രചന: ബദറുൽ മുനീർ പി കെ
വിനോദ സഞ്ചാരികളെ സ്വീകരിക്കുന്ന തിരക്കിലാണ് പൈൻമരങ്ങളെല്ലാം ഇളം കാറ്റിൽ അവ ആടിയുലഞ്ഞ് ഓരോ സഞ്ചാരിയെയും കൊടൈക്കനാലിന്റെ വശ്യസുന്ദരതയിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു.
‘നജു… നീയെന്താ ഇങ്ങനെ നോക്കി നിൽക്കുന്നെ.. നീ വാ.. നമുക്ക് ഐസ്ക്രീം വാങ്ങാൻ പോകാം.. ‘
മേഘ അവളുടെ കൈ പിടിച്ചു ഐസ്ക്രീം കടയിലേക്ക് പോകാൻ ഒരുങ്ങി.
‘എനിക്ക് ഒന്നും വേണ്ടെടി. നീ വാങ്ങി വാ.. ‘
‘എന്നാലും.. plzz..നിന്നെ ഇങ്ങനെ കാണാൻ എനിക്ക് വയ്യടി… ‘
മേഘ അവളുടെ വിഷമം കണ്ട് സങ്കടത്തോടെ പറഞ്ഞു.
‘മേഘ… എനിക്ക് കഴിയുന്നില്ലടി ഇങ്ങനെ ജീവിക്കാൻ.. ആർക്കോ വേണ്ടി ഞാനിനി എന്തിനു ജീവിക്കണം.. ഈ താഴ്ചയിലേക്ക് എടുത്തു ചാടി എന്റെ ജീവിതം അവസാനിപ്പിച്ചാലോ എന്നാലോചിക്കുകയാണ് ഞാൻ..’
മേഘ അവളെ അമ്പരപ്പോടെ നോക്കി.
‘നീ എന്തൊക്കെയാടി പറയുന്നേ.. നീ ഇപ്പഴും അവനെ ഓർത്തിരിക്കുവാണോ.മരിച്ചവർ ഇനി ഏതായാലും വരത്തില്ല.. പിന്നെ നീയെന്തിനാ നിന്റെ ജീവിതം ഇങ്ങനെ പാഴാക്കി കളയുന്നെ.. ‘
‘എനിക്ക് ജീവിക്കാനെ തോന്നുന്നില്ലടി..അന്ന് എന്റെ നിയാസ്ക്കന്റെ വണ്ടി മറിഞ്ഞതു ഈ താഴ്ചയിലേക്കായിരുന്നു..
അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു.
നീ അതൊന്നും ഓർത്തു കരയല്ലേ.. എല്ലാം കഴിഞ്ഞില്ലേ.. വിധി.. അല്ലാതെന്തു പറയാൻ… !
‘നിനക്കതു പറയാം.. പക്ഷെ എന്റെ ജീവന്റെ പാതിയായി കണ്ട എന്റെ നിയാസ്ക്കാനെ മറക്കാൻ എന്നെ കൊണ്ട് കഴിയുന്നില്ലടി.. എന്റെ മനസ്സ് ഇങ്ങനെ ഉരുകി തീരാനായിരിക്കും വിധി. ‘
നജ്ലാക്ക് തന്റെ കണ്ണുനീരിനെ നിയന്ത്രിക്കാനായില്ല.
+2 വിന് പഠിക്കുവാണ് രണ്ടു പേരും.കൂട്ടുകാരുമൊത്തുള്ള ടൂർ സന്തോഷമായിരിക്കേണ്ട സ്മയത്ത് നജ്ല പഴയ ഓർമകളെയും ഓർത്തു വിഷമിച്ചിരിക്കുവാണ്..
‘കുട്ടികളെ..എല്ലാവരും വേഗം ബസ്സിൽ കയറു. ‘ അനിൽ സർ വിളിച്ചു പറഞ്ഞു.
‘നജു.. വാ.. നമുക്ക് ബസ്സിൽ കയറാം.’നജു തലയും താഴ്ത്തി ഒന്നും മിണ്ടാതെ മേഘക്കൊപ്പം ബസ്സിന്റെ അടുത്തേക്ക് നടന്നു.
