ബെഡിലേക്ക് നീണ്ടുനിവർന്നു കിടക്കുമ്പോൾ, തലയിണക്കു പകരം സ്വന്തമാക്കി വച്ചിരിക്കുന്ന തന്റെ വലതു കൈ മടക്കി അതിലേക്ക്…

ഉറക്കഗുളിക ~ രചന: ഷിജു കല്ലുങ്കൻ

“എനിക്ക് നിങ്ങളെ ഇഷ്ടമില്ല.”

ബെഡിലേക്ക് നീണ്ടുനിവർന്നു കിടക്കുമ്പോൾ, തലയിണക്കു പകരം സ്വന്തമാക്കി വച്ചിരിക്കുന്ന തന്റെ വലതു കൈ മടക്കി അതിലേക്ക് തല ഉയർത്തി വച്ച് ആൻസി പറഞ്ഞപ്പോൾ അലോഷി മുഖം തിരിച്ചൊന്നു നോക്കി.

“അതിപ്പോ പുതിയ കാര്യം ഒന്നുമല്ലല്ലോ?”

ചിരിച്ചിട്ട്‌ വളരെ നിസാരമായി ഒരു മറുപടി പറഞ്ഞിട്ട് അവൾ തലയ്ക്കു കീഴെ മടക്കി വച്ചിരുന്ന തന്റെ കൈ നിവർത്തി അവളുടെ മുഖം തന്റെ തന്റെ ശരീരത്തേക്ക് വലിച്ചടുപ്പിച്ചു വച്ചു കൊണ്ട് അയാൾ ഇടതുകൈ ഉയർത്തി ബെഡ് സ്വിച്ച് ഓഫ്‌ ചെയ്തു.

ഉറക്കത്തിൽ ഇടക്കെപ്പോഴോ കൈത്തണ്ടയിൽ ചെറിയ ഒരു നനവ് അനുഭവപ്പെട്ടപ്പോൾ അലോഷി ഞെട്ടി ഉണർന്നു. ബെഡ്സ്വിച്ച് ഓൺ ചെയ്തു നോക്കുമ്പോൾ വെറുതെ കണ്ണുകൾ തുറന്നു മുകളിലേക്ക് നോക്കിക്കിടക്കുകയാണ് ആൻസി. കണ്ണിന്റെ കോണിലൂടെ നീർതുള്ളികൾ ഒഴുകിയിറങ്ങി തന്റെ കൈത്തണ്ടയും തലയിണയും നനഞ്ഞിരിക്കുന്നു.

“ആൻസി..? “

“ഉം.. “

“നീയിതു വരെ ഉറങ്ങിയില്ലേ? “

അയാൾ കയ്യെത്തിച്ചു മൊബൈൽ ഫോൺ എടുത്തു നോക്കുമ്പോൾ സമയം രണ്ടു മണിയാകുന്നു.

“ഉറക്കം വന്നില്ല. “

“ഉറക്കം വന്നില്ലേ..? എന്നാ പറ്റി നിനക്ക്?”

“എനിക്ക് നിങ്ങളെ സ്നേഹിക്കാൻ പറ്റുന്നില്ല. “

“പറ്റുന്നില്ലെങ്കിൽ വേണ്ട…ഇപ്പൊ നീ കിടന്നുറങ്ങു !”

“എനിക്ക് നമ്മുടെ മക്കളെയും സ്നേഹിക്കാൻ കഴിയുന്നില്ല !”

അലോഷി ബെഡിൽ എഴുന്നേറ്റിരുന്നു. കല്യാണം കഴിഞ്ഞിട്ട് പന്ത്രണ്ടു കൊല്ലങ്ങൾ കഴിഞ്ഞു. രണ്ടു മക്കൾ. വളരെ സ്വസ്ഥമായ കുടുംബജീവിതം. അലോഷി ഗവണ്മെന്റ് ജീവനക്കാരൻ. ആൻസി വീട്ടിലെ കാര്യങ്ങൾ ഭംഗിയായി നോക്കി കുട്ടികളെ പഠിക്കാൻ സഹായിച്ച് ഒരേക്കർ സ്ഥലം ഉള്ളതിൽ അത്യാവശ്യം കൃഷിയുടെ മേൽനോട്ടവും ആയി ബാധ്യതകൾ ഇല്ലാത്ത ജീവിതം.

