രചന: കാശിനാഥൻ
പുറത്തു മഴ കനത്തു പെയ്യുന്നുണ്ടായിരുന്നു..മഴക്ക് പോലും എന്നോട് എന്തോ വിരോധമുള്ളതു പോലെ.
മനസ് പ്രക്ഷുബ്ധമാക്കാൻ പുറത്തെ ഇടി മുഴക്കത്തിന്റെ ശബ്ദം പോരാതെ വരുന്നുണ്ടെന്ന് എനിക്ക് തോന്നി…അതിനേക്കാൾ ഇടി മുഴക്കത്തിൽ ആ വാക്കുകൾ മനസിൽ ചോര പടർത്തുകയാണ്.
ഈ കറുത്ത രാത്രിയിലും വളഞ്ഞു പുളഞ്ഞ രേഖകൾ വരച്ച മിന്നൽ പിണരുകൾക്ക് ശക്തി പോരാ….അതിനേക്കാൾ ശക്തിയിൽ ആ വാക്കുകൾ മനസ്സിൽ മിന്നൽ കണക്കെ അവ്യക്ത ചിത്രങ്ങൾ കോറി ഇടുന്നുണ്ട്..
വീട്ടിലെ എല്ലാരുടെ മുഖത്തും സന്തോഷം തുടി കൊട്ടുമ്പോഴും ആ വാക്കുകൾ എന്റെ മനസ്സിൽ പെരുമ്പറ മുഴക്കുകയായിരുന്നു..
ആ വാക്കുകൾ.
അതെന്നെ വല്ലാതെ തളർത്തുന്നു… ഉലയ്ക്കുന്നു .
” അമ്മെ… ദേ… ആരോ വന്നിരിക്കുന്നു..”
ചോദ്യം കേട്ട് അവൾ ഉമ്മറത്തേക്ക് വന്നപ്പോൾ ആയിരം പൂർണ ചന്ദ്രന്മാരുടെ പ്രകാശമായിരുന്നു.പക്ഷെ, ആ വാക്കുകൾ കേട്ടപ്പോൾ ഗ്രഹണത്തിൽ മാഞ്ഞു പോകുന്ന ചന്ദ്രനെ പോലെ ശോകമായി എന്റെ മുഖം മുഴുവൻ…
സർപ്രൈസ് ആയി വീട്ടിൽ വന്നു കയറുമ്പോ ഉള്ള എല്ലാരുടെ മുഖത്തെ സന്തോഷവും കാണാൻ ആയിരുന്നു ആരോടും ഒന്നും പറയാതെ ആ മായനഗരത്തിൽ നിന്ന് വിമാനം കയറിയത്..കടങ്ങളൊക്കെ തീർക്കാനും.. വീട് വെക്കാനും രണ്ടു പെങ്ങന്മാരുടെ കല്യാണം നടത്താനും ഒക്കെ എന്നെ സഹായിച്ച ആ നഗരം ആ വാക്കുകളിലാണ് ഒറ്റ നിമിഷം കൊണ്ട് നരകമായിരുന്നെന്ന് മനസിനെക്കൊണ്ട് പറയിപ്പിച്ചത്..ചുട്ടു പഴുത്ത മണൽകാട്..
വാതിൽ തുറക്കുന്ന നേരത്തു തന്നെ എന്റെ മോളെ വാരി പുണർന്ന് ഉമ്മകളാൽ കൊണ്ട് മൂടി…അവിടെ നിന്ന് കൊണ്ട് വന്ന ചോക്ലേറ്റുകൾ എല്ലാം കുഞ്ഞി കൈകളിൽ ഏല്പിക്കുമ്പോ ഉള്ള സന്തോഷം സ്വപനം കണ്ടായിരുന്നു ഫ്ലൈറ്റിൽ മയക്കത്തിലേക്ക് വീണത്…ആ ചെറു മയക്കത്തിലും അവളായിരുന്നു എന്റെ മനസ് നിറയെ..അവൾ. എന്റെ ചിപ്പി മോൾ.. എന്റെ ചോരയിൽ പിറവിയെടുത്ത എന്റെ പൊന്നു മോൾ..ബെല്ലടിച്ചപ്പോ ആദ്യം വന്നു നോക്കിയത് അവളായിരുന്നു…ഒരു പാവയും ഒക്കത്തു പിടിച്ചു ആരാന്നുള്ള ചോദ്യ ഭാവത്തിൽ ഇത്തിരി നേരം നോക്കി നിന്ന്.. എന്നിട്ട് അടുക്കളിയിലൊക്കോടി.. ഓടുന്നതിന്റെ ഇടയിലാണ് ആ വാക്കുകൾ എന്റെ കാതിൽ വന്നിടിച്ചത്..
