മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
പൊട്ടൻ ചാവണം.. എന്നാലേ ആ വീട്ടിൽ എന്റെ വാക്കിന് വില ഉണ്ടാകൂ “
എന്നും ചിന്തിച്ചുകൊണ്ട് അടുത്ത ഗ്ലാസ്സിലെ മദ്യം കൂടി വായിലേക്ക് ഒഴിക്കുമ്പോൾ പിന്നെയും പിന്നെയും വൈരാഗ്യബുദ്ധിയോടെ ആ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു…
” പൊട്ടൻ ചാവണം…. പൊട്ടൻ ചാവണം… “
മദ്യലഹരിയിൽ ബാറിൽ നിന്നും പുറത്തേക്കിറങ്ങി ഒരു ഓട്ടോ പിടിച്ചു വീടിന്റ മുന്നിൽ ഇറങ്ങുമ്പോൾ വീട്ടിൽ ലൈറ്റുകളെല്ലാം അണഞ്ഞിരുന്നു.
” അല്ലെങ്കിലും എന്നെ ആര് കാത്തിരിക്കാൻ പെറ്റ തള്ളക്ക് പൊട്ടനെ മതി.. കൂടെ കിടക്കുന്ന പെണ്ണിനും ” എന്നും ചിന്തിച്ചുകൊണ്ട് ആടിയാടി ഉമ്മറത്ത് എത്തുമ്പോൾ അവന്റെ ശ്രദ്ധ മുഴുവൻ ശങ്കരൻ കിടക്കുന്ന മുറിയിലേക്ക് ആയിരുന്നു.ഒരു അവസരം കിട്ടിയാൽ തീർക്കണം പൊട്ടനെ എന്നും ചിന്തിച്ച് ഉമ്മറത്തെ വാതിലിൽ തട്ടാൻ തുടങ്ങുമ്പോൾ ആയിരുന്നു എന്തിനെന്ന ചിന്ത അവന്റെ കയ്യിനെ പിന്നോട്ട് തന്നെ വലിച്ചത്.
” തന്നെ വേണ്ടാത്ത ഒരുവളുടെ കൂടെ കിടക്കുന്നതും ഇവിടെ ഈ തിണ്ണയിൽ കിടക്കുന്നതും ഒരുപോലെ ആണ്. പിന്നെന്തിന് വാതിൽ തുറക്കാൻ ഇവറ്റകളുടെ കാല് പിടിക്കണം ” എന്നും ചിന്തിച്ച് മുന്നിലെ തിണ്ണയിലേക്ക് കിടക്കുമ്പോൾ എവിടെയോ ഒരു കാലൻകോഴി നിർത്താതെ കൂവുന്നുണ്ടായിരുന്നു.
—————————————-
” അപ്പോട്ടേ…. ഒരിലോ പഞ്ചാര. പിന്നെ കൊർച് ചായപ്പൊടീം.. വേം താട്ടോ.. ന്നിട്ട് വേണം റേഷൻകടേൽ പോയി അരീം ഗോതമ്പും വാങ്ങാൻ ” എന്നും പറഞ്ഞ് മുന്നിലിരുന്ന മിട്ടായിഭരണിയിൽ കയ്യിട്ട് രണ്ട് തേൻമിട്ടായി എടുത്തു വായിലിടുമ്പോൾ മറ്റൊരാൾക്ക് സാധനങ്ങൾ എടുത്ത് കൊടുക്കുന്നതിനിടയിൽ അപ്പുവേട്ടൻ ചോദിക്കുന്നുണ്ടായിരുന്നു ” ന്താടാ ശങ്കരാ.. നിനക്കിന്ന് പണിക്കൊന്നും പോണ്ടേ ” എന്ന്.
അത് കേട്ട് തെല്ല് സങ്കടത്തോടെ ശങ്കരൻ കയ്യിലെ പൊള്ളലുകളിലേക്ക് നോക്കി പറയുന്നുണ്ടായിരുന്നു
” പണീണ്ട്. പക്ഷേ, പോവാൻ മേലാ അപ്പോട്ടാ..ഇത് കണ്ടില്ലേ.. മേലൊക്കെ പൊള്ളീർക്യാ. ശോ.. നീറീട്ട് വയ്യാന്നെ… ആ ചെക്കൻ കാണിച്ച പണ്യ.. “
അവന്റെ സങ്കടം കണ്ടപ്പോൾ തന്നെ അപ്പുവേട്ടന് മനസ്സിലായിരുന്നു സതീശൻ തല്ലിയിട്ടുണ്ടാകും എന്ന്. കുടിച്ച് കഴിഞ്ഞാൽ എന്താണ് പറയുന്നതെന്നോ ആരോടാണ് പറയുന്നതെന്നോ എന്താണ് ചെയ്യുന്നതെന്നോ ബോധമില്ലാത്തവൻ ആണ് സതീശൻ. അത് അറിയാവുന്നത് കോണ്ട് ശങ്കരനെ വാത്സല്യത്തോടെ ഒന്ന് നോക്കികൊണ്ട് അപ്പുവേട്ടൻ പറഞ്ഞത് “അവൻ നിന്റെ അനിയനല്ലേ ശങ്കരാ.. അവനെക്കാൾ ആരോഗ്യവും നിനക്ക് ഉണ്ടല്ലോ.. അപ്പൊ നിന്നെ തല്ലാൻ വരുമ്പോൾ നീ ഒന്ന് തിരിച്ചുകൊടുത്താൽ തീരും അവന്റെ ധിക്കാരം. നീ ഇങ്ങനെ പൊട്ടനാവല്ലേടാ ശങ്കരാ ” എന്ന്.
അത് കേട്ടപ്പോൾ അവന്റെ സങ്കടം ഒന്നുകൂടി ഇരട്ടിച്ചു.പുറത്ത് തൂക്കിയിട്ട കുലയിൽ നിന്നും ഒരു പഴം ഇരിഞ്ഞു വായിലേക്ക് വെക്കുമ്പോൾ അപ്പുവേട്ടൻ പറഞ്ഞ വാക്ക് കേട്ട് അവൻ പാതി കടിച്ച പഴം പതിയെ അവിടുത്തെ വെസ്റ്റ്പാത്രത്തിലേക്ക് ഇട്ട് നിറഞ്ഞ കണ്ണുകൾ ഒന്ന് തുടച്ചു.
