പൊട്ടൻ ~ ഭാഗം 01 ~ രചന: മഹാദേവൻ
പൊട്ടനായവനെ കെട്ടിച്ചിട്ട് എന്തിനാ.. വാലേതാ തലയേത എന്ന് പോലും അറിയാത്ത ഈ മരപാഴിനെ കെട്ടിച്ചാൽ കൊരങ്ങന്റെ കയ്യില് പൂമാല കിട്ടിയ അവസ്ഥ ആകും.അല്ലെങ്കിൽ തന്നെ ഇതുപോലെ ഒരുത്തന് ആര് പെണ്ണ് കൊടുക്കാനാ ശാരദേ … “
രാവിലത്തെ കഞ്ഞിക്കു മുന്നിൽ ഇരിക്കുമ്പോഴായിരുന്നു ശങ്കരൻ അച്ഛന്റെ ഉറക്കെ ഉള്ള സംസാരം ഉമ്മറത്ത് നിന്ന് കേട്ടത്.
താഴെ ഉള്ള അനിയന്റെ വിവാഹത്തെ കുറിച്ചു ദിവാകരൻ സംസാരിച്ചു തുടങ്ങുമ്പോൾ ” മൂത്തവൻ ഒരുത്തൻ നിൽക്കുവല്ലേ ” എന്ന അമ്മയുടെ സംശയത്തിനുള്ള മറുപടിയായിരുന്നു ആ കേട്ടതെങ്കിലും അച്ഛന്റെ വാക്കുകൾ ശങ്കരന്റെ നെഞ്ചിൽ ഒരു നീറ്റലായി മാറി.
” എന്തൊക്കെ പറഞ്ഞാലും ഈ വീടിനെ താങ്ങി നിർത്തുന്നത് ശങ്കരനല്ലേ… അവന് അതിനുള്ള കഴിവുണ്ട്.. എല്ലാവരേം സ്നേഹിക്കാനുള്ള മനസ്സുണ്ട്. അതിൽ കൂടുതൽ എന്ത് വേണം. ഒന്ന് നോക്കിക്കൂടെ അവന് വേണ്ടിയും. അവനായി ഒരു പെണ്ണ് എവിടെയെങ്കിലും ഉണ്ടെങ്കിൽ… “
അമ്മയുടെ വിക്കി വിക്കിയുള്ള വാക്കുകൾക്ക് മുഖം കൊടുക്കാതെ കുറച്ച് നേരം ആലോചിച്ചിരുന്നതിനു ശേഷം ദിവാകരൻ ഒന്ന് നീട്ടി മൂളികൊണ്ട് എഴുനേറ്റു,
പിന്നെ കയ്യിലെ തോർത്തുകൊണ്ട് മുഖമൊന്ന് അമർത്തിതുടച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു
” നിനക്കെന്താണ് ശാരദേ… ഇന്നത്തെ കാലത്ത് എല്ലാം തികഞ്ഞവന് തന്നെ ഒരു പെണ്ണ് കിട്ടാനില്ല. അപ്പഴാ ഒന്നും തികച്ചില്ലാത്ത ഇവന്. വെറുതെ വീട് കേറി ഇറങ്ങി നാണം കെടുന്നത് മിച്ചം.താഴെ ഉള്ളവന് ജോലി പെയിന്റിംഗ് ആണേലും ഒറ്റ നോട്ടത്തിൽ ആരും കുറ്റം പറയില്ലല്ലോ.. അതുകൊണ്ട് തന്നെ ധൈര്യമായി ഒരു വീട്ടിൽ കേറിചെന്നു പെണ്ണ് ചോദിക്കാലോ. ” എന്ന്.
അത് കേട്ടപ്പോഴെ അമ്മയുടെ മുഖമൊന്ന് കറുത്തു. ” ശരിയാ.. ഇവിടുത്തെ ഇളയ സന്തതിയെ ദൂരെ നിന്ന് നോക്കിയാൽ ആരും കുറ്റം പറയില്ലേ.. പക്ഷേ, അവനെ അടുത്തറിയുന്ന ഒരാളും അവന് പെണ്ണിനെ കൊടുത്ത് ഒരു പരീക്ഷണത്തിന് നിൽക്കില്ല.വീടിനും നാടിനും ഉപകാരമില്ലാതെ കള്ളും കുടിച്ച് കൂട്ടുകാരോടൊത്തു തോന്നിവാസം കാണിച്ച് നടക്കുന്ന ഒരുത്തൻ. ഈ വീട്ടിലേക്ക് എന്തെങ്കിലും അവൻ ചെയ്യാറുണ്ടൊ? ഒരു അരിമണി എങ്കിലും വാങ്ങിക്കൊണ്ടുവന്നിട്ടുണ്ടോ..? അങ്ങനെ ഉള്ള ഒരുത്തൻ കെട്ടി കൊണ്ട് വരുന്ന പെണ്ണിനെ കൂടി ന്റെ ശങ്കരൻ അധ്വാനിച്ചു കൊണ്ട് വന്നത് കൊണ്ട് നോക്കേണ്ടി വരും. അതിനേക്കാൾ നല്ലത് നിങ്ങടെ ഇളയ മോനെ അവന്റെ വഴിക്ക് വിട്ട് ശങ്കരന് വേണ്ടി ഒരു പെണ്ണ് തിരയുന്നതാകും. കേറി വരുന്ന പെണ്ണ് പട്ടിണി ആകില്ലല്ലോ “
ശാരദ മുഷിപ്പോടെ പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിലും ഒരു പെണ്ണ് കെട്ടിയാൽ ഇളയവൻ ശരിയാകുമെന്ന കാഴചപ്പാടിലായിരുന്നു ദിവാകരൻ.
