രചന: സുമയ്യ ബീഗം TA
സുമയ്യ ഉറങ്ങിയോ ?
ആരാണ് ഈ നട്ടപാതിരാക്ക് ബോധം കെട്ടുറങ്ങുന്ന എന്നെ ഉണർത്തി ഉറങ്ങിയോ എന്ന് ചോദിക്കുന്ന ബ്ലഡി ഇഡിയറ്റ്.
കണ്ണ് വലിച്ചുതുറന്നു നോക്കുമ്പോൾ ചുറ്റും കൂരിരുട്ടു. എങ്ങോ ഒരു നായ ഓലിയിടുന്നു.
പടച്ചോനെ.. നമ്മളെ വിറയ്ക്കാൻ തുടങ്ങി പേടി കൊണ്ടു അനങ്ങാനും പറ്റുന്നില്ല ഇല്ലേ ലൈറ്റ് തെളിയിച്ചു നോക്കാമാരുന്നു. എങ്ങുനിന്നോ നല്ല കുന്തിരിക്കത്തിന്റെ മണം മുറിയിലാകെ നിറഞ്ഞു. ചുവരിൽ ഒരു മിന്നാമിനുങ്ങ് മിന്നുന്നു.
പട്ടിയുടെ ഓലിയിടൽ, കുന്തിരിക്കം, മിന്നാമിനുങ്ങ് ഒന്നും അത്ര പന്തിയല്ല പേടിച്ചു വിയർത്തു ഉണ്ടാരുന്ന ഇത്തിരി ബോധം കൂടി പോവും എന്നായപ്പോൾ വീണ്ടും കേട്ടു സുമയ്യ എന്ന് എന്നെ ആരോ വിളിക്കുന്നു.
മുറുക്കെ അടച്ച കൺകളിൽ ഒന്ന് പാതി തുറന്നപ്പോൾ പുകച്ചുരുളുകൾക്കുള്ളിൽ ഒരു പെണ്ണ് എന്റെ അടുത്തിരിക്കുന്നു.
എന്നെ നോക്കി വിഷാദിച്ചൊന്നു ചിരിച്ചു. സുമയ്യ നീ പേടിക്കണ്ട ഞാൻ ഒരു സഹായം ചോദിച്ചു വന്നതാണ്.
ഭയങ്കര ധൈര്യം ഉള്ളതുകൊണ്ട് ഞാൻ ഇത്തിരി ഗമ ഇട്ടു. എനിക്കു പേടിയൊന്നും ഇല്ല. ഉറക്കം പോയതിൽ ബുദ്ധിമുട്ടുണ്ട് എന്താണെന്നു വെച്ചാൽ വേഗം പറഞ്ഞിരുന്നെങ്കിൽ എനിക്കു ഉറങ്ങാമാരുന്നു.
നീ പ്രണയമഴയിൽ കഥ ഒക്കെ എഴുതാറില്ലേ ?
ഞാൻ ഞെട്ടി പോയി. പ്രണയമഴക്ക് അങ്ങ് പ്രേതങ്ങളുടെ നാട്ടിലും ആരാധകരോ?
ഇടക്ക് എഴുതാൻ മുട്ടുമ്പോൾ അങ്ങനെ ഒക്കെ സംഭവിക്കാറുണ്ട് യക്ഷിപ്പെണ്ണേ നീ കാര്യം പറ.
എനിക്കു നിന്നോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. എന്റെ കഥ.
ന്റെ പൊന്നു യക്ഷിമോളെ ഈ അവിഹിതം, പ്രേമം, ആത്മഹത്യാ ഇതൊക്കെ ആണെങ്കിൽ നിർത്തിയെക്കു തൂലികയിൽ ഇതിനൊന്നും ഇപ്പൊ ഡിമാൻഡ് ഇല്ല എന്ന് മാത്രമല്ല നമ്മുടെ ചങ്ക് സഹോ ആന്റൂ ഒക്കെ പ്രതിഷേധിക്കാനും തുടങ്ങിട്ടുണ്ട്. വല്ലപ്പോഴും അഞ്ചാറ് ലൈക് ഒക്കെ കിട്ടുന്നത് എന്തിനാ ഇല്ലാണ്ടാക്കുന്നതു.
സുമയ്യ നിന്റെ നാട്ടിൽ ഇപ്പോൾ മേല്പറഞ്ഞ ഒന്നും നടക്കുന്നില്ലായിരിക്കും അല്ലേ ?
അതുപിന്നെ… ന്റെ യക്ഷി ഇങ്ങനെ ഒക്കെ ചോദിച്ചു എന്നെ ടെൻഷൻ അടിപ്പിക്കരുത്.
