പല രാത്രികളിലും ആ പൂച്ചക്കണ്ണുകൾ എന്റെ ഉറക്കം കെടുത്താൻ തുടങ്ങിയപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് എനിക്കവളോട്…

പ്രിയപ്പെട്ടവൾ ~ രചന: സിയാ ടോം

വെയിൽ കണ്ണിലേക്കു അടിച്ചു കയറിയപ്പോൾ കണ്ണ് വലിച്ചു തുറന്നു..ജനാലയിലെ കർട്ടൻ ആരോ സൈഡിലേക്ക് വലിച്ചു നീക്കിയിടുന്നു. കണ്ണിനു മേലെ കൈപ്പത്തി വച്ചു മറച്ചു.മുന്നിൽ നിൽക്കുന്ന ആളെക്കണ്ടു ഒന്നു കൂടി കണ്ണുകൾ അമർത്തി തിരുമ്മി തുറന്നു.

“സായാ ” ഞാൻ പിടഞ്ഞെണീറ്റു.

“ഓ അപ്പോൾ പേരൊക്കെ ഓർമയുണ്ട്… അങ്ങനെ ആദ്യത്തെ കടമ്പ കഴിഞ്ഞു. ” അവൾ എന്റെയടുക്കൽ വന്നിരുന്നു.

“ഞാൻ വിചാരിച്ചു എന്നെ പരിചപ്പെടുത്തിക്കൊണ്ട് തുടങ്ങണമായിരിക്കണമെന്ന്. താങ്ക് ഗോഡ്.. നീയെന്നെ മറന്നില്ലല്ലോ.” അവൾ നെഞ്ചിൽ കൈ വച്ചു പറഞ്ഞു.

“നീ.. നീയെന്താ ഇവിടെ? “

“അതോ ഒരു കാഴ്ചബംഗ്ലാവ് കാണാൻ ഇറങ്ങിയതാ. പക്ഷേ വന്നുകയറിയത് ഒരു ഭാർഗവി നിലയത്തിൽ ആയിപ്പോയി. എന്തുവാടെ ഇതു? “

അവൾ ചുറ്റും നോക്കി. ഒഴിഞ്ഞതും അല്ലാത്തതുമായ മദ്യക്കുപ്പികൾ നിരന്നു കിടക്കുന്നു. ഉപയോഗിച്ച വസ്ത്രങ്ങളെല്ലാം മുറിയുടെ ഒരു സൈഡിൽ കൂട്ടിയിട്ടിരിക്കുന്നു.വലിച്ച സിഗരറ്റ് കുറ്റികൾ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. പൊടിയും മാറാലയും…ആകെപ്പാടെ അലങ്കോലം..

“നിനക്ക് ഈ താടിയും മുടിയും ഒക്കെയൊന്നു വെട്ടി, തേച്ചു കുളിച്ചു നടന്നുകൂടെഫെലിക്സ്? “

“ആർക്കു വേണ്ടി? ” ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വച്ചു കൊണ്ട് ഞാൻ ചോദിച്ചു.

“നിന്റെ കുഴിക്കിടക്കുന്ന അമ്മൂമ്മക്ക്‌ വേണ്ടി “

“എടി “

“ഒന്നു പോടാ…. ഒരു നിരാശ കാമുകൻ വന്നിരിക്കുന്നു.. നിന്റെയൊക്കെ ചന്തിക്ക് ചട്ടുകം വച്ചു പഴുപ്പിക്കുകയാണ് വേണ്ടത്. തിന്നിട്ടു എല്ലിന്റെ ഇടയിൽ കയറിയാൽ ഇതല്ല ഇതിനപ്പുറം കാണിക്കും “

അവൾ തറയിൽ ഇരുന്ന ഒരു ഫുൾ ബോട്ടിൽ കാൽ നീട്ടി തൊഴിച്ചു. അതു തെറിച്ചു പോയി ഭിത്തിയിൽ ഇടിച്ചു പൊട്ടിച്ചിതറി.

പാഞ്ഞു ചെന്നു അവളുടെ മുഖത്തിനു നേരെ കൈ ആഞ്ഞു വീശി. അവൾ ഇടം കൈ കൊണ്ട് എന്റെ അടി തടഞ്ഞു. ഒപ്പം വലതു കൈ വീശി എന്റെ കവിളിൽ ആഞ്ഞടിച്ചു. പിന്നോട്ട് വേച്ചു പോയി ഞാൻ.

“നിന്റെ മറ്റവളെ പോയി തല്ലേടാ പട്ടി.. ഇനിയെങ്ങാനും എന്റെ നേരെ കൈ ഉയർത്തിയാൽ ആ കൈ വെട്ടി താഴെയിടും ഞാൻ. “

അവൾ കിതച്ചു. ഒരു നിമിഷം അന്ധാളിച്ചു നിന്നിട്ട് അവളെ ഞാൻ പുറത്തേക്ക്.
ആഞ്ഞു തള്ളി.

“ഇറങ്ങിപ്പോടി.. ഇവിടുന്ന് ” ഞാൻ അലറി. അവൾ കൈ ഉയർത്തി വീണ്ടും ഒന്നു തന്നു.. കണ്ണിൽ പൊന്നീച്ച പാറി. ഇവളുടെ അടിക്ക് ഇത്രയും ശക്തിയൊ?