ഓഫീസിലും പുറത്തും എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന അലോഷിക്ക് ഭാര്യയ്ക്കും കുട്ടികൾക്കുമപ്പുറം മറ്റൊരു ജീവിതമില്ല.

അയാൾ ആൻസിയുടെ കണ്ണുകൾ തുടച്ചുകൊണ്ട് അവളെ പതിയെ ഉയർത്തി തന്റെ നെഞ്ചിലേക്ക് ചാരി ഇരുത്തി.

“എന്താടോ പറ്റിയത്? “

“എനിക്കറിയില്ല ചേട്ടായി…. എന്റെ നെഞ്ചിൽ എന്തോ ഒന്ന് കുരുങ്ങികിടക്കും പോലെ. എനിക്ക് മനസ്സുതുറന്നൊന്നു ചിരിക്കാൻ പോലും സാധിക്കുന്നില്ല. “

“പെട്ടെന്ന് ഇങ്ങനൊക്കെ ഉണ്ടാവാൻ എന്തു സംഭവിച്ചു?… ഞാൻ എന്തെങ്കിലും അരുതാത്തതു പറഞ്ഞോ തന്നോട്?…. അതോ മക്കൾ? “

“ഇല്ല… ഒരിക്കലും ഇല്ല…. എന്നും എപ്പോഴും നിങ്ങൾ എന്നെ സ്നേഹിക്കുന്നു അതാണ് എന്റെ പ്രശ്നം!”

“എടോ.. താനെന്തൊക്കെയാ ഈ പറയുന്നത്..? സ്വന്തം ഭർത്താവും കുട്ടികളും ആൽമാർത്ഥമായി സ്നേഹിക്കുന്നത് എപ്പോഴെങ്കിലും ഒരു സ്ത്രീക്ക് പ്രശ്നം ആകുമോ? “

“അറിയില്ല ! എനിക്കൊന്നും അറിയില്ല ! പക്ഷേ ഒന്നുമാത്രം അറിയാം, എനിക്ക് നിങ്ങളെ ആരെയും സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ കഴിയുന്നില്ല!”

ആൻസി അലോഷിയുടെ നെഞ്ചിലേക്ക് വീണുകിടന്ന് വിങ്ങി വിങ്ങിക്കരഞ്ഞു.

“വല്ലാത്തൊരു മടുപ്പ്, പ്രായമായിപ്പോയപോലെ ഒരു തോന്നൽ. എത്ര ശ്രമിച്ചിട്ടും മനസ്സ് വേറെ എവിടെയൊക്കെയോ അലഞ്ഞു നടക്കുന്നു. ശരീരം മാത്രം യാന്ത്രികമായി എന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കുന്നു!”

സ്വാന്ത്വനിപ്പിക്കാൻ വാക്കുകൾ തേടി അലോഷി കുഴഞ്ഞു. പ്രശ്നം എന്താണെന്നറിഞ്ഞാൽ അല്ലേ പരിഹാരം ഉണ്ടാക്കാൻ പറ്റൂ. പുലരും വരെ പാഴ്ശ്രമങ്ങൾ നടത്തി അയാളും വെറുതെ കരഞ്ഞുകൊണ്ട് ആൻസിയും ഉറങ്ങാതിരുന്നു.

രാവിലെ ഓഫീസിൽ പോകാതെ വീട്ടിൽ ഇരിക്കാൻ തുനിഞ്ഞ അലോഷിയെ ആൻസി തന്നെ നിർബന്ധിച്ചു ഓഫീസിൽ പറഞ്ഞു വിട്ടു. വൈകിട്ടു തിരിച്ചെത്തിയതേ അയാൾ അന്വേഷിച്ചു.

“ആൻസി നീ പകൽ കിടന്നുറങ്ങിയോ?”

“ഇല്ല ചേട്ടായി, എനിക്ക് ഉറക്കം വന്നില്ല, സാരമില്ല ഞാൻ രാത്രി ഉറങ്ങിക്കോളാം…”

പക്ഷേ അന്നു രാത്രിയും ആൻസിയുടെ കണ്ണുകളിൽ നിന്ന് നിദ്ര അന്യമായി നിന്നു. കാവലിരുന്നു മടുത്ത് അലോഷി എപ്പോഴോ ഉറങ്ങിപ്പോയി.

