ജീവിതനിയോഗം ~ രചന: ഹരി കിഷോർ
“ഏട്ടാ ഇന്നെങ്കിലും ഒന്ന് നേരത്തെ എത്തുവോ???വൈകും തോറും ഇപ്പോൾ വല്ലാത്ത പേടി ആണ് എനിക്ക് “
“എന്റെ പൊന്ന് ദേവു ഞാൻ മനഃപൂർവം താമസിക്കുന്നത് ആണെന്ന നിന്റെ വിചാരം..ജോലി കഴിഞ്ഞു ഇറങ്ങാൻ അഞ്ചര കഴിയും.. പിന്നെ ഒന്നര മണിക്കൂർ യാത്ര.. അതും ട്രാഫിക് ഒക്കെ കഴിഞ്ഞു ഇങ്ങെത്തുമ്പോൾ..ഞാനും കുഴഞ്ഞു പോകും.. നീ വിഷമിക്കണ്ട.. നമ്മുടെ കേശുട്ടൻ എത്തുമ്പോളേക്കും ഇവിടെ അടുത്ത് എവിടെ എങ്കിലും ട്രാൻസ്ഫർ നോക്കാം പോരെ…അപ്പോൾ പേടി ഒക്കെ മാറിക്കോളും “എന്ന് പറഞ്ഞു അവളുടെ നെറുകയിൽ ഒരു മൂത്തം കൊടുത്തപ്പോൾ അവളുടെ അതു വരെയുള്ള പരിഭവം എല്ലാം മാറി മുഖത്ത് പുഞ്ചിരി നിറഞ്ഞു.. പിന്നെ താഴോട്ട് മുട്ട് കുത്തി ഇരുന്നു ദേവൂന്റെ വയറിൽ അമർത്തി ചുംബിച്ചു.. പെട്ടെന്ന് കേശുട്ടന്റെ വക കാലു വച്ചു ഒരു തൊഴി…
“എടി ദേവു ദേ ഇവൻ എന്നെ തൊഴിച്ചെടി… “
“പിന്നെ തൊഴിക്കാണ്ട്..മോൻ ഉറങ്ങുന്ന സമയത്ത് ചെന്നു ഉണർത്താൻ നിന്നിട്ടല്ലേ… “..
“ഇനിപ്പോ ഒരു പാട്ടു പാടി കൊടുത്താലോ.. “
“എന്നാൽ ഇന്ന് ലീവ് എടുത്തു ഇവിടെ ഇരുന്നു മോനു പാടി കൊടുക്ക് അല്ല പിന്നെ.. ഇങ്ങനെ ഒരു പ്രാന്തൻ..ഇനിയും അവൻ ഇങ്ങോട്ട് എത്താൻ രണ്ടു മാസം കൂടി ഉണ്ട് മനുഷ്യ..മര്യാദക്ക് ജോലിക്ക് പോകാൻ നോക്ക് ഇവിടെ ഇരുന്നു കിന്നരിക്കാതെ… “
“അല്ല എന്റെ കെട്ട്യോളെ ഇന്ന് നേരത്തെ വരുന്ന കൂട്ടത്തിൽ എന്തെങ്കിലും സ്പെഷ്യൽ വാങ്ങേണ്ടി വരുവോ? “”
“ആര്യാസിലെ മസാല ദോശ ഇല്ലാണ്ട് ഇങ്ങോട്ട് കേറി നോക്ക് അപ്പൊ കാണാം… “എന്ന് പറഞ്ഞു അവൾ ഹെൽമെറ്റ് എടുക്കാൻ അകത്തേക്ക് കയറി..