എന്നാ നീ കേട്ടോ സുമയ്യ എനിക്കിതൊന്നും അല്ല നിന്നോട് പറയാനുള്ളത്. ഒരു സാധാരണ കുടുംബത്തിലെ ഒത്തിരി സ്വപ്‌നങ്ങൾ ഒന്നും ഇല്ലാത്തൊരു പെൺകുട്ടി ആരുന്നു ഞാൻ.
ഹഹഹഹ എനിക്കു ചിരി വന്നു ഞാൻ ഉറക്കെ ചിരിച്ചുപോയി.
എന്തിനാണ് നീ എന്നെ പരിഹസിക്കുന്നത് ?
സൗന്ദര്യം ഒരു ശാപമാണ് അതിസുന്ദരിയാരുന്നു ഞാൻ. ഇതല്ലേ യക്ഷി അടുത്ത ഡയലോഗ്. വായിക്കാൻ തുടങ്ങിയപ്പോൾ തൊട്ടു എറ്റവും താല്പര്യത്തോടെ വായിച്ചിരുന്ന മനോരമ ആഴ്ചപ്പതിപ്പിലെ കിനാവും കണ്ണീരും എന്ന പംക്തി യിലെ നൂറ്റാണ്ടു പഴക്കമുള്ള സ്ഥിരം തുടക്കം. എങ്ങനെ ചിരിക്കാതിരിക്കും ?
സുമയ്യ നിനക്ക് മുൻധാരണ ഇത്തിരി കൂടുതലാണ് എല്ലാം അറിയാം എന്ന അഹങ്കാരവും.
സോറി യക്ഷി പറ ഞാൻ കേൾക്കാം.
അത് നിന്നെ കൊണ്ടു ഈ ജന്മം പറ്റുമെന്നു തോന്നുന്നില്ല സുമയ്യ നിനക്ക് റേഡിയോ എന്ന പേരായിരുന്നു കൂടുതൽ ചേരുക.
അതെന്നോട് ആദ്യായി പറഞ്ഞത് ആരാണെന്നു ഓർമയില്ല എങ്കിലും ആത്മാർത്ഥമായി പറഞ്ഞ ഒരു സുഹൃത്തിനെ ഞാൻ ഓർക്കാറുണ്ട്. പുള്ളിക്ക് ഒരല്പം പ്രേമം നമ്മളോട് എങ്ങാനോ തോന്നി അതിനായി കക്ഷി നമ്മളെ വിളിക്കും. അന്ന് മൊബൈൽ ഒന്നും ഇല്ലാലോ. കോയിൻ ഇട്ടാണ് വിളി പക്ഷേ ഒരു നൂറുരൂപ ഇട്ടാലും പുള്ളിക്ക് പറയാനുള്ളത് പോയിട്ട് എന്തേലും പറയാൻ ഒരവസരം ഞാൻ കൊടുത്തിട്ടില്ല. അവസാനം സഹികെട്ടു ഒരു ദിവസം അവൻ പറഞ്ഞു ഡി ഒരാൾ പൈസ മുടക്കി ഫോൺ വിളിച്ചാൽ അയാൾക് എന്താണ് പറയാൻ ഉള്ളതെന്ന് കേൾക്കാൻ ഉള്ള മര്യാദ എങ്കിലും ഫോൺ എടുക്കുന്ന ആൾക്ക് ഉണ്ടാവണം. പാവം അല്ലേ ?
സുമയ്യ ഭാഗ്യവാൻ എന്നല്ലേ പറയേണ്ടത് കുറച്ചു പൈസ പോയാലും ജീവിതം കോഞ്ഞാട്ട ആയില്ലലോ ?
കൊള്ളാലോ കളിയാക്കാൻ യക്ഷിയും മോശം അല്ലല്ലോ ?
സുമയ്യ ഞാൻ യക്ഷി അല്ല ഞാൻ മരിച്ചിട്ടില്ല.
പിന്നെ എങ്ങനാണ് നിങ്ങൾ ഈ നട്ടപാതിരാക്ക് എന്റെ അടുത്ത് ഇരിക്കുന്നത്?
എനിക്കതിനു സാധിക്കും കാരണം ആത്മാവ് മരിച്ചുപോയ വെറുമൊരു ശരീരം മാത്രമാണ് ഞാൻ എന്നിൽ മിടിക്കുന്ന ഹൃദയവും മരിക്കാത്ത മറ്റു ശരീരഭാഗങ്ങളും ഉണ്ട്.
നിനക്കറിയുമോ ഞാൻ ഒരു ഭാര്യയാണ് അമ്മയാണ് പുറമെ നിന്നും നോക്കുന്നവർക്ക് ഞാൻ എല്ലാം തികഞ്ഞവൾ പക്ഷേ ഇത്രത്തോളം നിരാശയായ ഒരു സ്ത്രീ ഈ ലോകത്തു ഉണ്ടാവില്ല.