‘മേഘ.. എന്തുപറ്റി നജ്ലാക്ക്.. ? മുഖത്തു ഒട്ടും സന്തോഷമില്ലല്ലോ.. ‘ അനിൽ സർ ചോദിച്ചു. ‘അത്.. സർ അവൾക്കു ചെറിയൊരു തലവേദന. ‘ ‘ഓഹ്.. വല്ല ബുദ്ധിമുട്ടും ഉണ്ടെങ്കിൽ പറയണം. ‘
‘ശരി സർ’
ബസ് മുന്നോട്ടു നീങ്ങി കൊണ്ടിരുന്നു. ചുരം കയറി മുകളിലേക്ക് പോകുന്തൊറും തണുപ്പ് അവരെ പൊതിഞ്ഞു കൊണ്ടിരുന്നു. മുകളിൽ എത്തിയപ്പോൾ പ്രകൃതി കാഴ്ചകൾ കാണാൻ ബസ് ഒരിടത്തു സൈഡ് ആക്കി.
‘വല്ലതും വാങ്ങാൻ ഉണ്ടെങ്കിൽ ഇവിടുന്നു തന്നെ വാങ്ങിക്കോളു മക്കളെ..’ രമ്യ ടീച്ചർ അടുത്ത് കണ്ട കടകളിലേക്ക് നോക്കികൊണ്ട് കുട്ടികളോട് പറഞ്ഞു.
‘നജു.. നമുക്ക് കുറച്ചു ചോക്ലേറ്റ്സ് വാങ്ങാം’ മേഘ അവളുടെ കൈയും വലിച്ച് അടുത്തു കണ്ട കടയിലേക്ക് നടന്നു.
‘മോളെ വല്ലതും തരണേ.. ‘
താടിയും മുടിയും വളർന്നു കീറിപ്പറിഞ്ഞ വസ്ത്രങ്ങളും ധരിച്ച ഒരു യാചാകന്റെ കൈ അവരുടെ മുന്നിലേക്ക് നീണ്ടു. പെട്ടെന്ന് തന്നെ അയാൾ അവരുടെ പണത്തിനു കാത്തു നിൽക്കാതെ ഒരു വടിയും പിടിച്ചു നടന്നകന്നു. അയാളുടെ ഇടതു കാൽ മുട്ടിനു താഴെ മുറിച്ചു മാറ്റിയിരുന്നു. മുഖം ഒക്കെ ആകെ കരുവാളിച്ചു കറുത്തിരുന്നു.
‘അയാളെന്തേ പോയത്.. പൈസ വേണ്ടേ ആവോ.. ‘
മേഘ അയാൾക്ക് നൽകാനായ് എടുത്ത കാശ് തിരികെ പേഴ്സിലിട്ടു. തന്റെ കണ്ണുകളെ തന്നെ വിശ്വസിക്കാൻ കഴിയാതെ തരിച്ചിരിക്കുവാണ് നജ്ല.
‘നിയാസ്ക്കാ… ‘എന്നു വിളിച്ചു അയാൾക്ക് പിറകെ ഓടുന്ന നജ്ലാനെയാണ് പിന്നെ മേഘക്ക് കാണാൻ കഴിഞ്ഞത്. നിയാസ്ക്കാ… അവൾ അയാൾക്ക് ഒപ്പം ഓടിഎത്തി. ഇനി തന്റെ ഒറ്റക്കാലിനാൽ നടക്കാൻ കഴിയില്ലാന്ന് ഉറപ്പായതോടെ അയാൾ അവിടെ നിന്നു.
‘ നിയാസ് ക്കാ എന്തിനെന്നിൽ നിന്നും ഓടിയകലുന്നു..?
അവൾ അയാളുടെ കൈയിൽ പിടിച്ചു പൊട്ടിക്കരഞ്ഞു. അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായ് ഒഴുകി.. ‘നിയാസ് ക്കാ ഇങ്ങളെന്തെങ്കിലും പറയീ.. ‘ മേഘ അപ്പോഴേക്കും അവൾക്ക് അടുത്തെത്തി..
‘നജു.. ഇത്… ‘
‘എടീ.. ഇതെന്റെ നിയാസ് ക്കാ ആണെടോ.. ‘
‘നജു.. നീ പൊയ്ക്കോ.. ‘
അയാൾ തന്റെ കൈകൾ അവളുടെ കൈകളിൽ നിന്ന് വേർപെടുത്താൻ ശ്രമിച്ചു.
‘നിയാസ് ക്കാ.. നിങ്ങളെ തേടി മാത്രമാണ് ഞാനിവിടെ വന്നത്.. നിങ്ങൾ ജീവനോടെ ഉണ്ടെന്നു എന്റെ മനസ്സ് പലപ്പോഴും മന്ത്രിച്ചിരുന്നു.. ദൈവം ഇപ്പൊ ന്റെ പ്രാർത്ഥന കേട്ടു.. നിങ്ങളില്ലാതെ ഞാനിവിടുന്നു പോകില്ല. ഞാൻ യാസിർക്കാക്ക് വിളിക്കട്ടെ.. ‘
ഒരു ഭിക്ഷക്കാരന്റെ അടുത്ത് നിന്ന് നജ്ല കരയുന്നത് കണ്ട് ടീച്ചേഴ്സും മറ്റു കുട്ടികളും ഓടി വന്നു.
