വേളി ~ ഭാഗം 02 ~ രചന: StoriTeller

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“മാധവ് ഞാൻ വന്നത്….” എങ്ങനെ പറഞ്ഞു തുടങ്ങും എന്നറിയാതെ അവൾ അവനെ നോക്കി …….

“അഞ്ച് വർഷങ്ങൾക്ക് മുൻപ് , കൃത്യമായി പറഞ്ഞാൽ അനുരാധ കോളേജിൽ ചേർന്ന സമയം ഒരിക്കൽ എന്നെ കാണാൻ വന്നിരുന്നു… ആദ്യം തന്നെ പുള്ളിക്കാരി എന്നെ അതും ഇതുമെല്ലാം പറഞ്ഞ് പേടിപ്പിച്ചു… പക്ഷേ ഒരു മുഖവുര കൂടാതെ എന്നോടവൾ ചോദിച്ച ആ ചോദ്യം ഇന്നും എന്റെ ഉള്ളിൽ തെളിഞ്ഞു കിടപ്പുണ്ട്….

“ആതിരക്ക് എന്റെ മാധവേട്ടനെ ഇഷ്ട്ടമാണോ…???”

എന്റെ മാധവേട്ടൻ…..’ എന്റെ ‘ എന്ന് പൂർണ അധികാരത്തിൽ അനുരാധ പറഞ്ഞ ആ മാധവ് ആരാണെന്ന് പോലും എനിക്കപ്പോൾ അറിവില്ലായിരുന്നു…പിന്നീടാണ് ഞാൻ അറിഞ്ഞത് മാധവൻ എന്ന ഈ ഇഞ്ചിനീയറെ…. എഴുത്തുക്കാരനെ….യാത്രകൾ പ്രിയമുള്ളവനെ….പക്ഷേ എല്ലാം അനുരാധയുലൂടെ ആണെന്ന് മാത്രം… അവളുടെ വാക്കുകളിലൂടെ …..!!! മിഴികളിലൂടെ ……..!!!! പ്രണയത്തിലൂടെ ….!!!! എപ്പോഴോ അവളുടെ ഏട്ടൻ പറഞ്ഞുത്രേ ഞാൻ ആണ് മാധവിന് ഇഷ്ടമുള്ള പെൺകുട്ടി എന്ന് ….അതാണ് അവളെ എന്നിലേക്ക് എത്തിച്ചത്…..അന്നൊക്കെ അസൂയ തോന്നി പോയിയുന്നു നിങ്ങളോടെനിക്ക് ….ഇത്രയും പൂർണമായി ……ഇത്രയും ആത്മാർഥമായി ആർക്കെങ്കിലും സ്നേഹിക്കാൻ സാധിക്കുമോ…? പ്രണയിക്കാൻ സാധിക്കുമോ….?

മറ്റൊരു പ്രണയമുണ്ടെന്ന് മാധവ് അവളെ പറഞ്ഞ് പറ്റിക്കുമ്പോൾ പോലും അവൾ അതെല്ലാം വിശ്വസിച്ചു എന്ന പോലെ നിങ്ങളുടെ മുന്നിൽ സത്യങ്ങൾ
തിരിച്ചറിഞ്ഞ തന്നെ നിന്നു….നിങ്ങളെ വീണ്ടും സ്നേഹിച്ചു….വീണ്ടും പ്രണയിച്ചു…അവളുടെ ആ പ്രണയത്തിൽ മൂന്നാമതൊരാൾ വരരുതെന്ന് അവൾക്ക് വാശി ഉണ്ടായിരുന്നു.എത്ര തവണ ഞാൻ തന്നെ പറഞ്ഞിരിക്കുന്നു ഈ നാണം കെട്ട പണിക്ക് പോകണോ എന്ന് …. അപ്പോഴേല്ലാം ഒരു പുഞ്ചിരി മാത്രമായിരുന്നു അവളുടെ മറുപടി… അതിലും പ്രണയമാണ് …..പക്ഷേ അവസാനം അവളിലൂടെ തന്നെ എപ്പോഴോ കണ്ട് ഇഷ്ട്ടപ്പെട്ട എന്നിലേക്ക് നിങ്ങൾ വന്നപ്പോൾ …..എന്നോട് ഇഷ്ട്ടം പറയുമ്പോൾ ….””ആതിരയുടെ ശബ്ദമിടറി…. മിഴികൾ നിറഞ്ഞു….

