നിങ്ങൾക്ക് രാവിലെ ജോലിക്കൊന്നും എന്നും പറഞ്ഞു പോയാൽ പിന്നെ വീട്ടിലെ ഒരു കാര്യം അറിയണ്ടല്ലോ…

കരിയിലകൾ ~ രചന: സീതാ കൃഷ്ണ

രാവിലെ തന്നെ തുടങ്ങിയല്ലോ തള്ള….. നാട്ടുകാരെ മുഴുവൻ കാണിക്കാനായിട്ട് ചൂലും എടുത്ത് ഇറങ്ങിക്കോളും … നാട്ടുകാരുടെ വിചാരം ഈ വീട്ടിലെ പണിമുഴുവൻ എടുത്തു കൂട്ടുന്നത് തളളയാണെന്നാ…. ഈ വീട്ടിൽ കിടന്ന് പണിയെടുത്ത് നടുവൊടിയുന്നത് ബാക്കിയുള്ളവരുടേയും….

എന്തിനാ വിദ്യേ രാവിലെ തന്നെ ഇത്ര ദേഷ്യം…..

രാവിലെ തന്നെ വിദ്യയുടെ പരാതി പറച്ചിൽ കേട്ടാണ് അനി ഉറക്കമെഴുന്നേറ്റ് വന്നത്….

നോക്ക് അനി നിങ്ങളുടെ അമ്മ കാണിച്ച് കൂട്ടുന്നത്…. രാവിലെ തന്നെ പറമ്പ് മുഴുവൻ ചിക്കി ചികഞ്ഞ് നടക്കുന്നത് കണ്ടോ…. നാട്ടുകാര് കണ്ടാൽ എന്ത് വിചാരിക്കും വയ്യാത്ത തള്ളയെ കൊണ്ട് ഞാൻ പണി മുഴുവൻ ചെയ്യിക്കാണെന്നല്ലേ…. അല്ലേലും എന്നെ നാണം കെടുത്തലല്ലേ നിങ്ങളുടെ തള്ളയുടെ സ്ഥിരം പരിപാടി…..

എൻ്റെ വിദ്യേ ഒന്ന് നിർത്തോ നീ…. രാവിലെ തന്നെ സ്വസ്ഥത കളയല്ലേ നീ….

ഓ…. നിങ്ങൾക്ക് ഇപ്പോൾ ഞാൻ സ്വസ്ഥത കേടാണല്ലേ….

ഞാനങ്ങനെ പറഞ്ഞോ വിദ്യേ….

നിങ്ങൾക്ക് രാവിലെ ജോലിക്കൊന്നും എന്നും പറഞ്ഞു പോയാൽ പിന്നെ വീട്ടിലെ ഒരു കാര്യം അറിയണ്ടല്ലോ… ചൊറി പിടിച്ച് തൊലിയും അടർന്ന് വീഴുന്ന നിങ്ങളുടെ അമ്മയെ കാണുമ്പോൾ തന്നെ ഓക്കാനം വരും… സമാധാനമായി വല്ലതും കഴിക്കാൻ നേരത്താകും മുന്നിലോട്ട് എഴുന്നള്ളുന്നെ…. പിന്നെങ്ങനെ വല്ലതും കഴിക്കാൻ തോന്നുന്നേ…..

വിദ്യേ മതി…. അമ്മ കേൾക്കുന്നുണ്ട്….

മുറ്റത്ത് അടിച്ച് കൂട്ടിയിട്ട കരിയിലകൾക്ക് തീപിടിപ്പിച്ച് അതിനരികിലിരുന്ന് ചൂട് കൊള്ളുന്ന അമ്മയെ അനി ദയനീയമായി നോക്കി….