എന്തേ യക്.. (ഓ ഇനി അങ്ങനെ വിളിക്കാൻ പറ്റില്ലല്ലോ. ഈ ശരീരം മരിക്കാതെ ആത്മാവ് നഷ്ടപ്പെട്ടവരെ എന്താ വിളിക്കുക ?ഒരു പേര് ഉടൻ കണ്ടുപിടിക്കണം തത്കാലം കൂട്ടുകാരി എന്ന് വിളിക്കാം. )
കൂട്ടുകാരി സത്യം പറ നിങ്ങളുടെ ഭർത്താവ് നിങ്ങളെ കിടപ്പറയിലെ ഒരു ഉപകരണം മാത്രമായി കാണുന്നോ ?അതോ അയാൾ നിങ്ങളിൽ തൃപ്തനല്ലെ അതുമല്ലെങ്കിൽ അയാളിൽ നിങ്ങൾ തൃപ്ത അല്ലായിരിക്കും.
ന്റെ സുമയ്യ നീ ഏതു ലോകത്താണ് അതൊക്കെ ഒരു നൂറ്റാണ്ടു മുമ്പ്, ഇന്ന് അങ്ങനൊക്കെ തോന്നിയാൽ ഫസ്റ്റ് നൈറ്റിൽ തന്നെ തുറന്നുപറഞ്ഞു തിയറിയും പ്രാക്ടിക്കലും സിലബസ് തന്നെ മാറ്റുന്നവരാണ് മിക്കവരും.
പിന്നെന്താണ് നിങ്ങളെ അയാൾ പ്രണയിക്കുന്നില്ലേ ?ഒരു മധുര വാക്കിനായി തുളുമ്പുന്നുണ്ടോ നിങ്ങളുടെ മനസ്സ് കൂട്ടുകാരി.
പ്രേമം ഉള്ളിലടത്തല്ലേ കാ മം പൂർത്തീകരിക്കു. അതിനൊന്നും കുറവില്ല പിന്നെ messenger ഇൻസ്റ്റാൾ ചെയ്തതിൽ പിന്നെ ഈ മധുരവാക്കുകളും ഒലിപ്പീരും കേള്കുന്നതേ കലിപ്പാണ്.
പിന്നെ എന്തിനാണ് തള്ളേ മുതുപാതിരാക്ക് എന്നെ ഉണർത്തി ഇങ്ങനെ കുത്തിയിരുത്തിയിരിക്കുന്നതു പോയി കിടന്നുറങ്ങു കൊച്ചേ…
പിണങ്ങല്ലേ സുമയ്യ..
ന്റെ കൂട്ടുകാരി നിങ്ങൾ കഥ പറയാൻ തുടങ്ങിയപ്പോൾ ഞാൻ ഒത്തിരി പ്രതീക്ഷിച്ചു . നിങ്ങളുടെ കഥ കേട്ട് ഒരു കിടുക്കാച്ചി ഐറ്റം ഞാൻ എഴുതുന്നതും അത് വായിച്ചു ലൈകും കമെന്റും കുമിഞ്ഞു കൂടുന്നതുമൊക്കെ കിനാവുകണ്ടു എല്ലാം വെറുതെ ആയല്ലോ ?
അല്ലെങ്കിൽ തന്നെ എഴുതാൻ കഴിവുണ്ടായിട്ടല്ല എഴുതണം എന്ന ആക്രാന്തം കൊണ്ടാണ് ഞാൻ എഴുതാൻ തുടങ്ങിയത്. ഈയിടെ പഠിപ്പിക്കാൻ ചെന്നപ്പോൾ മുതിർന്ന മലയാളം മാഷ് എന്നോട് പറഞ്ഞു സുമയ്യ നിന്റെ കഥകളെ പറ്റി പറഞ്ഞാൽ നിനക്ക് എന്തും എഴുതാനുള്ള ധൈര്യം ഉണ്ട് ഭാഷയും കുഴപ്പമില്ല പക്ഷേ വായന, പുതുമ, നിന്റേതായ എന്തെങ്കിലും കാഴ്ചപ്പാടുകൾ, ബിംബങ്ങൾ ഒന്നുമില്ല എന്നാണ്.
ന്റെ കൂട്ടുകാരി യക്ഷി ഇതിൽ നിന്നും ഞാൻ മനസിലാക്കിയത് ഒറ്റ വാക്കിൽ പറഞ്ഞാൽ സുമയ്യ നിന്റെ എഴുത്തിൽ ഒരു കോപ്പും ഇല്ല എന്നാണ്.