“പേടിക്കണ്ട ആതിര ചേച്ചി… മാധവേട്ടൻ ചേച്ചിയോട് ഇഷ്ടം പറയും. നോക്കിക്കോ…! അത്രയ്ക്ക് ചേച്ചിയെ ഇഷ്ട്ടാ…. ഏട്ടന് …! “

അവളുടെ ആ വാക്കുകൾ സത്യമായപ്പോൾ പ്രണയിക്കാത്ത ഞാൻ ആദ്യമായി ഹൃദയത്തിന്റെ….., പ്രണയത്തിന്റെ …..വേദന എന്തെന്ന് അറിഞ്ഞത്….പ്രണനെ പോലെ സ്നേഹിച്ചവൻ മറ്റൊരു പെണ്ണിനോട് ഇഷ്ടം പറയുന്നത് നേരിൽ അറിയുന്ന ഒരു സ്ത്രീയുടെ വേദന…

” ചേച്ചി യെസ് പറയ്…. ഏട്ടന് അത്രയ്ക്ക് ഇഷ്ടം കൊണ്ടല്ലേ… യെസ് പറയ് ചേച്ചി….” ഒരു ഉത്തരം ഞാൻ പറയാതിരിക്കുമ്പോൾ വേദനയോടെ അവൾ പുഞ്ചിരിതൂകി എത്രവട്ടം എന്നോട് ഇതും പറഞ്ഞ് കെഞ്ചിയിട്ടുണ്ടെന്നോ മാധവ്…..?? എന്തു കൊണ്ടാണെന്ന് അറിയാമോ നിനക്ക് ? നീ അവളെ ഇഷ്ടമല്ല എന്ന് പറയാതെ, കാത്തിരിപ്പിച്ച വേദന ഞാൻ മൂലം നിനക്ക് ഉണ്ടാകാതിരിക്കാൻ…. കാരണം അത്രയും ആ പെണ്ണ് നിങ്ങളെ …….” അപ്പോഴേക്കും ആതിരയുടെ മിഴികൾ നിറഞ്ഞു തൂകി തുടങ്ങി…

“അവസാനം നിവർത്തിയില്ലാതെ നമ്മൾ തമ്മിൽ ഇഷ്ട്ടത്തിലാണെന്ന് ഞാൻ പറഞ്ഞപ്പോൾ പിന്നെയും അവളിൽ പുഞ്ചിരി വിരിഞ്ഞു…

“അടുത്ത ജന്മം എനിക്ക് തിരികെ നൽകിയാൽ മതി…. എന്നെ അംഗികരിക്കാത്തതിനാൽ ഈ ജന്മം എന്റെ പ്രണയത്തിൽ പോലും അവൻ കളങ്കപ്പെട്ടിട്ടില്ല…” എന്ന് കെട്ടിപ്പിച്ച് എന്നോട് പറയുമ്പോൾ അവളുടെ നിസ്വാർത്ഥമായ പ്രണയത്തെ ഞാൻ ബഹുമാനിച്ചു പോയി…. ആരാധിച്ചു പോയി … മാധവ്….””

സ്കൂട്ടിയുടെ അരികിൽ കൈയൂന്നി ആതിര നിന്നു…. തന്റെ പ്രണനെ പോന്നു പോലെ നോക്കണം എന്ന നിഷ്ക്കളങ്കമായി പറയുന്ന ഒരുവളുടെ മുഖം ഹൃദയത്തിൽ നിറഞ്ഞു നിന്നു…. ഒരിക്കലും തിരികെ ഒരിറ്റ് സ്നേഹം പ്രതീക്ഷിക്കാതെ പ്രണയിച്ചവളുടെ മുഖം….ഇന്ന് ആ പെണ്ണിന്റെ വിവാഹമാണ്….

“ചേച്ചി…. എനിക്ക് പറ്റ്യോ ഒരു നല്ല ഭാര്യ ആവാൻ…. സ്നേഹിക്കാൻ …..” കെട്ടിപിടിച്ച് കരഞ്ഞ് ഇത് പറയുമ്പോലുള്ള അവളുടെ ചങ്കിലേ പിടച്ചിൽ ഇപ്പോഴും തനിക്ക് കേൾക്കാൻ പറ്റുന്ന പോലെ തോന്നി ആതിരയ്ക്ക് .കണ്ണുകൾ അമർത്തി തുടച്ച് ആതിര മാധവിന് നേരേ തിരിഞ്ഞു നിന്നു….

” മാധവ് …. എന്നോട് ക്ഷമിക്കണം….എനിക്കൊരിക്കലും നിങ്ങളെ സ്നേഹിക്കാൻ സാധിക്കില്ല…. പ്രണയിക്കാൻ സാധിക്കില്ല….ജീവന്റെ ജീവനായി കാണാനും സാധിക്കില്ല…”

അതും പറഞ്ഞ് അവൾ മാധവന്റെ മിഴികളിലേക്ക് നോക്കി ….അവന്റെ അധരങ്ങളിൽ ചെറിയ പുഞ്ചിരി വിരിഞ്ഞു.” എന്നെങ്കിലും ഇത് മാറിയല്ലോ… കാത്തിരുന്നോളാം…”മാധവന്റെ ആ മറുപടി ആതിരയിൽ അവനോട് പുച്ഛം നിറച്ചു…