ചുടുകഞ്ഞി കോരിക്കുടിക്കാൻ തുടങ്ങുമ്പോൾ ഉമ്മറത്ത് നിന്ന് അച്ഛൻ പറഞ്ഞ വാക്കുകൾ ശങ്കരന്റെ കണ്ണുകളെ ഈറനണിയിച്ചു .കഞ്ഞിക്കു ഉപ്പ് കൂട്ടിയ കണ്ണുനീർ മറുകൈ കൊണ്ട് തുടച്ചുമാറ്റി കോരിയ കഞ്ഞി പിഞ്ഞാണത്തിലേക്ക് തന്നെ ഇട്ട് എഴുന്നേൽക്കുമ്പോൾ അച്ഛൻ പറഞ്ഞ പൊട്ടൻ എന്ന വാക്ക് ഉള്ള് പൊള്ളിക്കുന്നുണ്ടായിരുന്നു.
പതിയെ വാ കഴുകി പണിക്കുള്ള ഡ്രെസ്സുമെടുത്തു പുറത്തേക്ക് ഇറങ്ങുമ്പോൾ ഉമ്മറത്തു എന്തൊക്കെയോ ആലോചനയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന അച്ഛനെ നോക്കിക്കൊണ്ട് അവൻ പറയുന്നുണ്ടായിരുന്നു
” പെണ്ണ് കെട്ടിയിലേലും കുഴപ്പമില്ല അച്ഛാ..പക്ഷേ, അച്ഛൻ തന്നെ ഇങ്ങനെ പൊട്ടാന്ന് വിളിക്കുമ്പോൾ.. ” അതും പറഞ്ഞ് ഉള്ള് വിങ്ങികൊണ്ട് ഒന്ന് ചിരിക്കാൻ ശ്രമിച്ചു തിരിയുമ്പോൾ അമ്മയോടായി പറയുന്നുണ്ടായിരുന്നു ” പോട്ടെ അമ്മേ….ന്തേലും വേണേൽ അഞ്ചു മണിക്ക് വിളിച്ചാൽ മതി. ” എന്ന്.
അതും പറഞ്ഞ് നിറഞ്ഞ കണ്ണുകൾ തുടച്ചു ഇറങ്ങിപ്പോകുന്ന അവനെ തന്നെ നോക്കി നിൽക്കുമ്പോൾ ആ അമ്മയുടെ കണ്ണുകളും നിറഞ്ഞുതൂവുന്നുണ്ടായിരുന്നു.
” ഞാൻ പൊട്ടാന്ന് വിളിച്ചതിൽ ആണിപ്പോ അവന് സങ്കടം. അവൻ പൊട്ടൻ ആണെന്ന് അറിഞ്ഞത് മുതൽ നമ്മൾ സങ്കടപ്പെട്ടത് ഒന്നും അവന് അറിയില്ലല്ലോ ” എന്നും പറഞ്ഞ് വയ്യാത്ത കാലും വലിച്ച് ദിവാകരൻ അകത്തേക്ക് പോകുമ്പോൾ ശങ്കരൻ കാലുകൾ വലിച്ചുവെച്ചു വലിഞ്ഞു നടക്കുകയായിരുന്നു പണിസ്ഥലത്തേക്ക്.
—————————————–
ഇളയമകൻ സതീശന് പെണ്ണ് ശരിയായത് പെട്ടന്നായിരുന്നു. വീട്ടിൽ ഒരാൾ കൂടി വരുന്നതിന്റ സന്തോഷത്തിൽ ആയിരുന്നു ശങ്കരൻ. കല്യാണത്തലേന്ന് എല്ലാവരും ഒത്തുകൂടുന്നതിനിടയിലൂടെ ഓടിനടക്കുന്ന ശങ്കരനെ പിടിച്ചുനിർത്തികൊണ്ട് വകയിലെ ഒരു അമ്മായിയായ ദേവകി സ്വകാര്യം പോലെ ചോദിക്കുന്നുണ്ടായിരുന്നു ” ന്റെ ശങ്കരാ.. നിനക്കും ഒരു പെണ്ണിനെ കേട്ടണ്ടേ ” എന്ന്.
അത് കേട്ട് വിരൽ കടിച്ചു നാണത്തോടെ തലതാഴ്ത്തി ചിരിക്കുന്ന ശങ്കരനെ കളിയാക്കും പോലെ ദേവകി മനസ്സിൽ പറഞ്ഞു ” അല്ലെങ്കിൽ തന്നെ നീ കെട്ടിയിട്ടതെന്താ.. കെട്ടുന്ന പെണ്ണിന്റ മുട്ട് തീർക്കാൻ പിന്നെ വേറെ ആരേലും വരേണ്ടി വരും ” എന്ന്. പക്ഷേ, പുറത്തേക്ക് വന്നത് മറ്റൊന്നായിരുന്നു.
” ന്റെ ശങ്കരാ… നിന്നെ പൊട്ടനാക്കുവാ എല്ലാവരും. നിന്റെ കാശ് മാത്രം മതി എല്ലാവർക്കും. അതുകൊണ്ട് ആണ് നിന്നെ വെട്ടാൻ നിർത്തിയ പോത്തിനെ പോലെ ഇവിടെ ഇങ്ങനെ നിർത്തുന്നത്. നിനക്കൊക്കെ നല്ല രാജകുമാരിയെ കിട്ടും. ” എന്നും പറഞ്ഞ് എരിതീയിൽ എണ്ണ ഒഴിച്ച പോലെ അവനെ ഒന്ന് പാളി നോക്കുമ്പോൾ അമ്മായി പറഞ്ഞത് കേട്ട് സന്തോഷത്തോടെ ചിരിച്ചുകൊണ്ട് അവൻ ദേവകിയെ ഒന്ന് നാണത്തോടെ തോണ്ടിക്കൊണ്ട് പറഞ്ഞു,
” നിക്ക് രാജകുമാരി ഒന്നും വേണ്ട അമ്മായി.. അമ്മായീടെ മോളെ കെട്ടിച്ചു തരോ ” എന്ന്.