പിന്നെ മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു
” അതേ അപ്പോട്ടാ.. ഞാൻ പൊട്ടനാ… പൊട്ടനായത് കൊണ്ട് എല്ലാവർക്കും കളിയാക്കാൻ ഒരാൾ ആയില്ലേ.ഓർമ്മ വെച്ചത് മുതൽ അച്ഛൻ പറയും ഇങ്ങനെ ഒരു പൊട്ടൻ ഉണ്ടായത് കൊണ്ട് ഈ വീട് ഗുണം പിടിക്കാതായെന്ന്. കളിക്കാൻ പോകുമ്പൊ അമ്മ പറയും മോനെ അവർടെ കൂടൊന്നും കളിക്കാൻ പോവല്ലേ.. നിനക്ക് വയ്യാത്തതല്ലേ എന്ന്. ന്നിട്ടും വാശി പിടിച്ചു കളിക്കാൻ പോയാ കൂട്ടാരും പിന്നെ അനിയനും പറയും നീയൊന്നും കൂടണ്ട, ഇത് പൊട്ടന്മാർക്കുള്ള കളിയല്ല എന്ന്. പിന്നെ എല്ലാരും കൂടി വിളിക്കാനും തൊടങ്ങി. പൊട്ടൻ ശങ്കരാന്ന്… നല്ല പേര് ല്ലേ അപ്പോട്ടാ…അല്ലേലും പൊട്ടനെ പിന്നെ വേറെന്ത് വിളിക്കാനാ.. പൊട്ടാന്ന് അല്ലാതെ. ല്ലേ…. . ” അതും പറഞ്ഞ് ചിരിച്ചുകൊണ്ട് ഒഴുകിയിറങ്ങുന്ന കണ്ണുകൾ തുടക്കുമ്പോൾ എന്തോ വല്ലാത്തൊരു വിഷമം തോന്നി അപ്പുവേട്ടനും.
അവനോട് അങ്ങനെ പറയണ്ടായിരുന്നു എന്ന് തോന്നി അയാൾക്ക്. അത് പറഞ്ഞത് കൊണ്ടാണല്ലോ ശങ്കരന്റെ സങ്കടം കാണേണ്ടി വന്നതും പുറമെ ചിരിക്കാൻ ശ്രമിക്കുമ്പോൾ ഉള്ളിൽ പൊട്ടിക്കരയുകയാണ് അവനെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഒരു ആശ്വാസവാക്ക് എന്നപോലെ അപ്പുവേട്ടൻ അവനെ നോക്കി ചിരിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു
” നീ ഇങ്ങനെ വിഷമിക്കല്ലേ ശങ്കര.. നിന്നെ പൊട്ടാ എന്ന് വിളിക്കുന്നവന്മാരാ ശരിക്കും പൊട്ടന്മാർ. അത് എല്ലാവരും അറിയുന്ന ഒരു ദിവസം വരും മോനെ. മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ. നീ നീയായാൽ മതി. നിന്റെ മനസ്സിന്റെ നന്മ അറിയാത്തവരെ നിന്നെ കളിയാകൂ . ” എന്ന്.
അത് കേട്ട് ചിരിയോടെ വീണ്ടും മിട്ടായിഭരണിയിൽ കയ്യിട്ട് രണ്ട് കോലുമിട്ടായി എടുത്തു ശങ്കരൻ.
” ഹേമകുഞ്ഞിനാ അപ്പോട്ടാ ഇത്.. കുഞ്ഞിന് ഇതൊക്കെ വല്യ ഇഷ്ട്ട.. ” എന്ന്.
അതും പറഞ്ഞ് കോലുമിട്ടായി പോക്കറ്റിലേക്ക് ഇടുമ്പോൾ അവൻ പറഞ്ഞ സാധനങ്ങൾ പൊതിഞ്ഞെടുത്തിരുന്നു അയാൾ.
സാധനങ്ങൾ സഞ്ചിയിലേക്ക് വെക്കുമ്പോൾ കുറച്ചു മടിയോടെ ശങ്കരൻ അയാളെ നോക്കി. അപ്പോട്ടാ.. എല്ലാം കൂടി അടുത്ത വട്ടം തരാട്ടോ.. പണിക്ക് പോവാൻ പറ്റാത്തോണ്ട് ന്റെൽ കാശൊന്നും ഇല്ല. ഞാൻ വേം പണിക്ക് പോയി തന്നോളം.. പോക്കറ്റിൽ റേഷൻ വാങ്ങാൻള്ള കാശെള്ളൂ.. അതുകൂടി കൊണ്ടോയില്ലേൽ ചിലപ്പോൾ… ഞങ്ങള്ക്ക് ശീലായി. പച്ചേങ്കി ഹേമകുഞ്ഞ് ഉണ്ടല്ലോ.. ആ കുഞ്ഞിനെ പട്നിക്കിടാൻ പാടില്ലല്ലോ.. പാവല്ലേ ആ കുഞ്ഞ്. ” എന്ന് ദൈന്യനായ നോട്ടത്തോടെ പറയുന്ന അവന്റെ വിഷമത്തെ മനസ്സിലാകുന്നുണ്ടെങ്കിലും സ്വന്തം അവസ്ഥയെ കൂടി ഓർത്തിക്കൊണ്ട് അപ്പുവേട്ടൻ ശങ്കരനെ ഒന്ന് വാത്സല്യത്തോടെ നോക്കികൊണ്ട് പറഞ്ഞു
” ശങ്കരാ.. നിനക്ക് അറിയാലോ അപ്പൂട്ടന്റേം അവസ്ഥ. ഇതുകൊണ്ട് ജീവിക്കുന്ന ആറു പേരുണ്ട് വീട്ടിൽ. എനിക്കറിയാം നിന്റെ അവസ്ഥ. നീ തരുമെന്നും.. ന്നാലും ഇപ്പോൾ തന്നെ കുറച്ച് കൂടുതൽ ആയി തരാൻ. ഇനിയും….
അതോണ്ട് ഇനീം നീ ഇങ്ങനെ പറഞ്ഞ് ന്നെകൊണ്ട് മറുത്തൊരു വാക്ക് പറയിക്കരുത്ട്ടോ… അപ്പൂട്ടന്റേം അവസ്ഥ മോൻ മനസ്സിലാക്കണം. ഇപ്പോൾ ഇത് നീ കോണ്ടയ്ക്കോ. ഇനി വരുമ്പോൾ കുറച്ചെങ്കിലും കാശ് കൊണ്ടോരണം. അവസാനം അപ്പൊട്ടൻ മുഷിഞ്ഞുന്ന് മോന് തോന്നാനൊരു ഇട വരിത്തരുത്. കേട്ടല്ലോ. ” എന്ന് കുറച്ച് നീരസത്തോടെ തന്നെ പറയുന്ന അയാളെ നോക്കി തലയാട്ടികൊണ്ട് സഞ്ചിയുമായി അവിടെ നിന്നും ഇറങ്ങുമ്പോൾ പോക്കറ്റിൽ കയ്യിട്ട് ബാക്കിയുള്ള അൻപത് രൂപയിലേക്ക് നോക്കി തിരികെ പോക്കറ്റിലേക്ക് വെക്കുമ്പോൾ അൻപതിന്റെ കൂടെ പോക്കറ്റിൽ കിടന്നിരുന്ന കുറച്ച് ചില്ലറത്തുട്ടുകൾ അവനെ കളിയാക്കുമ്പോലെ കലപില ശബ്ദം ഉണ്ടാക്കുന്നുണ്ടായിരുന്നു.
