് എടുത്ത് ശേഷം മുന്നോട്ട് പോയി..
“ഡോക്ടറായതിൽ പിന്നെ കാറൊക്കെ വാങ്ങിച്ചു അല്ലെ..”
“ഹ്മ്മ്..” ഞാൻ ഒന്ന് മൂളി.
“നിനക്ക് സുഖമല്ലേ ജാനകി..??”
“അതേ.. ശ്രീയേട്ടൻ എന്നേ നന്നായി നോക്കുന്നുണ്ട്..”
“ഞാനൊരു കാര്യം ചോദിക്കട്ടെ..??”
“ഉം…”
“എന്നേ വെറുക്കുന്നുണ്ടോ..??”
“മനസ്സിൽ ഒരുപാട് വെറുക്കാൻ ശ്രമിച്ചതാണ്.. പക്ഷെ ഓരോ ശ്രമത്തിലും ഞാൻ തോറ്റിട്ടേ ഉള്ളു..”
“നീ ഇപ്പോഴുമെന്നെ സ്നേഹിക്കുന്നുവോ..??” ആ ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നില്ല. അവൾ ഏറെ നേരം മൗനം പാലിച്ചു.
“ഏതൊരു പ്രണയവും ആരംഭിക്കുന്നത് അതിനു മുൻപുള്ള പ്രണയം മരിച്ചുവീഴുമ്പോഴാണ്. ശ്രീയേട്ടന്റെ താലി എന്റെ കഴുത്തിൽ വീണ നിമിഷം മുതൽ ഞാനദ്ദേഹത്തെ പ്രണയിച്ചു തുടങ്ങി… പക്ഷെ, ഒരിക്കലും മറക്കാനാവാത്ത വിധം അത്രമേൽ ഹൃദയത്തിൽ വേരുറപ്പിച്ച ആത്മബന്ധങ്ങളെ പിഴുതെടുക്കുവാൻ ബുദ്ധിമുട്ടാണ്.” ഇത്തവണ മൗനം പാലിച്ചത് അയാളായിരുന്നു.
“ഇനി ഇതേ ചോദ്യം ഞാനാവർത്തിച്ചാലോ..??”
“നിന്റെ വീടെത്തിയിരിക്കുന്നു..” അയാൾ വീടിനുമുന്നിൽ കാർ ചെന്ന് നിർത്തി. അവൾ കാറിൽ നിന്നിറങ്ങി അയാളുടെ സീറ്റിനടുത്തേക്ക് ചെന്നു നിന്നു. മറുപടിക്കായി കാത്തിരുന്ന അവളെ നോക്കി പോകുന്നുവെന്ന് തലയാട്ടിക്കൊണ്ട് അയാൾ കാറുമായി പോയി.. അയാൾ അങ്ങനെയായിരുന്നു, അവളുടെ ഓരോ പ്രതീക്ഷകൾക്കും ഒരു വേലി സമ്മാനിക്കുന്നവൻ..
അഖിൽ നേരെ വീട്ടിലെത്തിയപ്പോൾ രാത്രിയായിരുന്നു, അമ്മ അടുക്കളയിലായിരുന്നു. അവനെ കണ്ടപാടെ കുളിച്ചു വരാൻ പറഞ്ഞു. കുളികഴിഞ്ഞെത്തിയപ്പോഴേക്ക് അമ്മ ടേബിളിൽ ഭക്ഷണം വിളമ്പി വച്ചിരിക്കുന്നു..
കഴിച്ചുകൊണ്ടിരിക്കെ അമ്മ അടുത്ത് വന്ന് നിന്നു.. സാധാരണ എന്തെങ്കിലും പറയാനുണ്ടെങ്കിൽ അമ്മ അങ്ങനെയാണ്.
“ഉം..??”
“ചന്ദ്രേട്ടൻ ഒരു കല്യാണാലോചന കൊണ്ടുവന്നിട്ടുണ്ട്..”
“എനിക്ക് ഇപ്പൊ കല്യാണം വേണ്ടെന്ന് അമ്മയോട് ഞാൻ പറഞ്ഞതല്ലേ.. വീണ്ടും ഇതുതന്നെ പറഞ്ഞെന്നെ ശല്യപ്പെടുത്തരുത്..” ഞാൻ ഭക്ഷണത്തിലേക്ക് നോക്കികൊണ്ട് പറഞ്ഞു.