പിറ്റേന്ന് ഉച്ചയൂണിന്റെ സമയത്ത് അലോഷി തന്റെ സങ്കടം ആൽമാർത്ഥ സുഹൃത്തായ ജയചന്ദ്രനുമായി പങ്കുവെച്ചു. വലിയൊരു പൊട്ടിച്ചിരി ആയിരുന്നു മറുപടി. മാത്രമല്ല അലോഷിയുടെ ഭാര്യയുടെ ഉറക്കമില്ലായ്മ ഒരു നിമിഷം കൊണ്ട് ഓഫീസിൽ എല്ലാവരിലേക്കും എത്തുകയും ചെയ്തു.

“എന്റെ അലോഷീ…. ഇതാണോ ഇത്ര വലിയ സംഭവം?… ഒരു ഉറക്ക ഗുളികയിൽ തീരാവുന്ന പ്രശ്നത്തെക്കുറിച്ചാണോടോ താനീ തല കുത്തി നിന്ന് ആലോചിക്കുന്നത്? ” ചിരിച്ചു കൊണ്ടു തന്നെയായിരുന്നു ജയചന്ദ്രന്റെ ചോദ്യവും.

ബൈജു സാർ തന്റെ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് അലോഷിയുടെ അടുത്തു വന്നിരുന്നു.

“ടോ… നമ്മൾ ആണുങ്ങളുടെ ശരീരം പോലല്ല ഈ സ്ത്രീകളുടെ ശരീരം. കല്യാണം കഴിഞ്ഞ് ഒന്നു രണ്ടു പ്രസവിച്ചു കുറേക്കാലം കഴിയുമ്പോൾ ഉറക്കമില്ലായ്മയും മറ്റു കാര്യങ്ങളോട് വലിയ താല്പര്യമില്ലായ്മയും ഒക്കെ കാണിച്ചു തുടങ്ങും. ഇതത്ര വലിയ കാര്യമാക്കാൻ ഒന്നുമില്ല. പതിയെപ്പതിയെ അവർക്കതൊരു ശീലമായിക്കോളും “

“ദേ.. അതാണ് കാര്യം….. പത്തിരുപതു കൊല്ലം ജീവിച്ചു പോന്ന വീടും, അപ്പനേം അമ്മേം എല്ലാം മറന്നു ഒരാഴ്ച കൊണ്ട് കെട്ട്യോന്റെ വീട് സ്വന്തം വീടാക്കി മാറ്റാൻ കഴിയുന്നവരാ പെണ്ണുങ്ങള്…. അവർക്ക് ഇതും ഇതിനപ്പുറവും സഹിക്കാനും ശീലമാക്കാനും കഴിയുമെടോ… ” പ്രായത്തിൽ സീനിയർ ആയ രാജേഷ് സാറും ബൈജു സാറിനെ പിന്താങ്ങി.

“താനൊരു കാര്യം ചെയ്യ് അലോഷി, ആ ജയന്റെ മെഡിക്കൽ സ്റ്റോറിൽ നിന്ന് രണ്ടു ഉറക്കഗുളിക മേടിച്ചു കൊടുത്തു നോക്ക്. നമുക്ക് നോക്കാലോ….” ജയചന്ദ്രൻ പറഞ്ഞത് ശരിയാണെന്ന് അലോഷിക്കും തോന്നി.

മൂന്നു നിദ്രയില്ലാത്ത ദിവസങ്ങൾക്കു ശേഷം ഒരു ഉറക്കഗുളികയുടെ പിൻബലത്തിൽ അന്ന് ആൻസി സുഖമായി ഉറങ്ങി. പിറ്റേന്ന് രാവിലെ ചിരിച്ച മുഖവുമായി നിൽക്കുന്ന അവളെ കണ്ടുകൊണ്ട് ഉറക്കമുണർന്ന അലോഷിക്കും വലിയ സന്തോഷം തോന്നി.

രണ്ടാമത്തെ ഉറക്കഗുളികയും തീർന്ന മൂന്നാം ദിനം രാത്രി വീണ്ടും അവൾക്കു ഉറക്കം നഷ്ടപ്പെട്ടു.

അടുത്ത ദിവസം വീണ്ടും മെഡിക്കൽ സ്റ്റോറിൽ നിന്ന് ഉറക്കഗുളികയും വാങ്ങിക്കൊണ്ട് ഇറങ്ങി വരുമ്പോഴാണ് രാജുവേട്ടനെ കാണുന്നത്. ഓഫീസിലെ പീയൂൺ ആണ് രാജുവേട്ടൻ. റിട്ടയർ ആകാൻ ഒരു വർഷത്തിൽ താഴെ മാത്രം. അലോഷിയുടെ വീടിന്റെ അടുത്താണ് താമസം.