“ഉവ്വ എന്നാലും ഈ ഗർഭിണികളും മസാല ദോശയും തമ്മിലുള്ള കോംബോ എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലല്ലോ ഭഗവാനെ.. “
“കൂടുതൽ മനസിലാക്കേണ്ട.. ദ ഇത് എടുത്തു അങ്ങോട്ട് തലയിൽ വച്ചിട്ട് വണ്ടി വിട്ടേ.. പിന്നെ.. എത്തീട്ട് വിളിക്കണേ.. “എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് അവൾ വാതിൽ പടിയിൽ നിന്ന് എനിക്ക് നേരെ കൈകൾ വീശി..എന്റെ കണ്ണുകൾ ഒന്ന് കൂടി അവളുടെ മുഖത്തേക്കും പിന്നെ അവളുടെ വയറ്റിൽ ഉള്ള എന്റെ കേശുലേക്കും പോയി…പിന്നെ കൈ വീശി യാത്ര പറഞ്ഞു ഓഫീസിലേക്ക്….നല്ല യാത്ര ഉണ്ട്..പക്ഷേ രാത്രി എത്ര വൈകിയാലും അവൾക്ക് ഒപ്പം നിൽകാം എന്നത് ഒരാശ്വാസം ആണ്.. ഇനി കുറച്ചു മാസത്തെ ബുദ്ധിമുട്ട് ഉള്ളു അടുത്ത ബ്രാഞ്ചിലേക്ക് തന്നെ ട്രാൻസ്ഫർ ശരി ആകാൻ..പിന്നെ അവളുടെ പരിഭവം ഒക്കെ മാറിക്കോളും…
ഓഫീസിൽ ചെന്നു കയറിയാൽ പിന്നെ തിരക്കോട് തിരക്ക് ആണ്.. ക്യാഷ് കൗണ്ടറിൽ ഇരുന്നാൽ എല്ലാം ക്ലിയർ ചെയ്തു ഇറങ്ങാൻ തന്നെ നേരം വൈകും..ചെന്നു കയറിയപ്പോൾ അവളെ വിളിച്ചു പറഞ്ഞു എത്തി എന്ന്.. ഇല്ലേൽ പിന്നെ അതിന്റെ പേരിൽ ടെൻഷൻ അടിച്ചു ബിപി കൂട്ടും.. അമ്മ ഇപ്പൊ എപ്പോളും അവളുടെ പിറകെ ആണ്..സാധാരണ ഗർഭിണി ആയാൽ സ്ത്രീകൾക്ക് ശര്ദ്ധി ഉണ്ട് എന്നൊക്ക കേട്ടറിവ് മാത്രം ഉണ്ടായിരുന്നുള്ളൂ.. അതു പോകെ പോകെ കുറയും എന്നും.. പക്ഷേ എന്റെ ദേവു ഇതിപ്പോൾ കൂട്ടി കൂട്ടി പ്രസവത്തിനു പോകുമ്പോൾ പോലും വാള് വച്ചിട്ടേ പോകു എന്ന അവസ്ഥയിൽ ആണ്..മിക്ക ദിവസവും ടാബ്ലറ്റ് കഴിച്ചിട്ട് ആകും എഴുന്നേൽക്കുക.. പലപ്പോഴും വെള്ളം പോലും കുടിക്കാതെ ഡ്രിപ് ഇട്ടു കിടത്തിയിട്ടുണ്ട്..എന്നാലും അമ്മ ജ്യൂസ് ഒക്കെ ആക്കിയും കരിക്ക് ഇടിപ്പിച്ചും പിന്നെ നിർബന്ധിച്ചു ആണേലും എന്തെങ്കിലും ഒക്കെ വാരി കൊടുക്കും.. അമ്മ തിരിയുമ്പോൾ അത് ഒക്കെ അകത്തോട്ടു പോയ അതെ സ്പീഡിൽ പുറത്തു വന്നിട്ടുണ്ടാകും.. അമ്മ അതൊക്കെ ഒരു പരിഭവവും ഇല്ലാതെ തുടച്ചു കളയുമ്പോൾ അവളോടൊപ്പം എന്റെയും കണ്ണു നിറഞ്ഞിട്ടുണ്ട് ആ സ്നേഹത്തിനു മുൻപിൽ..ഒരിക്കൽ ശര്ദ്ധി കൂടി വയറു മൊത്തം അമർത്തി പിടിച്ചു അമ്മയോട് “എനിക്ക് ഇനി വയ്യ അമ്മേ ” എന്ന് വിളിച്ചു കരഞ്ഞപ്പോൾ അമ്മയും അത് കണ്ടു പൊട്ടിക്കരഞ്ഞു പോയി..ആകെ മസാല ദോശ മാത്രം ആണ് അവൾക്ക് ഇഷ്ടം.. അതെന്താണ് എന്നു എനിക്ക് ഇത് വരെയും അറിയില്ല.. അതു കൊണ്ട് ഞാൻ ചെന്നു കയറിയാൽ അമ്മ ആദ്യം ചോദിക്കുക