“ഒരു പെണ്ണ് പോയെന്ന് വച്ച് നീ ജീവിതകാലം മുഴുവൻ ഒറ്റത്തടിയായി ജീവിക്കാൻ പോകുവാണോ..??”
“നമുക്ക് വേറെന്തെങ്കിലും സംസാരിക്കാം..” അമ്മ അത് കേട്ടപാടെ ഒന്നും പറയാതെ അടുക്കളയിലേക്ക് കയറിപ്പോയി.
ഭക്ഷണം കഴിച്ചു കഴിഞ്ഞ് മുറിയിലെത്തി ബെഡിൽ ചെന്നിരുന്നു.. ഇപ്പോഴും ജാനകിയുടെ വാക്കുകൾ കാതുകളിൽ.. അവൾക്കിപ്പോഴും തന്നെ മറക്കാനാവുന്നില്ല..
“എന്റെ മകൾക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട്.. എന്റെ അന്തസ്സിനു ചേർന്ന ഒരു ആലോചന, ദയവായി അവളെ എനിക്ക് വിട്ടു തരണം..” ജാനകിയുടെ അച്ഛൻ ഒരിക്കൽ തന്നെ സമീപിച്ചത് അവനോർത്തു..
“മോനെ.. കൊത്തുമ്പോ കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ.. അല്ലെങ്കിൽ ഇങ്ങനെയൊക്കെ ആയിപ്പോകും. ജാനകി നിന്റെയീ ചെറിയ വീട്ടില് ജീവിച്ചു തീർക്കേണ്ടവളല്ല. അവൾക്കൊരുപാട് സ്വപ്നങ്ങളുണ്ട്.. അവളുടെ ആഗ്രഹങ്ങളെല്ലാം പൂർത്തീകരിക്കുവാൻ നിന്നെക്കൊണ്ടാവുമോ..??”
അദ്ദേഹം ചോദിച്ചു.
“അവളുടെ ലക്ഷ്യങ്ങൾ.. ഇഷ്ടങ്ങൾ.. എല്ലാം നീയൊരൊറ്റൊരാൾക്ക് വേണ്ടി അവളെക്കൊണ്ട് ഇല്ലാതാക്കിപ്പിക്കണോ, അതോ അത്യാവശ്യം പണക്കാരനായ ഞങ്ങളുടെ നിലയോടും വിലയോടും ചേർന്ന ഒരാളെ കല്യാണം കഴിച്ച് അവൾ സന്തോഷത്തോടെ ജീവിക്കണോ… അവളെ സന്തോഷത്തോടെ ജീവിക്കുവാനനുവദിച്ചൂടെ..??” അന്ന് താൻ നിശബ്തനായി, അവളുടെ സ്വപ്‌നങ്ങൾ.. ഒരു ജോലി പോലുമില്ലാത്ത താൻ..
ഓരോന്നാലോചിച്ച് അയാൾ നെടുവീർപ്പിട്ടു.. മുന്നിലെ ടേബിളിൽ കിടന്ന പേപ്പർ താൻ നിറം ചാലിക്കാൻ കാത്തിരിക്കുന്നത് പോലെ അവനു തോന്നി. പേനയെടുത്തു.. മെല്ലെ എഴുതി നോക്കി.
‘നിന്റെ ചിരിയേ.. നിന്റെ കണ്ണുകളെ.. നിന്റെ ആശയമല്ലാത്ത അക്ഷരങ്ങളെ.. നിന്റെ കുഞ്ഞു കുഞ്ഞു ചിണുങ്ങലുകളെ… എന്നിങ്ങനെ നീ സ്നേഹിച്ചതിനെയെല്ലാം ഭ്രാന്തമായി ചേർത്തുവെക്കുന്നയാളിൽ നിന്നും മനപ്പൂർവ്വം ഒളിച്ചോടിയിട്ടുണ്ടോ??
അത്രമേൽ പ്രിയമുള്ളൊരാൾക്ക് മുന്നിൽ മനപ്പൂർവ്വം മൗനം പാലിച്ചിട്ടുണ്ടോ??
ഉള്ളിലെ വേദനകളെയെല്ലാം കവിതകളായുരുക്കി എഴുതി നോക്കിയിട്ടുണ്ടോ??
ആ എഴുത്തുകളിൽ പടർന്ന ചോരയുടെ നനവ് കണ്ട് കണ്ണീര് പൊടിഞ്ഞിട്ടുണ്ടോ?
രാത്രിയുടെ ഏഴാം യാമങ്ങളിൽ അയാളെയോർത്ത് ഞെട്ടിയുണർന്നിട്ടുണ്ടോ?