“എന്താ രാജുവേട്ടാ… വീട്ടിലേക്കാണോ..?”

“അതേ..”

“എന്നാ വരൂ, ഞാൻ ഡ്രോപ്പ് ചെയ്യാം.” ബൈക്കു സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് അലോഷി പറഞ്ഞു.

ഒന്നും മറുപടി പറയാതെ അയാൾ ബൈക്കിന്റെ പിന്നിൽ കയറി. എപ്പോഴും എല്ലാവരോടും സ്നേഹത്തോടെ ചിരിച്ചു സംസാരിച്ചു നടക്കുന്ന രാജുവേട്ടൻ മൗനമായിരിക്കുന്നതു കണ്ട് അലോഷി ചോദിച്ചു.

“എന്തുണ്ട് രാജുവേട്ടാ വിശേഷങ്ങൾ? എന്താണ് ഒന്നും മിണ്ടാത്തത്?”

“അലോഷി സാറേ, സാറ് എപ്പോഴെങ്കിലും ഭാര്യയെ പ്രണയിച്ചിട്ടുണ്ടോ?”
അപ്രതീക്ഷിതമായ ഒരു മറുചോദ്യം ആയിരുന്നു രാജുവേട്ടന്റെ പ്രതികരണം.

“അതെങ്ങനെ രാജുവേട്ടാ… ഞങ്ങളുടെ കല്യാണം വീട്ടുകാർ നിശ്ചയിച്ചു നടത്തിയതല്ലേ? “

“ഞാൻ ചോദിച്ചത് സാർ കാമുകിയെ പ്രണയിച്ചിട്ടുണ്ടോ എന്നല്ല…”

അലോഷിയുടെ കൈകൾ അറിയാതെ ആക്‌സിലേറ്ററിൽ നിന്ന് അയഞ്ഞു. ബൈക്ക് സ്ലോ ആയി.

“വിവാഹം കഴിഞ്ഞശേഷം ഭാര്യയെ എപ്പോഴെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്നാണ്…”

“ഭാര്യയെ ആരെങ്കിലും പ്രണയിക്കുമോ? അവളെ സ്നേഹിക്കുകയല്ലേ ചെയ്യുന്നത്? “

“അലോഷി സാർ വണ്ടി ഒന്നു നിർത്തിക്കേ… “

അയാൾ ബൈക്ക് റോഡറുകിലെ കൂറ്റൻ വാകമരത്തിന്റെ ചുവട്ടിലേക്ക് ഒതുക്കി നിർത്തി.

രാജുവേട്ടൻ വണ്ടിയിൽ നിന്നിറങ്ങി വാകമരച്ചുവട്ടിൽ രണ്ടു കല്ലുകൾക്ക് മുകളിൽ ഉയർത്തി വച്ചിരുന്ന നീളമുള്ള കമുകിൻ തടിയിലേക്ക് ഇരുന്നുകൊണ്ട് അലോഷിയെ കൈ കാട്ടി വിളിച്ച് അടുത്തിരുത്തി.

“സാർ കഴിഞ്ഞ ദിവസംഓഫീസിൽ പറഞ്ഞതെല്ലാം ഞാൻ കേട്ടിരുന്നു. ഉറക്ക ഗുളികയ്ക്ക് വേണ്ടി മെഡിക്കൽ സ്റ്റോർ കയറിയിറങ്ങുന്നതും കണ്ടു.”

അലോഷി തല താഴ്ത്തി.

“പ്രണയം അത്ര ചീപ്പായ ഒരു കാര്യം ആയിട്ട് സാറിനു തോന്നിയിട്ടുണ്ടോ…..? അതോ അതു പരസ്പരം അറിയാത്ത കാമുകി കാമുകൻമാർക്കിടയിൽ മാത്രം ഉറവെടുക്കുന്ന ഒരു പ്രത്യേക വികാരം ആണെന്ന് ആരെങ്കിലും എഴുതി വച്ചിട്ടുണ്ടോ? “

അലോഷി ജീവിതത്തിൽ ആദ്യമായി കണ്ടു മുട്ടുന്ന ഒരു മനുഷ്യനെപ്പോലെ രാജുവേട്ടനെ തുറിച്ചു നോക്കി.