പിന്നെ തിരിഞ്ഞു നോക്കുമ്പോൾ ആ പരിസരത്തെങ്ങും ആ അമ്മായി ഇല്ലായിരുന്നു.
വിവാഹം കഴിഞ്ഞ് ആദ്യരാത്രി സതീശൻ മുറിയിലേക്ക് ചെല്ലുമ്പോൾ കാത്തിരിക്കുകയായിരുന്നു ഹേമ. പക്ഷേ, ആദ്യരാത്രിയിലെ അവന്റെ ആടിയാടിയുള്ള വരവ് കണ്ടപ്പോൾ തന്നെ അവൾ വല്ലാതായിരുന്നു.
വിവാഹശേഷം ഏതൊരാളും സ്വപ്നം കാണുന്ന ആദ്യരാത്രി നാലുകാലിൽ വരുന്ന ഭർത്താവിനെ എങ്ങിനെ സ്വീകരിക്കുമെന്ന് അരിയെതെ ഭയപ്പെട്ട് കൈകൾ കൂരിതിരുമ്മി ഒരു മൂലയിലേക്ക് അവൾ മാറിനിൽക്കുമ്പോൾ വെച്ചു വെച്ചു വീഴാൻ പോയ സതീശൻ ബെഡ്‌സിലേക്ക് വീഴുമ്പോൾ ആ ആദ്യരാത്രിയെ കണ്ണുനീര് കൊണ്ട് നേരം വെളിപ്പിക്കുകയായിരുന്നു ഹേമ.
പക്ഷേ രാവിലെ അതൊന്നും പുറത്ത് കാണിക്കാതെ സന്തോഷത്തോടെ അമ്മക്കൊപ്പം അടുക്കളയിൽ കേറുമ്പോൾ പുറത്ത് നിന്ന് കിതച്ചുകൊണ്ട് ഓടി അടക്കളയിലേക്ക് വന്ന ശങ്കരൻ കയ്യിലുണ്ടായിരുന്ന മുല്ലപ്പൂക്കൾ അവൾക്ക് നേരെ നീട്ടികൊണ്ട് പറയുന്നുണ്ടായിരുന്നു ” ഹേമകുഞ്ഞിനു മുല്ലപ്പൂ നല്ല ചേലാണെന്ന് “.
അത് കേട്ട് അടുത്തു നിൽക്കുന്ന അമ്മയെ ഒന്ന് നോക്കികൊണ്ട് സന്തോഷത്തോടെ അത് വാങ്ങി മുടിയിലണിയാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നും ദേഷ്യത്തോടെ ഉള്ള വിളി കേട്ട് അവർ മൂന്ന് പേരും തിരിഞ്ഞുനോക്കി.
അവിടെ ഉറക്കച്ചടവോടെ നിൽക്കുന്ന സതീശൻ ദേഷ്യത്താൻ അവൽക്കരികിലേക്ക് ഓടിയെത്തി ആ മുല്ലപ്പൂ വാങ്ങി നിലത്തിട്ട് ചവിട്ടുമ്പോൾ ഉറക്കെ പറയുന്നുണ്ടായിരുന്നു ” പൊട്ടനാണെങ്കിൽ എന്താ പെണ്ണിന്റ നിറം കണ്ടപ്പോൾ തുടങ്ങി ഒലിപ്പീര് ” എന്ന്.
” പെണ്ണിനെ കണ്ടാൽ ഇളക്കം കൂടുന്നത് പൊട്ടനായത് കൊണ്ട് അല്ല, അത് സൂക്കേട് വേറെ ആണ് ” എന്ന് കൂടി പറഞ്ഞ് നിലത്തിട്ട് ചവിട്ടിയ മുല്ലപ്പൂവിൽ ഒന്നുകൂടി അമർത്തി ചവിട്ടി ഞെരിച്ചുകൊണ്ട് അവൻ ശങ്കരനെ ഒന്ന് അമർഷത്തോടെ നോക്കികൊണ്ട് പുറത്തേക്ക് പോകുമ്പോൾ നിലത്തു ചതഞ്ഞരഞ്ഞ പൂക്കളിലേക്ക് നോക്കി ഇരുന്ന് കണ്ണുകൾ നിറയ്ക്കുന്ന അവനരികിൽ ഇരുന്ന് കൊണ്ട് ഹേമ പറയുന്നുണ്ടായിരുന്നു
“ശങ്കരേട്ടൻ വിഷമിക്കണ്ട.. പൂക്കളല്ലേ ചവിട്ടി അരയ്ക്കാൻ പറ്റൂ.. അത് വാങ്ങിത്തന്ന ഈ മനസ്സ് അദ്ദേഹത്തിന് ചവിട്ടിഅരയ്ക്കാൻ പറ്റില്ലല്ലോ ” എന്ന്. പിന്നെ നിലത്ത് അരഞ്ഞു കിടക്കുന്ന ആ മുല്ലപ്പൂവുകൾക്കിടയിൽ നിന്നും പാതി അരഞ്ഞ രണ്ട് പൂക്കൾ എടുത്തവൾ തന്റെ മുടിയിൽ ചൂടി പുഞ്ചിരിയോടെ എഴുന്നേൽക്കുമ്പോൾ അത് കണ്ട് നിൽക്കുന്ന അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
പതിയെ ഇരുന്നിടത്തു് നിന്നും എഴുനേറ്റ് പുറത്തേക്ക് പോകുന്ന ശങ്കരനെ ചെറിയ വിഷമത്തോടെ ഹേമ തിരിഞ്ഞുനോക്കുമ്പോൾ അടുത്തു നിൽക്കുന്ന അമ്മ ഒരു നെടുവീർപ്പോടെ പറയുന്നുണ്ടായിരുന്നു
” ന്റെ കുട്ടിക്ക് സ്നേഹിക്കാൻ മാത്രേ അറിയൂ…
പക്ഷേ, ആ സ്നേഹം കാണാനുള്ള കണ്ണ് ഇവിടെ ഉള്ളവർക്ക് ദൈവം കൊടുത്തില്ല ” എന്ന്.