‘നജ്ല…ആരാണ് ഇയാൾ… എന്താണ് ഇവിടെ.. ?
‘സർ, കഴിഞ്ഞ വർഷം ഇവിടെ വെച്ച് നടന്ന ആക്‌സിഡന്റ് ഓർക്കുന്നുണ്ടോ.. നമ്മുടെ അടുത്തുള്ള കോളേജിൽ നിന്നുള്ള നാലു പേർ.. അന്ന് അവരിൽ മൂന്നു പേരുടെ ബോഡി പോലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നു. പക്ഷെ ഒരാൾ ജീവനോടെ ഉണ്ടോന്നു പോലും അന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. അയാൾ ആണിത്. നിയാസ്, നജ്ലാന്റെ കസിൻ. ‘
മേഘ അവരോട് പറഞ്ഞു. നജ്ലാന്റെ മനസ്സ് കുറച്ചു മാസങ്ങൾക്ക് പിറകിലെക്ക് ഓടി മറഞ്ഞു……
നിയാസ്… അല്ല തന്റെ നിയാസ്ക്കാ.. ഉമ്മാന്റെ വീടിന്റെ തൊട്ടടുത്തുള്ള വീടാണ് അദ്ദേഹത്തിന്റെതു. ഉമ്മയുടെ അടുത്ത ബന്ധത്തിലെ കുടുംബക്കാർ. നാലുമക്കളിൽ രണ്ടാമത്തെ ആൾ.. നിയാസ്കന്റെ അനിയത്തി റിഫ മോൾ.. മൂന്ന് ആങ്ങളമാരുടെ കുഞ്ഞു പെങ്ങൾ.. ഉമ്മാന്റെ വീട്ടിൽ വന്നാൽ റിഫ മോളുടെ അടുത്ത് പോകാതിരുന്നിട്ടില്ല. നജു ഉമ്മ വീട്ടിൽ വന്നാൽ നജുത്താ ന്ന് വിളിച്ചു ഓടി വരും. ഒരു ഇത്താത്ത ന്റെ സ്നേഹം കിട്ടാത്തത് കൊണ്ടോ എന്തോ ആവോ അവൾക്കു നജു നെ നല്ല ഇഷ്ട്ടായിരുന്നു. വെളുത്തു നല്ല സുന്ദരി കുട്ടി. അവളുടെ വീട്ടുകാർ പൊതുവെ വെളുത്തു നല്ല ഭംഗി ഉള്ളവർ ആയിരുന്നു. എന്നാ ഞാൻ അത്ര ഭംഗി ഒന്നും ഇല്ലാട്ടോ .. ഇരു നിറം. എന്തോ.. അവരുടെ വീട്ടിൽ പോകാൻ എന്റെ എനിക്ക് വല്യ ഇഷ്ട്ടായിരുന്നു. നമ്മളെ നിയാസ് അങ്ങനെ ആരോടും മിണ്ടിയിരുന്നില്ല.എന്നേക്കാൾ മൂന്നു വയസ്സിനു മൂത്തതു. നല്ല സ്വഭാവം ആണെന്നാണ് എല്ലാരും പറയുന്നേ. തന്റെ മനസ്സിൽ താൻ പോലും അറിയാതെ അയാളോട് ചെറിയൊരു ഇഷ്ടം തോന്നിതുടങ്ങി എന്നു അവൾക്കു വൈകാതെ മനസ്സിലായി. പക്ഷെ തന്റെ മോഹങ്ങൾ ഒന്നും ഈ ജന്മത്തിൽ നടക്കില്ലന്നറിയാം. കാരണം അവരുടെ പോലെ നല്ല ഭംഗിയോ സമ്പാദ്യമോ അവൾക്കുണ്ടായിരുന്നില്ല. എല്ലാവരെയും ആത്മാർഥമായി സ്നേഹിക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളു.
