ചൊവ്വാദോഷം – രചന: അബ്ദുൾ റഹീം പുത്തൻചിറ
സ്കൂൾ ഇല്ലാത്ത സമയത്തും സ്കൂൾ വിട്ടുവന്നാലും അന്നും ഇന്നും ഞങ്ങളുടെ മെയിൻ പരിപാടി ക്രിക്കറ്റ് കളിയാണ്. അതും ഞങ്ങളുടെ വീടിന്റെ അടുത്തുള്ള പാടത്തു.
ഞങ്ങളെന്നു പറഞ്ഞാൽ ഒരുപാട് പേരുണ്ട്. എല്ലാവരുടെയും പേരൊന്നും പറയാൻ പറ്റില്ല…ഞാൻ, മിഥുൻ, രാഹുൽ, കണ്ണൻ, സുബൈർ, നൗഷാദ്….ഞങ്ങളന്നു ഒൻപതാം ക്ലാസിലാണ് പടിക്കുന്നെ. എല്ലാവരും ഒരു ക്ലാസ്സിൽ…ഒരേ പ്രായം..എല്ലാ കാര്യത്തിനും ഒരുമിച്ചും..
കളിക്കിടെ ഞങ്ങൾക്കു വെള്ളം കുടിക്കണം..വെള്ളം കുടിക്കാൻ ഞങ്ങൾ സ്ഥിരമായി പോകുന്ന ഒരു വീടുണ്ട്..പാടത്തിന്റെ സൈഡിൽ നമ്മുടെ വിലാസിനി ചേച്ചിയുടെ വീട്..വിലാസിനി ചേച്ചിയുടെ ഒരേ ഒരു മകളാണ്..കഥയിലെ നായിക.
നീലിമ..ഞങ്ങളുടെ നീലിമ ചേച്ചി. ചേച്ചി സ്കൂളും കോളേജും കഴിഞ്ഞു ചുമ്മാ ഇരിക്കാണ്. നേരം പോകാൻ വേണ്ടി ഇപ്പൊ തയ്പ്പ് പഠിക്കാൻ പോകുന്നുണ്ട്. വിലാസിനി ചേച്ചിയുടെ വീട്ടിലെ കിണറ്റിലെ വെള്ളത്തിന് നല്ല മധുരമാണ്.
നീലിമ ചേച്ചി ഇടക്കു വീട്ടിൽ നിന്നും എടുത്തു തരുമ്പോൾ ആ വെള്ളത്തിന് ഒന്നുടെ മധുരം കൂടും. അതുകൊണ്ട് കളിക്കിടെ ഇടക്കു വെള്ളം കുടിക്കുന്നത് ഞങ്ങളുടെ ശീലമായി മാറി…ഞങ്ങളുടെ ഈ ശീലം ഇനി മാറ്റുവാൻ പറ്റുമൊന്ന് ഞങ്ങൾക് അറിയില്ല…
അങ്ങനെ ഒരു ദിവസം ഞായറാഴ്‌ച ഉച്ചയോടെ വെള്ളം കുടിക്കാൻ പോയ ഞങ്ങൾക്കു ചേച്ചി നാരങ്ങാ വെള്ളം കൊണ്ടുതന്നു. ഇന്നെന്താ ചേച്ചി നാരങ്ങാ വെള്ളമൊക്കെ…? ജമാൽ ചോദിച്ചു…
ഇന്ന് എന്നെ കാണാൻ ഒരാള് വന്നടാ. അവർക്ക് കൊടുത്തു ബാക്കിയുണ്ടായതാ…
അതാരാ ചേച്ചി ചേച്ചിനെ കാണാൻ വന്നത്…? അതൊക്കെയുണ്ട്…കുറച്ചു നാൾ കഴിഞ്ഞാൽ ഭാഗ്യമുണ്ടങ്കിൽ നിങ്ങൾക്കു ബിരിയാണി കഴിക്കാം…ചേച്ചിയിൽ ഞങ്ങൾ ഇതുവരെ കാണാത്ത ഭാവമായ നാണം വന്നു…
ആ ഭാവത്തിൽ നിന്നും ഏകദേശം കാര്യങ്ങൾ ഞങ്ങൾക്കു മനസിലായി…ചേച്ചിയെ പെണ്ണ് കാണാൻ ആരോ വന്നിരിക്കുന്നു…അടുത്ത് കല്യാണം ഉണ്ടാകാൻ ചാൻസുണ്ട്. കല്യാണം കഴിഞ്ഞാൽ ചേച്ചിയെ കാണാൻ പറ്റില്ല.