“ഇരുപത്തി മൂന്നാമത്തെ വയസ്സിൽ കല്യാണം കഴിച്ചവനാ സാറേ ഞാൻ. ഞങ്ങൾ ഇന്നും പ്രണയിക്കുന്നു. അന്നത്തേതിനേക്കാൾ കൂടുതൽ തീവ്രമായി..!!!”

തന്റത്ര പഠിപ്പും വിവരവും ഇല്ലാത്ത പഴയ തലമുറയിൽ പെട്ട ഒരാളാണ് തന്നോട് സംസാരിക്കുന്നതെന്ന് അലോഷിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

മനുഷ്യന്റെ മനസ്സിലെ മുറിവുകൾ കരിയിച്ചു കളയാൻ ദൈവം തന്ന ലോകത്തിലെ ഏറ്റവും ഉത്തമമായ വികാരമാണ് പ്രണയം. അതിനെ കാമുകന്മാർക്കും കാമുകിമാർക്കും മാത്രമായി വീതം വച്ച്, കച്ചവട താല്പര്യങ്ങൾക്കു വേണ്ടി കഥയും കവിതയും മെനഞ്ഞു, പൈങ്കിളി എന്നു മുദ്ര കുത്തി നാണക്കേടിന്റെ മുഖം കൊടുത്ത് സാധാരണക്കാരിൽ നിന്ന് അകറ്റി നിർത്തിയപ്പോളല്ലേ സാറേ ഇവിടെ ആളുകൾ ഉണങ്ങാത്ത മുറിവുകളുള്ള മനസ്സുമായി അലയാൻ തുടങ്ങിയത്….? “

അയാൾക്കുള്ള മറുപടി പോലെ ഒരു കാറ്റു വീശി. കാറ്റത്തടർന്ന വെളുത്ത വാകപ്പൂക്കൾ മഴപോലെ പെയ്യാൻ തുടങ്ങിയപ്പോഴാണ് അലോഷിക്ക് താനിരിക്കുന്ന സ്ഥലത്തേക്കുറിച്ചുള്ള ഓർമ്മ പോലും ഉണ്ടായത്. രാജുവേട്ടന്റെ വാക്കുകളുടെ അലകൾ അയാളുടെ മനസിനെ ഉലച്ചു തുടങ്ങിയിരുന്നു.

“പക്ഷേ…. രാജുവേട്ടാ…. ചേട്ടനും ചേച്ചിയും ഇപ്പോഴും പ്രണയിക്കുന്നോ…. അതെങ്ങനെ ഈ പ്രായത്തിൽ ? “

“പ്രായം…. മണ്ണാങ്കട്ട !!!” രാജുവേട്ടൻ എഴുന്നേറ്റു.

“സാറേ ഞാൻ അറിഞ്ഞിടത്തോളം പ്രണയം പാത്രത്തിൽ പകരുന്ന ജലം പോലെയാണ്. അതിന് എപ്പോഴും പാത്രത്തിന്റെ രൂപം തന്നെ ആയിരിക്കും……എന്റെ പാത്രം അല്ലല്ലോ സാറിന്റെ പാത്രം. “

വീട്ടിലെത്തിയിട്ടും അലോഷിയുടെ ആലോചന ഒന്നു മാത്രമായിരുന്നു. രാജുവേട്ടൻ പറഞ്ഞതിലും അല്പം കാര്യമില്ലെ….? പക്ഷേ എങ്ങനെയാണ് ആൻസിയെ പ്രണയിക്കുക.? അവളുടെ പ്രതികരണം എന്താവും? വെളിയിൽ ആരെങ്കിലും, അല്ലെങ്കിൽ മക്കൾ അറിഞ്ഞാലുണ്ടാകുന്ന നാണക്കേട്… ഓർക്കാൻ തന്നെ നാണമാകുന്നു.

ഉറക്കഗുളിക കഴിച്ചു സുഖമായി കിടന്നുറങ്ങുന്ന ആൻസിയെ നോക്കി ഉറക്കം നഷ്ടപ്പെട്ടു കിടന്ന പല ദിവസങ്ങൾക്കു ശേഷം ഒരു പുലർച്ചെ അലോഷി തന്റെ മൊബൈലിൽ ആൻസിയുടെ നമ്പർ സെലക്ട്‌ ചെയ്ത് അതിലേക്ക് ഒരു മെസ്സേജ് അയച്ചു.