അങ്ങനെയിരിക്കെയാണ് നിയാസ് ക്ക ഫ്രണ്ട്‌സ് ന്റെ കൂടെ ടൂറിനു എന്നു പറഞ്ഞു കൊടൈക്കനാലിലെക്ക് പോയത്. നിയാസ്ക്കയും മറ്റു മൂന്നു പേരും ചേർന്ന് നാല് പേർ ഒരു കാറിലായിരുന്നു. യാത്ര തിരിച്ചു ചുരം ഇറങ്ങിയപ്പോൾ ആണ് വണ്ടിയുടെ ബ്രേക്ക് പോയി വണ്ടി ചുരത്തിൽ നിന്ന് അഗാധമായ ഗർത്തം പോലുള്ള താഴെക്ക് പതിച്ചതു. പോലീസും ഫയർഫോഴ്‌സും ഒക്കെ ചേർന്ന് തിരച്ചിൽ നടത്തി. മൂന്ന് പേരുടെ ബോഡി കിട്ടി. അതെല്ലാം തിരിച്ചറിയാൻ കഴിയാത്ത വിധം ആയിരുന്നു. ഒരുപാട് തിരഞ്ഞെങ്കിലും നിയാസ് ക്കാടെ ബോഡി പോലീസിന് അന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. ഏതായാലും ജീവനോടെ ഇനി ഉണ്ടാകില്ല എന്നായിരുന്നു പോലീസിന്റെ നിഗമനം.ആ വാർത്ത ഞാൻ കേട്ടപ്പോൾ ആകെ തളർന്നു. ഒരിക്കലും നിനച്ചിരിക്കാതെ ഇങ്ങനെ ഒരു ദുരന്തം.. !
‘പടച്ചോനെ… എന്റെ നിയാസ്ക്കാനെ നീ കാത്തോളണേ…. ‘
അന്ന് വൈകിട്ട് ഉമ്മ ആകെ വിഷമിച്ചാ വന്നത്.
‘ഉമ്മ.., നിയാസ്ക്കാനെ പറ്റി വല്ല വിവരോം… ?’
ഞാൻ ആകാംഷയോട് കൂടെ ചോദിച്ചു.
‘ഇല്ല മോളെ.., പോലീസും ഫയർഫോഴ്സും ആകെ തിരഞ്ഞു. പക്ഷെ ഓനെക്കുറിച്ച് ഒരു വിവരൂല്ല. ഇന്ന് രാത്രിയോടെ തിരച്ചിൽ നിർത്തൂന്നാപറഞ്ഞെ.ഏതായാലും ഇനി ജീവനോടെ കിട്ടുലാ ന്നാ പറയണേ.. പടച്ചോന്റെ ഓരോ പരീക്ഷണങ്ങൾ… അല്ലാതെന്താ പറയാ..
ഉമ്മാന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. എല്ലാരുടെയും പോലെ ഉമ്മാക്കും നിയാസ്ക്കാനെ നല്ല ഇഷ്ടായിരുന്നു.
‘ഇപ്പൊത്തെ കാലത്തു ഇങ്ങനത്തെ കുട്ടികളെ കാണാൻ പാടാണെന്ന് ഒരിക്കൽ ഉമ്മ ഉപ്പാനോട് പറയ്ണെ കേട്ടിട്ടുണ്ട്. മോശം കൂട്ടുകെട്ടുകളൊന്നും ഇല്ലാത്ത നിയാസക്കാനെ ആരായാലും ഒന്ന് ഇഷ്ടപ്പെടുമായിരുന്നു. ഉമ്മാന്റെ വാക്കുകൾ കേട്ടപ്പോൾ എനിക്ക് എന്നെ തന്നെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. ഞാൻ വേഗം റൂമിൽ വാതിൽ അടച്ചു പൊട്ടിക്കരഞ്ഞു. പടച്ചോനോട് സുജൂതിൽ കിടന്നു കരഞ്ഞു പറഞ്ഞു.. എന്റെ നിയാസ്കാനെ ജീവനോടെ തിരിച്ചു കിട്ടാൻ.
