ഞാൻ വന്നാലും സാറിനെ എനിക്ക് സ്നേഹിക്കാൻ കഴിയില്ല സാറേ….പ്രണയം എന്തെന്ന് അറിയാത്ത എനിക്ക് ഒരു നോട്ടം കൊണ്ട് പോലും സാറിനെ പ്രണയിക്കാൻ കഴിയില്ല…

🖤 ദക്ഷ 🖤

രചന: ദേവ സൂര്യ

“”ദേ…. ഇവൾ മതി….””

ഫോണിൽ കാണുന്ന പെൺകുട്ടിയെ ചൂണ്ടി കാണിച്ചവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു…വന്യമായ പുഞ്ചിരിയോടെ……

റൂമിൽ തലക്ക് മേൽ കൈകൊടുത്തിരിക്കുമ്പോളാണ് വാതിൽക്കൽ മുട്ട് കേട്ടത്……

പ്രതീക്ഷയോടെ വാതിൽ തുറന്നതും അവനിൽ വീണ്ടും പുഞ്ചിരി വിരിഞ്ഞു….
നീർത്തിളക്കമാർന്ന പുഞ്ചിരി……..

മുഖത്ത് നിറയെ ചമയങ്ങളും ചായം തേച്ച ചുണ്ടുകളും…….പ്രസന്നവതിയാണെന്നു തെളിയിക്കാനായി മുഖത്ത് വാരിവിതറിയ പുഞ്ചിരിയുമായി മുന്നിലവൾ….എന്നാൽ തന്റെ കണ്ണുകൾ എത്തി നിന്നത് അവശതയാർന്ന ആ മുഖത്തും കരുവാളിച്ച കണ്ണുകളിലേക്കുമാണ്….

“”ആഹ്… താൻ വാടോ….ഞാൻ കാത്തിരിക്കുവായിരുന്നു…..എന്താ തന്റെ പേര്????മ്മ്ഹ്ഹ്ഹ്???””

“””ദാക്ഷായണി “””അവളുടെ ശബ്‌ദം മുറിയിൽ അലയടിച്ചു…….

അവൻ മുറിയിലെ സോഫയിലേക്ക് ചാനിരുന്നു………വീണ്ടും വശ്യമാർന്ന പുഞ്ചിരിയോടെ അവനരികിലേക്കു നടന്നടുത്തു…. കയ്യെത്തിച്ചു സാരിത്തലപ്പഴിക്കാൻ തുനിഞ്ഞവളെ അവൻ തടഞ്ഞു…..

“”ഏയ്യ്…… അതിനിനിയും സമയമില്ലേ…..താനാദ്യം ഇവിടെയിരിക്ക്….”” സോഫയിൽ രണ്ട് തട്ട് തട്ടി പറയുന്നവനെ കാൺകെ…. ആദ്യം അവളുടെ പുരികനൊന്നു ചുളിഞ്ഞുവെങ്കിലും….. “”””ആവശ്യക്കാരന് ഔചത്യമില്ലല്ലോ “”””……. എന്ന് ചിന്തിച്ചവൾ അവനരികിലായി ഇരുന്നു…..

ഒന്ന് ചിന്തിക്കുന്നതിനു മുൻപേ അവളുടെ മടിയിലേക്കു ചാഞ്ഞവനെ അവൾ ഞെട്ടലോടെ നോക്കി…..

“”എനിക്ക് ഈ തലയൊന്നു മസാജ് ചെയ്തു തരുമോ… ഏഹ്ഹ്ഹ്??””….

അവന്റെ സ്വരത്തിലെ വിറയൽ അവൾ വ്യക്തമായി കേട്ടിരുന്നു….ഒന്ന് ചിന്തിച്ചു നിന്നെങ്കിലും….പിന്നീട് അവൾ തന്റെ വിരലുകൾ പതിയെ അവന്റെ മുടിയിഴകളിലേക്ക് കടത്തി….

“”സാറിനെ പോലൊരു ശുദ്ധൻ എന്തിനാ സാറേ ഈ പണിക്കിറങ്ങുന്നേ??….എന്തിനാ ഭാര്യയെ ചതിച്ചു വരുന്നേ ?? “” അവളുടെ ശബ്ദത്തിൽ സംശയത്തിന്റെ ചവർപ്പുണ്ടായിരുന്നു…..