അന്നു നാരങ്ങാ വെള്ളം കുടിച്ചിട്ട് പോലും ഞങ്ങൾക് സന്തോഷം തോന്നിയില്ല. സത്യം പറഞ്ഞാൽ വെള്ളം കുടിക്കാൻ വരുന്നത് തന്നെ ചേച്ചിനെ കാണാൻ വേണ്ടിയാണ്. സോറി മനസിലുള്ള കാര്യങ്ങൾ അറിയാതെ പുറത്തു വരുന്നു…
എനിക്ക് മാത്രമാണോ ഈ വിഷമം. ഞാൻ എല്ലാവരുടെയും മുഖത്തേക്കു നോക്കി…അല്ല…എല്ലാവരും നല്ല വിഷമത്തിലാണ്…മുഖം കണ്ടാൽ അറിയാം.
ഫസ്റ്റ് ബോളിൽ ഔട്ടായാൽ പോലും ഇത്രക്കും വിഷമം ഞാൻ ആരിലും കണ്ടിട്ടില്ല..ആരും ഒന്നും പറയുന്നില്ല…മനസ്സിൽ വിഷമം വരുമ്പോൾ നമുക്ക് ഒന്നും പറയാൻ തോന്നില്ല…എന്താണാവോ അങ്ങനെ…
അന്ന് കളിച്ച എല്ലാ കളിയിലും ഞങ്ങൾ തോറ്റു…എപ്പോഴും ആദ്യം ബാറ്റ് വേണമെന്ന് വാശിപിടിക്കുന്ന കണ്ണനു പോലും ബാറ്റും വേണ്ട…ബോളും വേണ്ട…വീണ്ടും ദിവസങ്ങൾ കടന്നു പോയി…
പിറ്റേന്ന് ഒരു ഞായറാഴ്‌ച വെള്ളം കുടിക്കാൻ വേണ്ടി പോയപ്പോഴാണ് ചേച്ചിയെ വീണ്ടും കണ്ടത്…ഒരുപാട് വിഷമിച്ച പോലെ…ആകെ വാടിയ മുഖം. ആ മുഖം കണ്ടാൽ അറിയാം എന്തോ പ്രശ്നമുണ്ടന്നു. എന്താ ചേച്ചിടെ മുഖം ഇങ്ങനെ ഇരിക്കുന്നെ…? രാഹുൽ ചോദിച്ചു.
എങ്ങനെ…? ചെറിയ ദേഷ്യത്തോടെ ചേച്ചി തിരിച്ചു ചോദിച്ചു. അല്ല…ഫ്രണ്ട്‌സ് സിനിമയിൽ കൊക്കയിൽ വീണ ജയറാമിനെ പോലെ…അവന്റെ ചോദ്യം കേട്ട് ഞങ്ങൾക്കു ചിരി വന്നു. ഒരു രൂക്ഷമായ നോട്ടമായിരുന്നു മറുപടി.
അവന്റെ ആ ചോദ്യം കേട്ടുകൊണ്ടാണ് വിലാസിനി ചേച്ചിയുടെ വരവ്. എന്തു പറയാനാ പിള്ളേരെ ഞങ്ങളുടെ യോഗം ഇങ്ങനെ ആയിപ്പോയി. എന്താ ചേച്ചി കാര്യം…? ഞാൻ ചോദിച്ചു.
മോളെ കാണാൻ കഴിഞ്ഞ ആഴ്ച ഒരു കൂട്ടര് വന്നിരുന്നു. ചെക്കനു പെണ്ണിനെ ഇഷ്ടമായി…എല്ലാം കൊണ്ടും നല്ല ബന്ധം…പക്ഷെ ജാതകം നോക്കിയപ്പോഴാ ചൊവ്വാദോഷം ആണെന്ന്…എന്തു ചെയ്യാൻ എല്ലാം വിധി…ഇതു കേട്ടപ്പോൾ ഞങ്ങൾക്കും വിഷമമായി…ഒരുപാട് നാളായി ചേച്ചിക്ക് കല്യാണ ആലോചനകൾ നടക്കുന്നുണ്ട്.
കല്യാണം മുടങ്ങിയ വിഷമമാണ് ചേച്ചിയുടെ മുഖത്തു കണ്ടത്….അന്നും ചെറിയ വിഷമത്തോടെ ഞങ്ങൾ മടങ്ങി.