പിറ്റേ ദിവസം ഉമ്മാന്റെ കൂടെ ഞാൻ നിയാസ്ക്കന്റെ വീട്ടിൽ പോയി. അവിടെ ആകെ മൂകമായൊരു അന്തരീക്ഷം .ആകെ കരഞ്ഞുതളർന്നിരിക്കുവാണ് യാസിർക്കയും സുലൈമാനിക്കയും. നിയാസ്ക്കന്റെ ഉമ്മ ജമീലതാത്ത ബോധം പോയിട്ട് ആശുപത്രിയിൽ ആണെന്ന് അവിടെ ആരോ പറയുന്നത് കേട്ടു. റിഫ മോളും ആകെ കരഞ്ഞു അവശയായിരുന്നു. അവൾക്ക് നിയാസ്ക്കാ ജീവനായിരുന്നു. അവിടെ അവരെയെല്ലാം അങ്ങനെ കണ്ടു നിൽക്കാൻ എന്നെ കൊണ്ട് കഴിയുമായിരുന്നില്ല. എന്റെ മനസ്സും ആകെ തളർന്നിരുന്നു. നിയാസ്ക്കന്റെ പെട്ടെന്നുള്ള വേർപാട് ആർക്കും താങ്ങാൻ കഴിയുമായിരുന്നില്ല. പിന്നെ അദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. പതിയെ പതിയെ എല്ലാവരും കഴിഞ്ഞതൊക്കെ മറന്നുതുടങ്ങി. പക്ഷെ ആദ്യമായിട്ടും അവസാനമായിട്ടും ഞാൻ ജീവനെക്കാളെറെ സ്നേഹിച്ച നിയാസ്ക്കാനെ എനിക്ക് മാത്രം മറക്കാൻ കഴിയുമായിരുന്നില്ല. എന്റെ ഉറ്റ സുഹൃത്ത് എന്നതിലുപരി എന്റെ മനസ്സിന്റെ പാതിഎന്നു വിശേഷിപ്പിക്കാവുന്ന മേഘക്ക് മാത്രമേ എന്റെ പ്രണയം അറിയുമായിരുന്നുള്ളൂ. പിന്നീടുള്ള എന്റെ മൗനം അവളെ കൂടി വേദനിപ്പിച്ചു.
+2 വിലെ ടൂർ കൊടൈക്കനാലിലെക്കാണെന്നറിഞ്ഞപ്പോൾ എന്റെ നിയാസ്ക്ക അവസാനമായി സന്ദർശിച്ച ഇടം കാണാൻ ഞാൻ ഒരുപാട് കൊതിച്ചു. അങ്ങനെ എത്തിയതായിരുന്നു ഇവിടെ. അതിനിടെ അപ്രതീക്ഷിതമായി നിയാസ്ക്കാനെ കണ്ടു മുട്ടിയതും..
ഫോൺ റിങ് അടിക്കുന്നത് കേട്ടാണ് അവൾ ഓർമകളിൽ നിന്നും ഉണർന്നതു. മറുതലക്കൽ യാസിർക്ക ആയിരുന്നു.
‘ഹലോ.. യാസിർക്ക..
‘ഹലോ.. നജു മോളു.. നീ അവിടെ എത്തിയോ.. ?
‘ഇപ്പൊ എത്തിയതേ ഉള്ളു. പിന്നെ ഒരു ഗുഡ് ന്യൂസ്. നമ്മുടെ നിയാസ് ക്ക ജീവനോടെ ഉണ്ട്.. ഇപ്പൊ ന്റെ അടുത്തുണ്ട്.
അവൾ സന്തോഷത്താൽ ഉറക്കെ വിളിച്ചു പറഞ്ഞു.
‘എന്ത്…. !!!
യാസിർക്ക ആകെ അത്ഭുതപ്പെട്ടു. കേട്ടത് വിശ്വസിക്കാനാവാതെ അയാൾ അവൾ പറയുന്ന വാക്കുകൾക്കായി കാതോർത്തു.
‘അതെ.. ഇക്ക. നിയാസ് ക്ക ഇപ്പൊ ന്റെ അടുത്തുണ്ട്. ഞാൻ ഫോൺ കൊടുക്കാം.
‘ഹലോ.. അസ്സലാമുഅലൈക്കും ഇക്കാ..
നിയസിന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.
‘വലൈക്കുമുസ്സലാം.. നിയാസെ.. അനക്ക് സുഖം അല്ലേടാ..
അയാളുടെ വാക്കുകൾ സന്തോഷത്താൽ ഇടറി.
‘സുഖം തന്നെ ഇക്കാ…
നജു ഫോൺ നിയാസിന്റെ അടുത്തുന്നു വാങ്ങി.
‘ഹലോ.. യാസിർക്ക. നിയാസ്ക്കാനെ കണ്ടെത്തിയ വിവരം ആരും അറിയണ്ട ട്ടോ. അവർക്കെല്ലാം ഒരു സർപ്രൈസ് ആയിക്കോട്ടെ.. ഞങ്ങൾ ഇന്ന് വൈകുന്നേരം തന്നെ ഇവിടുന്നു തിരിച്ചു പോരും. അവിടെ എത്തിയിട്ട് ഞാൻ വിളിക്കാം ട്ടോ..
‘ശരി.. മോളെ..
