രചന: മഹാ ദേവൻ
നിനക്കെന്നെ കെട്ടാൻ പറ്റുമോ ഇല്ലയോ, അത്. പറ. ചുമ്മാ സാഹചര്യങ്ങൾക്ക് മേലെ പഴിചാരി ഒഴിഞ്ഞുമാറാൻ നിൽക്കണ്ട. ഈ സാഹചര്യങ്ങൾ ഒക്കെ തന്നെ അല്ലെ പിന്നാലെ നടക്കുമ്പോഴും പ്രേമിക്കുമ്പോഴും ഉണ്ടായിരുന്നു. എങ്കിൽ പിന്നെ അന്ന് പറയാമായിരുന്നില്ലേ നിനക്ക്. എത്രത്തോളം കൊണ്ടെത്തിക്കേണ്ട കാര്യം ഉണ്ടായിരുന്നോ?
അല്ല, ഞങ്ങൾ പെണുങ്ങളെ പറഞ്ഞാൽ മതി. നിന്നെ പോലെ ഉള്ളവരെ വിശ്വസിച്ചു സ്നേഹിക്കുന്ന ഞങ്ങൾ പൊട്ടിമാർ. നിന്റെ ഒക്കെ സ്നേഹം ആത്മാർത്ഥമാണെന്ന് കരുതിയ ന്നേ പോലെ ഉള്ളവർ വിഡ്ഡികൾ. നിങ്ങൾ സമർത്ഥർ “
കരഞ്ഞുകലങ്ങിയ കണ്ണുൾ തുടച്ച് വിതുമ്പുന്ന ചുണ്ടുകൾക്കിടയിലൂടെ ചിതറിത്തെറിക്കുന്ന രേഷ്മയുടെ വാക്കുകൾക്ക് മുന്നിൽ മറുത്തൊരു വാക്ക് പറയാൻ പോലും കഴിയാതെ നിൽക്കുകയായിരുന്നു ശ്യം. അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം ഇല്ലെന്ന് അറിയാം. പക്ഷേ, ഇപ്പോഴത്തെ തന്റെ സാഹചര്യം പോലും അവൾ മനസ്സിലാക്കുന്നില്ലല്ലോ എന്നോർക്കുമ്പോൾ അവന്റെ മുഖം വിഷമത്താൽ ഇരുണ്ടിരുന്നു.
” എനിക്കറിയാം ശ്യാം.. നിനക്ക് മറുപടി ഇല്ലെന്ന്. നിന്റെ പണത്തിനെയോ പദവിയേയോ അല്ല ഞാൻ സ്നേഹിച്ചത്. പക്ഷേ, നീ… “
എന്തോ പറഞ്ഞ് നിർത്തുമ്പോൾ ആ വാക്കുകൾ വല്ലാതെ വിതുമ്പുന്നുണ്ടെന്ന് തോന്നി ശ്യാമിന്. അവളുടെ വിഷമം മനസിലാക്കാൻ കഴിയുന്നുണ്ടെങ്കിലും കുറച്ചു നാൾ കൂടി കാത്തിരിക്കാനുള്ള ക്ഷമ അവൾ കാണിക്കുന്നില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുനുണ്ടായിരുന്നു. വെറുംവാക്ക് കൊണ്ട് അവളെ ആശ്വസിപ്പിക്കാൻ കഴിയില്ലെന്ന് അറിയാമെങ്കിലും ഒന്നും മിണ്ടാതിരിക്കുന്നതിനേക്കാൾ നല്ലതല്ലേ എന്ന ചിന്തയിൽ ആയിരുന്നു അവൻ സംസാരിച്ചുതുടങ്ങിയത് !
” രേഷ്മ.. എനിക്കറിയാം നിന്റെ വിഷമം. എന്നെ വിട്ട് ഒരു നിമിഷം പോലും നിനക്ക് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് അത്രയേറെ നീ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന്. അതുപോലെ തന്നെയാടോ എന്റെയും അവസ്ഥ. നിന്നെ ഒരു നിമിഷം പോലും ഓർക്കാതിരിക്കാൻ ആവില്ലെനിക്ക്. നീയിലാത്ത ഓരോ നിമിഷവും എന്നിൽ ശൂന്യതയാണ് സൃഷ്ടിക്കുന്നത്. അത്രയേറെ. അല്ലെങ്കിൽ അതിനേക്കാൾ ഒക്കെ മേലെ ഞാൻ നിന്നെ ആഗ്രഹിക്കുന്നുണ്ട്.. പക്ഷേ…. “
അവളുടെ മുഖത്തു നിന്നും അവൻ കണ്ണുകളെടുക്കുമ്പോൾ അവൾ പുച്ഛത്തോടെ ചോദിക്കുന്നുണ്ടായിരുന്നു ” ന്താ ഒരു പക്ഷെയിൽ നിർത്തിക്കളഞ്ഞത്? നീ പറയാൻ പോകുന്നത് എന്താണെന്ന് എനിക്കറിയാ.. നിന്റെ പ്രശ്നങ്ങൾ, സാഹചര്യം.. ഇതൊക്കെതന്നെ അല്ലെ ? ഇപ്പോൾ ഞാൻ സ്ഥിരമായി കേൾക്കുന്ന വാചകങ്ങൾ. കേട്ട് മടുത്തു എനിക്ക്.. “
പുച്ഛമാണ് അവളുടെ വാക്കുകളിൽ എന്ന് മനസ്സിലായെങ്കിലും അവന് പറയാനുണ്ടായിരുന്നതും അത് തന്നെ ആയിരുന്നു.