“നീ പറയുമ്പോഴേക്കും ഇറങ്ങിപ്പോകാനല്ല ഞാൻ കെട്ടും കിടക്കയും എടുത്തോണ്ട് വന്നിരിക്കുന്നത്. ഇനിമുതൽ ഞാനും ഇവിടെ കാണും.. ഈ വീട്ടിൽ..നിന്റെ സകല തോന്നിയവാസങ്ങളും അങ്ങ് പടിക്ക് പുറത്തു വച്ചിട്ട് അകത്തേക്ക് കയറിയാൽ മതി. കേട്ടല്ലോ ” അവൾ എന്നെ തറപ്പിച്ചൊന്ന് നോക്കിയിട്ട് ഇറങ്ങിപ്പോയി.

സകല ദേഷ്യവും തീർത്തത് കാറിന്റെ ആക്സിലേറ്ററിൽ ആണ്.. ഒരു ലക്ഷ്യവുമില്ലാതെ കുറേ നേരം വണ്ടിയോടിച്ചു. അവസാനം വന്നു നിന്നത് ഇടയ്ക്കിടെ വന്നിരിക്കാറുള്ള അല്പം ദൂരെയുള്ള കുന്നിന്റെ മുകളിലാണ്. മനസൊന്നു ശാന്തമാകും വരെ സീറ്റിൽ ചാരിക്കിടന്നു..

സാൻഡ്രയും…. നേഹയും..രണ്ടു പെൺകുട്ടികൾ..തന്റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ചവർ ഒരാൾ ഉറ്റ സുഹൃത്തും.. മറ്റെയാൾ പ്രണയിനിയും.

ഡാഡിയുടെ സന്തതസഹചാരിയും ഉറ്റസുഹൃത്തുമായ ജോണങ്കിളിന്റെയും സാലിയാന്റിയുടെയും മൂത്ത പുത്രി.. സാൻഡ്ര ജോൺ… ഇളയവൾ സയന ജോൺ. സാൻഡ്രയെ ഞാൻ സ്നേഹത്തോടെ ചുരുക്കി ‘സായാ’എന്നു വിളിച്ചു. പിന്നീടെല്ലാവരും അങ്ങനെ വിളിക്കാൻ തുടങ്ങി.സാൻഡ്രയും ഞാനും പഠിച്ചതും വളർന്നതുമെല്ലാം ഒരുമിച്ചാണ് മഹാതല്ലിപ്പൊളിയായിരുന്നവൾ.എല്ലാ തരികിടയും.. തല്ലുകൊള്ളിത്തരവും അവളുടെ കൈവശമുണ്ടായിരുന്നു.
അവളുടെ കൂടെയുള്ള ഫ്രണ്ട്ഷിപ് കാരണം സ്കൂളിലും വീട്ടിലും എല്ലാം ഞാൻ ഉണ്ടാക്കിയെടുത്ത നല്ല പിള്ള എന്ന ഇമേജ് വളരെ വേഗത്തിൽ പോയിക്കിട്ടി. എല്ലാ പ്രശ്നങ്ങളിലും അവൾ എന്നെ പിടിച്ചിടും.എനിക്ക് നല്ല അടി കിട്ടുകയും ചെയ്യും..

ഞാൻ എന്നു വച്ചാൽ അവൾക്ക് ജീവനായിരുന്നു. എനിക്കും അങ്ങനെ തന്നെ. എന്തു കിട്ടിയാലും എനിക്കും ഒരു വീതം അവൾ മാറ്റി വയ്ക്കും. ചിലകാര്യങ്ങളിൽ ഭയങ്കര പിടിവാശിയാണവൾക്ക്.ഇഷ്ടപെടാത്തത് എന്തെങ്കിലും ഉണ്ടെങ്കിൽ അവളത്തു മുഖത്തു നോക്കി പറഞ്ഞിരിക്കും.

എന്റെ കാര്യങ്ങളിൽ മറ്റുള്ളവരെക്കാൾ ശ്രെദ്ധ അവൾക്കാണ്. പഠിക്കാൻ മടിയനായ എന്നെ ഉന്തിത്തള്ളി പഠിപ്പിക്കുന്നതും എന്റെ ഹോം വർക്കുകളും അസ്സൈൻമെന്റ്സും ഒക്കെ എഴുതിത്തരുന്നതും അവളാണ്. തെറ്റുകൾ എന്തെങ്കിലും ചെയ്താൽ നല്ല തല്ലു തരികയും ചെയ്യും കുറച്ചു കഴിയുമ്പോൾ വന്നു തലോടുകയും ചെയ്യും.

ഞങ്ങൾ തമ്മിലുള്ള പ്രശനങ്ങളിൽ ആരും പുറത്തു നിന്ന് ഇടപെടാറില്ല. കാരണം അടികൂടിയാലും അഞ്ചു മിനിറ്റ് കഴിയുമ്പോൾ ഞങ്ങൾ തന്നെ കോംപ്രമൈസ് ചെയ്തു കൂട്ടാകുമെന്ന് അവർക്കറിയാം.