ശരിയാണ് തൊലിപ്പുറത്ത് ചുവന്ന് കിടക്കുന്ന പാടുകൾ അതിൽ നിന്ന് വെളുത്ത പൊടി പോലെ തൊലി ഇളകി പോകുന്നുണ്ട്…..മുണ്ടിൻ്റെ കോന്തല കൊണ്ട് കണ്ണീരൊപ്പുന്ന അമ്മയെ കണ്ടതും അയാളുടെ നെഞ്ച് വിങ്ങി…. തൊണ്ടയിലെന്തോ വന്ന് തങ്ങി നില്ക്കുന്നത് പോലെ…

മകൻ്റെ വിഷമം കണ്ടെന്ന പോലെ അമ്മ ഒന്നും മിണ്ടാതെ അവന് മുന്നിലൂടെ തനിക്കായ് ഒഴിച്ചിട്ടിരിക്കുന്ന മുറിയിലേക്ക് വേച്ച് വേച്ച് നടന്നു….അമ്മയുടെ പിന്നാലെ പോകാൻ തിരിഞ്ഞ അവൻ്റെ കാലുകളെ അവളുടെ വാക്കുകൾ കൊണ്ട് കൂച്ച് വിലങ്ങിട്ടു….

ദേ തളളയെ സ്നേഹിക്കാൻ പോകുന്നതൊക്കെ കൊള്ളാം… അവരെ തൊട്ടും പിടിച്ചും നിന്നിട്ട് എൻ്റെയും മോൻ്റെയും അടുത്തേക്ക് വന്നേക്കരുത് പറഞ്ഞേക്കാം….

അവളുടെ വാക്കുകൾ കൂരമ്പ് പോലെ ആ അമ്മയുടെ നെഞ്ചിൽ കുത്തി കയറി….തിരിഞ്ഞ് നോക്കി മകനൊരു പുഞ്ചിരി നൽകി അമ്മ മുറിയിലേക്ക് കയറി….

അവൻ ദേഷ്യത്തോടെ അവൾക്ക് നേരെ തിരിഞ്ഞു….

നിന്നോട് ഞാൻ എത്ര പ്രാവശ്യം പറഞ്ഞു വിദ്യേ സോറിയാസിസ് പകരുന്ന രോഗമല്ലെന്ന്… എന്നിട്ടും എന്താ നീയിങ്ങനെ….

അവൾ അവനെ പുച്ഛത്തോടെ നോക്കി… പകരുമോ ഇല്ലയോന്ന് ആർക്കറിയാം…. അല്ലെങ്കിൽ തന്നെ ശരീരത്തിൽ നിന്നും പൊടിഞ്ഞ് വീഴുന്ന തൊലി എവിടൊക്കെ വീഴുന്നുണ്ടെന്ന് ആർക്കറിയാം …

അറപ്പോടെ അവൾ മുഖം തിരിച്ച് പോകുമ്പോൾ നിസ്സഹായനായി നിൽക്കാനേ കഴിഞ്ഞുള്ളു….

മകൻ്റെ അവസ്ഥയോർത്ത് ഹൃദയം നൊന്ത് ആ അമ്മ കട്ടിലിൽ ചുരുണ്ടു കൂടി കടന്നു…അല്ലെങ്കിലേ മരുമകൾക്ക് താനൊരു അധികപ്പറ്റായിരുന്നു… അസുഖം വന്നതിൽ പിന്നെ കണ്ണിന് മുന്നിൽ ചെല്ലുന്നത് പോലും ഇഷ്ടമല്ല… വീട്ടിലെ ഒന്നിലും തൊടാൻ പോലും സമ്മതിക്കില്ല… സ്നേഹത്തോടെ അരികിലേക്ക് ഓടിയെത്തുന്ന പേരക്കുട്ടിയെ പോലും അടുത്തേക്ക് വരാൻ സമ്മതിക്കില്ല…കുഞ്ഞിനെ കാണാൻ പോലും കിട്ടാനില്ല… തന്നെ കാണുമ്പോൾ അരികിലേക്കോടിയെത്താനുള്ള കൊതി അവൻ്റെ കണ്ണിൽ കാണാറുണ്ട്… പിന്നെ പിന്നെ അമ്മ പറയുന്ന വാക്കുകൾ അവൻ്റെ കുഞ്ഞു മനസ്സിൽ ഉണ്ടാക്കുന്ന സംശയങ്ങൾ ചോദ്യങ്ങളായി ആ കുഞ്ഞി കണ്ണുകളിൽ തെളിയാൻ തുടങ്ങി… ഇപ്പോൾ തന്നെ കാണുമ്പോൾ ഭയം മാത്രേ ആ കുഞ്ഞു മുഖത്ത് കാണാറുള്ളൂ… എന്തിന് ജീവരക്തം നൽകി വളർത്തിയ മകന് പോലും തൻ്റെ അരികിലേക്ക് വരാൻ വിലക്കാണ്…. ഉള്ളിലെ സങ്കടങ്ങൾ കണ്ണീരായി ആ വെള്ളി കണ്ണുകളിൽ അടരാൻ വെമ്പിയെങ്കിലും തൻ്റെ തലമുറയിലേക്ക് ആ കണ്ണുനീർ ഒരു ശാപമായി തീരാതിരിക്കാൻ അതിനെ ഉള്ളിലൊതുക്കി…..