രാവിലെ ഉറക്കമുണർന്ന് മുടി വാരിക്കെട്ടി അടുക്കളയിലേക്ക് നടക്കാൻ തുടങ്ങുന്നതിനു മുൻപ് മേശപ്പുറത്തു നിന്നെടുത്ത മൊബൈലിൽ ആൻസി ആ മെസ്സേജ് വായിച്ചു.

‘പാതിനുണഞ്ഞ ഒരു ‘മാംഗോ ബൈറ്റി’ ന്റെ മധുരം ഇപ്പോഴും എന്റെ നാവിലുണ്ട് ‘

ഒരു നിമിഷം കൊണ്ട് ആ മുഖം ചുവന്നു തുടുക്കുന്നത് പുലരിയുടെ വെട്ടത്തിൽ പാതി തുറന്നു പിടിച്ച മിഴികളിലൂടെ അലോഷി കണ്ടു.

പെട്ടന്ന് തന്നെ ആരെങ്കിലും കണ്ടോ എന്നു ചുറ്റും നോക്കി ഒന്നുമറിയാത്തപോലെ അവൾ അടുക്കളയിലേക്ക് നടന്നു.

‘അന്നു നുണഞ്ഞു മതിവരാത്ത മറുപാതിയുടെ മധുരം മുഴുവൻ നുകർന്നു തീർക്കുവാൻ എനിക്ക് കൊതിയുണ്ട്…. ‘

മൊബൈൽ ഫോണിൽ അടുത്ത മെസ്സേജ് വന്നപ്പോൾ അവൾ ചാടി എടുക്കുന്നതും ആ മുഖം നാണത്താൽ കുനിയുന്നതും പാതി തുറന്നിട്ട ജനാലച്ചില്ലിലെ പ്രതിബിംബത്തിലൂടെ അലോഷി വ്യക്തമായി കണ്ടു.

ആദ്യരാത്രിയിൽ അലോഷിക്കുവേണ്ടി കാത്തിരിക്കുമ്പോൾ മേശപ്പുറത്തുനിന്ന് വെറുതെയെടുത്തു നാവിലിട്ടു നുണഞ്ഞതായിരുന്നു ആ ‘മാംഗോ ബൈറ്റ് ‘. പാതി നുണഞ്ഞപ്പോഴേക്കും അലോഷി വന്നിരുന്നു. ഇറക്കണോ തുപ്പണോ എന്നാലോചിക്കുമ്പോൾ തന്നെ അയാളുടെ ചൊടികൾ അനുവാദം ചോദിക്കാതെ അതു നുണയാൻ തുടങ്ങിയിരുന്നു. മനോഹരമായ ആ ഓർമ്മയിൽ ശരീരം ഒന്നു കുളിരു കോരിയത് ആൻസി അറിഞ്ഞു.

‘ചെറിയ വെള്ള പൂക്കൾ ഉള്ള ചുവന്ന ചുരിദാറിനോട് എനിക്ക് വല്ലാത്ത പ്രണയം ആയിരുന്നു. ‘ ഉച്ചക്ക് ഊണു കഴിഞ്ഞു വെറുതേ ഓരോന്നാലോചിച്ചു മനസ്സു കാടുകയറാൻ തുടങ്ങുമ്പോൾ മൊബൈലിൽ പുതിയൊരു മെസ്സേജ് എത്തി.

അലോഷി തന്നെ പെണ്ണുകാണാൻ വന്നപ്പോൾ താൻ ഇട്ടിരുന്ന ചുരിദാർ! എവിടെയൊക്കെയോ അലയാൻ വിട്ടുകൊടുക്കേണ്ട മനസ്സിനെ തിരികെപ്പിടിച്ച് ആദ്യമായി അലോഷിയെ കണ്ട സുന്ദരമായ ഓർമ്മകളിലേക്കെത്തിച്ചു ആ ഓർമ്മപ്പെടുത്തൽ.

രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് അവൾ അടുത്ത മെസ്സേജിനു വേണ്ടി കാത്തിരുന്നു.