എന്നിലൊരു ചിത്രകാരൻ ഉണ്ടെന്ന് ആദ്യം കണ്ടെത്തിയത് അവളാണ്.കയ്യിലാദ്യം ചായം മുക്കിയ ബ്രഷ് പിടിപ്പിച്ചതും……വരയ്ക്കാൻ ധൈര്യം തന്നതും…..ചായക്കൂട്ടുകൾ നിറഞ്ഞൊരു ലോകം എനിക്ക് ചുറ്റും തീർത്തതും അവളാണ്. നിറങ്ങൾക്കൊണ്ട് ഞാൻ ആദ്യമായി ചാലിച്ച ചിത്രം അവളുടെയാണ്.എന്റെ ഹൃദയത്തിൽ ആഴമായിപ്പതിഞ്ഞ എന്റെ പ്രിയ കൂട്ടുകാരിയുടെ മുഖം.പടം വരയ്ക്കുമ്പോൾ അവൾ മിക്കപ്പോഴും കൂടെയുണ്ടാകും.ചെറിയ ചെറിയ തിരുത്തലുകളും പൊടിക്കൈകളും അവൾ
കൂട്ടിച്ചേർക്കാറുണ്ടായിരുന്നു.

വരച്ചു പൂർത്തിയാക്കിയ ശേഷം അവളുടെ ഗുഡ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ആ ചിത്രം പുറം ലോകംകാണുമായിരുന്നുള്ളൂ. അവളെപ്പോലെ സ്നേഹത്തോടെ തെറ്റുകൾചൂണ്ടിക്കാണിക്കുവാനും വിമർശിക്കുവാനും പറ്റിയ വേറെ ഒരാൾ ഇല്ലായിരുന്നു. എന്റെ ഹൃദയത്തോടും ആത്മാവോടും ചേർത്തു വച്ച എന്റെ പ്രിയപ്പെട്ടവൾ… എന്റെ സാൻഡ്ര.

ഞാൻ വരച്ച പെയിന്റിംഗ്സ് എല്ലാം ചേർത്തു ഒരു എക്സിബിഷൻ നടത്തിയാലോ എന്നൊരു ഐഡിയ തന്നതവളാണ്. അതിനു വേണ്ട എല്ലാ ഒരുക്കങ്ങളും ക്രമീകരണങ്ങളും ഓടി നടന്നു ചെയ്തതും അവളാണ്.

പക്ഷേ ആ എക്സിബിഷൻ ആണെന്റെ ജീവിതം ആകപ്പാടെ മാറ്റിമറിച്ചത്. നാലു ദിവസം നീണ്ടു നിന്ന പരിപാടിയുടെ അവസാനദിവസമാണ് അവൾ….നേഹ..തന്റെ കൂട്ടുകാരുമായി ഗാലറിയിൽ എത്തുന്നത്. നേരിട്ട് കണ്ടു അഭിനന്ദനങ്ങൾ അറിയിക്കാൻ വന്ന അവളുടെ പൂച്ചക്കണ്ണുകളാണ് ആദ്യം എന്നെ ആകർഷിച്ചത്. ബി എ മ്യൂസിക് ആദ്യവർഷ വിദ്യാർത്ഥിനിയാണെന്നും വീട് ഫോർട്ട് കൊച്ചിയിലാണെന്നും ഒക്കെ പറഞ്ഞു ചെറിയൊരു പരിചയപ്പെടൽ.

ഫേസ്ബുക്കിൽ നേഹ സൂസൻ എന്ന പേരിൽ പൂച്ചക്കണ്ണുകളുടെ പ്രൊഫൈൽ പിക്ചർ ഉള്ള ഫ്രണ്ട് റിക്വസ്റ്റ് ആണാദ്യം വന്നത്. അവിടെ നിന്ന് മെസ്സഞ്ചറിലൂടെയും പിന്നീട് വാട്സ്ആപ്പിലൂടെയും ഫോൺ കോളുകളിലൂടെയും ഞങ്ങളുടെ സൗഹൃദം വളർന്നു….ബിസിനസ്സ്കാരനായ സണ്ണിയുടെയും സൂസന്റെയും ഇളയമകൾ…മൂത്തയാൾ ഒരു ചേട്ടൻ ആണ്. പുള്ളി കല്യാണം ഒക്കെ കഴിച്ചു അബുദാബിയിൽ സെറ്റിൽഡ് ആണ്. ഇടക്കിക്കിടെ പലസ്ഥലങ്ങളിലും വച്ചു ഞങ്ങൾ കണ്ടു മുട്ടാറുണ്ടായിരുന്നു.

പല രാത്രികളിലും ആ പൂച്ചക്കണ്ണുകൾ എന്റെ ഉറക്കം കെടുത്താൻ തുടങ്ങിയപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് എനിക്കവളോട് സൗഹൃദം മാത്രമല്ല അതിനപ്പുറവും എന്തോ ഉണ്ടെന്ന്.

“ഫെലിക്സ് ആർ യു ഇൻ ലവ് വിത്ത്‌ സം വൺ ” എന്റെ ചെറിയ ചെറിയ മാറ്റങ്ങൾ പോലും തിരിച്ചറിഞ്ഞിരുന്ന സാൻഡ്ര പെട്ടന്നൊരു ദിവസം അങ്ങനെ ചോദിച്ചപ്പോൾ അവളിൽ നിന്നും നേഹയുടെ കാര്യം മറച്ചുപിടിക്കാനാണ് എനിക്ക് തോന്നിയത്.പക്ഷേ ദിവസങ്ങൾ പോകുന്തോറും അവളോട് ചെയ്യുന്ന കള്ളത്തരം മനസ്സിൽ ഒരു കുറ്റബോധമായി വളർന്നു തുടങ്ങിയപ്പൊൾ അവളെ അഭിമുഖീകരിക്കാൻ പ്രയാസം തോന്നി. ചെറിയ ചെറിയ കാര്യങ്ങൾ പോലും പരസ്പരം പങ്കുവച്ചിരുന്നു ഞങ്ങൾ. ഇത്രയും പ്രധാനപ്പെട്ട കാര്യം മറച്ചുവെച്ചു എന്നറിഞ്ഞാൽ അവൾ എങ്ങനെ പ്രതികരിക്കുമെന്ന് ഉള്ളിന്റെയുള്ളിൽ വല്ലാത്ത ഭയം തോന്നി.