അവളുടെ ചോദ്യത്തിന് അടക്കിയ ചിരിയായിരുന്നു മറുപടി…..

“”അതിന് നിന്നോടാര് പറഞ്ഞു ഞാനൊരു ശുദ്ധനാണെന്ന്….. മ്മ്ഹ്ഹ്ഹ്???
എനിക്ക് ഭാര്യയുണ്ടെന്നു……. മ്മ്മ്മ്???? ഞാൻ അത്ര പാവമൊന്നുമല്ല പെണ്ണേ…..എനിക്ക് ഭാര്യയുമില്ല…..ഞാനൊരു അനാഥനാ….. അനാഥൻ…”” അവന്റെ ശബ്ദം സാന്ദ്രമായി….

“”നീയാരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ പെണ്ണേ??””…..അവന്റെ സ്വരത്തിൽ കുസൃതി നിറഞ്ഞു….

“”പ്രണയമോ?????….. ന്താ സാറേ കളിയാക്കുവാണോ? ഞങ്ങൾക്ക് പ്രണയിക്കാനറിയില്ല “”കാ മം””.. അറക്കുന്ന കാ മത്തെ ഇഷ്ടപ്പെടാൻ വിധിക്കപെട്ട വിഡ്ഢികളാണ് ഞങ്ങൾ..””

അവളിൽ ഒരേ സമയം പരിഹാസ്യതയും വിങ്ങലും നിറഞ്ഞു വരുന്നത് അവനറിഞ്ഞു..

അൽപ്പനേരം നിശബ്തത ഇരുവർക്കുമിടയിൽ തളം കെട്ടി കിടന്നു….

“”അല്ല സാർ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ??”” അവളിലെ കണ്ണുകളിലെ ആകാംഷ കാൺകെ അവന്റെ കടുംകാപ്പി മിഴികൾ കുറുകി….

“”മ്മ്ഹ്ഹ്ഹ്…””അവന്റെ കണ്ണുകൾ വിടർന്നു..കടുംകാപ്പി മിഴികളിൽ ഓർമകളുടെ ബാക്കി പത്രമെന്നപോലെ…ഒരു പാവാടക്കാരി ഒഴുകിയെത്തി….

“”പ്രണയിച്ചിരുന്നു.. പ്രണയിക്കുന്നു..പണ്ടായിരുന്നു….. ഞാൻ കോളേജിൽ പഠിച്ചിരുന്ന സമയം…..കോളജിനടുത്തുള്ള ഒരു വീട്ടിലെ വേലക്കാരി പെണ്ണ്…. മങ്ങിയ ബ്ലൗസും കീറിയ പാവാടയും…..പിന്നിക്കെട്ടിയ മുടിയുമായി ഒരു നാട്ടിന്പുറത്തുകാരി…””

കണ്ണുകളിൽ ഒരായിരം കഥകൾ ഒളിപ്പിച്ചിരുന്നവൾ…വരണ്ട ചുണ്ടിൽ എപ്പോളും ചെറുപുഞ്ചിരി സൂക്ഷിച്ചിരുന്നവൾ.ആ ശൂന്യമായ കൈകളിൽ ഒരു കറുത്ത ചരട് മാത്രമേ അലങ്കാരമായുണ്ടായിരുന്നുള്ളു….

അവളെ കാണാനായി മാത്രം…കോളേജ് പിന്നാമ്പുറത്തേക്ക് നിത്യ സന്ദർശകനായി മാറിയിരുന്നു ഞാൻ…ഉച്ചക്കും വൈകിട്ടും ആ കണ്ണുകളെ കാണാനായി കാത്തിരുന്നിരുന്നു..

മടിയനായ താൻ പിന്നീട് കോളേജ് സന്ദർശകനായി മാറിയതും ആ പൊട്ടിപ്പെണ്ണ് കാരണമായിരുന്നു….ഓരോ രാവും പകലും അവളിലേക്ക് ചുരുങ്ങുന്നത് അനാഥ ചെക്കനായ താൻ അത്ഭുതത്തോടെ അറിഞ്ഞു….ഓർഫനേജിൽ സ്നേഹിക്കപ്പെടാൻ ആരോരുമില്ലാത്ത ഈ അനാഥ ചെക്കനും സ്നേഹിക്കാൻ ഒരുവളെ കിട്ടി….