” നിനക്കെല്ലാം അറിയുന്നതല്ലെടോ. എന്റെ അവസ്ഥ. എല്ലാം അറിഞ്ഞുകൊണ്ടാണല്ലോ നീ എന്നേം സ്നേഹിച്ചത്. നിന്നിൽ നിന്നും ഒന്നും ഒളിച്ചുവെക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. എന്റെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ നിനക്ക് കഴിയുമെന്ന് കരുതി. അല്ലെങ്കിൽ ഇത്ര കാലം അതുണ്ടായിരുന്നു നിന്നിൽ. പക്ഷേ, ഇപ്പോൾ…നിന്റെ പ്രശ്നങ്ങൾ എനിക്ക് മനസ്സിലാകും. ഒരു പെണ്ണിന് പ്രേമത്തെ കുറിച്ച് വീട്ടിൽ അറിഞ്ഞാൽ പിന്നെ എത്ര കാലം പിടിച്ച് നിൽക്കാൻ കഴിയും. എല്ലാം എനിക്ക് മനസ്സിലാകും.
നമുക്ക് വേണ്ടി ഇത്രേം കാത്തിരുന്നില്ലേ. കുറച്ചു സമയം കൂടി. അത്രേ ഞാൻ ചോതിക്കുന്നുള്ളൂ..”
അവൾക്ക് അറിയാമായിരുന്നു അവൻ പറയാൻ പോകുന്നത് എന്താണെന്ന്. അതുകൊണ്ട് തന്നെ അവന്റെ ദയനീയമായ വാക്കുകൾ കേട്ട് തെല്ലും പതർച്ചയോ വിഷമമോ ഇല്ലാത്ത പോലെ അവനെ നോക്കി രേഷ്മ.
” ശ്യം… എനിക്കറിയാം. നിന്റെ പ്രശ്നങ്ങൾ കഴിഞ്ഞ് ഒരു സന്തോഷം നമുക്കിടയിൽ ഉണ്ടാകില്ലെന്ന്. നീ പറഞ്ഞ പോലെ തന്നെ എനിക്ക് പിടിച്ചുനിൽക്കുന്നതിൽ ഒരു പരിധി ഉണ്ട്. ഞാൻ ഒരു പെണ്ണാണ്. കാത്തിരിപ്പ് ഇനിയും എത്രനാൾ? നിനക്ക് പോലും അത് നിശ്ചയമില്ല. നീ പറ.. എത്ര നാൾ ഞാൻ കാത്തിരിക്കണം.”
അവളുടെ ചോദ്യത്തിന് മുന്നിൽ ഉത്തരം കിട്ടാതെ ഉഴറുകയായിരുന്നു അവൻ. “അവളെ വേണേൽ ഇപ്പോൾ കൂടെ കൂട്ടാം… പക്ഷേ,, ഒരു നല്ല ജീവിതം നൽകാൻ കഴിയില്ല.. അതിലും നല്ലത് അവൾക്ക് വേറെ ഒരു നല്ല ജീവിതം കിട്ടുമെങ്കിൽ….. “
” രേഷ്മ.. ശരിയാണ്.. എനിക്ക് ഒരു ഉറപ്പ് പറയാൻ കഴിയില്ല എത്ര നാളെന്ന്. ഒരു ചോദ്യചിഹ്നം ആണ് ഞാൻ ഇപ്പോൾ. നിനക്ക് സന്തോഷം നൽകുന്ന ഒരു ഉത്തരം നൽകാൻ കഴിയാത്തതിൽ എനിക്ക് വിഷമമുണ്ട്. ഒരിക്കലും നീ വിഷമിക്കരുത്.. അതുകൊണ്ട്…അതുകൊണ്ട് നിന്റെ വീട്ടുകാരുടെ ഇഷ്ട്ടം എന്താണോ അതിനൊത്തൊരു തീരുമാനം നീ എടുക്ക്. ഞാൻ… “
അത് പറയുമ്പോൾ അവന്റ ചുണ്ടുകൾ വിറച്ചു. കണ്ണുകൾ കലങ്ങി. ഒരു കടൽ നെഞ്ചിൽ കുത്തിമറിയുന്നുണ്ടായിരുന്നു. അതെ അവസ്ഥ ആയിരുന്നു അവളിലും..