——————————-
വിവാഹം കഴിഞ്ഞുള്ള ഓരോ രാത്രിയും അവൾക്ക് ദാമ്പത്യം അപൂർണ്ണമായിരുന്നു. എന്നും നാലുകാലിൽ മാത്രം വരുന്ന ഭർത്താവിന്റെ തുണി അലക്കാനും ഛർദിൽ കോരാനുമുള്ള ഒരു ഉപകരണം മാത്രമായി അവൾ മാറുമ്പോൾ മദ്യത്തിന്റെയും വിയർപ്പിന്റെയും ഇടകലർന്ന മണം പലപ്പോഴും അവളെ ഉറക്കിയത് ഇടവഴിയിലെ നിലത്തായിരുന്നു. അമ്മ എഴുന്നേൽക്കുന്നതിനു മുന്നേ അവൾ എഴുനേൽക്കാറുള്ളത് കൊണ്ട് മാത്രം ആരും അറിയാതെ പോയ അവളിലെ സങ്കടങ്ങളെ പുറമെ കാണിക്കുന്ന സന്തോഷതാൽ മറച്ചുപിടിക്കുമ്പോൾ ഒരു മടുപ്പ് അവളെയും വല്ലാതെ പിടികൂടിത്തുടങ്ങിയിരുന്നു.
ഒരുപാട് സ്വപ്നങ്ങളുമായി വന്ന് കയറിയ വീട്ടിൽ ഒരു സ്വപ്നം പോലും സാധ്യമാക്കാൻ കഴിയാത്തതിന്റ വിഷമം അവളെ മാനസികമായി തളർത്തുമ്പോൾ അമ്മയുടെയും ശങ്കരന്റെയും നിഷ്ക്കളങ്കമായ സ്നേഹം ആയിരുന്നു പലപ്പോഴും അവളുടെ മനസ്സിൽ കുറച്ചെങ്കിലും സന്തോഷം കൊണ്ടെത്തിച്ചത്.
അന്ന് ഉച്ചക്ക് തന്നെ അത്യാവശ്യം മദ്യലഹരിയിൽ വീട്ടിലേക്ക് കയറി വരുമ്പോൾ പുറത്ത് ആരെയും കാണാതെ സതീശൻ നാലുപാടും ഒന്ന് നോക്കി. പിന്നെ വെച്ചു വേച്ചു റൂമിനടുത് എത്തുമ്പോൾ തന്റെ റൂമിൽ നിന്നും ഇറങ്ങി വരുന്ന ഏട്ടനെ കണ്ട് അവൻ ഒന്ന് ഞെട്ടി.
ദേഷ്യത്തോടെ ആടിയാടി വരുന്ന അവനെ നോക്കി ചിരിച്ചുകൊണ്ട് ശങ്കരൻ പുറത്തേക്ക് നടക്കുമ്പോൾ മനസ്സ് വല്ലാതെ വലിഞ്ഞു മുറികിയായിരുന്നു സതീശൻ റൂമിലേക്ക് കയറിയത്..അവിടെ മയങ്ങിക്കിടക്കുന്ന ഹേമയുടെ സാരി സ്ഥാനം തെറ്റി കിടക്കുന്നു.കാലിൽ നിന്ന് തെറുത്തു കയറിയ സാരിമുട്ടിനു താഴെ എത്തി നിൽക്കുമ്പോൾ വയറിന്റെ പാതി ഭാഗവും പുറത്ത് കാണുന്ന രീതിയിൽ ആയിരുന്നു അവളുടെ കിടപ്പ്.അതുകൊണ്ട് തന്നെ ഏട്ടൻ റൂമിൽ കേറിയതിൽ പിന്നെ അവിടെ എന്തൊക്കെയോ നടന്നിട്ടുണ്ടെന്ന് മനസ്സ് വല്ലാതെ പിരിമുറുക്കത്തോടെ പറയുമ്പോൾ പെരുവിരൽ മുതൽ ദേഷ്യം അരിച്ചു കയറുന്നുണ്ടായിരുന്നു സതീശന്.
” പൊട്ടനാണെന്നും പറഞ്ഞ്….. അനിയന്റെ ഭാര്യയെ….. “
അവൻ കുടിച്ച മദ്യത്തിന്റെ ലഹരിയിൽ ഭ്രാന്തനെപ്പോലെ പുറത്തേക്ക് ചാടി ഇറങ്ങുമ്പോൾ അടുക്കളയിൽ എന്തോ ഉണ്ടാകുന്ന തിരക്കിൽ ആയിരുന്നു ശങ്കരൻ,പിന്നിൽ അനിയൻ ഒരു അപകടമായി മാറുന്നതറിയാതെ……
ശങ്കരൻ പിന്നിൽ ഭ്രാന്തനെ പോലെ നിൽക്കുന്ന സതീശന്റെ വരവ് അറിയാതെ അടുപ്പിൽ തിളയ്ക്കുന്ന വെള്ളത്തിലേക്ക് നോക്കി നിൽക്കുമ്പോൾ ആയിരുന്നു മുതുകിൽ വന്നടിച്ച പ്രഹരത്താൽ മുന്നിലേക്ക് വീണത്.