അല്ല നൗഷാദേ നിന്റെ ഇക്കായ്ക്കും ഒരുപാട് നാളായല്ലോ പെണ്ണ് നോക്കുന്നു…അതും ചൊവ്വാ ദോഷമാണോ…രാഹുൽ ചോദിച്ചു.
അല്ലടാ അതു പേരുദോഷമാ കണ്ണൻ മറുപടി പറഞ്ഞു…അതുകേട്ട് ഞങ്ങൾക്കു ചിരിച്ചു. എന്തായാലും എനിക്ക് ഈ ചൊവ്വാദോഷത്തിലൊന്നും വിശാസമില്ല. സുബൈർ പറഞ്ഞു. എനിക്കും…രാഹുൽ ശരിവെച്ചു.
പ്രായക്കൂടുതലും എനിക്കു ഒട്ടും പ്രശ്‌നമല്ല…അല്ല നീ പറഞ്ഞതു ഞങ്ങൾക്കു മനസിലായില്ല…ഞാൻ ചോദിച്ചു. അല്ലാ നീലിമ ചേച്ചിക്ക് വേണേൽ ഒരു ജീവിതം ഞാൻ കൊടുക്കാം…രാഹുൽ ചെറിയ നാണത്തോടെ പറഞ്ഞു.
ഉവ്വേ… ഇന്നലെ നിന്റെ വീട്ടിൽ വന്നപ്പോൾ അമ്മ പറഞ്ഞു…കിടക്ക പായയിൽ കിടന്നു മുള്ളിയെന്നു. ജീവിതം കൊടുക്കാൻ പറ്റിയ പ്രായമാ…ജമാൽ പറഞ്ഞു. അല്ലട ചോവ്വാദോഷം എങ്ങനെയാ മാറ്റ…നമുക്കത് ബുധനോ വെള്ളിയോ ആക്കാൻ പറ്റോ…?നൗഷാദ് അവന്റെ വിവരമില്ലായ്മ പങ്കു വെച്ചു.
അതു അങ്ങനെ മാറ്റാൻ പറ്റില്ല. ചൊവ്വാദോഷമുള്ള പെണ്ണിനെ ആരും കല്യാണം കഴിക്കില്ല…മിഥുൻ വിഷമത്തോടെ പറഞ്ഞു.
നമുക്കു വേണേൽ ഒരു കാര്യം ചെയ്യാം, ഞാൻ പറഞ്ഞു. ചേച്ചിയുടെ ജാതകം വേടിച്ചു നല്ലൊരു ജാതകം ഉണ്ടാക്കി കൊടുക്കാം…അതെങ്ങനെ…? എന്റെ കൂട്ടുകാരന്റെ അച്ഛൻ പണിക്കരാണ്. ചിലപ്പോൾ കൂടുതൽ പൈസ കൊടുത്താൽ നല്ല ജാതകം ഉണ്ടാക്കിയെടുക്കാം. നീലിമ ചേച്ചിയോട് വിവരം പറഞ്ഞു.
ജാതകം കൊണ്ടു പോയി പണിക്കരുടെ അടുത്ത് കൊടുത്തു. വേറെ നല്ല ജാതകം ഉണ്ടാക്കി. ചേച്ചിക്ക് ആദ്യം നല്ല പേടിയുണ്ടായിരുന്നു. അന്ന് ഞങ്ങൾ ചെയ്തത് ശരിയാണോ തെറ്റാണോ എന്നൊന്നും ഞങ്ങൾക്കു അറിയില്ല…പക്ഷെ ഇന്ന് ഞങ്ങൾക്കറിയാം ഞങ്ങൾ ചെയ്തതാണ് ശരി…
കാരണം…ഇന്ന് ചേച്ചിയുടെ കല്യാണം കഴിഞ്ഞു. രണ്ടു മക്കളുണ്ട്…ചേട്ടൻ മിലിട്ടറിയിലാണ്…സുഖം സന്തോഷം. ഇപ്പോഴും പാടത്തു കളിക്കാൻ പോയാൽ വെള്ളം കുടിക്കാൻ ഞങ്ങൾ ചേച്ചിയുടെ വീട്ടിൽ പോകാറുണ്ട്. ചേച്ചിയുടെ കുട്ടികളുടെ കളി കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്.