‘ഏതായാലും സന്തോഷമായില്ലേ നജ്ലാ.. നമുക്ക് ഇവിടെ അടുത്തൊരു ഹോട്ടലിൽ റൂം എടുക്കാം. നിയാസിന്റെ താടീം മുടീം ഒക്കെ വെട്ടി സുന്ദരനാക്കണ്ടേ..
അനിൽ സർ അവളോട് പറഞ്ഞു. ഒരു കയ്യിൽ ഊന്നു വടിയും മറു കയ്യിൽ നജ്ലാന്റെ കയ്യും പിടിച്ചു അവൻ ബസ്സിൽ കയറി. അവിടെ അടുത്തൊരു ഹോട്ടൽ കണ്ടപ്പോൾ ബസ് അവിടെ നിർത്തി.
‘അവനൊന്നു കുളിച്ചു ഫ്രഷ് ആയിക്കോട്ടെ. ഇതാ.. ന്റെ പാന്റും ഷർട്ടും. അവനത് കൊടുത്തള.
മാത്‍സ് സർ ആയ ഹമീദ് സർ പാന്റും ഷർട്ടും അവൾക്ക് കൊടുത്തു. ഹമീദ് സാറിനോട് അവൾക്കു എന്തെന്നില്ലാത്ത ബഹുമാനം തോന്നി.
‘നിയാസ്ക്ക.. ഇങ്ങള് ഫ്രഷ് ആയി ഈ ഡ്രസ്സ് ഇട്ടോളൂ..
അവൾ ഡ്രസ്സ് അവനു കൊടുത്തു.
‘പിന്നെ.. അന്ന് പോലീസ് എല്ലാം കുറെ തിരഞ്ഞിട്ടും ഇങ്ങളെ കിട്ടീലല്ലോ.. പിന്നെ ഇങ്ങളെങ്ങനെ രക്ഷപെട്ടു.. ?
‘അതൊക്കെ വല്യ കഥയാ പെണ്ണെ..
‘അതു സാരല്ല.. ഇങ്ങള് ചുരുക്കി പറഞ്ഞ മതി.
‘ഓക്കേ.. എനിക്ക് ബോധം ബോധം കെട്ടിയപ്പോൾ ഞാൻ കുറെ ആദിവാസികളുടെ അടുത്താണ്. അവർ ന്റെ മുറിവ് ഒക്കെ പച്ച മരുന്ന് കൊണ്ട് കെട്ടിയിരുന്നു. ഞാൻ എണീക്കാൻ നോക്കിയപ്പോ ആണ് ഞാനാ സത്യം മനസ്സിലാക്കിയതു. എന്റെ ഇടതു കാലിന്റെ മുട്ടിനു താഴെ മുറിച്ചു മാറ്റിയത് എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല. അവർ കാട്ടിലുടെ പോയപ്പോൾ ആണ് ബോധമില്ലാതെ ഞാൻ കിടക്കുന്നതു കണ്ടത്. അവിടെ ഉള്ളൊരു ഹോസ്പിറ്റലിൽ കൊണ്ടാക്കി. മുട്ടിനു താഴെ മുറിച്ചു മാറ്റുകയല്ലാതെ മറ്റു വഴികളില്ലെന്നു ഡോക്ടർ പറഞ്ഞു. കാരണം വണ്ടി മറിഞ്ഞപ്പോൾ ന്റെ കാൽ അതിനിടയിൽ കുടുങ്ങി ആകെ ചതഞ്ഞ് ഒന്നും ചെയ്യാൻ കഴിയാത്ത വിധം ആയിരുന്നു. അപ്പോഴൊന്നും എനിക്ക് ബോധം ലഭിച്ചിരുന്നില്ല. ആ നല്ല മനുഷൃർ അന്ന് എന്നെ രക്ഷിച്ചിരുന്നില്ലെങ്കിൽ എന്റെ കൂട്ടുകാരുടെ പോലെ ഞാൻ ഇന്ന് ആറടി മണ്ണിനു താഴെ ആയിരിക്കും..’ നിയസിന്റെ കവിളിലുടെ കണ്ണുനീർ ഒഴുകി. ഒപ്പം അവളും കരയുകയായിരുന്നു.