ആ ചില്ലറത്തുട്ടുകൾ ഒരു കൈ കൊണ്ട് പൊത്തിപ്പിടിച്ചുകൊണ്ട് അവൻ കാലുകൾ വലിച്ചുവെച്ചു നടന്നു റേഷൻകട ലക്ഷ്യമാക്കി. !
——————————————-
” ഈ പൊട്ടനിത് പോയിട്ട് മണിക്കൂർ രണ്ടായല്ലോ.. അതെങ്ങനാ… പൊട്ടൻ വല്ല കുട്ടികളെയും കണ്ടപ്പോൾ കളിച്ചു നിന്നിട്ടുണ്ടാകും. ഇപ്പഴും അതിനുള്ള ബുദ്ധിയല്ലേ ദൈവം കൊടുത്തിട്ടുള്ളൂ..
ഹോ… ഏത് സമയത്താണാവോ….. “എന്നും പറഞ്ഞ് തലയിൽ കൈ വെച്ചു പ്രാകുന്ന ഭർത്താവിനെ രൂക്ഷമായി നോക്കികൊണ്ടായിരുന്നു ശാരദ ഉമ്മറത്തേക്ക് വന്നത്. ” നിങ്ങൾ അവനെ പ്രാകുന്നതിനു പകരം എന്നെങ്കിലും ഒരു നല്ല വാക്ക് പറഞ്ഞൂടെ.. നാഴികക്ക് നാല്പതു വട്ടം പൊട്ടാന്ന് വിളിക്കും, ന്നിട്ട് അവൻ കൊണ്ട് വരുന്നത് തന്നെ വെട്ടിവിഴുങ്ങേമ് ചെയ്യും. “
ഭാര്യയുടെ ആ വാക്ക് വല്ലത്ത ഒരു അപഹർഷാദാബോധം അയാളെ പിടികൂടി.
മകന്റെ ചിലവിൽ കഴിയുന്നതിന്റ പേരിൽ അല്ലെ ഇവൾ പോലും ഇത്രക്ക് പറയാൻ തുടങ്ങിയത് എന്നോർത്തപ്പോൾ അയാൾ ഇരുന്നിടത്തു നിന്നും കാല് വലിച്ച് എഴുനേറ്റ് ഭാര്യക്ക് നേരെ പോരുകാളയെ പോലെ നിന്നു,
” ഞാൻ ഉണ്ടാക്കിയതല്ലെടി അവനെ. പൊട്ടനാണെന്ന് അറിഞ്ഞിട്ടും ഇത്രയൊക്കെ തീറ്റിപോറ്റിയില്ലേ. അപ്പോൾ പിന്നെ സ്വന്തം തന്തയെ നോക്കുന്നതിൽ എന്താടി ഇത്ര കണക്ക് പറയാനുള്ളത്.. പറ.. നീയും നിന്റെ പൊട്ടനും കൂടി തിന്നുന്നതിന്റേം തൂറുന്നതിന്റേം കണക്ക് ഒക്കെ എഴുതിവെക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞില്ല… വന്നിരിക്കുന്നു ഒരു തള്ളയും മോനും . നശൂലം “
എന്നും പറഞ്ഞ് ശാരദക്ക് നേരെ കയർക്കുമ്പോൾ മകനെ പുച്ഛിക്കാൻ മാത്രം നാക്ക് വളക്കുന്ന അയാൾക്ക് മുന്നിൽ തോറ്റുകൊടുക്കാൻ ശാരദയും തയാറല്ലായിരുന്നു.
” നിങ്ങൾ എന്ത് നോക്കിയെന്നാ.. ആവുന്ന കാലത്ത് കിട്ടുന്ന കാശിനു കുടിച്ച് നടന്ന്. അന്നൊക്കെ പൊട്ടനെന്നും പറഞ്ഞ് തല്ലാൻ അല്ലാതെ നിങ്ങൾ എന്നെങ്കിലും എന്റെ കുട്ടിയെ ഒന്ന് സ്നേഹത്തോടെ തലോടിയിട്ടുണ്ടോ. അന്നൊക്കെ ഞാൻ പുറത്തുപോയി എല്ലു മുറിയെ പണിയെടുത്ത് കൊണ്ട് ഇവിടെ പട്ടിണി കുറഞ്ഞു. അന്ന് ആവുന്ന കാലം മുതൽ തുടങ്ങിയതാ ന്റെ കുട്ടി ഈൗ വീടിനു വേണ്ടി കഷ്ടപ്പെടാൻ. അന്ന് നിങ്ങൾ എങ്ങനെ ആയിരുന്നോ അതേ അച്ചിൽ വാർത്ത പോലെ തന്നെ ഉണ്ട് ഇളയ സന്താനം.. അതെങ്ങനാ.. നിങ്ങളോ നേരെ ആയില്ല. എന്നാൽ പിന്നെ ആ ചെക്കനെ എങ്കിലും നാല് പറഞ്ഞിരുന്നെങ്കിൽ. അതും ഇല്ല. ആ സമയം വീടിന് വേണ്ടി കഷ്ട്ടപ്പെടുന്നവനെ പൊട്ടാന് വിളിക്കാനും അവനെ കണ്ടൂടായ്ക പറയാനും അല്ലെ അറിയൂ..