ഒരു ഏറ്റുപറച്ചിലിനായിട്ടാണ് മതിൽ ചാടി അപ്പുറമുള്ള അവളുടെ വീട്ടിൽ രാത്രി തന്നെ കാണുവാൻ ചെന്നത്. ബാൽക്കണിയിലെ ഊഞ്ഞാൽ കസേരയിൽ ചാരിക്കിടക്കുവായിരുന്നവൾ പെട്ടെന്നവിടെ എന്നെ കണ്ടൊന്നു പേടിച്ചു.

“എന്താടാ? പാതിരാത്രി മനുഷ്യനെ പേടിപ്പിക്കാനായിട്ട്?”

“എടി…. അതു ” എവിടെ നിന്നു തുടങ്ങണം എന്നറിയാതെ ഞാൻ കുഴഞ്ഞു

“പൂച്ചക്കണ്ണുള്ള സുന്ദരി.. നേഹ എന്റെ ചങ്കിന്റെ ഹൃദയം എപ്പോഴാണ് കട്ടെടുത്തത്? ” ഒരു ചിരിയോടെ അവൾ ചോദിച്ചപ്പോൾ ഞാൻ അമ്പരന്നുപോയി.

“നിന്റെ ഹൃദയമിടിപ്പ് പോലും എനിക്ക് മനഃപാഠമാണ് ഫെലിക്സ്.അതിൽ ഒരു ചെറിയ വ്യത്യാസം വന്നാൽ പോലും എനിക്ക്തിരിച്ചറിയാനാവുംകേട്ടോ” എനിക്ക് മറുപടിയുണ്ടായിരുന്നില്ല

“പ്രൊപോസ് ചെയ്തോ? “

“ഇല്ല ” ഞാൻ തലയാട്ടി

“എന്നത്തേക്കാണ്? “

“അടുത്ത ശനിയാഴ്ച അവളെന്നെയൊരു ഒരു കാൻഡിൽ ലൈറ്റ് ഡിന്നറിനു ക്ഷണിച്ചിട്ടുണ്ട് ” ഞാൻ പറഞ്ഞു.

“ആഹാ. അപ്പൊൾ അവിടേം വരയെത്തി കാര്യങ്ങൾ അല്ലേ? ” അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു.

ഡിന്നറിനിടാനുള്ള ഡ്രസ്സ് സെലക്ട് ചെയ്തതും… ഗിഫ്റ്റായി നൽകാൻ നേഹയുടെ നല്ലൊരു പടം വരപ്പിച്ചതും അവളാണ്..

“ഡാ ഞാനും വരാം നിൻറെ കൂടെ. നീ ഒറ്റയ്ക്ക് പോയാൽ വീട്ടിൽ സംശയിക്കും. ഹോട്ടലിന് താഴെയുള്ള ഗർഡനിൽ ഞാൻ വെയിറ്റ് ചെയ്യാം ഡിന്നറിനു ശേഷം ചിലപ്പോൾ അവളെ നീ വീട്ടിൽ ഡ്രോപ്പ് ചെയ്യേണ്ടിവരും. അത് കഴിഞ്ഞു എന്നെ വന്നു കൂട്ടിയിട്ട് വന്നാൽമതി ഓക്കേ. ഓൾ ദി ബെസ്റ്റ് ധൈര്യമായിട്ട് പോയിട്ടുവാ”
അവൾ എന്റെ തോളിൽ തട്ടി.

ഹോട്ടലിന്റെ ടെറസിൽ ആയിരുന്നു ഡിന്നർ അറേഞ്ച് ചെയ്തിരുന്നത്. അവിടെ മുഴുവൻ ചെറിയ ബൾബുകളാൽഅലങ്കരിച്ചിരുന്നു… തണുത്ത അന്തരീക്ഷം..പിയാനോയിൽ … വിരലുകളാൽ മായാജാലം തീർക്കുന്ന നേഹ…അത്ഭുതപ്പെട്ടു പോയി ഞാൻ..എനിക്കൊരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല.

“ഉൻ വിഴികളിൽ വിഴുന്തു നാൻ എഴുകിറേൻ എഴുന്തും ഏൻ മറുപടി വിഴുകിറേൻ
ഉൻ പാർവൈയിൽ തൊൻട്രിട അലൈകിറേൻ അലൈന്തും ഏൻ മറുപടി തൊലൈകിറേൻ “

അതിമനോഹരമായി നേഹ പാടിക്കൊണ്ടിരുന്നു. അവളുടെ ആലാപനത്തിലും പിയാനോയിൽ ഒഴുകിവരുന്ന സംഗീതത്തിലും ഞാൻ മതിമറന്നു. മുട്ടറ്റമുള്ള കറുത്ത ഗൗണിൽ നേഹ അതിമനോഹരിയായിരുന്നു. എന്നെ ഞെട്ടിച്ചുകൊണ്ട് മുട്ടുകുത്തി നിന്ന് “വിൽ.. യൂ.. ബി.. മൈൻ.. ഫോറെവർ” എന്നവൾ ചോദിച്ചപ്പോൾ സാൻഡ്ര സെലക്ട്‌ ചെയ്‌തു തന്ന ഹൃദയാകൃതിയിലുള്ള മോതിരം അവളുടെ വിരലിൽ അണിയിച്ചു കൊണ്ടാണ് ഞാൻ സമ്മതം അറിയിച്ചത്.അവൾക്കായി സമ്മാനിച്ച അതിമനോഹരമായ അവളുടെ ചിത്രം കണ്ട് നേഹ എന്റെ കവിളിൽ സ്നേഹ മുദ്രണം ചാർത്തി.