കേട്ട വാക്കുകൾ വിശ്വസിക്കാൻ കഴിയാതെ അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഒരു കാർമേഘം ഉരുണ്ടുകൂടി തുടങ്ങിയിരുന്നു.
” അപ്പൊ.. അപ്പൊ എല്ലാം അവസാനിക്കുകയാണല്ലേ. നമ്മുടെ ഇഷ്ട്ടവും നമ്മുടെ സ്വപ്നവും എല്ലാം…. ഇനി. നമ്മൾ രണ്ട് വഴികളിൽ, രണ്ട് ഹൃദയങ്ങളായി. സാരമില്ല….. നിന്റെ പ്രശ്നങ്ങൾ തീരുമ്പോൾ എന്നെങ്കിലും ഓർക്കുക… മറക്കാൻ കഴിയാത്തത് കൊണ്ടാണ്. അതുപോലെ കാത്തിരികാം എന്ന് പറയാനും കഴിയില്ല എനിക്ക്. ഞാൻ ഒരു പെണ്ണല്ലേ …
പക്ഷേ, എന്നും നീ ഉണ്ടാകും എന്നിൽ . നീ എനിക്ക് തന്ന സ്നേഹത്തിലൂടെ, ചുംബനത്തിലൂടെ…. എന്റെ ഹൃദയത്തിൽ പച്ച കുത്തിയ പോലെ ഉണ്ടാകും. എന്നും എപ്പോഴും…..”
പിന്നെ അവൾ കണ്ണുകൾ തുടച്ചുകൊണ്ട് അവന്റെ മുഖത്തേക്കൊന്ന് നോക്കുകപോലും ചെയ്യാതെ പിൻതിരിഞ്ഞു നടക്കുമ്പോൾ അവന്റെ ഹൃദയം പിടക്കുകയായിരുന്നു. ആശ കൊടുത്ത് ഒരുവളെ ഒഴിവാക്കേണ്ടി വന്ന വേദന അവന്റെ സിരകളെ വരിഞ്ഞു മുറുകി.ഇനി അവൾ തന്റെ ജീവിതത്തിൽ ഇല്ല എന്നോർക്കുമ്പോൾ….പക്ഷേ, അവളെങ്കിലും രക്ഷപ്പെടട്ടെ. തന്നെ അത്രയേറെ സ്നേഹിക്കുന്നുണ്ട് അവൾ. ആ സ്നേഹം അനുഭവിക്കാൻ യോഗമില്ലെന്ന് കരുതാം “
അവൾ പോയ വഴിയേ തന്നെ നോക്കി നിൽകുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.
പെട്ടന്ന് മുഖത്തു പതിച്ച വെള്ളത്തുള്ളികളുടെ തണുപ്പേറ്റ് കണ്ണുകൾ തുറക്കുമ്പോൾ അവൻ നാലുപാടും തിരഞ്ഞത് അവളെ ആയിരുന്നു..ഇത്ര നേരം കണ്ടതെല്ലാം സ്വാപ്നമാണെന്ന് ഉപബോധമനസ്സിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമ്പോഴും ഒരു നോട്ടത്തിനിന്നപ്പോലെ കണ്ണുകൾ നാലുപാടും തേടുകയായിരുന്നു.
” എന്തൊരു ഉറക്കമാടാ ഇത്. സ്ഥലമെത്തി. ഇറങ്ങിക്കെ ” എന്ന് പറയുന്ന കൂട്ടുകാരന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവസാനം കണ്ണുനീർ നനവോടെ പിരിയാനായിരുന്നെങ്കിലും അവൾ അടുത്തുണ്ടായിരുന്ന ആ നിമിഷങ്ങളിലൂടെ ഉള്ള ഒരു സ്വപ്നയാത്രയിൽ നിന്നും തന്നെ അടുത്തിയെടുത്ത കൂട്ടുകാരനോട് അതിയായ ദേഷ്യം തോന്നി ശ്യാമിന്.പക്ഷേ, അത് പുറത്തുകാണിക്കാതെ നിർവികാരതയോടെ അവൻ എഴുന്നേൽക്കുമ്പോൾ ഒരു നിമിഷം ആ കണ്ണുകൾ ഈറനണിഞ്ഞു. !
പതിയെ കൂട്ടുകാരനോടൊപ്പം മുന്നോട്ട് നടക്കുമ്പോൾ ഒരു കാലം പങ്കുവെച്ച പ്രണയത്തിന്റ ഓരോ നിമിഷവും അവനിൽ തെളിയുന്നുണ്ടായിരുന്നു.