‘പുലരിയാവാതിരിക്കാൻ പ്രാർത്ഥിച്ച രാത്രികളിലൊന്നിൽ ഒരു വെള്ളി പാദസ്വരത്തിന്റെ എവിടെയോ എഴുന്നു നിന്ന അഗ്രം കൊണ്ട് എന്റെ നെഞ്ചിൽ നീളത്തിൽ ഒരു പോറൽ വീണു. ‘

ഇടതു നെഞ്ചിൽ വീണ ആ പോറലിന്റെ പാട് മാറും വരെ അവിടെ ഉമ്മ വെപ്പിച്ചു പരിഹാരം ചെയ്‌പിച്ചത് ഓർത്തപ്പോൾ ആൻസിയുടെ മരുഭൂമി പോലെ വിജനമായ മനസ്സിൽ ഒരു ചെറു നീരുറവ കിളിർത്തു.

പക്ഷേ ആ നെഞ്ചിൽ അതേ ശ്വാസവേഗത്തിൽ ഇന്ന് ഒരു ചുംബനം കൊടുക്കാൻ അവളുടെ മനസ്സിന് ആ കുഞ്ഞുറവയുടെ ആർദ്രത മതിയാവില്ലായിരുന്നു. ഉറക്കഗുളികയിൽ കടിഞ്ഞാണില്ലാത്ത മനസ്സിനെ തളച്ച് അവൾ ഉറങ്ങി.

പിറ്റേന്ന് പുലരിയിൽ പക്ഷേ അവളുടെ ഫോണിന്റെ മെസ്സേജ് കൗണ്ടർ ശൂന്യമായിരുന്നു. വല്ലാത്തൊരു നിരാശ തോന്നി ആൻസിക്ക്. ഉണങ്ങി ജലം വട്ടിക്കിടന്ന മരുഭൂമിയിലെ ചെറുനീരുറവ പിന്നെയും വറ്റി വരണ്ടു പോകുമെന്നു തോന്നി.

കോപവും നിസ്സംഗതയും ചേർന്നവിരക്തമായ മനസ്സുമായി അടുക്കളയിലെ പണികൾ ഓരോന്നായി ചെയ്യുമ്പോൾ മൊബൈലിൽ മെസ്സേജ് ടോൺ കേട്ടു.

‘ഓഫീസിൽ ട്രാൻസ്ഫർ ആയി പഴയയൊരാൾ വന്നു. പന്ത്രണ്ടു വർഷങ്ങൾക്കപ്പുറത്തെ പരിചയം പുതുക്കണം എന്ന്. അനിത !’

അനിത !

വിവാഹം കഴിഞ്ഞ നാളുകളിലൊന്നിൽ ഓഫീസിൽ കൊണ്ടുപോയി എല്ലാവരേയും പരിചയപ്പെടുത്തുമ്പോൾ ഷേക്ക്‌ ഹാൻഡിനു നീട്ടിയ കൈ തട്ടിമാറ്റി നടന്നു പോയവൾ ! അലോഷിക്കു വേണ്ടി എത്ര വർഷങ്ങൾ വേണമെങ്കിലും കാത്തിരിക്കും എന്ന് വീമ്പിളക്കിയിരുന്നത്രെ !

അന്ന് ഉച്ചക്ക് ചോറൂണിനു ശേഷം വിശ്രമിക്കുമ്പോൾ അലോഷിയുടെ മൊബൈലിൽ ആൻസിയുടെ ആദ്യത്തെ മെസ്സേജ് വന്നു.

‘ആ ചുവപ്പു ചുരിദാറിലെ ചെറിയ പൂക്കളുടെ നിറം മഞ്ഞയായിരുന്നു. ‘

അലോഷിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി! ആൻസി പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു.

‘നിന്റെ കണ്ണിന്റെ തിളക്കത്തിൽ പൂക്കളുടെ നിറം ഞാൻ മറന്നു വച്ചിരുന്നു… ‘

അടുത്ത മെസ്സേജ് പക്ഷേ മറ്റൊന്നായിരുന്നു.

‘അനിതയുടെ കവിളത്തെ തിണർപ്പ് മാഞ്ഞുപോയിട്ടുണ്ടാവാം.. പക്ഷേ എന്റെ കൈവെള്ളയുടെ ചൂട് ഹൃദയത്തിൽ നിന്ന് പോകാൻ 12 വർഷങ്ങൾ പോരാതെ വരും… അവൾ അവളുടെ ജോലി ചെയ്തോട്ടെ !’