പിന്നീടങ്ങോട്ട് എന്റെയും നേഹയുടെയും മാത്രമായ ഒരു ലോകമായിരുന്നു..പിയാനോ വായിക്കാൻ എന്നെ പഠിപ്പിച്ചത് അവളാണ്. അവളുടെ വിരലുകളോട് എന്റെ വിരലുകൾ ചേർത്ത് വെച്ച്. ഹൃദയത്തോട് ഹൃദയം ചേർത്തുവച്ച്..

പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയത് സാൻഡ്രയായിരുന്നു. മൂന്നാമതൊരാൾ തങ്ങൾക്കിടയിലേക്ക് വരുമ്പോൾ സാധാരണ സുഹൃത്തുക്കൾക്കിടയിൽ കാണാറുള്ള പൊസ്സസ്സീവിനെസ്സോ വഴക്കോ പിണക്കമോ ഒന്നും തന്നെ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. എല്ലാം അറിഞ്ഞു പെരുമാറുമായിരുന്നവൾ നേഹയേയും നല്ലൊരു സുഹൃത്തായി അവൾ ഏറ്റെടുത്തിരുന്നു.

“ഷീ ഈസ്‌ മൈ ബെസ്റ്റ് ഫ്രണ്ട് സായാ ” ഒരു നാൾ സാൻഡ്രയെ ചേർത്തുപിടിച്ചു നേഹയ്ക്കു പരിചയപ്പെടുത്തി.

“എനിക്കറിയാം എഫ് ബി യിലും ഇൻസ്റ്റഗ്രാമിലുമൊക്കെ നിങ്ങളുടെ ഫോട്ടോ നിറഞ്ഞു കിടക്കുവല്ലേ ” എന്നും പറഞ്ഞവൾ ചിരിച്ചു. പക്ഷേ ആ ചിരിക്കു വേണ്ടത്ര തിളക്കം ഉണ്ടായിരുന്നില്ല എന്നെനിക്ക് തോന്നി. മനസ്സിന്റെ തോന്നലാകാമെന്നു കരുതി ഞാൻ മനപൂർവ്വം അവഗണിച്ചു.

എന്റെയും സാൻഡ്രയുടെയും സ്വപ്നമായ എംബിഎ യ്ക്കു അഡ്മിഷൻ ഇoപീരിയൽ കോളേജ് ലണ്ടനിൽ കിട്ടിയപ്പോൾ സന്തോഷംകൊണ്ട് മതിമറന്നു.
“ഫെലിക്സ്.. അത്രയും നാൾ എങ്ങനെ ഞാൻ നിന്നെ കാണാതെ” നേഹ വിങ്ങി പൊട്ടിയപ്പോൾ “രണ്ടുവർഷം പെട്ടെന്ന് പോകും ” എന്ന് പറഞ്ഞാണ് ഫ്ലൈറ്റ് കയറിയത്.

പക്ഷേ ജീവിതത്തിൽ അവളെ വല്ലാണ്ട് മിസ്സ് ചെയ്തപ്പോൾ.. അവളുടെ പാട്ട്…പിയാനോയിലെ സംഗീതം…അവളുടെ സാമീപ്യം എല്ലാം..അവളില്ലാതെ പറ്റില്ലയെന്ന് തോന്നിയപ്പോഴാണ് കോഴ്സ് ഡിസ്‌കണ്ടിന്യു ചെയ്യാൻ തീരുമാനിച്ചത്.അതിന്റെ പേരിൽ ഞാനും സാൻഡ്രയും തമ്മിൽ പൊരിഞ്ഞ അടി നടന്നു.

“വാട് നോൺ സെൻസ് ആർ യു ടോക്കിങ്? നാളെ നിനക്ക് നല്ലൊരു ജോലിയില്ലെങ്കിൽ ഈ സ്‌നേഹമെല്ലാം പോകും ഫെലിക്സ്. ആദ്യം നീ നിന്റെ ലൈഫ് സെറ്റിൽ ചെയ്യാൻ നോക്ക്. “

അവൾ ആവുന്നത്ര ഉപദേശിച്ചു.എന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് അറിഞ്ഞതോടെ സാൻഡ്ര തന്നെയാണ് വീട്ടിൽ വിളിച്ചു ഞാനും നേഹയുമായിട്ടുള്ള ബന്ധത്തെപ്പറ്റി പറഞ്ഞത്. അതോടെ എനിക്ക് അവളോട്‌ വല്ലാത്ത നീരസമായി. വീട്ടിൽ ഭയങ്കര വഴക്കും ബഹളവും. ഇതിനിടയിൽ സാൻഡ്ര നേഹയെ വിളിച്ചു സംസാരിച്ചു.ഞാൻ തിരിച്ചു ചെല്ലുന്നതിനോടാണ് നേഹയ്ക്ക് താല്പര്യമെന്നും വേണമെങ്കിൽ എംബിഎ നാട്ടിൽ ചെയ്യാമല്ലോ എന്നും നേഹ പറഞ്ഞപ്പോൾ സാൻഡ്ര അവളുമായി കലഹിച്ചു.