“ഹും…. കാത്തിരുന്നോളാം…. അത് പറയാൻ എന്ത് യോഗ്യതയാണ് നിങ്ങൾക്ക് ഉള്ളത്…? പ്രണനെ പോലെ സ്നേഹിച്ച് കാത്തിരുന്നവളെ തള്ളി കളഞ്ഞവനാണോ എനിക്ക് വേണ്ടി കാത്തിരിക്കാം എന്ന് പറയുന്നത്…”

ആതിരയുടെ ഓരോ വാക്കുകളിലും അവനോടുള്ള അമർഷം ഉള്ളവായിരുന്നു…”ആതിര.. എനിക്ക് രാധുവിനെ ഒരിക്കലും അങ്ങനെ കാണാൻ….”

“മിണ്ടരുത്……. കള്ളം…. പച്ച കള്ളം….” മാധവിന്റെ വാക്കുകൾ പൂർത്തിയാക്കാൻ സമ്മതിക്കാതെ ആതിരയുടെ ശബ്ദ മൂയർന്നു.

” കൂട്ടുക്കാരന്റെ പെങ്ങൾ…ഹും….ആരെ ബോധിപ്പിക്കാൻ വേണ്ടിയാ ഇത്….എന്നെയോ…? അതോ സ്വന്തം മനസാക്ഷിയോടോ…?എന്നോട് നിങ്ങൾക്ക് സ്നേഹമുണ്ടായിരു ന്നെങ്കിൽ അവളോട് എത്രയോ തവണ തുറന്നു പറയാൻ അവസരം ലഭിച്ചിരുന്നു..അപ്പോൾ കാർത്തിക എന്ന ഒരു കള്ള പ്രേമം പറഞ്ഞു ….എന്നാൽ അത് കള്ളമാണ് എന്ന് തിരിച്ചറിഞ്ഞ് പിന്നേയും നിങ്ങളെ തേടി രാധു വന്നപ്പോഴേങ്കിലും പറയാമായിരുന്നില്ലേ എല്ലാം…??എന്നാൽ അപ്പോഴും ചെയ്തില്ല…!! അവസാനം അവൾ എന്നിലേക്കി എത്തി എന്ന് അറിഞ്ഞതും അവളെ ബോധിപ്പിക്കാൻ വേണ്ടി… അതിന് വേണ്ടി മാത്രം…നീ എന്നോട് ഇഷ്ടം പറഞ്ഞിരിക്കുന്നു… കഷ്ടം…!!!””ആതിരയുടെ ഓരോ വാക്കുകളിലൂടെയും
രാധു വന്നു പറയുന്ന പോലെ തോന്നി മാധവന് … പതിയെ അവന്റെ തല താഴ്ന്ന പോയിരുന്നു.. അപ്പോഴും ആതിര വിട്ടു കൊടുത്തില്ല.

“കുട്ടുക്കാരന്റെ പെങ്ങൾ എന്ന് നീ സംബോദന ചെയ്യുന്ന അനുരാധയുടെ ഏട്ടനായ അനിരുദ്ധന് എല്ലാ സത്യങ്ങളും അറിയാം മാധവ് ……. അവനോട് പറഞ്ഞിട്ടാണ് ഓരോ തവണയും നിന്നിലേക്ക് അവൾ എത്തിയിരുന്നത്…പക്ഷേ എന്നെങ്കിലും നിന്നിൽ നിന്ന് “നിന്റെ പെങ്ങളെ എനിക്ക് തരാമോ…?” എന്നൊരു ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നു.. പറയാമായിരുന്നില്ലേ…”ഇതു കേട്ടതും മാധവ് ഞെട്ടികൊണ്ട് ആതിരയെ നോക്കി… പിന്നെ ആ മുത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

“ഒരിക്കലുമില്ല….” മാധവന്റെ ഉറച്ച ശബ്ദം അവിടെ പ്രതിധ്വനിച്ചു….

“ഇപ്പോൾ നീ പറഞ്ഞത് ഒരിക്കലും സംഭവിക്കില്ല…. അനിരുദ്ധൻ അത് അറിഞ്ഞിട്ടുണ്ടെന്ന് ആദ്യമേ എനിക്കറിയാം പക്ഷേ അവൻ ഒരിക്കലും എന്നിൽ നിന്ന് ആ വാക്കുകൾ പ്രതീക്ഷിക്കില്ല….”