‘പിന്നെ ജീവിക്കാൻ ഭിക്ഷ യാചിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലായിരുന്നു. ഞാൻ മരിച്ചിരിക്കും എന്ന് എല്ലാവരും കരുതിയിട്ടുണ്ടാകുമെന്നു ഞാൻ വിശ്വസിച്ചു. ഈ ഒറ്റക്കാലും കൊണ്ട് അവരുടെ അടുത്ത് പോകാൻ എന്റെ മനസ്സനുവദിച്ചില്ല. പതിയെ.. പതിയെ. ഞാനെല്ലാം മറന്നു വരികയായിരുന്നു. എന്റെ വീട്ടുകാരെയും.. എന്റെ നാടിനെയും.. അങ്ങനെ എല്ലാം…എന്റെ ജീവിതം ഇങ്ങനെ ആരോരുമില്ലാതെ ഭിക്ഷയാചിച്ചു തീരാനായിരിക്കും വിധി എന്ന് ഞാൻ എന്റെ മനസ്സിനെ സമാധാനിപ്പിച്ചിരുന്നു. എന്റെ മോഹങ്ങളും സ്വപ്നങ്ങളും എല്ലാം ഉപേക്ഷിച്ചു. എന്നെ പടച്ച നാഥനോട് എന്നും നന്ദി മാത്രമാണുള്ളതു..എന്നെ രക്ഷിച്ചതിന്.. നിന്റെ അടുത്തേക്ക് കൈ നീട്ടിയപ്പോൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല നിന്നെ. നിന്നെ കണ്ട പാടെ എനിക്കെല്ലാം ഓർമ വരാൻ തുടങ്ങി. ഞാൻ നിന്നിൽ നിന്നും ഓടിയകലുകയായിരുന്നു…’
അവൻ പറഞ്ഞു നിർത്തി.
നിയാസ്ക്കാ.. ഞാനൊരു കാര്യം ചോദിച്ചോട്ടെ.. ചിലപ്പോൾ ന്റെ അതിമോഹം ആയിരിക്കും. കാഴ്ച്ചയിൽ ഞാൻ അത്ര ഭംഗി ഒന്നും ഇല്ല. പക്ഷെ എനിക്ക് സ്നേഹിക്കാൻ മാത്രമറിയുന്ന ഹൃദയമുണ്ട്. ഞാൻ ന്റെ നിയാസ്ക്കാനെ സ്നേഹിച്ചോട്ടെ മരണം വരെ.. എനിക്കാ ഹൃദയത്തിൽ ചെറിയൊരു ഇടം തരാമോ.. ?
നജ്ല ഒഴുകി വരുന്ന കണ്ണുനീർ തുടച്ചു. അവൾ പറയുന്നത് വിശ്വസിക്കാൻ കഴിയാതെ നിൽക്കുവാണവൻ. ഒരു പെണ്ണ് ഇനി തന്റെ ജീവിതത്തിൽ ഇല്ലാന്ന് അവൻ മനസ്സാൽ കണക്കു കൂട്ടിയതാണ്. അല്ലെങ്കിലും ഒറ്റക്കാലന് ആര് പെണ്ണ് കൊടുക്കാൻ.. !!!
‘നജു . എന്താ നീ പറയുന്നേ.. ഈ ഒറ്റക്കാലനെ പ്രേമിക്കാനോ.. !!നിന്നെ തേടി എത്രയോ നല്ല ആളുകൾ വരും.. എന്റെ ജീവിതം ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ദൈവം വിധിച്ചതല്ലെ..നിന്നെ കൂടി ഇനി എനിക്ക് വിഷമിപ്പിക്കാൻ ആവില്ല പെണ്ണെ.. നീ വെറുതെ നിന്റെ ലൈഫ് പാഴാക്കികളയണ്ട… ‘
‘നിയാസ്ക്കാ… ഞാൻ നിങ്ങളെ നല്ല മനസ്സിനെയാണ് ഇഷ്ടപ്പെട്ടതു. നിങ്ങൾക്കറിയില്ല.. എന്നു തുടങ്ങിയതാണെന്റെ ഇഷ്ടം. ചെറുപ്പം മുതലേ നിങ്ങൾ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. നിങ്ങളെ സങ്കൽപ്പത്തിൽ ഒരിക്കലും എന്നെ പോലൊരു പെണ്ണ് ഉണ്ടാകില്ലന്നറിയാം. കാരണം ഞാൻ അത്രക്ക് സുന്ദരി ഒന്നും അല്ലല്ലോ..എന്നാലും ഞാൻ അതിമോഹിച്ചു നിങ്ങളെ സ്നേഹം ലഭിക്കാൻ. ആരോരുമറിയാതെ നിങ്ങളെ സ്നേഹിച്ചു. നിങ്ങൾക്ക് ആക്‌സിഡന്റ് പറ്റിയ അന്ന് ഞാനെത്ര കരഞ്ഞുന്നറിയോ.. !നിങ്ങളില്ലാത്ത ലോകം എനിക്കും വേണ്ടെന്നു പോലും ഞാൻ കരുതി. നിങ്ങൾ അവസാനമായി സന്ദർശിച്ച സ്ഥലത്തേക്ക് ആണ് ടൂർ എന്നറിഞ്ഞപ്പോൾ ഞാൻ ഒരുപാട് മോഹിച്ചു എന്റെ നിയാസ്ക്ക അവസാനമായി കണ്ട സ്ഥലങ്ങൾ എനിക്കും കൂടെ കാണാൻ. നിങ്ങളെ ഞാൻ ജീവനേക്കാളെറെ സ്നേഹിച്ചു പോയി.. നിങ്ങളല്ലാതെ മറ്റൊരാൾ എന്റെ കഴുത്തിൽ മഹർ ചാർത്താൻ ഞാൻ സമ്മതിക്കില്ല… ‘
അവൾ നിയസിന്റെ കൈ പിടിച്ചു കൊച്ചു കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞു.