പിന്നെ ന്റെ കുട്ടി മാത്രം അല്ല ഇവിടെ മകനായിട്ട്. നിങ്ങൾ താങ്ങി നടക്കുന്ന ഒരുത്തൻ കൂടി ഉണ്ടല്ലോ… അവനോടും പറ ഈ വീട്ടിലേക്ക് എന്തെങ്കിലും കൊണ്ട് വരാൻ.. ഒന്നുല്ലെങ്കിൽ അവൻ താലി കെട്ടിയ പെണ്ണുണ്ട് ഈ വീട്ടിൽ എന്ന ഒരു വിചാരം എങ്കിലും വേണ്ടേ. അതും ഇല്ല..പെണ്ണ് കെട്ടിയാൽ നന്നാവും എന്ന് പറഞ്ഞിട്ട് ഒരു പെണ്ണിനെ കെട്ടിക്കൊണ്ട് നിർതിയിട്ട് അതിനെ കൂടി ഈ വീട്ടിലിട്ട് കഷ്ട്ടപ്പെടുത്താ ഇപ്പോൾ.. നാല് വയറുകൾ നിറയാൻ ഓടിയിരുന്ന എന്റെ മോനിപ്പോൾ അഞ്ചു വയറുകൾ നിറയ്ക്കാൻ ഓടേണ്ടി അവസ്ഥ ആയി. ഇതിലും ഭേദം ന്റെ കുട്ടിക്കൊരു പെണ്ണിനെ കണ്ട് പിടിച്ചാൽ മതിയായിരുന്നു . എല്ലാം തികഞ്ഞിട്ടും വീടിനു കൊള്ളാത്തവനെക്കാൾ എത്രയോ ഭേദം ആണ് സ്നേഹിക്കാൻ മാത്രം അറിയുന്ന ന്റെ കുട്ടി “
അത് പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അത് സാരിയുടെ കോന്തലയിൽ തുടച്ചുകൊണ്ട് അയാളെ ഒന്ന് കൂടി രൂക്ഷമായി നോക്കി അകത്തേക്ക് പോകുമ്പോൾ ഒന്നും പറയാൻ ഇല്ലാത്തവനെ പോലെ അയാൾ മേലെ തോർത്തിൽ മുഖം തുടച്ചുകൊണ്ട് കസേരയിലേക്ക് ഇരുന്നു.
അതെ സമയം ഇതെല്ലാം കേട്ട് അടുക്കളയിൽ
എന്തിലോ തെരുപ്പിടിച്ചുകൊണ്ട് ഹേമ നിൽപ്പുണ്ടായിരുന്നു. ഇങ്ങനെ ഒരു ജീവിതം അല്ലായിരുന്നു കൊതിച്ചത്. പക്ഷേ, വിധിച്ചത് ഇതായിരുന്നെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ…
വെറുതെ ആണെങ്കിൽ കൂടി അങ്ങനെ ഒരു ചിന്ത മനസ്സിലൂടെ ഓടിമറയുമ്പോൾ അവൾ കാണാതിരിക്കാൻ കണ്ണുകൾ തുടച്ചു പുഞ്ചിരിയോടെ അമ്മ അടുക്കളയിലേക്ക് വരുമ്പോൾ പറയുന്നുണ്ടായിരുന്നു ” മോളെ ചോറിനു വെള്ളം വെക്കാൻ മറക്കല്ലേ.. മണി പതിനൊന്ന് ആയില്ലേ. ശങ്കരൻ ഇപ്പോൾ വരും ” എന്ന്.
—————————————————
റേഷൻ കടയിൽ നിന്നും അരിയും ഗോതമ്പും വാങ്ങി പുറത്തേക്കിറങ്ങുമ്പോൾ ആയിരുന്നു അരികിൽ ഒരു ഐസ് വണ്ടി വന്നു നിന്നത്.അത് കണ്ടപ്പോൾ ആഗ്രഹം കൊണ്ട് പോക്കറ്റിൽ തപ്പി ബാക്കിയുള്ള ചില്ലറയിൽ നിന്ന് അഞ്ചു രൂപ കൊണ്ട് ഒരു ഐസ് വാങ്ങി വായിൽ വെച്ച് മുന്നോട്ട് നടക്കുമ്പോൾ കൂടെ ഒരു മൂളിപ്പാട്ടും അവന്റെ സന്തോഷത്തിൽ പങ്കുചേർന്നിരുന്നു.
പാതി കോലിൽ പിടിച്ചു ഐസ് ഇടക്കിടെ വായിൽ വെച്ചു കടിച്ചു തണുപ്പിനൊപ്പം മുഖം കോട്ടി അതിന്റ രുചിയിൽ അലിഞ്ഞുചേർന്ന വേഗം വീടെത്താൻ വലിഞ്ഞു നടക്കുമ്പോൾ ആയിരുന്നു പിന്നിൽ നിന്നും ഒരു ചവിട്ടേറ്റ് ശങ്കരൻ മുന്നോട്ട് നില തെറ്റി മറിഞ്ഞു വീണത്.
ബൈക്കിൽ വന്ന രണ്ട് പേർ അവനെ ചവിട്ടിവീഴ്ത്തി മുന്നോട്ട് പൊകുമ്പോൾ റോഡിൽ തെറിച്ചു വീണ അവന്റെ നെറ്റിയിൽ പൊട്ടി ചോരയൊഴുകാൻ തുടങ്ങിയിരുന്നു.അവന്റെ വീഴ്ച കണ്ട് ഓടിക്കൂടിയവർ അവനെ എഴുന്നേൽപ്പിക്കുമ്പോൾ ഹോസ്പിറ്റലിൽ പോവാമെന്ന് പറഞ്ഞവരോട് വേണ്ടെന്ന് പറഞ്ഞ് നെറ്റിയിൽ നിന്നും കിനിഞ്ഞിറങ്ങുന്ന ചോര കുപ്പായത്തിൽ തുടച്ചിലുകൊണ്ട് അവൻ നാലുപാടും തിരഞ്ഞത് കയ്യിലുണ്ടായിരുന്ന അരിസഞ്ചി ആയിരുന്നു.അപ്പുറത്തു ചിന്നിച്ചിതറി കിടക്കുന്ന അരിയിൽ ചവിട്ടിയാണ് നാട്ടുകാർ തന്നെ എഴുനേൽപ്പികാൻ അരികിൽ എത്തിയത് എന്ന് മനസിലായപ്പോൾ ശങ്കരന്റെ നെഞ്ച് പിടക്കാൻ തുടങ്ങി.
അവൻ കൂടിയ ആളുകളെ വകഞ്ഞുമാറ്റി അരിയ്ക്കരികിൽ എത്തുമ്പോൾ ചിതറിയ അരിമണികൾ ചവിട്ടേറ്റ് മണ്ണ് പറ്റിയിരുന്നു. അതിൽ നിന്നും നല്ലതെന്ന് തോന്നുന്ന ഭാഗം വാരിയെടുത്തു സഞ്ചിയിലേക്ക് ഇടുമ്പോൾ മനസ്സിൽ തന്നെ കാത്തിരിക്കുന്ന മുഖങ്ങൾ അവന്റ കണ്ണുകളെ ഈറനണിയിച്ചു.