പഠനം പകുതി വഴിക്ക് വച്ചു നിർത്തി തിരിച്ചു വന്നു. വീട്ടുകാർ എല്ലാവരും എന്നോട് ഒരകലം പാലിച്ചു. സ്വന്തം മകനായിപ്പോയില്ലേ ഇറക്കി വിടാൻ പറ്റില്ലല്ലോ. നേഹയുടെ നിർദേശ പ്രകാരമാണ് അടുത്തൊരു സ്കൂളിൽ ഒരു ആർട്ട്‌ ടീച്ചറിന്റെ വേക്കൻസി ഉണ്ടെന്നറിഞ്ഞപ്പോൾ ജോലിക്ക് കയറിയത്. സ്കൂളും കുട്ടികളും എല്ലാം ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു.

ഇടയ്ക്കിടെ സാൻഡ്രയെ ഓർമ വരുമെങ്കിലും മനപ്പൂർവം അതെല്ലാം ഒഴിവാക്കി. നേഹയെ ചുറ്റിപ്പറ്റിയായി ജീവിതം. അവളും ഞാനും മാത്രമായ ഒരു മനോഹരമായ ലോകം.

അന്ന് നേഹയുടെ ബർത്ഡേ ആയിരുന്നു. ഒരു വലിയ സർപ്രൈസ് അവൾക്കായി ഒരുക്കി. ബീച്ചിൽ ഒരു പാർട്ടി അറേഞ്ച് ചെയ്‌തു . അവളെ വിളിച്ചു ബീച്ചിൽ വരാൻ പറഞ്ഞു. അവൾ വീട്ടിൽ നിന്നും ഇറങ്ങുന്ന സമയം കണക്കാക്കി ഞാൻ അവളുടെ വീടിനു മുന്നിൽ കുറച്ചു മാറി കാത്തു നിന്നു സസ്പെൻസ് അവിടെ നിന്നും തുടങ്ങാൻ. പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു ബെൻസ് കാർ അവളുടെ വീടിന്റെ മുന്നിൽ കൊണ്ടുവന്നു നിർത്തുന്നതും അതിൽ നിന്നും ഒരു സുന്ദരനായ ചെറുപ്പക്കാരനൊപ്പം നേഹ ഇറങ്ങുന്നതും അയാൾ അവളെ ഗാഢമായി പുണർന്ന ശേഷം കാർ മുന്നോട്ടോടിച്ചു പോകുന്നതും കണ്ടു. തലേ രാത്രിയിൽ വിളിച്ചപ്പോൾ ഏതോ ഒരു സുഹൃത്തിന്റെ വീട്ടിൽ ആണെന്ന് അവൾ പറഞ്ഞിരുന്നു.

“നേഹ ആരാണയാൾ” പാർട്ടിക്ക് വന്ന അവളെ ഞാൻ ചോദ്യം ചെയ്തു.

“ഓ റോയ്..ഹി ഈസ്‌ മൈ ഫ്രണ്ട് ” അവൾ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു.

“ഒൺലി ജസ്റ്റ്‌ എ ഫ്രണ്ട്? അപ്പോൾ ഇതോ? ” ഫോണിൽ കുറച്ചു ഫോട്ടോകൾ ഞാൻ അവളെ കാണിച്ചു. നേഹയുടെ മുഖം വിളറി. അവനും അവളും തമ്മിൽ ഉള്ള ഇഴുകിചേർന്ന കുറച്ചു ഫോട്ടോകൾ.

മനസ്സിൽ ഒരു സംശയം തോന്നിയത് കൊണ്ടാണ് അവന്റെ ഒരു ഫോട്ടോ എടുത്തു ഫ്രണ്ട് ആയ ജോബിക്ക് അയച്ചത്. അവൻ ചെറിയൊരു അന്വേഷണത്തിന് ശേഷം അയച്ചു തന്ന ഫോട്ടോകൾ നെഞ്ച്തകർക്കുന്നതായിരുന്നു.

“എന്തിനായിരുന്നീടി എന്നോട് ഈ ചതി. ജീവനായിട്ടല്ലെടി നിന്നെ കണ്ടത്. “

“ഹേയ് ഫെലിക്സ്…വി ഹാവ് ടു എൻജോയ് ദ ലൈഫ്.ഹാവ് ഫൺ ഡിയർ”
കരണം പുകച്ചൊന്ന് കൊടുത്തു.

“നാളെ നീ വല്ലോന്റെയും കൊച്ചിനെ വയറ്റിലിട്ടോണ്ട് വന്നാൽ അതിനെയും ഞാൻ ഏറ്റെടുക്കണോ? ” അവൾ മുഖം കുനിച്ചു.

“ഇനി മേലിൽ എന്റെ കൺ മുന്നിൽ കണ്ടു പോകരുത് നിന്നെ “

അവിടെ നിന്നും ഇറങ്ങിപ്പോരുമ്പോൾ മനസ് ശൂന്യമായിരുന്നു.