വീഴ്ചയിൽ കൈ തട്ടി മറിഞ്ഞ ചൂടുവെള്ളം പാതിയും ദേഹത്തേക്ക് വീഴുമ്പോൾ പൊള്ളിപ്പിടഞ്ഞു കരഞ്ഞുകൊണ്ട് എണീക്കാൻ ശ്രമിച്ച ശങ്കരനെ ഒരിക്കൽ കൂടി ചവിട്ടിവീഴ്ത്തികൊണ്ട് സതീശൻ അലറുകയായിരുന്നു ” എന്റെ മുറിയിൽ കേറി തന്നെ വേണം പൊട്ടന്റെ കഴപ്പ് തീർക്കാൻ. ആരുമില്ലാത്ത നേരം നോക്കി നീ എന്റെ ഭാര്യയെ തൊടും അല്ലേടാ…. ” എന്ന്.
അതും പറഞ്ഞ് പിന്നെയും ശങ്കരനെ ചവിട്ടാൻ കാലുയർത്തുമ്പോൾ ഉയർത്തിയ കാലിൽ പിടിച്ചു കരഞ്ഞുകൊണ്ട് ശങ്കരൻ പറയുന്നുണ്ടായിരുന്നു ” അനിയൻകുട്ടാ.. ഏട്ടനെ ഇനി തല്ലല്ലേടാ..
ദേ, ന്റെ കയ്യ് മൊത്തം പൊള്ളി.. ന്തിനാ ന്നേ ങ്ങനെ ഉപദ്രവിക്കണേ..ഹേമകുഞ്ഞിനു വയ്യെന്ന് പറഞ്ഞോണ്ട് കേറീതാ.. അല്ലാതെ ഞാൻ ഒന്നും ചെയ്തില്ല ” എന്ന്.
പക്ഷേ അതൊന്നും വിശ്വസിക്കാതെ കാലിൽ നിന്നും ശങ്കരന്റെ പിടി വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് സതീശൻ കാല് കുടയുമ്പോൾ പിടി വിട്ട് പിറകിലേക്ക് മലച്ച ശങ്കരൻ പിന്നെയും തൊഴുതുകൊണ്ട് പറയുന്നുണ്ടായിരുന്നു
” വേദനിക്കുന്നു അനിയൻകുട്ടാ… ഇനി തല്ലല്ലേ” എന്ന്.
അത് കേട്ടഭാവം പോലും കാണിക്കാതെ മനസ്സിൽ നുരഞ്ഞുപൊന്തിയ ദേഷ്യം ശങ്കരന്റെ ശരീരത്തിൽ തീർക്കാനെന്നോണം പിന്നെയും ചവിട്ടാൻ കാലുയർത്തുമ്പോൾ ആയിരുന്നു പുറത്ത് പോയിരുന്ന അമ്മയും അച്ഛനും ബഹളം കേട്ട് അകത്തേക്ക് ഓടി വന്നത്.
അതേ സമയം പുറത്തെ ബഹളം കേട്ട് മയക്കത്തിൽ നിന്നും എണീറ്റ പോലെ ഹേമയും അടുക്കളയിലേക്ക് ഓടിയെത്തുമ്പോൾ വീണു കിടക്കുന്ന ശങ്കരനെ കരഞ്ഞുകൊണ്ട് പിടിച്ചുയർത്തുന്ന അമ്മയെ ആയിരുന്നു കണ്ടത്.
” നീ കള്ളും കുടിച്ച് വന്ന് എന്റെ മോനെ കൊല്ലുമോടാ ദ്രോഹി ” എന്ന് ചോദിച്ച് ശങ്കരന്റെ കയ്യിൽ പൊള്ളിയ ഭാഗത്തേക്ക് നോക്കി പൊട്ടിക്കരഞ്ഞുകൊണ്ട് അവനെ എഴുനേൽപ്പിക്കാൻ നോക്കുമ്പോൾ അവരെ നോക്കി കലിതുള്ളി നിൽക്കുന്ന സതീശൻ അമർഷത്തോടെ അവരെ നോക്കി പല്ലിറുമ്മി,
” അതേ ഞാൻ കള്ളുകുടിയനാ. പക്ഷേ, തന്തയില്ലായ്മ കാണിക്കില്ല.. ഇതിപ്പോ പൊട്ടനാണെന്നും പറഞ്ഞ് എല്ലാവരും ഒക്കത്തെടുത്തു വെച്ച് ആരുമില്ലാത്ത നേരത്ത് എന്റെ ബെഡ്‌റൂം വരെ എത്തി പൊട്ടൻ. അത്രക്ക് മോഹമാണെങ്കിൽ നിനക്ക് കേറി കിടക്കയിരുന്നില്ലെടാ അവളുടെ കൂടെ.. ഇവൻ പൊട്ടനല്ല..അതൊക്ക വെറും അഭിനയമാ. പെണ്ണിനെ കണ്ടാൽ…… “
അതും പറഞ്ഞ് പിന്നെയും അവനെ ചവിട്ടാൻ കാലോങ്ങുമ്പോൾ പേടിയോടെ അമ്മയുടെ പിടിലേക്ക് ഒതുങ്ങികൂടി ശങ്കരൻ.ആ സമയം സതീശൻ പറഞ്ഞ വാക്കുകളിലെ ഞെട്ടലിൽ ആയിരുന്നു മറ്റുള്ളവർ.