വാരിയെടുത്ത അരിയും അപ്പുറത്ത് കിടക്കുന്ന ഗോതമ്പ് പാക്കറ്റും അതികം കേട് സംഭവിക്കാതെ കിടക്കുന്ന പഞ്ചസാരയും ചായപൊടിയും വാരി സഞ്ചിയിൽ ആക്കി വേദനയോടെ എഴുന്നേൽക്കുമ്പോൾ തലക്ക് പുറമെ കൈമുട്ടും പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു.
കണ്ട് നിൽക്കുന്നവരോട് ചിരിച്ചുകൊണ്ട് അതൊന്നും സാരമില്ലെന്നും പറഞ്ഞ് നടക്കാൻ തുടങ്ങുമ്പോൾ അവൻ പോക്കറ്റിൽ ഒന്നുകൂടി തപ്പി കോലുമിട്ടായി ഉണ്ടെന്ന് ഉറപ്പ് വരുത്തി. അപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
കിട്ടിയതെല്ലാം വാരികെട്ടി ശങ്കരൻ ശരീരം നുറുങ്ങുന്ന വേദനയോടെ മുന്നോട്ട് നടക്കാൻ ഒരുങ്ങുമ്പോൾ തട്ടി വീഴ്ത്തി മുന്നോട്ട് പോയ ബൈക്ക് നിർത്തി തന്നെ മാത്രം ശ്രദ്ധിച്ചുകൊണ്ട് രണ്ട് പേർ നിൽക്കുന്നത് ശങ്കരൻ കണ്ടു. അതിൽ ഒരു മുഖം സതീശന്റെ ആയിരുന്നു.
ദൂരെ നിന്ന് രംഗം വീക്ഷിക്കുന്ന സതീശന്റെ മുഖം വെക്തമായി കണ്ണുകൾക്ക് മുന്നിൽ തെളിയുമ്പോൾ ഒഴുകുന്ന ചോരയേക്കാൾ വേഗത്തിൽ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു ശങ്കരന്റെ.
പിന്നെയും ഇടക്കൊന്ന് തിരിഞ്ഞു നോക്കി തന്നെ മാത്രം നോക്കി നിൽക്കുന്ന ആളുകൾക്ക് ഒരു ചിരി സമ്മാനിച്ചുകൊണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ മണ്ണ് പറ്റിയ അരി സഞ്ചി ഇനിയും കയ്യിൽ നിന്ന് വീണു പോവാതിരിക്കാൻ നെഞ്ചോടു ചേർത്തു പിടിച്ചു അവൻ.
വേദനിക്കുന്ന കാലും വലിച്ച് വീട്ടിലെത്തുമ്പോൾ അവന് കാത്തിരിക്കുന്ന കണ്ണുകൾ അവന്റെ ആ വരവ് കണ്ട് വിടർന്നിരുന്നു.
പക്ഷേ അടുത്തേക്ക് വരുംതോറും അവന്റെ ഞൊണ്ടൽ കണ്ണുകൾക്ക് വ്യക്തമാകാൻ തുടങ്ങിയപ്പോൾ ആണ് ശാരദ ഞെട്ടലോടെ ” എന്ത് പറ്റി ന്റെ കുട്ടിക്ക് ” എന്നും ചോദിച്ചുകൊണ്ട് അവനരികിലേക്ക് ഓടിവന്നത് .
അവന്റെ കയ്യിലേയും കാലിലെയും പൊട്ടലും അതിൽ നിന്നും ഒഴുകുന്ന ചോരയും കണ്ട് അന്താളിച്ചു നിൽക്കുന്ന അമ്മയുടെ കയ്യിലേക്ക് സഞ്ചി നല്കുകൊണ്ട് ശങ്കരൻ ഉള്ളിലെ വേദന പുറത്ത് കാണിക്കാതെ ചിരി വരുത്തിക്കൊണ്ട് പറയുന്നുണ്ടായിരുന്നു
” ഒന്നും പറ്റീല അമ്മേ.. റേഷൻ വാങ്ങി വരണ വഴിക്ക് വഴീല് ഒന്ന് വീണതാ..നിക്ക് ഒന്നും പറ്റില.. പക്ഷേ, കയ്യിലെ അരി മണ്ണ് പറ്റിപ്പോയി അമ്മേ…. കൊർച് നെലത്തു പോവേം ചെയ്തു. എല്ലാരും കണ്ടോണ്ട് കൊഴപ്പണ്ടായില്ല.. ആസ്പത്രീല് പോവാന്ന് പറഞ്ഞതാ എല്ലാരും. പക്ഷേ, നിക്ക് അറിയാം ഇവിടെ എല്ലാരും കാത്തിരിക്കാവുന്ന്. അതോണ്ട് ആസ്പത്രി പിന്നെ ഇപ്പോൾ ചോറ് വെക്ക് അമ്മേ… വെശക്കാന് തുടങ്ങി. വീണപ്പോൾ ഞാൻ നല്ലോണം പേടിച്ച്. മുട്ട് പൊട്ടിയതിൽ അല്ല, അരി ഇല്ലെങ്കിൽ എല്ലാരും വിശന്നിരിക്കണ്ടേ എന്ന്. “
അത് പറയുമ്പോഴെല്ലാം അവന്റെ മനസ്സിൽ സതീശന്റെ മുഖം ആയിരുന്നു. അവനാണ് തള്ളിയിട്ടതെന്ന് നാവിൽ നിന്നും വീഴാതിരിക്കാൻ ശ്രമിക്കുമ്പോൾ അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു ” അനിയനല്ലേ… സാരല്യ.. അറിയണ്ട പറ്റിതാവും ” എന്ന്.
പുറത്തെ സംസാരം കേട്ട് വന്ന ഹേമയും ആ കാഴ്ച കണ്ട് ഒരു നിമിഷം വിറങ്ങലിച്ചു നിന്നു.പിന്നെ ദൃതിയോടെ അവനരികിൽ ഓടിയെത്തുമ്പോൾ അവളുടെ ഞെട്ടൽ മാറാത്ത മുഖത്തിന് നേരെ പോക്കറ്റിൽ കരുതിയ കോലുമിട്ടായി നീട്ടികൊണ്ട് ” ഇത് ഹേമകുഞ്ഞിനാട്ടോ. വീണാലും ത് മാത്രം പോക്കറ്റിന് പോയില്ല ” എന്ന് പറയുന്ന ആ നിഷ്ക്കളങ്കതയ്ക്ക് മുന്നിൽ എന്ത് പറയണമെന്ന് അറിയാതെ അവന്റെ ദേഹത്തെ ചോരപ്പാടുകളിലേക്ക് നോക്കി മിഴിച്ചു നിന്നു അവൾ.