“എന്തുകൊണ്ട് …. ജാതിയാണോ… പ്രശ്നം..അതോ വയസ്സാണോ ….?” മാധവ് പറഞ്ഞ് നിർത്തിയതും ആതിരയുടെ സംശയം അവളുടെ വാക്കുകളിലൂടെ പ്രകടമായി…

മാധവ് അവളുടെ മിഴികളിലേക്ക് ഉറ്റു നോക്കി …. പിന്നേ വിധൂരതയിലേക്കും…
അവിടെ തന്റെ ക്ലാസിൽ പുതിയതായി വന്ന കൂട്ടുക്കാരനെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകുന്ന ഒരാൺകുട്ടിയുടെ ദൃശ്യം തെളിഞ്ഞു നിന്നു

…. “അമ്മേ”…. എന്ന അവന്റെ ഉറച്ച സ്വരത്തിൽ കിലുങ്ങുന്ന കൊലുസിന്റെ ശബ്ദമാണ് ആദ്യം കാതിൽ എത്തിയത്… ഉറവിട സ്ഥാനത്തിലേക്ക് മിഴികൾ പായച്ചതും അവിടെ വെളുത്ത കുഞ്ഞി ഷിമ്മി ഇട്ട് , മൂടി രണ്ടു ഭാഗത്തായി ഉയർത്തി കെട്ടിവച്ച് , കുണുങ്ങി ചിരിച്ചു മന്ദരപൂവിന്റെ നിറത്തിലുള്ള ഒരു കൊച്ചു പെൺകുട്ടി ഓടി, അവന്റെ മെലേക്ക് ചാടിക്കയറി…നിറഞ്ഞ ഉമ്മകൾ പരസ്പരം പങ്ക് വച്ച കഴിഞ്ഞതും അവൻ അവളെയും ചേർത്ത് പിടിച്ച് എന്നിലേക്ക് തിരിഞ്ഞു…

“ഇതാണ് അനുരാധ എന്ന അനുമോൾ എന്റെ പെങ്ങളൂട്ടി …. ഇനി മുതൽ നിന്റെയും…”

അനാദ്യമായാണ് ജീവിതത്തിൽ പകച്ചു നിന്നത്. ഹൃദയത്തിലേക്ക് ഇടിച്ചു കയറിയ മുഖവും , കാതിലേക്ക് ഒഴുകി എത്തിയ വാക്കുകളും ഒരിക്കലും ചേരാത്ത വിധം അകലം പാലിച്ചു തന്നെ നിന്നു….

🌸🌸🌸

രണ്ടു പേർക്കുമിടയിൽ നിശബ്ദത തള്ളം കെട്ടി കിടന്നു….”ഒരിക്കൽ പോലും …. ഒരു തരി സ്നേഹം തോന്നിയിട്ടില്ലേ … മാധവന് രാധുവിനോട് …???” മൗനത്തെ ബേധിച്ചു കൊണ്ട് ആതിരയുടെ ശബ്ദം മാധവനിലേക്കേത്തി . മാധവൻ അവളെ നോക്കി പുഞ്ചിരിച്ചു….

” തോന്നിയിട്ടുണ്ടോ….??….. അർഹതയിലാതത് ആഗ്രഹിക്കരുത് എന്ന് എന്റെ അമ്മ തന്നെ പഠിപ്പിച്ചിട്ടുണ്ട് ആതിരേ… രാധുനെ ആഗ്രഹിക്കാൻ പോയിട്ട് മോഹിക്കാൻ കൂടി എനിക്ക് യോഗ്യത ഇല്ല….”

“എന്റെ ചോദ്യത്തിന് ഉത്തരം ലഭിച്ചില്ല….” ആതിര പിന്നേയും പറഞ്ഞു… ” പെങ്ങളൂട്ടി എന്ന് പറഞ്ഞ് ഈ കൈകളിലേക്ക് വച്ച് തരുമ്പോൾ ഞാൻ പകച്ചു നിന്നിരുന്നു… ….ആദ്യമൊക്കെ അവളുടെ കുറുമ്പെല്ലാം എനിക്ക് ശല്യമായി തോന്നി ….പിന്നെ പതിയെ എപ്പോഴോ അതിനെ എല്ലാം ഇഷ്ട്ടപ്പെട്ടു തുടങ്ങി…. പക്ഷേ അപ്പോഴും അനിരുദ്ധന്റെ വാക്കുകളിൽ ഞാൻ അവയെ തളച്ചിട്ടിരുന്നു…. ഉണ്ട ചോറിന് നന്ദി കേട് കാണിക്കാൻ സാധിക്കില്ല ആതിരേ….”