‘അതെപ്പോ….? ‘

‘എന്റെ ഭർത്താവിനെ ഞാനൊരാൾ മാത്രം ഭാര്യയുടെ കണ്ണുകൾകൊണ്ട് നോക്കുന്നതായിരുന്നു എനിക്കിഷ്ടം.. അന്നും…….. ഇന്നും. ‘

അലോഷി അറിയുകയായിരുന്നു ആൻസിയെ, വർഷങ്ങൾ ഒരുമിച്ചു കഴിഞ്ഞിട്ടും അറിയാതെ പോയ അവളിലെ പെണ്ണിനെ.

അവന്റെ വാക്കുകളിലൂടെ, ആ കണ്ണുകളിൽ നിന്ന് പണ്ടേപ്പോഴോ അന്യമായിപ്പോയ മൃദുലവികാരങ്ങളെ സ്വന്തമാക്കി പതിയെപ്പതിയെ ആൻസിയുടെ ഉള്ളിലെ മരുഭൂമി കുളിരരുവികളും പച്ചപ്പും കൊണ്ട് നിറഞ്ഞു.

തിരിച്ചു കിട്ടിയ യൗവ്വനത്തിന്റെ തുടിപ്പിൽ പുലരിയാവാതിരിക്കാൻ പ്രാർത്ഥിക്കുന്ന രാത്രികൾ പതിയെപ്പതിയെ അവർ സ്വന്തമാക്കി.

കുറേ നാളുകൾക്കു ശേഷം രാജേട്ടന്റെ റിട്ടയർമെന്റിനോടാനുബന്ധിച്ചു നടന്ന കുടുംബ സംഗമത്തിൽ ആയിരുന്നു അവർ.

എതിർ വശത്തെ ടേബിളിലിൽ തന്റെ കണ്ണുകളെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടുന്ന അനിതയെ നോക്കി ചിരിച്ചു കൊണ്ട് ആൻസി അലോഷിയുടെ കാതിൽ പറഞ്ഞു.

“എനിക്ക് നിങ്ങളെ ഇഷ്ടമാണ്… “

“അയ്യോ… ഞാനറിഞ്ഞില്ലല്ലോ… അതെപ്പോ.? “അലോഷി പൊട്ടിച്ചിരിച്ചു.

“അന്ന് നിങ്ങൾ ആദ്യമായി എന്നെക്കാണാൻ വന്നിട്ട് പോകാൻ ഇറങ്ങി വീണ്ടും തിരിച്ചു വന്ന് ഒരിക്കൽ കൂടി കാണണം പുറത്തേക്ക് ഒന്ന് വരുമോ എന്നു ചോദിച്ചില്ലേ അപ്പോൾ മുതൽ “

“അത് നിന്റെ കണ്ണുകൾ ജനൽപ്പാളികൾക്കിടയിലൂടെ എന്നെത്തേടി വരുന്നൂ എന്ന് തോന്നിയതു കൊണ്ടല്ലേ… “

രണ്ടുപേരും ചേർന്ന് ഉച്ചത്തിൽ പൊട്ടിച്ചിരിക്കുന്നതു കണ്ട് ജയചന്ദ്രൻ ബൈജുവിനോട് പറഞ്ഞു.

“എന്താല്ലേ ഉറക്കഗുളികേടെ ഒരു ശക്തി….? “

“ഇതിപ്പോ മനുഷ്യരെ ചെറുപ്പക്കാരാക്കാൻ ശക്തിയുണ്ടേൽ ജയന്റെ മെഡിക്കൽ സ്റ്റോറിൽ നിന്ന് എനിക്കും വാങ്ങണം രണ്ട് ഉറക്കഗുളിക.”

റിട്ടയേർമെന്റിന് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അലോഷിയും ആൻസിയും ചേർന്ന് കഴുത്തിലിട്ടു കൊടുത്ത സ്വർണ്ണമാല സ്വന്തം ഭാര്യയുടെ കഴുത്തിൽ ഇട്ടുകൊടുത്തുകൊണ്ട് അവർക്കരുകിൽ നിന്നിരുന്ന രാജേട്ടൻ ഉറക്കെച്ചിരിച്ചു കൊണ്ട് പറഞ്ഞു.

രാജേട്ടന്റെ വാക്കുകളുടെ അർത്ഥമാറിയാതെ ചുറ്റും നിന്നവർ വെറുതെ ചിരിച്ചു കൊണ്ടിരുന്നു. അലോഷിയുടെ മുഖത്തു മാത്രം അർത്ഥമറിഞ്ഞവന്റെ ആൽമാർത്ഥമായ ഒരു ചിരി നിറഞ്ഞു നിന്നിരുന്നു.