കാര്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും അവൾ അവൻ നീട്ടിയ കോലുമിട്ടായി കയ്യിൽ വാങ്ങുമ്പോൾ സങ്കടത്തോടെ അവന്റെ അവസ്ഥയെ നോക്കികൊണ്ട് പറയുന്നുണ്ടായിരുന്നു “ശങ്കരേട്ടൻ വാ… ആ മുറിവൊക്കെ കഴുകി മരുന്ന് വെക്കാം.. ഞാൻ ചൂടുവെള്ളം ഉണ്ടാക്കാ ” എന്ന്.
അതും പറഞ്ഞ് അടുക്കളയിലേക്ക് ഓടുന്ന അവളെ നോക്കികൊണ്ട് അമ്മ അവന്റെ കൈ പിടിച്ചു മെല്ലെ അകത്തേക്ക് നടത്തി.
ഉമ്മറത്തേക്ക് കയറുമ്പോൾ കസേരയിൽ കിടന്നിരുന്ന ദിവാകരൻ ശങ്കരന്റെ മുഖം കണ്ടപ്പോഴേ ചിറി കൂട്ടിക്കൊണ്ട് പുച്ഛഭാവത്തോടെ ഒന്ന് നോക്കി, “ആഹാ.. വന്നല്ലോ അമ്മേടെ സീമന്തപുത്രൻ. എവിടെ പോയി കിടക്കയിരുന്നെടാ നീ…രാവിലെ ഒരുങ്ങിക്കെട്ടി പോയതാണല്ലോ. നീ അരി ഉണ്ടാക്കിയിട്ടാണോ കൊണ്ട് വരുന്നത്. നേരം നോക്കാതെ കേറി വന്നിരിക്കുന്നു മുടിക്കാൻ ഉണ്ടായവൻ “
കസേരയിൽ കിടന്ന് കൊണ്ട് തന്നെ പുച്ഛത്തോടെ സംസാരിക്കുന്ന ഭർത്താവിനെ ശാരദ ദേഷ്യത്തോടെ നോക്കുമ്പോൾ പുറത്ത് വന്ന വാക്കുകൾ അത്രയും സങ്കടത്തിൽ കുതിർന്നതായിരുന്നു.
” നിങ്ങൾക്ക് ഇത് എന്തിന്റെ കേടാണ്. ന്റെ കുട്ടി വീണ് കാലൊക്കെ മുറിഞ്ഞു വയ്യാതെ കേറി വരുമ്പോഴെങ്കിലും ഇങ്ങനെ കുറ്റം പറഞ്ഞ് പ്രാകാത്തിരുന്നൂടെ. എന്തൊരു ജന്മ നിങ്ങടെ ” എന്നും പറഞ്ഞ് തലയിൽ കൈ വെക്കുമ്പോൾ കസേരയിൽ നിന്ന് എഴുനേൽക്കാൻ ശ്രമിച്ചുകൊണ്ട് ദിവാകരൻ പുച്ഛം കലർന്ന ഭാഷയിൽ രണ്ട് പേരെയും നോക്കി ഇരുത്തി മൂളികൊണ്ട് പറഞ്ഞു ” എന്റെ അല്ലേടി, നിന്റെ മോനോട് ചോദിക്ക് എന്തൊരു ജന്മമാ നീയെന്ന്. കണ്ടിടത് കിടന്ന് നിരങ്ങി വീണ് കേറി വന്നിരിക്കുന്നു. കയ്യിലുണ്ടായിരുന്ന അരിയും കളഞ്ഞിട്ടുണ്ടാകും മുടിക്കാൻ ഉണ്ടായവൻ…. ഒരാഴ്ക്കുള്ള അരി നശിപ്പിച്ചപ്പോൾ തൃപ്തി ആയില്ലേടാ പൊട്ടാ നിനക്ക്. എന്തൊരു ജന്മമ ഇത്. ഒന്നിനും കൊള്ളാത്ത ഒരു കടിഞ്ഞൂൽപൊട്ടൻ.. ത്ഫൂ… ” എന്ന് നീട്ടി തുപ്പൂകക്കൂടി ചെയ്യുമ്പോൾ ശങ്കരൻ അച്ഛനെ നോക്കി സങ്കടത്തോടെ പറയുന്നുണ്ടായിരുന്നു
” ന്തിനാ അച്ഛാ ന്നേ ങ്ങനെ വിളിക്കുന്നെ.. ഞാനും അച്ഛന്റെ മോൻ അല്ലെ…അല്ലെങ്കിൽ അച്ഛൻ വിളിച്ചോ…. അച്ഛൻ പൊട്ടാ എന്ന് വിളിക്കാണേലും ന്നേ ഒന്ന് നോക്കുമ്പോൾ സന്തോഷാ.. അങ്ങനേലും ന്നേ ഒന്ന് നോക്കൂലോ. പൊട്ടാന് വിളിക്കാൻ ആണേലും ന്നോട് ഒന്ന് സംസാരിക്കൂലോ.. ഞാൻ പൊട്ടനല്ലേ..കടിഞ്ഞൂൽപൊട്ടൻ… ” അതും പറഞ്ഞ് നിറഞ്ഞ കണ്ണുകലും ഒലിച്ചിറങ്ങിയ മൂക്കും തുടച്ചു അകത്തേക്ക് നടക്കുമ്പോൾ അവൻ ചിരിയോടെ അമ്മയോട് ചോദിക്കുന്നുണ്ടായിരുന്നു ” കഞ്ഞിവെള്ളം ഉണ്ടോ അമ്മേ…വല്ലാതെ വിശക്കുന്നു. ” എന്ന്.
———————————————
ദിവസങ്ങള് എത്ര പെട്ടന്നാണ് ഓടിമറയുന്നത്…
ഹേമ വന്നതിൽ പിന്നെ വീട്ടിൽ ഒരുപാട് മാറ്റങ്ങൾ വന്ന് തുടങ്ങിയിരുന്നു. വീട്ടിലെ ഒരു വിളക്ക് പോലെ അവൾ കത്താൻ തുടങ്ങിയപ്പോൾ സ്വയം ഇരുട്ടത്താണ് അവളും അവളുടെ മനസ്സുമെന്ന് മനസ്സിലാക്കിയത് അമ്മ മാത്രമായിരുന്നു.