“പറയാമായിരുന്നില്ലേ …..” ആതിര അവനരികിലേക്ക് നടന്നു… “എന്തിന്…???….പരസ്പരം ഏതെങ്കിലും മരച്ചുവട്ടിലിരുന്ന് അല്ലെങ്കിൽ അമ്പലകുളകടവിലിരുന്ന് പ്രണയിക്കാനോ…?” മാധവ് ഒന്ന് നിശ്വസിച്ചു…

“ഞങ്ങൾ സ്നേഹിച്ചിരുന്നു ആതിരേ…ഞങ്ങൾ വിശ്വസിച്ചിരുന്നു…ഞങ്ങൾ പ്രണയിച്ചിരുന്നു…എന്നിലെ പ്രണയത്തെ അവളും… അവളിലേ പ്രണയത്തെ ഞാനും ബഹുമാനിച്ചിരുന്നു…. അത്രേയും മതി….. അമിതമായാൽ അമൃതും വിഷമാണ് …. പ്രത്യേകിച്ച് അത് പ്രണയമാണെങ്കിൽ …” മാധവ് ഒന്ന് ദീർഘനിശ്വസിച്ചു ….

” വിഷമം തോന്നിയിട്ടില്ലേ…?”

“മ്മ്…മ്മ്മ്….. സഹിക്കാൻ വയാതാകുമ്പോൾ ബാത്ത്‌റൂമിൽ കയറി ഒന്നു ഷവർ ഓൺ ചെയ്ത് കരയും … സങ്കടം ഒന്നടങ്ങി എന്ന് തോന്നുമ്പോൾ പഴയ പോലെ തന്നെ ഒസ്ക്കാർ അവാർഡ് ജേതാവിനേക്കാൾ നന്നായി അഭിനയിക്കും… അത്ര ഉള്ളൂ..” മാധവിന്റെ മറുപടിയിൽ അറിയാതെ ആതിരയ്ക്കും വേദന തോന്നി…

“ഇഷ്ട്ടമല്ല എന്ന് പറയാതെ പറഞ്ഞെങ്കിൽ പൊതുവെ വാശിക്കാരിയായ അനുരാധയിൽ ഞാൻ എന്ന വ്യക്തിക്ക് വേണ്ടി വാശി കൂടും… അപ്പോഴും നഷ്ട്ടങ്ങൾ അവൾക്കാണ് കൂടുന്നത്….ഇഷ്ട്ടമാണ് എന്ന പറഞ്ഞിരുന്നെങ്കിലും ചില്ലപ്പോൾ ഇന്നവൾ നേടിയടുത്ത ജീവിത വിജയങ്ങൾ അവളെ നോക്കി കോഞ്ഞനം കുത്തുമായിരുന്നു…..

കാരണം ഇന്ന് ജീവിക്കുന്ന പോലെ സുഖസൗകര്യങ്ങളിൽ എന്റെ കൂടെ ജീവിക്കാൻ അവൾക്ക് സാധിക്കില്ല… അച്ഛൻ , അമ്മ , അനി…..എല്ലാവരുടേയും മനസ്സിൽ ദേഷ്യം നിറയും….. അവരിൽ നിന്ന് കുത്തു വക്കുകൾ കേൾക്കേണ്ടി വരും…. അവരുടെ ഉള്ള് പിടയുന്നത് രാധൂന് സഹിക്കാൻ കഴിയില്ല…. രാധൂന്റെ ഉള്ള പിടയുന്നത് എനിക്കും.

ഒരു ജീവിതമല്ലേ ഉള്ളൂ…. നമ്മുക്കേല്ലാം…. ഈ കാണുന്ന ,കേൾക്കുന്ന ,അറിയുന്ന ജീവിതം …. കഴിഞ്ഞ ജന്മത്തേ കുറിച്ചോ , ഭാവി ജന്മത്തേക്കുറിച്ചോ യാതൊന്നും നമ്മുക്ക് പറയാൻ സാധികില്ല… അതിലൊന്നും ഞാൻ വിശ്വസിക്കുന്നുമില്ല….അപ്പോ ഈ ഒരു ജന്മം…. അത് ഒരു പ്രണയമൂലം നഷ്ട്ടപ്പെടുത്തണോ….ഒരു നീണ്ട കാത്തിരിപ്പ് സുഖമുള്ളതാണെങ്കിലും അവസാനം ഒന്നിക്കാൻ സാധിച്ചില്ലങ്കിൽ…?

സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ സാധിച്ചില്ലെങ്കിൽ ….?
ഒരു പാട് പേരേ വേദനിപ്പിച്ചു കൊണ്ട് ഒരു ജീവിതം എനിക്ക് വേണ്ട ആതിരേ….ഇന്ന് അവളും സന്തോഷവതിയാണ്, ഞാനും സന്തോഷവനാണ് ….”അതും പറഞ്ഞ് നിർത്തിയതും മാധവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നിമാഞ്ഞു….വേദന നിറഞ്ഞ തന്റെ ആദ്യ പ്രണയത്തിന്റെ പുഞ്ചിരി…. വളരെ പക്വതയോടെ സൗമ്യമായി ശാന്തനായി ഉറച്ച തീരുമാനങ്ങൾ എടുക്കുന്നവനെ ആതിര അറിയുകയായിരുന്നു…

“ഇതാ….ഞാൻ എഴുതിയ ചെറുകവിതകൾ എല്ലാം ചേർത്ത് ഒരു പുസ്തകരൂപത്തിലാക്കിയതാണ്…ഇന്നലെ ഇതിന്റെ പ്രസിദ്ധികരണത്തിന്റെ തിരക്കുകളിലായിരുന്നു….” അതും പറഞ്ഞ് മാധവ് ഒരു പുസ്തകം തന്റെ ബാഗിൽ നിന്നെടുത്ത് ആതിരക്ക് കൈമാറി… ആതിര അതു വാങ്ങി….