ഏതോ ഓർമയിൽ പറയുന്ന അവന്റെ കവിളിലെ താടിക്കുള്ളിലെ നുണക്കുഴികൾ വിരിയുന്നത് കൗതുകത്തോടെ നോക്കി ഇരുന്നവൾ… ആ ഛായം തേച്ച ചുണ്ടിൽ…ഒരിളം പുഞ്ചിരി വിരിഞ്ഞു….

“”നിശബ്തമായ പ്രണയമായിരുന്നു കേട്ടോ..ആരോരും അറിയാത്ത പ്രണയം…””മൂവന്തി ചോപ്പിനോട് തിരമാലകൾക്ക് തോന്നുന്നത് പോലെ…””
അതും രസകരമല്ലേ…മനസ്സെന്ന വികൃതി ചെക്കനെ പിടിച്ചു കെട്ടി നിർത്തുന്നത്….അവന്റെ കണ്ണുകളിൽ കുസൃതി വിരിഞ്ഞു…

ജോലി വാങ്ങി സ്വന്തം കാലിൽ നിന്നിട്ട് വിളിച്ചിറക്കി കൊണ്ട് വരണമെന്നായിരുന്നു
ആഗ്രഹം….ജോലിയൊക്കെ കിട്ടി വന്നപ്പോളേക്കും അവൾ നിന്നിടം ശൂന്യമായിരുന്നു….

ഒരുപാടലഞ്ഞു….. നാടുകളിൽ… പല പല നാടുകൾ…… കണ്ടില്ല…. എവിടെയും കണ്ടില്ല..വർഷങ്ങൾ നീണ്ട അലച്ചിൽ…ഓരോ പെൺകുട്ടിയുടെ കണ്ണിലും ആ പൊട്ടിപ്പെണ്ണിന്റെ നിഷ്കളങ്കമായ നീർത്തിളക്കം നോക്കി അലഞ്ഞു ഞാൻ…
പക്ഷെ…..അവന്റെ കണ്ണുകളിൽ നിരാശ പടർന്നു…..

“”ഒടുവിൽ കണ്ടെത്തി കേട്ടോ…””

അവന്റെ സ്വരം കേൾക്കെ….അവളുടെ മുഖം വിടർന്നു….ഒരു നിമിഷം അവളും ആഗ്രഹിച്ചിരുന്നു ഈ അലച്ചിൽ ഒന്നവസാനിക്കണേ എന്ന്……

“”കണ്ടു.. ഇന്ന് രാവിലെ ഒട്ടും പ്രതീക്ഷിക്കാത്ത രൂപത്തിൽ… ഒരഭിസാരികയുടെ വേഷത്തിൽ…”” അവന്റെ ശബ്‌ദമിടറി….കണ്ണുകൾ നിറഞ്ഞു കവിഞ്ഞു…..

“”എന്നിട്ട് അവൾക്ക് സാറിനെ മനസ്സിലായോ??””….

മൗനമായിരുന്നു മറുപടി……. കുറച്ച് കഴിഞ്ഞപ്പോൾ അവൻ ഉറങ്ങി എന്ന് മനസ്സിലായി….

തഴുകികൊണ്ടിരുന്ന കൈകൾ പിൻവലിക്കാൻ അവൾക്ക് മനസ്സ് വന്നില്ല…അവനെ കാൺകെ വല്ലാത്ത സങ്കടം തോന്നി.ഒരു പെണ്ണിന് വേണ്ടി ജീവിതം കളഞ്ഞ മനുഷ്യൻ…വല്ലാത്ത സഹതാപം തോന്നി……ആദ്യമായി തന്നെ വിലക്ക് വാങ്ങിയവനോട് സ്നേഹം തോന്നി…..ആ പാവടക്കാരിയോട് കുശുമ്പ് തോന്നി….

പ്രണയം ഇത്ര വിരൂപിയാനോ??…ആവോ അറിയില്ല……. പക്ഷെ പ്രണയത്തിനു മധുരമുണ്ട്…….ഇയാൾ പ്രണയത്തെ പറ്റി പറഞ്ഞപ്പോൾ ചിരിച്ചല്ലോ…..

“”രുചികളിൽ മധുരം മാത്രമല്ലെ പുഞ്ചിരി നൽകുന്നുള്ളൂ!!!””….