രണ്ടു ദിവസത്തിനപ്പുറം അനിയുടെ പിറന്നാൾ ദിനത്തിൽ സദ്യയൊരുക്കി വച്ച് മൂന്നാളും കൂടി അമ്പലത്തിലേക്കിറങ്ങുമ്പോഴാണ് തൻ്റെ വാതിൽ പടിയിൽ നിന്ന് അവശതയോടെ എത്തി നോക്കുന്ന അമ്മയെ അവൻ കണ്ടത്….അമ്മയുടെ അരികിലേക്ക് നടന്ന് ചെന്ന് അകലത്തിലായ് അവൻ നിന്നു….

അമ്മേ ഞങ്ങൾ അമ്പലത്തിൽ പോയിട്ട് വരാം….

ഒരു നിമിഷം അമ്മയെ നോക്കി നിന്നിട്ട് തിരിഞ്ഞ് നടക്കാൻ തുടങ്ങിയ അവനെ പിന്നിൽ നിന്ന അമ്മയുടെ വിളിയിൽ പിടിച്ചു നിർത്തി…

കണ്ണാ…..

ആ വിളിയിലെ വാത്സല്യവും വേദനയും ഒരു പോലെ അവൻ്റെ ഉള്ളിൽ നിറഞ്ഞു..

എന്താ…. എന്താമ്മേ….

കണ്ണാ…. അമ്മ…അമ്മ ൻ്റെ മോനെ ഒന്ന് തൊട്ടോട്ടെ…..

അമ്മയുടെ ചോദ്യത്തിൽ ഭൂമി പിളർന്ന് താഴേക്ക് പോകാൻ ഒരു നിമിഷം അവനാഗ്രഹിച്ചു പോയി…..

ആവേശത്തോടെ അമ്മയെ പുണരാൻ കൊതിച്ച കൈകളിൽ വിദ്യയുടെ കൈകൾ പിടിമുറുക്കി….

അമ്മയെ പുന്നരിക്കാതെ നിങ്ങൾ വരുന്നുണ്ടോ മനുഷ്യാ….. ഇനിയും വൈകിയാൽ നടയടയ്ക്കും …..

ഞങ്ങൾ പോയിട്ട് വരാമമ്മേ…

അമ്മയുടെ മുഖത്ത് നോക്കാനാകാതെ നിറകണ്ണുകളോടെ തല കുനിച്ച് അയാൾ അവൾക്ക് പിന്നാലെ നടന്നു…..ഇനിയൊരിക്കലും ആ അമ്മയുടെ തലോടലേൽക്കാൻ തനിക്ക് കഴിയില്ലെന്നറിയാതെ….

മൂന്നാല് ദിവസമായുള്ള പനിയുടെ കുളിരിനെ അകറ്റിയ കരിയിലകളിൽ ആളിപടർത്തിയ ചൂടിനരികിലേക്ക് തളർച്ചയോടെ ചെന്നിരുന്നപ്പോഴും….
നിലയ്ക്കാൻ പോകുന്ന ഹൃദയ മിടിപ്പ് പോലും മകൻ്റെ നല്ലതിനായി മാത്രം ഈശ്വരനോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു…..

ആളികത്തുന്ന ആ തീയിലേക്ക് തളർന്ന് വീഴുമ്പോൾ പോലും ഉള്ളിൽ കത്തുന്ന നൊമ്പരങ്ങളുടെ ചൂടിനേക്കാൾ കാഠിന്യം കുറവായിരുന്നു പുറത്തെ ചൂടിന്….മകൻ കാണിച്ച അകൽച്ച ഒരിക്കലും ആ തീ നാളം അമ്മയോട് കാണിച്ചില്ല…ആവേശത്തോടെ അമ്മയെ പുണർന്നു കൊണ്ടേ ഇരുന്നു……