വാതിലിനരികിൽ എല്ലാം കണ്ട് പേടിയോടെ നിൽക്കുന്ന ഹേമക്ക് സതീശൻ പറഞ്ഞ വാക്കുകൾ കേട്ട് ശരീരം വല്ലാതെ വിറക്കുന്നത് പോലെ തോന്നി. എന്തൊക്കെ ആണ് ഇയാൾ വിളിച്ച് പറയുന്നത് എന്നോർത്തു തല പെരുകുമ്പോൾ അത് വരെ മിണ്ടാതിരുന്ന ഹേമ സതീശന് നേരെ പൊട്ടിത്തെറിച്ചു,
” ഛെ.. നിങ്ങൾ ഇത്ര വൃത്തിക്കെട്ടവനാണോ. ബന്ധങ്ങളുടെ വില അറിയാത്ത നിങ്ങൾക്ക് കണ്ണിൽ കാണുന്നതെല്ലാം കാമം ആയിരിക്കും. പക്ഷേ, സ്വന്തം കൂടപ്പിറപ്പിനെ പോലും നിങ്ങൾ…
നിങ്ങൾക്ക് അറിയോ അമ്മയും അച്ഛനും ഇവിടെ നിന്ന് ഹോസ്പിറ്റലിൽ പോകാനെന്നും പറഞ്ഞ് ഇറങ്ങി കുറച്ച് കഴിയുമ്പോൾ എന്തോ എനിക്ക് തല ചുറ്റുന്ന പോലെ തോന്നി. അന്നേരം എന്നെ ഇവിടെ കൊണ്ട് കിടത്തിയതാ ശങ്കരേട്ടൻ. പിന്നെ നെറ്റിയിൽ പുരട്ടാൻ ബം കൊണ്ട് തന്ന് കുറച്ച് കടുംചായ ഉണ്ടാക്കി തരാനും പറഞ്ഞ് വന്നതാ ഇങ്ങോട്ട്.. ആ മനുഷ്യനെയാ നിങ്ങൾ…
കള്ളും കുടിച്ചു എന്നും നാല് കാലിൽ മാത്രം വരുന്ന നിങ്ങൾക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല. അതിന് സ്വയംബോധത്തോടെ കുറച്ച് സമയത്തേക്കെങ്കിലും മറ്റുള്ളവർക്കൊപ്പം സ്നേഹത്തോടെ ചെലവഴിക്കണം.
ഭാര്യയുടെ അടുത്ത് വന്നെന്നും പറഞ്ഞ് ഈ പാവത്തിനെ തല്ലുന്നതിനു മുന്നേ എപ്പോഴെങ്കിലും നിങ്ങൾ സ്നേഹത്തോടെ ഒരിക്കലെങ്കിലും ഭാര്യയുടെ അടുത്ത് ഒന്ന് ഇരിക്കണം.. അവളുടെ ആവശ്യങ്ങൾ അറിയണം. സ്നേഹിക്കാൻ ശ്രമിക്കണം.
കല്യാണം കഴിഞ്ഞ അന്ന് മുതൽ ഇന്ന് വരെ ഒരു താലിയുടെ പേരിൽ അല്ലാതെ നിങ്ങൾക് ഭർത്താവാകാൻ കഴിഞ്ഞിട്ടുണ്ടോ മനസുകൊണ്ടോ ശരീരം കൊണ്ടോ? ഇല്ലല്ലോ..
ഞാൻ ഒരു ഭാര്യയാണ്. നിങ്ങളുടെ കൂടെ ജീവിക്കാൻ വന്നവളാണ് എന്ന ഒരു പരിഗണന എന്നെങ്കിലും നിങ്ങൾ എനിക്ക് തന്നിട്ടുണ്ടോ? രാവിലെ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ ഇറങ്ങിപ്പോകുന്ന നിങ്ങൾ രാത്രി കേറി വരുന്നത് നാല് കാലിൽ ബോധമില്ലാതെ അല്ലെ. അതിനിടക്ക് നിങ്ങളെ കാത്തിരിക്കാൻ ഒരു പെണ്ണ് ഇവിടെ ഉണ്ടെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചോ?നിങ്ങളുടെ മുഷിഞ്ഞ തുണി അലക്കാനും രാത്രി കുടിച്ച് വന്ന് ഛർദിക്കുമ്പോൾ കോരിക്കളയാനും വേണ്ടി ഒരാള്. ഇങ്ങോട്ട് പണ്ടവും പണവും തന്ന് വേലക്കാരിയുടെ ജോലി ഏറ്റെടുക്കാൻ വിധിക്കപ്പെട്ട കുറെ പെണ്ണുങ്ങളിൽ ഒരുവൾ. അല്ലാതെ എന്താണ് ഞാൻ നിങ്ങൾക്ക്.?കുറച്ചെങ്കിലും സ്നേഹം കാണിക്കുന്നത് അമ്മയും ഏട്ടനും ആയിരുന്നു. അവിടെയും നിങ്ങളുടെ പുഴുത്ത കണ്ണുകൊണ്ടുള്ള സംശയം.
അതേ, ഇയാൾ എന്റെ റൂമിൽ കേറി വന്നത് ഞാൻ പറഞ്ഞിട്ടാ.. ഏട്ടനല്ലായിരുന്നു, എനിക്കാനയിരുന്നു പ്രശ്നം. നിങ്ങളെ കൊണ്ട് ഒന്നിനും കൊള്ളില്ലല്ലോ. എല്ലാം തികഞ്ഞിട്ടും ഒന്നിനും കൊള്ളാത്തവനെക്കാൾ നല്ലത് കുറവുകൾ ഉണ്ടെങ്കിലും ആ കുറവുകളെ ജയിക്കാൻ കഴിയുന്ന ഇയാൾ ആണെന്ന് എനിക്ക് തോന്നി.