‘നജു.. കരയല്ലേ.. നിന്റെ ഭാവി ഓർത്തിട്ടാ ഞാൻ അങ്ങനെ പറഞ്ഞെ.. എനിക്കും ഇഷ്ട്ടാ നജു.. നിന്നെ ഒരുപാട്…. ‘
‘ഇക്കാ.. ഒരു പെണ്ണ് ആത്മാർത്ഥമായി ഒരാളെ സ്നേഹിച്ചാൽ അവനോരു ദുരന്തം ഉണ്ടാകുമ്പോൾ തന്റെ ഭാവി ഓർത്തു അവനെ ഉപേക്ഷിക്കുകയല്ല ചെയ്യുക.. പകരം അവൻ തളരാതെ അവനൊരു താങ്ങായി അവന്റെ കൂടെ നിൽക്കുകയാണ് ചെയ്യുക…!!
‘ആഹാ.. എന്താ ഇവിടെ.. നിന്റെ നിയാസ്ക്കാ ഇപ്പഴും കുളിച്ചില്ലേ പെണ്ണേ… !!
ഒരു കള്ളച്ചിരിയോടെ മേഘ റൂമിലോട്ടു വന്നു.
‘നിയാസ്ക്കാ.. ദേ.. വേഗം പോയി ഫ്രഷ് ആയി വരൂ…
ഒരു ഭാര്യയുടെ സ്ഥാനത്തെന്ന പോലെ അവൾ അവനോടു പറഞ്ഞു. അവൻ ചെറുതായി ഒന്ന് ചിരിച്ചു കുളിമുറിയിലേക്ക് കയറി.
‘ന്റെ.. നജു കുട്ടീ . ഇപ്പോ അനക്ക് സന്തോഷായില്ലേ.. എത്ര കാലമായെടി നീ ഇങ്ങനെ ചിരിക്കുന്നത് കണ്ടിട്ട്..
മേഘയും അവളുടെ സന്തോഷത്തിൽ പങ്കുചേർന്നു. ഒരു വർഷത്തിന് ശേഷമാണ് മേഘ അവളെ ഇത്ര സന്തോഷത്തോടെ കാണുന്നത്..കൊടൈക്കനാലിന്റെ പ്രകൃതി രമണീയത കണ്ട് അവർ വൈകുന്നേരമായപ്പോഴേക്കും യാത്ര തിരിച്ചു. തന്റെ നാട്ടിലേക്കു.. തന്നെ ജീവനേക്കാളെറെ സ്നേഹിക്കുന്ന ഉമ്മയുടെയും ഉപ്പയുടെയും അടുത്തേക്ക്.. കൂടെ തന്നെ ജീവനെ പോലെ സ്നേഹിക്കുന്ന പെണ്ണും.. ഒറ്റക്കാലനാണെന്നറിഞ്ഞിട്ടും അതിനു പകരം തന്റെ രണ്ടു കാലുകളുണ്ടല്ലോ എന്ന് പറഞ്ഞ് തന്നെ പ്രാണനായി കണ്ട പെണ്ണ്… യഥാർത്ഥത്തിൽ ഇവളാണ് പെണ്ണ്….അവന്റെ മനസ്സങ്ങനെ മന്ത്രിച്ചു കൊണ്ടിരുന്നു.റോഡരികിൽ ഉയർന്നു നിൽക്കുന്ന പൈൻ മരങ്ങൾ അവരെ യാത്രയാക്കി… പുതിയൊരു ജീവിതത്തിലെക്ക്…….
ശുഭം