തകർന്നു പോയി… ആദ്യ പ്രണയത്തിൽ പരാജയപ്പെട്ടു പോയി.. പലരുടെ കൂടെ പല സ്ഥലങ്ങളിലും വച്ചു ഞാനവളെ വീണ്ടും കണ്ടു. അനേകം പേരിൽ ഒരാൾ മാത്രമായിരുന്നു ഞാനെന്ന് എനിക്ക് മനസിലായി. സങ്കടവും കുറ്റബോധവും കാരണം വീട്ടിൽ നിന്നും താമസം ഡാഡിയുടെ പേരിലുള്ള ഫ്ലാറ്റിലേക്ക് മാറ്റി.
പതിയെ പതിയെ മദ്യത്തിന് അടിമയായി മാറി. ജീവിതമേ വെറുത്തുപോയി. ഡാഡിയും മമ്മിയും പലതവണ വന്നു വിളിച്ചിട്ടും കൂടെ പോകുവാൻ തയാറായില്ല. ഡാഡി അക്കൗണ്ടിൽ ഇടുന്ന പൈസ ചെലവിനു കൂടി തികയാതെ വന്നപ്പോൾ വീണ്ടുംഎപ്പോഴോ നിർത്തിയ പെയിന്റിംഗ് തുടങ്ങി. അപൂർണമായചിത്രങ്ങൾ ആയിരുന്നു പലതും പക്ഷേ ആവശ്യക്കാരുണ്ടായിരുന്നു. സ്കൂളിലെ ജോലി വേണ്ടന്നു വച്ചു.

വർഷങ്ങൾക്ക് ശേഷം സാൻഡ്ര തിരിച്ചു വന്നിരിക്കുന്നു.. എന്തിനു വേണ്ടി????

നന്നായിക്കുടിച്ചിട്ടാണ് ഫ്ലാറ്റിൽ ചെന്നത്. ബെല്ലടിച്ചു കുറേ നേരം നിന്ന ശേഷമാണ് വാതിൽ തുറന്നത്. ഉറക്കപ്പിച്ചോടെ വാതിൽ തുറന്നു തന്ന സാൻഡ്രയെ ശ്രദ്ധിക്കാതെ റൂമിലേക്ക് കയറി… കട്ടിലിലേക്ക് വീണത് മാത്രം ഓർമ്മയുണ്ട്.

പൊട്ടിപ്പോകുന്ന തലവേദനയോടെയാണ് കണ്ണുതുറന്നത്. “കടുപ്പത്തിൽ ഒരു ചായ തലവേദനയ്ക്ക് നല്ലതാണ് “

ആവി പറക്കുന്ന ചായയോടെ അവൾ മുന്നിൽ നിൽക്കുന്നു. ചുറ്റും നോക്കി . തന്റെ മുറിയല്ല. ചാടിയെണീറ്റതും ബാലൻസ് കിട്ടാതെ വേച്ചു പോയി. അവൾ ഓടിവന്ന് താങ്ങിപ്പിടിച്ചു ബെഡിലേക്ക് ഇരുത്തി. എടുത്തു നീട്ടിയ ചായ മടിയോടെ വാങ്ങിക്കുടിച്ചു. ഒരു ചെറിയ ആശ്വാസം തോന്നി.ബ്രഷും പേസ്റ്റും ടവ്വലും എന്റെ നേരെ നീട്ടി

“പോയി പല്ലൊക്കെ തേച്ചു കുളിച്ചിട്ടു വാ.നിന്റെ ബാത്‌റൂമിൽ പൈപ്പ് ബ്ലോക്ക് ആണ് പ്ളംബറേ വിളിച്ചു വരാൻ പറഞ്ഞിട്ടുണ്ട് “

ബാത്റൂമിൽ ഏതോ ഷാംപൂവിന്റെ മണം നിറഞ്ഞുനിന്നിരുന്നു
കുളിച്ചിറങ്ങിയപ്പോൾ ഒരുന്മേഷംതോന്നി. ഫ്ലാറ്റ് മൊത്തത്തിൽ ഒരു വൃത്തിയും വെടിപ്പും. ഉപകരണങ്ങൾ എല്ലാം തൂത്തു തുടച്ചു യഥാസ്ഥാനങ്ങളിൽ വെച്ചിരിക്കുന്നു.ഇളം നിറത്തിൽ ഉള്ള പുതിയ ജനാല വിരികൾ. ഒരു നറുമണംമുറികൾക്കുള്ളിൽ.ബാൽക്കണിയിൽ പുതിയ കുറേ ചെടികളും സ്ഥാനം പിടിച്ചിരിക്കുന്നു.മുഷിഞ്ഞ തുണികളെല്ലാം അലക്കിയുണക്കി അലമാരയിൽ ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു.

വരയ്ക്കാൻ മാത്രമായി ഉപയോഗിച്ചിരുന്ന മുറി പൊടിപിടിച്ചു കിടന്ന ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഒറ്റദിവസംകൊണ്ട് എല്ലാമൊന്നു മാറി മറിഞ്ഞു.

“ഫെലിക്സ് വാ കാപ്പികുടിക്കാം “

” എനിക്ക് വേണ്ട “

“നിനക്കും കൂടിയാണ് ഉണ്ടാക്കിയത്. കഴിച്ചിട്ടു പോയാൽ മതി ” അവളുടെ ശബ്ദം മാറിയപ്പോൾ ഒന്നും മിണ്ടാതെ പോയിരുന്നു കഴിച്ചു.

ഡ്രസ്സ്‌ മാറി കാറിന്റെ കീ എടുത്തു പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ വിളി വന്നു.