ഇപ്പോൾ സന്തോഷമായല്ലോ? നിങ്ങളുടെ സംശയം തീർന്നില്ലേ….? “
ഹേമയുടെ വാക്കുകൾ തീപ്പൊരിപോലെ ചിതറുമ്പോൾ കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു അമ്മയും അച്ഛനും.
വന്ന് കേറിയവൾ ഇത്രയേറെ സങ്കടങ്ങൾ ഉള്ളിലൊതുക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു അമ്മക്ക്.. ഇതുവരെ തന്നോട് പോലും മോളിത് പറഞ്ഞില്ലല്ലോ എന്നോർത്ത് വിഷമത്തോടെ നിൽക്കുമ്പോൾ
ശങ്കരനെ രക്ഷിക്കാൻ സ്വയം എല്ലാം ഏറ്റെടുക്കുമ്പോലെ മുന്നിൽ നിന്ന് ഉറഞ്ഞുതുള്ളിയ ഹേമയെ കലിപൂണ്ട് നോക്കുകയായിരുന്നു സതീശൻ.
ഏട്ടനെ രക്ഷിക്കാൻ ഭർത്താവിനെ മറ്റുള്ളവർക്ക് മുന്നിൽ നാണം കെടുത്തുന്ന അവളുടെ വാക്കുകൾക്ക് മുന്നിൽ വിറച്ചുകൊണ്ട് നിൽകുമ്പോൾ പൊള്ളിയ ഭാഗത്തെ നീറ്റലിൽ ഊതിക്കൊണ്ട് ശങ്കരൻ പറയുന്നുണ്ടായിരുന്നു
” ഞാൻ ഒന്നും ചെയ്തില്ല അമ്മേ.. ഹേമകുഞ്ഞിന് കാപ്പീണ്ടാക്കാൻ വന്നതാ ഞാൻ.. അതിനാ ന്നേ….. നിക്ക് വല്ലതെ നീറ്റുന്നു ” എന്ന്.
” സാരമില്ല മോനെ ” എന്നും പറഞ്ഞുകൊണ്ട് അവനെയും എഴുന്നേൽപ്പിച്ചു പുറത്തേക്ക് നടക്കുമ്പോൾ ശാരദ ഭര്ത്താവിനെ ഒന്ന് രൂക്ഷമായി നോക്കികൊണ്ട് ” നിങ്ങളൊരു ആണല്ലേ.. ഇവിടെ ഇത്രയും കോലാഹലങ്ങൾ കണ്ടിട്ട് എന്തെങ്കിലും… അല്ലേലും നിങ്ങൾക്ക് അവൻ ചെയ്യുന്നതൊക്കെ ശരിയാണല്ലോ.. ആയിക്കോ. പക്ഷേ, എല്ലാം അറിയുന്നദിവസം വരും. അന്ന് നിങ്ങൾ പൊട്ടനെന്നു കളിയാക്കുന്നവന്റെ വില നിങ്ങൾ അറിയും, നോക്കിക്കോ ” എന്നും പറഞ്ഞ് അടുക്കളയിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ ദിവാകരൻ ഒന്നും മിണ്ടാതെ വയ്യാത്ത കാലും വലിച്ചു പതിയെ പുറത്തേക്ക് നടന്നിരുന്നു.കൂടെ സതീശനെ ഒന്ന് പുച്ഛത്തോടെ നോക്കികൊണ്ട് ഹേമയും.
എല്ലാവരും അടുക്കളയിൽ നിന്നും പോയിക്കഴിഞ്ഞിട്ടും സതീശൻ മാത്രം കുറച്ച് നേരം അതേ നിൽപ്പ് തുടർന്നു.പൊട്ടനെ തല്ലിയപ്പോൾ അവൾക്ക് ഇത്ര നോവണമെങ്കിൽ അവൾ പറഞ്ഞ പോലെ പൊട്ടനും അവളും തമ്മിൽ വല്ലതും ഉണ്ടോ എന്നൊക്കെ ആയിരുന്നു അവന്റെ മനസ്സിൽ.
എല്ലാവർക്കും മുന്നിൽ വെച്ച് അവളുടെ വാക്കുകൾ ഏല്പിച്ച അപമാനക്ഷതത്തിൽ ഉരുകുമ്പോൾ ചവിട്ടിത്തുള്ളി പുറത്തേക്ക് ഇറങ്ങിപ്പോയ അവന്റെ മനസ്സിൽ പ്രതികാരദാഹിയായ ഒരു സത്വം ഉടലെടുക്കാൻ തുടങ്ങിയിരുന്നു.
————————————————-
“മോനെ… വേദനിച്ചോ നിനക്ക് ” എന്നും ചോദിച്ച് നിറകണ്ണുകളോടെ അവന്റെ പൊള്ളിയ ഇടങ്ങളിൽ തേൻ തൂവൽ കൊണ്ട് പുരട്ടുമ്പോൾ ചിരിയോടെ അവൻ പറയുന്നുണ്ടായിരുന്നു ” നല്ലോണം വേദനിച്ചമ്മേ.. അതോണ്ട് വയ്യാത്ത ഹേമകുഞ്ഞിന് കാപ്പി കൊടുക്കാൻ പറ്റീല.. പാവം.. വയ്യാണ്ട കെടകാർന്നൂ…. ” എന്ന്.