“അമ്മെ… ദേ.. ആരോ വന്നിരിക്കുന്നു..
അവളെ വാരി പുണരാൻ കൊതിച്ച എന്റെ കയ്കൾ തളരുകയായിരുന്നു..ഉമ്മ വെക്കാൻ കൊതിച്ച ചുണ്ടുകൾ വിറക്കുകയായിരുന്നു…
ഗായത്രി അവളെ വയറ്റിൽ ചുമക്കുമ്പോ ഞാൻ അവിടെ ആയിരുന്നു… ആ മരുഭൂമിയിൽ.. ഉള്ള കടങ്ങളും കടമകളും കല്യാണം കഴിഞ്ഞു അങ്ങോട്ട് പോകണ്ട എന്നുള്ള എന്റെ തീരുമാനത്തിന് വിലങ്ങു തടിയാവുകയായിരുന്നു. ചിപ്പി ജനിച്ചു പിന്നേം നാല് വർഷം കഴിഞ്ഞേ ലീവ് കിട്ടിയുള്ളൂ… ആ സമയത്തൊക്കെ ചിപ്പിയുടെ തേങ്ങലും മുക്കലും മൂളലും ഒക്കെ.. വെറും ശബ്ദ വീചികളായി ഫോണിലൂടെ കേൾക്കാൻ മാത്രം വിധിക്കപ്പെട്ടവനായി ഞാൻ.
“അവൾക്കെന്നെ മനസിലായില്ല… അവളുടെ അച്ഛനെ അവൾക്ക് മനസിലായില്ല… ” നിസ്സഹായനായി നിന്ന് പോയി ഞാൻ.. ഒന്ന് അനങ്ങാൻ പോലുമോക്കാതെ സ്തംഭിച്ചു നിന്ന് പോയി ഞാൻ.. കണ്ണ് നനഞ്ഞു.. ഉള്ളം കലങ്ങി..
“എന്താ ഏട്ടാ.. ആലോചിച്ചിരിക്കുന്നെ ??”എന്ന ചോദ്യമാണ് ചിന്തകളിൽ നിന്ന് എന്നെ മടക്കി വിളിച്ചത്.
കയ്യിൽ ചിപ്പിയുടെ മഞ്ഞയിൽ ചുവന്ന പൂക്കളുള്ള… നെറ്റ് പിടിപ്പിച്ച കുഞ്ഞുടുപ്പ് മടക്കി കൊണ്ട് മുറിയിലേക്ക് കയറി വരികയായിരുന്നു..
ആ ഉടുപ്പ്.. അത് ഞാൻ കഴിഞ്ഞ വർഷം ലീവിന് വന്ന കൂട്ടുകാരന്റെ കയ്യിൽ ഏൽപ്പിച്ചു വിട്ടതിൽ ഒന്നാണ്.അത് അവളുടെ കയ്യിൽ നിന്ന് വാങ്ങി വിങ്ങുന്ന കണ്ണുകളോടെ… മുഖത്തേക്ക് പുണരുകയായിരുന്നു…
“എന്താ ഗായു… എന്റെ മോൾ എന്നെ തിരിച്ചറിയാതെ പോയെ???… “
” എന്താ ഏട്ടാ ഇത്…. കൊച്ചു കുട്ടികളെ പോലെ… അവള് കൊച്ചു കുഞ്ഞല്ലേ..ഏട്ടനെ ഫോട്ടോയില് മാത്രല്ലേ അവള് കണ്ടിട്ടുള്ളു… പെട്ടെന്ന് കണ്ടപ്പോ മനസിലായി കാണില്ല.. ” എന്ന് പറഞ്ഞ അവളിലേക്ക് എന്നെ അടുപ്പിച്ചു ചേർത്തു പിടിച്ചപ്പോ ഒന്ന് മനസ്സിൽ ഉറപ്പിക്കുകയിരുന്നു.. ഇനി ആ മായ നഗരത്തിലോട്ട് ഇല്ല…
എന്റെ ചിപ്പി മോൾക്ക് നല്ലൊരച്ഛനായി..എന്റെ ഗായുവിനു നല്ലൊരു ഭർത്താവായി ഇവിടെ ഈ വീട്ടിലെ സന്തോഷവും പരിഭവങ്ങളും ഒക്കെ ആയി കഴിഞ്ഞു കൂടണം എന്നു…പുറത്തു മഴ അപ്പഴേക്കും തോർന്നിരുന്നു… എന്റെ കണ്ണീരു പോലെ….