അവൾ അവന്റെ മുഖത്ത് പാറിവീണ മുടിയിഴകൾ മാടിയൊതുക്കി…. കുനിഞ്ഞു നെറ്റിയിൽ പതിയെ ചുംബിച്ചു…….ആദ്യമായി ഒരുവന് നൽകുന്ന സ്നേഹചുംബനം….

തനിക്കും സ്നേഹിക്കാൻ ഇങ്ങനെയൊരുവനുണ്ടായിരുന്നുവെങ്കിൽ.. ഒരിക്കലുമിങ്ങനെ ആവില്ലായിരുന്നു….താനും അവളെ പോലൊരു പാവാടകാരിയല്ലായിരുന്നോ……ഇന്നിതാ ആരുടെയൊക്കെയോ സന്തോഷത്തിന്റെ ബാക്കിപത്രം….നീറി നീറി ജീവിക്കുന്ന ബാക്കിപത്രം….

ചിന്തകൾക്കൊടുലെപ്പോളോ അവളും മയങ്ങി പോയിരുന്നു…..

കൈകളിലേറ്റ നനുത്ത സ്പർശനമാണവളെ ഉറക്കത്തിൽ നിന്നുണർത്തിയത്………കണ്ണ് തുറന്ന് നോക്കുമ്പോൾ തന്നെ തന്നെ നോക്കി കിടക്കുന്ന കടും കാപ്പി മിഴികൾ…

“”അയ്യോ… സോറി സാറേ….ചെറുതായി മയങ്ങി പോയി… സാരമില്ല കുറച്ച് നേരം കൂടി നിൽക്കാം ഞാൻ…ആവശ്യം കഴിഞ്ഞാൽ പൊയ്ക്കോളാം….”” ഒരു ക്ഷമാപണം കണക്കെ അവൾ പറഞ്ഞു..

“”നിനക്ക് പോവാം…. ഇന്നാ നിനക്കുള്ള കാശ്..”” അവന്റെ സ്വരം കേൾക്കെ അവളുടെ നെറ്റി ചുളിഞ്ഞു…..

ജോലി ചെയ്യാതെ എനിക്ക് കാശ് വേണ്ട സാറേ…..അവളുടെ ശബ്‌ദത്തിൽ നീരസം കലർന്നിരുന്നു….

“”മനുഷ്യനെ മെനക്കെടുത്താൻ ഓരോന്ന് ഇറങ്ങിക്കോളും””….പിറുപിറുത്തുകൊണ്ട് അവൾ പോകാനായി ഇറങ്ങി….

“”ഒന്ന് നിന്നെ “”…..

ഇനിയെന്തെന്ന രീതിയിൽ അവളൊന്നു തിരിഞ്ഞു നോക്കി…..

“”നിനക്ക് ഞാനിട്ട വിലയറിയേണ്ടേ…. മ്മ്മ്ഹ്ഹ്?? “”…..അവൾ സംശയത്തോടെ പുരികം ചുളിച്ചു….

“”ഇതാ ഇവിടെയാ നിനക്കുള്ള വില…””

ഷർട്ടിന്റെ ബട്ടൻസ് ഒന്നഴിച്ചു ഇടനെഞ്ചിൽ പച്ചകുത്തിയ “””ദക്ഷ “”” എന്ന പേര് ചൂണ്ടികാണിച്ചവൻ പറഞ്ഞു….

“”മനസ്സിലായില്ല…””അവളുടെ ശബ്‌ദം സാന്ദ്രമായി…..

“”മനസ്സിലാവാത്തത് എനിക്കാണ് പെണ്ണേ….ഗോപാലപുരത്തെ വാല്യക്കാരിയായ… പൊട്ടിപെണ്ണായ “”ദക്ഷ””…എങ്ങനെയാ ഈ തിരക്ക് പിടിച്ച നഗരത്തിലെ ദാക്ഷായണി ആയി മാറിയതെന്ന്…””

അവളുടെ കണ്ണുകൾ ഞെട്ടലോടെ പിടഞ്ഞു..ഒരു ബലത്തിനായി അടുത്തിരുന്ന മേശമേൽ അവൾ പിടി മുറുക്കി…….