“ഡാ ഇന്നലെ രാത്രിയിലെ പോലെ മൂക്കറ്റം കുടിച്ചിട്ടാണ് കയറിവന്നു ഛർദിച്ചു കുളമാക്കാനാണ് ഉദ്ദേശമെങ്കിൽ നടപ്പില്ല.ഛർദിലു കോരാനും കുളിപ്പിക്കാനും ഡ്രസ്സ്‌ മാറ്റാനുമൊക്കെ വേറെയാളെ നോക്കണം. ഇതൊക്കെ ചെയ്യാൻ ആരുമെനിക്ക് ശമ്പളമൊന്നും തരുന്നില്ല. ” ദേഷ്യത്തോടെയൊന്നു തിരിഞ്ഞുനോക്കിയിട്ട് വാതിൽ വലിച്ചടച്ചു

“ഇന്നും അങ്ങനെയാണ് വരുന്നതെങ്കിൽ പുറത്ത് കിടക്കേണ്ടിവരും”
അവൾ പിന്നിൽ നിന്നും വിളിച്ചു പറയുന്നുണ്ടായിരുന്നു.

അവളോടുള്ള വാശികരണം അന്നും ഓവർ ആയിട്ട് കുടിച്ചിട്ടാണ് ചെന്നത്.തുറന്ന അതേ വേഗത്തിൽ എന്റെ മുന്നിൽ വാതിലടഞ്ഞു. അന്ന് രാത്രി കോറിഡോറിൽ കിടന്നുറങ്ങേണ്ടി വന്നു. വാതിൽ തുറന്നടയുന്ന ശബ്ദം കേട്ടാണ് കണ്ണുതുറന്നത്. പുറത്തേക്ക് പോകുവാൻ ഒരുങ്ങി നിൽക്കുകയാണവൾ.

“ആഹാരം എല്ലാം റെഡിയാണ്. കുളിച്ചിട്ട് എടുത്തു കഴിക്കണം. പിന്നെ കാറിന്റെ ചാവി ഞാനൊന്ന് എടുക്കുകയാണ് കേട്ടോ “എന്തെങ്കിലും പറയുന്നതിനു മുന്നേ നടന്നു പോയിരുന്നവൾ. അവൾ വരുന്നതും നോക്കിയിരുന്നു കിടന്നുറങ്ങിപ്പോയി. എഴുന്നേറ്റപ്പോൾ വൈകുന്നേരം ആറുമണി. അടുക്കളയിൽ നിന്നും മൂളിപ്പാട്ട് കേൾക്കുന്നുണ്ടായിരുന്നു.

“ആ എഴുന്നേറ്റൊ? എന്തൊരു ഉറക്കമാണ്? പകൽ കിടന്നുറങ്ങുന്നത് നല്ലതല്ല കേട്ടോടാ”

“എവിടെയായിരുന്നെടിഇത്രയുംനേരം?”

“ഞാൻ ജോലിക്ക് പോയിരുന്നു. നിന്നെപ്പോലെ അപ്പന്റെ മുതൽ നിന്നു മുടിക്കാൻ എനിക്ക് താല്പര്യമില്ല. അന്തസ്സായിട്ട് ജോലി എടുക്കണം ” അവളെ തള്ളി മാറ്റി പുറത്തേക്കു നടന്നു

“ഇന്നലത്തെ അനുഭവം മറക്കണ്ട ” അവൾ പറഞ്ഞു.അവളെ തോൽപ്പിക്കാൻ വേണ്ടിയാണ് എന്നും കുടിച്ചിട്ട് ചെന്നത്. ഒരു ദിവസം പോലും വാതിൽ തുറന്നു തന്നില്ല.അങ്ങനെ ഒരാഴ്ചയോളം തണുപ്പടിച്ച് വരാന്തയിൽ കിടന്നിട്ടാണെന്ന് തോന്നുന്നു പനി പിടിച്ചത്. ആശുപത്രിയിൽ കൊണ്ടുപോയതും ഡോക്ടറെ കാണിച്ചതും കൂടെ നിന്ന് പരിചരിച്ചതും എല്ലാമവളാണ്.

ഒരു രാത്രിയിൽ ഇടക്കെപ്പോഴോ കണ്ണു തുറന്നപ്പോൾ കണ്ടു ബെഡിൽ എന്നോട് ചേർന്ന് ചാരിയിരുന്നുറങ്ങുന്നു. പതിയെ എഴുന്നേറ്റു അവളെ ബെഡിലേക്ക് ചായ്ച്ചു കിടത്തി. ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഉറങ്ങുന്നവളെ അരണ്ട വെളിച്ചത്തിൽ നോക്കിക്കിടന്നു. മുഖത്തേക്ക് വീണു കിടന്ന കുഞ്ഞു മുടിയിഴകൾ ഒതുക്കി വെച്ചു പഴയതിനേക്കാൾ സുന്ദരിയായിട്ടുണ്ട്. വാശിക്കൊട്ടും കുറവില്ല ഇപ്പോഴും.

പെട്ടന്നാണവൾ എന്നോട് ചേർന്ന് കിടന്നു കൈയ്യെടുത്തു ചുറ്റിപ്പിടിച്ചത്. ഒന്നുപകച്ചു. പിന്നെ പതിയെ അവളെ ചേർത്ത് പിടിച്ചു നെഞ്ചിലേക്ക്കിടത്തി.
സ്നേഹത്തിൻറെ ചാറ്റലടിച്ച് മനസ്സിലുണ്ടായിരുന്ന പിണക്കം മാഞ്ഞു പോകുന്നത് ഞാനറിഞ്ഞു.മെല്ലെ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് ഉമ്മ വച്ചു. ഉറക്കത്തിലേക്ക് വഴുതി വീണു.

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…