വയസ്സ് ശരീരത്തെ തളർത്തിത്തുടങ്ങിയ അമ്മക്ക് വലിയ ഒരു ആശ്വാസമായി അവൾ മാറുമ്പോൾ അതുപോലെ വലിയ ഒരു ദുഃഖവുമായിരുന്നു ഹേമ. അവളുടെ ആ അവസ്ഥ ഓർത്തു ദുഃഖിക്കുമ്പോൾ ഇടക്കൊക്കെ അമ്മ വേദനയോടെ പറയാറുണ്ട് “മോള് രക്ഷപ്പെട്ടോ ഈ നരകത്തിൽ നിന്ന്. ഇതുവരെ ഭാര്യയായി ജീവിക്കാൻ കഴിയാത്ത നീ ഇവിടെ ങ്ങനെ ഒരു വേലക്കാരിയെ പോലെ കഷ്ട്ടപ്പെടാതെ പൊക്കോ.തെറ്റ് ചെയ്തത് ഞങ്ങളാ… പെണ്ണ് കെട്ടിയാൽ അവൻ മാറുമെന്ന് അതിയാൻ പറഞ്ഞപ്പോൾ അമ്മയും വിശ്വസിച്ചുപോയി. പക്ഷേ….എല്ലാം തികഞ്ഞവൻ ആണെന്ന് പറയുമ്പോഴും സ്നേഹിക്കാനും മനുഷ്യനെ മനസ്സിലാക്കാനും ഉള്ള കഴിവ് മാത്രം ദൈവം അവന് കൊടുത്തില്ല..ആ കഴിവെല്ലാം ദൈവം കൊടുത്തത് ശങ്കരനാ.. പക്ഷേ പറഞ്ഞിട്ടെന്താ… ” എന്നും പറഞ്ഞ് നെടുവീർപ്പിടുന്ന അമ്മയെ സമാധാനിപ്പിക്കാനെന്നോണം ആ കൈ പിടിച്ചുകൊണ്ട് ഹേമ അരികിൽ ഇരിന്നു.
” എനിക്ക് ഒരു വിഷമോം ഇല്ല അമ്മേ… എനിക്ക് സ്വന്തമെന്ന് പറയാൻ ആകെ ഉള്ളത് അച്ഛൻ മാത്രമാണ്. ഒരു ഏട്ടൻ ഉണ്ടായിരുന്നത് ചെറുപ്പത്തിൽ എങ്ങോട്ടോ പോയതാ. പിന്നെ ഒരിക്കലും തിരികെ വന്നിട്ടില്ല.പലരോടും കടം വാങ്ങിയും ഉള്ളതെല്ലാം വിറ്റുപെറുക്കിയുമാണ് അച്ഛൻ ഈ കല്യാണം നടത്തിയത്. മകളെങ്കിലും രക്ഷപ്പെട്ടുകാണാൻ. ആ ഞാൻ എല്ലാം ഇട്ടെറിഞ്ഞു വീണ്ടും അങ്ങോട്ട് ചെന്നാൽ….വേണ്ട അമ്മേ… അച്ഛനെങ്കിലും സമാധാനത്തോടെ ഉറങ്ങിക്കോട്ടെ മകൾക്ക് സുഖം ആണെന്ന് കരുതി.എനിക്ക് വിശ്വാസം ഉണ്ട് സതീശേട്ടൻ മാറും. ഇന്നല്ലെങ്കിൽ നാളെ… അതൊരു വിശ്വാസമാ.. ഈ താലിയോടുള്ള വിശ്വാസം.. ഭർത്താവിനോടൊത്തു നല്ലൊരു ജീവിതം സ്വപ്നം കണ്ട് ഇറങ്ങിത്തിരിച്ച ഒരു പെണ്ണിന്റ വിശ്വാസം..ഒരു സങ്കടം തരുമ്പോൾ അതുപോലെ ഒരു സന്തോഷവും ദൈവം ഈ ജീവിതത്തിൽ കണ്ടുവെച്ചിട്ടുണ്ടാകും എന്ന വിശ്വാസം.. ! “
അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു.
ജീവിതത്തിൽ എത്രയൊക്കെ തോറ്റാലും ജയിക്കുന്ന ഒരു ദിവസം ഉണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരുവളിലെ ദൃഢതയുണ്ടായിരുന്നു വാക്കുകളിൽ. !
അവളുടെ വാക്കുകളിൽ തുടിക്കുന്ന ആത്മവിശ്വാസത്തെ വല്ലാത്തൊരു അത്ഭുതത്തോടെ ആയിരുന്നു ആ അമ്മ നോക്കിക്കണ്ടത്.
” എല്ലാം ശരിയാകാൻ പ്രാർത്ഥിക്കാം മോളെ ” എന്നും പറഞ്ഞ് നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ചിരിക്കുമ്പോൾ അമ്മ ഓർമ്മിപ്പിക്കുംപോലെ പറയുന്നുണ്ടായിരുന്നു ” മോളെ ചോറിന് കൊണ്ടോവാൻ എന്തേലും വേഗം ഉണ്ടാക്ക്. ശങ്കരന് പണിക് പോവേണ്ടതല്ലേ ” എന്ന്.
അമ്മയുടെ വാക്കുകൾക്ക് മുന്നിൽ തലയാട്ടികൊണ്ട് അവൾ വേഗം അടുക്കളപ്പണിയിൽ മുഴുകുമ്പോൾ ബെഡ്‌റൂമിൽ ഇന്നലെ അടിച്ചതിന്റെ ഹാങ്ങോവർ മാറാൻ കയ്യിൽ കരുതിയ കുപ്പിയിൽ നിന്ന് വെള്ളം പോലും ചേർക്കാതെ വായിലേക്ക് കമിഴ്ത്തുകയായിരുന്നു സതീശൻ .
രാവിലെ ടേബിളിൽ കൊണ്ട് വെച്ചിരിക്കുന്ന കട്ടന്ചായയിലേക്ക് ഒന്ന് പുച്ഛത്തോടെ നോക്കി കയ്യിൽ കരുതിയ റം വായിലേക്ക് കമിഴ്ത്തി ബാത്‌റൂമിൽ കേറി കുളിയും കഴിഞ്ഞ് ഒരുങ്ങി പുറത്തേക്ക് ഇറങ്ങുമ്പോൾ ഇടവഴിയിൽ താഴെ ഇരുന്ന് കഞ്ഞി കുടിക്കുന്ന ശങ്കരന്റെ കണ്ട് പല്ലിറുണ്ണി സതീശൻ.