എന്നിട്ടും ഞാൻ എഴുത്തു തുടരുന്നത് എന്റെ മാത്രം സന്തോഷത്തിനാണ്. ന്റെ യക്ഷിപ്പെണ്ണേ ഒരു കഥ പോസ്റ്റി നൈസ് സൂപ്പർ എന്നൊക്കെ ഓരോരുത്തർ കമെന്റ് തരുമ്പോൾ കിട്ടുന്ന ആത്മ നിർവൃതി ഉണ്ടല്ലൊ അത് ഓസ്കാറിലും വലുതാണ്. ഒരു വീട്ടമ്മ ആയാലും ഉദ്യോഗസ്ഥ ആയാലും എത്ര നാളുകളായി നമ്മൾ ഒരാളിൽ നിന്നും നല്ലൊരു വാക്ക് കേട്ടിട്ട്. അതുമാത്രമോ അക്ഷരങ്ങൾ കൊണ്ടു പരിചയപ്പെട്ട എത്ര എത്ര കൂട്ടുകാർ. ശരിക്കും കഴിഞ്ഞുപോയ ബാല്യവും കൗമാരവും തിരിച്ചു കിട്ടിയ പോലെ. ഞാൻ ഏറ്റവും സന്തോഷിക്കുന്ന നിമിഷങ്ങൾ ഈ തൂലിക തുമ്പിലാണ്.
സുമയ്യ ഞാനും എഴുതണം എന്നാണോ നീ പറഞ്ഞു വരുന്നത്.
എയ് അത് വേണ്ട അത് വേണ്ട എഴുത്തുകാരെ മുട്ടിയിട്ടു fb വഴി നടക്കാൻ പറ്റുന്നില്ല. നീ നിന്റെ പ്രശ്നം എന്നോട് പറഞ്ഞാൽ മാത്രം മതി.
എനിക്കു മടുത്തു, എനിക്കു ചുറ്റുമുള്ള എല്ലാരും മത്സരിച്ചോടുകയാണ് എന്തിനോ വേണ്ടി. പണത്തിനും പദവിക്കും പുറകെ പായുമ്പോൾ അനിവാര്യമായ മരണം എന്നൊരു അവസാനത്തെ പറ്റിപോലും മറന്നുപോകുന്നു. തിരക്കാണ് കാണുന്ന മുഖങ്ങളിലൊക്ക ആർക്കും സമയമില്ല ജീവിക്കാൻ. എനിക്കി ലോകത്തു ഇനി ജീവിക്കണ്ട.എന്റെ മക്കളെയോ ഭർത്താവിനെയോ സ്നേഹിക്കാൻ എനിക്കു സാധിക്കുന്നില്ല. ഇതാണ് എന്റെ പ്രശ്നം.
എന്നാ പിന്നെ മരിച്ചുകൂടെ ?
യക്ഷി ഒന്നും മിണ്ടാതെ തല കുനിച്ചു.
എന്താണ് ആത്മാവില്ലാത്ത യക്ഷി മിണ്ടാതിരിക്കുന്നത് ഒന്നും ഇല്ല ആരുമില്ല എന്നൊക്കെ പറയുമ്പോഴും ഒരു പെണ്ണിന്റെ മനസിനെ അസ്വസ്ഥമാക്കുക വീട് കുടുംബം കുട്ടികൾ ഇതൊക്കെ തന്നെ ഇതിൽ നിന്നും ഒളിച്ചോടാൻ നിനക്കാവില്ല. മരണത്തിനു പോലും വേണ്ടാത്ത ചില മനുഷ്യർ. തെളിയുന്ന പച്ചവെളിച്ചതിനൊപ്പം സമൂഹം വിധി എഴുതുന്നവർ, അഹങ്കാരി തന്റേടി എന്ന ലേബലിൽ മാറ്റിനിർത്തുന്നവർ. ആത്മാവ് മരിച്ചവർ. ഇവർക്കൊന്നും മോക്ഷം ഇല്ല യക്ഷിപ്പെണ്ണേ.
ന്റെ മുമ്പിൽ കർക്കിടമഴപോലെ ആ യക്ഷി ആർത്തലച്ചു കരഞ്ഞു. പിന്നെ ഒരു നിലാവെളിച്ചമായി പുറത്തേക്കു പറന്നു… കൂരിരുട്ടിൽ അദൃശ്യയായി.
(ആ യക്ഷിക്ക് ന്റെ ഒരു മുഖസാദൃശ്യം ഉണ്ടൊ എന്ന് ചോദിച്ചാൽ അതൊക്കെ നിങ്ങടെ തോന്നൽ മാത്രമാരിക്കും ഹിഹിഹിഹി…)