“കൊച്ചിന് മസാല ദോശ വാങ്ങിച്ചോ എന്നാണ് “…അവൾക്കു അഞ്ചാം മാസം മുതൽ ചെറിയ രീതിയിൽ ബ്ലീഡിങ് ഉണ്ടായിരുന്നു സ്പോട് ആയിട്ട്.. പോകെ പോകെ അത് കൂടി വരാം എന്നും അമ്മയെയും കുഞ്ഞിനേം ബാധിക്കും എന്നു പറഞ്ഞു..അതായത് ആരെങ്കിലും ഒരാൾ.. 24 മണിക്കൂർ ഗൈനക് ഉള്ളതും ബ്ലഡ് ബാങ്ക് ഉള്ളതും ആയ ഹോസ്പിറ്റലിൽ മാറ്റി അവളുടെ ചികിത്സ.. നടക്കാൻ ആകാതെ ഒരേ കിടപ്പ് പലപ്പോഴും.. നടന്നാൽ പോലും വേദന…ഇത്രയും കഠിനം ആണോ ഗർഭ കാലം എന്ന് പലപ്പോഴും തോന്നി.. എന്നെ ഓഫീസിൽ അയക്കാൻ വേണ്ടി മാത്രം പുറത്തേക്ക് വരും..അവളുടെ ആരോഗ്യം ആയിരുന്നു മുഖ്യം..അമ്മയോട് അവളുടെ ഇപ്പോഴത്തെ അവസ്ഥ പറയുമ്പോൾ പലപ്പോഴും പൊട്ടി കരഞ്ഞു പോയിട്ടുണ്ട്..എന്നാലും അവളുടെ മുന്നിൽ എപ്പോളും ചിരിച്ച മുഖവും ആയി ഇരിക്കാൻ ഞാൻ ശ്രെമിച്ചു..
ഓഫീസിൽ നിന്നും പതിവ് പോലെ ഇറങ്ങിയപ്പോൾ താമസിച്ചു.. നല്ല ചാറ്റൽ മഴ ഉണ്ടായിരുന്നു..എങ്കിലും അത് വക വയ്ക്കാതെ കയ്യിൽ കരുതിയ റെയിൻ കോട്ട് ഇട്ടു പതിയെ വണ്ടി ഓടിച്ചു തുടങ്ങി..മഴയത് ബുള്ളറ്റിൽ ഉള്ള യാത്ര..അതൊരു അനുഭൂതി ആണ് മനസ്സിൽ..വെറുതെ ഓരോ പാട്ടുകൾ ചുണ്ടിൽ മൂളി കൊണ്ടേ ഇരുന്നു..കുറെ ദൂരം കഴിഞ്ഞപ്പോൾ ആണ് ആര്യാസ് ഹോട്ടൽ കഴിഞ്ഞു എന്നൊർത്തതു.. വണ്ടി തിരിച്ചു ആ മഴയത്തു ഹോട്ടലിലേക്ക് വിട്ട്.. അവിടെ കയറുമ്പോൾ തന്ന അവർക്ക് അറിയാം എന്തിനാ ഞാൻ വന്നത് എന്ന്.. അത്ര പരിചയം ആയി.. ഒരു ചൂട് ചായ കുടിക്കുന്ന സമയം കൊണ്ട് അവർ പാർസൽ ചെയ്തു തന്നു എല്ലാം.. മഴ നനയാതെ ബാഗിനുള്ളിൽ പാർസൽ വച്ചു.. യാത്ര തുടർന്ന്.. മഴ കൂടി വരുന്നുണ്ട് പോരാത്തേന് നല്ല ഇരുട്ടും.. എല്ലാ വണ്ടികളും ഹെഡ് ലൈറ്റ് ഇട്ടാണ് വരുന്നത്..പലപ്പോഴും വഴിയരികിൽ കയറി നിൽകാം എന്ന് തോന്നി എങ്കിലും താമസിക്കും എന്നുള്ളത് കൊണ്ട് അതിനു മുതിർന്നില്ല..ആ ഇടയ്ക്ക് ഇറങ്ങിയ എന്റെ ദേവൂന് ഏറ്റവും പ്രിയപ്പെട്ട പാട്ടു അപ്പൊ എന്റെ ചുണ്ടിൽ ഞാൻ മൂളി കൊണ്ടേ ഇരുന്നു…
“വാനവില്ലെ നോക്കുകില്ലേ…കോടമഞ്ഞിൻ ചില്ലിലൂടെ .. “
ഇനി വഴിയിൽ കുത്തനെ ഒരു ഇറക്കം ആണ് പിന്നെ ഒരു കയറ്റം.. ഈ ഇറക്കം ഇറങ്ങുമ്പോൾ എല്ലാം സത്യം പറഞ്ഞ വയറ്റിൽ ഇപ്പോളും ഒരു ഇക്കിളി പോലെയുള്ള അവസ്ഥ ആണ് എനിക്ക്.. കയറ്റം കയറി തുടങ്ങിയപ്പോൾ മുഖത്തേക്ക് ശക്തമായി ഒരു വണ്ടിയുടെ ലൈറ്റ് വന്നു അടിച്ചു.. ഒരു നിമിഷം എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലാക്കാൻ പറ്റിയില്ല.. പിന്നെ എന്തൊക്കെയോ വലിയ ശബ്ദം.. ശരീരം നുറുങ്ങുന്നോ അറിയില്ല.. എവിടെ ആണെന്നോ ഒന്നും..കണ്ണുകൾ അടയുമ്പോൾ എന്റെ ദേവു മാത്രം ആയിരുന്നു മനസ്സിൽ..