” സിദ്ധാർത്ഥൻ നല്ല പയ്യനാണ് കേട്ടോ…” മാധവ് കുസൃതിയോടെ പറഞ്ഞതും ആതിരയുടെ മുഖത്ത് ചെറിയ നാണം വിരിഞ്ഞു…

അവൻ തിരിഞ്ഞ് പതിയെ ബുള്ളറ്റിനരിലേക്ക് നീങ്ങി…കൂടെ ആതിരയും…വണ്ടിയിൽ കെട്ടി വച്ചിരിക്കുന്ന ബാഗുകൾ കണ്ടപ്പോൾ ആതിര അവനെ സംശയ രൂപേണ നോക്കി ….

” ഒരു യാത്ര…. പണ്ടേ നിശ്ചയിച്ചതായിരുന്നു… എന്നാലും ഇപ്പോഴാണ് സമയവും സന്ദർഭവും വന്നതെന്ന് മാത്രം…” എന്ന് പറഞ്ഞ് കൊണ്ടവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.

“സമയം ആയി കാണും… താൻ ചെല്ലൂ….ഇന്നവൾ എന്റെ ഇഷ്ട്ടങ്ങൾക്കെല്ലാം എതിരായി ആ കൈകളിൽ കറുത്ത കുപ്പിവളയില്ലാതെ നെറ്റിയിൽ വലിയ ചുവന്ന വട്ട പൊട്ടു വച്ച് കല്ലു പതിപ്പിച്ച മൂക്കുത്തി എല്ലാം ഇട്ട് അണിഞ്ഞൊരുങ്ങും, ചെറിയ വേദനയോടെയാവും കന്തിർമണ്ഡപത്തിൽ കയറുന്നതെങ്കിലും എന്നെയും എന്നോടുള്ള പ്രണയവും ആ ഹൃദയത്തിനകത്ത് കഴിച്ചു മൂടി , നിറഞ്ഞ പുഞ്ചിരിയോടെ ഒരു സുമംഗലിയായി അവൾ മാറും…നല്ലവനാണ് കൃഷ്ണപ്രസാദ്…. ശരിക്കും അവളുടെ ഇഷ്ട്ടദേവനായ കൃഷണൻ നൽകിയ പ്രസാദം…. ഞാൻ കരയിപ്പപോലെ വേദനിപ്പിച്ചപോലെ ഒരിക്കലും അവൻ എന്റെ രാധൂവിനെ ചെയ്യില്ല… അതെനിക്ക് അറിയാം…. ആ വാക്ക് അവൻ എനിക്ക് നൽകിയിട്ടുണ്ട്…. രാധൂ സ്നേഹി ക്കും അവനെ …. ആ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ല അവൾക്ക് … അത്രയും പാവാ എന്റെ രാധൂ ….” ഒരു പുഞ്ചിരിയോടു കൂടി മാധവ് പറഞ്ഞു നിർത്തുമ്പോഴും വാക്കുകൾ വിങ്ങിയിരുന്നു….

ബുള്ളറ്റ് ആതിരയെ വിട്ടകന്നു…അവൾ വേദനയോടെ അവനെ നോക്കി ….ഹൃദയത്തിൽ കൊണ്ടു നടന്നവളോട് ഒരു വാക്ക് പോലും പറയാൻ പറ്റാതെ ആ സ്നേഹം ഒന്നു പ്രകടിപ്പിക്കാൻ സാധിക്കാതെ…. ഇന്നും ആരോടും ഒരു പരിഭവവും പറയാതെ പ്രണയിക്കുന്ന പുരുഷനെ…പതിയെ തിരിഞ്ഞു നടക്കുമ്പോൾ കൈയിലുള്ള പുസ്തകത്തിലേക്ക് നോക്കി ….