” ഡാ…. എത്തി…അവളുടെ വീടെത്തി “
കൂട്ടുകാരന്റെ ശബ്ദം കാതുകളെ സ്പർശ്ശിച്ചപ്പോൾ അവൻ ഓർമ്മകളുടെ മായികലോകത്തു നിന്നും യാഥാർഥ്യത്തിന്റെ കണ്ണീർനനവുകളിലേക്ക് തിരികെ വരുമ്പോൾ കൂട്ടുകാരൻ ചോദിക്കുന്നുണ്ടായിരുന്നു ” ശ്യാമേ… നീ… ഒന്നുകൂടി ആലോചിച്ചു… “
അവൻ കൂടുതലെന്തെങ്കിലും പറയുംമുന്നേ കൈ ഉയർത്തി തടഞ്ഞുകൊണ്ട് പോക്കറ്റിൽ കരുതിയ മഞ്ഞചരടിൽ കോർത്ത താലി പുറത്തേക്കെടുക്കുമ്പോൾ കണ്മുന്നിൽ രേഷ്മ ഉണ്ടായിരുന്നു.
കുളിച്ചു കുറി തൊട്ട് തുളസിക്കതിർ ചൂടി സെറ്റുസാരിയിൽ ഒരു മാലാഖയെ പോലെ..
അവന്റെ ചുണ്ടുകളിൽ വിരിഞ്ഞ പുഞ്ചിരിയിൽ ലയിക്കുംപോലെ നിൽക്കുന്ന അവൾക്കരികിലേക്ക് നടക്കുമ്പോൾ പിന്നിൽ കൂട്ടുകാരനോടൊപ്പം രേഷ്മയുടെ മാതാപിതാക്കളും ഉണ്ടായിരുന്നു ആ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ.
ശ്യാം അവൾക്കരികിലെത്തുമ്പോൾ രേഷ്മയുടെ മൗനം വല്ലാതെ സങ്കടപ്പെടുത്തിയത് അവളുടെ മാതാപിതാക്കളെ ആയിരുന്നു.
അവരുടെ നേർത്ത വിങ്ങലുകൾ ആ നിമിഷങ്ങൾക്ക് മങ്ങലേൽപ്പിക്കുമ്പോൾ അതൊന്നും ശ്രദ്ധിക്കാതെ ശ്യാം അവളിൽ താൻ കരുതിയ താലി ചാർത്തി.പിന്നെ അവളിലേക്കെന്നപോലെ ആലിംഗനം ചെയ്തുകൊണ്ട് രണ്ട് തുളളി കണ്ണുനീർ പൊടിക്കുമ്പോൾ ആ നിമിഷങ്ങളുടെ വികാരങ്ങളിലേക്ക് ഒരു മഴ ചാറിതുടങ്ങി.
” ടാ, വാ… മഴ വരുന്നു ” എന്നും പറഞ്ഞു കൂട്ടുകാരൻ അവന്റെ കയ്യിൽ പിടിക്കുമ്പോൾ അടർത്തിമാറ്റാൻ കഴിയാത്ത ആലിംഗനത്തിൽ എന്നപോലെ അവൻ ഒന്നുകൂടി അവളിലേക്ക് അണയുമ്പോൾ പിറകിൽ പൊട്ടിക്കരയുന്ന മാതാപിതാക്കൾ വിതുമ്പി പറയുന്നുണ്ടായിരുന്നു
” നിങ്ങൾ ഇത്രക്ക് ഇഷ്ട്ടമാണെന്ന് അറിഞ്ഞില്ലല്ലോ മക്കളെ. അത് അറിയിക്കാൻ അല്ലെ ന്റെ മോള് ഞങ്ങളെ വിട്ട് പോയത്. ഇപ്പോൾ അവളുടെ കുഴിമാടത്തിൽ നീ ചാർത്തിയ താലി അന്ന് അവളുടെ കഴുത്തിൽ ചാർത്താൻ ഞങ്ങൾ സമ്മതിച്ചിരുന്നെങ്കിൽ ന്റെ കുട്ടി സന്തോഷത്തോടെ ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നല്ലോ ” എന്ന്.
അത് കേട്ട് അവൻ ഒന്നുകൂടി ആ കുഴിമാടത്തിലേക്ക് ചേർന്ന് കിടന്ന് വിങ്ങിപ്പൊട്ടി.
” എന്നും നീ മതി പെണ്ണെ എന്റെ ജീവന്റെ പാതിയായിട്ട്. ” എന്നും പറഞ്ഞ് ആർത്തലച്ചു കരയുമ്പോൾ ആ കണ്ണുനീരിനെ മാരോട് ചേർക്കാൻ മഴ പേമാരിപോലെ അവരിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു. !