********************
“എന്തൊരു തണുപ്പ് ആണ് ദേവു ഇത്.. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഈ AC എനിക്ക് പിടിക്കില്ല എന്ന്.. ഇതൊന്ന് ഓഫ് ആക്കാൻ എത്ര പറഞ്ഞാലും നിനക്ക് മനസിലാകില്ല അല്ലെ.. ഇനി എന്റെ കയ്യിൽ നിന്നും കിട്ടിയാലേ ഓർമ നില്ക്കു എന്നാണോ “ഇത്രയും പറഞ്ഞു ഉറക്കത്തിൽ നിന്ന് ഞാൻ കണ്ണുകൾ തുറക്കാൻ നോക്കി… ഇല്ല പറ്റുന്നില്ല..ഇത്രയും വലിയ ഉറക്കത്തിൽ ആയിരുന്നോ ഞാൻ.. കണ്ണുകൾക്ക് ഒക്കെ വല്ലാത്ത കനം..എങ്കിലും ഞാൻ ശ്രെമിച്ചു.. ദേഹത്തൊക്കെ എന്താണ് വേദന ഉണ്ടോ.. ഞാൻ മറിഞ്ഞു വല്ലോം വീണിരുന്നോ ഇന്നലെ.. കണ്ണുകൾ പതിയെ പതിയെ തുറന്നു വന്നു.. ചുറ്റും നീല കളർ ഉള്ള മുറി..ഇതെവിടെ ആണ്.. എന്റെ വീട് ഇങ്ങനെ അല്ലാലോ.. നോക്കുമ്പോൾ അടുത്തായി യൂനിഫോം ഇട്ട ഒരു പെൺകുട്ടി.. ഒരു നിമിഷം അവൾ എന്റെ മുഖത്തേക്ക് നോക്കി.. പിന്നെ പുറത്തേക്ക് പോകുന്നത് കണ്ടു.. പെട്ടെന്ന് ആരൊക്കെയോ എന്റെ മുന്നിൽ വന്നു നിന്ന്.. ഒരു നിമിഷം കൊണ്ട് ആരൊക്കെയോ എന്റെ ചുറ്റും നിറഞ്ഞു.. ഒന്നും എനിക്ക് പരിചയം ഉള്ള മുഖമേ അല്ല.. പക്ഷേ എന്റെ പേര് ആരൊക്കെയോ ചേർന്ന് വിളിക്കുന്നു
“വരുൺ.. വരുൺ.. തനിക്കു തനിക്കു കേൾക്കാൻ പറ്റുന്നുണ്ടോ.. ഇങ്ങോട്ട് നോക്കിയേ.. ” നല്ല ഉയരം ഉള്ള വെളുത്തു സുമുഖൻ ആയ ഒരു ചെറുപ്പക്കാരൻ ആ വേഷം ഒക്കെ കണ്ടപ്പോൾ എനിക്ക് ബോധ്യം ആയി ഞാൻ ഇപ്പൊ എവിടെ ആണെന്ന്…അദ്ദേഹത്തെ നോക്കി.. ഒന്ന് ചിരിക്കാൻ ഒരു ശ്രെമം നടത്തി.. ഇല്ല പറ്റുന്നില്ല.. തൊണ്ടയിൽ ഓക്കേ ആകെ വറ്റി വരണ്ടു.. വെള്ളം വേണം എന്ന് പറയണം എന്നുണ്ട്.. പക്ഷേ എന്നെ കൊണ്ട് ഒന്നും ഒന്നും ആകുന്നില്ല..എനിക്ക് എന്താണ് പറ്റിയത് എന്ന് ആരോടാ ചോദിക്കുക.. എന്റെ ദേവു എവിടെ.. അമ്മ.. എന്റെ കേശു..എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു.. അത് കണ്ടിട്ട് ഡോക്ടർ കൂടുതൽ സ്‌ട്രെയിൻ എടുക്കേണ്ട എന്നും എല്ലാം പതിയെ ശരി ആകും എന്നുള്ള ഉറപ്പ് തന്നു.. ഇപ്പൊ ഒന്നും ആലോചിച്ചു ബുദ്ധിമുട്ടരുത് എന്നും പതിയെ എല്ലാം പറയാം എന്നും പറഞ്ഞു.. സെഡേഷൻ ഉള്ള ഇൻജെക്ഷൻ തന്നു അദ്ദേഹം പോയി.. ഞാൻ വീണ്ടും മയക്കത്തിൽ ആയി…
****************
ആറു മാസങ്ങൾക്കു ഇപ്പുറം ആശുപത്രിയുടെ മനം മടുപ്പിക്കുന്ന ഗന്ധത്തിൽ നിന്നും ഇന്നെനിക് ഒരു മോചനം കിട്ടുക ആണ്.. പതിയെ നടന്നു തുടങ്ങിയിരുന്നു…ഈ ആറുമാസം ഒപ്പം നിന്നത് സുഹൃത്തുക്കൾ ആയിരുന്നു.. ദേവൂനെ ബുദ്ധിമുട്ടിക്കാൻ മനസു അനുവദിച്ചില്ല.. കാരണം ഇന്നവൾ എന്റെ കേശുന്റെ അമ്മ ആണ്…ഒരുപാട് ആഗ്രഹിച്ച പലതും പെട്ടെന്ന് നഷ്ടപെട്ട അവസ്ഥ.. മോനെ ആദ്യം ലേബർ റൂമിൽ നിന്നും എന്റെ കൈകളിൽ വാങ്ങുന്നത് ഒരുപാട് തവണ സ്വപ്നം കണ്ടിരുന്നു.. അത് ഇപ്പോളും ഒരു സ്വപ്നം മാത്രം ആയി നില്കുന്നു.. അവന്റെ നൂല് കെട്ടു.. പേരിടൽ എല്ലാം എല്ലാം ഇപ്പോളും ബാക്കി ആകുന്ന സ്വപ്നം മാത്രം.. കൂടുതൽ വേദനിപ്പിച്ചത് അന്നത്തെ അപകട ദിവസം തന്നെ ആയിരുന്നു എന്റെ കേശു ജനിച്ചതും.. ആ രാത്രി ഞാനും ദേവും ഒരുപോലെ വേദന അനുഭവിച്ചു എന്നത് പിന്നീട് ആണ് അറിയുന്നത്..മാസം തികയാതെ ഉള്ള കുഞ്ഞു ആയത് കാരണം പ്രസവിച്ചപ്പോൾ അവൻ കരഞ്ഞിരുന്നില്ല അത്രേ..എങ്ങനെ അവൻ കരയും അവന്റെ അമ്മയും അച്ഛനും അത്ര മാത്രം വേദനിച്ചു കിടക്കുമ്പോൾ..പിന്നെ 25 ദിവസം ഇൻക്യൂബേറ്ററിൽ ആയിരുന്നു മോൻ.. ദേവൂന്റെ ആ സമയത്തെ അവസ്ഥ… മോനെ അവൾ അഞ്ചു ദിവസത്തിന് ശേഷം മാത്രം ആണ് കാണുന്നത്..എന്റെ അതെ അവസ്ഥയിൽ കുഞ്ഞും.. ദേഹം ആകെ മരുന്നും ഓക്സിജൻ മാസ്ക് ട്യൂബുകൾ എല്ലാം കണ്ടിട്ടും അതിന്റെ സമനില തെറ്റാഞ്ഞത് ഭാഗ്യം എന്നെ കരുതുന്നുള്ളു.. വീട്ടിലേക് ഉള്ള യാത്രയിൽ എന്നെ കൂട്ടുകാർ വീൽ ചെയറിൽ ഇരുത്തി..