” രാവിലെ എവിടെക്കേലും ഒന്നിറങ്ങുമ്പോൾ പൊട്ടനെ ആണല്ലോ കണി. ഇങ്ങനെ തിന്നാനായിട്ട് ഇരിക്കാതെ ഒന്ന് എണീറ്റ് പൊക്കൂടെ. ശവം. ” എന്ന് ഈർഷ്യത്തോടെ പറഞ്ഞുകൊണ്ട് അകത്തേക്ക് നോക്കി ഹേമയെ വിളിച്ചു. “രാവിലെ വല്ലോം തിന്നാൻ ഉണ്ടേൽ എടുക്ക്. ” ശങ്കരനോടുള്ള ദേഷ്യം വാക്കുകളിൽ പുറത്തേക് വരുമ്പോൾ അത് കേട്ട് കൊണ്ട് പുറത്തേക്ക് വന്ന ഹേമ ” കഞ്ഞി എടുക്കട്ടേ ” എന്ന് ചോദിക്കുമ്പോൾ സതീശൻ അവളെ ഒന്ന് ഈർഷ്യത്തോടെ നോക്കികൊണ്ട് പറയുന്നുണ്ടായിരുന്നു,
” എ ഒണക്ക കഞ്ഞി ദേ, ഇവടെ കൊടുക്ക്.. എത്ര കിട്ടിയാലും മതിയാവാത്ത പൊട്ടനെ ഈ ഒണക്കകഞ്ഞിയൊക്കെ പറ്റൂ. കണ്ടില്ലേ വെട്ടിവിഴുങ്ങുന്നത് ” എന്നും പറഞ്ഞ് രൂക്ഷമായൊന്നു ശങ്കരനെ നോക്കികൊണ്ട് സതീശന് പുറത്തേക്ക് പോകുമ്പോൾ ശങ്കരന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ആ നിറഞ്ഞ കണ്ണുകൾ കുപ്പായത്തിൽ തുടച്ചുകൊണ്ട് പാതി കുടിച്ച കഞ്ഞി ബാക്കി വെച്ച് എഴുന്നേൽക്കുമ്പോൾ എല്ലാം കണ്ട് കൊണ്ട് നിൽക്കുന്ന ഹേമ അവനരികിലിരുന്നു.
” സാരമില്ല ശങ്കരേട്ടാ.. ഏട്ടൻ കഴിക്കൂ… സതീശേട്ടൻ പറഞ്ഞത് ന്റെ ശങ്കരേട്ടൻ കേൾക്കണ്ട.. ഏട്ടൻ വയറു നിറച്ചു കഴിച്ചാൽ മാത്രം നിറയുന്ന ഒരു വയറുണ്ട് ഇവിടെ.. അമ്മയുടെ. ഇതറിഞ്ഞാൽ വിഷമിക്കുന്നത് ആ അമ്മയാ…അതുകൊണ്ട് ഏട്ടൻ കഴിക്ക്. അപ്പഴേക്കും ഞാൻ കൊണ്ടുപോകാൻ ഉള്ളത് എടുത്ത്വെക്കാം. ” എന്നും പറഞ്ഞ് ഒരു ചിരി സമ്മാനിച്ചുകൊണ്ട് എഴുന്നേൽക്കുമ്പോൾ എന്തോ മറന്നത് എടുക്കാൻ തിരികെ കേറി വന്ന സതീശൻ അതെല്ലാം കണ്ടുകൊണ്ട് പുച്ഛത്തോടെ അവളെ നോക്കി പറയുന്നുണ്ടായിരുന്നു
” എന്തിനാടി സമാധാനിപ്പിക്കാൻ മാത്രം നിൽക്കുന്നെ? അടുത്തിരുത്തി വാരി ഊട്ട്.
പൊട്ടന് നിറയട്ടെ പള്ള.” എന്നും പറഞ്ഞ് റൂമിലേക്ക് കേറി എന്തോ എടുത്തുകൊണ്ടു പുറത്തേക്ക് ഇറങ്ങുമ്പോൾ മുഴുവനാക്കാതെ ഇരിക്കുന്ന കഞ്ഞിപാത്രത്തിനു മുന്നിൽ ശങ്കരൻ ഇല്ലായിരുന്നു.” പൊട്ടൻ എണീറ്റ് പോയോ മതിയാക്കി ” എന്നും ചിന്തിച്ചുകൊണ്ട് അനാഥമായിരിക്കുന്ന പാതി കഞ്ഞി നിറഞ്ഞ പ്ളേറ്റിലേക്ക് നോക്കുമ്പോൾ സതീശന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.. അതോടൊപ്പം കയ്യിലിരിക്കുന്ന കുപ്പിയിൽ നിന്നും രണ്ട് തുളളി ആ കഞ്ഞിയിലേക്ക് ഇറ്റിച്ച് കുപ്പി വേഗം അരയിലേക്ക് തിരുകി അവൻ.
പിന്നെ നാലുപാടും നോക്കി ആരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തുമ്പോൾ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് മുഖം കഴുകി വരുന്ന ശങ്കരനെ അവിടെ പിടിച്ചുനിർത്തി സതീശൻ ഗൗരവത്തോടെ അവന്റ മുഖത്തേക്ക് നോക്കി.
പിന്നെ അമർഷത്തോടെ ” തനിക്ക് വേണ്ടെങ്കിൽ എന്തിനാ ഇത്രേം കഞ്ഞി എടുത്ത് വെസ്റ്റ് ആക്കുന്നത്. വേണ്ടത് എടുത്താൽ പോരെ. പൊട്ടന് കണ്ണിനാ വിശപ്പ്. വെറുതെ കയ്യിട്ട് വാരിയിട്ട് പിന്നെ നിന്റെ മറ്റവൾ വന്ന് കഴിക്കോ ഇത്? ഇനി പൊട്ടൻ അത് മുഴുവൻ കഴിച്ചിട്ട് പോയാൽ മതി. ഇരുന്ന് കഴിക്ക് അത് മുഴുവൻ ” എന്നും പറഞ്ഞ് ബാക്കി വന്ന കഞ്ഞിക്കു മുന്നിൽ പിടിച്ചിരിത്തുമ്പോൾ ” നിക്ക് മതിയായിട്ടാ അനിയൻകുട്ടാ ” എന്ന് നിറകണ്ണുകളോടെ കൊഞ്ചി കെഞ്ചി പറയുന്നുണ്ടായിരുന്നു ശങ്കരൻ.
പക്ഷേ അതൊന്നും ചെവികൊള്ളാതെ അത് കഴിക്കാൻ വേണ്ടി വാശിപിടിക്കുന്ന സതീശന് മുന്നിൽ പേടിയോടെ കണ്ണുനീർ തുള്ളികൾ വീണ് പിടയുന്ന ആ കഞ്ഞിയിലേക്ക് മനസ്സില്ലാമനസ്സോടെ വീണ്ടും കയ്യിട്ടു ശങ്കരൻ.
അത് കണ്ട് കൊണ്ട് ഹാളിലേക്ക് നടക്കുന്ന സതീശന്റെ ചുണ്ടുകളിൽ അപ്പോൾ ഗൂഢമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു…
ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…