“രാധാമാധവം..” ഒരു പ്രണയകവിതാ സമാഹാരം”

ആതിരയുടെ ചുവടുകൾ നിന്നു…. അവൾ ആ പുസ്തകം തുറന്നു…

“സമ്മർപ്പണം : എന്റെ രാധൂവിന്”

ആദ്യ പ്രജിന് താഴേയായി ആ വരികൾ കണ്ടതും പൊടു തന്നെ പിന്നിലേക്ക് തിരിഞ്ഞു… അവിടെ മാധവന്റെ ബുള്ളറ്റ് പാഞ്ഞ മൺറോഡിലെ പൊടിപടലങ്ങൾ അപ്പോഴേക്കും ശാന്തമായിരുന്നു…

🌸🌸🌸

ചുവന്ന കസവു പുടവയുടുത്ത് വന്ന് അപ്പയുടെ മടിയിലായി ഇരുത്തി.ചുറ്റുനിന്നു നിറയെ പുഷ്പവർഷങ്ങളോടെ പ്രസാദേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തി കെട്ടി….അറിയാതെ ഇരുമിഴികൾ അടഞ്ഞു , ഈ ജന്മം മുഴുവൻ സുമംഗലിയായി ഇരിക്കണേ എന്ന് ഗുരുവായൂർപ്പനോട് പ്രാർത്ഥിച്ചു…നെറ്റിയിൽ തോന്നിയ നനുത്ത തണുപ്പിൽ മിഴികൾ തുറന്നതും പ്രസാദേട്ടന്റെ മിഴികളുമായി കോർത്തു….

” എന്റെ നല്ല പാതിക്ക് പൂർണ്ണ അധികാരത്തോടെ നൽകുന്ന എന്റെ ആദ്യ ചുബനം..”

പ്രസാദേട്ടൻ എന്റെ കാതിലായി പതുക്കെ അത് പറയുമ്പോഴും നെറ്റിയിലെ ആ നേർത്ത തണുപ്പ് അപ്പോഴും അവിടെ തന്നെ തങ്ങി നിന്നിരുന്നു…ആദ്യകെട്ട് പ്രസാദേട്ടനും താലി ചരടിലെ ബാക്കി രണ്ട് കെട്ട് കൃഷ്ണേന്ദുവും വന്ന് കെട്ടി മുറുക്കി…തുടർന്ന് പ്രസാദേട്ടൻ എന്നെ വട്ടം പിടിച്ച് ചുവന്ന വലിയ പൊട്ടിന് താഴെയായി കുങ്കുമ കുറി തൊട്ടു തന്നു ….അറിയാതെ മിഴികൾ ആ മിഴികളിലേക്ക് നിങ്ങിയതും അതിരില്ലാത്ത സന്തോഷത്തിന്റെ തെളിച്ചമാണ് എനിക്ക് നൽകിയത്… പതിയെ നെറ്റിയിലെ ചുട്ടിമാറ്റി അവിടെ ആ വിരലുകളാൽ എന്റെ സീമന്തരേഖയിൽ കുങ്കുമരാശി തൂകി….ആ മിഴികളിൽ തന്നോടുള്ള പ്രണയവും ആ കരവലയത്തിൽ സ്നേഹത്തിൽ ചാലിച്ച കരുതലും താൻ അറിഞ്ഞു കൊണ്ടിരുന്നു……

“മഹാദേവാ നൽക്കുന്നതിന്റെ ഒരു അംശമെങ്കിലും തിരികെ നൽകാൻ എന്നെ അനുഗ്രഹിക്കണെ….”

നെഞ്ചിലെ മാലകൾക്കിടയിൽ എന്റെ ഹൃദയത്തിന്റെ തുടിപ്പും ശ്രവിച്ച് ആ താലി സുരക്ഷിതമായി മയങ്ങുനുണ്ടായിരുന്നു.”

അപ്പയും അമ്മയും തൊട്ടുപിറകിലായി അനിയേട്ടനും നിന്ന് എന്റെ വലുതുകൈ പ്രസാദേട്ടന്റെ കൈളിലേക്ക് ചേർത്തു വച്ചു ജലം ഒഴിച്ച് ശുദ്ധിക്കരിക്കുമ്പോൾ….
ശരീരതപനില കൂടുന്നതും , നിർവചികാനാവാതെ ഹൃദയമിടുപ്പ് വർദ്ധിക്കുന്നതും ദേഹത്തിലൂടെ ഒരു തരിപ്പ് കടന്നു പോകുന്നതും , ഞാൻ അറിഞ്ഞു.
പതിയെ ആ കൈകൾ പിടിച്ച് അഗ്നിക്ക് വലം വയ്ക്കുമ്പോൾ ആ വിലുകൾ എന്നിൽ പിടി മുറുക്കി…മറ്റാർക്കും വിട്ടു കൊടുക്കില്ലെന്ന പോലെ….

നാലമത്തെ വലം വച്ച് കഴിഞ്ഞതും ഏട്ടൻ മറുകയാൽ എന്റെ മൈലാഞ്ചി ചുവപ്പ് നിറഞ്ഞ പാദം അമ്മിയുടെ മുകളിലായി ചേർത്തു വച്ച് അരികിൽ മിഞ്ചി വച്ചു…നേരിയ സ്വർണത്തിൽ ചെറിയ ചുവപ്പ് കല്ലുപതിച്ച മിഞ്ചി….