അന്ന് രാത്രിയിൽ സഞ്ചരിച്ച അതെ വഴികൾ.. അതെ ഇറക്കം എത്തിയപ്പോൾ ഇപ്പോളും ഇക്കിളി ഉണ്ട് വയറ്റിൽ.. എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.. പിന്നെ ആ കയറ്റം….. !!! വെറുതെ കണ്ണുകൾ ഇറുക്കി അടച്ചു.. പിന്നെ സൈഡിലേക്ക് ചാരി കിടന്നു…ഒന്ന് മയങ്ങി.. വീടെത്തി എന്ന് പറഞ്ഞു എന്നെ അവന്മാർ തട്ടി വിളിച്ചു.. വണ്ടിയുടെ ഹോൺ കേട്ടിട്ട് അമ്മയും ദേവും ഓടി പുറത്തേക്ക് വന്നു.. എന്നെ വീൽ ചെയറിൽ ഇരുത്തി അകത്തേക്കു കയറുമ്പോൾ കണ്ണുകൾ പരതിയതു എന്റെ കേശുട്ടനെ ആയിരുന്നു..മനസ് വല്ലാതെ വെപ്രാളം കൂട്ടി.. അത് കണ്ടിട്ട് ദേവു ഓടി പോയി തൊട്ടിലിൽ നിന്നും മോനെ എടുത്തു കൊണ്ട് വന്നു എന്റെ കൈകളിൽ തന്നു.. നല്ല ഉറക്കം ആയിരുന്നു അവൻ..എന്നെ പോലെ അല്ല ഇത് ദേവുട്ടൻ തന്നെ ആണ്..അവളെ പറിച്ചു വച്ചത് പോലെ ഉണ്ട്.. ഞാൻ തുരു തുരെ ഉമ്മ വച്ചു..എന്റെ കുറ്റി രോമങ്ങൾ അവന്റെ മുഖത്ത് ഇക്കിളി കൂട്ടിയത് കൊണ്ടാകും ഒന്ന് ചിരിച്ചിട്ട് പിന്നെ ഒരു ചെറിയ കിണുങ്ങൽ ആയി..
പെട്ടെന്ന് “അച്ഛന്റെ കേശുട്ട “എന്ന് വിളിക്കാൻ മനസ് വല്ലാതെ കൊതിച്ചു പോയി.. പക്ഷേ പറ്റിയില്ല.. ഇനിയൊട്ട് പറ്റുകയും ഇല്ല..ആ അപകടം നഷ്ടം ആക്കിയത് എന്റെ ഏറ്റവും വിലപ്പെട്ട ശബ്ദം കൂടി ആയിരുന്നു… എന്റെ മോനു വേണ്ടി എന്റെ ദേവൂന് വേണ്ടി പാടി തീരാത്ത പാട്ടുകൾ പറഞ്ഞു തീരാത്ത കഥകൾ എല്ലാം എല്ലാം പെട്ടെന്ന് നിലച്ചു പോയി..മോനെ വിളിക്കാൻ കൊതിച്ച പല വാക്കുകളും എന്റെ തൊണ്ടയിൽ തന്നെ തങ്ങി നിന്ന് പോയി..എന്റെ കണ്ണു നീര് മോന്റെ മേലെ വീഴേണ്ട എന്നു കരുതി ഞാൻ ദേവൂന്റെ നേരെ മോനെ നീട്ടി.. കൊണ്ട് കിടത്താൻ പറഞ്ഞു…
മാസങ്ങൾ പിന്നെയും കടന്നു പോയി ഇപ്പൊ ഞാനും കേശുട്ടനും കൂടി പിച്ച വച്ചു നടന്നു തുടങ്ങി… അവനൊപ്പം ഓടി എത്താൻ ഇപ്പൊ ഞാനും പഠിച്ചു തുടങ്ങി.. പക്ഷേ അവന്റെ അച്ഛാ എന്നുള്ള വിളിക്കു പകരം നെഞ്ചോടു ചേർത്ത് തുരു തുരെ ഉമ്മ കൊടുക്കാൻ മാത്രം കഴിയുന്ന ഒരച്ഛൻ ആയി ഞാൻ മാറി…പക്ഷേ ഒരു നാൾ.. ഒരു നാൾ ഉറക്കെ ഞാൻ നിന്റെ പേര് വിളിക്കും എന്റെ കേശുട്ട….എനിക്ക് ഉറപ്പാണ്..
ശുഭം