ഇരുട്ടിന്റെ ഏഴാം പാളിക്കുള്ളിൽ നിന്നെ തനിച്ചാക്കി പോയൊളിച്ചത് പേടിച്ചിട്ടല്ല..
പ്രണയം തീർന്നുപോയത് കൊണ്ടല്ല..ഹൃദയത്തെ നിന്റെ ഓർമ്മകൾ കുത്തിനോവിക്കുമെന്ന് അറിയാഞ്ഞിട്ടുമല്ല..
പൊള്ളിയടർന്ന മുറിവുകൾക്ക് ഒരിക്കലും ശമനമുണ്ടാവില്ലെന്നറിയാം..
ഉണങ്ങിയ മുറിവുകളുടെ പൊറ്റകൾ അടർത്തി മാറ്റി നിന്റെ ഓർമ്മകളിൽ പിടഞ്ഞു തീരുമെന്നുമറിയാം..
എന്നിട്ടും മനസ്സിനെ പറഞ്ഞു പഠിപ്പിച്ച് നിന്നെ അടർത്തിമാറ്റി ഹൃദയത്തിനു പിറകിൽ കണ്ണെത്താ ദൂരത്ത് നീ കാണാതെ പോയൊളിച്ചത് നിനക്ക് വേണ്ടി മാത്രം.. നിന്റെ ചിരിയെ ഓർത്ത് മാത്രം.. എന്റെ നിസ്സഹായത ഒന്ന് കൊണ്ട് മാത്രം..
എന്നിട്ടും ചതിയോടെ നിന്നെ തനിച്ചാക്കി പോയ എനിക്കായ് ഒരു കൈക്കുടന്ന നിലാവ് പോലെ വീണ്ടും നീ വന്നണയുന്നത് കാണുമ്പോൾ ഞാൻ ആത്മഹത്യയെ കുറിച്ച് ആലോചിച്ചു പോകുന്നു..
നീയും.. നിലാവും.. അത്രമേൽ പ്രിയപ്പെട്ടത്..’
എഴുതി അവസാനിപ്പിച്ച് അയാൾ പേന പേപ്പറിൽ വച്ചു. ആ നിമിഷം അയാൾക്കേറെ പ്രിയപ്പെട്ടതാണ്. ഓരോ എഴുത്തുകാരനും താനെഴുതി പൂർത്തിയാക്കുന്ന ആ നിമിഷം പ്രിയപ്പെട്ടത് തന്നെയാണ്. അയാളേറെ സന്തോഷിച്ചു.. ഭ്രാന്തനെ പോലെ ചിരിച്ചു. വീണ്ടും വീണ്ടും താനെഴുതിയ വരികളിലൂടെ കണ്ണുകൾ പായിച്ചു..
””’ചതിയോടെ നിന്നെ തനിച്ചാക്കി പോയ എനിക്കായ് ഒരു കൈക്കുടന്ന നിലാവ് പോലെ വീണ്ടും നീ വന്നണയുന്നത് കാണുമ്പോൾ ഞാൻ ആത്മഹത്യയെ കുറിച്ച് ആലോചിച്ചു പോകുന്നു..
നീയും.. നിലാവും.. അത്രമേൽ പ്രിയപ്പെട്ടത്..””’
അന്ന് രാത്രിയും ഓർമ്മകൾ അയാളെ വേട്ടയാടിക്കൊണ്ടിരുന്നു.. ഉറക്കമില്ലാതെ അയാൾ പുളഞ്ഞു.. ഒടുവിൽ സഹികെട്ടു കാലങ്ങളായി അയാൾ കയ്യിൽ കരുതി വച്ചിരുന്ന വിഷക്കുപ്പിയിൽ നിന്നും അല്പമെടുത്ത് കുടിച്ചശേഷം ബെഡിലേക്ക് വീണ് സസുഖം മയങ്ങി..
ശരിയാണ് ചിലപ്പോഴൊക്കെ, നമ്മൾ ചതിച്ചതാണെന്നറിഞ്ഞിട്ടും അത്രമേൽ നമ്മളെ സ്നേഹിച്ചുകൊണ്ടിരിക്കുന്നവരുണ്ട്. ആ അവരിൽ നിന്നും രക്ഷപ്പെടുവാൻ മരണമല്ലാതെ മറ്റൊരു വഴിയുണ്ടായെന്ന് വരില്ല..
(അവസാനിച്ചു)