‘ചുവപ്പ് ‘ പ്രണയത്തിന്റെ വർണ്ണം … അതുപൂർണമായും വിരലിൽ ഇട്ടത് കൃഷ്ണേന്ദുവാണ്…. പിന്നെയും എന്റെ കൈകൾ ചേർത്തു പിടിച്ച് വലം വച്ച്ശേഷം അടുത്ത പാദം അമ്മിയുടെ അരികിൽ ചേർത്തു വച്ച് മിഞ്ചിയണിയിച്ചു പ്രസാദേട്ടൻ തന്നെ നോക്കി….ആ മിഴികൾ രണ്ടും തന്നോടുള്ള പ്രണയത്താൽ നിറഞ്ഞിരുന്നു… എന്തുകൊണ്ടോ ആ നോട്ടം ഹൃദയത്തെ കൊത്തി വലിച്ചു കൊണ്ടിരുന്നു….

ഇല്ല…. ഇനിയും മാധവേട്ടന് എന്നിൽ സ്ഥാനമില്ല.. !!! ഒരിക്കലും ഇത്രയും തന്നെ സ്നേഹിക്കുന്ന ആളെ ഞാൻ വിട്ടുകളയില്ല…. സമയമെടുത്താലും പൂർണമായി ഞാൻ സ്നേഹിക്കും എന്ന് മനസ്സിൽ നിശ്ചയിക്കുമ്പോൾ ആദ്യമായി പ്രസാദേട്ടനോടുള്ള സ്നേഹത്താൽ രണ്ടു തുള്ളി കണ്ണുനീർ ആ മൈലാഞ്ചി ചുവപ്പുള്ള എന്റെ പാദങ്ങളിക്ക് ഇറ്റിവീണിരുന്നു…

പതിയെ ഞങ്ങൾ ഇരുവരും ചേർന്ന് നിന്നു അനിയേട്ടൻ നൽകിയ പൊരി പ്രസാദേട്ടൻ എന്റെ കൈളോട് ചേർത്തു വച്ച് അഗ്നിയിൽ സമർപ്പിച്ചു…നിറഞ്ഞ വേദ മന്ത്രങ്ങളുടെ അകമ്പടിയോടെ ഓരോരുത്തരുടെയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങാൻ നമസ്ക്കരിക്കുമ്പോൾ പ്രസാദേട്ടന്റെ മേൽ മുണ്ടിൽ വച്ച് പൂജിച്ച് അക്ഷിതയും പുഷ്പങ്ങളും ഞങ്ങളുടെ മേൽ എല്ലാവരും ചേർന്ന് വർഷിച്ചുക്കൊണ്ടിരുന്നു …. സന്തോഷം കൊണ്ടോ… അതോ..സങ്കടം കൊണ്ടോ… അറിയില്ല…..കണ്ണുകൾ നിറഞ്ഞിരുന്നു…. ഈ സന്തോഷം ഈ ജീവിതക്കാലം മുഴുവനും നിലനിൽക്കണേ എന്ന് അകമഴിഞ്ഞ് ഗുരുവായൂർപ്പനോട് പാർത്ഥിച്ചു…. അപ്പോഴും എന്റെ വലതു കൈ പ്രസാദേട്ടന്റെ ഇടം കൈക്കുള്ളിലെ ചൂടിൽ അലിഞ്ഞിരുന്നു….

“ഇന്നവൾ എന്റെ ഇഷ്ട്ടങ്ങൾക്കെല്ലാം എതിരായി ആ കൈകളിൽ കറുത്ത കുപ്പിവളയില്ലാതെ നെറ്റിയിൽ വലിയ ചുവന്ന വട്ട പൊട്ടു വച്ച് കല്ലു പതിപ്പിച്ച മൂക്കുത്തി എല്ലാം ഇട്ട് അണിഞ്ഞൊരുങ്ങും, ചെറിയ വേദനയോടെയാവും കന്തിർമണ്ഡപത്തിൽ കയറുന്നതെങ്കിലും എന്നെയും എന്നോടുള്ള പ്രണയവും ആ ഹൃദയത്തിനകത്ത് കഴിച്ചു മൂടി , നിറഞ്ഞ പുഞ്ചിരിയോടെ ഒരു സുമംഗലിയായി അവൾ മാറും…”

അങ്ങകലെ ഇതെല്ലാം കണ്ടു നിന്ന ആതിരയുടെ കർണ പടത്തിൽ അപ്പോഴും ആ വാക്കുകൾ അലയടിച്ചു….

അവസാനിച്ചു…

എനിക്ക് വേണ്ടി രണ്ടു വരി കുറിക്കുക…