സ്വന്തം വേദനയിലും മറ്റുള്ളവരുടെ വേദനയെ തിരിച്ചറിയാൻ കഴിയുന്ന അവന്റെ മനസ്സ് കണ്ട് ശാരദ അവന്റെ നെറുകയിൽ ചുണ്ടുകൾ ചേർത്തു വിതുമ്പുമ്പോൾ അവൻ കൊഞ്ചലോടെ പറയുന്നുണ്ടായിരുന്നു
“ഇനി കുഞ്ഞാവ വരാൻ ആണോ ഹേമകുഞ്ഞു തലകകറങ്ങിവീണത് ” എന്ന്.
അപ്രത്തെ വീട്ടിലെ മുത്തശ്ശി പറഞ്ഞിട്ടുണ്ടല്ലോ കല്യാണം കഴിഞ്ഞ പെണ്ണ് തല്കറങ്ങിവീണാൽ കുഞ്ഞാവ ഉണ്ടാകാൻ ആണെന്ന്. അപ്പോ ഹേമകുഞ്ഞിനും കുഞ്ഞാവ ഉണ്ടാകാൻ ആകുമല്ലേ…. അപ്പൊ ഇക്ക് വല്യച്ഛൻ ആവാലോ… പിന്നെ അനിയൻകുട്ടന് ന്നേ തല്ലാൻ പറ്റില്ല.. ഞാൻ കുട്ടീടെ വല്യച്ഛൻ ആവില്ലേ ” എന്നും പറഞ്ഞ് ചിരിക്കുന്ന അവന്റെ നിഷ്ക്കളങ്കതയിൽ അമ്മ പുഞ്ചിരിക്കുമ്പോൾ ഹേമ കുറച്ച് മുന്നേ പറഞ്ഞ വാക്കുകൾ ആയിരുന്നു അവരുടെ മനസ്സിലൂടെ കടന്നു പോയത്.
” താലി കെട്ടിയത് കൊണ്ട് മാത്രം ഭർത്താവെന്ന പേര് കൊണ്ട് നടക്കുന്ന ഒരാള് ആണ് നിങ്ങൾ “എന്ന്. അതിനർത്ഥം…. ഇതുവരെ അവർ തമ്മിൽ………
ഒരു പെണ്ണിനേയും അവളുടെ മനസ്സിനെയും മനസ്സിലാക്കാൻ കഴിയുന്ന ആ അമ്മ കണ്ണും മൂക്കും മുണ്ടിന്റെ കോന്തലയിൽ തുടക്കുമ്പോൾ
എല്ലാം കേട്ട് കൊണ്ട് പുറത്ത് നിറകണ്ണുകളുമായി നിൽപ്പുണ്ടായിരുന്നു ഹേമ, അമ്മ എന്ന വാക്കിനെ പാഴ്കിനാവുകളുടെ ചവറ്റുകൂട്ടയിലേക്ക് എറിഞ്ഞുകൊണ്ട്.
——————————————-
ബാറിന്റ ഇരുണ്ട മൂലയിൽ മദ്യം നിറച്ചഗ്ലാസ് ചുണ്ടിലേക്ക് ചേർക്കുമ്പോൾ സതീശന്റെ മനസ്സ് മുഴുവൻ ഭർത്താവിന്റെ മുഖത്തു നോക്കി ഭാര്യ വിളിച്ച് പറഞ്ഞ വാക്കുകൾ ആയിരുന്നു.അവൾ പറഞ്ഞതിലെ ശരികളെ തിരയാതെ മുന്നിൽ ഒരു ചോദ്യചിന്ഹം കണക്ക് നിൽക്കുന്ന അവളുടെ ചോദ്യങ്ങളിലെ തെറ്റുകളെ ചികഞ്ഞെടുക്കുമ്പോൾ അവൻ മുന്നിലെ മദ്യം വെള്ളം ചേർക്കാതെ തന്നെ വായിലേക്ക് കമിഴ്ത്തി.അപ്പൊ അവന്റെ മനസ്സിൽ മുഴുവൻ ശങ്കരന്റെ മുഖം ആയിരുന്നു.
” അവൻ കാരണമാണ് എനിക്ക് ആ വീട്ടിൽ ഒരു വിലയും ഇല്ലാത്തത്. പൊട്ടനാണെന്ന സിമ്പതി.പൊട്ടനായാലും അവന് സ്നേഹിക്കാൻ അറിയുമത്രെ…
ബന്ധങ്ങൾ തിരിച്ചറിയുമത്രെ..തുഫ്……..ആ തെണ്ടി കാരണം ആണ് ഇപ്പോൾ ഒന്നിനും കൊള്ളാത്തവനായി തല കുനിക്കേണ്ടി വന്നത്.ഭാര്യ പോലും തനിക്കെതിരെ വിരൽ ചൂണ്ടിയത്.അങ്ങനെ ഇനി അവന്റെ പേരും പറഞ്ഞ് ആരും എന്നെ കളിയാക്കരുത്.എനിക്ക് നേരെ നീളുന്ന വിരൽ വെട്ടിമാറ്റണമെങ്കിൽ ആദ്യം പൊട്ടനായ പടുവൃക്ഷം ഇല്ലാതാകണം. ശങ്കരനെന്ന് വിളിക്കാൻ ഇനി അവൻ വേണ്ട ആ വീട്ടിൽ.
പൊട്ടൻ ചാവണം.. എന്നാലേ ആ വീട്ടിൽ എന്റെ വാക്കിന് വില ഉണ്ടാകൂ “
എന്നും ചിന്തിച്ചുകൊണ്ട് അടുത്ത ഗ്ലാസ്സിലെ മദ്യം കൂടി വായിലേക്ക് ഒഴിക്കുമ്പോൾ പിന്നെയും പിന്നെയും വൈരാഗ്യബുദ്ധിയോടെ ആ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു
” പൊട്ടൻ ചാവണം…. പൊട്ടൻ ചാവണം… “
ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…