“”പോന്നൂടെ പെണ്ണേ….. എന്റെ കൂടെ….ഒരുപാടലഞ്ഞു കണ്ടുപിടിച്ചതാ….ഇനിയും വയ്യാ….അലഞ്ഞു മതിയായി എനിക്ക്……ഒന്നും വേണ്ട നേരത്തേത് പോലെ ഒന്ന് ചേർത്തു പിടിച്ച മതി…. നേരത്തെ നൽകിയ പോലെ ഒരു ചുംബനം…..അത് മതി…… അത്ര മാത്രം മതി എനിക്ക്…””
അവന്റെ ശബ്‌ദമിടറി……

“”ഞാൻ വന്നാലും സാറിനെ എനിക്ക് സ്നേഹിക്കാൻ കഴിയില്ല സാറേ….പ്രണയം എന്തെന്ന് അറിയാത്ത എനിക്ക് ഒരു നോട്ടം കൊണ്ട് പോലും സാറിനെ പ്രണയിക്കാൻ കഴിയില്ല…ആകെ ബാക്കിയായി കയ്യിൽ ഉള്ളത്…എന്നോ
മരിച്ചു പോയ ഒരു മനസ്സും…ഒരുപാട് പേരുടെ ഉച്ചിഷ്ടമായ ഈ ശരീരവുമാണ്….””മരിക്കാൻ പേടിയായിട്ടാ സാറേ…ഇങ്ങനെ….””

അവളുടെ ചുണ്ടിൽ പണ്ടത്തേത് പോലുള്ള ചെറുപുഞ്ചിരി വിരിഞ്ഞു….ആ കണ്ണുകൾ പതിയെ ഈറനണിഞ്ഞു….

“”ഈ ശരീരത്തിനപ്പുറം മനസ്സിനെ സ്നേഹിക്കുന്ന ഒരുവനെ നീയും ആഗ്രഹിച്ചിരുന്നില്ലേ പെണ്ണേ….””അങ്ങനെ ഒരുവനെ നീയും സ്വപ്നം കണ്ടിട്ടില്ലേ..??

തന്റെ തൊട്ടരികിൽ നിൽക്കുന്നവനെ…ആദ്യമായി എന്നപോലെ അവൾ മിഴിച്ചു നോക്കി….ആ ചുടുനിശ്വാസം മുഖത്ത് പതിച്ചപ്പോൾ ആദ്യമായി എന്നപോലെ…
അവളൊന്നു വിറച്ചു….

“”ഒരുപക്ഷെ സാറിനെക്കാളും മറ്റൊരുവൻ എന്നെ പ്രണയിക്കുന്നുണ്ടെങ്കിലോ??””….ഇരുൾ വീണ മുറിയിൽ…കഴുത്തിൽ പിണഞ്ഞു കിടക്കുന്ന അവന്റെ പേര് കൊതിയ താലിമാല മുറുക്കെ പിടിച്ചു കൊണ്ട്… നിറകണ്ണുകളോടെ അവൾ അവനെയൊന്ന് നോക്കി….

“”ഞങ്ങളെ പോലുള്ളവർക്ക് ഈ താലി ചരട് വിധിച്ചിട്ടില്ലാത്തതാ””…താലി മാല ഒന്നൂടെ ഇറുകെ പിടിച്ചുകൊണ്ടവൾ വിറകൊണ്ടു….ആർക്കും ഇനിയിത് വിട്ട് കൊടുക്കില്ല എന്നപോലെ….

അവളുടെ ശബ്‌ദം കേൾക്കെ…അവന്റെ പുരികം ഒന്ന് ചുളിഞ്ഞു…

“”മാനം വിറ്റ് ജീവിക്കുന്ന ഞങ്ങളെ പ്രണയിക്കുന്ന ഒരുവൻ….””എ യ്ഡ്‌സ് “” എന്ന് ചെല്ലപ്പേര് ഇട്ട് വിളിക്കുന്നവൻ…”” അവളുടെ ചുണ്ടുകൾ വിറകൊണ്ടു…കണ്ണുകൾ പേമാരി പോലെ പെയ്തിറങ്ങി…

“”അവനും എന്നോളം നിന്നെ പ്രണയിച്ചിട്ടുണ്ടാവില്ല പെണ്ണേ….കാരണം
ഓർമകളുടെ കയ്പ്പ് രാസമെന്തെന്ന് അവനറിയില്ല….കാത്തിരിപ്പിന്റെ മധുരമെന്തെന്ന് അവനറിയില്ല….””

അവളെ നെഞ്ചോരം ചേർത്ത് പിടിച്ചു പറയുന്നവന് നേരെ നിറകണ്ണുകളോടെ ആദ്യമായി എന്നപോലെ കൗതുകത്തോടെ മിഴികൾ പായിച്ചു….

അവനോട് ചേർന്ന് കിടക്കുമ്പോൾ ആദ്യമായി അവളുടെ മുഖത്ത് ചുവപ്പ് രാശി പടർന്നു… “”സാറേ…””അവന്റെ നെഞ്ചിലായി പച്ചകുത്തിയ ദക്ഷ എന്ന പേരിൽ വിരലോടിച്ചു കൊണ്ട് പ്രണയത്തോടെ വിളിച്ചു…..

“”ഞാൻ ഒരു ഒന്നാന്തരം നസ്രാണി ചെക്കനാടി പെണ്ണേ….കെട്ടിയ പെമ്പറന്നോത്തിയുടെ വായിൽ നിന്ന് “”ഇച്ചായാ”” എന്ന വിളി കേൾക്കാനാ…ഞങ്ങൾ ക്രിസ്ത്യാനികൾക്കിഷ്ടം….””

മീശയുടെ അറ്റം കടിച്ചു പിടിച്ചു പറയുന്നവനെ കാൺകെ ആ പഴയ ഗോപാലപുരത്തെ അനാഥപെണ്ണായ പോലെ…ആ പഴയ പൊട്ടിപെണ്ണായി മാറിയ പോലെ….

“”ഈ മൂവന്തി ചോപ്പ് എപ്പോളെക്കെങ്കിലും തിരമാല പെണ്ണിന്റെ പ്രണയം അറിഞ്ഞിട്ടുണ്ടാവുവോ ഇച്ചായാ….”” കടൽ കരയിലെ ഓരത്തായി ഇട്ടിരിക്കുന്ന ബെഞ്ചിൽ ചേർന്ന് ഇരിക്കുന്ന ആ കിളവനെയും കിളവിയെയും യുവമിഥുനങ്ങളായ പല ഇണക്കുരുവികളും പുച്ഛത്തോടെ നോക്കുന്നുണ്ടായിരുന്നു….

“”അവൻ എപ്പോളെ അവളുടെ പ്രണയം അറിഞ്ഞതാ പെണ്ണേ….അതുകൊണ്ടല്ലേ…ഓരോ സായാഹ്നവും അവൾക്കായി അവനിന്നും ഛായക്കൂട്ടുകൾ ചാലിക്കുന്നത്..മൗനമായി ചിത്രപ്പണികളാൽ പ്രണയം കൈമാറുന്നത്…..””

ചുളിവ് വീണ ആ കൈകൾ അവളുടെ നരച്ച മുടിയിഴകളെ പതിയെ തലോടുമ്പോളും….മുന്നിലൂടെ ആർത്തിരമ്പി വരുന്ന തിരമാലകൾ..ദൂരെ മറയാൻ വെമ്പുന്ന മൂവന്തി ചോപ്പിനോട് എന്തോ സ്വകാര്യമായി പറയുന്നുണ്ടായിരുന്നു….അത് കേൾക്കെ തെക്ക് നിന്ന് ഒഴുകിയെത്തിയ ഇളം തെന്നൽ നാണത്തോടെ പുഞ്ചിരി തൂകിയിരുന്നു…..

പോരായ്മകൾ ഉണ്ടാവും ട്ടോ…മുൻപൊരിക്കൽ എഴുതിയിട്ടിരുന്ന ഒരു ചെറുകഥ ആയിരുന്നു.. വീണ്ടും വായിച്ചപ്പോൾ പൂർണമല്ലാത്ത പോലെ….അതുകൊണ്ട് മാറ്റങ്ങൾ വരുത്തി റിപോസ്റ്റ് ചെയ്തതാണ്….ഇഷ്ടമായാലും ഇല്ലെങ്കിലും എനിക്കായി എന്തെങ്കിലും കുറിക്കണേ…വീണ്ടും പൊടി തട്ടിയെടുക്കാൻ ധൈര്യം തന്ന എന്റെ കിച്ചുട്ടനും കണ്ണകി കണ്ണകി എന്റെ കുഞ്ഞേച്ചിക്കും വാമിക ആമി നിറെ നിറെ സ്നേഹം 😍😍😍